Current Date

Search
Close this search box.
Search
Close this search box.

ഇബ്റാഹീം നബിയുടെ ശാമിലേക്കുള്ള ഹിജ്റയും തൗഹീദിന്റെ സ്ഥാപനവും

ഇബ്റാഹീം പ്രവാചകൻ തന്റെ ഉപ്പയെയും സമൂഹത്തെയും ഏകത്വത്തിലേക്കും അല്ലാഹുവിന് മാത്രമായുള്ള ഇബാദത്തിലേക്കും ക്ഷണിച്ചു. അതിനാൽതന്നെ അദ്ദേഹത്തിന് ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വന്നു. വിശുദ്ധ ഖുർആൻ അത് വിശദമായി നമുക്ക് വിവരിച്ചുതരുന്നുണ്ട്. അത് ഇറാഖിലായിരുന്നു. പിന്നീട്, ഇബ്റാഹീം പ്രവാചകനും പത്നി സാറയും സഹോദര പുത്രൻ ലൂത്വും ശാമിലേക്ക് (സിറിയ) ഹിജ്റ പോയി. ഈ ഹിജ്റയെ കുറിച്ച് അല്ലാഹു പറയുന്നു: ‘അപ്പോൾ ലൂത്വ് അദ്ദേഹത്തിൽ വിശ്വസിച്ചു. അദ്ദേഹം (ഇബ്റാഹീം) പറഞ്ഞു: തീർച്ചയായും ഞാൻ സ്വദേശം വെടിഞ്ഞ് എന്റെ രക്ഷിതാവിങ്കലേക്ക് പോകുകയാണ്. തീർച്ചയായും അവനാകുന്നു പ്രതാപിയും യുക്തിമാനും.’ (അൽഅൻകബൂത്: 26) ഇബ്റാഹീം പ്രവാചകൻ ഹിജ്റ പുറപ്പെടാനും ശാമിൽ തൗഹീദിന്റെ ദ്വീപസ്തംഭം സ്ഥാപിക്കാനും അല്ലാഹു ഉദ്ദേശിച്ചു. ഇബ്റാഹീം പ്രവാചകനിൽ നിന്ന് ഇസ്ഹാഖിന് പ്രവാചകത്വം അനന്തരമായി ലഭിച്ചു. ഇസ്ഹാഖിന് ശേഷം യഅ്കൂബിനും തുടർന്ന് സുലൈമാനും ലഭിച്ചു.

എന്നാൽ, വിശുദ്ധ മക്കയിലേക്ക് ഇബ്റാഹീം പ്രവാചകൻ ഹാജറയെ കൊണ്ടുവന്നു. ഹാജറ, അറേബ്യയുടെ മാതാവാകണമെന്ന് അല്ലാഹു ഉദ്ദേശിച്ചു. ഇസ്മാഈലിനെ അറേബ്യയിലെ ഹിജാസ്, യമൻ എന്നിവടങ്ങളിലേക്ക് അല്ലാഹു നിയോഗിച്ചു. ഇസ്മാഈൽ പ്രവാചകൻ അവരെ ഏകത്വത്തിലേക്കും അല്ലാഹുവിന് മാത്രമായുള്ള ഇബാദത്തിലേക്കും ക്ഷണിച്ചു. സമൂഹം അദ്ദേഹത്തിന് ഉത്തരം നൽകി. ഈ പ്രബോധനത്തിന്റെ സ്വാധീനം ഇസ്മാഈൽ പരമ്പരയിൽ നിന്ന് അല്ലാഹു അന്ത്യപ്രവാചകൻ മുഹമ്മദ്(സ) നിയോഗിക്കുന്നതുവരെ നിലനിന്നു.

ഇവിടെ, ഇസ്ഹാഖ് പ്രവാചകൻ പ്രതിനിധീകരിച്ച സിറിയയും ഇസ്മാഈൽ പ്രവാചൻ പ്രതിനിധീകരിച്ച അറേബ്യൻ ഉപദ്വീപും ഒരുമിക്കുകയാണ്. ഈ ഐക്യത്തിന് നേതൃത്വം നൽകിയത് ഇബ്റാഹീം പ്രവാചകനായിരുന്നു. അല്ലാഹു അവന്റെ ഖലീലിന് (കൂട്ടുകരാൻ, ഉറ്റ മിത്രം) രണ്ട് ഭവനങ്ങൾ -ഖുദ്സിലും, മക്കയിലും- ഉദ്ദേശിച്ചു. ഈ രണ്ട് കേന്ദ്രങ്ങൾക്കിടയിലായി ഇബ്റാഹീം പ്രവാചകൻ പ്രവർത്തിച്ചു. ഈ പ്രദേശം ഒരു അസ്തിത്വമാണെന്നതിന്റെ തെളിവാണിത്. പ്രവാചകൻ മുഹമ്മദ്(സ)യുടെ ഇസ്റാഅ് (രാത്രി യാത്ര) മക്കയിൽ നിന്ന് ബൈത്തുൽ മഖ്ദിസിലേക്കാകണമെന്ന് അല്ലാഹു ഉദ്ദേശിച്ചു. അവിടെ പ്രവാചകന്മാർക്ക് ഇമാമായി നമസ്‌കരിച്ച് ആകാശത്തേക്ക് ഉയർന്നു. അല്ലാഹു പറയുന്നു: ‘തന്റെ ദാസനെ (നബിയെ) ഒരു രാത്രിയിൽ മസ്ജിദുൽ ഹറാമിൽ നിന്ന് മസ്ജിദുൽ അഖ്സായിലേക്ക് -അതിന്റെ പരിസരം നാം അനുഗ്രഹീതമാക്കിയിരിക്കുന്നു- നിശാ യാത്ര ചെയ്യിപ്പിച്ചവൻ എത്ര പരിശുദ്ധൻ! നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കാൻ വേണ്ടിയത്രെ അത്. തീർച്ചയായും അവൻ (അല്ലാഹു) എല്ലാം കേൾക്കുന്നവനും കാണുന്നവനുമെത്രെ.’ (അൽഇസ്റാഅ്: 1)

അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ പ്രവാചകൻ മുഹമ്മദ്(സ)യുടെ നിശാ യാത്ര മക്കയിൽ നിന്നാകുമായിരുന്നു; മസ്ജിദുൽ അഖ്സയിൽ നിന്നാകുമായിരുന്നില്ല. എന്നാൽ, അല്ലാഹു ഇസ്റാഅ് മക്കക്കും ഖുദ്സിനുമടിയിൽ നിന്നും, മിഅ്റാജ് (ആകാശയാത്ര) ഖുദ്സിൽ നിന്നും ആകണമെന്ന് ഉദ്ദേശിച്ചു. ഖുദ്സും മക്കയും തമ്മിലുള്ള ബന്ധത്തെയാണിത് കുറിക്കുന്നത്. ഈ യാഥാർഥ്യം മനസ്സിലാക്കിയ അല്ലാഹുവിന്റെ റസൂലിന്റെ അനുചരന്മാർ സിറിയ വിജയിച്ചടക്കാൻ പുറപ്പെടുകയും വിഗ്രഹാരാധകരായ റോമക്കാരിൽ നിന്നും അഖ്സയെ മുക്തമാക്കുകയും ചെയ്തു. അല്ലാഹുവിന്റെ ശത്രുക്കൾ പലതവണ ഖുദ്സ് കീഴ്പ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, ഈ ശ്രമങ്ങൾക്ക് മുസ്ലിംകളുടെ സ്ഥൈര്യത്തിനും ശക്തിക്കും മുന്നിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. (മുഹമ്മദ് സുറൂർ ബിൻ നായിഫ് സൈനുൽ ആബിദീൻ – മൻഹജുൽ അമ്പിയാഇ ഫിദ്ദഅ്വതി ഇലല്ലാഹ് – പേജ്: 179)

ഖുതതുശ്ശാമിന്റെ ഗ്രന്ഥകാരൻ പറയുന്നു: ‘ലോകം പണ്ടുമുതൽക്കെ ശാമിന്റെ പ്രാധാന്യം മനസ്സിലാക്കിയിട്ടുണ്ട്. ശാം യോദ്ധാക്കളുടെയും പോരാളികളുടെയും ലക്ഷ്യസ്ഥാനമായിരുന്നു. കര-കടൽ വഴി ഫറോവമാരും, വടക്കുനിന്നും കഴിക്കുനിന്നും പേർഷ്യക്കാരും ബാബിലോണിയക്കാരും, കിഴക്കുനിന്ന് തൈമൂറും ഹൂലാകുവും ഗാസാനും, തെക്കുനിന്നും പടിഞ്ഞാറുനിന്നും കടൽ വഴി നെപ്പോളിയനും, പടിഞ്ഞാറുനിന്നും വടക്കുപടിഞ്ഞാറുനിന്നും കര-കടൽ വഴി ഈജിപ്തുകാരനായ ഇബ്റാഹീം പാഷയും, തെക്കുനിന്നും പടിഞ്ഞാറുനിന്നും ബ്രിട്ടീഷ്-ഫ്രാൻസ്-അറബ് (അറബ് കൊണ്ട് ഗ്രന്ഥകാരൻ ഉദ്ദേശിക്കുന്നത് ഫൈസൽ ബിൻ ഹുസൈന്റെ സൈന്യമാണ്) സഖ്യസേനയും ശാമിലെത്തി. കൂടാതെ, ഉമർ ബ്‌നുൽ ഖത്താബ്, അബൂ ഉബൈദത്തുൽ ജർറാഹ്, ഖാലിദ് ബ്നു വലീദ്, മൂസ ബിൻ നുസൈർ, നൂറുദ്ധീൻ സങ്കി, സ്വലാഹുദ്ധീൻ അയ്യൂബി, സുൽത്താൻ സലീം എന്നീ പോരാളികളും ഉമറുബിൻ അബ്ദുൽ അസീസ്, ഇബ്നു തൈമിയ എന്നീ പരിഷ്‌കർത്താക്കളും, ബഖ്തനസ്ർ, ഹൂലാകു, ചങ്കിസ്, ഗാസാൻ, തൈമൂർ എന്നീ വിധ്വംസകരും ശാമിലെത്തി.’ (മുഹമ്മദ് കുർദ് അലി – ഖുതതുശ്ശാം) വഹ്‌യ്-ദിവ്യബോധനം ഇറങ്ങിയ സ്ഥലവും പ്രവാചകന്മാരുടെ അഭയവും ഇബ്റാഹീം പ്രവാചകന്റെയും മകൻ ഇസ്ഹാഖിന്റെയും അവരുടെ പൗതന്മാരായ പ്രവാചകന്മാരുടെയും കേന്ദ്രമായിരുന്നു ശാം.

വിവ: അർശദ് കാരക്കാട്

Related Articles