Current Date

Search
Close this search box.
Search
Close this search box.

സംഘടിത സക്കാത്ത് സംരംഭങ്ങൾ

നാഗരികതയുടെ സുപ്രധാനമായ ഈടുവെപ്പുകളിൽ ഒന്നാണ് ഇസ്ലാമിക സമ്പദ് വ്യവസ്ഥ. മാനവ സമൂഹം ദർശിച്ച സംസ്കാരങ്ങളുടെ വർണരാജിയിൽ ഇസ്ലാമിക സാമൂഹ്യ ക്രമത്തിന് സാർവത്രിക സ്വീകാര്യത നേടിക്കൊടുത്ത ഘടകമാണത്. താത്ത്വികവും പ്രായോഗികവുമായ തലങ്ങളിൽ പ്രസ്തുത സമ്പദ്ഘടനയുടെ നെടുംതൂണായി വർത്തിച്ചത് സകാത്ത് വ്യവസ്ഥയായിരുന്നു എന്ന് കാണാം.

മനുഷ്യ സമൂഹത്തിന്റെ നിലനിൽപിന് ആധാരമായി സ്രഷ്ടാവ് കനിഞ്ഞരുളിയ വിഭവങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം സമ്പന്നരിൽ കേന്ദ്രീകരിക്കപ്പെടുകയും, ലോകം അതിന്റെ കെടുതികൾ പട്ടിണിയുടെയും ഭക്ഷ്യദൗർലഭ്യത്തിന്റെയും ദാരിദ്ര്യത്തിന്റെയും രൂപത്തിൽ അനുഭവിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സകാത്തിന്റെ സാധ്യതകൾ വർധിക്കുകയാണ്. ആയതിനാൽ, സകാത്ത് എന്ന നിർബന്ധ ബാധ്യതയുടെ വിധികളും വ്യവസ്ഥകളും കാലാനുസൃതമായി അവതരിപ്പിക്കുന്നതിലും മാറുന്ന ലോകത്തിന്റെ ആവശ്യങ്ങളെ അവയുമായി സംയോജിപ്പിക്കുന്നതിലും പണ്ഡിതന്മാരും ഗവേഷകരും സാമ്പത്തിക വിദഗ്ധരും തങ്ങളുടേതായ പങ്ക് നിർവഹിച്ചേ മതിയാവൂ.

സകാത്ത് ശേഖരിക്കേണ്ടതും വിതരണം ചെയ്യേണ്ടതും സമൂഹ നേതൃത്വമാണ്. ഇസ്ലാമിക സാമൂഹിക ക്രമം നിലനിൽക്കുന്നിടത്ത് ഒരു സകാത്ത് വകുപ്പുണ്ടായിരിക്കും. ആ വകുപ്പിന്റെ പ്രവർത്തനത്തിന് ആവശ്യമായ ചെലവ് സകാത്ത് ഫണ്ടിൽനിന്ന് തന്നെയാണ് എടുക്കേണ്ടത്. എന്നാൽ, ഇതര വകുപ്പുകളിലേക്കൊന്നും സകാത്ത് ധനം മാറ്റാൻ പാടില്ല. നമസ്കാരം പോലെ വ്യക്തിഗതമായ ബാധ്യതയാണ് സകാത്തും. സാമൂഹിക തലത്തിൽ സകാത്ത് ശേഖരണ- വിതരണ ഏജൻസി ഏർപ്പെടുത്താത്ത സ്ഥലങ്ങളിൽ സംഘടിതമായി സകാത്ത് ശേഖരിക്കാനും വിതരണം ചെയ്യാനും സ്വയം സംവിധാനമുണ്ടാക്കാൻ മുസ്ലിം സമുദായം ബാധ്യസ്ഥമാകുന്നു.

സകാത്തിന്റെ ഇന്നത്തെ രീതി

നമസ്കാരത്തോട് ഒപ്പമാണ് ഖുർആൻ മിക്കയിടങ്ങളിലും സകാത്തിനെ പരാമർശിച്ചിട്ടുള്ളത്. എങ്കിലും, അഭിനവ മുസ്ലിം സമൂഹം സകാത്തിന് അർഹമായ പരിഗണന നൽകിക്കാണുന്നില്ല. ഇസ്ലാമിലെ സുപ്രധാനമായ ഈ രണ്ട് ആരാധനാ കർമങ്ങൾക്കുമിടയിൽ മുസ്ലിംകൾ കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി ഗുരുതരമായ വിവേചനമാണ് പുലർത്തിപ്പോന്നിട്ടുള്ളത്. ഇസ്ലാമിക വ്യവസ്ഥയുടെ ശക്തിയും ചൈതന്യവും ചോർത്തിക്കളയുന്നതിൽ ഈ ഉദാസീനതയും അലംഭാവവും കാര്യമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് കാണാം.

ഇസ്ലാമിക സാമൂഹിക ക്രമം താറുമാറായ പ്രതികൂല സാഹചര്യത്തിൽ സ്വീകരിക്കപ്പെട്ട ഒരിളവിന് നിയമത്തിന്റെ സ്ഥാനം കൽപിച്ചുകൊ ണ്ടായിരുന്നു ഈ അപരാധത്തിന് തുടക്കം കുറിച്ചത്. സകാത്തിന്റെ സംഭരണം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് മുസ്ലിം സമൂഹത്തിൽ പൊതുവെ ഇന്ന് നിലനിൽക്കുന്ന രീതി തീർത്തും അശാസ്ത്രീയമാണ്. സകാത്തിന്റെ മുഖ്യ അവകാശികളായ ദരിദ്രർ അതു മുഖേന മനഃക്ലേശമനുഭവിക്കാൻ ഇടയാകുന്നു. സമ്പന്നർ എറിഞ്ഞു കൊടുക്കുന്ന ഏതാനും നാണയത്തുട്ടുകളിൽ ഒതുങ്ങുന്നു, പലപ്പോഴും സകാത്തിന്റെ വൃത്തം. യഥാർഥത്തിൽ ദാരിദ്ര്യ നിർമാർജനത്തിൽ സുപ്രധാന പങ്കുവഹിക്കാൻ പര്യാപ്തമായ ഒരു സാമ്പത്തിക ഘടകം ഏറ്റവും അലങ്കോലപ്പെട്ട രീതിയിലാണ് ഇന്ന് കൈകാര്യം ചെയ്യപ്പെടുന്നത്. റമദാൻ മാസം സമാപിക്കുമ്പോൾ അതിന്റെ ഏറ്റവും ജുഗുപ്സാവഹമായ ചിത്രങ്ങൾ മുസ്ലിംകൾക്കിടയിൽ കാണാനിടയാകുന്നത് അതിനാലാണ്.

ഇസ്ലാമിക സമൂഹത്തിൽ സമ്പൂർണമായി നടപ്പാക്കിയിരുന്ന കാര്യമാണ് സകാത്ത്. നുബുവ്വത്തിന്റെ പത്താം വർഷം അഞ്ച് നേരത്തെ നമസ്കാരം മുസ്ലിംകൾക്ക് നിർബന്ധമാക്കപ്പെട്ടതിൽ പിന്നെ ഇന്നുവരെയും അതിന് മുടക്കം വന്നിട്ടില്ല. ഹിജ്റ രണ്ടാം വർഷം നിയമമായ റമദാൻ നോമ്പിനും ഇതുവരെയും തടസ്സം നേരിട്ടിട്ടില്ല. മദീനാ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ ഇസ്ലാമിക സമൂഹത്തിന് നിശ്ചയിക്കപ്പെട്ട ഹജ്ജ് കർമവും സ്ഥിരമായി നടന്നുവരുന്നു. അപ്രകാരം തന്നെ ഭരണകൂടത്തിന്റെ അഭാവത്തിൽ പോലും ജുമുഅ, പെരുന്നാൾ എന്നിവ വ്യവസ്ഥാപിതമായി തന്നെ നിലനിൽക്കുന്നുണ്ട്. എന്നാൽ, സകാത്തിന്റെ മേഖലയിൽ മാത്രം ഈ വ്യവസ്ഥാപിതത്വം അപ്രത്യക്ഷമായിരിക്കുന്നുവെന്നതാണ് വിചിത്രം. മേൽ സൂചിപ്പിച്ച കർമങ്ങളുടെയൊക്കെ വ്യവസ്ഥാപിതമായ നിലനിൽപിന് ഇസ്ലാമിക രാഷ്ട്രമാണ് മുൻകൈയെടുക്കേണ്ടത് എന്നത് ശരിതന്നെ. എന്നാൽ, അതിന്റെ അഭാവത്തിലും സാധ്യമായ സംവിധാനങ്ങൾ ഒരുക്കാൻ മുസ്ലിം സമൂഹം ശുഷ്കാന്തി കാണിക്കുന്നുണ്ട്. ഇതു പക്ഷേ, സകാത്തിന്റെ കാര്യത്തിൽ കാണിക്കാതിരിക്കുന്നതിന് ഒരു ന്യായീകരണവുമില്ല.

ഖിലാഫത്ത് ദുർബലമായതിനെത്തുടർന്ന് ഭരണകൂടത്തിന്റെ ശക്തി ക്ഷയിക്കുകയും ഭരണപ്രദേശങ്ങളിൽ ശരീഅത്ത് നിയമങ്ങൾ നടപ്പാക്കാൻ അത് അശക്തമാവുകയും ചെയ്തതോടെയാണ് സകാത്ത് സംവിധാനവും താറുമാറായത്. ഇസ്ലാമിക നിയമം നടപ്പിൽ വരുത്തുന്ന ഭരണകൂടം നിലവിലില്ലാതിരുന്ന പ്രദേശങ്ങളിൽ ജീവിച്ച ചെറു മുസ്ലിം സമൂഹങ്ങളിൽ നേരത്തെതന്നെ സകാത്ത് വ്യക്തികളുടെ ബാധ്യതയായാണ് ഗണിക്കപ്പെട്ടിരുന്നത്. ഭാഗികമായെങ്കിലും ക്രമേണ ഈ സമ്പ്രദായം പരിചിതമായി. നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ അതുപോലും നാമമാത്രമായി തീരുകയും ഫലത്തിൽ സംഘടിത സകാത്ത് വ്യവസ്ഥതന്നെ ജനങ്ങൾക്ക് അപരിചിതമായി മാറുകയും ചെയ്തു. താരതമ്യേന മതബോധമുള്ള വ്യക്തി കളുടെ ദീനീ പ്രതിബദ്ധതയനുസരിച്ച് മാത്രം നൽകപ്പെടുന്ന ദാന ധർമങ്ങളിൽനിന്ന് വളരെയൊന്നും വ്യത്യാസമില്ലാതായിത്തീർന്നു, ഇസ്ലാമിലെ ഈ നിർബന്ധ ബാധ്യതയുടെ സ്ഥിതിയും. ഇസ്ലാമിലെ സകാത്ത് വ്യവസ്ഥ, സംഘടിതമായും കാര്യക്ഷമമായും നടപ്പാക്കിയ കാലങ്ങളിൽ അതിന്റെ ലക്ഷ്യം പൂർണമായി സാക്ഷാൽ കൃതമാവുകയും ദാരിദ്ര്യത്തിന്റെ ദുരിതം പേറുന്ന ഒരാളും നാട്ടിലില്ലാത്ത വിധം സാമൂഹികക്ഷേമം സാധിതമാവുകയും ചെയ്തിരുന്നു. നബി തിരുമേനിയുടെയും ഖുലഫാഉർറാശിദുകളുടെയും കാലവും അതിനു ശേഷമുണ്ടായ ഭരണകൂടങ്ങളുടെ കാലവും ഉദാഹരണം. ശരിയായ വിധത്തിൽ സകാത്ത് സമ്പദായം പുനഃസ്ഥാപിക്കുന്ന പക്ഷം ഇന്നും അത് സാധ്യമാകാതിരിക്കാൻ കാരണമൊന്നുമില്ല.

മൗലാനാ അബുൽ കലാം ആസാദ് തർജുമാനുൽ ഖുർആനിൽ എഴുതുന്നു: “ഇന്ന് മുസ്ലിംകൾ വേറെ ഒന്നും ചെയ്യേണ്ടതില്ല. ഖുർആനിക അധ്യാപനങ്ങളുടെ അന്തഃസത്ത പരിഗണിച്ച് അവരുടെ സകാത്ത് വ്യവസ്ഥാപിതമായി നടപ്പാക്കിയാൽ മാത്രം അവരുടെ എല്ലാ സാമൂഹിക പ്രശ്നങ്ങളും പ്രതിസന്ധികളും തരണം ചെയ്യാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിർഭാഗ്യകരമെന്നു പറയട്ടെ, ഖുർആൻ കൽപിക്കും പ്രകാരം സകാത്ത് പ്രയോഗവത്കരിക്കാൻ അവർക്കൊരിക്കലും കഴിയുന്നില്ല. അവർ ഇപ്പോഴും അതിന് തയാറുമല്ല. തന്റെ കൈവശമുള്ള സമ്പത്തിൽ നിന്ന് ഒരു ചെറിയ വിഹിതമെടുത്ത് അയാൾക്കിഷ്ടമുള്ളത് പോലെ ആർക്കെങ്കിലും കൊടുത്താൽ സകാത്ത് ബാധ്യത അവസാനിക്കുമെന്നാണ് പൊതുവെ ജനങ്ങൾ മനസ്സിലാക്കിയിരിക്കുന്നത്.ഇതൊരിക്കലും സകാത്ത് ആകുന്നില്ല. മുസ്ലിം സമൂഹം അവരുടെ സകാത്ത് വിഹിതം കൃത്യമായി കണക്കാക്കി സകാത്ത് ഫണ്ടിൽ നൽകി അവർ മുഖേന അർഹരിലേക്ക് എത്തിക്കുകയാണ് വേണ്ടത്. “അപ്പോൾ ചിലർ പറയും, ഇന്ത്യയിൽ ഇസ്ലാമിക ഭരണമില്ലല്ലോ എന്ന്. അതുകൊണ്ട് വ്യക്തിപരമായി നൽകാൻ നാം നിർബന്ധിതരായിരിക്കുന്നു എന്നും അവർ വാദിക്കും. ഈ വാദം പരിഗണനീയമേയല്ല. അവർക്ക് ഇസ്ലാമിക രാഷ്ട്രം ഇല്ലാത്തതുകൊണ്ട് അവരുടെ ജുമുഅക്ക് ഒരു ഭംഗവും വരുന്നില്ല. ഇമാമും ഭരണാധികാരിയുമില്ലാതെ അത് നടപ്പിലാക്കാൻ കഴിയുന്നെങ്കിൽ എന്തുകൊണ്ട് സകാത്തും അങ്ങനെ നടപ്പിലാക്കിക്കൂടാ. ഒരാവശ്യവുമില്ലാതെ ധാരാളം സംഘടനകൾ ഉണ്ടാക്കുന്നവർക്ക് എന്തുകൊണ്ട് സകാത്ത് വ്യവസ്ഥാപിതമായി നടപ്പിലാക്കാൻ ഒരു സംവിധാനം ഒരുക്കിക്കൂടാ? ഒരു കേന്ദ്ര ബൈത്തുൽമാലും അതിനൊരു നേതാവും എന്തുകൊണ്ട് അവർക്കായിക്കൂടാ.” (തർജുമാനുൽ ഖുർആൻ 3/ 424-429).

സമ്പൂർണ ഇസ്ലാമിക സാമൂഹിക ക്രമത്തിൻ്റെ അഭാവത്തിലും സകാത്ത് സമ്പ്രദായം ഫലപ്രദമായി നടപ്പാക്കാമെന്നതിന് ഉപോദ്ബലകമാണ് ശാഫിഈ മദ്ഹബിലെ പണ്ഡിതൻമാർ പോലും പ്രകടിപ്പിച്ച അഭിപ്രായങ്ങൾ. സാമ്പത്തിക ക്ലേശമനുഭവി ക്കുന്നവർക്കുള്ള താൽക്കാലിക സഹായമെന്നതിലുപരി ദാരിദ്യ നിർമാർജനത്തിന്റെ മുഖ്യ ഉപാധിയായി സകാത്തിനെ ഉയർത്താൻ കഴിയുമെന്ന് പ്രാമാണിക ഗ്രന്ഥങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്. ചുരുക്കത്തിൽ, ആരാധനാ കർമം, സാമ്പത്തിക ഘടകം, സാമൂഹിക പരിവർത്തന പ്രക്രിയകളുടെ ത്വരകം എന്നീ നിലകളിൽ ഇസ്ലാമിലെ സകാത്ത് വ്യവസ്ഥക്ക് വളരെയേറെ പ്രധാന്യമുണ്ട്. ഇസ്ലാമിക സമൂഹത്തിന്റെ സർവതോമുഖമായ യശസ്സ് വീണ്ടെടുക്കുന്നതിൽ സകാത്തിന് നിർണായകമായ പങ്കാണ് നിർവഹിക്കാനുള്ളത്. മുസ്ലിം സമൂഹത്തിന്റെ സാമ്പത്തികാഭിവൃധിക്കും തൊഴിലില്ലായ്മയുടെ പരിഹാരത്തിനും സാമ്പത്തിക മേഖലയിൽ ഇസ്ലാം നൽകിയിട്ടുള്ള നിർദേശങ്ങൾ കൃത്യമായി പുലർത്തിയാൽ മാത്രം മതിയാകുന്നതാണ്.

രജത രേഖകൾ

ചരിത്രപരമായ കാരണങ്ങളാൽ മധ്യകാല നൂറ്റാണ്ടുകളിൽ ചൈതന്യമറ്റുപോയ സകാത്ത് വ്യവസ്ഥ, ആധുനിക കാലത്ത് ദൃശ്യമായ ഇസ്ലാമിക നവജാഗരണ സംരഭങ്ങളുടെ ഫലമായി പുതുജീവൻ നേടാൻ തുടങ്ങിയിട്ടുണ്ട്. സാമൂഹിക-രാഷ്ട്രീയ മേഖലകളിലെന്ന പോലെ സാമ്പത്തിക രംഗത്തും ഇസ്ലാമിക നിയമങ്ങൾ പ്രാവർത്തികമാക്കുന്നതിൽ വിവിധ മുസ്ലിം സമൂഹങ്ങളിൽ താൽപര്യം വളർന്നുവരുന്നുണ്ടെന്നത് ശുഭോദർക്കമാണ്. പലിശരഹിത സാമ്പത്തിക സ്ഥാപനങ്ങൾ നിലവിൽ വന്നതുപോലെ കഴിഞ്ഞ ദശകങ്ങളിൽ വിവിധ മുസ്ലിം നാടുകളിൽ സകാത്തിന്റെ സംഘടിത ശേഖരണത്തിനും വിതരണത്തിനും സർക്കാർ തലത്തിലും അല്ലാതെയും നിരവധി സ്ഥാപനങ്ങൾ ഉയർന്നുവരികയുണ്ടായി.

കേരളത്തിലും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രവർത്തന ഫലമായി സകാത്തുൾപ്പെടെയുള്ള ഇസ്ലാമിക സാമ്പത്തിക സംവിധാനങ്ങൾ പ്രയോഗക്ഷമമാകുന്നതിന് തുടക്കം കുറിച്ചതിൻ്റെ മികച്ച ഉദാഹരണമാണ് ബൈതുസ്സക്കാത്ത് കേരള. ദീർഘകാലമായി സാമൂഹിക ജീവിതത്തിൽനിന്ന് അപ്രത്യക്ഷമാവുകയോ വിസ്മൃതമാവുകയോ ചെയ്തിരുന്ന ഘടകങ്ങളെ പുന രുജ്ജീവിപ്പിക്കുകയെന്ന നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് സകാത്ത് കമ്മിറ്റികളുടെയും ഫിത്വ് ർ സകാത്ത് കമ്മിറ്റികളുടെയും രൂപവത്കരണം. സകാത്തിന്റെ സംഘടിതമായ ശേഖരണത്തിലും വിതരണത്തിലുമാണ് ഈ കമ്മിറ്റികൾ ശ്രദ്ധചെലുത്തിപ്പോരുന്നത്. സംഘടിത സകാത്തിന്റെ പ്രസക്തിയും പ്രാധാന്യവും സമൂഹത്തെ ബോധ്യപ്പെടുത്താനും സകാത്തുദായകരുടെ എണ്ണം നാൾക്കുനാൾ വർധിതമാകാനും ഈ സംരഭങ്ങൾ കാരണമായിട്ടുണ്ട്. ഇന്ന് കേരളത്തിലെ അനേകം മഹല്ലുകളിലും വിവിധ നഗരങ്ങളിലും സാമാന്യം നന്നായി പ്രവർത്തിക്കുന്ന സകാത്ത് കമ്മറ്റികൾ നിലവിലുണ്ട്.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles