Current Date

Search
Close this search box.
Search
Close this search box.

തേടലാവണം നമ്മുടെ പ്രാർത്ഥന

“മനുഷ്യരേ, നിങ്ങൾ അല്ലാഹുവിന്റെ ആശ്രിതരാണ്. അല്ലാഹുവോ സ്വയംപര്യാപ്തനും സ്തുത്യർഹനും”.(ഫാത്വിർ 35:15)

‘ദൈവമേ, കണ്ണിമ വെട്ടുന്ന നേരത്തേക്ക് പോലും എന്റെ കാര്യങ്ങൾ നീ എന്നെ ഏല്പിക്കരുതേ’ എന്നൊരു മനോഹരമായ പ്രാർത്ഥന റസൂലുല്ലാഹി പഠിപ്പിക്കുന്നുണ്ട്. ഇതിൽ രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, നിമിഷ നേരത്തേക്ക് പോലും സ്വന്തം കാര്യം സ്വയം നോക്കാൻ കെല്പില്ലാത്തവനാണ് ഞാൻ എന്ന മനുഷ്യന്റെ തിരിച്ചറിവ്. രണ്ട്, മനുഷ്യ ജീവിതത്തിന്റെ ഏറ്റവും നിസ്സാരമായ കാര്യങ്ങൾ മുതൽ അവനു ഉത്തരമറിയാത്ത പ്രഹേളികകൾ വരെ കൈകാര്യം ചെയ്യാൻ ദൈവത്തിനു കഴിയും എന്ന വിശ്വാസം. അസ്സ്വമദ് എന്ന് അല്ലാഹു സ്വയം വിശേഷിപ്പിക്കുന്നതിന്റെ പൊരുളും അത് തന്നെയാണ്.

ഇസ്‌ലാമിലെ എല്ലാ ഇബാദത്തുകളുടേയും അന്തസത്ത പ്രാർത്ഥനയാണ്. അതെ സമയം പ്രാർത്ഥനയുടെ ആത്മീയ ഉത്തേജനമെന്താണ്? മനുഷ്യനെ പ്രാർഥിക്കാൻ തോന്നിപ്പിക്കുന്നതെന്താണ്? തീർച്ചയായും ദൈവ വിശ്വാസമാണ്. മൂർച്ചയുള്ള വിശ്വാസം. ആഴമുള്ള അനുരാഗം. പ്രാര്ഥിക്കുന്നവന് ദൈവം അടുത്ത് തന്നെയുണ്ടല്ലോ. പ്രാര്ഥിക്കാത്തവന് പ്രാപിക്കാനാവാത്ത വിധം ദൂരെയും. ‘പ്രാർത്ഥന തന്നെയാണ് ഇബാദത്’. എന്ന് റസൂലുല്ലാഹി.

പ്രാർത്ഥിച്ചാൽ ഉത്തരം നൽകും എന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. പ്രാർത്ഥിക്കുമ്പോൾ ഉത്തരം ലഭിക്കും എന്ന ഉറപ്പോടെ ചോദിക്കാനാണ് പ്രവാചകൻ പഠിപ്പിക്കുന്നത്. പ്രാർത്ഥന വിനയമാണ്. പ്രാര്ഥിക്കാതിരിക്കുന്നത് അഹങ്കാരവും. പ്രാര്ഥിക്കുന്നവൻ ദൈവത്തിനു കീഴ്പ്പെടുന്നുണ്ട്. അവൻ മാത്രമാണ് വലിയവനെന്ന് സ്വന്തത്തെ ബോധ്യപ്പെടുത്തുന്നുണ്ട്. പ്രാര്ഥിക്കാത്തവനോ? തനിക്ക് ലഭിക്കുന്നതെലാം തന്റെ അധ്വാന ഫലമാണെന്ന് വൃഥാ തെറ്റിദ്ധരിക്കുന്നു. “പറയുക, നിങ്ങളുടെ പ്രാര്ഥനയില്ലെങ്കിൽ എന്റെ നാഥൻ നിങ്ങളെ ഒട്ടും പരിഗണിക്കുകയില്ല. നിങ്ങൾ അവനെ നിഷേധിച്ചു തള്ളിയിരിക്കുകയാണല്ലോ. അതിനാൽ അതിനുള്ള ശിക്ഷ അടുത്ത് തന്നെ അനിവാര്യമായും ഉണ്ടാവും.”

പ്രാർത്ഥിക്കുന്ന മനുഷ്യന്റെ മനസ്സിലെന്താണ്? ആത്യന്തികമായി മനുഷ്യൻ ദൈവത്തോട് തേടിക്കൊണ്ടിരിക്കുന്നതെന്താണ്? ഓരോ പ്രാർത്ഥനയുടെയും ആത്മാവുള്ളത് നിർഭയത്വത്തിലാണ്. ഓർത്തു നോക്കൂ, അറിഞ്ഞോ അറിയാതെയോ നമ്മളൊക്കെയും ചോദിക്കുന്നതും അത് തന്നെയല്ലേ?. സങ്കടങ്ങളിൽ നിന്ന്, രോഗത്തിൽ നിന്ന്, പരീക്ഷണങ്ങളിൽ നിന്ന്,ദുനിയാവിന്റെ ചതിക്കുഴികളിൽ നിന്നുള്ള നിർഭയത്വം. മനുഷ്യനിൽ ദൈവവിശ്വാസം ഏറും തോറും അവൻ നിർഭയനാവുന്നുണ്ട്. എല്ലാമറിയുന്നൊരുത്തൻ, എല്ലാത്തിനും കഴിവുള്ളൊരുത്തൻ എന്റെ കൂടെ സദാ ഉണ്ടെന്ന ബോധ്യം.

പ്രാർത്ഥന മുന്നോട്ടു വെക്കുന്ന രാഷ്ട്രീയവും നിർഭയത്വത്തിന്റെതാണ്. ഒരു മുസ്ലിമിനിനെ സംബന്ധിച്ചിടത്തോളം അവന്റെ പ്രാർത്ഥനയിലാണ് അവന്റെ രാഷ്ട്രീയ ബോധ്യമുള്ളത്. അക്രമികളെ, ഫാഷിസ്റ് ഭരണകൂടത്തെ, തിന്മയുടെ എല്ലാ ഏജന്റുകളേയും ഒരു വിശ്വാസി പ്രാർത്ഥന കൊണ്ട് പ്രതിരോധിക്കുന്നുണ്ട്‌. അവന്റെ പ്രാർത്ഥനയിൽ ഉമ്മത്തിന്റെ മുന്നോട്ടുപോക്കിനെ കുറിച്ചുള്ള വേവലാതികളുണ്ട്. എല്ലാം ശെരിയാവുമെന്ന ശുഭപ്രതീക്ഷയുണ്ട്. പുതിയ രാഷ്ട്രീയ സാഹചര്യം ഓരോ മുസ്ലിമിനോടും ആവശ്യപ്പെടുന്നതും ഈ തിരിച്ചറിവിനെയാണ് താനും.

മക്കയെ നിർഭയത്വമുള്ള നാടാക്കണേ എന്ന് ഇബ്രാഹിം (അ) തേടുന്നുന്നുണ്ടല്ലോ. അതേ തേടലാവണം നമ്മുടെയും പ്രാർത്ഥന. ഭയമില്ലാത്ത മനുഷ്യരാവട്ടെ നാം. അനീതിയുടെ ആളുകൾ നമ്മുടെ പ്രാർത്ഥനകളുടെ കണ്ണികളിൽ തളച്ചിടപ്പെടട്ടെ.

Related Articles