Current Date

Search
Close this search box.
Search
Close this search box.

ദുല്‍ഹജ്ജ് മാസത്തില്‍ ചെയ്യേണ്ട പത്ത് കാര്യങ്ങള്‍

ഇസ്ലാമിക കാലഗണനയായ ഹിജ്റ വര്‍ഷത്തിലെ അവസാന മാസമാണ് ദുല്‍ഹജ്ജ് മാസം. റമദാന്‍ മാസത്തിലെ അവസാന പത്തിലെ രാത്രികള്‍ പോലെ വളരെ പ്രാധനപ്പെട്ടതാണ് ദുല്‍ഹജ്ജിലെ ആദ്യ പത്ത് ദിനങ്ങളെന്ന കാര്യം ഖുര്‍ആനും തിരുവചനങ്ങളും സാക്ഷ്യപ്പെടുത്തുന്നു. ഒരു വര്‍ഷത്തിലെ ഏറ്റവും നല്ല സുദിനങ്ങളാണ് ദുല്‍ഹജ്ജ് മാസം. അല്ലാഹു ധാരാളം സല്‍കര്‍മ്മങ്ങള്‍ ചെയ്യാന്‍ അവസരം നല്‍കുകയും അതിന് മഹത്തായ പ്രതിഫലം നിശ്ചയിക്കുകയും ചെയ്ത ദിവസങ്ങളിലൂടെയാണ് നാം കടന്ന് പോവുന്നത്.

ദുല്‍ഹജ്ജ് മാസത്തിലെ ആദ്യ പത്ത് ദിനങ്ങള്‍ മുസ്ലിംങ്ങളുടെ പവിത്ര ദിനങ്ങളാണ്. ഖുര്‍ആനില്‍ പ്രത്യേകം പരാമര്‍ശിച്ച പത്ത് ദിനങ്ങളുള്ള മാസമാണിത്. ഖുര്‍ആന്‍ പറയുന്നു: പ്രഭാതം സാക്ഷി. പത്തു രാവുകള്‍ സാക്ഷി. 89:1,2 . ദുല്‍ഹജ്ജ് മാസത്തിലെ ആദ്യ പത്ത് ദിനങ്ങളുടെ മഹത്വം സാക്ഷിയാക്കി അല്ലാഹു ചില കാര്യങ്ങള്‍ തുടര്‍ന്ന് നമ്മോട് പറയുന്നുവെന്ന് ഖുര്‍ആന്‍ വ്യഖ്യാതാക്കള്‍. ഹദീസുകളിലും ആദ്യ പത്ത് ദിനങ്ങളെ കുറിച്ച് ധാരാളം പരാമര്‍ശങ്ങള്‍ കാണാം. ഈ ദിവസങ്ങളില്‍ ചെയ്യുന്ന സല്‍കര്‍മ്മങ്ങളെക്കാള്‍ അല്ലാഹുവിന് ഇഷ്ടപ്പെടുന്ന മറ്റൊരു കര്‍മ്മവുമില്ലന്ന് പ്രവാചകന്‍ പറഞ്ഞു. ദുല്‍ഹജ്ജ് മാസത്തിന്‍റെ ആദ്യ പത്ത് ദിനങ്ങളില്‍ ഒരു മുസ്ലിം നിര്‍വ്വഹിക്കേണ്ട പ്രധാന പത്ത് കര്‍മ്മ പരിപാടികളാണ് ചുവടെ:

Also read: വംശീയത ഒരു വൈറസാണ്

1. ദുല്‍ഹജ്ജ് മാസത്തിലെ പത്ത് ദിവസങ്ങളില്‍ ചെയ്യേണ്ട ഏറ്റവും സുപ്രധാന കര്‍മ്മം ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ ഹജ്ജ് തന്നെ. ദുല്‍ഹജ്ജ് എട്ടിന് ആരംഭിച്ച് അഞ്ചൊ ആറൊ ദിവസങ്ങളിലായി ഹജ്ജ് കര്‍മ്മത്തിന്‍റെ ഭാഗമായി അനുഷ്ടിക്കേണ്ട വിവിധയിനം കര്‍മ്മങ്ങള്‍. അതിന് അവസരം ലഭിക്കാത്തവര്‍ നിരന്തരമായി പ്രാര്‍ത്ഥിച്ച്കൊണ്ടിരിക്കുക. ഹജ്ജ് ചെയ്തവരാകട്ടെ, ഹജ്ജ് നല്‍കിയ അനുഭൂതികള്‍ അയവിറക്കുകയും അതിലെ പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക.

2. ഹജ്ജ് അടിസ്ഥാനമാക്കി മുസ്ലിംങ്ങളെ രണ്ടായി വിഭജിക്കാം. ഹജ്ജിന് പോകുന്നവരും പോകാത്തവരും. ഹജ്ജിന് പോവാന്‍ കഴിയാതെ വീട്ടില്‍ തന്നെ തങ്ങുന്ന ഭൂരിപക്ഷം പേര്‍ക്ക് ഈ ദിവസങ്ങളില്‍ ഹാജിമാരെ പോലെ പുണ്യങ്ങളാര്‍ജ്ജിക്കാന്‍ പല കാര്യങ്ങളും ചെയ്യാം. ദുല്‍ഹജ്ജ് ആദ്യ ഒമ്പത് ദിവസങ്ങളില്‍ നോമ്പനുഷ്ടിക്കുന്നത് ഉത്തമമാണ്. വിശിഷ്യാ അറഫാ ദിനത്തില്‍ നോമ്പനുഷ്ടിക്കുന്നത് കഴിഞ്ഞതും വരാനിരിക്കുന്നതുമായ പാപങ്ങളെ പൊറുക്കുമെന്ന് നബി (സ) അരുളിയിട്ടുണ്ട്.

3. ദികുറുകള്‍ അധികരിപ്പിക്കുക. നബി (സ) പറഞ്ഞു: ഈ പത്ത് ദിവസത്തേക്കാള്‍ നല്ല പ്രവൃത്തികള്‍ അല്ലാഹുവിന് പ്രിയപ്പെട്ടതോ കൂടുതല്‍ പ്രിയപ്പെട്ടതോ ആയ ദിവസങ്ങളില്ല, അതിനാല്‍ തഹ് ലീല്‍ (ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക), തക്ബീര്‍ (അല്ലാഹു അക്ബര്‍ എന്ന് പറയുക), തഹ്മീദ് (അല്‍ഹംദു ലില്ലാ എന്ന് പറയുക) വീടിലും പള്ളികളിലും വഴിയോരങ്ങളിലുമെല്ലാം ധാരാളമായി ഈ ദികുറുകള്‍ ചൊല്ലുക. അല്ലാഹുവിനോട് കൂടുതല്‍ അടുക്കുവാനും അങ്ങനെ ഹൃദയശാന്തി കൈവരിക്കാനും ദിക്റിലൂടെ സാധിക്കുന്നതാണ്.

4. തഹജ്ജുദ് പതിവാക്കുക. രാത്രിയുടെ അന്ത്യയാമങ്ങളില്‍ അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങിവരുകയും അടിമകളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുമെന്ന് പ്രബലമായ ഹദീസുകളില്‍ വന്നിട്ടുണ്ട്. എന്നോട് പ്രാര്‍ത്ഥിക്കുന്ന ആരെങ്കിലുമുണ്ടൊ? അങ്ങനെയുണ്ടെങ്കില്‍ ഞാന്‍ അവന്‍റെ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കുന്നതാണ്. എന്നോട് ചോദിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍, ഞാന്‍ അവന്‍റെ അപേക്ഷ പരിഗണിക്കുന്നതാണ്. എന്നോട് ആരെങ്കിലും മാപ്പിനിരക്കുകയാണെങ്കില്‍, ഞാന്‍ അവന് മാപ്പ് നല്‍കുന്നു.

5. ഖുര്‍ആനിലേക്ക് മടങ്ങുക. റമദാനില്‍ ഖുര്‍ആനുമായി ഹൃദയബന്ധം സ്ഥാപിച്ചവരാണല്ലോ നാം. അത് പോലെ വീണ്ടും ഒരിക്കല്‍ കൂടി പൊടിതട്ടി ഖുര്‍ആനുമായി ബന്ധപ്പെടുക. ഒരു ഹിജ്റ വര്‍ഷം കൂടി ജീവിതത്തോട് വിട പറയുകയാണ്. വരും വര്‍ഷത്തില്‍ ഖുര്‍ആന്‍ പഠനം തുടരുമെന്ന പ്രതിജ്ഞ എടുക്കുക. അതിന്‍റെ സന്ദേശം ഗ്രഹിക്കാന്‍ ശ്രമിക്കുക. അതിലുള്ള കല്‍പനകള്‍ നടപ്പിലാക്കുക. ഖുര്‍ആനുമായുള്ള ബന്ധം ഐഹിക ജീവിതത്തിലും മരണാനന്തരവും വിജയത്തിലേക്കും സന്തോഷത്തിലേക്കുള്ള വാതിലുകള്‍ തുറന്ന് തരും.

6. ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക. പലതരം ബന്ധങ്ങള്‍ കാത്ത് സൂക്ഷിക്കുന്നവരാണ് സമൂഹ്യ ജീവിയായ മനുഷ്യന്‍. ഇന്ന് എല്ലാ ബന്ധങ്ങളും ദുര്‍ബലമാവുകയൊ വിള്ളലുണ്ടാവുകയൊ ചെയ്തിരിക്കുന്നു. കുടുംബ ബന്ധങ്ങള്‍ വിശേഷിച്ചും. ഒന്നിച്ച് നിന്നാല്‍ ഭയങ്കരം ശക്തി. പൊട്ടിയ വൃണത്തിലേക്ക് ചലം കയറി വരാനും ദുര്‍ഗന്ധംവമിക്കാനും എളുപ്പം. കെട്ടിടത്തില്‍ വിള്ളലുണ്ടായാല്‍ പൊളിഞ്ഞ് വീഴാനും എളുപ്പം. കുടുംബം, സ്ഥാപനങ്ങള്‍, ചാരിറ്റി ട്രസ്റ്റുകള്‍, രാഷ്ട്രങ്ങള്‍ എല്ലാം തകരുന്നത് പ്രാഥമികമായി ബന്ധങ്ങള്‍ ശിഥിലമാവുമ്പോഴാണ്.

Also read: പൂച്ചകൾക്കും ഒട്ടകങ്ങൾക്കും വഖഫ്

7. നന്മകള്‍ വര്‍ധിപ്പിക്കുക ഹജ്ജ് ചെയ്യാന്‍ കഴിയാത്തവര്‍ മറ്റ് ധാരാളം സല്‍കര്‍മ്മങ്ങളനുഷ്ടിച്ച് നന്മയുടെ തൂക്കം വര്‍ധിപ്പിക്കട്ടെ. നമസ്കാരം, സദഖ, നോമ്പ് തുടങ്ങിയ ഉമ്മഹാതുല്‍ ഇബാദാത്
(ആരാധനകളിലെ മാതാക്കള്‍) എന്ന് വിശേഷിപ്പിക്കപ്പെട്ട കര്‍മ്മങ്ങള്‍ ചൈതനവത്തായ രൂപത്തില്‍ നിര്‍വ്വഹിക്കുക. ഖുര്‍ആന്‍ പറയുന്നു: അതിനാല്‍, അണുത്തൂക്കം നന്മ ചെയ്തവന്‍ അത് കാണും. അണുത്തൂക്കം തിന്മ ചെയ്തവന്‍ അതും കാണും. 99:7,8

8. ബലി അറുക്കുക. കഴിവുള്ളവര്‍ക്ക് ഉളുഹിയ്യത്ത് നിര്‍ബന്ധമാണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതനാണ് ഇമാം അബൂഹനീഫ. അത് പ്രബലമായ സുന്നത്താണെന്ന കാര്യത്തില്‍ പണ്ഡിതന്മാരെല്ലാം ഏകാഭിപ്രായക്കാരാണ്. ദുല്‍ഹജ്ജ് 10 ഈദ് നമസ്കാരം മുതല്‍ 13 പ്രദോശം വരെ ഇബ്റാഹീം നബിയുടെ ചര്യ പിന്‍പറ്റികൊണ്ട് ആട് മാട് ഒട്ടകത്തെ അറുക്കുന്നത് പ്രബലമായ സുന്നത്താണ്. മദീനയിലായിരിക്കെ നബി (സ) എല്ലാ വര്‍ഷവും മൃഗത്തെ ബലി അറുത്തിരുന്നതായി ഇബ്നു ഉമര്‍ (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാംസം മൂന്ന് ഓഹരിയാക്കി വിതരണം ചെയ്യുക. ബലി അറുത്ത ആള്‍ക്ക്, പാവപ്പെട്ടവര്‍ക്ക്, സമ്മാനമായും ഒരു ഓഹരി. ഖുര്‍ആന്‍ പറയുന്നു: ” …….ആ ബലിമാംസം നിങ്ങള്‍ തിന്നുക. പ്രയാസക്കാര്‍ക്കും പാവങ്ങള്‍ക്കും തിന്നാന്‍ കൊടുക്കുക. 22:28

9. ഈദ് നമസ്കാരത്തില്‍ പങ്കാളികളാവുക. പത്ത് ദിവസത്തെ തീവ്രമായ ഇബാദത്തുകള്‍ക്ക് ശേഷം അല്ലാഹു നമുക്ക് ആഘോഷിക്കാനുള്ള അവസരവും നല്‍കിയിരിക്കുന്നു എന്നത് എത്ര ഉദാത്തമായ കാര്യമാണ്. ഇസ്ലാമിക പരിധികള്‍ പാലിച്ച് കൊണ്ട് ഈ സുദിനം ആഘോഷിക്കുക. നബി (സ) യുടെ ഹജ്ജത്തുല്‍ വിദായില്‍ (വിടവാങ്ങല്‍ ഹജ്ജ്) നിര്‍വ്വഹിച്ച പ്രഭാഷണം കുടുംബവുമൊത്ത് പാരായണം ചെയ്യുകയും അതിലെ കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്യുക.

10. അല്ലാഹുവിന് നന്ദി രേഖപ്പെടുത്തുക. സര്‍വ്വോപരി നമ്മെ സന്മാര്‍ഗ്ഗത്തിലാക്കിയ അല്ലാഹുവിന് ഈ സുദിനങ്ങളില്‍ മുകളില്‍ വിവരിച്ച പ്രകാരം ധാരാളമായി നന്ദി രേഖപ്പെടുത്തുക. ഖുര്‍ആന്‍ പറയുന്നു: “………..നിങ്ങളെ നേര്‍വഴിയിലാക്കിയതിന്‍റെ പേരില്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ മഹത്വം കീര്‍ത്തിക്കാനും അവനോട് നന്ദിയുള്ളവരാകാനുമാണ്.” 2:185

Related Articles