Current Date

Search
Close this search box.
Search
Close this search box.

പ്രാർഥന ആത്മാവിന്റെ ഭാഷണം

ദൈവത്തോടുള്ള ആത്മാവിന്റെ മൗനമായ സംസാരമാണ് പ്രാർഥന. സ്ഥലത്തെയും കാലത്തെയും അതിജീവിച്ച് സ്വത്വത്തെ ദൈവത്തോട് ചേർത്തുവെക്കാൻ സഹായിക്കുന്നു അത്. മനുഷ്യൻ ഒരിടത്ത്. ദൈവം മറ്റൊരിടത്തും. തികച്ചും വ്യത്യസ്തമായ ധ്രുവങ്ങളിൽ നിലകൊള്ളുന്ന രണ്ട് അസ്തിത്വങ്ങളെ നേർരേഖയിൽ കൊണ്ടുവരുന്നു പ്രാർഥന. അതിലൂടെ ദൈവം ഏറെ സന്തോഷിക്കുന്നു; മനുഷ്യൻ അധ്യാത്മികമായി ഉയരങ്ങളിൽ ചേക്കേറുകയും ചെയ്യുന്നു.

പ്രാർഥനയാൽ ജീവിതം ഫലഭൂയിഷ്ഠമാവണമെന്നാണ് ഇസ്‌ലാമിന്റെ പാഠം. നിരന്തരം പ്രാർഥിക്കാനും പ്രാർഥനയിൽ ജീവിതത്തെ തീർക്കാനും ഇസ്‌ലാം മുസ്‌ലിമിനോട് ആവശ്യപ്പെടുന്നു. വിശുദ്ധവേദം പറയുന്നു: ”നിങ്ങളുടെ നാഥന്റെ അരുളപാടിതാ: നിങ്ങളെന്നോട് പ്രാർഥിക്കുവിൻ. ഞാൻ നിങ്ങൾക്ക് ഉത്തരമേകുന്നതായിരിക്കും”(അൽമുഅ്മിൻ: 60). തിരുചര്യ പറയുന്നു: ”ആരാധനകളിൽ ശ്രേയസ്‌കരമായത് പ്രാർഥനയത്രെ”(ഹാക്കിം). ”പ്രാർഥന, അതുതന്നെയാണ് ആരാധന”(തിർമിദി). ”ആരാധനയുടെ സത്തയാണ് പ്രാർഥന”(തിർമിദി).

അഴകും ഹൃദയസ്പൃക്കുമായ ഒത്തിരി പ്രാർഥനകളാൽ സമ്പന്നമാണ് വിശുദ്ധവേദത്തിന്റെയും തിരുചര്യയുടെയും താളുകൾ. ഉള്ളിനുള്ളിൽനിന്ന് ഉതിർന്നുവീഴുന്ന ആത്മാർഥമായ വാക്കുകളായേ ഓരോ പ്രാർഥനയും അനുഭവപ്പെടുകയുള്ളൂ. പ്രവാചകൻ പഠിപ്പിച്ച ഒരു പ്രാർഥന നോക്കൂ: ”ദൈവമേ, നീയാണ് എന്റെ രക്ഷിതാവ്. നീയല്ലാതെ മറ്റൊരു ദൈവമേയില്ല. ഞാൻ നിന്റെ വിനീതദാസനാകുന്നു. ഞാൻ നിന്നോട് ചെയ്ത കരാറിലും നീ എനിക്കേകിയ വാഗ്ദാനത്തിലും സാധ്യമാംവിധം നിലകൊള്ളുന്നവനാകുന്നു. ചെയ്തുപോയ തെറ്റിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു. എന്നിൽ നീ ചൊരിഞ്ഞ അനുഗ്രഹങ്ങളെ ഞാൻ തിരിച്ചറിയുന്നു. ഞാൻ ചെയ്ത പാപങ്ങൾ സമ്മതിക്കുന്നു. അതിനാൽ, എനിക്കു നീ പൊറുത്തുത്തന്നാലും. പാപങ്ങൾ പൊറുക്കുന്നവനായി നീയല്ലാതെ മറ്റാരുമില്ല”(ബുഖാരി).

ഒത്തിരി പ്രാർഥനകളുണ്ടെന്ന് പറഞ്ഞുവല്ലോ. അതെ, ജീവിതത്തിന്റെ ഓരോ ഇടനാഴിയിലും പ്രാർഥനയുണ്ട്. പ്രഭാതത്തിൽ ഉണരുന്നതുമുതൽ രാത്രിയിൽ ഉറങ്ങുന്നതുവരെ നീളുന്നു പ്രാർഥനയുടെ പരമ്പര. കണ്ണാടി നോക്കുമ്പോൾ, വസ്ത്രം ധരിക്കുമ്പോൾ, വീട്ടിൽനിന്ന് പുറത്തിറങ്ങുമ്പോൾ, യാത്ര പുറപ്പെടുമ്പോൾ, ടോയ്‌ലറ്റിൽ പ്രവേശിക്കുമ്പോൾ, പള്ളിയിൽ പ്രവേശിക്കുമ്പോൾ, വാഹനത്തിൽ കയറുമ്പോൾ, അങ്ങാടിയിൽ പ്രവേശിക്കുമ്പോൾ……. അങ്ങനെ ഓരോ സന്ദർഭത്തിലും അനുശീലിക്കേണ്ട പ്രാർഥനകൾ പഠിപ്പിച്ചുതന്നിരിക്കുന്നു ഇസ്‌ലാം. നിസ്‌കാരമാകട്ടെ, പ്രാർഥനകളുടെ പ്രാർഥനയാണ്. അഥവാ, ഏറെ പ്രാർഥനകൾ ഉള്ളടങ്ങിയ ലക്ഷണമൊത്ത വലിയ പ്രാർഥന.

പ്രാർഥനകൾ മുസ്‌ലിം തന്റെ ജീവിതത്തിൽ ശീലിക്കേണ്ടതുണ്ട്. പ്രാർഥനകളുടെ ആശയങ്ങൾ നന്നായി ഗ്രഹിക്കുകയാണ് ഒന്നാമതായി ചെയ്യേണ്ടത്. ശേഷം, അവ നല്ലവണ്ണം ഹൃദിസ്ഥമാക്കണം. പിന്നീട്, അതതു സന്ദർഭങ്ങളിൽ പ്രായോഗികമായി ജീവിതത്തിൽ പകർത്തുകയും വേണം. നിത്യജീവിതത്തിൽ അനുവർത്തിക്കേണ്ട ചില പ്രാർഥനകളും അവയുടെ ആശയങ്ങളുമാണ് താഴെ കൊടുത്തിരിക്കുന്നത്.

നമസ്‌കാരത്തിൽ സലാം വീട്ടിയശേഷം
أسْتَغْفِرُ اللهَ (ദൈവത്തോട് ഞാൻ പാപമോചനം തേടുന്നു) എന്ന് മൂന്നു പ്രാവശ്യം ചൊല്ലുക. തുടർന്ന്, سُبْحَانَ اللَّه (ദൈവം എത്ര പരിശുദ്ധൻ), الْحَمْدُ لِلَّهِ (ദൈവത്തിന് സ്തുതി), اللَّهُ أَكْبَرُ(ദൈവം വലിയവൻ) എന്നീ മന്ത്രങ്ങൾ മുപ്പത്തിമൂന്നു വീതം ചൊല്ലുക. തുടർന്ന് താഴെ പറയുന്ന പ്രാർഥന ചൊല്ലുക.

اللَّهُمَّ أَنْتَ السَّلَامُ وَمِنْكَ السَّلَامُ، تَبَارَكْتَ ذَا الْجَلَالِ وَالْإِكْرَامِ
لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَىْءٍ قَدِـيرُ
اللَّهُمَّ لاَ مَانِعَ لِمَا أَعْطَيْتَ وَلاَ مُعْطِيَ لِمَا مَنَعْتَ وَلاَ يَنْفَعُ ذَا الجَدِّ مِنْكَ الجَدُّ

ദൈവമേ, നീയാണ് ശാന്തി. നിന്നിൽനിന്നാണ് ശാന്തി. മഹത്വവും ആദരണീയതയും ഉള്ളവനേ, നീ അനുഗ്രഹങ്ങൾ ഏറെയുള്ളവനാണ്. ദൈവമല്ലാതെ മറ്റൊരു ആരാധ്യനേയില്ല. അവൻ ഏകനാണ്. അവനാണ് ആധിപത്യവും സ്തുതിയും. അവൻ എല്ലാറ്റിനും കഴിവുള്ളവനാകുന്നു. ദൈവമേ, നീ നൽകിയത് തടയാൻ ആരുമില്ല; തടയുന്നത് നൽകാനും ആരുമില്ല. മഹത്വമുള്ളവന് തന്റെ മഹത്വം നിന്നിൽനിന്ന് ഒരു പ്രയോജനവും ചെയ്യുകയില്ല(മുസ്‌ലിം)

സദസ്സ് പിരിയുമ്പോൾ
سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ ، أَشْهَدُ أَنْ لا إِلَهَ إِلا أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ
ദൈവമേ, നീയെത്രെ പരിശുദ്ധൻ. നിനക്കാണ് സ്തുതി. നീയല്ലാതെ മറ്റൊരു ആരാധ്യനേയില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. ഞാൻ നിന്നോട് പാപമോചനം തേടുന്നു; നിന്നിലേക്ക് പശ്ചാത്താപിച്ച് മടങ്ങുകയും ചെയ്യുന്നു(തിർമിദി)

കണ്ണാടി നോക്കുമ്പോൾ
اللَّهُمَّ كَمَا أَحْسَنْتَ خَلْقِي فَحَسِّنْ خُلُقِي
ദൈവമേ, എന്റെ സൃഷ്ടിപ്പ് സുന്ദരമാക്കിയതുപോലെ എന്റെ സ്വഭാവവും സുന്ദരമാക്കേണമേ(ബൈഹഖി)

വസ്ത്രം ധരിക്കുമ്പോൾ
الحمدُ للهِ الّذي كَساني هذا (الثّوب) وَرَزَقَنيه مِنْ غَـيـْرِ حَولٍ مِنّي وَلا قـوّة
ഈ വസ്ത്രം എന്നെ ധരിപ്പിക്കുകയും എന്റെ കഴിവോ ശക്തിയോ കൂടാതെ അതിനെ ലഭ്യമാക്കുകയും ചെയ്ത ദൈവത്തിന് സ്തുതി(അബൂദാവൂദ്)

പള്ളിയിൽ പ്രവേശിക്കുമ്പോൾ
اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ
ദൈവമേ, നീ നിന്റെ കാരുണ്യത്തിന്റെ കവാടങ്ങൾ എനിക്കായ് തുറക്കേണമേ(മുസ്‌ലിം)

പള്ളിയിൽനിന്ന് പുറത്തിറങ്ങുമ്പോൾ
اللّهُـمَّ إِنّـي أَسْأَلُكَ مِـنْ فَضْـلِك الْعَظِيمَ
ദൈവമേ, നിന്റെ മഹത്തായ ഔദാര്യം നിന്നോട് ഞാൻ തേടുന്നു(മുസ്‌ലിം)

ടോയ്‌ലറ്റിൽ പ്രവേശിക്കുമ്പോൾ
اللّهُـمَّ إِنِّـي أَعـوذُ بِـكَ مِـنَ الْخُـبْثِ وَالْخَبائِثِ
ദൈവമേ, മ്ലേഛമായ പൈശാചിക ദുർബോധനങ്ങളിൽനിന്ന് ഞാൻ നിന്നിൽ ശരണം തേടുന്നു(മുസ്‌ലിം)

ടോയ്‌ലറ്റിൽനിന്ന് പുറത്തുവരുമ്പോൾ
الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنِّي الْأَذَى وَعَافَانِي
പ്രയാസം നീക്കുകയും എളുപ്പം നൽകുകയും ചെയ്ത ദൈവത്തിന് സ്തുതി(ദാറുഖുത്വ്‌നി)

വാഹനത്തിൽ കയറുമ്പോൾ
سُبْحَانَ الَّذِي سَخَّرَ لَنَا هذا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إلى رَبِّنَا لَمُنقَلِبُونَ
ഈ വാഹനം നമുക്ക് അധീനമാക്കി തന്നവൻ എത്ര പരിശുദ്ധൻ! അത് അധീനപ്പെടുത്തുക നമ്മുടെ കഴിവിൽപ്പെട്ടതായിരുന്നില്ല. നിശ്ചയം, നാം നമ്മുടെ ദൈവത്തിലേക്ക് മടങ്ങുന്നവരാണ്(മുസ്‌ലിം)

യാത്ര കഴിഞ്ഞ് തിരികെയെത്തുമ്പോൾ
آيِبُونَ إِنْ شَاءَ اللَّهُ تَائِبُونَ عَابِدُونَ حَامِدُونَ لِرَبِّنَا سَاجِدُونَ
ദൈവാനുഗ്രഹത്താൽ മടങ്ങിയെത്തിയവരാണ് നാം. പശ്ചാത്തപിക്കുന്നവരും അടിമകളും നാഥന് സാഷ്ടാംഗം പ്രണമിക്കുന്നവരും അവനെ സ്തുതിക്കുന്നവരാണ് നാം(ബുഖാരി)

സന്തോഷവേളയിൽ
الـحَمْدُ للـهِ الَّذِي بِنِعْمَتهِ تَتِمُّ الصَّالِـحَاتُ
ഏതൊരുവന്റെ അനുഗ്രഹങ്ങൾ കാരണം സൽകർമങ്ങൾ പൂർത്തിയാകുന്നുവോ, ആ ദൈവത്തിന് സ്തുതി(ഇബ്‌നുമാജ)

മയ്യിത്തിനുവേണ്ടി
اللَّهُـمَّ اغْفِـرْ لَهُ ، وَارْحَمْـهُ ، وَعَافِهِ ، وَاعْفُ عَنْـهُ ، وَأَكْـرِمْ نُزُلَـهُ ، وَوَسِّـعْ مُدْخَـلَهُ ، وَاغْسِلْـهُ بِالْمَـاءِ وَالثَّـلْجِ وَالْبَـرَدِ ، وَنَقِّـهِ مِنَ الْخَطَـايَا كَمَا نَـقَّيْتَ الـثَّوْبَ الأَبْيَـضَ مِنَ الدَّنَـسِ،وَأَبْـدِلْهُ دَارًا خَـيْرًا مِنْ دَارِهِ ، وَأَهْلًا خَـيْرًا مِنْ أَهْلِـهِ ، وَزَوْجًا خَـيْرًا مِنْ زَوْجِهِ ، وَأَدْخِـلْهُ الْجَـنَّةَ ، وَأَعِـذْهُ مِنْ عَذَابِ الْقَـبْرِ وَعَذَابِ النَّـارِ
ദൈവമേ, ആ മയ്യിത്തിന് നീ പൊറുത്തു കൊടുക്കേണമേ; അതിനോട് കരുണ കാണിക്കേണമേ; സുഖം നൽകുകയും മാപ്പ് നൽകുകയും ചെയ്യേണമേ; അതിന്റെ ആതിഥ്യം നീ ആദരിക്കുകയും പ്രവേശനസ്ഥലം വിശാലമാക്കുകയും ചെയ്യേണമേ; വെള്ളംകൊണ്ടും മഞ്ഞുകൊണ്ടും ഹിമംകൊണ്ടും അതിനെ നീ കഴുകേണമേ; തൂവെള്ളവസ്ത്രം മാലിന്യത്തിൽനിന്ന് ശുദ്ധിയാക്കുന്നതുപോലെ അതിനെ നീ പാപങ്ങളിൽനിന്ന് ശുദ്ധിയാക്കണമേ; അതിന്റെ ഇപ്പോഴത്തെ കുടുംബം, ഇണ, ഭവനം എന്നിവയേക്കാൾ ഉത്തമ കുടുംബത്തെയും ഇണയെയും ഭവനത്തെയും നീ പകരം നൽകേണമേ; അതിനെ നീ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും നരകത്തിൽനിന്ന് രക്ഷിക്കുകയും ചെയ്യേണമേ(മുസ്‌ലിം)

മാതാപിതാക്കൾക്കുവേണ്ടി
رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًا
എന്റെ നാഥാ, ചെറുപ്പത്തിൽ മാതാപിതാക്കൾ രണ്ടുപേരും എന്നെ വളർത്തിയതുപോലെ, അവരോട് നീ കരുണ കാണിക്കേണമേ(അൽഇസ്‌റാഅ്: 24)

വീട്ടിൽ പ്രവേശിക്കുമ്പോൾ
بِسْمِ اللَّهِ وَلَجْنَا وَبِسْمِ اللَّهِ خَرَجْنَا وَعَلَى اللَّهِ رَبِّنَا تَوَكَّلْنَا
ദൈവത്തിന്റെ നാമത്തിൽ ഞങ്ങൾ പ്രവേശിച്ചു; ദൈവത്തിന്റെ നാമത്തിൽ പുറപ്പെട്ടു. ഞങ്ങളുടെ നാഥനിലിതാ ഞങ്ങൾ ഭരമേൽപ്പിക്കുന്നു(അബൂദാവൂദ്)

വീട്ടിൽനിന്ന് പുറത്തിറങ്ങുമ്പോൾ
بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ ‏
ദൈവികനാമത്തിൽ ഞാൻ അവനിൽ ഭരമേൽപ്പിക്കുന്നു. ശക്തിയും കഴിവും അവനു മാത്രമാണുള്ളത്(അബൂദാവൂദ്)

ഇടിവെട്ടുമ്പോൾ
سُبْحَانَ الَّذِي يُسَبِّحُ الرَّعْدُ بِحَمْدِهِ وَالْمَلاَئِكةُ مِنْ خِيفَتِهِ
ഇടിനാദം സ്തുതിയാലും മാലാഖമാർ ഭയത്താലും കീർത്തനം ചൊല്ലുന്നത് ആർക്കാണോ  അവനെത്ര പരിശുദ്ധൻ(ബുഖാരി)

ബാങ്ക് കേൾക്കുമ്പോൾ
اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ وَالصَّلاَةِ الْقَائِمَةِ آتِ مُحَمَّدًا الْوَسِيلَةَ وَالْفَضِيلَةَ وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ
പൂർണമായ ഈ പ്രാർഥനയുടെയും നിലനിൽക്കുന്ന നമസ്‌കാരത്തിന്റെയും നാഥാ, പ്രവാചകൻ മുഹമ്മദിന് ഉന്നതസ്ഥാനവും ശ്രേഷ്ഠതയും നൽകേണമേ; നീ വാഗ്ദാനം ചെയ്ത സ്തുത്യർഹമായ സ്ഥാനത്ത് അദേഹത്തെ നിയോഗിക്കണമേ(ബുഖാരി)

സയ്യിദുൽ ഇസ്തിഗ്ഫാർ
اللَّهُمَّ أَنت رَبِّي، لا إِلَه إِلاَّ أَنْتَ خَلَقْتَني وأَنَا عَبْدُكَ، وأَنَا على عهْدِكَ ووعْدِكَ ما اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ ما صنَعْتُ، أَبوءُ لَكَ بِنِعْمتِكَ علَيَ، وأَبُوءُ بذَنْبي فَاغْفِرْ لي، فَإِنهُ لا يغْفِرُ الذنُوب إِلاَّ أَنت
ദൈവമേ, നീയാണ് എന്റെ നാഥൻ. നീയല്ലാതെ മറ്റൊരു ആരാധ്യനേയില്ല. നീ എന്നെ സൃഷ്ടിച്ചു. ഞാൻ നിന്റെ അടിമയാണ്. സാധ്യമാവുന്നത്ര നിന്നോടുള്ള കരാറിലും വാഗ്ദാനത്തിലും ഞാൻ നിലകൊള്ളും. ചെയതുപോയെ തെറ്റിൽനിന്ന് ഞാൻ നിന്നോട് ഞാൻ ശരണം തേടുന്നു. നീ എനിക്കേകിയ അനുഗ്രഹങ്ങൾ ഞാനിതാ സമ്മതിക്കുന്നു. പാപങ്ങളും സമ്മതിക്കുന്നു. അതിനാൽ, നീ എനിക്ക് പൊറുത്തു തരേണമേ. നീയല്ലാതെ മറ്റാരും പാപങ്ങൾ പൊറുത്തുതരില്ല(ബുഖാരി)

ഭക്ഷിക്കുമ്പോൾ
بِسْمِ اللَّهِ ‏
ദൈവത്തിന്റെ നാമത്തിൽ ഞാൻ ആരംഭിക്കുന്നു(ബുഖാരി)

ബിസ്മി ചൊല്ലാൻ മറന്നാൽ
بِسْمِ اللَّهِ أَوَّلَهُ وَآخِرَهُ ‏
ആദ്യന്തം ദൈവത്തിന്റെ തിരുനാമത്തൽ(തിർമിദി)

ഭക്ഷണശേഷം
الْحَمْدُ لِلَّهِ الَّذِي أَطْعَمَنَي وَسَقَانَي وَجَعَلَنَي مُسْلِمِينَ ‏
എന്നെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും മുസ്‌ലിങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്ത ദൈവത്തിന് സ്തുതി(അബൂദാവൂദ്)

പ്രതിസന്ധി നേരിടുമ്പോൾ
اللَّهُمَّ رَحْمَتَكَ أَرْجُو فَلَا تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْنٍ، وَأَصْلِحْ لِي شَأْنِي كُلَّهُ لَا إِلَهَ إِلَّا أَنْتَ
ദൈവമേ, നിന്റെ കാരുണ്യം ഞാൻ പ്രതീക്ഷിക്കുന്നു. എന്നെ ഒരു നിമിഷനേരംപോലും സ്വന്തത്തെ ഏൽപ്പിക്കാതിരുന്നാലും. എന്റെ മുഴുവൻ കാര്യവും നീ തന്നെ നേരെയാക്കിയാലും. നീയല്ലാതെ മറ്റൊരു ദൈവമേയില്ല(അബൂദാവൂദ്)

വുദുവിനുശേഷം
اللَّهُمَّ اجْعَلْنِي مِنَ التَوَّابِينَ ، واجْعَلْني مِنَ المُتَطَهِّرِينَ
ദൈവമേ, എന്നെ നീ പശ്ചാത്താപിക്കുന്നവരുടെയും വിശുദ്ധന്മാരുടെയും കൂട്ടത്തിൽ ഉൽപ്പെടുത്തേണമേ(തിർമിദി)

രോഗിയെ സന്ദർശിക്കുമ്പോൾ
أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ، أَنْ يُعَافِيَكَ وَيَشْفِيَكَ
താങ്കൾക്ക് സൗഖ്യവും രോഗശമനവും ലഭിക്കാൻ മഹാസിംഹാസനത്തിന്റെ ഉടമയായ ദൈവത്തോട് ഞാൻ പ്രാർഥിക്കുന്നു(ഇബ്‌നുമാജ)

മയ്യിത്തിനെ കാണുമ്പോൾ
اللَّهُمَّ اغْفِرْ له وَارْفَعْ دَرَجَتَهُ في المَهْدِيِّينَ، وَاخْلُفْهُ في عَقِبِهِ في الغَابِرِينَ، وَاغْفِرْ لَنَا وَلَهُ يا رَبَّ العَالَمِينَ، وَافْسَحْ له في قَبْرِهِ، وَنَوِّرْ له فِيهِ
ദൈവമേ, അദേഹത്തിന് നീ പൊറുത്തുകൊടുക്കേണമേ; സന്മാർഗികളിൽ അദേഹത്തിന്റെ പധവി നീ ഉയർത്തേണമേ; പിന്തുടർച്ചക്കാരിൽ അദേഹത്തിന് പിൻഗാമിയെ നൽകേണമേ; ലോകൈക നാഥാ, അദേഹത്തിനും ഞങ്ങൾക്കും നീ പൊറുത്തുതരേണമേ; ഖബറിൽ അദേഹത്തിന് വിശാലത നൽകുകയും പ്രകാശം ചൊരിയുകയും ചെയ്യേണമേ(മുസ്‌ലിം)

ഖബർ സന്ദർശിക്കുമ്പോൾ
السَّلامُ عليكم يَا أهْلَ الدِّيارِ من المؤمنينَ والمُسلمينَ، وإنَّا إنْ شاءَ الله لَلاحِقونَ، أسأَلُ الله لنا ولكم العافِيةَ
മുസ്‌ലിങ്ങളിലും വിശ്വാസികളിലും ഉൾപ്പെട്ട വീട്ടുകാരേ, നിങ്ങൾക്ക് സമാധാനമുണ്ടാവട്ടെ. ദൈവം ഉദേശിച്ചാൽ, നിശ്ചയം, ഞങ്ങളും നിങ്ങളോടൊപ്പം ചേരുന്നതാണ്. നിങ്ങൾക്കും ഞങ്ങൽക്കും സൗഖ്യം ലഭിക്കാൻ ഞങ്ങൾ ദൈവത്തോട് പ്രാർഥിക്കുന്നു(മുസ്‌ലിം)

ഉണരുമ്പോൾ
اللَّهُمَّ باسْمِكَ أحْيَا وأَمُوتُ
ദൈവമേ, നിന്റെ നാമത്തിൽ ഞാൻ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു(ബുഖാരി)

ഉറങ്ങുമ്പോൾ
الحَمْدُ لِلَّهِ الذي أحْيَانَا بَعْدَ ما أمَاتَنَا، وإلَيْهِ النُّشُورُ
മരിപ്പിച്ചതിനുശേഷം ജീവിപ്പിച്ച ദൈവത്തിനാണ് സർവസ്തുതിയും. അവനിലേക്കു തന്നെയാണ് ഉയിർത്തെഴുന്നേൽപ്പും(ബുഖാരി)

സ്വത്വത്തിന്റെ സ്ഥിരതക്ക്
اللَّهُمَّ يا مُقَلِّبَ القُلُوبِ ثَبِّتْ قُلُوبَنَا على دِيْنِكَ، ويا مُصَرِّفَ القُلُوبِ صَرِّفْ قُلُوْبَنَا على طَاعَتِك

സ്വത്വങ്ങളെ മാറ്റിമറിക്കുന്നവനായ ദൈവമേ, എന്റെ സ്വത്വത്തെ നീ നിന്റെ ആദർശത്തിൽ ഉറപ്പിച്ചു നിർത്തേണമേ(തിർമിദി)

രോഗം വരുമ്പോൾ
اللَّهُمَّ  رَبَّ النَّاسِ أَذْهِبِ الْبَأْسَ وَاشْفِ فَأَنْتَ الشَّافِي لاَ شِفَاءَ إِلاَّ شِفَاؤُكَ شِفَاءً لاَ يُغَادِرُ سَقَمًا
ജനങ്ങളുടെ നാഥനായ ദൈവമേ, പ്രയാസം ദൂരീകരിച്ചാലും; രോഗശമനം നൽകിയാലും. നീയല്ലോ ശമനമേകുന്നവൻ. നിന്റെ ശമനമല്ലാതെ മറ്റൊരു ശമനമേയില്ല. ഒരു രോഗവും ശേഷിക്കാത്ത ശമനം(ബുഖാരി)

തിലാവത്തിന്റെ സുജൂദിൽ
سَجَدَ وَجْهِي لِلَّذِي خَلَقَهُ وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِهِ تَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ
എന്റെ മുഖമിതാ സാഷ്ടാംഗം ചെയ്തിരിക്കുന്നു, തന്റെ കഴിവുകൊണ്ടും ശക്തികൊണ്ടും അതിനെ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും അതിന്റെ കേൾവിയും കാഴ്ചയും പിളർത്തി തരികയും ചെയ്തവന്. ഏറ്റവും നല്ല സൃഷ്ടാവായ ദൈവം ഏറെ ഉന്നതനായിരിക്കുന്നു(തിർമിദി)

വിവാഹത്തിന് ഒരുങ്ങുമ്പോൾ
اللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا جَبَلْتَهَا عَلَيْهِ، وَأَعُوذُ بِكَ مِنْ شَرِّهَا وَشَرِّ مَا جَبَلْتَهَا عَلَيْهِ
ദൈവമേ, ഈ സ്ത്രീയുടെ നന്മയും ഏതു പ്രകൃതിയിൽ നീ അവളെ നീ സൃഷ്ടിച്ചുവോ അതിന്റെ നന്മയും ഞാൻ നിന്നോട് തേടുന്നു. അവളുടെ ദോഷത്തിൽനിന്നും ഏതു പ്രകൃതത്തിൽ അവളെ സൃഷ്ടിച്ചുവോ അതിന്റെ ദോഷത്തിൽനിന്നും ഞാൻ നിന്നോട് ശരണം തേടുന്നു(അബൂദാവൂദ്)

സംയോഗവേളയിൽ
بِسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا
ദൈവത്തിന്റെ നാമത്തിൽ. ഞങ്ങളെ പിശാചിൽനിന്ന് അകറ്റേണമേ. നീ ഞങ്ങൾക്ക് നൽകുന്ന സന്താനമാകുന്ന ഐശ്വര്യത്തിൽനിന്നും പിശാചിനെ അകറ്റേണമേ(ബുഖാരി)

അങ്ങാടിയിൽ പ്രവേശിക്കുമ്പോൾ
اَللَّهُمَّ إِنِّي أَسْأَلُكَ خَيْرَ هَذِه السُّوق وَخيْرَ مَا فِيْهَا وَأَعُوْذُ بِكَ مِنْ شَرِّهَا وَشَرِّ مَا فِيْهَا
ദൈവമേ, ഈ അങ്ങാടിയുടെ നന്മയും അതിലുള്ള നന്മയും ഞാൻ നിന്നോട് ചോദിക്കുന്നു. അതിന്റെ ദോഷത്തിൽനിന്നും അതിലുള്ള ദോഷത്തിൽനിന്നും ഞാൻ നിന്നോട് ശരണം തേടുന്നു(ഹാകിം)

ഇരുലോകനനന്മക്ക് വേണ്ടി
رَبَّنَا آتِنَا فِی‏ الدُّنْیَا حَسَنَةً وَ فِی‏ الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ
ഞങ്ങളുടെ നാഥാ, ഞങ്ങൾക്ക് നീ ഈ ലോകത്ത് നന്മ നൽകേണമേ; പരലോകത്തും നന്മ നൽകേണമേ; നരകശിക്ഷയിൽനിന്ന് രക്ഷിക്കുകയയും ചെയ്യേണമെ(അൽബഖറ: 201)

സംയമനത്തിനും സ്ഥിരതക്കും വേണ്ടി
رَبَّنَآ أَفْرِغْ عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَٰفِرِينَ
ഞങ്ങളുടെ നാഥാ, ഞങ്ങളിൽ സംയമനം ചൊരിയേണമേ; ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചുനിർത്തേണമേ; നിഷേധികളായ ജനത്തിനെതിരെ സഹായിക്കുകയും ചെയ്യേണമേ(അൽബഖറ: 250)

പാപമുക്തിക്ക് വേണ്ടി
رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الْأَبْرَارِ
ഞങ്ങളുടെ നാഥാ, ഞങ്ങളുടെ പാപങ്ങൾ നീ പൊറുത്തുതരികയും തിന്മകൾ മായ്ച്ചുകളയുകയും സൽകർമികൾക്കൊപ്പം മരിപ്പിക്കുകയും ചെയ്യേണമേ(അലുഎഇംറാൻ: 193)

നരകമുക്തിക്കുവേണ്ടി
رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ إِنَّ عَذَابَهَا كَانَ غَرَامًا إِنَّهَا سَاءَتْ مُسْتَقَرًّا وَمُقَامًا
ഞങ്ങളുടെ നാഥാ, ഞങ്ങളിൽനിന്ന് നീ നരകശിക്ഷയെ അകറ്റേണമേ. നിശ്ചയം, അതിന്റെ ശിക്ഷ വിട്ടൊഴിയാത്തതാണ്. അത് ഏറ്റം ചീത്തയായ താവളവും മോശമായി പാർപ്പിടവുമത്രെ(അൽഫുർഖാൻ:65, 66)

സൽതലമുറക്കുവേണ്ടി
رَبَّنَا هَبْ لَنَا مِنْ أَزْوَٰجِنَا وَذُرِّيَّٰتِنَا قُرَّةَ أَعْيُنٍۢ وَٱجْعَلْنَا لِلْمُتَّقِينَ إِمَامًا
ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളിൽനിന്നും സന്താനങ്ങളിൽനിന്നും നീ കൺകുളിൽരമ നൽകേണമേ(അൽഫുർഖാൻ: 74)

ദുരിതവാർത്ത കേൾക്കുമ്പോൾ
إنا لله وإنا إليه راجعون
ഞങ്ങൾ ദൈവത്തിന്റേതാണ്; അവനിലേക്കുതന്നെ തിരിച്ചുചെല്ലേണ്ടവരും(അൽബഖറ:156)

വിജ്ഞാനവർധനവിനുവേണ്ടി
رب زدني علما
എന്റെ നാഥാ, എനിക്കു നീ വിജ്ഞാനം വർധിപ്പിച്ചു തരേണമേ(ത്വാഹാ: 114)

Related Articles