Current Date

Search
Close this search box.
Search
Close this search box.

ശരീഅത്തിന്റെ അടിസ്ഥാന ലക്ഷ്യമാണ് സ്വാതന്ത്ര്യത്തിന്റെ പരിരക്ഷ

മുഹമ്മദ് ത്വാഹിര്‍ ബിന്‍ ആശൂര്‍ ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ സ്വാതന്ത്ര്യത്തെ ഉള്‍പ്പെടുത്തുമ്പോള്‍ അദ്ദേഹം യഥാര്‍ഥ്യത്തില്‍ അകന്നുനില്‍ക്കുകയല്ല. മറിച്ച്, ഇസ്‌ലാമിക ശരീഅത്തിന്റെ ലക്ഷ്യങ്ങളില്‍ സ്വാതന്ത്ര്യത്തെ ആദ്യമായി തന്റെ പുസ്തകമായ  “أصول النظام الاجتماعي في الإسلام” എന്നതിലൂടെ അവതരിപ്പിക്കുകയാണ്. മനുഷ്യന് വിശ്വാസിയാകുവാനും ആകാതിരിക്കുവാനുമുള്ള സ്വാതന്ത്ര്യമുണ്ടോ അതല്ല, അല്ലാഹുവിന്റെ നിര്‍ബന്ധിത തീരുമാനത്തിന് വിധേയപ്പെട്ട് ഇച്ഛകള്‍ക്കനുസരിച്ച് ഒന്നും ചെയ്യാന്‍ കഴിയാത്തവരായി ജീവിക്കേണ്ടിവരാണോ മനുഷ്യന്‍ എന്ന (الجبر والاختيار) വിശ്വാസത്തെ സംബന്ധിച്ച സാധാരണ നടത്താറുള്ള ചര്‍ച്ചയല്ല ഇവിടെ സ്വാതന്ത്രമെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച്, ശരീരത്തിനും, സമ്പത്തിനും, മറ്റു കാര്യങ്ങള്‍ക്കും പ്രശ്‌നങ്ങളൊന്നുമില്ലാതെ ഇസ്‌ലാമിക വിധികളുടെ വെളിച്ചത്തില്‍ ഒരു വ്യക്തിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സ്വാതന്ത്ര്യത്തെ കുറിച്ചാണ്. നിലവില്‍ സ്വാതന്ത്ര്യം ഇല്ലാതായി കൊണ്ടിരിക്കുകയും, അതോടൊപ്പം സ്വാതന്ത്ര്യത്തിന് വളരെ പ്രാധാന്യം കൈവരികയും ചെയ്ത സാഹചര്യത്തിലാണ് സ്വാതന്ത്ര്യത്തെ സംബന്ധിച്ച സംസാരങ്ങള്‍ പിറവിയെടുക്കുന്നത്. പ്രതേകിച്ച്, ആധുനിക കാലത്ത് സാമ്പത്തികവും വ്യക്തിപരവുമായ സ്വാതന്ത്രം നിയന്ത്രിക്കപ്പെടുകയുമാണ്. വിശാലമായ അര്‍ഥത്തില്‍ അതെല്ലാം സമൂഹത്തില്‍ വേരൂന്നിയിരിക്കുന്നു. ഈജിപ്തില്‍ മാത്രമല്ല, ഇസ്‌ലാമിക ലോകത്തുമല്ല, ലോകതലത്തില്‍ തന്നെയും സ്വാതന്ത്ര്യത്തിന് സങ്കീര്‍ണതകള്‍ ഏറിവരികയാണ്.

ഇത്തരത്തിലുള്ള ദുഷ്‌കരമായ അവസ്ഥകള്‍ക്കെതിരില്‍ പണ്ഡിതര്‍ സംസാരിക്കേണ്ടതുണ്ട്. പ്രബോധകര്‍ അവരുടെ ഖുത്വുബകളിലും സംഭാഷണങ്ങളിലും പ്രതികരിക്കേണ്ടതുമുണ്ട്. മാതാപിതാക്കളെ ധിക്കരിക്കുക, കള്ള സാക്ഷ്യം പറയുക, മനുഷ്യനെ കൊല്ലുക, അനാഥയുടെ സമ്പത്ത് ഭക്ഷിക്കുക തുടങ്ങിയവ ഇസ്‌ലാം വ്യക്തമാക്കിയ വന്‍പാപങ്ങളാണ്. ഒരിക്കല്‍ ശൈഖ് യൂസഫുല്‍ ഖറദാവിയോട് ഹറാം എന്ന പദത്തിന്റെ ശരിയായ ഉദ്ദേശമെന്തെന്ന് പണ്ഡിതര്‍ ആരാഞ്ഞപ്പോള്‍ അദ്ദേഹം അതിന് വ്യക്തമായ വിശദീകരണം നല്‍കി; ‘സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുക, ജനങ്ങള്‍ക്കെതിരല്‍ അനീതി പ്രവര്‍ത്തിക്കുക, അവരെ അറസ്റ്റുചെയ്യുക, സൈനിക നടപടികളിലേക്ക് പ്രവേശിക്കുക, തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കുക, പൊതുസമ്പത്ത് കൊള്ളയടിക്കുക എിവയാണ്. ഈ നിഷിദ്ധ കാര്യങ്ങള്‍ പണ്ഡിതന്മാര്‍ സമൂഹത്തിന് മുമ്പില്‍ പ്രഖ്യാപിക്കേണ്ടതാണ്. സാധാരണയായി അറിയപ്പെടുന്ന മറ്റു നിഷിദ്ധ കാര്യങ്ങള്‍ പറയാന്‍ തീവ്രത കാണിക്കുന്നതുപോലെ പണ്ഡിതര്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളിലും തീവ്രത കാണിക്കേണ്ടതുണ്ട്’.

വിധികള്‍ സൂക്ഷമമായി മനസ്സിലാക്കാന്‍ ശ്രമിക്കുക:
ഭാഗികമായതോ, പൂര്‍ണമായതോ ആയ ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍ (المقصد الشرعي)
കൃത്യമായി നിര്‍ണയിക്കപ്പെടേണ്ടതുണ്ട്. ഇത് മഖാസിദീ പണ്ഡിതന്മാര്‍ അംഗീകരിച്ച കാര്യമാണ്. എന്നാല്‍, ഈ നിര്‍ണയം ശരീഅത്ത് വിധികളില്‍ വിചിന്തനം നടത്തിയും, കര്‍മശാസ്ത്ര പണ്ഡിതരുടെ കാല്‍പാടുകള്‍ പിന്തുടര്‍ന്നും, ഓരോ വിഷയങ്ങളിലുമുള്ള അവരുടെ അഭിപ്രായം മനസ്സിലാക്കിയതിന് ശേഷവുമാണ്. ഉന്നതമായ ഇസ്‌ലാമിക നിയമങ്ങളും, അതിന്റെ മഹത്തരമായ പ്രമാണങ്ങളും, ആ നിയമമാക്കുന്ന വിധികളിലൂടെ ഇസ്‌ലാമിക ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നതുമാണ്. നിയമമാക്കപ്പെടുന്ന വിധികള്‍ അതിജീവിക്കുന്നതും നിലനില്‍ക്കുന്നതും അതില്‍ ഉള്‍കൊണ്ട ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. സമ്പത്തിന്റെ കാര്യമെടുത്താല്‍, ഇസ്‌ലാമിക ശരീഅത്ത് അത് കണ്ടെത്തുന്നതിനും നേടിയെടുക്കുതിനും അനുവാദം നല്‍കുന്നു, പ്രോത്സാഹനം നല്‍കുന്നു. എന്നാല്‍, മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കാത്ത ഏത് ന്യായമായ ഇടപാടുകള്‍ക്കാണ് ഇസ്‌ലാമിക ശരീഅത്ത് അനുവാദം നല്‍കുന്നത്. ഈ നിയമങ്ങള്‍ നിലനില്‍ക്കുകയും മുന്നോട്ടുപോവുകയും ചെയ്യേണ്ടതുണ്ട്. സാമ്പത്തിക രംഗത്ത് ചില പരിധികള്‍ നിര്‍ണയിക്കുന്നത് പൊതുനന്മ പരിഗണിച്ചുകൊണ്ടാണ്. നിയമപരമല്ലാത്ത രീതിയില്‍ സമ്പത്ത് ചെലവഴിക്കുവാന്‍ അനുവാദമില്ല, നല്ല രീതിയില്‍ സമ്പത്ത് ചെലവഴിക്കുന്നതിന് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു. ഇവിടെ ഇസ്‌ലാമിക ശരീഅത്ത് സമ്പത്ത് സംരക്ഷിക്കുകയും അതിന്റെ നിലനില്‍പ്പ് സാധ്യമാക്കുകയുമാണ് ചെയ്യുന്നത്. ഇപ്രകാരം ഇസ്‌ലാമിക ശരീഅത്ത് മതത്തെയും, ശരീരത്തെയും, ബുദ്ധിയെയും അടിസ്ഥാനമാക്കിയും അവയുടെ നന്മ ലക്ഷ്യംവെച്ചുമാണ് വിധികള്‍ നിയമമായി വ്യവസ്ഥ ചെയ്യുന്നത്.

സ്വാതന്ത്ര്യം സംരക്ഷിക്കുകയെന്ന കാര്യമെടുത്താല്‍, അല്ലാഹു മനുഷ്യനെ സ്വതന്ത്രനായിട്ടാണ് സൃഷ്ടിച്ചത്. ഉമര്‍(റ) ഒരിക്കല്‍ അംറ്ബിന്‍ ആസി(റ)വിനെ അഭിസംബോധന ചെയ്ത് പറഞ്ഞത് പ്രസിദ്ധമാണ്; ‘എപ്പോഴാണ് നിങ്ങള്‍ ജനങ്ങളെ അടിമകളാക്കാന്‍ തുടങ്ങിയത്. അവരുടെ ഉമ്മമാര്‍ അവരെ സ്വതന്ത്രരായിട്ടാണല്ലോ പ്രസവിച്ചത്!’ അല്ലാമ ത്വാഹിര്‍ ബിന്‍ ആശൂര്‍ അദ്ദേഹത്തിന്റെ ‘ مقاصد الشريعة’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: കര്‍മശാസ്ത്ര നിയമങ്ങളെന്നത് കര്‍മശാസ്ത്ര പണ്ഡിതരുടെ അഭിപ്രായങ്ങളാണ് (അല്ലാഹു സ്വതന്ത്രമായി വിട്ടുകൊടുത്തത്). അത് പരിശോധിച്ച് കഴിഞ്ഞാല്‍ ഇസ്‌ലാമിക ശരീഅത്ത് മുന്നോട്ടുവെക്കുന്ന സുപ്രധാന ലക്ഷ്യങ്ങളില്‍പ്പെട്ടതാണ് സ്വാതന്ത്ര്യമെന്നത് ബോധ്യപ്പെടുതാണ്. ഇസ്‌ലാം നിലകൊളളുന്നത് പൊതുനന്മ അടിസ്ഥാനമാക്കിയും, അടിമത്തത്തെ എതിര്‍ക്കുന്ന വ്യവസ്ഥകളുടെ സംരക്ഷമണത്തിനും, അതിലൂടെ സ്വാതന്ത്ര്യം അംഗീകരിക്കപ്പടുകയും ചെയ്യേണ്ടതിന് വേണ്ടിയാണ്’. പൊതുനന്മ പരിഗണിച്ചും സാമൂഹിക വ്യവസ്ഥ സംരക്ഷക്കപ്പെടേണ്ടതിനു വേണ്ടിയാണ് ഇസ്‌ലാമിക ശരീഅത്ത് അടിമത്തത്തിനെതിരായി ശബ്ദമുയര്‍ത്തുന്നത്. കാരണം, അക്കാലത്തെ നിലനിന്നിരുന്ന വ്യവസ്ഥയെന്നത് അടിമത്തത്തില്‍ ഊന്നികൊണ്ടുള്ളതായിരുന്നു. ഇസ്‌ലാമിന്റെ ലക്ഷ്യം മനുഷ്യന്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കുകയും, പൊതുവായ സാമൂഹിക വ്യവസ്ഥ സംരക്ഷിക്കപ്പെടുകയും ചെയ്യുക എന്നതായപ്പോള്‍, അടിമത്തത്തിനെതിരായി തിരിയുകയും, അടിമത്തം കുറച്ചു കൊണ്ടുവന്ന് സ്വാതന്ത്ര്യത്തിന്റെ പുതിയ പുലരിയെ പുല്‍കാനുള്ള അവസരം ജനങ്ങള്‍ക്ക് സംജാതമാക്കുകയും ചെയ്തു.

ഇബ്‌നു ആശൂര്‍ ഉപസംഹരിച്ചുകൊണ്ട് പറയുന്നു: ‘ഇസ്‌ലാമിക ശരീഅത്തിന്റെ ഇൗ ഇടപെടലുകള്‍ ശ്രദ്ധിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുന്നത് ശരീഅത്ത് ആദ്യമായി ലക്ഷ്യംവെച്ചത് സ്വാതന്ത്ര്യം എല്ലാവരിലേക്കും എത്തിക്കുക എന്നതുതന്നെയായിരുന്നു. വ്യക്തിക്ക് തന്റെ ശരീരത്തിലും, സമ്പത്തിലും, മറ്റു കാര്യങ്ങളിലും പ്രതിബന്ധങ്ങളൊന്നുമില്ലാതെ ജീവിക്കാന്‍ കഴിയുക എന്നതായിരുന്നു. വിശ്വാസം, അഭിപ്രായ പ്രകടനം, പ്രവര്‍ത്തനം തുടങ്ങിയവയെ ഇസ്‌ലാമിക ശരീഅത്ത് വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടാണ് കാണുന്നത്. ഇത്തരത്തിലുള്ള വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇസ്‌ലാമിക ശരീഅത്ത് ഇടപെടുന്നില്ല. ഇസ്‌ലാമിക രാഷ്ട്രത്തിലുള്ള ഏത് വ്യക്തിക്കും ആരെയും ഭയക്കാതെയും പേടിക്കാതെയും അവരുടെ കാര്യങ്ങളുമായി മുന്നോട്ടുപോകാവുന്നതാണ്’.

ഇസ്‌ലാം പരിധിയില്ലാത്ത സ്വാതന്ത്ര്യം വകവെച്ച് നല്‍കുന്നില്ല:
എല്ലാ ബലാല്‍ക്കാരങ്ങളെയും നിര്‍ബന്ധ സ്വരങ്ങളെയും ഇല്ലായ്മ ചെയ്ത് ഇസ് ലാമിക ശരീഅത്ത് ജനങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിച്ചു. എന്നാല്‍ ന്യായമായും നിര്‍ബന്ധിക്കേണ്ട കാര്യങ്ങളില്‍ ഇത് ബാധകമല്ല. ഇത്തരത്തില്‍, വ്യക്തികളെ നിര്‍ബന്ധിക്കുന്നതുമായി(സ്വാതന്ത്ര്യം നല്‍കാതിരിക്കുക) ബന്ധപ്പെട്ട് പ്രത്യേക വിധികള്‍ വ്യവസ്ഥചെയ്യപ്പെടുന്നു. അതുപോലെ, ജനങ്ങളുടെ സ്വാതന്ത്ര്യത്തെ അന്യായമായി നിയന്ത്രിക്കുന്നത് നിഷിദ്ധമാക്കി. എന്നാല്‍, അക്രമം കാണിക്കുന്നത് ഒരു നിലക്കും അംഗീകരിക്കപ്പെടുകയില്ല. ‘അല്ലയോ എന്റെ ദാസന്മാരെ, തീര്‍ച്ചയായും ഞാന്‍ അക്രമം കാണിക്കുകയില്ല. നിങ്ങള്‍ക്കിടയില്‍ അത് നിഷിദ്ധവുമാണ്. അതിനാല്‍ നിങ്ങള്‍ അക്രമം കാണിക്കരുത്’. ഒരുവന്‍ മറ്റൊരുവനോട് അനീതി കാണിക്കാതിരിക്കുന്നതിന് വേണ്ടി ഇസ്‌ലാമിക ശരീഅത്ത് എല്ലാ നിയമങ്ങള്‍ക്കും പരിധികള്‍ നിശ്ചയിച്ചിരിക്കുന്നു. വിശ്വാസപരമായ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, പഠിക്കാനും പഠിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം തുടങ്ങിയവ മനുഷ്യനെ വകവെച്ച് നല്‍കേണ്ട് സ്വാതന്ത്ര്യമാണ്. ഇബ്‌നു ആശൂര്‍ വിശ്വാസ സ്വാതന്ത്ര്യത്തെ വ്യത്യസ്ത ഭാഗങ്ങളായി തരംതിരിക്കുന്നു. അദ്ദേഹം പറയുന്നു: ‘സ്വാതന്ത്രത്തിന്റെ വിശാല രൂപമാണ് വിശ്വാസ സ്വാതന്ത്ര്യം. ചിന്തിക്കാനുള്ള സ്വാതന്ത്ര്യം, അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം, പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങിയവ അതില്‍ വരുന്നു’.

സ്വാതന്ത്ര്യത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇബ്‌നു ആശൂര്‍ ഒരു ഉദാഹരണം പങ്കുവെക്കുന്നു; ഒരാളുടെ പ്രവര്‍ത്തനം ശരിയല്ലെന്ന് കണ്ടുകഴിഞ്ഞാല്‍ അവനെ കല്ലെറിയേണ്ടതുണ്ട്. കാരണം, അവന്റെ പ്രവര്‍ത്തന രീതി ശരിയല്ല. നല്ലതും ചീത്തതും എന്താണെന്ന് അവന്‍ വേര്‍തിരിച്ച് മനസ്സിലാക്കുന്നില്ല. ആയതിനാല്‍ അവിവേകിയായ ആ മനുഷ്യന്‍ സമ്പത്ത് നശിപ്പിച്ച് കളയുന്നതില്‍നിന്ന് സംരക്ഷിക്കുന്നതിനായി അവനെ കല്ലെറിയേണ്ടതുണ്ട്. നല്ലതും ചീത്തതും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ കഴിയാത്ത വിവേകം വന്നെത്തിയിട്ടില്ലാത്ത കുട്ടിയെപോലെയാണ് ആ മനുഷ്യന്‍. ഇതുപോലെ, ഒരുവന്‍ മറ്റൊരുവന് പ്രയാസമുണ്ടാക്കുകയാണെങ്കില്‍ ഇസ്‌ലാമിക ശരീഅത്ത് അവനെ കല്ലെറിയുന്നതാണ്. അഥവാ ഒരുവന്റെ നന്മ പൊതുനന്മയുമായി വൈരുദ്ധ്യപ്പെടാന്‍ പാടില്ല. ഇപ്രകാരം ഇസ്‌ലാമിക ശരീഅത്ത് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യത്തിന് അതിര്‍ത്തിയും പരിധിയും നിശ്ചയിട്ടുണ്ട്. അവ പൊതുസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാവരുത് എന്ന നിര്‍ബന്ധമുണ്ട്. ഇസ്‌ലാമിലെ സ്വാതന്ത്ര്യം പാശ്ചാത്യര്‍ വിളംബരം ചെയ്യുന്ന സ്വാതന്ത്ര്യം പോലെയല്ല. അത് എല്ലാം എല്ലാവര്‍ക്കും ഒരുപോലെ അനുഭവിക്കാന്‍ കഴിയുന്നതാണ്. എന്നാല്‍, ഇസ്‌ലാമിക ശരീഅത്ത് മറ്റുള്ളവരുടെ അവകാശത്തെ സംരക്ഷിക്കുതിനായി സ്വാതന്ത്ര്യത്തിന് പരിധികള്‍ നിശ്ചയിച്ചിരിക്കുകയാണ്. ഇപ്രകാരമാണ് അല്ലാഹു ശരീഅത്തിനെ സംരക്ഷിക്കുന്നതും നിലനര്‍ത്തികൊണ്ടുപോകുന്നതും. ഈ അര്‍ഥത്തില്‍ ഇബ്‌നു ആശൂര്‍ പറയുന്നു: സ്വാതന്ത്ര്യത്തിന്റെ കാര്യമെടുത്താല്‍, ഒരോ വ്യക്തിയും അവരുടെ കഴിവനനസുരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. ഒരുപാട് പേര്‍ ഒരു പ്രവര്‍ത്തനം ചെയ്യുകയും അത് മറ്റുള്ളവര്‍ക്ക് പ്രയാസം സൃഷ്ടിക്കാതിരിക്കുകയോ, സ്വാതന്ത്ര്യത്തിന് പ്രതിബന്ധമാകാതിരിക്കുകയോ ചെയ്താല്‍ ഓരോ വ്യക്തിക്കും അവര്‍ ഉദ്ദേശിക്കുന്നത് പ്രവര്‍ത്തിക്കാവുന്നതാണ്.

ഈ നിയന്ത്രണങ്ങളെല്ലാം യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യത്തെ പരിമതപ്പെടുത്തുകയല്ല. ഇത് മനുഷ്യരെ സംബന്ധിച്ചിടത്തോളം ഗുണപരമാണ്. സ്വാതന്ത്ര്യത്തിന് പരിധികളോ നിയന്ത്രണങ്ങളോ ഇല്ലാതിരിക്കുകയാണെങ്കില്‍ മനുഷ്യര്‍ അക്രമം കാണിക്കുകയും അനീതി പ്രവര്‍ത്തിക്കുകയുമാണ് ചെയ്യുക. അതാണ് ഇസ്‌ലാമിക ശരീഅത്ത് മുന്നോട്ടുവെക്കുന്ന ‘ഹലാലും ഹറാമും’. ഈ നിയന്ത്രണങ്ങള്‍ മുഖേന മനുഷ്യന്‍ അവന് അര്‍ഹതപ്പെട്ട സ്വാതന്ത്ര്യത്തെ അനുഭവിക്കുകയും മറ്റുള്ളവരോട് അനീതി കാണിക്കാതെ മുന്നോട്ടുപൊകുന്നതുമാണ്. അങ്ങനെ, സ്വാതന്ത്ര്യത്തിലൂടെ ഓരോ മനുഷ്യനും നീതി ലഭ്യമാവുകയാണ്. അതാണ് ഈ വാചകം അന്യര്‍ഥമാക്കുന്നത്; ‘മറ്റുള്ളവരുടെ സ്വാതന്ത്ര്യം എവിടെ തുടങ്ങുന്നുവോ അവിടെ നിന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നു’.
കര്‍മശാസ്ത്ര പണ്ഡിതര്‍ അനിവാര്യമായി സംരക്ഷിക്കപ്പെടേണ്ട അഞ്ച് കാര്യങ്ങളില്‍ സ്വാതന്ത്ര്യത്തെ സ്വതന്ത്ര്യമായ ലക്ഷ്യമായി പരിഗണിച്ചിരുന്നില്ല. കാരണം സ്വാതന്ത്ര്യമെന്നത് ആ അടിസ്ഥാനങ്ങളില്‍ ഉള്‍ചേര്‍ന്നിരുന്നു എന്നതിനാലാണ്. ഇസ്‌ലാമിക ശരീഅത്തിന്റെ ലക്ഷ്യമെന്നത് മനുഷ്യ നന്മയുടെ സാക്ഷാത്ക്കാരമാണ്. അത് സാക്ഷാത്ക്കരിക്കപ്പെടുന്നത് ദീനീന്റെയും, ശരീരത്തിന്റെയും, ബുദ്ധിയുടെയും സമ്പത്തിന്റെയും, വംശത്തിന്റെയും സംരക്ഷണത്തിലൂടെയാണ്. എന്നാല്‍ സ്വാതന്ത്ര്യം മനുഷ്യ പ്രകൃതമാണ്. അതില്ലാതെ മനുഷ്യ ജീവന്റെ സംരക്ഷണത്തിനാധാരമായ ഈ അഞ്ച് അടിസ്ഥാന ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടുന്നുമില്ല.

അവലംബം: islamonline.net
വിവ: അര്‍ശദ് കാരക്കാട്

Related Articles