Current Date

Search
Close this search box.
Search
Close this search box.

ഹജ്ജിലെ സാമൂഹികപാഠങ്ങൾ

ദുൽഖഅദ്, ദുൽഹജ്ജ്, മുഹർറം എന്നീ മാസങ്ങൾ യുദ്ധ നിരോധിത പവിത്ര മാസങ്ങളായി നിശ്ചയിച്ചത് ആഗോള മുസ്ലീങ്ങൾക്ക് സമാധാനപൂർവ്വം ഹജ്ജ് കർമ്മം നിർവഹിക്കാനും അതിനുള്ള യാത്രയും മടക്കയാത്രയും സുരക്ഷിത ചുറ്റുപാടിലാകാനും കൂടിയാണ്. എന്നാൽ ഈ ചട്ടം ഹജ്ജ് നിർവഹിക്കുന്നവർക്ക് മാത്രമോ, ഹജ്ജിന്റെ കേന്ദ്രമായ മക്കയിൽ മാത്രമോ അല്ല. മറിച്ച് ആഗോള മുസ്ലീങ്ങൾക്കാകെ ബാധകമാണ്.

പരിശുദ്ധ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങൾ പരസ്പരബന്ധിതവും പരസ്പര പൂരകവുമാണ്. ദീൻ എല്ലാവരുടേതുമാണ് ; അതിന്റെ സ്തംഭങ്ങളും എല്ലാവരുടേതുമാണ്. അനുഷ്ഠാന കർമ്മങ്ങൾ നിർവഹിക്കുമ്പോൾ അതിന്റെ പ്രയോജനങ്ങൾ അനുഷ്ഠിക്കുന്ന വ്യക്തിക്കു മാത്രമല്ല; മറിച്ച് ഏതോ രീതിയിൽ എല്ലാവർക്കും ലഭ്യമാണ്. ഇസ്ലാം അടിമുടി തികഞ്ഞ സാമൂഹ്യതയിൽ അധിഷ്ഠിതവുമാണ്. ഏകാന്തമായി നമസ്കരിക്കുമ്പോൾ പോലും ” ഞങ്ങൾനിനക്കു മാത്രം ഇബാദത്ത് ചെയ്യുന്നു; ഞങ്ങൾ നിന്നോട് മാത്രം സഹായം തേടുന്നു; ഞങ്ങളെനീ ചൊവ്വായ സരണിയിൽ വഴി നടത്തേണമേ….. ” എന്നാണല്ലോ? നമസ്കാരത്തിന്റെ ഒടുവിൽ “അസ്സലാമു അലൈനാ…..” ( അള്ളാഹുവിന്റെ രക്ഷയും ശാന്തിയും നമ്മുടെ മേലിലും ലോകത്തെങ്ങുമുള്ള സജ്ജനങ്ങളുടെ മേലും ഉണ്ടാകുമാറാകട്ടെ ) എന്നും പ്രാർത്ഥിക്കുന്നു. ഹജ്ജിലും വിശാലമായ സാമൂഹിക ബോധം നിറഞ്ഞുനിൽക്കുന്നുണ്ട്. ഈ സാമൂഹിക ബോധം വിശാലമായ മാനവിക ബോധത്തിൽ നിന്ന് ഉടലെടുക്കുന്നതാണ്. വിശുദ്ധവും വിശാലവുമായ മാനവികബോധം സത്യ ശുദ്ധവും സമഗ്ര സമ്പൂർണവുമായ ഏകദൈവ വിശ്വാസത്തിൽ നിന്നുമുടലെടുക്കുന്നു.

സൃഷ്ടാവും നിയന്താവുമായ അല്ലാഹു ജനങ്ങളുടെ റബ്ബാണ്( റബ്ബുന്നാസ 114); സർവ്വലോക പരിപാലകനും (1:2 റബ്ബുൽ ആലമീൻ ) പരമകാരുണികനുമാണ് (1:3 അർറഹ്മാൻ ). അന്ത്യപ്രവാചകൻ മുഹമ്മദ് (സ) സകല മനുഷ്യർക്കും ഒന്നാകെ സുവിശേഷമറീക്കുന്നവനും താക്കീത് നൽകുന്നവനുമാണ്. ( കാഫ്ഫത്തൻ ലിന്നാസി….34:28) സർവ്വലോകങ്ങൾക്കും അനുഗ്രഹമാണ് ( റഹ്മത്തുൻ ലിൽ ആലമീൻ 21:107). പ്രവാചകനിലൂടെ അവതീർണ്ണമായ വിശുദ്ധ ഖുർആൻ മാനവതക്കകെ മാർഗദർശനമാണ് (ഹുദൻലിന്നാസ് ) ഖുർആനിലൂടെ അല്ലാഹു നിരത്തുന്ന ചിന്തോദീപമായ ഉപമകൾ സകലമനുഷ്യർക്കും വേണ്ടിയാണ്(24:35)ഇതേ പ്രകാരം ഹജ്ജിന്റെ നിർബന്ധ ബാധ്യതയെ പറ്റി പറയുമ്പോൾ :

“…… കഅ്ബാലയത്തിലേക്ക് എത്തിച്ചേരാൻ കഴിവുള്ളവർ അവിടം ചെന്ന് ഹജ്ജ് നിർവഹിക്കുകയെന്നത് മനുഷ്യർക്ക് അല്ലാഹുവിനോടുള്ള ബാധ്യതയാകുന്നു…….”(3:97). കഅ്ബാലയത്തിന്റെ പുനരുദ്ധാരകനും ഹജ്ജിന്റെ ഉദ്ഘാടകനും മക്കയെന്ന മാതൃക പട്ടണത്തിന്റെ (model city) രാഷ്ട്രപിതാവുമായ ഇബ്രാഹിം നബി(അ)യെ ജനങ്ങൾക്കാകെ മാതൃകാപുരുഷനും നേതാവുമായിട്ടാണ് ( ഇമാമൻ ലിന്നാസ് 2:124) ഖുർആൻ പരിചയപ്പെടുത്തുന്നത്. ഹജ്ജിന്റെ കേന്ദ്രമായ മക്കയിലെ കഅബാലയാത്തെ ” നിസ്സംശയം മനുഷ്യർക്കായി നിർമിക്കപ്പെട്ട പ്രഥമ ദേവാലയം “(3:96).കഅ്ബയെ നാം ജനങ്ങൾക്കുവേണ്ടി ഒരു കേന്ദ്രവും അഭയസ്ഥാനവുമായി നിശ്ചയിച്ചത് ഓർക്കുക (2:125).പരിശുദ്ധ ഗേഹമായ കഅ്ബയെ അല്ലാഹു ജനങ്ങൾക്ക് ( സാമൂഹ്യജീവിതത്തിൽ ) നിലനിൽപ്പിനുള്ള ആധാരമാക്കി നിശ്ചയിച്ചിരിക്കുന്നു(5:97). കഅ്ബാലയാതെ പറ്റിയുള്ള ഈ മൂന്ന് ആയത്തുകളിൽ ജനങ്ങൾക്കുവേണ്ടി (ലിന്നാസി) എന്ന പ്രയോഗം നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കഅ്ബാലായത്തെ ഖിബ് ലയാക്കി നിർണയിച്ചത് പോലെ മുസ്ലീങ്ങളെ ഒരു മിത സമുദായം (ഉമ്മതൻ വാസത്വൻ )ആക്കിയിരിക്കുന്നു, നിങ്ങൾ ലോക ജനങ്ങൾക്ക് സാക്ഷികളാക്കുന്നതിന്ന് വേണ്ടി ; റസൂൽ നിങ്ങൾക്ക് സാക്ഷിയാകാൻ വേണ്ടിയും (2:143).ഈ ആദർശ സമുദായം ജനങ്ങൾക്കുവേണ്ടി ഉയർത്തെഴുന്നേൽപിക്കപെട്ട ഉത്തമ സമുദായമാണെന്ന് 3:110 ൽ പറഞ്ഞത് കൂടി ചേർത്ത് വായിക്കുന്നത് നന്നായിരിക്കും.

ചുരുക്കത്തിൽ അല്ലാഹു, റസൂൽ, ഖുർആൻ ഇവയുടെ അടിസ്ഥാനത്തിൽ രൂപം പ്രാപിക്കുന്ന ആദർശ സമുദായം
(മുസ്ലിംകൾ) ഇവയെല്ലാം വിശാല വിഭാവന യോടെ പരിചയപ്പെടുത്തപെട്ട പോലെ ഹജ്ജും അതിന്റെ, പ്രമുഖ കേന്ദ്രമായ കഅ്ബയും അത് നിലകൊള്ളുന്ന മക്കയും, ഹജ്ജിന്റെ തുടക്കക്കാരനായ ഇബ്രാഹിം നബിയും ഒക്കെ വിശാലമായ മാനവികവിഭാവനയോടെയാണ് ഖുർആൻ പരിചയപ്പെടുത്തുന്നത്.

ഹജ്ജ് കർമ്മം ദേശീയ – വംശീയ – വർഗീയ – ഭാഷാ – വർണ്ണ വിഭാഗീയതകൾക്കതീതമായി ഒരൊറ്റ ഇലാഹ്, ഒരൊറ്റ ജനത എന്ന ഉൽകൃഷ്ട നിലവാരത്തിലേക്ക് നമ്മെ ഉയർത്തുന്നു. വിശുദ്ധവും വിശാലവുമായ സാമൂഹ്യ ബോധം പുലർത്തുന്ന വിശ്വ പൗരന്മാരായിത്തീരാനാണ് ഹജ്ജ് സത്യവിശ്വാസികളെ പരിശീലിപ്പിക്കുന്നത്. തൗഹീദിന്റെ ഉദാത്തവും ഉൾകരുത്താർന്നതുമായ ഉദ്ഗ്രഥനശേഷി ഉദ്ഗാനം ചെയ്യുന്ന ഹജ്ജിലെ ബഹുമുഖ നന്മകൾ വിവരണാതീതമാണ്. ശരിക്കും അനുഭവിച്ചറിയുക തന്നെ വേണം, ആകയാലാണ് അവർക്കുള്ള പ്രയോജനങ്ങൾ അനുഭവിച്ചറിയാൻ (ലിയശഹദൂ മനഫിഅ ലഹും 22:28)എന്ന് പറഞ്ഞത്. ഹജ്ജിന്റെ നന്മകൾ അത് അനുഷ്ഠിച്ച ജനലക്ഷങ്ങളിലൂടെ മുസ്ലിം ലോകത്തിന്റെ മുക്കുമൂലകളിലെ സകല വിശ്വാസികളിലേക്കും പ്രസരിക്കേണ്ടതുണ്ട്.

ഹജ്ജ് അകാരണമായി നീട്ടി വെക്കരുത്. കഴിഞ്ഞവർഷവും ഈ വർഷവും എത്രതന്നെ ആഗ്രഹിച്ചാലും ഉത്സാഹിച്ചാലും പോകാൻ പറ്റാത്ത ചുറ്റുപാട് വന്നുചേർന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. നിർബന്ധമായ ഹജ്ജ് നിർവഹിക്കാൻ അങ്ങേയറ്റത്തെ സമ്പത്തും സുഭിക്ഷതയും ധാരാളത്തിലേറെ ഉണ്ടാവണമെന്നില്ല. യാത്രക്കാവശ്യമായ കാശ് സ്വന്തമായുണ്ടാവുക, പോയി വരുന്നതുവരെ താൻ സംരക്ഷിക്കേണ്ടവർക്ക് ആവശ്യമായ ജീവിത വിഭവങ്ങൾ ഉണ്ടായിരിക്കുക…. ഇതാണ് ഹജ്ജിനു വേണ്ട സാമ്പത്തിക ഉപാധി. ഇന്നത്തെ സ്ഥിതിക്ക് വീട് വെക്കാൻ ഭൂമി വാങ്ങുമ്പോൾ 2 സെന്റ് കുറച്ചാൽ,അല്ലെങ്കിൽ നിർമ്മിക്കുന്ന വീടിന്റെ ഒരു മുറി തൽക്കാലം വേണ്ടെന്ന് വെച്ചാൽ, അലങ്കാരവും ആഡംബരവും ചുരുക്കിയാൽ, സ്വർണ്ണാഭരണം ഉള്ളവർക്ക് എട്ടോ പത്തോ പവൻ ഒഴിവാക്കിയാൽ….. ഇങ്ങനെ പലനിലക്കും സാധിക്കാവുന്നതാണ് ഹജ്ജ്.ആരോഗ്യമുണ്ടങ്കിലെ ആസ്വദിച്ചുകൊണ്ട് ഹജ്ജ് അനുഷ്ഠിക്കാനാവുകയുള്ളൂ. നമ്മുടെ ആരോഗ്യവും ആയുസ്സും ഏതവസരത്തിലും നഷ്ടപ്പെട്ടേക്കാം, മരണം എപ്പോഴും സംഭവിച്ചേക്കാം. ഹജ്ജിന് സൗകര്യമുണ്ടായിട്ടും അത് നീട്ടി വെച്ച് അവസാനം അനുഷ്ഠിക്കാതെ മരിക്കുന്നവൻ ജൂതനോ, ക്രൈസ്തവനോ ആയി മരിച്ചു കൊള്ളട്ടെ എന്ന് പ്രവാചകൻ(സ)പറഞ്ഞത് ഹജ്ജിന്റെ അതീവ പ്രാധാന്യത്തെ കുറിക്കുന്നു. മനപ്പൂർവ്വം ഹജ്ജ് ചെയ്യാത്തവരുടെമേൽ കപ്പം (ജിസ് യ) ചുമത്താൻ വരെ രണ്ടാം ഖലീഫ ഉമർ(റ) ചിന്തിക്കുകയുണ്ടായി. 3:97ൽ ഹജ്ജ് നിർബന്ധമാണെന്ന് കൽപ്പിച്ചതിന്ന് ശേഷം, അതിന് ഉപേക്ഷവരുത്തുന്നവരെ പറ്റി ഖുർആൻ പ്രയോഗിച്ചത്
“വമൻ കഫറ” ( വല്ലവനും കാഫിറാകുന്ന പക്ഷം) എന്നാണ്. ഒരാൾ ഹജ്ജ് ചെയ്യാതിരുന്നാൽ, നീട്ടി നീട്ടിക്കൊണ്ടു പോയാൽ അതിന്റെ നഷ്ടവും ദോഷവും അയാൾക്ക് മാത്രമല്ല, താൻ ഉൾക്കൊള്ളുന്ന സമൂഹത്തിന് കൂടിയാണ്. ഒരു സത്യവിശ്വാസിയുടെ ആത്മീയ വളർച്ച സമൂഹത്തിനാകെ നന്മയാണ് ഉണ്ടാക്കുക.

ഹജ്ജ് അനുഷ്ഠാനം ചിലരെങ്കിലും നീട്ടി വെക്കുന്നത് പ്രസ്തുത കർമ്മം പാപനാശിനിയാണെന്ന് മാത്രം തെറ്റിദ്ധരിച്ചിട്ടാണ്. ഹജ്ജ് അതിന്റെ തികവോടെ മികവോടെ അനുഷ്ഠിച്ചാൽ അല്ലാഹു ഉദ്ദേശിച്ചെങ്കിൽ തെറ്റുകുറ്റങ്ങൾ വിശാലമായി പൊറുത്തുകൊടുക്കുമെന്നത് തീർച്ചയാണ്. നവജാതശിശുവിന്റെ വിശുദ്ധി കൈവരിക്കാനാവുമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. പക്ഷേ ദോഷങ്ങൾ പൊറുത്തുകിട്ടാനല്ല ഹജ്ജ്. തെറ്റുകുറ്റങ്ങളും ദോഷങ്ങളും സംഭവിച്ചാൽ വിളംബം വിനാ പശ്ചാത്തപിച്ച്, പ്രായശ്ചിത്തവും പരിഹാരകർമ്മങ്ങളും നിർവഹിക്കുകയാണ് വേണ്ടത്. അങ്ങനെ പൊറുക്കപ്പെടുകയും ചെയ്യും. അത് ഹജ്ജ് വരെ നീട്ടി വെക്കേണ്ടതില്ല. ഹജ്ജ് നിർവഹിച്ചവർകേ കുറ്റങ്ങൾ പൊറുത്ത് മാപ്പാക്കപെടുകയുള്ളൂവെന്ന് വന്നാൽ ഹജ്ജിന് വകയില്ലാത്ത പാവങ്ങൾക്ക് തങ്ങളുടെ തെറ്റുകുറ്റങ്ങൾ പൊറുക്കാൻ വഴിയില്ലെന്ന ദുർധാരണ വന്നുചേരും. ഹജ്ജ് യഥാർത്ഥത്തിൽ യജമാനനായ അല്ലാഹുവിനോടുള്ള ബാധ്യതാ നിർവഹണമാണ്. എന്നാൽ തെറ്റുകുറ്റങ്ങൾ പൊറുത്ത് കിട്ടണം എന്ന ധാരണ മാത്രം പുലർത്തുന്നവരാണ് റിട്ടയർമെന്റിനുശേഷം വാർദ്ധക്യത്തിന്റെ അവശാവസ്ഥയിലേക്ക് നീട്ടി വെക്കുന്നത്. മതിയായ ആരോഗ്യത്തിന്റെ അഭാവത്തിൽ ഹജ്ജ് അതിന്റെ ചൈതന്യത്തോടെ ആവേശപൂർവ്വം നന്നായി ആസ്വദിച്ചു നിർവഹിക്കാനാവാതെ വരും.ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തിയാൽ സമൂഹത്തിലേക്ക് ഇറങ്ങി ഹജ്ജിലൂടെ ആർജ്ജിച്ച പ്രചോദനങ്ങൾ പ്രസരിപ്പിക്കാൻ സാധിക്കാതെ അവശാ അവസ്ഥയിൽ ഒതുങ്ങി കഴിയുന്നു. യുവപ്രായത്തിൽ തന്നെ ഹജ്ജ് നിർവഹിച്ചാൽ അതിന്റെ നന്മകൾ ശിഷ്ടകാലം വ്യക്തിക്കും സമൂഹത്തിനും സിദ്ധിക്കും. സംഘടിതമായും കൂട്ടായും അനുഷ്ഠിക്കുന്ന കർമ്മങ്ങളുടെ ഫലം സമൂഹത്തിന് കിട്ടുക തന്നെ വേണം.

Related Articles