Current Date

Search
Close this search box.
Search
Close this search box.

നബിയും അദിയ്യും

ഹീറ എന്ന സ്ഥലത്തെപ്പറ്റി കേട്ടിട്ടുണ്ടോ അദിയ്യേ? ഉവ്വ്. അദിയ്യ് ബ്‌നു ഹാതിമിന് ആ സ്ഥലം നന്നായി അറിയാം. (പുരാതനമായ മെസപൊട്ടേമിയൻ നഗരമാണ് ഹീറ. ഇന്നത്തെ സൗത് സെന്‍ട്രൽ ഇറാഖിൽ കൂഫ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്നു). ഹീറയിൽ നിന്ന് ഒരു പെണ്ണ് മക്ക വരെ യാത്ര ചെയ്ത് ത്വവാഫ് ചെയ്യുന്നത് നീ കാണും . അമ്പരപ്പോടെ അദിയ്യ് പ്രവാചകനെ നോക്കി. (ആയിരത്തെണ്ണൂറിനടുത്ത് കിലോമീറ്ററുകളുണ്ട് കൂഫയിൽ നിന്ന് മക്കയിലേക്ക്. ഇന്ന് റോഡ് മാര്‍ഗം യന്ത്രവാഹനത്തിൽ സഞ്ചരിച്ചാൽത്തന്നെ മിനിമം പതിനേഴ് മണിക്കൂറെടുക്കും).

ഒരു പെണ്ണ് ഒറ്റക്ക് ഹീറയിൽ നിന്ന് മക്കയിലേക്ക് പോവുകയോ! മലമടക്കുകളിൽ പതിയിരിക്കുന്ന കൊള്ളക്കാരും ഗോത്രശത്രുക്കളുമൊക്കെ അപ്പോൾ എന്തെടുക്കുകയാവും! അപകടകരവും ദുഷ്‌കരവുമായ ഒരു മാര്‍ഗമല്ലേയത്! ചോദിക്കണമെന്നുണ്ടായിരുന്നു അദിയ്യിന്. പക്ഷേ, മുന്നിലിരിക്കുന്ന മനുഷ്യന്റെ മുഖത്തേക്ക് നോക്കിയപ്പോൾ വാക്കുകൾ തൊണ്ടയിൽ തടഞ്ഞു നില്‍ക്കുന്നത് പോലെ.

അദിയ്യേ.., വീണ്ടും പ്രവാചകൻ വിളിച്ചു. പേര്‍ഷ്യയിൽ ഖൊസ്‌റോവിന്റെ സാമ്രാജ്യം തകരും. മുസ്‌ലിം സൈന്യം അയാളുടെ കോട്ട പിടിച്ചടക്കുകയും അയാൾ സ്വന്തം ഖജനാവിൽ കുന്നുകൂട്ടിവെച്ചിരിക്കുന്ന ധനം ജനങ്ങള്‍ക്കിടയിൽ പങ്കിട്ടുകൊടുക്കുകയും ചെയ്യും. മക്കയിൽ ഗതികിട്ടാതെ അവസാനം മദീനയിലേക്ക് ഓടിപ്പോന്ന ഒരു മനുഷ്യനാണ് കരുത്തനായ സാസാനിയൻ രാജാവ് ഖൊസ്‌റോയുടെ അധികാരം തകര്‍ക്കാൻ പോകുന്നത് എന്ന് തമാശയോടെ ചിന്തിച്ച അദിയ്യ് വീണ്ടും പ്രവാചകനെ നോക്കി. ഇല്ല അദിയ്യേ, സകല അധികാരവ്യവസ്ഥകളുടെയും തകർച്ച ആസന്നമായിരിക്കുന്നു എന്ന് അന്നേരം അദ്ദേഹത്തിന്റെ ഉള്ളിൽ നിന്നാരോ മന്ത്രിച്ചു.

മനുഷ്യരെല്ലാവരും സ്വതന്ത്രരാണ്. അവരെ ദൈവം സ്വതന്ത്രരായി സൃഷ്ടിക്കുന്നു, അവരുടെ അമ്മമാർ അവരെ സ്വതന്ത്രരായി പ്രസവിക്കുകയും ചെയ്യുന്നു. ആളുകളെ അടിമകളാക്കാൻ ആരാണ്, എപ്പോഴാണ് നിങ്ങള്‍ക്കനുവാദം കിട്ടിയത്? വീണ്ടുമൊരാഘാതം പോലെ പ്രവാചകൻ അദിയ്യിനെ പേരെടുത്തു വിളിച്ചു. ഒരു കൈയിൽ സ്വർണവും മറുകൈയിൽ വെള്ളിയുമായി ആർക്കെങ്കിലും വേണോ എന്ന് ചോദിച്ചു നടക്കുന്ന ആളുകളെ നിനക്ക് കാണാൻ കഴിഞ്ഞേക്കും. എന്നാൽ അത് സ്വീകരിക്കാൻ ആരുമുണ്ടാവുകയില്ല.

സ്വര്‍ണത്തിനും വെള്ളിക്കും അത്രയ്ക്ക് വിലകുറഞ്ഞു പോകുമെന്നോ? അതായിരിക്കില്ല. മറിച്ച്, ജനങ്ങളെല്ലാവരും സ്വാശ്രയത്വമുള്ളവരായിത്തീരുന്നു, ആര്‍ത്തിയിൽ നിന്ന് മുക്തരുമാകുന്നു. അപ്പോൾ ഇതാണ് നബിയുടെ ദര്‍ശനം. വിമോചനമാണത്. നീതിയും സഞ്ചാരസ്വാതന്ത്ര്യവുമാണ്, സ്വേഛാധിപത്യങ്ങളുടെ തകര്‍ച്ചയാണ്, സ്വാശ്രയത്വവും അഭിമാനവും ദുരയിൽ നിന്നുള്ള മുക്തിയുമാണ്.

والله ليتمن الله هذا الأمر حتى يسير الراكب من صنعاء إلى حضرموت لا يخاف إلا الله والذئب على غنمه، ولكنكم تستعجلون

Related Articles