Current Date

Search
Close this search box.
Search
Close this search box.

ബഹുദൈവവിശ്വാസം ഇല്ലാതാകുന്നതുവരെ യുദ്ധം ചെയ്യാൻ

“ലോകത്തെ മുഴുവൻ ഇസ്‌ലാമീകരിക്കുകയാണ് മുസ്ലിംകളുടെ ലക്ഷ്യം. ബഹുദൈവവിശ്വാസം ഇല്ലാതാകുന്നതുവരെ യുദ്ധം ചെയ്യണമെന്ൻ ഖുർആൻ അനുശാസിക്കുന്നുണ്ട്. മുസ്ലിംകൾ തീവവാദികളാകുന്നതും ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതും അതുകൊണ്ടാണ്.” -സംഘ് പരിവാർ ശക്തികളോ നാസ്തികരോ ക്രിസ്ത്യൻ മിഷണറി പ്രവർത്തകരോ എന്ന വ്യത്യാസമില്ലാതെ ഇസ്ലാം വിമർശകർ ദൈവികദീനിനെതിരെ പൊതുവെയും ഖുർആനെതിരെ പ്രത്യേകിച്ചും തരംപോലെ തൊടുത്തുവിടാറുള്ള ഗുരുതരമായ ആരോപണമാണിത്. വിശുദ്ധ ഖുർആനിലെ താഴെ കൊടുത്ത രണ്ട് സൂക്തങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യമായും ഈ ആരോപണം ഉന്നയിക്കാറുള്ളത്.

1. “ഫിത്ന ഇല്ലാതാവുകയും ദീൻ അല്ലാഹുവിനായിത്തീരുകയും ചെയ്യുവോളം നിങ്ങൾ അവരോട് പൊരുതിക്കൊണ്ടിരിക്കണം. അവർ വിരമിച്ചാലോ, മനസ്സിലാക്കിക്കൊള്ളുക, അക്രമികളോടാല്ലാതെ ആരോടും കൈയേറ്റമരുത്.” (അൽബഖറ: 193)

2. “ഫിത്ന അവസാനിക്കുകയും ദീൻ സമ്പൂർണമായും അല്ലാഹുവിനായിത്തീരുകയും ചെയ്യുന്നതുവരെ അവരോട് പൊരുതിക്കൊള്ളുക. അവർ അക്രമത്തിൽനിന്ൻ വിരമിച്ചാൽ പിന്നെ അവരുടെ ചെയ്തികൾ അല്ലാഹു നിരീക്ഷിച്ചുകൊള്ളും.” (അൽഅൻഫാൽ 39)

കുറച്ചുമുമ്പ് നവസാമൂഹ്യ മാധ്യമങ്ങളിൽ മാത്രമല്ല, കേരളത്തിലെ ചാനലുകളിൽ പോലും ഇവ്വിഷയകമായ ആരോപണ – പ്രത്യാരോപണങ്ങളും ചർച്ചകളും നടക്കുകയുണ്ടായി. കേരളത്തിൽനിന്ന് ISIS ൽ എത്തിപ്പെട്ട ഒരു മലയാളിയുടേതെന്ന പേരിൽ പുറത്തുവന്ന, മുസ്‌ലിംകളെ തന്റെ മാർഗത്തിലേക്കു ക്ഷണിച്ചുകൊണ്ടുള്ള ശബ്ദസന്ദേശത്തിൽ ഈ ഖുർആൻ വചനങ്ങളിലൊന്ന് ഉദ്ധരിച്ചു എന്നതായിരുന്നു ആ ബഹളങ്ങളുടെയെല്ലാം നിമിത്തം. പരാമൃഷ്ട സൂക്തത്തിൽ പറയുന്ന ‘ഫിത്‌ന’ കൊണ്ട് ഉദ്ദേശ്യം ബഹുദൈവാരാധനയാണെന്നും ഭൂമിയിൽ ബഹുദൈവാരാധകർ ഇല്ലാതാകുന്നതുവരെ യുദ്ധം ചെയ്യുക എന്നാണ് ഖുർആൻ ആവശ്യപ്പെടുന്നതെന്നുമായിരുന്നു അതിലെ അവകാശവാദം. ഇസ്ലാം വിരോധികൾ വിശുദ്ധ ഖുർആനെ തെറ്റിദ്ധരിപ്പിക്കാനായി ഈ അവസരം നന്നായി ഉപയോഗപ്പെടുത്തുകയുണ്ടായി. ഇപ്പോഴും അത് തുടരുന്നു. വാസ്തവത്തിൽ ഖുർആന്റെ നഗ്നമായ ദുർവ്യാഖ്യാനമാണിത്. ഒന്നാന്തരം കബളിപ്പിക്കലും!

ഉദ്ധൃത സൂക്തങ്ങളിലെ ‘ഫിത്ന’ കൊണ്ടുദ്ദേശ്യം മനസികമായോ ശാരീരികമായോ സമ്മർദം ചെലുത്തി ഇഷ്ടമില്ലാത്ത ആശയങ്ങൾ അംഗീകരിപ്പിക്കുകയോ പ്രവർത്തിപ്പിക്കുകയോ ചെയ്യലാണ്. ധർമസങ്കടത്തിലകപ്പെടുത്തലും പീഡനവും മർദ്ദനവും കലാപവും കുഴപ്പവുമെല്ലാം അതിനുള്ള ഉപാധികളായതുകൊണ്ട് ഈ അർഥങ്ങളെല്ലാം ഉദ്ദേശ്യമാവാം. തങ്ങൾക്കിഷ്ടമില്ലാത്ത ആശയാദാർശങ്ങൾ അംഗീകരിച്ചതിന്റെ പേരിൽ ഒരാളെ / ഒരു വിഭാഗം ആളുകളെ അവരുടെ വീടുകളിൽനിന്നും നാടുകളിൽനിന്നും ബഹിഷ്കരിക്കുന്നതും ഫിത്നയാണ്. ഭരണാധികാരികൾ പ്രജകളെ അന്യായമായി അടിച്ചമർത്തുന്നതും, ഭരണകൂടങ്ങളെ തകർക്കാൻ പ്രജകൾ സമൂഹത്തിൽ അക്രമങ്ങളഴിച്ചുവിടുന്നതും കലാപങ്ങൾ സംഘടിപ്പിക്കുന്നതും അപ്രകാരം തന്നെ. വ്യക്തികളെ മർദിച്ചും ഭീഷണിപ്പെടുത്തിയും അവരുടെ വിശ്വാസങ്ങളിൽനിന്നും ചര്യകളിൽനിന്നും വ്യതിചലിപ്പിക്കുന്നതും, മറ്റേതെങ്കിലും ആദർശവിശ്വാസങ്ങൾ സ്വീകരിക്കാൻ നിർബന്ധിക്കുന്നതും ഫിത്നയാണ്. മുസ്ലിം സമൂഹത്തിന് അവരുടെ മസ്ജിദുകൾ വിലക്കുക, മതവിദ്യാഭാസ സ്ഥാപനങ്ങൾ നടത്താൻ അനുവദിക്കാതിരിക്കുക, മുസ്ലിം വേഷം ധരിക്കുന്നവരെയും നമസ്കാരം പോലുള്ള ആരാധനകൾ അനുഷ്ഠിക്കുന്നവരെയും അനഭിമതരോ അപകടകാരികളോ ആയി മുദ്രയടിക്കുക തുടങ്ങിയ നടപടികളും ഈ ഗണത്തിൽ വരുന്നവയാണ്. മതസ്വാതന്ത്ര്യത്തിന്റെയും മൌലികാവശത്തിന്റെയും ധ്വംസനത്തിൽ പെടുന്ന ഇത്തരം കാര്യങ്ങൾ കൊലയേക്കാൾ ഗുരുതരമായ ആക്രമമാണെന്നാണ് വിശുദ്ധ ഖുർആൻ പറഞ്ഞിട്ടുള്ളത്. (2: 191) ആധുനിക ഭാഷയിൽ നാം ഫാഷിസം, നാസിസം, ദേശീയ ഭ്രാന്ത്, സർവാധിപത്യം, സ്വേച്ഛാധിപത്യം എന്നൊക്കെ വിശേഷിപ്പിക്കുന്ന കാര്യങ്ങൾ ഫിത്നയുടെ വ്യത്യസ്ത രൂപങ്ങളാണ്.

ഒരു ബഹുസ്വര സമൂഹത്തിൽ അനിവാര്യമായ പരിമിതികളോടെ ഇതര മതവിഭാഗങ്ങളെപ്പോലെ മുസ്ലിംകളും ഒരു ന്യൂനപക്ഷമായി ജീവിക്കുമ്പോൾ പൊതുവായ ഐക്യവും സമാധാനവും സംരക്ഷിക്കാനാവശ്യമായിവരുന്ന വിട്ടുവീഴ്ചകളും നീക്കുപോക്കുകളുമല്ല ഇവിടെ പറയുന്ന ഫിത്ന. എല്ലാവരും തങ്ങളുടെ വിശ്വാസാചാരങ്ങൾ തന്നെ പിന്തുടരണം, അതിൽനിന്ൻ ഭിന്നമായ എന്തിനെയും തങ്ങൾ ബലം പ്രയോഗിച്ച് തടയും എന്ന നിലപാടാണ് ഫിത്നയും ഫാസിസ്റ്റ് പീഡനവുമായിത്തീരുന്നത്. ഈ നിലപാടിനോടാണ് ഖുർആൻ പൊരുതാനാവശ്യപ്പെടുന്നത്.

നാം ചർച്ച ചെയ്യുന്ന ദൈവിക വചനങ്ങളിലെ ‘ദീൻ അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ…”എന്ന് പറഞ്ഞതിലെ ‘അദ്ദീൻ’ കൊണ്ടുദ്ദേശ്യം ഇസ്‌ലാമാണ്. അഥവാ, മനുഷ്യർക്ക് അവരുടെ യഥാർഥ സ്രഷ്ടാവിനെ കണ്ടെത്താനും ആരാധിക്കാനും അനുസരിക്കാനുമുള്ള സ്വാതന്ത്ര്യം തടയപ്പെടുകയും അവർ സൃഷ്ടികളുടെ തന്നെ ആരാധകരും ആജ്ഞാനുവർത്തികളുമാകാൻ നിർബന്ധിക്കപ്പെടുകയും ചെയ്യുന്ന ഫിത്നയുടെ അവസ്ഥക്ക് അറുതിയാവുക, ഇസ്‌ലാമിക വിശ്വാസവും അനുഷ്ഠാനവും മുറുകെ പിടിക്കുന്നിടത്ത് ആരെയെങ്കിലും ഭയപ്പെടേണ്ടിവരുന്ന അവസ്ഥ ഇല്ലാതാവുക, മുസ്ലിംകളുടെ വിധേയത്വം അല്ലാഹുവിനോട് മാത്രമായിരിക്കുകയും അവനെ കണ്ടെത്താനും ആരാധിക്കാനും അവന്റെ വിധിവിലക്കുകളനുസരിച്ച് ജീവിക്കാനും സാധ്യമാകുന്ന അവസ്ഥ സംജാതമാവുകയും ചെയ്യുക.

മറ്റുവാക്കുകളിൽ പറഞ്ഞാൽ, ഭാഗികമായ മതസ്വാതന്ത്ര്യം കൊണ്ടും മൗലികാവകാശങ്ങൾ കൊണ്ടും തൃപ്തിപ്പെടേണ്ടവനല്ല സത്യവിശ്വാസി. അവരുടെ വിധേയത്വം സമ്പൂർണമായി അല്ലാഹുവിന് സമർപ്പിക്കാൻ സാധ്യമാവുകയും അവന്റെ വിധിവിലക്കുകൾ പൂർണമായി പിന്തുടർന്നുകൊണ്ട് സമാധാനത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്യേണ്ടതുണ്ട്. ഈ ഉദ്ദേശ്യാർഥമാണ് ഇസ്ലാം യുദ്ധം അനുവദിച്ചിരിക്കുന്നത്. അഥവാ, ‘ഫിത്ന ഇല്ലാതാവുകയും വിധേയത്വം അല്ലാഹുവിനായിത്തീരുകയും ചെയ്യുന്നതുവരെ യുദ്ധം ചെയ്യുക’ എന്ന ഖുർആനിക പരാമർശം ഇസ്ലാം നിർദേശിക്കുന്ന യുദ്ധത്തിന്റെ അത്യന്തികമായ ലക്ഷ്യം എന്താണെന്നുകൂടി നമുക്ക് പറഞ്ഞുതരുന്നുണ്ട്.

ശത്രുക്കൾ പീഡനങ്ങളിൽനിന്നും മർദനങ്ങളിൽനിന്നും, അല്ലാഹുവിന്റെ ദാസന്മാർ അല്ലാഹുവിൽ വിശ്വസിക്കുന്നതും അവനെ ആരാധിക്കുന്നതും ബലാൽകാരം തടയുന്നതിൽനിന്നും വിരമിക്കുന്നുവെങ്കിൽ, സത്യദീൻ അംഗീകരിക്കാനും അതിന്റെ നിയമവ്യവസ്ഥകൾ സമൂഹത്തിൽ നടപ്പിലാക്കാനുമുള്ള അവകാശവും സ്വാതന്ത്ര്യവും അവർ വകവെച്ചുനൽകുന്നുവെങ്കിൽ പിന്നെ അവരോട് ശത്രുത വേണ്ടതില്ല, തങ്ങൾക്കിഷ്ടമുള്ള മതം അവർ സ്വയം അംഗീകരിക്കുകയും ആചരിക്കുകയും ചെയ്തുകൊള്ളട്ടെ. അക്രമവും പീഡനവും അവസാനിച്ചാൽ വിശ്വാസികൾ യുദ്ധനടപടികളും അവസാനിപ്പിക്കണം. ശത്രുക്കളുടെ ഉള്ളിൽ പകയും വിദ്വേഷവും നിലനിൽക്കുന്നു എന്നുകരുതിയോ, ഭാവിയിൽ വീണ്ടും ആക്രമണം നടത്തിയേക്കും എന്ൻ ഭയന്നോ യുദ്ധം തുടർന്നുകൂടാ.

യുദ്ധം പ്രഖ്യാപിക്കാൻ, അത് നടപ്പിലാക്കാൻ ഇസ്ലാമിക ശരീഅത്ത് വ്യക്തികൾക്കോ സംഘങ്ങൾക്കോ അനുവാദം നൽകുന്നില്ല. അത് ചെയ്യേണ്ടത് അധികാരമുള്ള ഇസ്ലാമിക ഭരണകൂടമാണ്. അതുപോലെ, കുറ്റവാളികൾക്കെതിരിൽ സിവിൽ-ക്രിമിനൽ നടപടികളെടുക്കാനും നടപ്പിലാക്കാനുള്ള അധികാരവും സർക്കാരിനും അവർ ഏർപ്പെടുത്തിയ നീതിന്യായ സംവിധാനത്തിനുമാണ്. ഒരു ഫിത്നയുണ്ടായാൽ അതിനുത്തരവാദികളായവർ ശിക്ഷാർഹരായിത്തീരുന്നതിന് ചില നിബന്ധനകളും ഉപാധികളും പൂർത്തിയാകേണ്ടതുണ്ട്. കുറ്റപത്രവും വിചാരണയും ഉദാഹരണം. അതൊന്നുമില്ലാതെ ഭരണകൂടത്തിന് തോന്നുവരെയൊക്കെ ഫിത്ന ആരോപിച്ച് പിടികൂടി ശിക്ഷിക്കുന്നുവെങ്കിൽ അതും ഗുരുതരമായ ഫിത്നയായിരിക്കും!

ഈ സൂക്തത്തിന്റെ ആരംഭത്തിലുള്ള ‘അവരോട് യുദ്ധം ചെയ്യുക’ എന്നതിലെ ‘അവർ’ എന്നതുകൊണ്ട് ഉദ്ദേശ്യം ആരാണ് എന്ൻ മനസ്സിലാക്കിയാൽ തന്നെ ഇവ്വിഷയകമായ ആരോപണങ്ങൾ പൊള്ളയാണെന്ന് ബോധ്യപ്പെടും. മുസ്ലിംകളല്ലാത്ത സകലരോടും യുദ്ധം ചെയ്യുക എന്നല്ല, ഇസ്ലാമിനോടും മുസ്ലിംകളോടും ശത്രുത പുലർത്തുകയും അവരെ അക്രമിക്കുകയും വിശ്വാസ സ്വാതന്ത്ര്യത്തിന് തടയണ സൃഷ്ടിക്കുകയും ചെയ്യുന്ന ഫിത്നക്കാരോട് -നേർക്കുനേരെ പറഞ്ഞാൽ, വിശ്വാസികളെ മസ്ജിദുൽ ഹറാമിൽ പ്രവേശിക്കുന്നതിൽനിന്നും ഹജ്ജ് – ഉംറ കർമങ്ങൾ നിർവഹിക്കുന്നതിൽനിന്നും തടഞ്ഞിരുന്ന അക്രമികളായ ബഹുദൈവവിശ്വാസികളോട്- യുദ്ധം ചെയ്യുക എന്നാണ് ഖുർആനിവിടെ പറയുന്നത്.

ഈ സൂക്തങ്ങളിലെ ‘ഫിത്ന’ക്ക് ചിലയാളുകൾ ശിർക്ക് അഥവാ ബഹുദൈവത്വം എന്നും, ‘വയകൂനദ്ദീനു ലില്ലാഹ്’ എന്നതിന് അല്ലാഹുവിന്റെ ദീൻ പൂർണമായി അംഗീകരിക്കുക എന്നും അർഥം കൽപിച്ചിട്ടുണ്ട്. ഇസ്ലാം വിമർശകർ പൊക്കിപ്പിടിക്കാറുള്ളതും അതുതന്നെ. ഈ വ്യാഖ്യാനത്തെ അതിന്റെ പ്രത്യക്ഷാർഥത്തിലെടുത്താൽ അത് ഖുർആനിലെത്തന്നെ പല സൂക്തങ്ങളോടും ഏറ്റുമുട്ടുന്നതായി കാണാം. ‘ദീനിൽ യാതൊരു ബലാൽകാരവുമില്ല’ (2: 256) എന്നും, ‘ഇത് നിങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള സത്യമാകുന്നു. ഇഷ്ടമുള്ളവർ അത് സ്വീകരിച്ചുകൊള്ളട്ടെ, അല്ലാത്തവർ നിഷേധിച്ചുകൊള്ളട്ടെ’ (18: 29) എന്നും വേദഗ്രന്ഥം വ്യക്തമായി പറഞ്ഞിരിക്കെ ഇസ്ലാമിക പ്രബോധന മാർഗത്തിൽ ബലാൽകാരത്തിന്റെ പ്രശ്നമേ ഉൽഭവിക്കുന്നില്ല. ആളുകളെ ഭീഷണിപ്പെടുത്തി വിശ്വാസികളാക്കുന്നത് അനുവദനീയമല്ലെന്നും ഖുർആൻ തന്നെ പറയുന്നുണ്ട് (10: 99).

അല്ലെങ്കിലും, നിർബന്ധമോ ബലാൽക്കാരമോ ചെലുത്തിക്കൊണ്ട് സ്വീകരിക്കപ്പെടേണ്ടതല്ല മതവിശ്വാസമെന്നും, സത്യവും അസത്യവും വ്യവച്ഛേദിച്ച് മനസ്സിലാക്കിക്കൊടുക്കുകയാണ് പ്രബോധകരുടെ ബാധ്യതയെന്നും വ്യക്തമാക്കുന്ന ഖുർആൻ എങ്ങനെയാണ്, യുദ്ധത്തിലൂടെ ലോകം മുഴുവൻ ഇസ്‌ലാം സ്വീകരിക്കുന്ന അവസ്ഥയുണ്ടാക്കുകയാണ് മുസ്‌ലിംകളുടെ ധർമമെന്ന് പഠിപ്പിക്കാനാവുക?! ഒരിക്കലും ഉണ്ടാവുകയില്ലെന്നുറപ്പുള്ള സാമൂഹ്യവസ്ഥയുടെ സൃഷ്ടിയെ എങ്ങനെയാണ് യുദ്ധലക്ഷ്യമായി നിർണയിക്കുക?! അത്തരമൊരു അന്ധമായ ദർശനമല്ല ഇസ്‌ലാമെന്ന് അതിന്റെ അടിസ്ഥാനാദർശങ്ങളെങ്കിലും പഠിച്ചാൽ ആർക്കും മനസ്സിലാക്കാവുന്നതാണ്. ലോകം മുഴുവൻ ഇസ്‌ലാമീകരിക്കലും മനുഷ്യരെ മുഴുവൻ മുസ്ലിംകളാക്കലുമാണ് ഇസ്‌ലാമിന്റെ യുദ്ധലക്ഷ്യമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നർഥം.

തെറ്റായ ആരോപണത്തിന്റെയും വ്യാഖ്യാനത്തിന്റെയും മറപിടിച്ചുകൊണ്ട് വിശുദ്ധ ഖുർആൻറെയും മുസ്ലിംകളുടെയും മേൽ തീവവാദവും ഭീകരവാദവും ആരോപിക്കുന്നതിലെ അർഥശൂന്യതയെയും കാപട്യത്തെയും കുറിച്ച് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ. ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന തീവവാദ – ഭീകരവാദ പ്രവർത്തനങ്ങളിൽ പലതിന്റെയും പിന്നിൽ സാമ്രാജ്യത്വ ശക്തികളാണെന്ന കാര്യം ഇതിനകം തെളിഞ്ഞുകഴിഞ്ഞതുമാണ്. എല്ലാവിധ ആത്യന്തികതകളെയും ചോദ്യം ചെയ്യുകയും മാധ്യമ നിലപാടിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന, അന്യായമായി ഒരാളെ കൊല്ലുന്നത് ലോകത്തെ മുഴുവൻ മനുഷ്യരെയും കൊല്ലുന്നതിന് തുല്യമാണെന്ന് പഠിപ്പിക്കുന്ന വിശുദ്ധ ഖുർആനെ യഥാവിധം അനുധാവനം ചെയ്യുന്ന മുസ്ലിംകളാരും ഭീകരവാദ-തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് നീങ്ങുകയില്ല താനും.

ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യം, ഈ സൂക്തങ്ങളുടെ താൽപര്യം ബഹുദൈവത്വം ഇല്ലാതാകുന്നതുവരെ യുദ്ധം ചെയ്യുക എന്നതായിരുന്നെങ്കിൽ, അവ അവതരിച്ച ശേഷം നബി(സ) മദീനയുടെ പരിസരത്തുണ്ടായിരുന്ന മുശ്’രിക്ക് ഗോത്രങ്ങളുമായുണ്ടാക്കിയ സമാധാന സഖ്യങ്ങൾ നിലനിൽക്കുമായിരുന്നില്ല എന്നതാണ്. എന്തിനേറെ, മക്കാ മുശ്’രിക്കുകളുമായുള്ള ഹുദൈബിയ്യാ സന്ധി പോലും അപ്രസക്തമാകുമായിരുന്നു!

മതസ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും വേണ്ടിയാണ് ഈ സൂക്തങ്ങൾ വിശ്വാസികളോട് സായുധ സമരത്തിലേർപ്പെടാൻ കൽപിക്കുന്നത് എന്ന വ്യാഖ്യാനമാണ് പ്രഗൽഭാരയ ഖുർആൻ വ്യാഖ്യാതാക്കളെല്ലാം സ്വീകരിച്ചിട്ടുള്ളതെങ്കിലും, ഈ നിർദേശം മക്കയോടും അതിന്റെ പരിസര പ്രദേശങ്ങളോടും മാത്രം ബന്ധപ്പെട്ടതാണെന്നും ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് ബാധകമല്ലെന്നുമുള്ള ഒരഭിപ്രായവും ചില പണ്ഡിതൻമാർക്കുണ്ട്. ഏകദൈവാരാധനക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട പരിശുദ്ധ കഅബയും മസ്ജിദുൽ ഹറാമും അതിന്റെ പരിസര പ്രദേശങ്ങളും പൂർണമായും ഇസ്ലാമിന്റെ കൊടിക്കൂറക്ക് കീഴിൽ വരികയും, അവിടങ്ങളിൽനിന്ൻ വിഗ്രഹാരാധന തുടച്ചുനീക്കപ്പെടുകയും, വിശ്വാസികൾ അങ്ങോട്ട് പ്രവേശിക്കുന്നതിനെ തടയുന്ന അക്രമികൾ അവരുടെ അക്രമ-മർദനങ്ങളിൽനിന്ൻ പിൻമാറുകയും ചെയ്യുന്നതുവരെ യുദ്ധം തുടരണം എന്നാണ് ഈ സൂക്തത്തിന്റെ ഉദ്ദേശ്യമെന്നാണ് അവർ അഭിപ്രായപ്പെട്ടിരിക്കുന്നത്. അങ്ങനെയെങ്കിൽ ‘ബഹുദൈവത്വം ഇല്ലാതാകുന്നതുവരെ യുദ്ധം ചെയ്യുക’ എന്ന വ്യാഖ്യാനത്തിനും പഴുതുണ്ട്.

ഇമാം ബൈഹഖിയും മറ്റു ചിലരും ഉദ്ധരിച്ച ‘ലാ യജ്തമിഉ ദീനാനി ഫീ ജസീറതിൽ അറബ്’ -അറേബ്യൻ ഉപദീപിൽ രണ്ട് മതങ്ങൾ സമ്മേളിക്കുകയില്ല- എന്ന നബിവചനം ഈ വ്യാഖ്യാനത്തിന് തെളിവായി അവരിൽ ചിലർ ഉദ്ധരിക്കാറുമുണ്ട്. ഈ സൂക്തം വിശദീകരിക്കവേ ഇമാം റാസി രേഖപ്പെടുത്തുന്നു: “ഈ കൽപനയെ എല്ലാ നാടുകൾക്കും ബാധകമാക്കാൻ പറ്റില്ല. കാരണം അതായിരുന്നു ഉദ്ദേശ്യമെങ്കിൽ അല്ലാഹു കൽപിച്ച യുദ്ധം മൂലം എവിടേയും കുഫ്റ് അവശേഷിക്കുമായിരുന്നില്ല.”

ഖുർആനിലെ ഈ സൂക്തങ്ങൾ അവതരിക്കുന്ന കാലത്ത് മക്ക ബഹുദൈവവിശ്വാസികളുടെ കൈവശമായിരുന്നു. മുസ്ലിംകളെ അവർ പിറന്നുവീണ നാട്ടിൽനിന്ൻ പുറത്താക്കിയ മുശ്’രിക്കുകളുടെ അധീനതയിൽ. മദീനയിലെ മുസ്ലിംകളെ അവർ മസ്ജിദുൽ ഹറാമിൽ പ്രവേശിക്കാനോ ഹജ്ജും ഉംറയും ചെയ്യാനോ അനുവദിച്ചിരുന്നുമില്ല. നബിയും സ്വഹാബത്തും ഉംറ നിർവഹിക്കാനായി പോയപ്പോൾ ഹുദൈബിയ്യായിൽ വെച്ച് മുശ്’രിക്കുകൾ അവരെ തടയുക മാത്രമല്ല, മക്കയിലേക്ക് പ്രവേശിച്ചാൽ സായുധമായി നേരിടുമെന്ന് ഭീഷണിപ്പെടുത്തുകപോലുമുണ്ടായി. ഹുദൈബിയ്യാ സന്ധിയുണ്ടായതും മുസ്ലിംകൾ ഉംറ ചെയ്യാതെ മടങ്ങിയതും അങ്ങനെയാണ്. പിൽകാലത്ത് മക്ക മുസ്ലിംകൾ ജയിച്ചടക്കുകയും കഅബക്കകത്തും പുറത്തുമായി നാട്ടപ്പെട്ടിരുന്ന വിഗ്രഹങ്ങൾ പിഴുതെറിയപ്പെടുകയും ഇബ്റാഹീം പ്രവാചകൻ എന്തുദ്ദേശ്യത്തോടുകൂടിയാണോ കഅബ പണിതത് അത് -ഏകദൈവാരാധന- മാത്രം അവിടെ അവശേഷിക്കുന്ന അവസ്ഥയുണ്ടാവുകയും ചെയ്തു.

മക്കയിലേക്ക് മാത്രമല്ല, ലോകത്തേക്ക് മുഴുവൻ ബാധകമാക്കിയാലും ലോകം മുഴുവൻ ഇസ്‌ലാമിന് കീഴ്‌പ്പെടുകയും മനുഷ്യരെല്ലാം മുസ്‌ലിംകളായിത്തീരുകയും ചെയ്യുന്നത് വരെ യുദ്ധം ചെയ്യാനാണ് അതുമുഖേന മുസ്‌ലിംകൾ കൽപിക്കപ്പെട്ടിരിക്കുന്നത് എന്ന വ്യാഖ്യാനത്തിന് പ്രാമാണികമായി നിലനിൽപ്പില്ല. മതത്തിന്റെ പേരിൽ നിലനിന്നിരുന്ന മർദനമാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് എന്നാണ് പ്രവാചകാനുചരൻമാർ അതിൽനിന്ൻ മനസ്സിലാക്കിയിട്ടുള്ളത്. ചെറുപ്പത്തിൽ തന്നെ പ്രവാചകാനുയായിത്തീരാൻ അവസരമുണ്ടാവുകയും പ്രവാചക ഭരണത്തെയും യുദ്ധങ്ങളെയും, സച്ചരിതരെന്ന് ലോകം അംഗീകരിക്കുന്ന നാല് ഖലീഫമാരുടെ ഭരണത്തെയും അവർ നടത്തിയ യുദ്ധങ്ങളെയുമെല്ലാം കാണുകയും അനുഭവിക്കുകയും ചെയ്തയാളാണ് അബ്ദുല്ലാഹിബ്നു ഉമർ(റ). ഈ സൂക്തത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് കാണുക:

ﻓﻌﻠﻨﺎ ﻋﻠﻰ ﻋﻬﺪ ﺭﺳﻮﻝ اﻟﻠﻪ (ص) ﻭﻛﺎﻥ اﻹﺳﻼﻡ قليلا، ﻓﻜﺎﻥ اﻟﺮﺟﻞ ﻳﻔﺘﻦ ﻓﻲ ﺩﻳﻨﻪ: ﺇﻣﺎ ﻗﺘﻠﻮﻩ، ﻭﺇﻣﺎ ﻳﻌﺬﺑﻮﻧﻪ، ﺣﺘﻰ ﻛﺜﺮ اﻹﺳﻼﻡ ﻓﻠﻢ ﺗﻜﻦ ﻓﺘﻨﺔ
(അല്ലാഹുവിന്റെ തിരുദൂതരുടെ കാലത്ത് ഞങ്ങൾ അങ്ങനെ (ഫിത്‌ന ഇല്ലാതാകുന്നതുവരെ യുദ്ധം നടത്തുക എന്ന പ്രവർത്തനം) ചെയ്തിട്ടുണ്ട്. അന്ന് മുസ്‌ലിംകൾ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ, ഒരു മുസ്‌ലിം തൻറെ മത കാര്യത്തിൽ ഫിത്‌നക്ക് വിധേയനാകുമായിരുന്നു. ഒന്നുകിൽ അവിശ്വാസികൾ അവനെ വധിക്കും. അല്ലെങ്കിൽ അവനെ മർദ്ദനങ്ങൾക്കും പീഢനങ്ങൾക്ക് വിധേയമാക്കും. പിന്നീട് ഇസ്ലാം വ്യാപിക്കുകയും മുസ്ലിംകൾ വർദ്ധിക്കുകയും ചെയ്തപ്പോൾ ഈ ഫിത്‌ന ഇല്ലാതായി…’ -സ്വഹീഹുൽ ബുഖാരി: 4514).

ബിലാൽ, അമ്മാർ എന്നിവരെ അതിക്രൂരമായ പീഢനങ്ങൾക്ക് വിധേയമാക്കിക്കൊണ്ട് ലാത്ത, ഹുബൽ തുടങ്ങിയ ദൈവങ്ങളെ മഹത്വപ്പെടുത്താനും സത്യനിഷേധത്തിന്റെ വചനമുരുവിടാനും നിർബന്ധിച്ച സംഭവങ്ങൾ ഇതിനുദാഹരണമാണ്. ഇത്തരം സംഭവങ്ങളിലേക്ക് സൂചന നൽകുന്നതും അത്തരം അവസ്ഥകൾ ഇല്ലായ്മ ചെയ്യാൻ വേണ്ടി പോരാടാൻ ആഹ്വാനം ചെയ്യുന്നതുമായ ഖുർആൻ സൂക്തങ്ങൾ വേറെയുമുണ്ട്.

വിശ്വാസത്തിന്റെ പേരിൽ മർദിക്കപ്പെടുകയും, ഏകനായ സ്രഷ്ടാവിനെ മാത്രം ആരാധിച്ചുകൊണ്ട് സ്വസ്ഥമായി ജീവിക്കുകയും ആ മാർഗം മറ്റുള്ളവർക്ക് പകർന്നുനൽകാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ മർദനങ്ങൾക്ക് അറുതി വരുത്തുന്നതിനും സ്വാതന്ത്ര്യം സ്ഥാപിക്കുന്നതിനും വേണ്ടി സായുധമായി പ്രതികരിക്കാതിരുന്നാൽ പിന്നെ എങ്ങനെയാണ് സത്യമതത്തിന് നിലനിൽപുണ്ടാവുക? യുദ്ധം അനുവദിച്ച ഇസ്‌ലാമിന്റെ നടപടി തെറ്റായിപ്പോയെന്ന് പറയുന്നവർക്ക് ഇത്തരം സാഹചര്യങ്ങളിൽ എന്ത് പരിഹാര മാർഗമാണ് നിർദേശിക്കുവാനുള്ളത്?

യുദ്ധം അനുവദിച്ച പ്രപഞ്ചനാഥൻ അത് ആരോട് എപ്പോൾ എങ്ങനെയെല്ലാമായിരിക്കണം എന്നും കൃത്യവും വ്യക്തവുമായി പഠിപ്പിച്ചിട്ടുണ്ട്. അവന്റെ മാർഗദർശനപ്രകാരം അവർ മുന്നേറിയപ്പോൾ മതത്തിന്റെ പേരിലുള്ള മർദനങ്ങൾക്ക് അറുതിവരുത്താനും ആരെയും ഭയപ്പെടാതെ അല്ലാഹുവിനെ മാത്രം ആരാധിച്ചുകൊണ്ട് ജീവിക്കുവാൻ കഴിയുന്ന സ്ഥിതി ഉണ്ടാക്കിയെടുക്കാനും അല്ലാഹുവിന്റെ നാമം ഉയർത്തിപ്പിടിച്ച് അഭിമാനത്തോടെ ജീവിക്കാനും മുസ്ലിംകൾക്ക് കഴിഞ്ഞു. ഫിത്‌ന ഇല്ലാതാവുകയും വിധേയത്വം മുഴുവൻ അല്ലാഹുവിന് വേണ്ടി മാത്രമായിത്തീരുകയും ചെയ്യുന്ന അവസ്ഥ സംജാതമായി. മുസ്‌ലിമായി ജീവിക്കാനും സത്യപ്രബോധനത്തിനുമുള്ള സ്വാതന്ത്ര്യമുണ്ടായി. പ്രസ്തുത സ്വാതന്ത്ര്യമുപയോഗിച്ച് ലോകത്തിന്റെ മുക്കുമൂലകളിലേക്ക് സത്യമതത്തിന്റെ സന്ദേശം പ്രസരിപ്പിക്കാൻ അവർ പരിശ്രമിച്ചു. നമസ്‌ക്കാരത്തിനായി ക്ഷണിക്കുന്ന ബാങ്ക്‌വിളി മുഴങ്ങാത്ത ഒരു നിമിഷം പോലും ഭൂഗോളത്തിലില്ലാത്ത സ്ഥിതി സംജാതമായത് അങ്ങനെയാണ്.

ഇസ്ലാമിന്റെ പ്രതാപ കാലത്ത് പ്രതിരോധത്തിന് വേണ്ടിയല്ലാതെ മുസ്ലിംകൾ നടത്തിയ യുദ്ധങ്ങൾ ഈ അർഥത്തിലുള്ളവയായിരുന്നു. അഥവാ, മനുഷ്യാവകാശത്തിന്റേയും വ്യക്തിസ്വാതന്ത്ര്യത്തിന്റേയും അനിഷേധ്യ ഘടകങ്ങളായ വിശ്വാസ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും വേണ്ടി, ഇസ്‌ലാം സ്വീകരിക്കാനും, അതിന്റെ വസ്ത്രധാരണ രീതി, ആരാധനാലയങ്ങൾ മതപഠനം, ആഘോഷങ്ങൾ തുടങ്ങിയ ഇസ്‌ലാമിക ചിഹ്നങ്ങൾ ആചരിക്കാനും അത് പ്രബോധനം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ലഭ്യമാക്കാനും വേണ്ടിയായിരുന്നു ആ പോരാട്ടങ്ങൾ. അതല്ലാതെ ആരെയെങ്കിലും നിർബന്ധിച്ച് മതംമാറ്റാനോ ആരുടെയെങ്കിലും വിശ്വാസ സ്വാതന്ത്ര്യം ഹനിക്കാനോ ആയിരുന്നില്ല തന്നെ! ഇതിലപ്പുറം, ഇസ്ലാമിക പ്രതിബദ്ധതയില്ലാത്തവരും എന്നാൽ മുസ്ലിം പേരിൽ അറിയപ്പെട്ടിരുന്നവരുമായ ഏതെങ്കിലും രാജാക്കന്മാരോ നാടുവാഴികളോ തങ്ങളുടെ സാമ്പത്തികവും സ്വാർഥപരവുമായ താൽപര്യങ്ങളുടെ പൂർത്തീകരണത്തിനും സാമ്രാജ്യത്വ വികസനത്തിനും വേണ്ടി എന്തെങ്കിലും അരുതായ്മകൾ ചെയ്തിട്ടുണ്ടെങ്കിൽ അതിനുത്തരവാദി വിശുദ്ധ ഖുർആനോ ഇസ്ലാമോ അല്ല, അവർ മാത്രമാണ്.

Related Articles