Faith

ധാര്‍മികത നാസ്തികതയില്‍

ധാർമികത ഇസ് ലാമിലും നാസ്തികതയിലും - 4

ധാര്‍മികതയുടെ വിഷയത്തില്‍ നാസ്തികതയൊരു പ്രശ്‌നമാകുന്നത് അതിന്റെ സമീപനം കൊണ്ടുതന്നെയാണ്. ശരി തെറ്റുകളെ സംബന്ധിച്ച വസ്തുനിഷ്ടമായ ധാര്‍മിക പൊതുബോധം നിലനില്‍ക്കേണ്ടതിന്റെ അനിവാര്യതയും അതിലുള്ള മതപരമായ പങ്കുമൊക്കെ വിശദീകരിച്ചതാണല്ലോ. എന്നാല്‍ ഈ വിഷയത്തിലുള്ള നാസ്തിക സമീപനം തുടങ്ങുന്നതു തന്നെ ധാര്‍മികതയുടെ വസ്തുനിഷ്ഠതയെ( objective morality) നിഷേധിച്ചു കൊണ്ടാണ്.

വ്യക്തമായൊരു ധാര്‍മിക വ്യവസ്ഥയും പാലിക്കേണ്ടതായിട്ടില്ലെന്നും ധാര്‍മികയെന്നത് വ്യക്തികളുടെ യുക്തിക്കും സാഹചര്യത്തിനും അനുസരിച്ച് ആപേക്ഷികമായാണ് തീരുമാനിക്കപ്പെടേണ്ടത് എന്നുമുള്ള അടിസ്ഥാനപരമായ നാസ്തിക നിലപാട് തന്നെയാണ് ഇവിടെ ഒന്നാമത്തെ പ്രശ്‌നം. ധാര്‍മികതയുടെ മതമാനങ്ങളെ മാത്രമല്ല ശരിതെറ്റുകലെ സംബന്ധിച്ച സമൂഹത്തിന്റെ വസ്തുനിഷ്ഠമായ പൊതുബോധത്തെത്തന്നെ തകര്‍ക്കലാണ് ഈ നിലപാട് പ്രാഥമികമായിത്തന്നെ ചെയ്യുന്നത്. അഥവാ എന്താണ് ധാര്‍മികതയെന്ന ചോദ്യത്തിന് സമൂഹത്തിന്റേതായ മറുപടികള്‍ നിഷേധിക്കപ്പെടുകയും വ്യക്തിനിഷ്ഠമായ മറുപടികള്‍ രൂപപ്പെടുകയും ചെയ്യുന്നു.

സമൂഹത്തിനും വ്യക്തികള്‍ക്കുമിടയില്‍ രൂപപ്പെടുന്ന മുന്നേ സൂചിപ്പിച്ച വൈരുധ്യം തന്നെയാണ് ഇവിടെയും പ്രകടമാകുക. എന്നാല്‍ മതങ്ങളും വേദഗ്രന്ഥങ്ങളും പ്രവാചകന്മാരും സാമൂഹ്യ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ദൗത്യത്തില്‍ നില്‍ക്കുമ്പോള്‍ നാസ്തിക ദര്‍ശനങ്ങള്‍ ഇവിടെ വ്യക്തി കേന്ദ്രീകൃതമായ ഇഛകള്‍ക്കൊപ്പം (individualism) നില്‍ക്കുന്നു. സ്വന്തം അതിജീവനവും സ്വന്തം ലാഭവും സുഖവും അടിസ്ഥാനപരമായ ലക്ഷ്യങ്ങളായിക്കാണുന്ന, വ്യക്തിപരമായ സ്വാര്‍ഥ ഇഛകള്‍ക്കൊപ്പം നില്‍ക്കുന്നതു കൊണ്ടുതന്നെ നാസ്തികരും സമൂഹവും തമ്മില്‍ ധാര്‍മിക വിഷയത്തിലുള്ള വിരുദ്ധാഭിപ്രായങ്ങളും പ്രകടമായിരിക്കും. ഈ വൈരുധ്യങ്ങളെ അന്താരാഷ്ട്ര നാസ്തിക നേതാക്കന്മാരെ മുതല്‍ കേരളീയ യുക്തിവാദ സംഘത്തലവന്മാരെ വരെ ഉദ്ധരിച്ച് തെളിയിക്കാന്‍ പറ്റും.

Also read: ഗണിതശാസ്ത്രവും മുസ്‌ലിംകളും

ഇതിന് ലളിതമായ ഉദാഹരണമായി സ്ത്രീ പുരുഷ ബന്ധങ്ങളോടുള്ള നാസ്തിക സമീപനം തന്നെ പരിശോധിച്ചു നോക്കുക. വ്യക്തിതാല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതു കൊണ്ടുതന്നെ ലൈംഗിക വിഷയത്തില്‍ ആര്‍ക്കും എപ്പോഴും ആരുമായും സ്വതന്ത്രരതി ആസ്വദിച്ച് നടക്കാവുന്ന അവസ്ഥയെയാണ് നാസ്തികര്‍ പ്രോത്സാഹിപ്പിക്കുന്നതും അതിന് വേണ്ടിയാണ് അവർ വാദിക്കുന്നതും. അതുകൊണ്ടു തന്നെ വിവാഹത്തെ കാലഹരണപ്പെട്ട ഒരു ഗോത്രീയ ചിന്തയായിപ്പോലും ചിത്രീകരിക്കുന്ന സ്വതന്ത്ര (രതി) ചിന്തകരുണ്ട്.

എന്നാല്‍ ഈ നാസ്തിക വീക്ഷണത്തോട് നേര്‍ സംഘട്ടനത്തിലാണ് സമൂഹത്തിന്റെ ധാര്‍മിക പൊതുബോധം എന്നും കാണാം. സമൂഹം എപ്പോഴും പ്രോത്സാഹിപ്പിക്കുക കുടുംബ ബന്ധങ്ങളെയും വൈവാഹിക ജീവിതത്തെയുമൊക്കെയാണ്. ആ അർത്ഥത്തിൽ നാസ്തിക ചിന്തയുമായി ധാര്‍മികതയുടെ വിഷയത്തില്‍ സമൂഹം സംഘട്ടനത്തിലാണെന്ന് വേണമെങ്കില്‍ പറയാം. അഥവാ നാസ്തികത വ്യക്തി കേന്ദ്രീകൃതമായ ഇഛകള്‍ക്കൊത്ത് ധാര്‍മികതയെ കാണുന്നതു കൊണ്ടു തന്നെ പരമാവധി തിന്നുക, കുടിക്കുക, രസിക്കുക, രമിക്കുക തുടങ്ങിയവ ജീവിത ലക്ഷ്യങ്ങളും പരമമായ ശരികളുമാകുന്നു. വ്യക്തികള്‍ സ്വന്തം സുഖലാഭങ്ങള്‍ക്കായി ചെയ്യുന്ന എന്തും അവര്‍ക്കവരുടെ ധാര്‍മികതയാകുന്നു. ദേഹേഛകളെ ദൈവമാക്കിയവരെന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് ഇത്തരക്കാരെയാകാം.

നേരേ തിരിച്ച് സമൂഹം നിലനില്‍ക്കുന്നത് ഈ സ്വാര്‍ഥമായ വ്യക്തി കേന്ദ്രീകൃത യുക്തിയെ അവഗണിച്ച് സമൂഹത്തിന്റെ പൊതുവായ നന്മക്കും പുരോഗതിക്കും വേണ്ടിയായിരിക്കും. വ്യക്തികളുടെ സ്വാര്‍ഥമായ നിലപാടുകള്‍ക്ക് പകരം പരസ്പരം വിട്ടുവീഴ്ചയുടെയും സമന്വയത്തിന്റെയും പാതയാണ് സാമൂഹ്യ പൊതുബോധം നിര്‍ദേശിക്കുക. അന്യനെ കാണാനും അവന്റെ അവകാശങ്ങളെ കൂടി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനുമാണ് ഈ സാമൂഹ്യ ചിന്ത പ്രേരണമാവുക.
പ്രകടമായി ഇത്തരമൊരു വൈരുധ്യം നിലനില്‍ക്കുന്നതു കൊണ്ടു തന്നെ എന്താണ് ധാര്‍മികതയെന്ന വിഷയത്തില്‍ പോലും സമൂഹത്തിന്റെ പൊതു നിലപാടിനോടുള്ള സംഘട്ടനത്തിലായിരിക്കും നാസ്തികര്‍.

ധാര്‍മികതയുടെ ഫിലോസഫി മുഖ്യവിഷയമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ നാസ്തിക ബുദ്ധിജീവികളുടെ വര്‍ത്തമാനങ്ങളില്‍ നിന്ന് തന്നെ ഈ ആശയ സംഘട്ടനത്തിന് കൃത്യമായ ഉദാഹരണം കാണിക്കാന്‍ കഴിയും. ഈ വിഷയത്തിൽ നാസ്തിക ലോകത്തു നിന്നും പരിചയപ്പെടുത്താന്‍ പീറ്റര്‍ സിംഗറില്‍ കവിഞ്ഞൊരു ധാര്‍മിക ചിന്തകൻ(moral philosopher) ഉണ്ടെന്നു തോന്നുന്നില്ല. അറിയപ്പെടുന്നൊരു ഫിലോസഫറും Prinsten യൂണിവേഴ്സിറ്റിയിലെ ബയോ എത്തിക്സ് പ്രൊഫസറും എല്ലാമായ പീറ്റർ സിംഗരുടെ കേന്ദ്ര വിഷയം തന്നെ ധാര്‍മികതയുടെ തത്വശാസ്ത്രപരമായ നിര്‍മിതിയാണ്. ഒരു നാസ്തികന്‍ എന്ന നിലയിൽ ധാര്‍മികതക്ക് മത ദര്‍ശനങ്ങലുടെയോ ദൈവവിശ്വാസത്തിന്റെയോ ഒന്നും ആവശ്യമില്ലെന്ന് തന്റെ കൃതികളിലൂടെയും സംവാദങ്ങളിലൂടെയുമെല്ലാം നിരന്തരമായി സ്ഥാപിക്കാന്‍ ശ്രമിക്കുന്നതു കൊണ്ടു ആ നിലയിലും അന്താരാഷ്ട്രതലത്തില്‍ സുപ്രസിദ്ധനാണ് ഇദ്ദേഹം.

Also read: വലാഇനെയും ബറാഇനെയും ബിദ്അത്തിന്റെ അടയാളമായി കാണാമോ?

റിച്ചാർഡ് ഡോക്കിൻസ് ജീവശാസ്ത്ര രംഗത്തും, ലോറസ് ക്രൗസ് ഭൗതിക ശാസ്ത്ര രംഗത്തുമെന്ന പോലെ ധാര്‍മികത കേന്ദ്ര വിഷയമാക്കി നാസ്തിക വേദികളില്‍ ശ്രദ്ധേയനായ വ്യക്തിയാണിദ്ദേഹം. ഒരഭിമുഖത്തിന്റെ തുടക്കത്തില്‍ റിച്ചാർഡ് സോക്കിൻസ് പീറ്റർ സിംഗരെ പരിചയപ്പെടുത്തി തുടങ്ങുന്നതു തന്നെ ലോകത്തു വെച്ചേറ്റവും നല്ല വ്യക്തിയെന്ന് വിശേഷിപ്പിച്ചാണ്. അഥവാ നാസ്തിക ലോകത്തിന്റെ ധാര്‍മിക സംബന്ധമായ നിലപാടുകള്‍ പഠിക്കാന്‍ എന്തുകൊണ്ടും യോഗ്യനാണിദ്ദേഹമെന്ന് ചുരുക്കും.

സിംഗര്‍ തന്റെ ധാര്‍മിക സംബന്ധമായ ലോക വീക്ഷണങ്ങളെ നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്നത് utilitarian ഫിലോസഫിയാണ് എന്നു കാണാം. ഇതനുസരിച്ച് കൂടുതല്‍ ആളുകള്‍ക്ക് പരമാവധി സുഖം നല്‍കാന്‍ സഹായിക്കുന്നതെന്തോ അതാണ് ധാര്‍മികമായി ശരി. ജീവിതം തന്നെ പരമാവധി സ്വന്തം സുഖത്തിനായി മാത്രമുള്ളതാണെന്ന് കരുതുന്നവര്‍ക്ക് ഈ തത്വശാസ്ത്രം അഭികാമ്യമാകാതിരിക്കാന്‍ വഴിയില്ലല്ലോ.
അതുകൊണ്ടു തന്നെ വ്യക്തി സുഖത്തിന് വിരുദ്ധമായി വരുന്നത് സ്വന്തം കുഞ്ഞാണെങ്കില്‍ പോലും അതിനെ കൊന്നു കളയുന്നതാണ് മെച്ചപ്പെട്ട ജീവിതത്തിന് നല്ലതെന്ന് തത്വശാസ്ത്രപരമായിത്തന്നെ വിശദീകരിക്കുന്നുണ്ട് സിംഗര്‍ അദ്ദേഹത്തിന്റെ PRACTICAL ETHICS എന്ന കൃതിയിലൂടെ.

പ്രായോഗികമായ ധാര്‍മികതയെ വിശദീകരിക്കാനായിത്തന്നെ അദ്ദേഹമെഴുതിയ കൃതിയില്‍ പറയുന്നതിങ്ങനെയാണ്:
“When the death of a disabled infant will lead to the birth of another infant with better prospects of a happy life, the total amount of happiness will be greater if the disabled infant is killed. The loss of happy life for the first infant is outweighed by the gain of a happier life for the second. Therefore, if killing the hemophiliac infant has no adverse effect on others, it would, according to the total view, be right to kill him.” ശാരീരിക വൈകല്യമുള്ള വല്ല കുഞ്ഞുമുണ്ടായാല്‍ അതിനെ കൊന്നുകളയുന്നതിലൂടെ കൂടുതല്‍ മെച്ചപ്പെട്ട മറ്റൊരു കുഞ്ഞിന് ജന്മം നല്‍കാം. അതിലൂടെ കൂടുതല്‍ സന്തോഷകരമായി ജീവിക്കാം. സന്തോഷത്തിന്റെ അളവു വെച്ച് ജീവിതത്തെ വിലയിരുത്തുമ്പോള്‍ അതിന്റെ അളവു കൂട്ടാന്‍ സഹായിക്കുന്നതാണ് അംഗവൈകല്യമുള്ള കുഞ്ഞിനെ കൊന്നു കളയുക എന്ന കൃത്യം. അതുകൊണ്ട് കുറവുകളും വൈകല്യങ്ങളും ഒക്കെയുള്ള കുഞ്ഞുങ്ങളെ കൊല്ലുന്നതാണ് കൂടുതല്‍ നല്ലതെന്നാണ് ഇവിടെ ഇദ്ദേഹം തത്വശാസ്ത്രപരമായി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അര്‍ഹതപ്പെട്ടതിന്റെ മാത്രം അതിജീവനമാണ് ജീവലോകത്തിന്റെ തന്നെ നിലനില്‍പ്പിനാധാരം എന്ന് പഠിപ്പിക്കുന്ന ഡാർവിന്റെ തിയറിയെ നെഞ്ചിലേറ്റുന്ന ശാസ്ത്രമാത്ര വാദികളായ യുക്തജീവികള്‍ക്കൊന്നും ഇതിലെവിടെയും തെറ്റ് തോന്നിയെന്ന് വരില്ല.

Also read: ഇസ് ലാമും ദേശീയതയും

മറ്റൊരിടത്ത് മൃഗസ്‌നേഹി കൂടിയായ സിംഗര്‍ വൈകല്യം ഉള്ളവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും വ്യക്തിത്വം പോലും അവകാശപ്പെടാന്‍ ഇല്ലെന്നും അവരെക്കാള്‍ വ്യക്തിത്വം ചിമ്പാന്‍സികള്‍ക്ക് അവകാശപ്പെടാമെന്നുമൊക്കെ ശാസ്ത്രീയമായി യുക്തിവാദം നടത്തുന്നുണ്ട്. മനുഷ്യര്‍ക്ക് മൃഗങ്ങളേക്കാള്‍ യാതൊരു മുന്‍തൂക്കവും അവകാശപ്പെടാനായി ഇല്ലെന്നതാണ് സിംഗറുടെ ഫിലോസഫികളുടെയെല്ലാം അടിസ്ഥാനം. അതിനെ ന്യായീകരിക്കാനായി SPESCISISM എന്നൊരു പദം തന്നെ ഉപയോഗിക്കുന്നുണ്ട് ഇദ്ദേഹം. ലിംഗപരമായ വിവേചനങ്ങളെ വിളിക്കാന്‍ ഉപയോഗിക്കുന്ന സെക്‌സിസം, വര്‍ഗപരമായ വിവേചനങ്ങളെ കുറിക്കാന്‍ ഉപയോഗിക്കുന്ന റേസിസം തുടങ്ങിയ പോലെ വര്‍ഗത്തിന്റെ (SPECIES) അടിസ്ഥാനത്തില്‍ ജന്തുക്കളോട് വിവേചനപരമായി പെരുമാറുന്നതിനെയാണ് ഇദ്ദേഹം SPESCICISM എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇങ്ങനെ മനുഷ്യരും മൃഗങ്ങളുമെല്ലാം തുല്യരാണെന്ന സര്‍വസമത്വസുന്ദര യുക്തിവാദം പറഞ്ഞു നിർത്തുക മാത്രമല്ല ഇദ്ദേഹം ചെയ്യുന്നത്. ചില സാഹചര്യങ്ങളില്‍ ജീവശാസ്ത്രപരായിത്തന്നെ മനുഷ്യന് മൃഗങ്ങളേക്കാള്‍ താഴ്ന്ന വ്യക്തിത്വം ഉണ്ടാവുന്ന അവസ്ഥകളും ഉണ്ടാകുമെന്നാണ് ഇദ്ദേഹം എഴുതുന്നത്. Does it mean that every member of homo sapiens is automatically a person, even if they are an anencephalic [a child born without a whole, or part of, a brain] or something like that. Then you would have to say something about why the anencephalic human being is a person and a fully intact chimpanzee is not. Yes, I know that the word ‘person’ is in common use, and I know that I am trying to shift it by suggesting that non-human animals could be ‘persons’ and that some humans might not be ‘persons’. But that is a way of getting people involved in species membership. And try and get them to break this automatic nexus between species membership and moral status.” വൈകല്യങ്ങളും കുറവുകളുമുള്ള മനുഷ്യക്കുഞ്ഞുങ്ങള്‍ക്കൊന്നും വ്യക്തിത്വം അവകാശപ്പെടാന്‍ കഴിയില്ല. പക്ഷേ പൂര്‍ണ വളര്‍ച്ചയെത്തിയ ചിമ്പാന്‍സികള്‍ക്ക് അതവകാശപ്പെടാമത്രെ.

പ്രാക്ടിക്കൽ എത്തിക്‌സ്‌ എന്ന ഇതേ പുസ്തകത്തില്‍ തന്നെ വൈകല്യം ഇല്ലെങ്കില്‍ പോലും സ്വയം ബോധം (self awareness) ഇല്ലാത്തതു കൊണ്ട് അതുള്ള പന്നിക്കും നായക്കും ചിമ്പാന്‍സിക്കുമൊക്കെതാഴെ മാത്രമേ മനുഷ്യക്കുഞ്ഞിന് മൂല്യം കൊടുക്കേണ്ടതുള്ളുവെന്ന് നേര്‍ക്കു നേരെ ഇദ്ദേഹം എഴുതുന്നുണ്ട്. ”Human babies are not born self-aware, or capable of grasping that they exist over time. They are not persons.” But animals are self-aware, and therefore, “the life of a newborn is of less value than the life of a pig, a dog, or a chimpanzee.” (quoted From his book, “Practical Ethics”) ഇങ്ങനെ മനുഷ്യരും മൃഗതുല്യരൊക്കെത്തന്നെയാണെന്നും വൈകല്യമുള്ള മനുഷ്യര്‍ മൃഗങ്ങളെക്കാള്‍ താഴെ മാത്രം നിലവാരമുള്ളവരാണെന്നും പറയുന്ന പീറ്റർ സിംഗർ ന്യൂ യോർക്ക് ടൈംസിൽ എഴുതിയ ഒരു ലേഖനത്തിലൂടെ വൈകല്യമുള്ള മനുഷ്യരെ ബലാല്‍സംഗം ചെയ്യുന്നതിലും ചൂഷണം ചെയ്യുന്നതിലുമൊന്നും യാതൊരു തെറ്റുമില്ലെന്ന് സമര്‍ഥിക്കുന്നുണ്ട്. സ്വബോധവും തിരിച്ചറിവും ഇല്ലാത്ത മനുഷ്യര്‍ക്ക് എന്താണ് ലൈംഗികത എന്നോ ബലാല്‍സംഗം ചെയ്യുന്നതു കൊണ്ടുള്ള ഭവിഷ്യത്ത് എന്താണെന്നോ ഒന്നുമറിയാനുള്ള ബുദ്ധി ഉണ്ടാകില്ലെന്നും അതുകൊണ്ട് ലൈംഗിക ബന്ധത്തിനുള്ള പരസ്പര അനുവാദം ഉണ്ടായിരിക്കുക എന്നത് അത്തരക്കാരുടെ കാര്യത്തില്‍ പ്രാവര്‍ത്തികമല്ലെന്നും സ്വബോധമോ തിരിച്ചറിവോ ഇല്ലാത്തതുകൊണ്ട് അത്തരക്കാരെ ആ നിലക്ക് ചൂഷണം ചെയ്യുന്നതും ലൈംഗികമായി ഉപയോഗിക്കുന്നതുമൊന്നും ഒരു തെറ്റല്ലെന്നും കൂടി നീട്ടിപ്പരത്തിയെഴുതുന്നുണ്ട് നാസ്തിക ലോകത്തിന്റെ ഈ ധാര്‍മിക വഴികാട്ടി.

Also read: സെൽഫ് എക്സ്‌പ്ലോറിങ്ങ് എന്നാൽ..

‘“If we assume that he is profoundly cognitively impaired, we should concede that he cannot understand the normal significance of sexual relations between persons or the meaning and significance of sexual violation. These are, after all, difficult to articulate even for persons of normal cognitive capacity. In that case, he is incapable of giving or withholding informed consent to sexual relations; indeed, he may lack the concept of consent altogether. This does not exclude the possibility that he was wronged by Stubble-field, but it makes it less clear what the nature of the wrong might be. It seems reasonable to assume that the experience was pleasurable to him; for even if he is cognitively impaired, he was capable of struggling to resist.” ഇങ്ങനെ അര്‍ഹതയുള്ളവര്‍ക്ക് സുഖിക്കാനും അല്ലാത്തവര്‍ക്ക് നശിക്കാനും ഉള്ളതാണ് ലോകമെന്ന് തത്വശാസ്ത്രപരമായി സമര്‍ഥിക്കുന്ന സിംഗര്‍ മൃഗസ്‌നേഹം മൂത്ത് ഒടുക്കം തന്റെ heavy petting എന്ന ലേഖനത്തിലൂടെ മൃഗങ്ങളുമായുള്ള ലൈംഗിക ബന്ധത്തിലും തെറ്റൊന്നുമില്ലെന്ന് ന്യായീകരിക്കുന്നുണ്ട്.

നാസ്തിക ലോകത്തു നിന്നും യുക്തിയുടെയും ഫിലോസഫിയുടെയും ശാസ്ത്രത്തിന്റെയും ചുവടു പറ്റി അതിന്റെ അപ്പോസ്തലന്മാര്‍ പറഞ്ഞു വെച്ചിരിക്കുന്ന ധാര്‍മികതയുടെ കോലമാണ് ഈ വിശദീകരിച്ചത്. സ്വാഭാവികമായും ഞങ്ങളാരും ഇതിനോട് യോജിക്കുന്നില്ലെന്ന് പറഞ്ഞ് കേരളീയ നവനാസ്തികര്‍ ഇതിനോട് പ്രതികരിച്ചെന്നിരിക്കാം. വാസ്തവത്തില്‍ ഇതു തന്നെയാണ് പ്രശ്‌നവും. ധാര്‍മികത ഓരോരുത്തരും അവരവരുടെ യുക്തിക്കനുസരിച്ച് തീരുമാനിക്കുന്നിടങ്ങളില്‍ പലര്‍ക്കും പല ശരി തെറ്റുകളായിരിക്കും. സ്വന്തം യുക്തിക്കനുസരിച്ച് കൊള്ളയേയും കൊലയേയും ബലാല്‍സംഗങ്ങളെയുമൊക്കെ ശരികളായി വ്യാഖ്യാനിക്കുന്നവര്‍ തന്നെയാണ് ഭൂരിപക്ഷം കുറ്റവാളികളും. സമൂഹത്തിന്റെ നിലനില്‍പ്പിന് ദോഷകരമായി ബാധിക്കുന്നതും ഈ വിഭാഗമാണ്.

ശരിതെറ്റുകളെ സംബന്ധിച്ച ഈ അഭിപ്രായ സംഘട്ടനങ്ങള്‍ ഇന്ന് കേരളീയ നാസ്തികര്‍ക്കിടയില്‍ പോലും പ്രകടമാണ്. സമ്മതമുണ്ടെങ്കില്‍ രക്തബന്ധമുള്ളവര്‍ക്കിടയില്‍ പോലും ലൈംഗികബന്ധമാകാമെന്ന് ഈയടുത്ത് പരസ്യമായി ഒരു വ്യക്തി പറഞ്ഞത് കേരളീയ യുക്തിവാദികളുടെ വാര്‍ഷിക- സംസ്ഥാന സമ്മേളനത്തില്‍ വെച്ചാണ്. അതിനെത്തുടര്‍ന്ന് ആ വിഷയത്തില്‍ നാസ്തികര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉടലെടുക്കുകയും ആ വിഷയത്തില്‍പോലും തമ്മില്‍ത്തല്ലുകയും ചെയ്തിരുന്നു. സമൂഹത്തിന്റെ വസ്തുനിഷ്ഠമായ ധാര്‍മിക വ്യവസ്ഥിതിയെ നിരാകരിക്കുകയും വ്യക്തികള്‍ അവരുടെ യുക്തിക്കാപേക്ഷികമായി ശരി തെറ്റുകളെ തീരുമാനിക്കുകയും ചെയ്യുന്നിടത്ത് സ്വാഭാവികമായും സംഭവിക്കുന്നവയാണിതൊക്കെ. അഥവാ ധാര്‍മികതയെന്ന സങ്കല്‍പത്തിന്റെ നിരാകരണമാണ് അടിസ്ഥാനപരമായി നാസ്തികത കൊണ്ട് സംഭവിക്കുന്നത്.

Also read: അതാണ് ദൈവത്തിന്റെ നടപടി ക്രമം

അത്തരമൊരു ധാര്‍മിക ശൂന്യമായ വ്യവസ്ഥയില്‍ പിന്നെ സ്വന്തം സ്വാര്‍ഥ സുഖ ലാഭങ്ങള്‍ക്കായി യുക്തി ഉപയോഗിക്കുന്ന നാസ്തികര്‍ മാത്രമാണ് അവശേഷിക്കുക. ജീവിതം തന്നെ മൂര്‍ധന്യാവസ്ഥയിലെങ്ങനെയോ വീണു കിട്ടിയതും മരിക്കുന്നതു വരെയുള്ള തുഛമായ സമയം മാത്രമാണ് അനുഭവിക്കാനായി ഉള്ളതെന്നുമുള്ള നാസ്തിക ലോക വീക്ഷണം ജീവിതത്തെ പരമാവധി സുഖിച്ചു തീര്‍ക്കാന്‍ മാത്രമാണ് പ്രേരണയാകുക എന്ന കാര്യമുറപ്പാണല്ലോ. പീറ്റര്‍ സിംഗര്‍മാര്‍ ഈ നാസ്തിക വിശ്വാസത്തിന്റെ സ്വാഭാവിക ഉല്‍പ്പന്നങ്ങളാകുന്നതിലും കൗതുകത്തിനവകാശമില്ല.

ചുരുക്കത്തില്‍ ധാര്‍മിക രംഗത്തെ നാസ്തിക പരിമിതികളെ ഇങ്ങനെ വിലയിരുത്താം.
1. ശരി തെറ്റുകളെ സംബന്ധിച്ച ഒരു ധാര്‍മിക വ്യവസ്ഥ മനുഷ്യന് നിര്‍ദേശിക്കാന്‍ നാസ്തിക ദര്‍ശനങ്ങള്‍ കൊണ്ട് കഴിയുന്നില്ല.
2. എന്തിനു വേണ്ടി ധാര്‍മികത കൈകൊള്ളണം എന്നതിനൊരു കാരണം നല്‍കാന്‍ നാസ്തികത കൊണ്ടാകില്ല.
3. സമൂഹത്തിനൊരു ധാര്‍മിക പൊതുബോധം നല്‍കാന്‍ നാസ്തികയ്ക്കാകുന്നില്ല. അതുകൊണ്ടു തന്നെ ധാര്‍മികമായൊരു സമൂഹത്തിന്റെ നിർമ്മിതിക്ക് അതിന് കഴിയുന്നില്ല.
4. ക്രിയാത്മകമായി ഒരു മാനവ പരിവര്‍ത്തനവും സൃഷ്ടിക്കാന്‍ കഴിയുന്നില്ല. സാമൂഹ്യ നവീകരണത്തിനുള്ള ശേഷി ഇല്ല.
5. ധാര്‍മികത വ്യക്തികള്‍ക്കാപേക്ഷികമായി തീരുമാനിക്കാമെന്നു വരുന്നിടത്ത് അടിസ്ഥാന മൂല്യങ്ങള്‍ പോലും ഇഛകള്‍ക്കനുസരിച്ച് നിരാകരിക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നു.
6. വ്യക്തികള്‍ക്കനുസൃതമായി ധാര്‍മികത കണ്ടെത്താന്‍ ശ്രമിക്കുന്നിടത്ത് പല മനുഷ്യരുടെ പല യുക്തിയില്‍ പല ശരി തെറ്റുകളാണുണ്ടാവുക. ഇത് അടിസ്ഥാന ധാര്‍മിക വിഷയങ്ങളെ സംബന്ധിച്ച് പോലും അഭിപ്രായ വ്യത്യാസങ്ങളും സംഘട്ടനങ്ങളും ഉണ്ടാകുന്നതിന് കാരണമാകുന്നു.
7. സമൂഹത്തിന്റെ ധാര്‍മികമായ ഏകോപനം നശിക്കുന്നു.
8. ധാര്‍മികത ആപേക്ഷികമാണെന്ന് വാദിക്കുന്ന വ്യവസ്ഥയില്‍ നീതിയെന്ന സങ്കള്‍പത്തിന് തന്നെ വസ്തുനിഷ്ഠത (objectivity) ഉണ്ടാകില്ല.
9. മനുഷ്യര്‍ സ്വന്തം വ്യക്തിക്കും നിലനില്‍പ്പിനും സാഹചര്യത്തിനുമനുസരിച്ച് തെറ്റുകളെ ന്യായീകരിക്കുന്ന അവസ്ഥയുണ്ടാകുന്നു.
10. ജീവിതത്തിന് മൂല്യമോ ലക്ഷ്യബോധമോ ഒന്നും നല്‍കുന്നില്ലാത്തതുകൊണ്ട് സ്വാര്‍ഥനായ മനുഷ്യന്‍ സ്വന്തം സുഖലാഭങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന അവസ്ഥയുണ്ടാകുന്നു.
11. സര്‍വതിനെയും ഭൗതികമായി മാത്രം കാണുന്നത് കൊണ്ടു മനുഷ്യനെ പ്രത്യേകിച്ചൊരു മൂല്യത്തില്‍ കാണാന്‍ കഴിയുന്നില്ല. പദാര്‍ഥ മിശ്രണം മാത്രമായി മനുഷ്യനെ നിര്‍വചിക്കുന്നു. അതുകൊണ്ടു തന്നെ മനുഷ്യാവകാശങ്ങള്‍ക്ക് പ്രത്യേകിച്ച് മൂല്യമൊന്നുമില്ലാതാകുന്നു.
12. ആശയപരമായി ഒന്നും സമൂഹത്തിന് നല്‍കാനില്ലാത്തതിനാല്‍ നിലനില്‍ക്കുന്ന വ്യവസ്ഥകള്‍ അന്ധമായി പിന്‍പറ്റുകയോ അതിന് അടിമപ്പെടുകയോ മാത്രം ചെയ്യുന്നു. അതിനി ഫാഷിസമായാല്‍ പോലും.
13. മനുഷ്യനില്‍ നൈസര്‍ഗികമായി അടങ്ങിയിട്ടുള്ള മൃഗീയ ഗുണങ്ങള്‍ക്കപ്പുറം ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ ഉള്ള ചോദന നല്‍കുന്നില്ല.

Also read: ചിലത് അങ്ങനെയാണ്.. മറച്ചു വെക്കാന്‍ കഴിയില്ല

സ്വാഭാവികമായും നാം കാണുന്ന നാസ്തികരൊന്നും ഇത്രമേല്‍ അധ:പതിച്ചവരല്ലല്ലോ എന്ന ചോദ്യമുണ്ടാകാം. എന്നാല്‍ നാസ്തിക ദര്‍ശനങ്ങളുടെ ഈ നിലവാരമില്ലായ്മ അതിന്റെ അണികളില്‍ പ്രവര്‍ത്തിക്കാത്തത് മതകീയമായ ഒരു സമൂഹത്തിനകത്തായതു കൊണ്ടാണ്.

ചരിത്രത്തിലെവിടെയും മത ദര്‍ശനങ്ങള്‍ നിലനിന്നിട്ടില്ലാത്ത ഒരു സമുദായവും ഉണ്ടായിട്ടില്ല എന്നതു കൊണ്ടു തന്നെ ആ ആശയ സ്വാധീനത്തിന് പുറത്തല്ല മനുഷ്യരൊന്നും. ആ സാമൂഹ്യ പൊതുബോധത്തിനകത്ത് ജീവിക്കുന്നതിനാല്‍ പരോക്ഷമായി മതകീയമായ ധാര്‍മികതയെ പിന്‍പറ്റിത്തന്നെയാണ് നാസ്തികര്‍ ജീവിക്കുന്നത്. അതുകൊണ്ടാണല്ലോ വിവാഹമൊക്കെ കാലഹരണപ്പെട്ട ആചാരമാണെന്ന് പറയുന്നവര്‍ തന്നെ സ്വയം കല്യാണം കഴിക്കുന്നതിന് പുറമെ മക്കളെയും വിവാഹം കഴിച്ചു കൊടുക്കുന്നത്. എന്നാല്‍ ഭൂമുഖത്തു നിന്നും മതദര്‍ശനങ്ങളും ദൈവ സങ്കല്‍പങ്ങളും അപ്രത്യക്ഷമാവുകയും പൂര്‍ണമായും ഭൗതികവാദത്തിലും നാസ്തികതയിലുമൂന്നിയ സമൂഹങ്ങള്‍ നിലവില്‍ വരികയും ചെയ്യുമ്പോള്‍ മേല്‍ പറഞ്ഞ ധാര്‍മിക രഹിതമായ നാസ്തിക വീക്ഷണങ്ങളുടെ പരിമിതികള്‍ സമൂഹങ്ങളില്‍ പ്രതിഫലിച്ചു കൊണ്ടിരിക്കും. അഥവാ നാസ്തികര്‍ ഉള്‍ക്കൊണ്ടു ജീവിക്കുന്ന ധാര്‍മികത പോലും മതകീയമായ ഭിക്ഷയാണ്.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker