പ്രവാചകന്‍ തിരുമേനിയെ സ്വപ്നത്തില്‍ ഒരു പ്രാവിശ്യമെങ്കിലും കാണാന്‍ കൊതിക്കാത്തവരായി മുസ്ലിംങ്ങളില്‍ ആരും തന്നെ ഉണ്ടാവില്ല. മരിച്ചതിന് ശേഷം സ്വര്‍ഗ്ഗത്തില്‍ അദ്ദേഹത്തിന്‍റെ അരികില്‍ ഒരു ഇടം കിട്ടുക എന്നത് നമ്മുടെ ജീവിതാഭിലാഷമാണല്ലോ? കാരണം അദ്ദേഹത്തെ നാം അത്രയേറെ നെഞ്ചോട് ചേര്‍ത്ത് വെക്കുന്നു. ഒരിക്കല്‍ ഒരു ശിഷ്യന്‍ തന്‍റെ ഗുരുവര്യനെ സമീപിച്ച് പറഞ്ഞു: വിശുദ്ധ ഖുര്‍ആനും പ്രവാചക മഹദ് വചനങ്ങളും നിങ്ങളുടെ അധ്യാപനങ്ങളും കേള്‍ക്കുമ്പോള്‍ അതെല്ലാം പകര്‍ന്ന് തന്ന പ്രവാചകപുംഗുവനെ സ്വപ്നത്തിലെങ്കിലും കാണാന്‍ മനസ്സ് വല്ലാതെ കൊതിച്ച് പോവുന്നു. വല്ല വഴിയും കാണിച്ച് തരുമൊ?
ശിഷ്യന്‍റെ അപ്രതീക്ഷിത ചേദ്യം കേട്ട് അല്‍പം ആലോചനകള്‍ക്ക് ശേഷം ഗുരു പറഞ്ഞു: പ്രവാചകനെ സ്വപ്നം കാണുക അത്ര എളുപ്പമുള്ള കാര്യമല്ല. പെട്ടെന്ന് ഒരു വഴിയും പറഞ്ഞ് തരാന്‍ കഴിയുന്നില്ല. ഒരു കാര്യം ചെയ്യു. സൗകര്യമനുസരിച്ച് നാളെ വൈകുന്നേരം വരൂ. എന്തെങ്കിലും വഴി മനസ്സില്‍ തോന്നിയേക്കാം. ഗുരു ദീര്‍ഘമായ ആലോചനകളില്‍ മുഴുകിയതോടൊപ്പം പിറ്റെ ദിവസം ശിഷ്യനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളും നടത്തികൊണ്ടിരുന്നു.
അത്താഴ വിരുന്നിലെ സല്‍ക്കാരത്തിന് വേണ്ടി ഉപ്പിലിട്ട മാങ്ങയും പൈനാപ്പിളും അച്ചാറും ചേര്‍ത്ത വിഭവങ്ങളായിരുന്നു ശിഷ്യനെ സല്‍ക്കരിക്കാന്‍ തയ്യാറാക്കിയത്. ഗുരുവിന്‍റെ നിര്‍ദ്ദേശപ്രകാരം പിറ്റേ ദിവസം വൈകുന്നേരം വളരെ ആഹ്ളാദത്തോടെ അവന്‍ ഗുരു സന്നിധിയില്‍ എത്തിച്ചേര്‍ന്നു. അഭിവാദ്യം നേര്‍ന്നു. പ്രവാചകനെ സ്വപ്നത്തില്‍ കാണാനുള്ള തന്‍റെ ആഗ്രഹം പൂര്‍ത്തീകരണത്തിനുള്ള വഴി തെളിയുകയാണല്ലോ എന്ന ആഹ്ളാദ നിമിഷത്തിലായിരുന്നു അയാള്‍.
Also read: ഉമ്മിയ്യുണ്ടാക്കിയ അക്ഷരവിപ്ലവം
ഗുരു അവനെ തീന്‍ മേശയിലേക്ക് ക്ഷണിച്ചു. നേരത്തെ തയ്യാറാക്കിയ ഉപ്പിലിട്ട സാധനങ്ങളും അച്ചാറുമൊക്കെ വിളമ്പി. ഗുരു സല്‍ക്കരിച്ചതല്ലേ എന്ന് കരുതി ശിഷ്യന്‍ അത് ആര്‍ത്തിയോടെ തിന്നുകൊണ്ടേയിരുന്നു. നല്ല ഉപ്പിലിട്ട വിഭവങ്ങളായതിനാല്‍ ദാഹം നിമിത്തം ശിഷ്യന്‍ അല്‍പം കുടിക്കാന്‍ വെള്ളം കിട്ടുമൊ എന്ന് ആരാഞ്ഞു. ഗുരു നിസ്സഹായനായി കൈമലര്‍ത്തി: ക്ഷമിക്കണം. ഇവിടെ ഇപ്പോള്‍ കുടിക്കാന്‍ വെള്ളമില്ല. സന്ധ്യയായതിനാല്‍ ഇനി രാവിലെ മാത്രമേ വെള്ളം ലഭിക്കൂ. ഇന്ന് ഇവിടെ ഉറങ്ങികൊളളൂ.
ഗുരുവിന്‍റെ നിര്‍ദ്ദേശ പ്രകാരം അതിയായ ദാഹം അടക്കി പിടിച്ച് ശിഷ്യന്‍ നിദ്രയിലാണ്ടു. ഉപ്പിലിട്ടത് ധാരാളമായി തിന്നതിനാല്‍ ദാഹം അവനെ വല്ലാതെ അലട്ടിയിരുന്നു. പ്രഭാതത്തില്‍ എഴുന്നേറ്റ് പതിവ് ചര്യകളൊക്കെ കഴിഞ്ഞ് ശിഷ്യന്‍ ഗുരു സന്നിതിയില്‍ ഹാജരായി. ദാഹം കൊണ്ട് അവന്‍റെ നാവ് വരണ്ടിരുന്നു. എങ്കിലും പ്രവാചകനെ സ്വപ്നം കാണാനുള്ള തന്‍റെ അഭിലാഷം പൂര്‍ത്തിയാവുകയാണല്ലോ എന്ന് കരുതി അവന്‍ സമാധാനിച്ചു. ഗുരു ചോദിച്ചു: ഉറക്കം എങ്ങനെയായിരുന്നു?
നന്നായി ഉറങ്ങിയിരുന്നതായി ശിഷ്യന്‍ പറഞ്ഞു. പക്ഷെ കലശലായ ദാഹം അടക്കാന്‍ കഴിഞ്ഞിരുന്നില്ല.
രാത്രിയില്‍ വല്ല സ്വപ്നവും കണ്ടിരുന്നുവൊ എന്നാരാഞ്ഞു ഗുരു.
ശിഷ്യന്‍: ഉവ്വ്. കുറേ നല്ല സ്വപ്നങ്ങള്‍ കണ്ടു. ജലം,നദി,സമുദ്രം,മഴ,കടല്‍ തുങ്ങിയവയായിരുന്നു അത്.
ഗുരു: ഒരു കാര്യം നേടാനുള്ള നിന്‍റെ ആഗ്രഹം എത്ര ശക്തമാണൊ അത് നേടിയിരിക്കും. ഇന്നലെ രാത്രി ദാഹജലത്തിന് വേണ്ടിയായിരുന്നു നീ അതിയായി ആഗ്രഹിച്ചിരുന്നത്. അത് നീ സ്വപ്നത്തില്‍ കണ്ടു. അത്പോലെ പ്രവാചകനെ സ്വപ്നം കാണാന്‍ തീവ്രമായി ആഗ്രഹിക്കൂ. രാത്രിയില്‍ ഉറങ്ങുമ്പോള്‍ നിന്‍റെ ചിന്തയുടെ കൂടാരത്തില്‍ പ്രവാചകന്‍ മാത്രം നിറഞ്ഞ് നില്‍ക്കണം. അപ്പോള്‍ നിന്‍റെ ആ ആഗ്രഹവും സഫലമാവും. ഗുരുവിന്‍റെ വിലയേറിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി പറഞ്ഞു തിരിച്ച് പോവുമ്പോള്‍ പ്രവാചക വിചാരംകൊണ്ട് അവന്‍റെ മനസ്സ് വിജൃംഭിത മാവുകയായിരുന്നു.