Current Date

Search
Close this search box.
Search
Close this search box.

യുക്തിവാദത്തില്‍ നിന്ന് നവനാസ്തികതയിലേക്ക്

1970കളിലും എണ്‍പതുകളിലും കേരളത്തില്‍ സജീവമായിരുന്ന യുക്തിവാദി പ്രസ്ഥാനം കേരളീയ നവോത്ഥാനത്തിന്റെയും കമ്യൂണിസത്തിന്റെയും അരികുപറ്റിയാണ് വളര്‍ച്ച പ്രാപിച്ചത്. യുക്തിവാദികള്‍, നിരീശ്വരവാദികള്‍ തുടങ്ങിയ പേരുകളിലാണ് ഏത്തീസ്റ്റുകള്‍ അന്ന് അറിയപ്പെട്ടത്. ഇപ്പോഴും കേരളത്തിലെ നാസ്തികര്‍ യുക്തിവാദികള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇടക്കാലത്ത് കമ്യൂണിസത്തിന്റെ ആശയപരമായ തകര്‍ച്ചയെ തുടര്‍ന്നും യുക്തിവാദി പ്രസ്ഥാന
ത്തിനകത്തെ ഭിന്നതകളെത്തുടര്‍ന്നും ദുര്‍ബലമായിത്തീര്‍ന്ന യുക്തിവാദം കേരളത്തില്‍ വീണ്ടും സജീവമായിത്തീരുന്നത് സോഷ്യല്‍മീഡിയയുടെ പ്രചാരത്തോടെയാണ്. ആദ്യകാല യുക്തിവാദികളില്‍ നിന്ന് വ്യത്യസ്തമായി നാസ്തികതയുടെ അടിസ്ഥാന ദര്‍ശനങ്ങളും ആശയങ്ങളും പ്രചരിപ്പിച്ചുകൊണ്ടല്ല പില്‍ക്കാല യുക്തിവാദികള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്; പ്രചണ്ഡമായ മതവിരുദ്ധ പ്രചാരവേലയിലൂടെയാണ്.

മതങ്ങളുടെ കൂട്ടത്തില്‍ അവര്‍ ഏറ്റവുമധികം എതിര്‍ക്കുന്നത് ഇസ്‌ലാമിനെയാണെന്ന് സോഷ്യല്‍ മീഡിയയിലെ യുക്തിവാദി പ്രൊഫൈലുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും. മറ്റെല്ലാ ദൈവങ്ങളോടും ഉള്ളതിനേക്കാളേറെ വെറുപ്പും വിരോധവും മുസ്ലിം
കള്‍ വിശ്വസിക്കുന്ന ഏകദൈവമായ അല്ലാഹുവിനോട് അവര്‍ക്കുണ്ട്. മുഹമ്മദ് നബിയെക്കുറിച്ച് പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന എല്ലാ നല്ല ധാരണകളും ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള പ്രചാരണങ്ങളാണ് അവരുടെ സോഷ്യല്‍ മീഡിയാകാമ്പയിന്റെ വലിയൊരു പങ്കും കവര്‍ന്നെടുക്കുന്നത്. മുസ്ലിംകളോടുള്ള വംശീയമായ വിരോധവും വെറുപ്പും നിറഞ്ഞുനില്‍ക്കുന്നതാണ് പല യുക്തിവാദി നേതാക്കളുടെയും സോഷ്യല്‍ മീഡിയാ ആക്ടിവിസ്റ്റുകളുടെയും എഴുത്തുകളും പ്രഭാഷണങ്ങളും. നാസ്തികതയും നവനാസ്തികതയും കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് തന്നെ ഇസ്ലാമിനെയും മുസ്ലിംകളെയും ടാര്‍ഗറ്റ് ചെയ്ത് കൊണ്ടുള്ള അവരുടെ പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ്.

എന്താണ് നാസ്തികത?
നാസ്തികത (Atheism) നിഷേധാത്മകമായ ഒരു ദര്‍ശനമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ദൈവം ഇല്ല എന്ന വിശ്വാസമാണ് അതിന്റെ അടിസ്ഥാനം. ദൈവത്തിലുള്ള അവിശ്വാസത്തില്‍ നിന്നാണ് മതത്തിലുള്ള നാസ്തികരുടെ അവിശ്വാസം ഉത്ഭവിക്കുന്നത്.
‘ദൈവമില്ലാതെ’ ( Without God) എന്നര്‍ഥം വരുന്ന Atheos എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് അവേലശാെ എന്ന ഇംഗ്ലീഷ് വാക്കിന്റെ ഉത്ഭവം എന്ന് കരുതപ്പെടുന്നു. ഇതിന്റെ വിപരീതമാണ് Theism (ആസ്തിക്യവാദം). എത്തിസത്തില്‍നിന്ന് അല്‍പം ഭിന്നമാണ് അജ്ഞേയവാദം (Agnosticism). നാസ്തികര്‍ ദൈവം ഇല്ല എന്ന് വിശ്വസിക്കുമ്പോള്‍, അജ്ഞേയവാദികള്‍ ദൈവം ഉണ്ടോ എന്ന കാര്യത്തില്‍ സന്ദേഹം പുലര്‍ത്തുന്നവരാണ്. അജ്ഞേയവാദികളായ നാസ്തികരുമുണ്ട് (Agnostic Atheism). ദൈവം ഉണ്ട് എന്നതിന് തെളിവുകള്‍ ഇല്ലെന്ന് കരുതുന്നത്‌കൊണ്ട് ദൈവത്തില്‍ വിശ്വസിക്കാതിരിക്കുകയും ദൈവം ഉണ്ടാവാനുള്ള സാധ്യത
തള്ളിക്കളയാതിരിക്കുകയും ചെയ്യുന്നവരാണ് ഇവര്‍ എന്ന് സാമാന്യമായി പറയാം. നാസ്തികര്‍ കേരളത്തില്‍ പൊതുവെ ‘യുക്തിവാദികള്‍’ എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും, നാസ്തികതയും യുക്തിവാദവും (rationalism) ഒന്നല്ല. നാസ്തികര്‍ ഇന്ദ്രിയാനുഭവങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയുമുള്ള (Empirical) അറിവിന് പ്രാമുഖ്യം കല്‍പ്പിക്കുമ്പോള്‍ യുക്തിവാദികള്‍ യുക്തിക്ക് (Reason) പ്രാമുഖ്യം നല്‍കുന്നു.

യുക്തിയുപയോഗിച്ച് ദൈവമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചയാളാണ് റാഷനലിസത്തിന്റെ ആധുനിക കാലത്തെ ആചാര്യന്മാരില്‍ പ്രമുഖനായ റെനെ ദൈക്കാര്‍ത്തെ (Rene Descartes). ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ സഹോദരന്‍ അയ്യപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ രൂപം നല്‍കിയ യുക്തിവാദ പ്രസ്ഥാനത്തില്‍ നിന്നായിരിക്കണം കേരളത്തിലെ നിരീശ്വരവാദികള്‍ക്ക് യുക്തിവാദികള്‍ എന്ന പേര് ലഭിച്ചത്. നാസ്തിക, നിരീശ്വരവാദ ചിന്താഗതികള്‍ പ്രാചീനകാലം തൊട്ടേ ഉണ്ടായിരുന്നു. പ്രാചീന ഇന്ത്യയിലെ ചാര്‍വാകന്മാരും പുരാതന ഗ്രീസിലെ അനക്‌സഗോറസ്, ഇറന്യൂസ്, ഡയഗോറസ് തുടങ്ങിയ തത്വചിന്തകന്‍മാരും ദൈവത്തിന്റെ അസ്തിത്വത്തെ നിഷേധിക്കുകയോ അതില്‍ സംശയം പ്രകടിപ്പിക്കുകയോ ചെയ്തവരാണ്. ദൈവത്തില്‍ അവിശ്വസിക്കുന്നവരെ മാത്രമല്ല, അംഗീകൃത മതവിശ്വാസങ്ങളെയും ആചാരങ്ങളെയും ചോദ്യം ചെയ്യുന്നവരെയും വിശേഷിപ്പിക്കാന്‍ ആദ്യ കാലത്ത് ഏത്തീസ്റ്റുകള്‍ എന്ന വാക്ക് ഉപയോഗിക്കപ്പെട്ടിരുന്നു. ഒരു അധിക്ഷേപ വാക്കായി ഉപയോഗിക്കപ്പെട്ടത് കാരണം സ്വയം ഏത്തീസ്റ്റുകള്‍ എന്ന് വിളിക്കാന്‍ പതിനാറ്, പതിനേഴ് നൂറ്റാണ്ട് വരെ ആരും തയ്യാറായിരുന്നില്ല എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ദൈവാസ്തിക്യത്തെ നിഷേ
ധിക്കുന്നവര്‍ എന്ന നിയതമായ അര്‍ഥത്തില്‍ എത്തീസം പ്രചാരം നേടിയതും എത്തീസ്റ്റുകള്‍ ആ പേരില്‍ സ്വയം വിളിക്കാന്‍ തുടങ്ങിയതും പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്പിലെ ജ്ഞാനോദയ (Enlightenment) കാലഘട്ടം മുതല്‍ക്കാണ്.

എത്തീസത്തിനകത്ത് നിരവധി ധാരകളുണ്ട്. ഫ്രാന്‍സിസ് ബേക്കണ്‍ മുതല്‍ കാള്‍ മാര്‍ക്‌സ് വരെയുള്ളവര്‍ ആധുനിക കാലത്ത് നാസ്തിക ചിന്താഗതികള്‍ക്ക് സംഭാവനയര്‍പ്പിച്ചവരാണ്. കമ്യൂണിസത്തിലൂടെയാണ് ലോകത്ത് ആദ്യമായി ‘സ്റ്റേറ്റ് എത്തീസം
നിലവില്‍ വന്നത്. മതവിശ്വാസത്തെ അധികാരശക്തിയുപയോഗിച്ച് അടിച്ചമര്‍ത്താനും ഇല്ലാതാക്കാനുമുള്ള വ്യാപകമായ ശ്രമങ്ങള്‍ സോവിയറ്റ് റഷ്യയിലും കമ്യൂണിസ്റ്റ് ചൈനയിലും അല്‍ബേനിയയിലും മറ്റു കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും ഉണ്ടായി. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നാസ്തികതയ്ക്കകത്ത് രൂപംകൊണ്ട പുതിയ പ്രസ്ഥാനമാണ് നവനാസ്തികത (New Atheism). അതിന്റെ വിശദാംശങ്ങളിലേക്ക് പിന്നീട് വരാം.

നാസ്തികര്‍ സ്വയം ശാസ്ത്രത്തിന്റെ ആളുകള്‍ എന്ന് അവകാശപ്പെടുന്നവരാണ്. മതം ശാസ്ത്ര വിരുദ്ധമാണ് എന്ന് വിശ്വസിക്കുന്നവരും. യൂറോപ്യന്‍ ക്രൈസ്തവതയുടെ പ്രത്യേകമായ ചരിത്ര പശ്ചാത്തലത്തില്‍ നിന്നാണ് മതവും ശാസ്ത്രവും തമ്മിലുള്ള സംഘര്‍ഷം ആരംഭിക്കുന്നത്. മധ്യകാല യൂറോപ്യന്‍ ക്രിസ്ത്യാനിറ്റി, വിശിഷ്യാ പൗരോഹിത്യം ബൈബിളിലെ ആശയങ്ങള്‍ക്ക് വിരുദ്ധമെന്ന് തോന്നിയ ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കും കണ്ടുപിടിത്തങ്ങള്‍ക്കും വിലക്ക് കല്‍പിച്ചിരുന്നു. നിരവധി സ്വതന്ത്ര ചിന്തകന്മാരും ശാസ്ത്രജ്ഞരും തങ്ങളുടെ ഗവേഷണങ്ങളുടെ പേരില്‍ കഠിനപീഡനങ്ങള്‍ക്കിരയാവുകയോ കൊല്ലപ്പെടുകയോ ഉണ്ടായി. സ്വാഭാവികമായും ശാസ്ത്ര മേഖല വലിയ പരിധിയോളം മതവിരുദ്ധമായി മാറി. പില്‍ക്കാല ക്രിസ്തു
മതം ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കും കണ്ടുപിടിത്തങ്ങള്‍ക്കും അംഗീകാരവും പ്രോത്സാഹനവും നല്‍കിയെങ്കില്‍ പോലും മതം ശാസ്ത്ര വിരുദ്ധമാണ് എന്ന ധാരണ രൂഢമൂലമാവാന്‍ ഈ ചരിത്ര പശ്ചാത്തലം കാരണമായി.

ഇസ്ലാമികലോകത്തിന്റെ അവസ്ഥ തീര്‍ത്തും വ്യത്യസ്തമായിരുന്നു. യൂറോപ്യന്‍ നവോത്ഥാനത്തിന്റെ വേരുകള്‍ ചെന്നെത്തുന്നത് ഇസ്ലാമിക ലോകത്തുണ്ടായ അഭൂതപൂര്‍വമായ ശാസ്ത്ര, വൈജ്ഞാനിക വളര്‍ച്ചയിലാണ്. കൊര്‍ദോവ, ബഗ്ദാദ് തുടങ്ങിയ ഇസ്ലാമിക നാഗരികതയുടെ കേന്ദ്രങ്ങളാണ് യൂറോപ്പിനെ ഉണര്‍ത്തിയത്. ഇസ്ലാമിക വൈജ്ഞാനിക പാരമ്പര്യത്തിന്റെ സുവര്‍ണ കാലമായിട്ടാണ് ഇത് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്നത്. ഇത്തരം പാരമ്പര്യമുള്ള ഇസ്ലാമിക ലോകം പില്‍ക്കാലത്ത് പല കാരണങ്ങളാല്‍ ശാസ്ത്ര മേഖലയില്‍ പിറകോട്ട് പോയി എന്നതും യാഥാര്‍ഥ്യമാണ്.

ദൈവവും നാസ്തികതയും
ശാസ്ത്രത്തിന്റെ വക്താക്കള്‍ എന്ന അവകാശവാദത്തോടെയാണ് നാസ്തികര്‍ ദൈവവിശ്വാസത്തെയും മതവിശ്വാസത്തെയും എതിര്‍ക്കുന്നത്. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതൊന്നും സത്യമല്ല എന്നാണ് അവരുടെ വാദം. നാസ്തികരുടെ കാഴ്ചപ്പാടില്‍ ദൈവം ഇല്ല എന്നതിന്റെ തെളിവ് ദൈവം ഉണ്ട് എന്നതിന് തെളിവില്ല എന്നതാണ്. (Absence of evidence is the evidence of absence-) തെളിവില്ല എന്നതാണ് ഇല്ല എന്നതിന്റെ തെളിവ്).

ദൈവം ഉണ്ടോ ഇല്ലേ എന്ന് ശാസ്ത്രത്തിന്റെ ടൂളുകള്‍ ഉപയോഗിച്ച് തെളിയിക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നത് കൊണ്ടാണല്ലോ നാസ്തികര്‍ ദൈവത്തിന് തെളിവ് ചോദിക്കുന്നത്. ശാസ്ത്രം ഇതുവരെ ഒരു കാര്യം തെളിയിച്ചിട്ടില്ല എന്നതിന്റെ പേരില്‍ അത് നിലനില്‍ക്കുന്നില്ല എന്ന തീര്‍പ്പിലെത്തുന്നത്, ശാസ്ത്രീയ ഗവേഷണങ്ങള്‍ക്ക് തടയിടുന്ന ശാസ്ത്ര വിരുദ്ധമായ നിലപാടാണ്. ഒരു കാര്യം ഇല്ല എന്നതിനല്ല ഉണ്ട് എന്നതിനാണ് തെളിവ് വേണ്ടത് എന്നും നാസ്തികര്‍ വാദിക്കാറുണ്ട്. ദൈവം ഇല്ല എന്ന് പലവിധ യുക്തികള്‍ ഉപയോഗിച്ച് നാസ്തികര്‍ക്ക് സമര്‍ഥിക്കേണ്ടി വരുന്നു എന്നത് തന്നെയാണ് ദൈവം ഉണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവ്. ഉണ്ട് എന്നതിനാണ് തെളിവ് വേണ്ടതെങ്കില്‍, ദൈവം ഇല്ല എന്ന് തെളിയിക്കാന്‍ നാസ്തികര്‍ എന്തിനാണ് ഇങ്ങനെ അത്യധ്വാനം ചെയ്യുന്നത്! ദൈവബോധം മനുഷ്യനില്‍ ജന്മനാ നിക്ഷേപിക്കപ്പെട്ട ഒന്നാണ്. അത് കൊണ്ടാണ് എല്ലാ കാലത്തും മനുഷ്യരില്‍ മഹാഭൂരിപക്ഷവും ദൈവവിശ്വാസികളായിരുന്നിട്ടുള്ളത്. ഏതോ തരത്തിലുള്ള ദൈവ വിശ്വാസം
എല്ലാ കാലത്തും മനുഷ്യരില്‍ നിലനിന്നിരുന്നു. ദൈവവും മതവും കേവലം അന്ധവിശ്വാസങ്ങളല്ല, ചരിത്രത്തില്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്കും സംസ്‌കാര, നാഗരികതകളുടെ വളര്‍ച്ചക്കും കാരണമാക്കിയ യാഥാര്‍ഥ്യങ്ങളാണ്. ശാസ്ത്രത്തിന്റെ ഭൗതിക ഉപകരണങ്ങള്‍ കൊണ്ട് തെളിയിക്കാന്‍ കഴിയില്ല എന്നത് കൊണ്ട് മാത്രം യുക്തിപരമായി നിഷേധിക്കാന്‍ കഴിയുന്ന ഒന്നല്ല ദൈവത്തിന്റെ അസ്തിത്വം.

ശാസ്ത്രത്തിന് എല്ലാം തെളിയിക്കാന്‍ കഴിയും എന്ന വാദംതന്നെ ശാസ്ത്ര വിരുദ്ധമാണ്. ശാസ്ത്രത്തിന്റെ ടൂളുകള്‍ ഉപയോഗിച്ച് തെളിയിക്കാവുന്ന അവകാശവാദമല്ല അത്, വെറും ഒരനുമാനം മാത്രമാണ്. പദാര്‍ഥലോകത്ത് മാത്രമേ പരീക്ഷണം നട
ത്താന്‍ കഴിയൂ എന്നതാണ് ശാസ്ത്രത്തിന്റെ വലിയ പരിമിതി. പദാര്‍ഥലോകത്ത് പരിമിതമായ ശാസ്ത്രത്തെ പദാര്‍ഥാതീതമായ ലോകത്തേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നു എന്നതാണ് നാസ്തികര്‍ ചെയ്യുന്ന അബദ്ധം. ധാര്‍മികത, സദാചാരം, മൂല്യങ്ങള്‍ ഇതിലൊന്നും ശാസ്ത്രത്തിന് അതിന്റേതായ റോള്‍ ഇല്ല. സാധാരണ പറയാറുള്ളത് പോലെ അണ്വായുധം നിര്‍മിക്കാന്‍ ശാസ്ത്രത്തിന് കഴിയും. അതെങ്ങനെ ഉപയോഗിക്കണം എന്ന് പറയാന്‍ ശാസ്ത്രത്തിന് കഴിയില്ല. ഇസ്രായേല്‍ ഫലസ്തീനികളെ ബോംബിട്ടു കൊല്ലുന്നതും അമേരിക്ക അത്യന്തം നശീകരണ ശേഷിയുള്ള ആധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് ലോകത്ത് യുദ്ധം വിതയ്ക്കുന്നതും ധാര്‍മികമായി തെറ്റോ ശരിയോ എന്ന് പറയാന്‍ ശാസ്ത്രത്തിന് കഴിയില്ല. ശരിതെറ്റുകളെക്കുറിച്ച് ശാസ്ത്രത്തിനപ്പുറമുള്ള ഒരു ധാര്‍മിക കാഴ്ചപ്പാട് ഇല്ലാത്തത് കൊണ്ട് കൂടിയാണ് ശാസ്ത്രമാത്രവാദികളായ പല നവനാസ്തികരും വംശീയതയെയും സാമ്രാജ്യത്വ അധിനിവേശങ്ങളെയും പരസ്യമായി പിന്തുണക്കുന്നത്.

പദാര്‍ഥലോകത്ത് ബാധകമായതും അതേ സമയം പദാര്‍ഥാതീതവുമായ കാര്യങ്ങളില്‍പോലും വിധികല്‍പിക്കാന്‍ ശാസ്ത്രത്തിന് സാധ്യമല്ലെങ്കില്‍ ഭൗതിക പ്രപഞ്ചത്തിനപ്പുറമുള്ള ദൈവത്തെക്കുറിച്ച് തീര്‍പ്പ് കല്‍പിക്കാന്‍ ശാസ്ത്രത്തിന് എങ്ങനെ കഴിയും? അതേസമയം മനുഷ്യന് നല്‍കപ്പെട്ട സാമാന്യയുക്തി പ്രപഞ്ച സ്രഷ്ടാവായ ഒരു ദൈവത്തിന്റെ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. പ്രപഞ്ചത്തില്‍ ഒന്നും സ്വയം സൃഷ്ടിക്കപ്പെടുന്നതായി നാം കാണുകയോ അനുഭവിക്കുകയോ ചെയ്യുന്നില്ല. എന്നിരിക്കെ ഈ മഹാപ്രപഞ്ചവും മനുഷ്യന്‍ ഉള്‍പ്പെടെയുള്ള അതിലെ കോടാനു കോടി ജീവജാലങ്ങളും ഒരു ആദി കാരണം കൂടാതെ സ്വയംഭൂവായി എന്ന് കരുതുന്നത് അത്യന്തം യുക്തി വിരുദ്ധമാണ്. പ്രപഞ്ചഘടനയിലും ജീവജാലങ്ങളിലും കാണ
പ്പെടുന്ന അത്യത്ഭുതകരമായ ആസൂത്രണവും സൃഷ്ടി വൈഭവവും സര്‍വജ്ഞനും സര്‍വശക്തനുമായ ഒരു സ്രഷ്ടാവിന്റെ അനിവാര്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒരു സ്രഷ്ടാവിനെക്കൂടാതെ പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് ഇതു
വരെ ബുദ്ധിയെയും യുക്തിയെയും തൃപ്തിപ്പെടുത്തുന്ന മറുപടി നല്‍കാന്‍ നാസ്തികര്‍ക്ക് സാധിച്ചിട്ടില്ല. ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യത്തിലൂടെയാണ് നവനാസ്തികതയുടെ ആചാര്യന്മാരില്‍ പ്രമുഖനായ റിച്ചാഡ് ഡോക്കിന്‍സ് പോലും
ഈ സമസ്യയെ മറികടക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ഭൗതിക പ്രപഞ്ചത്തിന്റെ ഉല്‍പത്തിയെക്കുറിച്ച ചോദ്യത്തെ പ്രപഞ്ചത്തിന് അതീതനായ ദൈവത്തിന് കൂടി ബാധകമാക്കിക്കൊണ്ട്, സ്രഷ്ടാവിന്റെ സ്രഷ്ടാവാര് എന്ന അനന്തവും അര്‍ഥശൂന്യവുമായ ചോദ്യം
ഉന്നയിക്കുകയാണ് നാസ്തികര്‍. മനുഷ്യന്‍ ഇല്ലായ്മയില്‍നിന്ന് ഒന്നും സൃഷ്ടിക്കുന്നില്ല. ഇല്ലായ്മയില്‍ നിന്ന് സൃഷ്ടിക്കുന്നവനാണ് ദൈവം. പ്രപഞ്ചത്തിന് മുമ്പുള്ളതും പ്രപഞ്ചത്തിന് പുറത്തുള്ളതുമായ ഒരു അസ്തിത്വത്തിന് മാത്രമേ ഇല്ലായ്മയില്‍നിന്ന്
പ്രപഞ്ചത്തെ സൃഷ്ടിക്കാന്‍ കഴിയൂ. ദൈവം ഉണ്ട് എന്നത്‌പോലെ തന്നെയുള്ള യുക്തി സഹമായ നിലപാടാണ് ദൈവം അനാദിയാണ് എന്നതും. ശാസ്ത്രത്തിന് അതിന്റെ രീതിശാസ്ത്രം ഉപയോഗിച്ച് കൊണ്ട് ഇത്തരം കാര്യങ്ങള്‍ തെറ്റാണോ ശരിയാണോ എന്ന് തെളിയിക്കാന്‍ കഴിയില്ല. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പിക്കാന്‍ ശാസ്ത്രത്തിന് കഴിയില്ല എന്ന് മുമ്പ് സൂചിപ്പിക്കുകയുണ്ടായി. മനുഷ്യന് ശാസ്ത്രത്തിനപ്പുറമുള്ള ജ്ഞാന സ്രോതസുകള്‍ അനിവാര്യമായിത്തീരുന്നത് അത് കൊണ്ടാണ്.

വിശ്വാസികളെ സംബന്ധിച്ചിടത്തോളം ദൈവവും വെളിപാടുമാണ് അറിവിന്റെ പരമമായ ഉറവിടം. പദാര്‍ഥാതീതമായ യാഥാര്‍ഥ്യങ്ങളെക്കുറിച്ചും മനുഷ്യജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും ധാര്‍മികതയെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും അവലം
ബനീയമായ അറിവും മാര്‍ഗദര്‍ശനവും നല്‍കാന്‍ ദൈവത്തിന് മാത്രമേ കഴിയൂ എന്നതാണ് വിശ്വാസികളുടെ നിലപാട്. ബുദ്ധിയെയും യുക്തിയെയും ആര്‍ജിതമായ അറിവിനെയും ഉയോഗപ്പെടുത്തിക്കൊണ്ട് തത്വചിന്തകര്‍ അടിസ്ഥാനപരമായ ഈ
ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്. ആ ഉത്തരങ്ങളില്‍ മതദര്‍ശനങ്ങളുടെ ആഴത്തിലുള്ള സ്വാധീനമുണ്ടെങ്കില്‍ കൂടി, മനുഷ്യ യുക്തിയുടെയും ബുദ്ധിയുടെയും അറിവിന്റെയും പരിമിതികളും മനുഷ്യരുടെ വ്യക്തിനിഷ്ഠമായ അഭിരുചി
കളും താല്‍പര്യങ്ങളും അവയില്‍ ഉള്‍ചേര്‍ന്നിരിക്കും. മനുഷ്യനെക്കുറിച്ച ചോദ്യങ്ങള്‍ക്ക് മനുഷ്യര്‍ നല്‍കുന്ന ഉത്തരങ്ങളെ മാത്രം അവലംബിക്കുന്നതാണ് ആധുനിക ലിബറല്‍ നാഗരികത അനുഭവിക്കുന്ന പ്രതിസന്ധികളുടെ മൂല കാരണം.

ദൈവം ഇല്ല എന്ന് സ്ഥാപിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍ നാസ്തികര്‍ ഉന്നയിക്കുന്ന ചോദ്യമാണ് ഏത് ദൈവം എന്നത്. അനേകം ദൈവസങ്കല്‍പങ്ങളില്‍നിന്ന് ഏത് തെരഞ്ഞെടുക്കും എന്നത്. അത്യന്തം ബാലിശമാണ് ഈ വാദം. ഒരു ചോദ്യത്തിന് ശരിയായ ഒരു ഉത്തരവും തെറ്റോ ഭാഗികമായി ശരിയോ ആയ നിരവധി ഉത്തരങ്ങളും നല്‍കപ്പെടാം. തെറ്റായ ഉത്തരങ്ങള്‍ നിലനില്‍ക്കുന്നുവെന്നത് ശരിയായ ഉത്തരത്തിന്റെ സാധ്യതയെ ഇല്ലാതാക്കുന്നില്ല. ശരിയായ ഉത്തരം ഏതാണെന്ന് പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. നാസ്തികര്‍ ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നത് ദൈവം ഉണ്ട് എന്ന ഉത്തരം നിലവിലില്ലാത്തത് കൊണ്ടല്ല. ഒരേ ചോദ്യത്തിന് നല്‍കപ്പെടുന്ന രണ്ട് ഉത്തരങ്ങളില്‍നിന്ന് അവര്‍ക്ക് ബോധ്യപ്പെട്ട ഒരുത്തരം തെരഞ്ഞെടുക്കുകയാണ്. ഇത് പോലെ തന്നെയാണ് പല ദൈവ സങ്കല്‍പങ്ങളില്‍ നിന്ന് ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുന്നതും.

ബുദ്ധിയും ചിന്തയുമില്ലാതെ അന്ധമായിട്ടാണ് മനുഷ്യര്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് എന്ന് നാസ്തികര്‍ പറയാറുണ്ട്. ദൈവവിശ്വാസം ബുദ്ധിയുടെയും ചിന്തയുടെയും മാത്രമല്ല, മനുഷ്യപ്രകൃതിയുടെയും തേട്ടമാണെന്ന് മുമ്പ് സൂചിപ്പിക്കുകയുണ്ടായി. ദൈവത്തില്‍ വിശ്വസിക്കാന്‍ മനുഷ്യര്‍ക്ക് പലപ്പോഴും ബൗദ്ധിക വിശകലനങ്ങളുടെ ആവശ്യമില്ല. ജീവിതത്തിലെ ഏതെങ്കിലും അനുഭവം മതിയാവും. പക്ഷെ, ദൈവ വിശ്വാസം മനസ്സില്‍ ഊട്ടിയുറപ്പിക്കണമെങ്കിലും അതനുസരിച്ച് ജീവിതം ക്രമപ്പെടുത്തണമെങ്കിലും അറിവും ചിന്തയും കുടിയേ തീരൂ. അന്ധമായി ദൈവത്തില്‍ വിശ്വസി
ക്കാനല്ല ഇസ്ലാം മനുഷ്യനോട് ആവശ്യപ്പെടുന്നത്.

പ്രപഞ്ചസൃഷ്ടിയിലെ അത്ഭുതങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടും അതെക്കുറിച്ച് ചിന്തിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുമാണ് സ്രഷ്ടാവും ഏകനുമായ ദൈവത്തിന്റെ ആസ്തിക്യത്തെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും കഴിവുകളെക്കുറിച്ചും ഖുര്‍ആന്‍
നിരന്തരം സംസാരിക്കുന്നത്. ദൈവവിശ്വാസവും പരലോകബോധവും മനുഷ്യമനസ്സില്‍ രൂഢമൂലമാക്കാന്‍ ഖുര്‍ആനില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്ന ശൈലി ബുദ്ധിയെയും മനസ്സിനെയും ഒരേസമയം സ്പര്‍ശിക്കുന്ന തരത്തിലുള്ളതാണ്.
ദൈവം ഇല്ല എന്ന് സമര്‍ഥിക്കാന്‍ നാസ്തികരും യുക്തിവാദികളും അവലംബിക്കുന്ന മറ്റൊരു രീതി സ്വന്തമായ ഒരു ദൈവസങ്കല്‍പം ഉണ്ടാക്കി അതിനെ വിമര്‍ശിച്ചു കൊണ്ടിരിക്കുക എന്നതാണ്. ഇതിന് ഇംഗ്‌ളീഷില്‍ Srawman argument എന്ന് പറ
യും. ഒരു വൈക്കോല്‍ മനുഷ്യനെ പടച്ചുണ്ടാക്കി അതിനെ തല്ലിക്കൊണ്ടിരിക്കുക. ദൈവത്തെക്കുറിച്ച് വിശ്വാസികള്‍ക്ക് ഇല്ലാത്ത കാഴ്ചപ്പാടുകള്‍ അവരുടെ മേല്‍ അടിച്ചേല്‍പിച്ച് അതിന് മറുപടി പറയാന്‍ അവരെ നിര്‍ബന്ധിക്കുക. കൊറോണ വരുമ്പോ
ഴും വെള്ളപ്പൊക്കം വരുമ്പോഴും ദൈവം വിശ്വാസികളെ രക്ഷിക്കാന്‍ വേണ്ടി ഇടപെടാത്തതെന്ത് എന്ന നാസ്തികരുടെ ചോദ്യം ഇക്കൂട്ടത്തില്‍പെട്ടതാണ്. പ്രപഞ്ചത്തിന്റെ നടത്തിപ്പിന് കാര്യകാരണബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു വ്യവസ്ഥയും ക്രമവും ദൈവം ഉണ്ടാക്കിവെച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാതെയാണ് ഏത് കാര്യം സംഭവിക്കുമ്പോഴും മാന്ത്രിക വടിയുമായി ദൈവം ഇറങ്ങി വരാത്തതെന്ത് എന്ന് നാസ്തികര്‍ ചോദിക്കുന്നത്. മനുഷ്യര്‍ അഭിമുഖീകരിക്കുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് നാസ്തികരുടെ കയ്യിലുള്ള പരിഹാരമെന്ത് എന്ന ചോദ്യത്തില്‍നിന്ന് രക്ഷപ്പെടാന്‍ കൂടിയാണ് തങ്ങള്‍ ഇല്ല എന്ന് വിശ്വസിക്കുന്ന ദൈവം എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കണം എന്ന പിടിവാശി.

ദൈവം ഇല്ല എന്ന വാദം യുക്തിയിലൂടെയോ ശാസ്ത്രത്തിലൂടെയോ സ്ഥാപിക്കാന്‍ കഴിയാത്തത് കൊണ്ടാണ് പല നാസ്തികരും നാസ്തികര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നതിന് പകരം, ‘സ്വതന്ത്ര ചിന്തകര്‍’ (free thinkers) എന്ന കുപ്പായം എടുത്ത
ണിയുന്നത്. അംഗീകൃത ധാരണകളെയും വിശ്വാസങ്ങളെയും അപ്പടി സ്വീകരിക്കാതെ സ്വന്തം ബുദ്ധിയും യുക്തിയും ഉപയോഗിച്ച് നിലപാടുകള്‍ എടുക്കുന്നവരെയാണ് പൊതുവെ സ്വതന്ത്രചിന്തകര്‍ എന്ന് വിളിക്കുന്നത്. സ്വതന്ത്രചിന്ത ഒരു മിഥ്യയാണ്. എല്ലാ മനുഷ്യരും അവരുടെ വിശ്വാസങ്ങളിലും ആശയങ്ങളിലും ഊന്നി നിന്നു കൊണ്ടാണ് നിലപാടുകള്‍ സ്വീകരിക്കുന്നത്. നാസ്തികരുടെ സ്വതന്ത്രചിന്തക്ക് ഒരു കുഴപ്പമേയുള്ളൂ; അത് ഒട്ടും സ്വതന്ത്രമല്ല. മതത്തെക്കുറിച്ച്, വിശേഷിച്ചും ഇസ്‌ലാമിനെ
ക്കുറിച്ച് കടുത്ത മുന്‍വിധികളിലും ശാസ്ത്രത്തിന്റെ അഥോറിറ്റിയിലുള്ള അന്ധമായ വിശ്വാസത്തിലും ഊട്ടപ്പെട്ടതാണ്.

നവനാസ്തികത
2001 സെപ്തംബര്‍ 11 ന് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിനെതിരെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ്, നവനാസ്തികത (New Atheism) ഒരു പ്രസ്ഥാനമായി രംഗപ്രവേശം ചെയ്യുന്നത്. മതത്തിനെതിരെ പൊതുവിലും ഇസ്ലാമി
നെതിരെ സവിശേഷമായും അക്രമാസക്തമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടാണ് നവനാസ്തികത കടന്നുവന്നത്. നാല് കുതിരക്കാര്‍ (Four Horsemen) എന്നറിയപ്പെട്ട, ധാരാളം കോപ്പികള്‍ വിറ്റഴിഞ്ഞ പ്രശസ്തമായ നാല് കൃതികളുടെ കര്‍ത്താക്കളായ ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് (ഗോഡ് ഈസ് നോട്ട് ഗ്രേറ്റ്), റിച്ചാര്‍ഡ് ഡോക്കിന്‍സ് (ദി ഗോഡ് ഡെലൂഷ്യന്‍), സാം ഹാരിസ് (ദി എന്‍ഡ് ഓഫ് ഫെയ്ത്ത്), ഡാനിയല്‍ ഡെന്നറ്റ് (ബ്രേക്കിംഗ് ദി സ്‌പെല്‍) എന്നിവരാണ് നവനാസ്തികതയുടെ ആചാര്യന്മാര്‍.
ആശയപരമായി പരമ്പരാഗത നാസ്തികതയില്‍നിന്ന് നവനാസ്തികത വലിയ അന്തരം പുലര്‍ത്തുന്നില്ല.

ശാസ്ത്രമാത്രവാദത്തിലൂടെയും (Scientism, ശാസ്ത്രമാണ് അറിവിന്റെ പരമമായ ഉറവിടം എന്ന നിലപാട്) പരിണാമവാദത്തിന്റെ പുതിയ വ്യാഖ്യാനങ്ങളിലൂടെയും നാസ്തികത എക്കാലത്തും അഭിമുഖീകരിച്ച കുഴക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് നവനാസ്തികതയുടെ ആചാര്യന്മാര്‍ ചെയ്തത്. ധാര്‍മികതയുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് പോലും ശാസ്ത്രീയ ഗവേഷണങ്ങളിലൂടെ കൃത്യമായ ഉത്തരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന് തെളിവുകളൊന്നും കൂടാതെ തന്നെ നവനാസ്തികര്‍ വിശ്വസിക്കുന്നു.

9/11 ആക്രമണത്തെ തുടര്‍ന്ന് അമേരിക്ക മുസ്ലിം ലോകത്തെ ഉന്നം വെച്ച് ഭീകരതാ വിരുദ്ധ യുദ്ധം (War on terror) പ്രഖ്യാപിച്ചപ്പോള്‍ കടുത്ത ഇസ്‌ലാം / മുസ്ലിം വിരുദ്ധ നിലപാടുകളിലൂടെ അതിന് ആശയപരമായ കരുത്ത് പകര്‍ന്നവരാണ് നവ
നാസ്തികരുടെ ആചാര്യന്മാരായ നാല്‍വര്‍ സംഘം. 9/11 സൃഷ്ടിച്ച അനുകൂല പശ്ചാത്തലത്തില്‍ നിന്ന് വിളവെടുക്കുകയായിരുന്നു അവര്‍ എന്ന് വേണമെങ്കില്‍ പറയാം. ഇടതുപക്ഷത്തിന്റെ ഓരം ചേര്‍ന്ന് വളര്‍ന്ന നാസ്തികത തീവ്രവലതു പക്ഷത്തേക്ക് ചുവടുമാറ്റുന്നത്‌നവനാസ്തികതയിലൂടെയാണ്. അല്‍ഖാഇദ നടത്തിയെന്ന് പറയപ്പെടുന്ന 9/11 ആക്രമണത്തിന് ഇസ്‌ലാമുമായി ബന്ധമില്ലെങ്കില്‍പോലും, ആ സംഭവത്തിന്റെ മറവില്‍ ഇസ്‌ലാമിനെ ഭീകരതയുടെ മതമായി ചിത്രീകരിക്കാന്‍ നവനാസ്തികതയുടെ ആചാര്യന്മാര്‍ തീവ്രശ്രമം നടത്തി. അമേരിക്കയുടെയും ഇസ്രായേലിന്റെയും അധിനിവേശ നയങ്ങളെ വെള്ളപൂശുന്നതും മുസ്ലിംകള്‍ക്കെതിരായ വംശീയാധിക്ഷേപം നിറഞ്ഞുനില്‍ക്കുന്നതുമായ നിരവധി പരാമര്‍ശങ്ങള്‍ ഹാരിസിന്റെയും ഹിച്ചന്‍സിന്റെയും എഴുത്തുകളില്‍ കാണാം. ഡോക്കിന്‍സിന്റെ ഇസ്ലാമോഫോബിക് കമന്റുകള്‍ പടിഞ്ഞാറന്‍ ലോകത്ത് പലപ്പോഴും വിവാദമായിട്ടുണ്ട്. നവനാസ്തികത അതിന്റെ തീവ്രവലതുപക്ഷ, ഇസ്‌ലാമോഫോബിക് നിലപാടുകളുടെ പേരില്‍ പടിഞ്ഞാറന്‍ ലോകത്ത് നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. നവനാസ്തികത രംഗപ്രവേശം ചെയ്തിട്ട് രണ്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. നവനാസ്തികരുടെ ആക്രമണോത്സുക നിലപാടുകള്‍ക്ക് തിരുത്തായി എത്തീസം പ്‌ളസ് തുടങ്ങിയ പ്രസ്ഥാനങ്ങളും പടിഞ്ഞാറന്‍ ലോകത്ത് തന്നെ രംഗത്ത് വന്നിട്ടുണ്ട്.

കേരളീയ നാസ്തികത
മതവിമര്‍ശനത്തിന്റെ കാര്യത്തില്‍ പടിഞ്ഞാറന്‍ നവനാസ്തികരുടെ പല ശൈലികളും സ്വഭാവങ്ങളും അറിഞ്ഞോ അറിയാതെയോ സ്വാംശീകരിച്ചവരാണ് കേരളത്തിലെ സൈബര്‍ നാസ്തികര്‍. ഡോക്കിന്‍സിനെയും ഹിച്ചന്‍സിനെയും സാം ഹാരിസിനെയും ആരാധ്യപുരുഷന്‍മാരായി കരുതുന്നവരും കൊളോണിയലിസത്തെയും ഭരണകൂട ഭീകരതയെയും വെള്ള പൂശുന്നവരുമായ നവനാസ്തികതയുടെ കൃത്യമായ ഒരു ധാരയും കേരളീയ നാസ്തികതയ്ക്കകത്തുണ്ട്. ഇസ്ലാമോഫോബിയ അവരുടെ ഒഴിയാബാധയാണ്. ഇസ്ലാമിനെതിരായ ആശയപരമായ വിമര്‍ശനം എന്ന പേരില്‍ ശുദ്ധമായ വംശീയാധിക്ഷേപവും വിദ്വേഷ പ്രചാരണവുമാണ് കേരളീയ നാസ്തികരില്‍ വലിയൊരു വിഭാഗം നടത്തിക്കൊണ്ടിരിക്കുന്നത്.

ഇസ്ലാം അസഹിഷ്ണുതയുടെ മതമാണ്, മുസ്ലിംകള്‍ അസഹിഷ്ണുക്കളും ആക്രമണോത്സുകരുമാണ് തുടങ്ങി നാലു കെട്ടുകയും, കണ്ടമാനം കുട്ടികളെ ജനിപ്പിച്ച് ജനസംഖ്യ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നവരാണ് എന്ന് വരെയുള്ള വംശീയ
വിദ്വേഷം വളര്‍ത്തുന്ന ഇമേജറികള്‍ പൊതുസമൂഹത്തിന്റെ മനസ്സിലേക്ക് കൂടുതല്‍ ശക്തിയോടെ പ്രക്ഷേപിക്കുകയാണ്, സംഘ്പരിവാറിന്റെതിനേക്കാള്‍ നീചമായ ഭാഷയിലും ശൈലിയിലും ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിനെയും മുസ്‌ലിം
കളെയും പരിഹസിക്കുകയും ട്രോളുകയും രക്തദാഹികളും ഭീകരവാദികളുമായി ചിത്രീകരിക്കുകയും ചെയ്യുന്ന വീഡിയോകള്‍ കൊണ്ടും കമന്റുകള്‍ കൊണ്ടും സമ്പന്നമാണ് കേരളീയ നാസ്തികരുടെ എണ്ണിത്തീര്‍ക്കാന്‍ പ്രയാസമായ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍.

ലോകത്ത് ആക്ഷേപകരമായി എന്ത് സംഭവിച്ചാലും അതിന്റെ പിന്നില്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും കൈ കണ്ടെത്താന്‍ ശ്രമിക്കുക, മുസ്‌ലിംകളില്‍ ചിലര്‍ ചെയ്യുന്ന തിന്മകളെ പര്‍വതീകരിക്കുകയും സാമാന്യവല്‍ക്കരിക്കുകയും ചെയ്യുക,
മുസ്‌ലിംകള്‍ വേട്ടയാടപ്പെടുമ്പോഴും, വേട്ടക്കാരുടെ കൂടെനിന്ന് കുറ്റം മുസ്ലിംകളുടെ തലയില്‍ വെച്ചു കെട്ടുക – ഇതൊക്കെ ഇസ്‌ലാമോഫോബിയയുടെ പ്രകടമായ ലക്ഷണങ്ങളാണ്. രാജ്യമെമ്പാടും സി.എ.എ/എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭം
പടര്‍ന്നുപിടിച്ച സമയത്ത് കേരളത്തിലെ നവ നാസ്തികരുടെ നേതാവായ സി.രവി ചന്ദ്രന്‍ നടത്തിയ പ്രഭാഷണത്തില്‍, സംഘ്പരിവാറിനെപ്പോലും തോല്‍പിച്ചുകൊണ്ട്, പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമല്ലെന്ന് സമര്‍ഥിക്കാന്‍ ഉപയോഗിച്ച കുയുക്തി സംവരണത്തിലും വിവേചനം അടങ്ങിയിട്ടുണ്ടല്ലോ എന്നതായിരുന്നു.

കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ക്ക് എന്താണ് കുഴപ്പം, അല്‍പം സ്വാതന്ത്ര്യം കുറയും എന്നല്ലാതെ എന്ന് വരെ ആ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞുകളഞ്ഞു. മറ്റൊരു പ്രഭാഷണത്തില്‍, ഗോദ്‌സെയുടെ നാവായിക്കൊണ്ട്, ഗാന്ധി വധത്തിന്റെ കാരണങ്ങള്‍ അണിനിരത്തുന്ന ഈ നാസ്തിക നേതാവ് (ഗാന്ധിയുടെ മുസ്‌ലിം അനുകൂല നിലപാടുകളാണ് ഗാന്ധിയെ വധിക്കാന്‍ ഗോദ്‌സെ പറഞ്ഞ കാരണങ്ങളില്‍ മുഖ്യം എന്നോര്‍ക്കുക), ഗോദ്‌സെ തൂക്കുമരത്തിലേക്ക് നടന്നടുക്കുന്ന രംഗം കണ്ഠ
മിടറിക്കൊണ്ട് വിവരിക്കുന്നത് കേള്‍ക്കേണ്ടത് തന്നെയാണ്.

ഭരണകൂട ഭീകരത എന്നൊരു വാക്ക് നവനാസ്തികരുടെ നിഘണ്ടുവില്‍ ഇല്ല. കൊളോണിയലിസം, കാപിറ്റലിസം തുടങ്ങിയവ മനുഷ്യനാഗരികതയുടെ വികാസ പരിണാമത്തിലെ സ്വാഭാവികഘട്ടങ്ങള്‍ ആയി കാണുന്നതിനാല്‍ ഒട്ടുംതന്നെ എതിര്‍
ക്കപ്പെടേണ്ടവയല്ല, അവരുടെ ദുഷ്ടിയില്‍. എന്നല്ല, കൊളോണിയല്‍ അധിനിവേശങ്ങള്‍ക്ക് ഇരകളാവുന്നവര്‍ മുസലിംകള്‍ ആണെങ്കില്‍, അപരിഷ്‌കൃതരായ ഒരു ജനവിഭാഗത്തെ പരിഷ്‌കരിച്ചെടുക്കുക എന്ന ആധുനിക പരിഷ്‌കൃത ലോകത്തിന്റെ
ദൗത്യത്തിന്റെ ഭാഗമായി അത് ന്യായീകരിക്കപ്പെടും എന്ന് വിശ്വസിക്കുന്നവരാണ് സാം ഹാരിസിനെയും ഹിച്ചന്‍സിനെയും പോലുള്ള നവനാസ്തികതയുടെ ആചാര്യന്മാര്‍. അവരത് തുറന്നെഴുതിയിട്ടുമുണ്ട്. ഇസ്രായേലിന്റെ ഭരണകൂട ഭീകരതയെ
പരസ്യമായി പിന്തുണക്കുന്ന രണ്ട് കൂട്ടരാണ് നമ്മുടെ നാട്ടിലുള്ളത്: നവനാസ്തികരും സംഘ്പരിവാറും. ഇസ്രായേല്‍ ഫലസ്തീനികളെ ബോംബിട്ടു കൊല്ലുമ്പോള്‍, സയണിസ്റ്റ് രാഷ്ട്രത്തിന്റെ അതേ ഭാഷയില്‍ ഹമാസിന്റെ റോക്കറ്റുകളെക്കുറി
ച്ചും ഫലസ്തീനീ ചാവേറുകളെക്കുറിച്ചും അവര്‍ സംസാരിച്ചുകൊണ്ടേയിരിക്കും. മുസ്‌ലിംകള്‍ക്കെതിരെ എവിടെയെങ്കിലും ഭീകരാക്രമണം നടന്നാല്‍ അവര്‍ ഉള്ളാലെ സന്തോഷിക്കുകയും ‘മുസ്‌ലിം ഭീകരത’യുടെ സ്ഥിതി വിവരണക്കണക്കുകള്‍ നി
രത്തി അതിനെ ന്യായീകരിക്കുകയും ചെയ്യും. ലോകത്തെവിടെയും ഖുര്‍ആന്‍ കത്തിച്ചും പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചും പ്രകോപനം സൃഷ്ടിക്കുന്ന സാമൂഹ്യ വിരുദ്ധരെ ഏറ്റവും ശക്തമായി പിന്തുണക്കുന്നത്, പ്രവാചകനിന്ദ നിത്യത്തൊഴിലായി സ്വീകരിച്ച നാസ്തികരായിരിക്കും.

സോഷ്യല്‍ മീഡിയ നല്‍കുന്ന സൗകര്യവും സാധ്യതകളും ഉപയോഗപ്പെടുത്തി ക്കൊണ്ട് മുസ്ലിം വിരുദ്ധ പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്നവിധം വിദ്വേഷ പ്രചാരണം കൊഴുപ്പിക്കുക എന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനമാണ് അവര്‍ നടത്തിക്കൊ
ണ്ടിരിക്കുന്നത്.

നാസ്തികത തീര്‍ത്തും നിഷേധാത്മകമായ ഒരു ദര്‍ശനമാണ്. ദൈവവിശ്വാസത്തെയും മതവിശ്വാസത്തെയും മതങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളെയും എതിര്‍ക്കുക എന്നതിലുപരി മതത്തിന് ബദലായ ഒരു ചിന്താ
പദ്ധതിയോ ജീവിതരീതിയോ ഒരു കാലത്തും അത് മുന്നോട്ട് വെച്ചിട്ടില്ല. സമൂഹത്തില്‍ അതിന്റെ സ്വാധീനവും നിഷേധാത്മകമാണ്. നാസ്തികതയുടെ കാഴ്ചപ്പാടില്‍ മനുഷ്യജീവിതത്തിന് പ്രത്യേകമായ ഒരു ലക്ഷ്യമില്ല. പരിണാമ പ്രക്രിയയില്‍ മൃഗങ്ങളേക്കാള്‍ വികസിച്ച തലച്ചോറ് മനുഷ്യന് ഉണ്ടായി എന്നത് മാത്രമാണ് മനുഷ്യനും മൃഗവും തമ്മിലുള്ള അടിസ്ഥാനപരമായ അന്തരമായി നാസ്തികത കാണുന്നത്. ധാര്‍മികതക്ക് കൃത്യമായ ഒരു നിര്‍വചനം നല്‍കാനോ എല്ലാ മനുഷ്യര്‍ക്കും സ്വീകരിക്കാവുന്ന ധാര്‍മിക നിയമങ്ങള്‍ ആവിഷ്‌കരിക്കാനോ നാസ്തികതക്ക് സാധ്യമല്ല. മതവിശ്വാസത്തില്‍ നിന്നും ദൈവവിശ്വാസത്തില്‍ നിന്നും മനുഷ്യരെ അടര്‍ത്തിയെടുത്ത് കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവരാക്കി മാറ്റുന്നു എന്നത് മാത്രമാണ് നാസ്തികത ചെയ്യുന്ന സേവനം. എല്ലാ നാസ്തികരും ചീത്ത മനുഷ്യരാണ് എന്നല്ല ഇതിന്റെ അര്‍ഥം. മനുഷ്യരെ ധാര്‍മനിഷ്ഠരും സാമൂഹിക പ്രതിബദ്ധതയുള്ളവരുമാക്കി മാറ്റുന്ന ഒരു ദര്‍ശനവും കാഴ്ചപ്പാടും നാസ്തികതക്ക് ഇല്ല എന്നതാണ്. മനുഷ്യജീവിതത്തിന് സാമൂഹികമായ ലക്ഷ്യം നല്‍കാന്‍ നാസ്തികതക്ക് കഴിയാത്തത് കൊണ്ടാണ് നാസ്തികര്‍ പലപ്പോഴും സാമൂഹിക വിരുദ്ധരായി മാറുന്നതും സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളില്‍ വ്യാപൃതരാവുന്നതും.

അധിക വായനക്ക്:
– നവനാസതികത: മതവിരുദ്ധ യുക്തിയുടെ രാഷ്ട്രീയം-ടി.കെ.എം. ഇഖ്ബാല്‍. പ്രസാധനം: ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്.
– ദൈവം:ഡോക്കിന്‍സ് ആരാധകരുടെ വിഭ്രാന്തികള്‍-എന്‍.എം. ഹുസൈന്‍.പ്രസാധനം: epublica
– യുക്തിവാദികളും ഇസ്ലാമും-ഒ.അബ്ദുറഹ്മാന്‍. പ്രസാധനം: ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്
– മുഹമ്മദ് നബിയും യുക്തിവാദികളും – ശൈഖ് മുഹമ്മദ് കാരകുന്ന്. പ്രസാധനം: ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്
– പ്രവാചകത്വം, യുക്തിവാദം, ആദ്ധ്യാത്മികം, ഭൗതിക ശാസ്ത്രം: ഫൈസി പ്രസാധനം: ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles