Current Date

Search
Close this search box.
Search
Close this search box.

പരിധിവിടുന്ന പ്രാർഥനകളുടെ അഞ്ച് രീതികൾ

സവിശേഷമായ ആത്മാവാണ് വിശുദ്ധ റമദാനിനുള്ളത്. സത്യസന്ധനായ വിശ്വാസി നന്മകൾ നേടിയെടുക്കുന്നതിനും, അല്ലാഹുവിനെ അനുസരിക്കുന്നതിനുമായി അങ്ങേയറ്റം പരിശ്രമിക്കുന്നു. എന്നാൽ, പുനഃപരിശോധന ആവശ്യമായ ചില കാര്യങ്ങൾ പണ്ഡിതരിൽ നിന്നും പ്രബോധകരിൽ നിന്നും പ്രകടമായികൊണ്ടിരിക്കുന്നു. വിശുദ്ധ ഖുർആനിന്റെയും പ്രവാചക സുന്നത്തിന്റെയും വെളിച്ചത്തിൽ ആരാധനകൾ കൃത്യപ്പെടുത്തേണ്ടതുണ്ട്. ഒരുപക്ഷേ, അവയിൽ പ്രധാനപ്പെട്ടതാണ് പരിധിവിടുന്ന പ്രാർഥനകളെന്നത് (الاعتداء في الدعاء). ഉത്തരം നൽകപ്പെടുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നതിന് അനിവാര്യമായി പാലിക്കേണ്ട മര്യാദകളും നിബന്ധനകളും പ്രാർഥനക്കുണ്ടെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

പരിധിവിടുന്ന പ്രാർഥനകൾ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

അതിലേക്കുള്ള സൂചന വിശുദ്ധ ഖുർആനിലെ ഈ വചനം വ്യക്തമാക്കുന്നുവെന്ന് പറയാവുന്നതാണ്. അല്ലാഹു പറയുന്നു: ‘വിനയാന്വിതനായും, ശബ്ദം കുറച്ചും നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പ്രാർഥിക്കുക. അവൻ അതിരുകടക്കുന്നവരെ ഇഷ്ടപ്പെടുന്നില്ല.’ ഇമാം ഖുർത്വുബി അദ്ദേഹത്തിന്റെ തഫ്സീറിൽ വ്യക്തമാക്കുന്നു: ‘പൊതുവായ പദമാണെങ്കിലും പ്രാർഥനയാണ് ഉദ്ദേശിക്കുന്നത്.’

ഇമാം നസാഈ, ഇമാം അബൂദാവൂദ്, ഇമാം അഹ്മദ് തുടങ്ങിയവർ റിപ്പോർട്ട് ചെയ്യുന്നു. ഇബ്നു കസീർ സ്വഹീഹാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്നു. ‘സഅദ് തന്റെ മകൻ ഇപ്രകാരം പ്രാർഥിക്കുന്നതായി കേട്ടു: അല്ലാഹുവേ, നിന്നോട് ഞാൻ സ്വർഗവും, സ്വർഗത്തിലെ അനുഗ്രഹവും, സ്വർഗത്തിലെ തിളക്കമുള്ള പട്ടും ചോദിക്കുന്നു …. പ്രാർഥന അങ്ങനെ തുടരുന്നു. അല്ലാഹുവേ, നരകത്തിൽ നിന്നും, നരകത്തിലെ ചങ്ങലകളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും ഞാൻ നിന്നോട് ശരണം തേടുന്നു. അപ്പോൾ സഅദ് പറഞ്ഞു: ഞാൻ അല്ലാഹുവോട് ധാരാളം നന്മകർ ചോദിച്ചു, എല്ലാ തെറ്റുകളിൽ നിന്ന് ശരണം തേടി. തീർച്ചയായും, അല്ലാഹുവിന്റെ റസൂൽ പറയുന്നത് ഞാൻ കേട്ടു: ‘ഒരു വിഭാഗം വരും, അവർ പ്രാർഥനയിൽ അതിരുകടക്കുന്നവരായിരിക്കും.’ അതിനാൽ നീ ഇപ്രകാരം പ്രാർഥിച്ചാൽ മതിയാകുന്നതാണ്; അറിഞ്ഞതും, അറിഞ്ഞിട്ടില്ലാത്തതുമായ എല്ലാ നന്മകളും ഞാൻ നിന്നോട് ചോദിക്കുന്നു. അറിഞ്ഞതും, അറിഞ്ഞിട്ടില്ലാത്തതുമായി എല്ലാ തെറ്റുകളിൽ നിന്നും നിന്നോട് ഞാൻ ശരണം തേടുന്നു. “اللهم إني أسألك من الخير كله ما علمت منه وما لم أعلم، وأعوذ بك من الشر كله ما علمت منه وما لم أعلم”

ഇമാം ഇബ്നു മാജ അദ്ദേഹത്തിന്റെ സുനനിൽ ഉദ്ധരിക്കുന്നു: അബ്ദുല്ലാഹി ബിൻ മുഗഫൽ തന്റെ മകൻ പറയുന്നതായി കേട്ടു. അല്ലാഹുവേ, ഞാൻ സ്വർഗത്തിൽ പ്രവേശിക്കുകയാണെങ്കിൽ സ്വർഗത്തിന്റെ വലത് ഭാഗത്തായി വെളുത്ത നിറത്തിലുള്ള കൊട്ടാരം നിന്നോട് ചോദിക്കുന്നു. മുഗഫൽ പറഞ്ഞു: പൊന്നു മോനേ, അല്ലാഹുവിനോട് സ്വർഗത്തെ ചോദിക്കുകയും, നരകത്തിൽ നിന്ന് വിടുതൽ തേടുകയും ചെയ്യുക. അല്ലാഹുവിന്റെ റസൂൽ ഇപ്രകാരം പറയുന്നത് ഞാൻ കേൾക്കുകയുണ്ടായി; ‘ഒരു വിഭാഗം വരുന്നതാണ്, അവർ പ്രാർഥനയിൽ പരിധിവിടുന്നവരായിരിക്കും.’

Also read: ഉപവാസം നമ്മെ ശാക്തീകരിക്കുന്നത് ?

‘താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പ്രാർഥിക്കുക. പരിധിവിട്ട് പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.’ (അൽഅഅ്റാഫ്: 55) ഇമാം ഖുർത്വുബി അദ്ദേഹത്തിന്റെ തഫ്സീറിൽ ഈ സൂക്തത്തിന്റെയും, ഇമാം ഇബ്നു മാജ റിപ്പോർട്ട് ചെയ്ത ഹദീസിന്റെയും അനുബന്ധമായി ചേർക്കുന്നു: പ്രാർഥനിയിൽ പരിധിവിടുകയെന്നത് വ്യത്യസ്ത രൂപത്തലാണ്. ഉച്ചത്തിലും വലിയ ശബ്ദത്തിലും പ്രാർഥിക്കുക, ചീത്തകാര്യങ്ങൾ തേടുക, ഖുർആനിലും സുന്നത്തിലുമില്ലാത്തതുകൊണ്ട് പ്രാർഥിക്കുക-  അർഥമില്ലാത്ത ചില പദങ്ങൾ ഉപയോഗിച്ച് പ്രാർഥിക്കുക, പ്രത്യേകിച്ച് അടിസ്ഥാനമൊന്നുമില്ലാതെ എഴുതിവെക്കപ്പെട്ട പ്രാസമൊപ്പിച്ചുള്ള പ്രയോഗങ്ങൾ കൊണ്ട് പ്രാർഥിക്കുക തുടങ്ങിയവ അതിൽപെടുന്നു. തുടർന്ന് ഇവയെല്ലാം ഒരു അടിസ്ഥാനമായി കാണുകയും, പ്രവാചകൻ(സ) പഠിപ്പിച്ചു തന്ന പ്രാർഥനകൾ ഒഴിവാക്കുകയും ചെയ്യുന്നു. ഇതെല്ലാം പ്രാർഥനക്ക് ഉത്തരം ലഭിക്കുന്നതിൽ നിന്ന് തടയുന്നതാണ്!

പരിധിവിടുന്ന പ്രാർഥനയുടെ വ്യത്യസ്ത രൂപങ്ങൾ:

ഒന്ന്: ആവശ്യമില്ലാതെ ഒരുപാട് നീട്ടി പ്രാർഥിക്കുക

ഇത് വളരെ വ്യാപകമായികൊണ്ടിരിക്കുന്ന ഒരു രീതിയായി മാറിയിരിക്കുന്നു. ഒരുപാട് ഇമാമുമാർ വിത്റ് നമസ്കരിക്കുന്ന ഓരോ രാത്രിയിലും ആവശ്യമില്ലാതെ നീട്ടി പ്രാർഥിക്കുന്നതായി കാണുന്നു. ഇത് ചിലപ്പോൾ ഒരുമണിക്കൂറോ അല്ലെങ്കിൽ അതിൽ കുറഞ്ഞോ സമയമെടുക്കുന്നു. അവർ നമസ്കാരങ്ങളിൽ നീട്ടി പരത്തി പ്രാർഥിക്കുകയാണ്. ഉദാഹരണമായി, അല്ലാഹുവേ, നിന്നോട് നരകത്തിൽ നിന്ന് രക്ഷ തേടുന്നു, നരകവാസികളുടെ വസ്ത്രത്തിൽ നിന്ന് രക്ഷ തേടുന്നു, നരകവാസികളുടെ ഭക്ഷണത്തിൽ നിന്ന് രക്ഷ തേടുന്നു… പ്രാർഥന ഇങ്ങനെ തുടരുന്നു. അല്ലാഹുവേ, നിന്നോട് സ്വർഗം തേടുന്നു. സ്വർഗത്തിലെ അരുവികൾ തേടുന്നു, സ്വർഗത്തിലെ പക്ഷികൾ തേടുന്നു, സ്വർഗത്തിലെ ഹൂറികളെ തേടുന്നു… പ്രാർഥന ഇങ്ങനെ തുടരുന്നു. മുമ്പ് ഉദ്ധരിക്കപ്പെട്ട രണ്ട് ഹദീസുകളും ഇത്തരത്തിൽ നീട്ടി പ്രാർഥിക്കുന്നതിനെ വിലക്കുന്നു. പ്രവാചക സുന്നത്തെന്നത് പൂർണാർഥത്തിലുള്ള പൊതുവായ പ്രാർഥനകളാണ് (الجوامع من الدعاء). ആയിശ(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാവുന്നതാണ്: ‘അല്ലാഹുവിന്റെ റസൂൽ പ്രാർഥനകളിൽ നിന്ന് പൂർണാർഥത്തിലുളള പൊതുവായ പ്രാർഥനകൾ (الجوامع) ഇഷ്ടപ്പെട്ടിരുന്നു. ബാക്കിയുള്ളതെല്ലാം ഒഴിവാക്കിയിരുന്നു.’

Also read: അല്ലാഹുവിൻ്റെ വർണത്തേക്കാൾ സുന്ദരമായ വർണം മറ്റേതുണ്ട്

അതുപോലെ, ചിലയാളുകൾ പ്രാഥിക്കുമ്പോൾ തങ്ങൾക്കറിയാവുന്ന എല്ലാവരെയും പേരെടുത്ത് നീട്ടി പ്രാർഥിക്കുന്നതായി കാണാവുന്നതാണ്. അല്ലാഹുവേ, എന്റെ മക്കൾക്കും, ഉപ്പക്കും, ഉമ്മക്കും, ഉപ്പൂപ്പക്കും, ഉമ്മൂമക്കും, അമ്മായിക്കും, അമ്മാവനും, എളാപ്പക്കും, എളാമ്മക്കും നീ പൊറുത്തു തരേണമേ… തുടർന്ന് അടുത്ത കുടംബക്കാർക്കും, അയൽവാസികൾക്കും ചങ്ങാതിമാർക്കും വേണ്ടി അവരുടെ ഓരോരുത്തരുടെയും പേരെടുത്ത് പ്രാർഥിക്കുന്നു. എന്നാൽ, ചരുക്കി പ്രാർഥിക്കുകയെന്നത് മതിയാകുന്നതാണ്.

രണ്ട്: പ്രാസമൊപ്പിക്കുന്നതിലെ അസാധാരണത്വം

മാധുര്യമുള്ള ശബ്ദം കൊണ്ട് പ്രസിദ്ധരായ ആധുനികരായ ചില ഇമാമുമാർ റമദാൻ മാസത്തിന് പ്രത്യേകമായ പ്രാസമൊപ്പിച്ചുള്ള പ്രാർഥനകൾ തയാറാക്കുന്നു. അതിൽ പ്രാസമൊപ്പിക്കുന്നതിലെ കൃത്രിമത്വവും അസാധാരണത്വവും പ്രകടമാണ്. മനസ്സിനെ താളാത്മകമായി സ്വാധീനിക്കുന്നതിന് വേണ്ടി നേർത്ത മധുരമാർന്ന ശബ്ദത്തിൽ പ്രാർഥിക്കുന്നതിന് അവർ ഒരുങ്ങുന്നു. പ്രാർഥനയെന്നത് ഖുർആൻ പാരായണത്തിൽ നിന്ന് വ്യത്യസ്തമാണ് എന്ന കാര്യത്തിൽ തർക്കമില്ല. ഖുർആൻ ഈണത്തോടെ പാരായണം ചെയ്യണമെന്നത് സുന്നത്താണ്. എന്നാൽ, വിനയാന്വിതനായി താഴ്മയോടെ അല്ലാഹുവിനോട് സഹായം തേടുകയെന്നതാണ് പ്രാർഥനയുടെ അടിസ്ഥാനം. ഈണത്തോടെ, താളത്തോടെ പ്രാർഥിക്കുകയെന്നതല്ല, വിനയത്തോടെ താഴ്മയോടെ അല്ലാഹുവിലേക്ക് മടങ്ങി പ്രാർഥിക്കുകയെന്നതാണ് പ്രധാനം. സാധാരണക്കാരായ ആളുകൾ കാസറ്റുകളിലൂടെ അത്തരം പ്രാർഥനകൾ കേട്ടുകൊണ്ടിരിക്കുന്നു.  പ്രത്യേകിച്ച്, ഇരുപത്തിയേഴാം രാവിലും, അവസാന രാവിലും. മധുരമാർന്ന ശബ്ദം ആസ്വദിക്കാൻ കഴിയുക, താളാത്മാക സ്വരത്തിലുള്ള പ്രാസങ്ങൾ കേൾക്കാൻ കഴിയുക എന്നതല്ലാതെ മറ്റൊന്നും അതിലൂടെ സംഭവിക്കുന്നില്ല. ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടി വരുമ്പോൾ മടുപ്പ് ഒഴിവാക്കുന്നതിനും, യാത്രക്കാർക്ക് നേരമ്പോകുന്നതിനുമായി ടാക്സിയോ, ചെറിയ ബസോ ഓടിക്കുന്ന ധാരാളം ഡ്രൈവർമാർ ഇത്തരത്തിലുള്ള കാസറ്റുകൾ ഉപയോഗിക്കുന്നതായി കാണാവുന്നതാണ്. ഇത് താളാത്മക സംഗീതങ്ങൾക്കൊരു ബദലായി മാറിയിരിക്കുന്നു. ഇത് പ്രാർഥനയുടെ ലക്ഷ്യത്തോട് എതിരുടുന്നതുമാണ്.

Also read: സൂര്യപ്രകാശം പോലെ ജീവവായു പോലെ

മൂന്ന്: ശബ്ദം അധികരിപ്പിച്ച് ഉച്ചത്തിൽ പ്രാർഥിക്കുക

സ്വഹീഹിൽ ബുഖാരിയിലും മുസ് ലിമിലും വന്നിരിക്കുന്നു. അബൂമൂസൽ അശ്അരിയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു: അദ്ദേഹം പറയുന്നു: ഞങ്ങൾ പ്രവാചകനോടൊപ്പം യുദ്ധത്തിലായിരുന്നു. തക്ബീറിനാൽ ശബ്ദം ഉയർത്തികൊണ്ടല്ലാതെ ഞങ്ങൾ മല കയറുകയും താഴ് വര ഇറങ്ങുകയും ചെയ്തിട്ടില്ല. അദ്ദേഹം പറയുന്നു: പ്രവാചകൻ(സ) ഞങ്ങളുടെ അടുക്കൽ വന്നുപറഞ്ഞു: അല്ലയോ ജനങ്ങളേ, നിങ്ങൾ സ്വന്തത്തെ പിടിച്ചുനിർത്തുക- ശബ്ദം കുറക്കുക. നിങ്ങൾ പ്രാർഥിക്കുന്നത് ചെവികേൾക്കാത്തവനോടോ, നിങ്ങളെ കാണാത്തവനോടോ അല്ല. മറിച്ച് എല്ലാം കേൾക്കുകയും കാണുകയും ചെയ്യുന്നുവനോടാണ്, നിങ്ങൾ പ്രാർഥിക്കുന്നത് നിങ്ങളുടെ തൊണ്ടയോട് അടുത്തുനിൽക്കുന്നവനോടാണ്.

എന്നാൽ, അല്ലാഹുവിന്റെ അനുഗ്രഹത്താൽ നമ്മൽ ഇന്ന് ലൗഡ് സ്പീക്കറിന്റെ കാലത്താണുള്ളത്. അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്! അതുകൊണ്ട് തന്നെ, പള്ളിയിലെ ഇമാമുമാർ അവരുടെ ശബ്ദം നമസ്കരിക്കുന്നവർക്ക് കേൾക്കാൻ പാകത്തിലല്ലാതെ ഉയർത്തേണ്ടിതില്ല. ശബ്ദം വർധിപ്പിക്കേണ്ട ഒരാവശ്യവുമില്ല. അങ്ങനെ ചെയ്യുകയെന്നത് അറിവില്ലായ്മയും, അളുകളെ പ്രയാസപ്പെടുത്തലുമാണ്. നിലിവിൽ പള്ളിയിലെ ഇമാമുമാർ ബോധപൂർവം ശബ്ദം ഉച്ചത്തിലാക്കുന്നതായി കാണുന്നു. ഒരുപക്ഷേ, അത് നമസ്കാരക്കാരെ അസ്വസ്ഥരാക്കുന്നതാണ്. ചിലപ്പോൾ അവരിൽ ആരെങ്കിലും എന്തെങ്കിലും പ്രതികരിക്കുകയും അവരുടെ നമസ്കാരം ബാത്വിലാവുകയും ചെയ്യുന്നതിന് കാരണമാകുന്നു. ഈയൊരു ശൈലി മുമ്പെങ്ങുമില്ലാത്ത വിധത്തിൽ വർധിച്ചുവരുന്നു. അക്കാര്യത്തിൽ സൂക്ഷമത പുലർത്തുകയും, പ്രവാചക സുന്നത്തിനെ മുറുകെ പിടിക്കുകയുമാണ് വേണ്ടത്.

നാല്: അനുവദനീയമല്ലാത്ത കാര്യങ്ങൾക്ക് വേണ്ടി പ്രാർഥിക്കുക

അനസിൽ(റ) നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു: രോഗാവസ്ഥയിലുള്ള മുസ് ലിമായ ഒരു മനുഷ്യനെ പ്രവാചകൻ(സ) സന്ദർശിച്ചു. അദ്ദേഹം ക്ഷീണിച്ച് പക്ഷികുഞ്ഞിനെ പോലെയായിരിക്കുന്നു. പ്രവാചകൻ(സ) അദ്ദേഹത്തോട് ചോദിച്ചു: താങ്കൾ പ്രാർഥിക്കാറുണ്ടായിരുന്നില്ലേ? അല്ലാഹുവിനോട് തേടികൊണ്ടിരിക്കുന്നില്ലേ? അദ്ദേഹം പറഞ്ഞു: അതെ, ഞാൻ പ്രാർഥിക്കാറുണ്ടായിരുന്നു. അല്ലാഹുവേ, നീ പരലോകത്ത് ഇതുകൊണ്ടെന്നെ ശിക്ഷിക്കരുതേ. ശിക്ഷ എനിക്ക് ഇഹലോകത്തിൽ വേഗത്തിലാക്കി തരേണമേ. പ്രവാചകൻ(സ) പറഞ്ഞു: അല്ലാഹു എത്ര പരിശുദ്ധൻ! താങ്കൾക്ക് അങ്ങനെ പറയാൻ കഴിയുകയില്ല, താങ്കൾ ഇപ്രകാരം പ്രാർഥിച്ചില്ലേ; അല്ലാഹുവേ ഇഹത്തിലും പരത്തിലും എനിക്ക് നന്മ ചൊരിയുകയും, നരകത്തിൽ നിന്നെന്നെ മോചിപ്പിക്കുകയും ചെയ്യേണമേ (اللهم آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار).

Also read: ഇന്ത്യ ഭരിച്ച നാല് ആഫ്രിക്കക്കാർ

അതുപോലെ, തെറ്റായ കാര്യങ്ങൾ ആവശ്യപ്പെടുകയെന്നതും അതിൽപെടുന്നു. ഉദാഹരണമായി, മോഷണവും പിടിച്ചുപറിയും എളുപ്പമാക്കി തരണമേയെന്ന് പ്രാർഥിക്കുക. കൂടാതെ, അസംഭവ്യമായ കാര്യങ്ങൾക്ക് വേണ്ടി പ്രാർഥിക്കുക. ഉദാഹരണമായി, അല്ലാഹുവേ എനിക്ക് പ്രവാചക പദവി നൽകേണമേ, അല്ലാഹുവേ ഈ സമൂഹത്തെ കുരങ്ങന്മാരാക്കി മാറ്റേണമേ തുടങ്ങുന്ന പ്രാർഥനയും ആ വിഭാഗത്തിൽ പെടുന്നതാണ്.

അഞ്ച്: പ്രവാചകനിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ലാത്ത പ്രാർഥനകൾ കൂടുതലാവുക

ആളുകളുടെ സംസാരത്തോട് സാദൃശ്യമുള്ള രീതിയിൽ നമസ്കാരത്തിൽ പ്രാർഥിക്കുകയെന്നത് അനുവദനീയമല്ലെന്നാണ് അധിക പണ്ഡിതരും കാണുന്നത്. ഈയൊരു അഭിപ്രായമാണ് ഹനഫികൾക്കും, ഇമാം അഹ്മദിനുമുള്ളത്. ഉദാഹരണമായി, اللهم اقض عنا ديوننا، اللهم أرزقنا طعاما طيبا (അല്ലാഹുവേ എന്റെ കടം വീട്ടി തരേണമേ, അല്ലാഹുവേ എനിക്ക് നല്ല വിഭവങ്ങൾ നൽകേണമേ). അവർ ഈ ഹദീസ് തെളിവെടുത്തുകൊണ്ടാണ് ഇത്തരത്തിലൊരു അഭിപ്രായത്തിലെത്തുന്നത്. ‘ജനങ്ങളുടെ സാസാരങ്ങളിൽ നിന്ന് വല്ലതും ഉൾപ്പെടുകയാണെങ്കിൽ ഈ നമസ്കാരം ശരിയാവുകയില്ല. തീർച്ചയായും, അത് (നമസ്കാരം) തസ്ബീഹും, തക്ബീറും, ഖുർആൻ പാരായണവുമാണ്.’ എന്നാൽ, ഇബ്നു മസ്ഊദിൽ(റ) നിന്ന് തശഹുദുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള ഹദീസിനെ പൊതുവായി കണ്ടുകൊണ്ടാണ് മാലിക്കികളും ശാഫിഈകളും അനുവദനീയമാണെന്ന അഭിപ്രായത്തിലെത്തുന്നത്. ‘പിന്നീട് നിങ്ങൾ ഓരോരുത്തർക്കും ഇഷ്ടപ്പെട്ട പ്രാർഥന നിങ്ങൾ തെരഞ്ഞടുക്കുക.’

അതിനാൽ തന്നെ അഭിപ്രായ വ്യത്യാസങ്ങളിൽ നിന്ന് വിട്ടുനിൽക്കുക എന്നതാണ് ഉത്തമമായിട്ടുള്ളത്. ഇമാം ഗസ്സാലി പറഞ്ഞതുപോലെയാണ് നാം പറയേണ്ടത്; ‘ഏറ്റവും പരിഗനീയമായിട്ടുള്ളത് പ്രവാചകനിൽ നിന്ന് ഉദ്ധരിക്കപ്പെട്ടുട്ടുള്ള പ്രാർഥനകളെ മറികടക്കാതിരിക്കുക എന്നതാണ്. അത്, ചിലപ്പോൾ അവർ ചോദിക്കാൻ പാടില്ലാത്തത് ചോദിച്ച് പരിധിവിടും എന്നതുകൊണ്ടാണ്.’ ഉദ്ധരിക്കപ്പെട്ടിട്ടുള്ള പ്രാർഥനകൾ കൊണ്ട് പ്രാർഥിക്കുന്നതിന് സാധിക്കുന്നില്ലെങ്കിൽ ഓരോരുത്തരും അവർക്ക് എളുപ്പമുള്ളതുകൊണ്ട് പ്രാർഥിക്കാവുന്നതാണ്.

Also read: ചരിത്രം ഉറങ്ങുന്ന അലക്സാണ്ടറിയ

പ്രാർഥിക്കുന്നയാൾ ഖബർ, ഖബ്റിലെ ശിക്ഷ, സിറാത്, പുനരന്ഥാനം, നരകം, സ്വർഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉപദേശ രൂപേണ പ്രാർഥനയിൽ അധികരിപ്പിക്കുകയെന്നത് അതിരുകടന്ന പ്രാർഥനയുടെ പട്ടികയിൽ ഉൾപെടുന്നതാണ്. അപ്രകാരം, പ്രാർഥനയുടെ ലക്ഷ്യം ഉപദേശമായി മാറുന്നു! പ്രാർഥനയെന്നത് ഉപദേശത്തിനുള്ള സന്ദർഭമല്ല. നമസ്കരിക്കുന്നവരും പ്രാർഥിക്കുന്നവരും തമ്മിലെ സംഭാഷണമായി പ്രാർഥന മാറിയെന്നത് പുതിയൊരു കാര്യമാണ്! പൂർവികരിൽ ആരും അങ്ങനെ ചെയ്തിരുന്നതായി നാം കേട്ടിട്ടില്ല. അങ്ങനെ ചെയ്യുന്നതിലൂടെ പ്രാർഥനയിലൂടെ ലക്ഷ്യം വെക്കുന്നുതിനെ കുറിച്ച് അവർ മനസ്സിലാക്കുന്നില്ലെന്നതാണ്. വിനയത്തോടെ, താഴ്മയോടെ അല്ലാഹുവിലേക്ക് ആവശ്യവുമായി അടുക്കുകയെന്നതാണ് പ്രാർഥന.

അവലംബം: iumsonline.org
വിവ: അർശദ് കാരക്കാട്

Related Articles