Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദിന്റെ വ്യക്തിത്വവും ആയിഷയുമായുള്ള വിവാഹവും

ആദ്യം തന്നെ പറയട്ടെ, ഈ ലേഖനം എഴുതുന്ന വ്യക്തി ചിന്താപരമായി ബോധ്യപ്പെട്ട ഇസ്ലാം മത വിശ്വാസിയാണെങ്കിലും, ഇസ്ലാം മത പശ്ചാത്തലത്തിൽ നിന്നുകൊണ്ടല്ല ഈ വിഷയത്തെ ഇവിടെ പഠന വിധേയമാക്കുന്നത്. തികച്ചും വസ്തു നിഷ്ഠമായ തലത്തിൽ നിന്നുകൊണ്ടാണ്. ആയതിനാൽ ഈ കുറിപ്പിൽ മുഹമ്മദിനെ ഒരു ചരിത്ര പുരുഷൻ എന്ന നിലയിലും അദ്ദേഹത്തിന്റെ അന്ത്യ പ്രവാചകത്വ വാദത്തെ ഒരു അവകാശവാദമെന്ന നിലയിലുമാണ് സമീപിക്കുന്നത്. ആദ്യം മുഹമ്മദുമായി ബന്ധപ്പെട്ട് ലോകം പൊതുവിൽ അംഗീകരിക്കുന്ന ചില കാര്യങ്ങൾ പറഞ്ഞു കൊണ്ട് തുടങ്ങാം.

1. മനുഷ്യ ചരിത്രത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിത്വമാണ് മുഹമ്മദ്‌.
ഇന്നും ലോകത്തെ അനുകൂലമോ പ്രതികൂലമോ ആയ രൂപത്തിൽ അദ്ദേഹം ഏറെ സ്വാധീനിച്ചു കൊണ്ടിരിക്കുന്നു. 5000 വർഷത്തെ മനുഷ്യന്റെ രേഖപെടുത്തപ്പെട്ട നാഗരിക ജീവിതത്തിൽ 1000 ലേറെ വർഷക്കാലം (ക്രിസ്തുവിന്റെ ആഗമനം കണക്കാക്കിയുള്ള കാല ഗണനയിൽ 50 ലേറെ ശതമാനം കാലവും) ഈ ലോകത്തിന്റെ കടിഞ്ഞാൺ അദ്ദേഹം കൊണ്ടുവന്ന മത-രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥിതിയായിരുന്നു നിയന്ത്രിച്ചിരുന്നത്.

2. ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെടുകയും, അനുകരിക്കപ്പെടുകയും അനുസരിക്കപ്പെടുകയും ചെയ്യുന്ന ചരിത്ര പുരുഷൻ മുഹമ്മദാണ്.

3.വ്യത്യസ്ത കാരണങ്ങളാൽ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ചരിത്ര പുരുഷനും 1400 വർഷങ്ങൾക്ക് മുമ്പ് ജീവിച്ച മുഹമ്മദ് തന്നെയാണ്.

4. അദ്ദേഹത്തിന്റെ ചിത്രമോ, ശില്പമോ ലഭ്യമല്ല.

5.അദ്ദേഹം സ്വയം തന്നെ ഏതെങ്കിലും തരത്തിൽ ദിവ്യത്വം അവകാശപ്പെട്ടിട്ടില്ല.

6.അദ്ദേഹത്തിന്റെമേൽ അദ്ദേഹത്തിന്റെ അനുയായികളിൽ ആരെങ്കിലും ഏതെങ്കിലും സ്വഭാവത്തിലുള്ള ദിവ്യത്വം ഇതുവരെയും ആരോപിക്കുകയും ചെയ്തിട്ടില്ല.

7.അദ്ദേഹം സ്വയം അവകാശപ്പെട്ടതും അദ്ദേഹത്തിന്റെ അനുയായികൾ വിശ്വസിച്ചതും മനുഷ്യരിൽ നിന്നും മനുഷ്യരുടെ സാന്മാർഗിക ദർശനത്തിന്നു വേണ്ടി നിയോഗിക്കപ്പെട്ട പ്രവാചകത്വ പരമ്പരയിലെ അവസാനത്തെ കണ്ണി എന്നാണ്.

8. തന്റെ അന്ത്യ പ്രവാചകത്വത്തിന്ന് തെളിവായി ലോകത്തിന്ന് മുമ്പിൽ അദ്ദേഹം കാണിച്ചത് ഖുർആൻ മാത്രമാണ്. ഖുർആനിന്ന് പുറമെ ഇസ്‌ലാമിന്റെ രണ്ടാം ആധികാരിക പ്രമാണം മാത്രമാണ് അദ്ദേഹത്തിന്റെ വചനങ്ങളും ചര്യയുമെന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു. രേഖപ്പെടുത്തപ്പെട്ടതായി കാണുന്ന അദ്ദേഹത്തിന്റെ വചനങ്ങൾ ഭാഷാപരമായി ഖുർആനിക വചനങ്ങളിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തുന്നു.

9.മറ്റെന്തെങ്കിലും അമാനുഷിക പ്രവർത്തനങ്ങൾ മുഹമ്മദ്‌ അദ്ദേഹത്തിന്റെ പ്രവാചകത്വ അവകാശ വാദത്തിന്ന് തെളിവായി സമർപ്പിച്ചിട്ടുണ്ടായിരുന്നില്ല. അങ്ങനെ അദ്ദേഹം വല്ല അമാനുഷിക പ്രവർത്തിയും കാണിച്ചിരുന്നുവെങ്കിൽ അത് പിൽകാലക്കാർക്ക് തെളിവായി നിലനിൽക്കുകയും ചെയ്യുമായിരുന്നില്ല.

10. തോറയിലും (ബൈബിൾ പഴയ നിയമം) ഇഞ്ജീലിലും (ബൈബിൾ പുതിയ നിയമം) തന്റെ ആഗമനത്തെകുറിച്ച പ്രവചനങ്ങൾ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം അസന്നിഗ്ദമായി അവകാശപ്പെട്ടിട്ടുണ്ട്.

11. ഈ അവകാശവാദം ഉന്നയിക്കുന്നതിന്ന് മുമ്പും അതിന്ന് ശേഷവും നിരവധി കൃസ്‌തീയ-ജൂത മതക്കാർ അദ്ദേഹത്തിൽ വിശ്വസിക്കുന്നവരായി തീർന്നിട്ടുണ്ടായിരുന്നു. ഈ ആധുനിക കാലത്തും അങ്ങനെ മാറുന്നവരെ കാണുവാൻ സാധിക്കുന്നുണ്ട്. അദ്ദേഹത്തിൽ ആദ്യം വിശ്വസിച്ച വ്യക്തി യൂനിറ്റേറിയനിസ്റ്റും നെസ്റ്റോറിയനുമായിരുന്ന വറഖത് ബിൻ നൗഫൽ എന്ന കൃസ്‌തീയ പണ്ഡിതൻ ആയിരുന്നു. അദ്ദേഹത്തിൽ ആദ്യം വിശ്വസിച്ച രാജാവ് അബ്സീനിയക്കാരനായ കൃസ്ത്യൻ രാജാവ് നേഗസ് ആയിരുന്നു. ആദ്യം സൗരാഷ്ട്രനും പിന്നീട് കൃസ്തിയാനിയുമായിരുന്ന പേർഷ്യക്കാരൻ സൽമാൻ ദീർഘ യാത്ര ചെയ്തു മദീനയിൽ വന്ന് മുഹമ്മദിന്റെ പ്രവാചകത്വത്തിൽ വിശ്വസിച്ചത് തന്റെ സത്യാന്വേഷണ യാത്രക്കിടയിൽ അദ്ദേഹം കണ്ടു മുട്ടിയ ഒരു നെസ്റ്റോറിയൻ കൃസ്തീയ പുരോഹിതൻ നൽകിയ അധ്യാപനത്തിന്റെ ഫലമായിട്ടായിരുന്നു. മുഹമ്മദ്‌ മദീനയിൽ വന്നതിൽ പിന്നെ മദീനയിലെ ജൂതനും വേദ പണ്ഡിതനുമായിരുന്ന അബ്ദുല്ലാ ബിൻ സലാം അദ്ദേഹത്തിൽ വിശ്വസിച്ചിരുന്നു. മദീനയിൽ വെച്ചു ആദ്യം വിശ്വസിച്ച ഗോത്രങ്ങളിലൊന്ന് നാജ്രാനിലെ കൃസ്തീയ ഗോത്രമായിരുന്നു.

12. മുഹമ്മദ്‌ പുതിയതായി എന്തെങ്കിലും വിശ്വാസ പ്രമാണങ്ങൾ കൊണ്ടു വന്നിട്ടില്ലന്ന് അദ്ദേഹം അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അവകാശവാദ മനുസരിച്ച് നാല് കാര്യങ്ങളാണ്. a. സത്യത്തിന്റെ സാർവ്വ കാലികതയോടും സാർവ്വ ലൗകികതയോടും പൂർണമായും സമരസപ്പെടുന്ന, എല്ലാ പ്രവാചകരും പഠിപ്പിച്ചിട്ടുണ്ടായിരുന്ന ഏക ദൈവത്വം. b. സ്വാതന്ത്ര്യം നൽകപ്പെട്ട ഏതൊരു വർഗത്തിന്റെയും സാന്മാർഗിക ദർശനത്തിന്നു വേണ്ടി ആ വർഗ്ഗത്തിൽ നിന്നുതന്നെ ദൈവം നിശ്ചയിക്കുന്ന പ്രവാചകത്വം. c. ആ പ്രവാചകന്നു അവതീർണമായതും ആ പ്രവാചകൻ പ്രായോഗികമായി കാണിച്ചതുമായ അധ്യാപനങ്ങൾക്കനുസരിച്ചു ജീവിതത്തിന്റെ സ്വാതന്ത്ര്യം നല്കപ്പെട്ട മേഖല ഏക ദൈവത്തിന്റെ മാത്രം ഹിതത്തിന്നനുസരിച്ചു രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത. d. മനുഷ്യ സ്വാതന്ത്ര്യം ഇവ സ്വീകരിക്കുകയും തിരസ്കരിക്കുകയും ചെയ്യുന്നത് കൊണ്ടുണ്ടാവുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുവാനാവശ്യപ്പെട്ട ഇഹത്തിലും പരത്തിലുമുള്ള സ്വഭാവികവും കേവലവും സമ്പൂർണവുമായ നൈതികതയുടെയും പ്രകൃതിയുടെയും തേട്ടവുമായി അദ്ദേഹം വിശേഷിപ്പിച്ച രക്ഷാ-ശിക്ഷാ പരിണിതികൾ. ഇതാണ് മുഹമ്മദും പഠിപ്പിച്ചത്. ഇതാണ് മുഹമ്മദും പഠിപ്പിച്ചത്.

13. ഒറ്റയ്ക്ക് തുടങ്ങി, ലഭ്യമായിരുന്ന ഏറ്റവും ശുഷ്കമായ വിഭവങ്ങൾ ഉപയോഗിച്ച്, ഏറ്റവും പ്രതികൂലമായ പശ്ചാത്തലത്തിൽ പ്രവർത്തിച്ചു, മിനിമം ഡാമേജും കാശ്വാലിറ്റിയും മാത്രം ഉണ്ടാക്കി, ഏറ്റവും വേഗത്തിൽ, ഏറ്റവും വിപുലവും, വ്യാപകവും, സമഗ്രവുമായ പരിവർത്തനമാണ് മുഹമ്മദ് ഉണ്ടാക്കിയത്.

14. മുഹമ്മദ്‌ ഒരു മിത്തോളജിക്കൽ കഥാപാത്രമല്ല. മറിച്ചു, ചരിത്രത്തിന്റെ പൂർണ വെളിച്ചത്തിലുള്ള വ്യക്തിത്വമാണ്.

15. മുഹമ്മദിന്റെ ജീവിതം റെക്കോർഡ് ചെയ്യപ്പെട്ടത് പോലെ ഇത്രയും സൂക്ഷ്മ വിശദാമ്ശങ്ങളോടെ മനുഷ്യ ചരിത്രത്തിൽ ആരുടേയും ജീവിതം രേഖപ്പെടുത്തപ്പെട്ടതായി കാണുന്നില്ല.

16.മുഹമ്മദിന്റെ ചരിത്രം രേഖപ്പെടുത്തുവാൻ സ്വീകരിച്ചതുപോലുള്ള അതി സൂക്ഷ്മ രീതിയും, അത് രേഖപ്പെടുത്തുന്നതിന്ന് വേണ്ടി അതിന്റെ റിപ്പോർട്ടർമാർ പോലും സാധ്യമാകുന്ന അളവിൽ സൂക്ഷ്മ പഠനത്തിന്നും വിശകലനത്തിന്നും വിധേയമായ സാഹചര്യവും മറ്റൊരു ചരിത്ര പുരുഷന്റെ ജീവിതം രേഖപ്പെടുത്തുന്നതിന്നും ചരിത്രം സ്വീകരിച്ചതായി കാണുന്നില്ല.

17. മത നിരപേക്ഷമായി ചിന്തിച്ചാൽ, ഏറെ സുന്ദരനും ആകർഷണീയനും അരോഗദൃഢഗാത്രനും ധീരനും, സൽസ്വഭാവിയും നിരക്ഷരനും ആട്ടിടയനും കച്ചവടക്കാരനുമായിരുന്ന മുഹമ്മദ്, പിന്നീട് അദ്ദേഹത്തിന്റെ അന്ത്യ പ്രവാചകത്വ വാദത്തിന്ന് ശേഷം ഒരു നേതാവും, പ്രഭാഷകനും, പ്രചോദകനും, മിലിറ്ററി ജീനിയസ്സും, ജൂറിസ്റ്റും, തത്വജ്ഞാനിയും, നിയമ ദാതാവും, രാഷ്ട്ര മീമാംസകനും, നയതന്ത്രജ്ഞനും ഭരണാധികാരിയുമായി മാറിയപ്പോൾ ആ കാലക്കാർക്ക് മാത്രമല്ല, ചരിത്രം തന്നെ കണ്ട ഏറ്റവും വലിയ സെലിബ്രിറ്റിയായി മാറുകയായിരുന്നു. നേതൃ-നീത ബന്ധത്തിൽ അദ്ദേഹത്തിന്നും അനുയായികൾക്കുമിടയിലുണ്ടായി രുന്നത് പോലുള്ള ഊഷ്മളമായ ഒരു സ്നേഹ ബന്ധം ചരിത്രത്തിൽ മറ്റാർക്കെങ്കിലും അവകാശപ്പെടുന്നത് പോയിട്ട് ചിന്തിക്കുവാൻ പോലും സാധിക്കില്ല.

18. ഇതോടൊപ്പം തന്നെ ചേർത്തു വായിക്കേണ്ട കാര്യമാണ്, ആദ്യം പാശ്ചാത്യരായ ജൂത കൃസ്തീയ ജന വിഭാഗത്താലും പിന്നീട് മറ്റുള്ളവരാലും മുഹമ്മദിനോളം തേജോവധം ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്ത ചരിത്ര പുരുഷനെയും നമ്മുക്ക് കാണുവാൻ സാധിക്കില്ല. മുഹമ്മദിനോളം തേജോവധം ചെയ്യപ്പെട്ട ചരിത്രപുരുഷനില്ലെന്നു Orientalist ചിന്തകനായ William Montgomery watt ന്നു പോലും പറയേണ്ടി വന്നിട്ടുണ്ട്.

19. ദിവംഗതനായിട്ട് ആയിരത്തിനാനൂറു വർഷങ്ങൾ കഴിഞ്ഞിട്ടും, ശത്രുക്കളാൽ ഇപ്പോഴും ഏറ്റവും അധികം വെറുക്കപ്പെടുന്ന ചരിത്ര പുരുഷനും മുഹമ്മദ്‌ തന്നെയാണ്.

20.ബൈബിളിന്റെ പശ്ചാത്തല ഭൂമിയും കൃസ്ത്യൻ ജൂത മതങ്ങളുടെ ഉത്ഭവ സ്ഥലവും ആയിരുന്ന, അവർക്ക് സമ്പൂർണമായ ആധിപത്യം ഉണ്ടായിരുന്ന, ചരിത്ര പ്രധാനമായ മധ്യ പൌരസ്ത്യ ദേശം അവർക്ക് നഷ്ടമായത് മുഹമ്മദ്‌ കാരണമാണെന്ന് കൃത്യമായും ജൂത കൃസ്തീയ സമൂഹങ്ങൾ മനസ്സിലാക്കുന്നു.

മുകളിൽ പറഞ്ഞ ഇരുപത് കാര്യങ്ങളും ചരിത്രപരമായി ഏറെക്കുറെ അവതർക്കിതങ്ങളാണ്.
മധ്യ കാല നൂറ്റാണ്ടുകളിൽ അന്നത്തെ സൂപ്പർ പവർ ആയിരുന്ന ഇസ്ലാമിക ശക്തിയെ ചിന്താപരമായി പ്രതിരോധിക്കാൻ അന്ന് കൃസ്ത്യൻ ആധിപത്യത്തിന്ന് കീഴിലായിരുന്ന പാശ്ചാത്യർ വല്ലാതെ പ്രയാസപ്പെട്ടിരുന്നു. അതിജീവനത്തിന്ന് അവർ സ്വീകരിച്ച മാർഗങ്ങളിലൊന്ന് മുഹമ്മദിനെ വ്യക്തിഹത്യ ചെയ്യലും അദ്ദേഹത്തിന്റെ ചരിത്രത്തെ അപനിർമ്മിക്കലുമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ സ്കോറ്റിഷ് ചിന്തകനായ തോമസ് കാർലൈൽ മുഹമ്മദിനെ കുറിച്ച് തന്റെ പ്രസിദ്ധ ഗ്രന്ഥമായ ON HEROES AND HERO WORSHIP ൽ സാമാന്യം ഒബ്ജെക്റ്റീവ് ആയി എഴുതുന്നത് വരെ സ്ഥിതി ഏറെക്കുറെ അങ്ങനെതന്നെയായിരുന്നു.

പശ്ചാത്യർ മുഹമ്മദിന്റെ ജീവിതത്തെ തേജോവധം ചെയ്യാൻ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഉപയോഗിച്ചത്. അതിലൊന്ന് അദ്ദേഹത്തിന്റെ സൈനിക ഇടപെടലുകളാണെങ്കിൽ, രണ്ടാമത്തേത് മുഹമ്മദിന്റെ വിവാഹങ്ങൾ ആയിരുന്നു. മുഹമ്മദിന്നു മുമ്പും ശേഷവും പാശ്ചാത്യരും പൗരസ്ത്യരുമായ സൈന്യാധിപന്മാർ, ലക്ഷങ്ങളെ കൊന്നൊടുക്കിക്കൊണ്ട് പുരാതന കാലത്തും ആധുനിക കാലത്തും നടത്തിയ ഭീകര യുദ്ധങ്ങളുമായി താരതമ്യം ചെയ്‌താൽ, മുഹമ്മദിന്റെ യുദ്ധങ്ങളും വിജയങ്ങളും ഏറെ വിത്യസ്തമായിരുന്നുവെന്ന് ആർക്കും വ്യക്തമാകും. വിമോചിക്ക പ്പെട്ട ജനത അദ്ദേഹത്തെയും അനുയായികളെയും സ്വീകരിച്ചതും തികച്ചും വ്യത്യസ്ത സ്വാഭാവത്തിലായിരുന്നു. ആയതിനാൽ മുഹമ്മദിന്റെ വിവാഹവുമായി ബന്ധപ്പെട്ട, പ്രത്യേകിച്ചും സൈനബുമായും ആയിഷയുമായുമുള്ള വിവാഹ വിഷയങ്ങളാണ് മുഹമ്മദിന്റെ വ്യക്തിത്വത്തെ വികലമായും വികൃതമായും ചിത്രീകരിക്കുവാൻ ഏറെ ഉപയോഗിക്കപ്പെട്ടത്. ഇതിൽ, മുഹമ്മദ് തന്നെ മുൻ കയ്യെടുത്ത് തന്റെ ദത്ത് പുത്രനായ സൈദിന്ന് തന്റെ ഫസ്റ്റ് കസിൻ സഹോദരിയായ സൈനബിനെ വിവാഹം ചെയ്തു കൊടുത്തത് പിൽകാലത്ത് ഒത്തു പോകാനാവാതെ വിവാഹ മോചനത്തിൽ കലാശിച്ചപ്പോൾ, മുഹമ്മദ്‌ സൈനബിനെ വിവാഹം ചെയ്തത് മുഹമ്മദിന്റെ കാലത്ത് തന്നെ ശത്രുക്കൾ പ്രശ്നവത്കരിച്ചിരുന്നു. സൈദിനോ,സൈനബിനോ, അവരുടെ ബന്ധുക്കൾക്കക്കോ ഒന്നും ഒരു അസാധാരണത്വവും ആ വിവാഹത്തിൽ തോന്നിയിരുന്നില്ല. ദത്ത് പുത്രനെ സ്വന്തം പുത്രനായി കരുതുന്നതും ആ രൂപത്തിലുള്ള അവകാശങ്ങൾ വക വെച്ചുകൊടുക്കുന്നതും നിയമപരമായും പ്രയോഗത്തിൽ കാണിച്ചു കൊടുത്തും അസാധുവാക്കുന്നത് കൂടിയായി യിരുന്നു ആ വിവാഹം. ശത്രുക്കൾ പ്രശ്നവത്കരിച്ച ആ വിഷയം ഖുർആൻ കൈകാര്യം ചെയ്തിട്ടുമുണ്ട്. മധ്യ കാല നൂറ്റാണ്ടിൽ പാശ്ചാത്യ ലോകം മുഹമ്മദിനെയും സൈനബുമായുള്ള അദ്ദേഹത്തിന്റെ വിവാഹത്തെയും എത്രത്തോളം വികലമായും വികൃതമായുമാണ് ചിത്രീകരിച്ചിരുന്നത് എന്ന് മനസ്സിലാക്കുവാൻ ഫ്രഞ്ച് തത്വ ചിന്തകനായ വോൾട്ടയർ മുഹമ്മദിന്റെ ജീവിതത്തെയും സൈനബുമായുള്ള അദ്ദേഹത്തിന്റെ വിവാഹത്തെയും പ്രമേയമാക്കി Le Fanatisme, Ou Mahomet Le Prophete, എന്ന ട്രാജഡി വായിച്ചാൽ മതി. യൂറോപ്യൻ നവോത്ഥാനത്തിന്റെ ശില്പികളിൽ ഒരാളായ വോൾട്ടയറുടെ സ്ഥിതി ഇതാണെങ്കിൽ, ആ കാല ഘട്ടത്തിലെ ക്രിസ്ത്യൻ പുരോഹിതൻമാരുടെയും ഇതര ഇസ്ലാം വിരുദ്ധ ലോബികളുടെയും സ്ഥിതി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

എന്നാൽ ആയിഷയുമായി ബന്ധപ്പെട്ട വിവാഹം പ്രശ്‌നവൽക്കരിക്കപ്പെട്ടു തുടങ്ങിയത് പറ്റാത്തൊമ്പതാം നൂറ്റാണ്ടിൽ മാത്രമാണ്. നബിയുടെ കാലത്തെ ശത്രുക്കളോ അല്ലെങ്കിൽ ആ കാലത്ത് ഇസ്ലാമിക ശക്തിക്കു മുമ്പിൽ തകർന്നു പോയ റോമൻ പേർഷ്യൻ സാമ്രാജ്യ ശക്തികളോ ഇതൊരു പ്രശ്നമായി ഉയർത്തികൊണ്ടുവന്നിരുന്നില്ല.

മാറിയ ലോക സാഹചര്യത്തിൽ, ഇസ്ലാം വിരുദ്ധ പ്രചാരണങ്ങൾക്ക് നല്ല കമ്പോള സാധ്യതകൂടി കണ്ടു കൊണ്ടു ഈ വിഷയം പ്രശ്നവത്കരിച്ച പാശ്ചാത്യരും ഇപ്പോൾ അത് ഉപയോഗിച്ച് ഇസ്‌ലാമിനെതിരെയും മുഹമ്മദിനെതിരെയും ആക്രമണം അഴിച്ചുവിടുന്ന നവ നാസ്തികരും ഫാസിസ്റ്റ് ശക്തികളും വിസ്മരിച്ചു പോകുന്ന ചില കാര്യങ്ങളുണ്ട്. വിശ്വാസപരമായും ചരിത്രപരമായും നിയമപരമായും ഈ വിഷയത്തെ പരിശോധിക്കുന്നതോടൊപ്പം,എല്ലാവരും പിൻപറ്റേണ്ടതെന്ന് വിശ്വസിക്കപ്പെടുന്ന പ്രവാചക മാതൃകയുടെ തലത്തിലും ഈ വിഷയം വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ആ തലങ്ങളിൽ നിന്നെല്ലാം ഈ വിഷയത്തെ വസ്തുനിഷ്ടമായി നമ്മുക്ക് വിശകലനം ചെയ്തു നോക്കാം.

1. മരിച്ചുപോയ കോടാനകോടി മുസ്ലിംകളോ ഇപ്പോൾ ജീവിക്കുന്ന 200 കോടിയിലേറെ വരുന്ന ലോക മുസ്ലിംകളോ ഒന്നും തന്നെ മുഹമ്മദിന്റെ പ്രവാചകത്വത്തിൽ വിശ്വസിച്ചതും വിശ്വസിക്കുന്നതും അദ്ദേഹം ആദ്യം വിവാഹം കഴിച്ചത് അദ്ദേഹത്തേക്കാൾ 15 വയസ്സ് പ്രായമുള്ള, അദ്ദേഹത്തെ വിവാഹം കഴിക്കുന്നതിനു മുമ്പ് രണ്ടു വട്ടം വിധവയായ, ചുരുങ്ങിയത് മൂന്ന് മക്കളുടെയെങ്കിലും മാതാവായ കദീജയെ വിവാഹം കഴിച്ചതിലെ മാതൃക കണ്ടിട്ടായിരുന്നില്ല. അല്ലെങ്കിൽ കദീജ മരിച്ചതിൽ പിന്നെ ആയിഷയെ ഒഴിച്ചു അദ്ദേഹം വിവാഹം കഴിച്ചവരെല്ലാം വിധവകളോ വിവാഹ മോചിതരോ ആയിരുന്നു എന്നത് കൊണ്ടുമായിരുന്നില്ല. അതുകൊണ്ട് തന്നെ തന്നെക്കാൾ പ്രായം കുറഞ്ഞ കന്യകയെ വിവാഹം ചെയ്തുവെന്നത് മുഹമ്മദിനെ സംബന്ധിച്ച അവരുടെ വിശ്വാസത്തിന്ന് കോട്ടം തട്ടിക്കുവാൻ പര്യാപ്തവുല്ല. അവർ മുഹമ്മദിൽ വിശ്വസിക്കുന്നത് ഖുർആനിനെ തെളിവാക്കിയിട്ടാണ്. വിവാഹത്തിലൂടെ പ്രവാചകനെ കണ്ടെത്തുകയായിരുന്നില്ല അവർ. മറിച്ചു, പ്രവാചകനിലൂടെ വിവാഹത്തെ നോക്കി കാണുകയായിരുന്നു അവർ.

2) പുരുഷൻ വിവാഹം കഴിക്കുമ്പോൾ വിധവയോ വിവാഹ മോചിതയോ, തന്നെക്കാൾ പ്രായം കൂടിയവരോ ആയിരിക്കണമെന്ന മാതൃകയൊന്നും മുസ്ലിം സമൂഹം പ്രവാചകന്റെ ആ വിവാഹങ്ങളിൽ നിന്നും നിർദ്ധരിച്ചെടുത്തിട്ടുമില്ല. ആയിഷ ഒഴിച്ചുള്ളവരെല്ലാം വിധവകളും വിവാഹ മോചിതരുമായിരുന്നല്ലോ? അതുകൊണ്ട് തന്നെ, ആയിഷയുടെ പ്രായവും, അത്‌ എന്ത് തന്നെയായാലും, ഓരോ മുസ്ലിം സ്ത്രീയും വിവാഹം കഴിക്കുമ്പോൾ മാതൃകയാക്കേണ്ട പ്രായമായി മുസ്ലിം ലോകത്തെ ഒരു സ്കൂൾ ഓഫ് തോട്ടും മനസ്സിലാക്കിയിട്ടില്ല. എന്താണ് വിവാഹ വിഷയത്തിലെ പ്രവാചക മാതൃക എന്ന് ശേഷം വ്യക്തമാക്കാം.

3) പാശ്ചാത്യർ പ്രവാചകന്റെ ആയിഷയുമായുള്ള വിവാഹത്തെ പ്രശ്നവൽക്കരിക്കുവാൻ ഉപയോഗിച്ചത് ഇമാം ബുഖാരിയുടെ ഹദീസ് ഗ്രന്ഥം പോലുള്ള ആധികാരികമായ ഇസ്ലാമിക പ്രമാണങ്ങൾ തന്നെയാണ്. പക്ഷെ, ആ വിഷയത്തിൽ അവർ പ്രവാചക ചരിത്രത്തെയും അദ്ദേഹത്തിന്റെ കുടുംബ ജീവതത്തെയും അതിന്റെ സാകല്യത്തിൽ നിന്നും നോക്കിക്കാണുന്നതിന്നു പകരം സെലക്റ്റീവ് ആയി സമീപിക്കുകയായിരുന്നു.

4) ഇമാം ബുഖാരിയുടെ ഹദീസ് ഗ്രന്ഥം ഖുർആൻ കഴിഞ്ഞാൽ ഇസ്‌ലാമിലെ ആധികാരികമായ പ്രമാണം തന്നെയാണ്. എന്നാൽ രണ്ട് കാര്യങ്ങൾ ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. മുസ്ലിംകൾ ഇമാം ബുഖാരിക്ക് തെറ്റ്‌ പറ്റില്ലയെന്ന് വിശ്വസിക്കുന്നില്ല. അവർ വിശ്വസിക്കുന്നത് പ്രവാചകന്നു തെറ്റു പറ്റില്ലെന്നാണ്. രണ്ടാമതായി, ഖുർആനിന്ന് വിരുദ്ധമായത് ഏത് ഗ്രന്ഥത്തിലുള്ളതാണെങ്കിലും, ആര് പറഞ്ഞതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടതാണെങ്കിലും തള്ളപ്പെടേണ്ടതാണെന്ന കാര്യത്തിൽ മുസ്ലിം ലോകത്ത് രണ്ടാമതൊരു അഭിപ്രായം പോലുമില്ല.

4) ഖുർആൻ വിവാഹത്തിന്ന് പ്രായപൂർത്തിയാവണമെന്ന് അസന്നിഗ്ദമായി പറഞ്ഞിട്ടുണ്ട്. (4:6; 5:25; 24:59). മുഹമ്മദ്‌ വിവാഹത്തിന് സ്ത്രീയുടെ സമ്മതം മുന്നുപാധിയായി നിശ്ചയിച്ചിട്ടുമുണ്ട്. സമ്മതം ബുദ്ധിയും പക്വതയുമുള്ള പ്രായപൂർത്തിയായവരിൽ നിന്ന് മാത്രമേ വാങ്ങുവാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ, വിവാഹത്തിന് സ്ത്രീയായാലും പുരുഷനായാലും പ്രായപൂർത്തിയാവുക, ബുദ്ധിമതിയാവുക (ബാലിഗ്, ആഖിൽ) എന്നീ ഉപാധികൾ ഇസ്‌ലാമിലെ എല്ലാ കർമ ശാസ്ത്ര ഗ്രന്ഥങ്ങളും വെച്ചതായി കാണുവാൻ സാധിക്കും. ഇസ്‌ലാമിലെ ഒരു കർമ ശാസ്ത്ര സ്കൂളിന്നും ഇതിൽ അഭിപ്രായ വിത്യാസം ഇല്ല.

5) ശത്രുക്കൾ പ്രചരിപ്പിക്കുന്നത് പോലെയാണ് സംഭവം എങ്കിൽ, മുഹമ്മദിനെ ചാണോട് ചാണായും മുഴത്തോട് മുഴമായും അനുകരിക്കുകയായിരുന്ന ഒരൊറ്റ അനുചരനും എന്ത് കൊണ്ടു പ്രായപൂർത്തിയാവാത്ത് പെൺകുട്ടികളെ വിവാഹം കഴിച്ചതായി കാണുന്നില്ല? ആ കാല ഘട്ടത്തിൽ ഇസ്‌ലാമേതര സമൂഹത്തിൽ ശൈശവ വിവാഹം പതിവായിരുന്നുവെന്ന പശ്ചാത്തലം കൂടി കണക്കിലെടുത്തുകൊണ്ട് ചിന്തിക്കേണ്ട വിഷയമാണിത്. ആയിഷയുടേതായി ശത്രുക്കൾ പ്രചരിപ്പിക്കുന്ന പ്രായത്തെ അടിസ്ഥാനപ്പെടുത്തി എന്ത് കൊണ്ട് മുസ്ലിം ലോകത്ത് ശൈശവ വിവാഹം പ്രചരിച്ചില്ല?

അപ്പോൾ വിഷയം താഴെ പറയുന്ന കാരണങ്ങളാൽ ഇമാം ബുഖാരി റിപ്പോർട്ട്‌ ചെയ്തത് പോലെയാവില്ലയെന്ന് മനസിലാക്കാം. ഈ വിഷയത്തിൽ ഇമാം ബുഖാരി അദ്ദേഹം നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച ഒരു റിപ്പോർട്ട്‌ കിട്ടിയപ്പോൾ അത്‌ ഉൾപെടുത്തിയെന്നേയുള്ളൂ. അത് പ്രവാചകനിൽ നിന്നല്ല ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്. ചരിത്രം പറയുമ്പോൾ പ്രായം പറയുന്നിടത്ത് വ്യത്യസ്ത നറേറ്റീവുകൾ ഉണ്ടാവുക സംഭവ്യമാണ്. പ്രത്യേകിച്ചും ജനന വർഷങ്ങളും തിയ്യതിയുമൊക്കെ റെക്കോർഡ് ചെയ്തുവെക്കുന്ന പതിവും സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്തെ ചരിത്രത്തിൽ. ഒരു കാര്യം ഉറപ്പാണ് ആയിഷയുടെ ജനന വർഷവും കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

1. മദീനയിൽ ജീവിച്ച, ആദ്യത്തെ ഹദീസ് ഗ്രന്ഥമായ മുവത്വ രചിച്ച ഇമാം മാലിക് ഇമാം ബുഖാരി റിപ്പോർട്ട്‌ ചെയ്ത ആയിഷയുടെ വിവാഹ പ്രായം റിപ്പോർട്ട്‌ ചെയ്തിട്ടില്ല.

2) മുഹമ്മദിന്റെ ജീവിത ചരിത്രം ആദ്യമായി രേഖപ്പെടുത്തിയ ഇബിന് ഇസ്ഹാഖിന്റെ ചരിത്ര ഗ്രന്ഥത്തെ എഡിറ്റ്‌ ചെയ്ത ഇബിന് ഹിഷാമിന്റെ സീറത് ബിൻ ഹിഷാമിൽ പറയുന്നത് ആയിഷ അവരുടെ വിവാഹത്തിന്റെ പന്ത്രണ്ടു വർഷം മുമ്പ്, മുഹമ്മദിന്റെ പ്രവാചകത്വത്തിന്റെ രണ്ടാം വർഷം, ഇസ്ലാം മതം സ്വീകരിച്ചുവെന്നാണ്. ശിശുവായിരിക്കെ ബോധപൂർവം ഇസ്ലാം മതം സ്വീകരിക്കുന്ന സാഹചര്യം എന്തായാലും ഉണ്ടാവില്ലല്ലോ?

3) നബിയുടെയും ലോകത്തിന്റെയും ചരിത്രം രചിച്ച ഇസ്‌ലാമിലെ ആദ്യകാല ചരിത്രകാരൻമാരിൽ പ്രമുഖനായ ഇമാം തബരിയുടെ അഭിപ്രായത്തിൽ,ആയിഷയുടെ പിതാവും നബിയുടെ ഉറ്റ കൂട്ടുകാരനും അനുയായിയുമായിരുന്ന അബൂബക്കറിന്റെ എല്ലാ സന്തതികളും നബിക്ക് പ്രവാചകത്വം ലഭിക്കുന്നതിന്ന് മുമ്പേ ജനിച്ചവരായിരുന്നു. ഇത് നേരത്തെ ആയിഷയുടെ ജനനവുമായി ബന്ധപ്പെട്ട് ഇബ്നു ഹിഷാമിന്റെ പരാമർശത്തോട് അടുത്ത് നിൽക്കുന്നു.

4) ഇബ്നു കസീർ അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥമായ അൽബിദായ വ നിഹായ എന്ന ഗ്രന്ഥത്തിൽ നബിയുടെ പ്രവാചകത്വത്തിന്റെ ആദ്യ മൂന്ന് വർഷത്തിലെ രഹസ്യ പ്രബോധന കാലഘട്ടത്തിൽ തന്നെ വിശ്വസിച്ചവരിൽ ആയിഷയെയും അവരെക്കാളും പത്ത് വയസ്സിന്ന് മുതിർന്ന അസ്മായെയും ഉൾപെടുത്തിയതായി കാണാം.

5) ബുഖാരി തന്നെയും ‘നബിയുടെ കാലത്തെ അബുബക്കറുമായുള്ള അയല്പക്കം’ എന്ന ഭാഗത്ത് ആയിഷ പറഞ്ഞതായി പറയുന്നുണ്ട് : “എന്റെ മാതാപിതാക്കൾ ഇസ്ലാം മതം സ്വീകരിച്ച കാലത്ത് പ്രവാചകൻ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഞങ്ങളെ സന്ദർശിച്ചത് ഞാൻ ഓർമിക്കാറുണ്ട്. മുസ്ലിംകൾ പീഡനങ്ങളും പ്രയാസങ്ങളും അനുഭവിക്കുമ്പോൾ അബൂബക്കർ പാലായനം ചെയ്യുവാൻ ഒരുമ്പട്ടു. ഇത് പ്രവാചകത്വത്തിന്റെ അഞ്ചാം വർഷത്തിൽ നടന്ന അബ്സീനിയായിലേക്കുള്ള ഹിജ്‌റക്ക് മുമ്പായിരുന്നു”. ഇത് തെളിയിക്കുന്നത് പ്രവാചകത്വത്തിന്റെ ആദ്യ മൂന്ന് വർഷക്കാലത്തിന്നുള്ളിൽ തന്നെ ആയിഷ കാര്യങ്ങളെ ഒബ്സെർവ് ചെയ്യുന്ന പ്രായം പ്രാപിച്ചിരുന്നുവെന്നാണ്. പ്രവാചകത്വത്തിന്റെ അഞ്ചാം വർഷം ഉണ്ടായ അബ്സീനിയയിലേക്കുള്ള ഹിജ്‌റ നടക്കുമ്പോൾ തന്നെ ആയിഷക്ക് 9-10 വയസ്സിൽ കുറയാത്ത പ്രായം ഉണ്ടായിരിക്കണം. അതും കഴിഞ്ഞു ഏഴ് വർഷം കഴിഞ്ഞാണ് നബിയുമായുള്ള നികാഹ് നടക്കുന്നത്. പിന്നെയും മൂന്ന് വർഷം കഴിഞ്ഞാണ് നബിയോടൊത്തുള്ള ജീവിതം ആരംഭിക്കുന്നത്.

6) നബിയുടെ പുത്രി ഫാത്തിമ ജനിച്ചത് നബിയുടെ 35 ആം വയസ്സിലാണ്. അഥവാ, നബിയുടെ പ്രവാചകത്വത്തിന്റെ അഞ്ചു വർഷങ്ങൾക്ക് മുമ്പ്, കഅബ പുതുക്കിയ വർഷത്തിലാണ്. ബുഖാരിക്ക് വിശദീകരണം എഴുതിയ ഇബ്ൻ ഹജറിന്റെ അഭിപ്രായത്തിൽ, കൃത്യമായി പറയുവാൻ കഴിയില്ലെങ്കിലും, നബി പുത്രി ഫാത്തിമക്കും അബൂബക്കറിന്റ പുത്രി ആയിഷക്കുമിടയിൽ വലിയ പ്രായ വിത്യാസം ഉണ്ടാവില്ല. ഇതും വ്യക്തമാക്കുന്നത്, നേരത്തെ പറഞ്ഞ ചരിത്രകാരന്മാർ വ്യക്തമാക്കിയത് പോലെ, മുഹമ്മദിന്നു പ്രവാചകത്വം ലഭിക്കുന്നത്തിന്ന് മുമ്പേ തന്നെ ആയിഷ ജനിച്ചിരുന്നുവെന്നാണ്.

7) ആയിഷയുടെയും അവരുടെ ജ്യേഷ്ഠത്തി അസ്മയുടെയും പ്രായം താരതമ്യം ചെയ്താലും ഇത് തന്നെയാണ് മനസ്സിലാക്കുവാൻ കഴിയുക. അസ്മ മരിച്ചത് ഹിജ്‌റ വർഷം 73 ഇൽ അവരുടെ നൂറാം വയസ്സിൽ ആയിരുന്നു. ആയിഷയുടെ പത്ത് വയസ്സിന്ന് മുതിർന്നവരായിരുന്നു അസ്മ. മദീനയിലേക്ക് ഹിജ്‌റ ചെയ്യുമ്പോൾ ജ്യേഷ്ഠ സഹോദരി അസ്മക്കു 27 വയസ്സ് ഉണ്ടായിരുന്നു. (100-73 = 27). ക്രിസ്തു വർഷം 595 ൽ അസ്മയും 605-606 ൽ ആയിഷയും ജനിച്ചുവെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. ക്രിസ്തു വർഷം 622-23 ൽ നടന്ന ഹിജ്‌റയുടെ സമയത്ത് അസ്മയേക്കാൾ 10 വയസിന്ന് ഇളയവളായ ആയിഷക്ക് 17 വയസ്സ് ഉണ്ടായിരിക്കണം.

8) ഖദീജ മരിച്ചതിൽ പിന്നെ വിഭാര്യനായി തീർന്ന മുഹമ്മദിന്നു ഇണയായി ആയിഷയെ നിർദേശിച്ചത് ഹൌല ബിൻത് ഹാകിം എന്ന സഹാബി വനിത ആയിരുന്നു. അവർ നബിയുടെയോ ആയിഷയുടെ കുടുംബത്തിൽ പെട്ട വ്യക്തിയായിരുന്നില്ല. ഇതും സൂചിപ്പിക്കുന്നത് കുടുംബത്തിന്ന് പുറത്തുള്ളവർക്ക് പോലും വിവാഹത്തിന്ന് നിർദേശിക്കാൻ മാത്രം ആയിഷ വിവാഹ പ്രായം പ്രാപിച്ചിരുന്നുവെന്നാണ്.

9) ഹൌല ആയിഷയെ നബിക്ക് വേണ്ടി അന്വേഷിക്കുമ്പോൾ, നേരത്തെ ആയിഷക്ക് വേണ്ടി ജുബൈർ ഇബ്ൻ മുത്ഇമിനെ അന്വേഷിച്ചിരുന്നു. മുസ്ലിം ആയിട്ടില്ലായിരുന്ന, എന്നാൽ ആയിഷയുടെ പിതാവ് അബൂബക്കറിന് അഭയം നൽകുകയും മുസ്ലിംകളെ പിന്തുണക്കുകയും ചെയ്തിരുന്ന, മറ്റൊരു വ്യക്തിയായ മുത്ഇമ് ഇബ്നു അദിയ്യും ആയിഷയെ വിവാഹം കഴിക്കുന്നതിനു താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതും വ്യക്തമാക്കുന്നത് ആയിഷ മുഹമ്മദിന്നു ഇണയായി ചോദിക്കുന്നതിന്ന് മുമ്പ് തന്നെ വിവാഹ പ്രായം പ്രാപിച്ചിരുന്നുവെന്നാണ്.

10) ആയിഷ ഹിജ്‌റ രണ്ടാം വർഷത്തിലും മൂന്നാം വർഷത്തിലും നടന്ന ബദ്ർ, ഉഹദ് യുദ്ധങ്ങളിൽ സേവന രംഗത്ത് ഉണ്ടായിരുന്നു. ഇസ്ലാമിക ദൃഷ്ട്യാ പ്രായ പൂർത്തിയാവാത്ത ആൺകുട്ടികളെ പോലും അനുവദിക്കാത്ത യുദ്ധ രംഗത്ത് ശത്രുക്കൾ പ്രചരിപ്പിക്കുന്നത് പോലെയാണെങ്കിൽ വെറും എട്ട് വയസ്സ് പ്രായം മാത്രമുള്ള പെൺകുട്ടിയെ അനുവദിക്കുമോ?

11) ഭരണാധികാരികളുടെ വിവാഹം പഴയ കാലത്തും ആധുനിക കാലത്തും രാഷ്ട്രീയ ബന്ധങ്ങളെ ശക്തിപ്പെടുത്തുവാനും, നയതന്ത്ര പ്രശനങ്ങൾ പരിഹരിക്കുവാനും, സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ ഏകോപിക്കുവാനുമൊക്കെ ഉപയോഗപ്പെടുത്തപ്പെട്ടിട്ടുണ്ട്. മധ്യകാല നൂറ്റാണ്ടിലെ യൂറോപ്പിലും ഇത് ധാരാളമായി നടന്നിട്ടുണ്ട്. അത്തരം വിവാഹങ്ങളെ ആ തലങ്ങളിൽ നിന്ന് കൊണ്ട് കൂടിയാണ് ചരിത്രം നോക്കി ക്കാണാറുള്ളത്. മുഹമ്മദിന്നും അബൂബക്കറിന്നും ഇടയിലെ സൗഹൃദ ബന്ധം സുവിദിതമാണ്. അത്‌ മുഹമ്മദിന്റെ പ്രവാചകത്വ അവകാശ വാദത്തിന്ന് മുമ്പേയുള്ളതാണ്. മുഹമ്മദിന്റെ പ്രവാചകത്വത്തിൽ ആദ്യം വിശ്വസിച്ച പുരുഷൻ അബൂബക്കർ ആയിരുന്നു. മദീനയിലേക്ക് ഹിജ്‌റ പോകുമ്പോൾ മുഹമ്മദിനെ അനുഗമിച്ചതും അബൂബക്കർ ആയിരുന്നു. മുഹമ്മദിന്റെ മരണ ശേഷം ആദ്യത്തെ ഉത്തരാധികാരിയും അബൂബക്കർ തന്നെയായിരുന്നു. അവർക്കിടയിലെ സൗഹൃദ ബന്ധത്തെ വിവാഹത്തിലൂടെ ശക്തിപ്പെടുത്തുന്നത് കൂടിയായിരുന്നു ആയിഷയുമായുള്ള വിവാഹം. ആയിഷയും അബൂബക്കറും മുഹമ്മദും അതിൽ ഏറെ സന്തുഷ്ടരായിരുന്നു. മുഹമ്മദിന്റെയും അബൂബക്കറിന്റെയും അനുയായികൾക്കൊ, അവരുടെ ആ കാലത്തെ ശത്രുക്കൾക്കോ, പത്തൊമ്പതാം നൂറ്റാണ്ട് വരെ ഉള്ളതോ ഇല്ലാത്തതോ ആയ മറ്റു പല കാര്യങ്ങളുടെയും പേരിൽ അദ്ദേഹത്തെ വിമർശിച്ചിരുന്നവർക്കും ഒരു പ്രശ്നമേ ആയി അത് തോന്നുകപോലും ചെയ്തിട്ടുണ്ടായിരുന്നില്ല.

വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഹമ്മദിന്റെ മാതൃക പരസ്പരമുള്ള സമ്മതത്തിന്റെതാണ്. സുഖ ദുഃഖങ്ങൾ പരസ്പരം പങ്കു വെക്കുന്ന, പരസ്പരം ആദരിക്കുന്ന, സ്നേഹ പൂർണമായ ദാമ്പത്യത്തിന്റെതാണ്. നല്ല സുരക്ഷിതത്വ ബോധം നൽകുന്ന ആരോഗ്യകരമായ കുടുംബ ജീവിതത്തിന്റെതാണ്. വ്യത്യസ്ത പ്രായത്തിലുള്ള വിവാഹ മോചിതരും വിധവകളും കന്യകയുമായ സ്ത്രീകളെ വിവാഹം കഴിച്ച മുഹമ്മദ്‌, പ്രായ പൂർത്തിയായ ഏത് പ്രായത്തിലുള്ള സ്ത്രീയുമായും, അവൾ വിധവയാവട്ടെ, വിവാഹ മോചിതയാവട്ടെ, കന്യകയാവട്ടെ, ഒരു പുരുഷനും സ്ത്രീയും പരസ്പരം ഇഷ്ടപ്പെട്ടാൽ, ഏതൊരു പ്രായപൂർത്തിയായ പുരുഷനും വിവാഹം കഴിക്കുവാൻ അനുവാദമുണ്ട് എന്ന് മാത്രമാണ് വ്യക്തമാക്കുന്നത്. ആയിഷയുമായുള്ള മുഹമ്മദിന്റെ ദാമ്പത്യ ജീവിതം ഒരു പ്രണയ കാവ്യമാണ്.

Related Articles