വിശുദ്ധ ഹജ്ജ് കര്‍മ്മം ആരംഭിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം അവശേഷിച്ചിരിക്കെ, കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍, ഈ മഹാലോക സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലും യാത്രയിലേക്കും കടന്നിരിക്കുകയാണല്ലോ? ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നായി, ഇരുപത് ലക്ഷത്തിലധികം ഹാജിമാര്‍ ഒത്ത്ചേരുന്ന ഈ വര്‍ഷത്തെ മഹാസമ്മേളനത്തില്‍ സന്നഹിതരാവാന്‍ മാനസികമായും ശാരീരികമായും തയ്യാറാവേണ്ടത് അനിവാര്യമാണ്.
മക്കയിലേക്കൊ മദീനയിലേക്കൊ എത്തുന്നതോടെ, അമിതമായ ആത്മീയ ആവേശത്തില്‍ സ്വയം വിസ്മൃതരാവുന്ന അവസ്ഥയുണ്ടാവരുത്. പുതിയ അന്തരീക്ഷവും ജനങ്ങളും കാലാവസ്ഥയും ഭക്ഷണവും എല്ലാം ഹാജിമാരുടെ മാനസികാവസ്ഥയെ സ്വാധീനിക്കാന്‍ ഇടയുണ്ട്. മക്കയിലും മദീനയിലും കാലാവസ്ഥ അത്യുഷ്ണത്തിലേക്ക് പ്രവേശിക്കുകയാണ്. ഇരു ഹറമുകളിലേക്ക് എത്തിച്ചേരാന്‍ ദീര്‍ഘമായി നടക്കേണ്ട അവസ്ഥ ഉണ്ടാവാം. അത്യുഷ്ണത്തില്‍ കൂടുതല്‍ നടക്കാതിരിക്കാന്‍ ശ്രമിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യേണ്ടതാണ്.
ആരംഭശൂരത്വത്തിന്‍റെ പേരില്‍ തുടക്കത്തില്‍ ആവേശംകാണിക്കുന്നവര്‍ പിന്നീട് അവശരാവുന്ന അവസ്ഥക്ക് ഇടം നല്‍കരുത്. പുണ്യ സ്ഥലങ്ങളിലേക്ക് എത്തിയതിന്‍റെ ആവേശത്തില്‍, തുടക്കത്തില്‍ തന്നെ ധൃതിയില്‍ പലകാര്യങ്ങളും ചെയ്ത് ഹാജിമാര്‍ പരിക്ഷീണിതരാവുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. ഹജ്ജിലെ ക്ലൈമാക്സ് അറഫയിലെ മുഴുദിന ഇരുത്തവും പ്രാര്‍ത്ഥനയുമാണ്. അതിയായ ആവേശത്തില്‍ ഈ പുണ്യ ദിനം സമാഗതമാകുമ്പേഴേക്കും ഹാജിമാര്‍ ക്ഷീണിതരാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതിനുള്ള പോഷകാഹാരങ്ങളും പഴവര്‍ഗ്ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
ഹാജിമാര്‍ ഒരു ലീഡറുടെ നേതൃത്വത്തില്‍ ഗ്രൂപ്പുകളായിട്ടാണല്ലോ ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്നത്. കൂട്ടം തെറ്റാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ഗ്രൂപ്പ് അമീറുമാരെ പൂര്‍ണ്ണമായും അനുസരിക്കുകയും വേണം. കൈയ്യില്‍ കെട്ടാന്‍ തരുന്ന ഐഡന്‍ഡിറ്റി ഒഴിവാക്കരുത്. ഒരു സംഘമായി യാത്ര ചെയ്യുമ്പോള്‍ പല കാര്യങ്ങളോടും വ്യക്തിപരമായ വിയോജിപ്പുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ഗ്രൂപ്പിന്‍റെ വിജയത്തിനും ലക്ഷ്യ സാക്ഷാല്‍കാരത്തിനുമായി ക്ഷമയും വിട്ടുവീഴ്ചയും കൈവെടിയാതിരിക്കുക. താന്‍ മുഖാന്തരം അപരന് ഒരുതരത്തിലുള്ള പ്രയാസവും ഉണ്ടാവരുത് എന്ന ഉത്തമ ബോധ്യം ഓരോ ഹാജിമാര്‍ക്കും ഉണ്ടാവണം.
സമയം ചിലവഴിക്കേണ്ടവിധം
സമയനിഷ്ടയുടെ കാര്യത്തിലാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധയുണ്ടാവേണ്ടത്. മറ്റു സഹ ഹാജിമാര്‍ തന്നെ കാത്ത് നില്‍ക്കുന്ന അവസ്ഥക്ക് അവസരം സൃഷ്ടിക്കരുത്. അത് എല്ലാവരേയും അലോസരപ്പെടുത്തുകയും ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതാണ്. അതിന്‍റെ ദുരിതമാകട്ടെ ഹജ്ജ് തീര്‍ന്നാലും അവസാനിച്ചുകൊള്ളണമെന്നില്ല. അത്പോലെ ഭക്ഷണം സമയത്ത് തന്നെ കഴിച്ചിരിക്കുക. ഉറക്ക്, വിശ്രമം എന്നിവക്കും മതിയായ സമയം കണ്ടത്തെുക.
പുണ്യഭൂമിയില്‍ പുണ്യ ദിനങ്ങള്‍ ചിലവഴിക്കാനാണല്ലോ എത്തിച്ചേരുന്നത്. സമയം പരമാവധി ഉപയോഗപ്പെടുത്തി, ആരാധനകളില്‍ കൃത്യമായി പങ്കെടുക്കാന്‍ ഉത്സാഹം കാണിക്കുക. ഇരു ഹറമുകളിലും ചിലവഴിക്കാനുള്ള മാതൃക സമയക്രമം ചുവടെ കൊടുക്കുന്നു:
-
1. പ്രഭാത നമസ്കാരത്തിന് ഹറമിലേക്ക് നേരത്തെ പുറപ്പെടാം.
-
2. സൂര്യോദയത്തിന് ശേഷം ഹറമില്‍ നിന്നും ഫ്ളാറ്റിലേക്ക് മടങ്ങാം.
-
3. പ്രാതല്‍, വിശ്രമം, കുളി എന്നിവക്ക് ശേഷം 11 മണിയോടെ ഹറമിലേക്ക് പുറപ്പെടുക.
-
4. ദുഹര്‍ നമസ്കാരാനന്തരം ഫ്ളാറ്റിലേക്ക് തിരിക്കുക.
-
5. ഉച്ച ഭക്ഷണം, വിശ്രമത്തിന് ശേഷം 3 മണിയോടെ അസറ് നമസ്കാരത്തിന് ഹറമിലേക്ക് പുറപ്പെടുക.
-
6. ഇശാ നമസ്കാരം വരെ ഹറമില്‍ ആരാധനകളിലും പ്രാര്‍ത്ഥനകളിലും മുഴുകിയ ശേഷം, ഫ്ളാറ്റിലേക്ക് മടങ്ങി രാത്രി ഭക്ഷണവും കഴിച്ച് ഫജ്ര്‍ നമസ്കാരത്തിന് അല്‍പം മുമ്പ് വരെ ഉറങ്ങുക.
ഇതായിരിക്കും ഹാജിമാര്‍ക്ക് സൗകര്യപ്രദമായ സമയക്രമം.
ഹാജിമാര്‍ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ ചരുങ്ങിയത് 40 ദിവസം വരെ ഉപയോഗിക്കാനുള്ളത് കൈവശം വെക്കുന്നത് നല്ലതാണ്. ഇന്ന് എല്ലാ സാധനങ്ങളും ഇവിടെതന്നെ ലഭിക്കുന്നതിനാല്‍, ഹജ്ജിന് വരുമ്പോള്‍ വലിയ ഭാണ്ഡം ഒഴിവാക്കാവുന്നതാണ്. ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് യാത്ര ചെയ്യുന്ന ഹാജിമാര്‍ എല്ലാ ആവശ്യങ്ങള്‍ക്കും സഹധര്‍മ്മിണിയെ ആശ്രയിക്കുന്ന അവസ്ഥ ഉണ്ടാവരുത്. സോപ്പ്, ബ്രഷ്, പേയ്സ്റ്റ്, എണ്ണ തുടങ്ങിയ നിത്യാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ അവരവരുടെ കൈവശംതന്നെ വെക്കുന്നതാണ് സൗകര്യപ്രദം.
🪀 കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE