Faith

യുക്തിവാദികളുടെ ഈ കൊത്തിപ്പറിക്ക് നിന്ന് കൊടുക്കാതെ..

ഇസ്‌ലാം – യുക്തിവാദ സംവാദത്തിനൊരു പ്രശ്‌നമുണ്ട്. ഇസ്‌ലാം 1400 ലധികം വര്‍ഷമായി കോടിക്കണക്കിന് മനുഷ്യര്‍ വിശ്വസിക്കുകയും സാധ്യമായ അളവില്‍ ജീവിതത്തില്‍ കൊണ്ട് നടക്കുകയും ചെയ്യുന്ന ഒരു മതമാണ്. അതിനൊരു വിശ്വാസ സംഹിതയുണ്ട്. ഒരു വേദ ഗ്രന്ഥമുണ്ട്. മനുഷ്യര്‍ക്ക് സന്മാര്‍ഗം കാണിച്ച് കൊടുക്കാനായി നിയോഗിക്കപ്പെട്ട പ്രവാചകനുണ്ട്. അതി വിശാലമായ വൈജ്ഞാനിക ശേഖരമുണ്ട്. സമ്പുഷ്ടമായ ഒരു ചരിത്ര പാരമ്പര്യമുണ്ട്. ഇതിലെ ഏത് സംഗതിയെ കുറിച്ചും വിമര്‍ശനം ഉന്നയിക്കാം. വിശദീകരണം തേടാം. സ്വീകരിക്കാം. തള്ളിക്കളയാം. ഒക്കെ ചെയ്യാം. ക്രൈസ്തവതയെ എടുത്താലും ഹിന്ദു മതത്തെ എടുത്താലും ഏറിയോ കുറഞ്ഞോ ഉള്ള അളവില്‍ ഇത്തരം സവിശേഷതകള്‍ നമുക്ക് കാണാനാവും. പതിറ്റാണ്ടുകളുടെ ചരിത്രമേ ഉള്ളൂവെങ്കിലും ചില സവിശേഷതകള്‍ കമ്മ്യൂണിസത്തിനും കുറഞ്ഞ അളവില്‍ സോഷ്യലിസത്തിനുമുണ്ട്. അവര്‍ക്കൊക്കെ അവരുടെതായ ഒരു പ്രത്യശാസ്ത്ര കാഴ്ചപ്പാട് മുന്നോട്ട് വെക്കാനുണ്ട്. ഒരാദര്‍ശ സംഹിതയുണ്ട്. സ്വീകരിക്കാനും നിരാകരിക്കാനും പറ്റിയ ഒരു ജീവിത പദ്ധതിയുണ്ട്. ഇവരുമായൊക്കെ ഒരു സംവാദത്തിന് പ്രസക്തിയുണ്ട്. ഒരു സദസ്സിനു മുമ്പില്‍ രണ്ട് പക്ഷത്തുമുള്ള സംവാദകര്‍ക്കും അവരുടെതായ ദര്‍ശനം അവതരിപ്പിക്കാനുണ്ടാകും. പിന്നീട് പരസ്പരം നിരൂപണ വിധേയമാക്കുകയും താരതമ്യം ചെയ്യുകയും ചെയ്യാം. സദസ്സിലിരിക്കുന്ന ആള്‍ക്ക് കൃത്യമായ ഒരു നിലപാടിലേക്കെത്താന്‍ അത് സഹായിക്കുകയും ചെയ്യും.

എന്നാല്‍ യുക്തി വാദത്തെ സംബന്ധിച്ചിടത്തോളം ( നിലവിലുള്ള സംവാദകരെ സംബന്ധിച്ചിടത്തോളമെങ്കിലും) സവിശേഷമായ ഒരു ദര്‍ശനമോ ആദര്‍ശമോ മുന്നോട്ട് വെക്കാനില്ല. ഒരു ഗ്രന്ഥവും അവരുടെ പ്രത്യയ ശാസ്ത്രത്തെ അവതരിപ്പിക്കുന്നുമില്ല. ശാസ്ത്രത്തിനും ശാസ്ത്രീയ ചിന്തകള്‍ക്കും മേല്‍ അന്ധമായ അവകാശ വാദമുന്നയിക്കാറുണ്ടെങ്കിലും അത് അര്‍ഥശൂന്യമാണെന്ന് നമുക്ക് എളുപ്പം മനസ്സിലാകും. ചില മതങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ ശാസ്ത്ര വിരുദ്ധ നിലപാടുകള്‍ എടുത്തിട്ടുണ്ടെന്നതല്ലാതെ അടിസ്ഥാന പരമായി മതം ശാസ്ത്ര വിരുദ്ധമല്ല. ഇസ്‌ലാമിന്റെ കാര്യത്തിലെങ്കിലും ഇത് നമുക്കുറപ്പിച്ച് പറയാനാവും. എന്നല്ല ശാസ്ത്രത്തിന് വമ്പിച്ച സംഭാവനകളര്‍പ്പിച്ച ഒരു സുവര്‍ണ കാലം ഇസ്‌ലാമിക ചരിത്രത്തിലുണ്ട് താനും. ഇന്നും ശാസ്ത്രജ്ഞരില്‍ നല്ലൊരു വിഭാഗം മത വിശ്വാസികളാണെന്ന് കാണാം. സംവാദത്തിന് വെല്ലു വിളിച്ച് നടക്കുന്ന യുക്തിവാദ ഗ്രൂപ്പിനാകട്ടെ ഒരഞ്ഞൂറ് പേരെ തികച്ച് സംഘടിപ്പിക്കാനൊട്ട് ശേഷിയുമില്ല.

എന്നിട്ടും സാമാന്യ മര്യാദയുടെ പേരില്‍ യുക്തിവാദി വെല്ലുവിളികള്‍ക്ക് അമിത പരിഗണന നല്‍കിക്കൊണ്ട് ഇസ്‌ലാമിക പക്ഷം പലപ്പോഴു സംവാദത്തിന് തയാറാകാറുണ്ട്. സാമൂഹിക സേവന പ്രവര്‍ത്തനം അടക്കമുള്ള അവരുടേതായ അജണ്ടകള്‍ക്കിടയിലാണ് മുസ്‌ലിം പണ്ഡിതര്‍ ഇതിന് സമയം കണ്ടെത്താറുള്ളത്. സംവാദ – വിമര്‍ശന മേഖലകളില്‍ ജീവിക്കുന്നവര്‍ അവര്‍ക്കിടയില്‍ ഉണ്ടാവാമെങ്കിലും അപൂര്‍വമാണെന്ന് തന്നെ പറയാം. അങ്ങനെ നടക്കുന്ന സംവാദങ്ങളില്‍ വിഷയാവതരണം പോലും യുക്തിവാദി പക്ഷം വിമര്‍ശന സെഷനാക്കി മാറ്റാറാണ് പതിവ്.

ഇസ്‌ലാമിക പക്ഷം അവരുടെ ദര്‍ശനം അവതരിപ്പിക്കുകയാണ് ചെയ്യുന്നതെങ്കിലും യുക്തിവാദ പക്ഷം നിരൂപണം മാത്രം ബാധ്യതയായി കരുതുന്നു. തുടക്കത്തില്‍ പറഞ്ഞത് പോലെ അതിവിശാലമായ വൈജ്ഞാനിക പാരമ്പര്യവും സാംസ്‌കാരിക ചരിത്രവുമൊക്കെയുള്ള മതങ്ങളെ വിമര്‍ശിക്കാന്‍ എളുപ്പവുമാണ്. പാതി മുറിച്ച ഏതെങ്കിലും ഉദ്ദരണിയോ ചരിത്ര പശ്ചാത്തലത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയ ഏതെങ്കിലും സംഭവങ്ങളോ ഏതെങ്കിലും വിശ്വാസികളുടെ ദുഷ്‌ചെയ്തികളോ ഒക്കെ മതിയാവും ഇതിന്. സര്‍ക്കാസത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ഇത്തരം ആക്ഷേപ ഹാസ്യങ്ങള്‍ സത്യം വെളിപ്പെടുത്തി വിശദീകരിക്കേണ്ട ബാധ്യത ഇസ്‌ലാമിക പക്ഷത്തിനു മേല്‍ വരും. എന്നാല്‍ തിരിച്ച് വിമര്‍ശിക്കാന്‍ പകരം ഒന്നുമുണ്ടാവില്ല താനും. കയ്യിലൊന്നുമില്ലാത്തവനെ പാപ്പരായി പ്രഖ്യാപിക്കാമെന്നല്ലാതെ തല്ലിയിട്ട് കാര്യമില്ലല്ലോ.

യുക്തിവാദികളുടെ ഈ കൊത്തിപ്പറിക്ക് നിന്ന് കൊടുക്കാതെ ഭദ്രമായി വിഷയത്തിലൂന്നി നിന്ന് സംസാരിക്കുന്ന സംവാദകരെ അവര്‍ക്ക് ഒട്ടും താല്പര്യമില്ല. സദസ്സ് അവരിലേക്കാണ് ചായുക എന്നതാണ് മുഖ്യകാരണം. ഒപ്പം തങ്ങള്‍ ബൗദ്ധിക ലോറികളിലാക്കി കൊണ്ട് വരുന്ന മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ അവര്‍ ഇട കൊടുക്കുന്നില്ല എന്നതും. കാല്‍ക്കാശിന് മൈന്‍ഡ് ചെയ്യപ്പെടാന്‍ അര്‍ഹതയില്ലെങ്കിലും, നാലു പേരുടെ പിന്‍ബലം സ്വന്തമായില്ലാല്ലെങ്കിലും വെല്ലുവിളിക്കുമ്പോള്‍ കണ്ടീഷന്‍സിന് ഒരു കുറവുമില്ല. പണ്ഡിതന്മാര്‍ പോര. വരുന്ന ആള്‍ വലിയ സംഘടനയുടെ പ്രതിനിധി തന്നെ ആവണം. അയാള്‍ വിമര്‍ശിക്കപ്പെടുന്ന ആരെയും തള്ളിപ്പറയാന്‍ പാടില്ല. അപ്പൊ ഇപ്പുറത്തോ? അത് പിന്നെ ഞാന്‍ തന്നെ ഒരു പ്രസ്ഥാനമല്ലേ എന്നതാണ് നിലപാട്. നമുക്കാരെയും തള്ളിപ്പറയാം. ആരോടും ബാധ്യതയില്ല. സര്‍വ തന്ത്ര സ്വതന്ത്രന്‍. ഇങ്ങനെയുള്ള ഊരും പേരുമില്ലാത്ത എട്ട് കാലി മമ്മൂഞ്ഞിമാര്‍ ആകാശത്തേക്കെറിയുന്ന എല്ലാ വെല്ലുവിളികള്‍ക്കും തല വെച്ചുകൊടുക്കണമെന്ന നിര്‍ബന്ധം ഏതായലും ഇസ്‌ലാമിക പണ്ഡിതര്‍ക്കുണ്ടാവുമെന്ന് തോന്നുന്നില്ല. എന്നാലും ഇസ്‌ലാം വിമര്‍ശനം നിര്‍ത്തരുത്. ഫാഷിസത്തിന്റെ കാലമല്ലേ. ഉപകാര പ്രദമായ വല്ലതും കയ്യില്‍ തടഞ്ഞേക്കും.

NB: ചില വെല്ലുവിളികളും വിശദീകരണങ്ങളും അന്തരീക്ഷത്തില്‍ മുഴങ്ങുന്നത് കേട്ടപ്പോള്‍ ഇത്രയും പറഞ്ഞുവെന്നേ ഉള്ളൂ.

Facebook Comments
Related Articles
Show More
Close
Close