Current Date

Search
Close this search box.
Search
Close this search box.

പ്രവാചകന്റെ വിവാഹങ്ങളും ഇസ് ലാം വിമർശകരും

ലോകത്ത് ഏറ്റവും കൂടുതൽ ഉച്ചരിക്കപ്പെടുന്ന നാമം മുഹമ്മദ് നബിയുടേതാണ്. എല്ലാ നാടുകളിലും ഒാരോ ദിവസവും ആ പേര് അനേകം തവണ ആവർത്തിക്കപ്പെടുന്നു. പ്രവാചകന്റെ അനുയായികൾ ദിനേന അഞ്ചുനേരം അദ്ദേഹത്തിന്റെ നാമം പലപ്രാവശ്യം പറഞ്ഞു കൊണ്ടേയിരിക്കുന്നു.

ഇപ്രകാരം തന്നെ അനുകൂലമായോ പ്രതികൂലമായോ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന വ്യക്തിയും മുഹമ്മദ് നബി തന്നെ.ഇന്നും അദ്ദേഹത്തെപ്പോലെ നിരൂപണ വിധേയനാകുന്ന മറ്റൊരാളും ലോകത്തുണ്ടാവാനിടയില്ല.

പ്രവാചകന്റെ ജീവിതം പോലെ വിശദമായി രേഖപ്പെടുത്തപ്പെട്ട മറ്റൊരു ജീവിതവുമില്ല. അദ്ദേഹത്തിന്റെ നടത്തം, ഇരുത്തം, കിടത്തം, ഉറക്കം, ഉണർച്ച, തീന്, കുടി, സ്വഭാവം, സമീപനം, പെരുമാറ്റം, സംസ്കാരിക നിലപാട്, ധാർമിക മര്യാദകൾ, തുടങ്ങി മുഴു ജീവിതവശങ്ങളും വളരെ വിശദമായി തന്നെ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആ ജീവിതചര്യ പിന്തുടരാൻ അദ്ദേഹത്തിന്റെ ഒാരോ അനുയായിയും അതീവ ജാഗ്രത പുലർത്തുന്നു. പ്രഭാതത്തിൽ ഉണരുന്നതു മുതൽ രാത്രി ഉറങ്ങുന്നതുവരെയുള്ള വിശ്വാസികളുടെ ജീവിതത്തെ നിയന്ത്രിക്കുന്നത് ആ ജീവിതചര്യയാണ്. ബാലൻ, യുവാവ്, കച്ചവടക്കാരൻ, സുഹൃത്ത്, ഭർത്താവ്, അധ്യാപകൻ, വിദ്യാർഥി, പിതാവ്, പിതാമഹൻ, യോദ്ധാവ്, സർവ്വസൈന്യാധിപൻ, സാംസ്കാരിക പ്രവർത്തകൻ, പ്രബോധകൻ, പരിഷ്കർത്താവ്, രാഷ്ട്രീയ നേതാവ്, വിപ്ലവകാരി, ഭരണാധികാരി തുടങ്ങി ജീവിതത്തിന്റെ ഏത് മേഖലകളിലുള്ളവർക്കും അദ്ദേഹത്തിൽ മഹിതമായ മാതൃകയുണ്ട്.

പ്രവാചകന്റെ ജീവിതകാലത്തുതന്നെ അദ്ദേഹത്തിന് ധാരാളം എതിർപ്പുകളുണ്ടായിട്ടുണ്ട്. കഠിനമായ മർദ്ദന, പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ജന്മ നാടിനോട് വിടപറയാൻ നിർബന്ധിതനായിട്ടുണ്ട്. ഒട്ടേറെ യുദ്ധങ്ങളെ അഭിമുഖീകരിക്കേണ്ടിയും വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജീവിതത്തിൽ എന്തെങ്കിലും വീഴ്ചകളോ പോരായ്മകളോ തെറ്റുകളോ കുറ്റങ്ങളോ ഉണ്ടോയെന്ന് എതിരാളികൾ നിശിതമായി നിരീക്ഷിച്ചു കൊണ്ടേയിരുന്നു. അവരദ്ദേഹത്തെ മാരണക്കാരനെന്നും കവിയെന്നും ഭ്രാന്തനെന്നും സമൂഹത്തിൽ പിളർപ്പ് ഉണ്ടാക്കുന്നവനെന്നും കുലദ്രോഹിയെന്നും കുഴപ്പക്കാരനെന്നുമൊക്കെ ആക്ഷേപിച്ചിട്ടുണ്ട്. എന്നിട്ടും ആരും അദ്ദേഹത്തിന്റെ വിശ്വസ്തതയേയോ സത്യസന്ധതയേയോ ആത്മാർഥതയേയോ സദാചാര നിഷ്ഠയേയോ ധാർമിക നിലപാടിനേയോ ജീവിതവിശുദ്ധിയേയോ ചോദ്യം ചെയ്തിട്ടില്ല. അത്രമേൽ സുസമ്മതവും സർവാംഗീകൃതവുമായിരുന്നു ആ ജീവിതം. വിവാഹത്തിന്റെ പേരിലും ആരും അദ്ദേഹത്തെ കുറ്റപ്പെടുത്തിയിരുന്നില്ല. ആക്ഷേപകരമായ ഒന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ലെന്നത് തന്നെയാണിതിന് കാരണം.

പ്രവാചകന്റെ വിയോഗാനന്തരം കാലമേറെ പിന്നിട്ട ശേഷമാണ് വിവാഹത്തിന്റെ പേരിൽ പ്രവാചകനെതിരെ വിമർശനങ്ങളുന്നയിക്കപ്പെടാൻ തുടങ്ങിയത്. അതിനു കാരണം അദ്ദേഹത്തിന്റെ ജീവിതത്തിലെ വീഴ്ചകളായിരുന്നില്ല, മറിച്ച്, അദ്ദേഹത്തോടും അദ്ദേഹം പ്രതിനിധാനം ചെയ്ത ആദർശത്തോടും ജീവിത വ്യവസ്ഥയോടുമുള്ള അടക്കാനാവാത്ത അസൂയയും ശത്രുതയുമായിരുന്നു. ഇന്നും അതങ്ങനെത്തന്നെ.

പ്രവാചകന്റെ വ്യക്തിത്വത്തിന്റെ മഹത്ത്വം കുറച്ചു കാണിക്കാനായി വിമർശകരിപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്താറുള്ളത് അദ്ദേഹത്തിൻറെ വിവാഹ ജീവിതത്തെയാണ്. ഇൗയൊരു സാഹചര്യത്തിൽ എന്തുകൊണ്ട് മുഹമ്മദ് നബി ഒന്നിലേറെ വിവാഹം കഴിച്ചുവെന്ന് വസ്തുതകളുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്ന ലഘു കൃതിയാണിത്. ഇൗ രംഗത്ത് അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളെയെല്ലാം ഇതിൽ സാമാന്യം വിശദമായിത്തന്നെ വിശകലനം ചെയ്തിട്ടുണ്ട്. വസ്തുതകൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന സത്യസന്ധനും നിഷ്പക്ഷനുമായ ഏതൊരാൾക്കും ഇതുപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉപകരിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. ( തുടരും)

Related Articles