Current Date

Search
Close this search box.
Search
Close this search box.

കൊറോണ: വീട്ടിൽ ഇഅ്തികാഫ് ഇരിക്കൽ

കൊറോണ വൈറസ് അതിഭീകരമായി പടർന്നുപിടിക്കുകയും പള്ളികൾ പലതും അടച്ചുപൂട്ടപ്പെടുകയും ചെയ്യപ്പെട്ട സാഹചര്യത്തിൽ നമസ്‌കാരങ്ങൾക്കെന്ന പോലെ റമദാനിലെ അതിവിശ്ഷ്ട കർമമായ ഇഅ്തികാഫിനും തടസ്സം വന്നിരിക്കുകയാണ് പലയിടങ്ങളിലും. വീട്ടിൽ വെച്ച് തന്നെ നമസ്‌കരിക്കുകയും അതേസമയം ഇഅ്തികാഫ് ഇരിക്കാൻ പറ്റാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വീട്ടിൽ നമസ്‌കാരത്തിനായി പ്രത്യേകം തയ്യാറാക്കപ്പെട്ട മുറിയിൽ ഇഅ്തികാഫ് സാധുവാകുമോ എന്നതു സംബന്ധമായ ചോദ്യങ്ങൾക്കുള്ള വിശദീകരണമാണിത്.

എന്താണ് ഇഅ്തികാഫ്
പതിവിൽ ചെയ്തുവരുന്ന ഒരു കാര്യം നിർത്തിവെക്കുകയെന്നതാണ് ഇഅ്തികാഫ് എന്നതിന്റെ ഭാഷാർഥം. കർമശാസ്ത്രപരമായി, ആരാധനയെന്ന ഉദ്ദേശ്യത്തോടെ പള്ളിയിൽ അൽപനേരം താമസിക്കലാണത്. ഒരു വ്യക്തി നിയ്യത്തോടുകൂടെ പള്ളിയിൽ താമസിക്കലാണ് ഇഅ്തികാഫ് എന്നാണ് ബുജൈരിമി ശറഹുൽ മിൻഹാജിന്റെ ഹാശിയയിൽ രേഖപ്പെടുത്തിയത്(വാള്യം 2, പേ 91). വിശുദ്ധ ഖുർആനിൽ തന്നെ ഇതിനുള്ള തെളിവുകൾ കാണാം. ‘നിങ്ങൾ പള്ളിയിൽ ഭജനമിരിക്കെ ഭാര്യമാരുമായി സന്ധിക്കരുത്’, ‘ഭജനമിരിക്കുന്നവർക്കും ത്വവാഫ് ചെയ്യുന്നവർക്കും വേണ്ടി എന്റെ ഗേഹം വൃത്തിയാക്കാൻ ഇബ്‌റാഹീമി(അ)നോടും ഇസ്മാഈലി(അ)നോടും നാം ഉടമ്പടി ചെയ്തു’ എന്നീ ഖുർആനിക സൂക്തങ്ങൾ ഇതിന് തെളിവാണ്.

ഇബ്‌നു ഖുദാമ മുഗ്‌നിയിൽ പറഞ്ഞപ്രകാരം ഭാഷാപരമായി ഇഅ്തികാഫ് എന്നാൽ ഒരുകാര്യം പതിവാക്കുക, ശരീരത്തെ അതിന്റെ മേൽ തളച്ചിടുക(നന്മയോ തിന്മയോ) എന്നാണ്(വാള്യം 1, പേ 186). സാങ്കേതികമായി, പ്രത്യേകരീതിയിൽ പള്ളിയിൽ താമസിക്കലാണത്. പ്രതിഫലം കിട്ടുന്ന ആരാധനയാണത്. ഇഅ്തികാഫിന് ഇങ്ങനെ പേരുവരാൻ കാരണമെന്നു പറഞ്ഞ് അദ്ദേഹം ഇബ്‌നു മാജ(റ) തന്റെ സുനനിൽ റിപ്പോർട്ട് ചെയ്ത ഒരു ഹദീസ് ഉദ്ധരിക്കുന്നുണ്ട്. ഇമാം സ്വാവി തന്റെ ശറഹു സ്വഗീറിന്റെ ഹാശിയയിൽ പറയുന്നത് ഒരുകാര്യം പതിവായി ചെയ്യുകയെന്ന അർഥമാണ്. അതിന്റെ ഭാഷാർഥവും അദ്ദേഹം മനോഹരമായി വിശദീകരിക്കുന്നുണ്ട്(വാള്യം 1, പേ 725).

ഇഅ്തികാഫിനു പിന്നിലെ യുക്തി
നോമ്പിന് പ്രത്യേകിച്ച് ഇഅ്തികാഫിരിക്കാൻ പണ്ഡിതർ നിർദേശിച്ചതിന്റെ കാരണം വിശദീകരിച്ച് ഇമാം സ്വാവി പറയുന്നു: ‘നോമ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ച ശേഷം- അതിന്റെ ലക്ഷ്യം തന്നെ ബുദ്ധിയെ സംസ്‌കരിച്ചെടുക്കലും അതേസമയം മലക്കുകളുടേതിന് സമാനമായി നിരന്തര ആരാധനകളിൽ ഏർപ്പെടലുമാണ്- ആരാധനാനിരതമാവുക, ദേഹേച്ഛകളെത്തൊട്ട് ശരീരത്തെ സംരക്ഷിക്കുക, അനാവശ്യകാരങ്ങളെത്തൊട്ട് നാവിനെ സൂക്ഷിക്കുകയെന്ന വിഷയത്തിൽ മലക്കുകളോട് സാദൃശ്യമുള്ള കർമമായ ഇഅ്തികാഫിനെ വിശദീകരിക്കുകയാണ് പണ്ഡിതർ ചെയ്തത്’. അതിൽ അടിമ സ്വശരീത്തെ സമ്പൂർണമായി അല്ലാഹുവിന് സമർപ്പിക്കലുണ്ട്, ഭൗതിക കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കലുണ്ട്, നിസ്‌കാരം പോലോത്ത ആരാധനകളുമായി നിരതമാവലുണ്ട്. കാരണം, ഇഅ്തികാഫ് കൊണ്ടുള്ള അടിസ്ഥാനലക്ഷ്യം ജമാഅത്ത് നിസ്‌കാരത്തിന് വേണ്ടിയുള്ള കാത്തിരിപ്പും രാപകൽ ഭേദമന്യേ അല്ലാഹുവിന് ആരാധനകളിലായി കഴിയുന്ന മലക്കുകളുമായി അവനെ സാദൃശ്യപ്പെടുത്തലുമാണ്.

ഇഅ്തികാഫിന്റെ വിധി
റമദാൻ മാസത്തിലും അല്ലാത്തപ്പോഴുമുള്ള ഇഅ്തികാഫിന്റെ വിധി സുന്നത്താണ്. നേർച്ചയാക്കിയോ മറ്റോ നിർബന്ധമാവാത്ത കാലത്തോളം അതു സുന്നത്താണ്. ഇബ്‌നു ഖുദാമ മുഗ്‌നിയിൽ പറയുന്നു:’ഇബ്‌നുൽ മുൻദിർ പറഞ്ഞു: ഇഅ്തികാഫ് സുന്നത്താണെന്ന വിഷയത്തിൽ പണ്ഡിതന്മാർ ഏകസ്വരക്കാരാണ്. നേർച്ചയാക്കിയാൽ മാത്രമാണ് അത് നിർബന്ധമാവുക. നബി തങ്ങൾ ഇഅ്തികാഫിരുന്നതും പതിവാക്കിയതും ഭാര്യമാർ തങ്ങളോടൊപ്പം ഇഅ്തികാഫിരുന്നതുമൊക്കെ സുന്നത്താണെന്ന് അറിയിക്കുന്നു. സ്വഹാബികൾ ഇഅ്തികാഫ് ഇരുന്നതുമില്ല, നബി തങ്ങൾ അവരോട് നിർബന്ധപൂർവം ആജ്ഞാപിച്ചിട്ടുമില്ല എന്നത് ഇഅ്തികാഫ് നിർബന്ധമല്ല എന്നും അറിയിക്കുന്നു’.

റമദാനിലെ ഇഅ്തികാഫിനെക്കുറിച്ചാണ് ‘ആരെങ്കിലും ഇഅ്തികാഫ് ആഗ്രഹിക്കുന്നുവെങ്കിൽ അവസാനത്തെ പത്തിൽ അവൻ ഇരിക്കട്ടെ’ എന്ന് നബി തങ്ങൾ പറഞ്ഞത്. ഇതിലൂടെ ഇഅ്തികാഫ് നിർബന്ധമല്ലെന്ന് മനസ്സിലായി. ഒരവസരം ഒരു സ്വഹാബി ഞാൻ മസ്ജിദുൽ ഹറാമിൽ ഒരു രാത്രി ഇഅ്തികാഫിരിക്കാൻ നേർച്ചയാക്കിയെന്ന് റസൂലിനോടു പറഞ്ഞപ്പോൾ ‘നിന്റെ നേർച്ച പൂർത്തിയാക്കി വീട്ടണ’മെന്ന് നബി തങ്ങൾ പറഞ്ഞ ബുഖാരി(റ)യും മുസ്‌ലി(റ)മും നിവേദനം ചെയ്യുന്നുണ്ട്.

ഇഅ്തികാഫിന്റെ നിബന്ധനകൾ
ഭൂരിപക്ഷം പണ്ഡിതരുടെയും വീക്ഷണപ്രകാരം ഇഅ്തികാഫിന് നാല് ഘടകങ്ങളാണുള്ളത്. ഇഅ്തികാഫ് ഇരിക്കുന്ന വ്യക്തി, നിയ്യത്ത്, ഇരിക്കുന്ന സ്ഥലം, പള്ളിയിൽ അൽപനേരം താമസിക്കൽ എന്നിങ്ങനെ നാലെണ്ണം. പള്ളിയിൽ താമസിക്കുന്ന മാത്രമാണ് ഇഅ്തികാഫിൽ നിർബന്ധമായതെന്നും ബാക്കിയുള്ളവയൊക്കെ അതിന്റെ നിബന്ധനകളാണെ(ശർത്വ്) ന്നുമാണ് ഹനഫീപക്ഷം. ഇഅ്തികാഫ് ഇരിക്കുന്നവൻ നോമ്പുകാരൻ കൂടിയാവണമെന്ന് മാലികികൾ നിബന്ധന പറയുന്നു. സ്ത്രീ, പുരുഷൻ, കുട്ടികൾ എല്ലാവരിൽ നിന്നും ഇഅ്തികാഫ് സാധുവാകുമെന്ന് പണ്ഡിതരുടെ ഏകാഭിപ്രായമുണ്ട്. മുസ്‌ലിമാവുക, ബുദ്ധി, വകതിരിവ് ഉണ്ടാവുക, ആർത്തവം പ്രസവരക്തം എന്നിവയിൽ നിന്ന് ശുദ്ധിയാവുക, വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവുക എന്നിവയൊക്കെയാണ് നിബന്ധനകൾ.

സ്ത്രീകളുടെ ഇഅ്തികാഫ്
സ്ത്രീകളിൽ നിന്ന് ഇഅ്തികാഫ് സാധുവാകുമെന്ന് പണ്ഡിതരുടെ ഏകാഭിപ്രായമുണ്ടെങ്കിലും എവിടെയാണ് അവരുടെ ഇഅ്തികാഫിന്റെ സ്ഥലം എന്ന വിഷയത്തിൽ പണ്ഡിതർക്കിടയിൽ ഭിന്നസ്വരങ്ങളുണ്ട്. ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത് പള്ളി തന്നെയാവണമെന്നാണ്. വീട്ടിലെ പള്ളിയിൽ ഇഅ്തികാഫിരിക്കാൻ നേർച്ചയാക്കിയ സ്ത്രീയെക്കുറിച്ച് ഇബ്‌നു അബ്ബാസി(റ)നോട് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞ മറുപടിയാണ് ഇതിന്റെ തെളിവ്. അദ്ദേഹം പറയുന്നു:’ബിദ്അത്താണത്. അല്ലാഹുവിന് ഏറ്റവും ഇഷ്ടമല്ലാത്ത കാര്യങ്ങളാണ് ബിദ്അത്ത്. നമസ്‌കാരം നടക്കുന്ന പള്ളിയിലല്ലാതെ ഇഅ്തികാഫും പറ്റില്ല. വീട്ടിലെ പള്ളി യഥാർഥത്തിലോ അല്ലാതെയോ പള്ളിയല്ല, ഏതു നിമിഷവും മാറ്റാൻ പറ്റുന്നതാണത്. അതിൽ വലിയ അശുദ്ധിക്കാരന് ഉറങ്ങാവുന്നതുമാണ്. അത് അനുവദനീയമാണെങ്കിൽ നബി തങ്ങളുടെ പത്‌നിമാർ ഒരുവട്ടമെങ്കിലും ചെയ്യുമായിരുന്നു’.

ഹനഫി മദ്ഹബ്, ശാഫിഈ മദ്ഹബിലെ പഴയ അഭിപ്രായം(ഖദീം) എന്നിവപ്രകാരം സ്ത്രീ നിസ്‌കരിക്കുന്ന സ്ഥലമായതു കൊണ്ടുതന്നെ വീട്ടിലെ പള്ളിയിൽ തന്നെ ഇഅ്തികാഫ് ഇരിക്കാവുന്നതാണ്. ഇവരുടെ വീക്ഷണപ്രകാരം ജുമുഅ മസ്ജിദിൽ ഇഅ്തികാഫ് കറാഹത്താണ്. വീട്ടിലെ പള്ളിയാണ് സ്ത്രീകൾക്ക് ഗ്രാമത്തിലെ പള്ളിയെക്കാളും ഗ്രാമത്തിലെ പള്ളിയാണ് നഗരത്തിലെ പള്ളിയെക്കാളും അവർക്ക് അഭികാമ്യം. വീട്ടിലെ നമസ്‌കാരസ്ഥലത്തു മാത്രമേ അവർക്ക് ഇഅ്തികാഫ് ഇരിക്കാവൂ.

പുരുഷന്റെ ഇഅ്തികാഫ്
പുരുഷന്റെ ഇഅ്തികാഫ് പള്ളിയിൽ വെച്ചു മാത്രമേ സാധുവാകൂ എന്നാണ് ഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായം. അതും പ്രധാന ജുമുഅ മസ്ജിദിലാവലാണ് ഉത്തമം. ബഖറ 187ാം വചനത്തിലെ ‘നിങ്ങൾ പള്ളിയിൽ ഇഅ്തികാഫ് ഇരിക്കെ ഭാര്യമാരുമായി സന്ധിക്കരുതെന്ന’ വചനമാണ് അതിനുള്ള അവരുടെ തെളിവ്. ഈ വിഷയത്തിൽ പണ്ഡിതർക്കിടയിൽ ഭിന്നതയില്ലെന്ന് ഇബ്‌നു ഖുദാമ മുഗ്‌നിയിൽ രേഖപ്പെടുത്തുന്നുണ്ട്. പക്ഷെ, ചില പൂർവകാല – ആധുനിക പണ്ഡിതരുടെ എതിരഭിപ്രായങ്ങൾ ഇവ്വിഷയകരമായി കാണാവുന്നതാണ്, ഭൂരിപക്ഷം പള്ളി നിർബന്ധമാണെന്ന അഭിപ്രായക്കാരാണെങ്കിലും. ഇബ്‌നു ഹജറി(റ)ന്റെ ഫത്ഹുൽ ബാരി(വാള്യം 4, പേ 272), ശൗകാനി(റ)യുടെ നൈലുൽ ഔത്വാർ(വാള്യം 4, പേ 317), ഹുസൈൻ ബിൻ മുഹമ്മദുല്ലാഇ(മഗ്‌രിബി) യുടെ അൽ ബദ്‌റുത്തമാം ശറഹു ബുലൂഗിൽ മറാം(വാള്യം 5, പേ148) എന്നീ ഗ്രന്ഥങ്ങളിലും സമാനമായ അഭിപ്രായങ്ങൾ കാണാം. മുഹമ്മദ് ബിൻ ഉമർ ബിൻ ലുബാബ അൽ മാലികിയല്ലാത്ത എല്ലാ പണ്ഡിതരും ഇഅ്തികാഫിന് പള്ളിതന്നെ വേണമെന്ന് അഭിപ്രായപ്പെട്ടവരാണ്. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം എല്ലായിടത്തും ഇഅ്തികാഫ് ആകാവുന്നതാണ്. ശാഫിഈ ഇമാമിന്റെ പഴയ(ഖദീം)അഭിപ്രായപ്രകാരവും അത് അനുവദനീയമാണ്. ശാഫിഈ ഇമാമിന്റെ ചില അനുചരരുടെ (അസ്വ്ഹാബ്) അഭിപ്രായപ്രകാരവും മാലികികളുടെ വീക്ഷണപ്രകാരവും വീട്ടിൽ പുരുഷർക്കും സ്ത്രീകൾക്കും ഇഅ്തികാഫ് ആകാവുന്നതാണ്. സുന്നത്തു കർമങ്ങൾക്ക് വീട്ടിലാണുത്തമമെന്ന യുക്തിപ്രകാരമാണത്. നിസ്‌കാരം നടക്കുന്ന പള്ളികളിൽ മാത്രമേ ഇത് സാധുവാകൂ എന്നാണ് അബൂ ഹനീഫ(റ), അഹ്‌മദ്(റ) എന്നിവർ പറഞ്ഞത്. വാജിബായ ഇഅ്തികാഫ് മാത്രം നിസ്‌കാരം നടക്കുന്ന പള്ളിയിലായാൽ മതിയെന്നും അല്ലാത്തവ എല്ലാ പള്ളികളിലും പറ്റുമെന്നുമാണ് അബൂ യൂസുഫ് പറഞ്ഞത്. ഭൂരിപക്ഷം പറഞ്ഞതും എല്ലാ പള്ളികളിലും പറ്റുമെന്നു തന്നെയാണ്.

വീട്ടിൽ ഇഅ്തികാഫ് അനുവദനീയമാകുന്ന സാഹചര്യം
കൊറോണ കാരണം ഹോം ക്വാറന്റൈനുകളും ലോക്ഡൗണും വ്യാപകമായ സ്ഥിതിക്ക് ചില ഉപാധികളോടെ വീട്ടിലെ പള്ളിയിൽ ഇഅ്തികാഫ് ആവാമെന്ന് ചില മാലികി പണ്ഡിതർ അഭിപ്രായപ്പെട്ടിട്ടുണ്ട്. 1- വീട്ടിൽ നിസ്‌കാരത്തിന് പ്രത്യേകം തയ്യാർ ചെയ്യപ്പെട്ട പള്ളിയിൽ തന്നെയാവുക, വീട്ടിലെ എല്ലായിടത്തും ആവരുത്. 2- ആവശ്യത്തിനു മാത്രം പുറത്തുപോവുകയും മറ്റെല്ലാ സമയവും ആ പ്രത്യേക മുറിയിൽ തന്നെ കഴിയുകയും ചെയ്യുക. അൽപനേരം മാത്രം അവിടെ കഴിഞ്ഞ് തുടർന്ന് സാധാരണ ജീവിതം നയിച്ചാൽ അത് ഇഅ്തികാഫായി ഗണിക്കപ്പെടില്ല. 3- ഇഅ്തികാഫിലിരിക്കുമ്പോൾ ചെയ്യുന്ന ആരാധനാ കർമങ്ങളായ നിസ്‌കാരം, ഖിറാഅത്ത്, ദിക്‌റുകൾ എന്നിവ അവിടെയും ചെയ്യുക. എങ്കിൽ മാത്രമേ ഇഅ്തികാഫ് കൊണ്ടുള്ള താത്പര്യം പൂർണമായി വീടൂ. 4- ജനങ്ങൾ അനുഭവിക്കുന്ന പ്രത്യേക സാഹചര്യം പരിഗണിച്ചുള്ള ഇളവു മാത്രമാണിത്. ഈ പ്രതികൂല സാഹചര്യം നീങ്ങിയാൽ ഈ ഇളവും ഇല്ലാതാവുന്നതാണ്. അതോടെ വീട്ടിലെ ഇഅ്തികാഫ് സ്ത്രീകൾക്ക് മാത്രവും പുരുഷന്മാർക്ക് പള്ളി നിർബന്ധവും എന്ന വിധിവരും. 5- ഈയൊരു പ്രത്യേക സാഹചര്യത്തിൽ ഈ ഉപാധികളോടെ വീട്ടിൽ ഇഅ്തികാഫ് ചെയ്യുന്നത് തന്നെയാണ് അഭികാമ്യം. തീരെ ഇല്ലാത്തതിലും ഭേദം ചില കുറവുകളോടെയാണെങ്കിലും ഉണ്ടാവലാണല്ലോ. ചുരുക്കത്തിൽ, സുന്നത്ത് കർമമായതു കൊണ്ടുതന്നെ സ്വയേഷ്ടപ്രകാരം അൽപനേരവും ഇരിക്കാവുന്നതാണ്. ആ നേരമത്രയും ചെയ്യുന്ന ആരാധനകൾക്ക് പ്രതിഫലം ലഭിക്കും.

മൊത്തത്തിൽ വിശാല നിലപാടുള്ളൊരു വിഷയമാണിത്. ലോകത്തെ മുഴുവൻ മുസ്‌ലിംകൾക്കും എല്ലാ സ്ഥിതിയിലും പള്ളികളിൽ ഇഅ്തികാഫ് ഇരിക്കുക സാധ്യമല്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ മുകളിൽ പറയപ്പെട്ട ഉപാധികളോടെ വീട്ടിലെ പള്ളിയിലും ഇഅ്തികാഫ് ആവാമെന്ന് പറയുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം. ഇനി പള്ളി തന്നെ നിർബന്ധമാണെന്ന ഭൂരിപക്ഷത്തിന്റെ അഭിപ്രായം സ്വ്ീകരിക്കലും ആകാവുന്നതാണ്. ആലോചിച്ചു നോക്കുമ്പോൾ, തീരെ ഇഅ്തികാഫ് ഇല്ലാത്തതിനെക്കാൾ വീട്ടിലെ പള്ളിയിലെങ്കിലും അതുണ്ടാവലാണെന്ന് നമുക്ക് മനസ്സിലാവും. വിശേഷിച്ച് പള്ളികളിൽ പോവാതിരിക്കാൻ വിശ്വാസികൾ നിർബന്ധിതരാവുന്ന സാഹചര്യത്തിൽ. പുതിയ പ്രശ്‌നങ്ങളിലുള്ള ഇജ്തിഹാദുകളിൽ സ്വയേഷ്ഠപ്രകാരം ചെയ്യുന്നത്(ഇഖ്തിയാർ), നിർബന്ധിതമായി ചെയ്യുന്നത്(ജബ്‌റ്) എന്നിങ്ങനെ രണ്ടു ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്. വീടുകളിൽ ജനങ്ങൾ മറ്റു പല വ്യഥാവേലകളിൽ കഴിഞ്ഞുകൂടുമ്പോൾ, ഈ ഇളവുപയോഗപ്പെടുത്തി വീടുകളിൽ ഇഅ്തികാഫ് പറ്റുമെന്നു പറയുന്നതല്ലേ എന്തുകൊണ്ടും അഭികാമ്യം. റമദാനിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്ന് പൂർത്തിയാവുന്നത് അപ്പോൾ മാത്രമാണ്.

വിവ. മുഹമ്മദ് ശാക്കിർ മണിയറ

Related Articles