Current Date

Search
Close this search box.
Search
Close this search box.

ശത്രു പുത്രി പത്നീ പദത്തിലേക്ക്

മദീന സ്വദേശിയായ ഹുയയ്യ് ബ്നു അഖ്ത്വബ് ഖൈബറിലെ ജൂതന്മാരുടെ നേതാവായിരുന്നു. അദ്ദേഹം നാടിന്റെ നേതൃത്വം തനിക്കാകണമെന്നാഗ്രഹിച്ചു. അതിന് തടസ്സം മുഹമ്മദ് നബിയാണെന്ന് അദ്ദേഹം മനസ്സിലാക്കി. അതിനാൽ എങ്ങനെയെങ്കിലും മുഹമ്മദിന്റെ കഥ കഴിക്കാൻ തീരുമാനിച്ചു. അതിനായി മക്കയിൽ പോയി അബൂസുഫ്യാനെ കണ്ടു. പരസ്പരം സംസാരിച്ച് മുഹമ്മദ് നബിയെ വധിക്കാൻ ഒരുമിച്ച് നീങ്ങണമെന്ന് തീരുമാനിച്ചു. തുടർന്ന് മദീനയിൽ തിരിച്ചെത്തി അവിടെ ആഭ്യന്തര പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു. അവിടത്തെ വിവിധ ഗോത്രങ്ങളെ സംഘടിപ്പിച്ചു. മുസ്ലിംകൾക്കെതിരെ യുദ്ധം ചെയ്യുകയോ ശത്രുക്കളെ സഹായിക്കുകയോ ഇല്ലെന്ന വ്യവസ്ഥയിൽ ഖൈബറിലേക്ക് നാടുകടത്തപ്പെട്ട നദീർ ഗോത്രക്കാരും അക്കൂട്ടത്തിലുണ്ടായിരുന്നു.

കരാർ ലംഘിച്ച് അവരും ഹുയയ്യിനോടൊപ്പം മദീനയെ അക്രമിക്കാൻ പരമാവധി സൈന്യത്തെ സജ്ജമാക്കി. ഖൈബറിലും വാദിൽ ഖുറായിലും കുടിയേറിയ ജൂത ഗോത്രങ്ങളായ നദീറും ഖൈനുഖാഉം വടക്കുനിന്നും ഗത്ഫാൻ ഗോത്രങ്ങൾ കിഴക്കുനിന്നും മദീനക്ക് നേരെ നീങ്ങി. കിട്ടാവുന്നവരെയൊക്കെ കൂടെ കൂട്ടിയായിരുന്നു അവരുടെ പുറപ്പാട്. തെക്കുനിന്ന് ഖുറൈശികളും മദീനയെ ആക്രമിക്കാൻ പുറപ്പെട്ടു. എല്ലാം മുൻകൂട്ടി മനസ്സിലാക്കിയ നബി തിരുമേനി കിടങ്ങ് കുഴിച്ചും മറ്റു സജ്ജീകരണങ്ങൾ ഒരുക്കിയും മദീനയെ പ്രതിരോധിച്ചു. ഇതിനെ മറികടക്കാൻ നദീർ ഗോത്രത്തലവൻ ഹുയയ്യ്ബ്നു അഖ്തബ് ജൂത ഗോത്രമായ ഖുറൈദയെ സമീപിച്ച് പ്രവാചകനുമായുള്ള കരാർ ലംഘിച്ച് യുദ്ധത്തിൽ പങ്കാളികളാകാൻ ആവശ്യപ്പെട്ടു. അങ്ങനെ അവരും മദീനക്കെതിരെ തിരിഞ്ഞു. എന്നിട്ടും പ്രവാചകന്റെ അതിസമർഥമായ യുദ്ധ തന്ത്രവും അല്ലാഹുവിന്റെ പ്രത്യേക ഇടപെടലും കാരണമായി സഖ്യകക്ഷികൾക്ക് മദീന ആക്രമിക്കാനാവാതെ പിരിഞ്ഞു പോകേണ്ടി വന്നു. അതോടൊപ്പം അവർക്ക് പല കഷ്ട നഷ്ടങ്ങളും സംഭവിച്ചു. ഇത് ഹിജ്റ അഞ്ചാം വർഷം ശവ്വാൽ മാസത്തിലായിരുന്നു.

കരാർ ലംഘിച്ചും കൊടിയ വഞ്ചന കാണിച്ചും ശത്രുക്കളോട് ചേർന്ന് മദീനയെ തകർക്കാൻ ക്ഷമിച്ച രാജ്യദ്രോഹികളായ ഖുറൈദ ഗോത്രത്തിനും അവരെ അതിന് പ്രേരിപ്പിച്ച ഹുയയ്യിനുമെതിരെ കടുത്ത നടപടി സ്വീകരിക്കാൻ അല്ലാഹുവിന്റെ നിർദേശാനുസാരം നബി തിരുമേനി തീരുമാനിച്ചു. അങ്ങനെ അദ്ദേഹം ഹസ്രത്ത് അലിയുടെ നേതൃത്വത്തിൽ ഖൈബറിലേക്ക് സൈന്യത്തെ നിയോഗിച്ചു.

ജൂത ഗോത്രങ്ങൾ തങ്ങളുടെ ധിക്കാരവും വഞ്ചനയും കരാർ ലംഘനവും തുടർന്നതിനാൽ പ്രവാചകൻ നിയോഗിച്ച സൈന്യം ഖൈബർ ഉപരോധിച്ചു. അവസാനം അവർ തന്നെ തെരഞ്ഞെടുത്ത മധ്യസ്ഥന്റെ തീരുമാനപ്രകാരം അവരെ വധശിക്ഷക്ക് വിധേയമാക്കുകയും ചെയ്തു. വധിക്കപ്പെട്ടവരുടെ കൂട്ടത്തിൽ അതിനൊക്കെയും നേതൃത്വം നൽകിയ ഹുയയ്യ് ബ്നു അഖ്തബും മകനും മകളുടെ ഭർത്താവും ഉണ്ടായിരുന്നു.

സ്വഫിയ്യ
ഹുയയ്യ്ബ്നു അഖ്തബിന്റെ മകളാണ് സ്വഫിയ്യ. ഖുറൈദ ഗോത്ര നേതാവ് സംഉൗലിന്റെ മകൾ ബർറയായിരുന്നു മാതാവ്. ക്രിസ്ത്വബ്ദം 610 ൽ യഥ്രിബിലാണ് സ്വഫിയ ജനിച്ചത്. അവർ വളരെയേറെ സുന്ദരിയും ബുദ്ധിമതിയും മാന്യയുമായിരുന്നു. പതിനാലാം വയസ്സിൽ വിവാഹിതയായി. യുവ കവിയും ധൈര്യശാലിയുമായ സല്ലാമുബ്നു മിശ്ക് ആയിരുന്നു ഭർത്താവ്. അധികനാൾ കഴിയും മുമ്പേ അവർ പിണങ്ങിപ്പിരിഞ്ഞു. പിന്നീട് ഹുയയ്യ് സ്വഫിയയെ കിനാനതു ബ്നു അബിൽ ഹഖീഖിന് വിവാഹം ചെയ്തു കൊടുത്തു. അദ്ദേഹം ഖൈബർ യുദ്ധത്തിൽ വധിക്കപ്പെട്ടു. സ്വഫിയയുടെ സഹോദരനും പ്രസ്തുത യുദ്ധത്തിൽ കൊല്ലപ്പെട്ടു.

ഖൈബറിൽ നിന്ന് പിടികൂടപ്പെട്ട ബന്ദികളിൽ സ്വഫിയയും ഉണ്ടായിരുന്നു. യുദ്ധത്തടവുകാരെയെല്ലാം ഒരിടത്ത് ഒരുമിച്ചു കൂട്ടി. പതിവനുസരിച്ച് അവരുടെ സംരക്ഷണം യോദ്ധാക്കൾക്കിടയിൽ വിഭജിച്ചു നൽകേണ്ടതുണ്ടായിരുന്നു. അപ്പോഴാണ് ദഹ്യതുൽ കൽബി എന്നയാൾ യുദ്ധ തടവുകാരികളിൽ ഒരാളെ തന്നെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. അപ്പോൾ പ്രവാചകൻ ഇഷ്ടമുള്ള ഒരാളെ തെരഞ്ഞെടുക്കാൻ അനുവാദം നൽകി. അദ്ദേഹം തെരഞ്ഞെടുത്തത് സ്വഫിയയെയാണ്. ഇത് അക്കാലത്തെ പൊതുമര്യാദക്കും അംഗീകൃത നിയമത്തിനുമെതിരായിരുന്നു. ഏതെങ്കിലും നേതാവ് വധിക്കപ്പെട്ടാൽ അദ്ദേഹത്തിന്റെ മകളെ സംരക്ഷിക്കുക വിജയികളുടെ നേതാവാണ്. മറിച്ചായാൽ അതിലൂടെ രൂപപ്പെടുന്ന ദാമ്പത്യം വിജയിക്കുകയില്ല. അതോടൊപ്പം അത് പരാജയപ്പെട്ട ശത്രു നേതാവിനെ നിന്ദിക്കലായാണ് കണക്കാക്കപ്പെട്ടിരുന്നത്. വധിക്കപ്പെട്ട നേതാവിന്റെ മകളെയോ ഭാര്യയോ ആയിരക്കണക്കിന് സൈനികരിൽ ഒരാൾക്ക് മാത്രം ഏല്പിച്ചു കൊടുക്കുന്നത് അനീതിയും തെറ്റായ നിലപാടുമാണല്ലോ.

അതു കൊണ്ടുതന്നെ നബി തിരുമേനിയുടെ അനുയായികളിൽ ചിലർ പ്രവാചകനെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: “”സ്വഫിയ നദീർ ഗോത്രത്തലവന്റെ മകളാണ്. അങ്ങേക്ക് അല്ലാതെ മറ്റാർക്കും അവർ അനുയോജ്യയാവുകയില്ല.”

അനുയായികളെല്ലാം ആവശ്യപ്പെട്ടതനുസരിച്ച് നബി തിരുമേനി സ്വഫിയയെ തന്റെ മുമ്പിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു.യുദ്ധത്തടവുകാരിയെന്ന നിലയിൽ ബന്ദിയായി കൊണ്ടുവരപ്പെട്ട സ്വഫിയയെ സ്വതന്ത്രയാക്കാൻ ദഹ്യതിനോടാവശ്യപ്പെട്ടു. അദ്ദേഹത്തിന് മറ്റൊരു തടവുകാരിയെ നൽകുകയും ചെയ്തു.

തുടർന്ന് നബി തിരുമേനി സ്വഫിയക്ക് അവരുടെ ഗോത്രമുൾപ്പെടെ ജൂതന്മാർ ചെയ്ത അതിക്രമങ്ങൾ ഒന്നൊന്നായി വിശദീകരിച്ച് കൊടുത്തു. അവർ കാണിച്ച കൊടും വഞ്ചനയുടെ കഥകൾ കൃത്യമായി വിവരിച്ചു. അങ്ങനെ അവരുടെ പിതാവിനെയും ഭർത്താവിനെയും സഹോദരനെയും വധിച്ചത് തീർത്തും ന്യായമായ കാരണങ്ങളാലാണെന്ന് ബോധ്യപ്പെടുത്തി. അതോടെ ഇസ്ലാമിനോടും പ്രവാചകനോടും മുസ്ലിംകളോടും അവർക്കുണ്ടായിരുന്ന എതിർപ്പും വെറുപ്പും പൂർണമായും അവസാനിച്ചു.

തുടർന്ന് അവരോടിങ്ങനെ പറഞ്ഞു: “”ഒന്നുകിൽ ഇസ്ലാം സ്വീകരിക്കാം. എങ്കിൽ സ്വതന്ത്രയായി എന്റെ ജീവിത പങ്കാളിയാകാം. അല്ലെങ്കിലും നിങ്ങളെ ഞാൻ സ്വതന്ത്രയാക്കും. ജൂത മതത്തിൽ തന്നെ ഉറച്ചു നിന്ന് നാട്ടിൽ പോയി സ്വന്തം ജനതയോട് ചേരാം.” ഇതു കേട്ട് സ്വഫിയ പറഞ്ഞു: “”അല്ലാഹുവിന്റെ ദൂതരേ, ഞാൻ ഇസ്ലാമിനെ തെരഞ്ഞെടുക്കുന്നു. താങ്കൾ ക്ഷണിക്കുന്നതിന് മുമ്പേ തന്നെ ഞാൻ താങ്കൾ ദൈവദൂതനാണെന്ന് സത്യപ്പെടുത്തിയിട്ടുണ്ട്. സ്വന്തം ജനതയിലേക്ക് മടങ്ങുന്നതിനേക്കാളും മറ്റെന്തിനേക്കാളും അല്ലാഹുവിനെയും അവന്റെ ദൂതനെയും തെരഞ്ഞെടുക്കുന്നതാണ് എനിക്കിഷ്ടം. അല്ലാഹുവും അവന്റെ ദൂതനും എനിക്കേറെ പ്രിയപ്പെട്ടവരായിത്തീർന്നിട്ടുണ്ട്.” സ്വഫിയയെ ഇതിന് പ്രേരിപ്പിച്ച പ്രധാന സംഭവം ഇങ്ങനെ ഉദ്ധരിക്കപ്പെടുന്നു. അവരുടെ മുഖത്ത് തെളിഞ്ഞു കാണുന്ന ഒരടിയുടെ കലയുണ്ടായിരുന്നു. അതേക്കുറിച്ച് പ്രവാചകൻ അന്വേഷിച്ചപ്പോൾ അവർ പറഞ്ഞു: “”യഥ്രിബിന്റെ ഭാഗത്ത്നിന്ന് പൂർണ ചന്ദ്രൻ എന്റെ നേരെ വരുന്നതായും അത് എന്റെ മടിയിൽ അടർന്നു വീണതായും ഞാൻ സ്വപ്നം കണ്ടു. ഞാൻ ആ വിവരം ഭർത്താവിനോട് പറഞ്ഞു. അതുകേട്ട അദ്ദേഹത്തിന് കലശലായ കോപമുണ്ടായി. അറബികളുടെ ഭരണാധികാരിയുടെ റാണിയായി ലോകപ്രശസ്തിയാർജിക്കാനാണോ നിന്റെ ആഗ്രഹം? എന്ന് പറഞ്ഞ് ഉൗക്കോടെ എന്റെ മുഖത്തടിച്ചു. അതിന്റെ അടയാളമാണ് കവിളിൽ ഇക്കാണുന്നത്.”

സ്വഫിയ്യ ബീവി ഇസ്ലാം സ്വീകരിക്കുകയും പ്രവാചകന്റെ പത്നീ പദം അതീവ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. ഹിജ്റ വർഷം ഏഴിലായിരുന്നു ഇത്.

ഖൈബറിനടുത്ത് സ്വഹബാഇൽ എത്തിയശേഷമാണ് പ്രവാചകൻ അവരോടൊന്നിച്ച് ദാമ്പത്യം പങ്കിട്ടത്. എന്നാൽ വിവാഹം കഴിഞ്ഞത് മുതൽ അവർ പ്രവാചകന്റെ ഒട്ടകപ്പുറത്താണ് യാത്ര ചെയ്തത്.

മുആവിയയുടെ ഭരണകാലത്ത് ഹിജ്റ വർഷം 50 റമദാനിൽ, ക്രിസ്ത്വബ്ദം 670 ലാണ് സ്വഫിയ്യ ബീവി പരലോകം പ്രാപിച്ചത്. മർവാനുബ്നുൽ ഹകമാണ് ജനാസ നമസ്കാരത്തിന് നേതൃത്വം നൽകിയത്.

സ്വഫിയ പത്ത് ഹദീസുകൾ നിവേദനം ചെയ്തിട്ടുണ്ട്. അതിലൊന്ന് ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിട്ടുമുണ്ട്.

വ്യാജാരോപണങ്ങൾ
ഇസ്ലാമിന്റെ വിമർശകന്മാർ പ്രവാചകന്റെ സ്വഫിയയുമായുള്ള വിവാഹത്തെ സംബന്ധിച്ച് നിരവധി ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. അവയെല്ലാം വ്യാജമാണെന്ന് ആധികാരിക ഹദീസുകളും പ്രാമാണിക ചരിത്രരേഖകളും പരിശോധിക്കുന്ന ഏവർക്കും അനായാസം ബോധ്യമാകും. അവരുന്നയിക്കുന്ന പ്രധാന ആരോപണങ്ങൾ ഇവിടെ വിശകലന വിധേയമാക്കുകയാണ്.

1. സ്വഫിയയുടെ സൗന്ദര്യം കണ്ട് ആതിലാകൃഷ്ടനായി അവരെ വിവാഹം കഴിക്കാനാണ് പ്രവാചകൻ അവരുടെ പിതാവിനെയും ഭർത്താവിനെയും സഹോദരനെയും വധിച്ചത്:

ഇത് തീർത്തും വസ്തുതാ വിരുദ്ധമാണ്. സ്വഫിയ എന്ന ഒരു സ്ത്രീ ഉണ്ടെന്നു പോലും യുദ്ധം അവസാനിച്ച് യുദ്ധത്തടവുകാരുടെ സംരക്ഷണം അനുചരന്മാരെ ഏൽപിക്കുകയും സ്വഫിയയുടെ സംരക്ഷണം ഏൽപ്പിച്ച കാര്യത്തിൽ പരാതി വരികയും ചെയ്യുന്നതുവരെ പ്രവാചകൻ അറിഞ്ഞിരുന്നില്ല. ഇക്കാര്യം ഹദീസ് ഗ്രന്ഥങ്ങളും പ്രമുഖ ചരിത്ര രേഖകളും അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. (നസാഇൗ, ഇമാം സുദ്ദിയുടെ വിശദീകരണം,www.alukah.net എന്നിവകാണുക.)

2. സ്വഫിയയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായാണ് പ്രവാചകൻ അവരെ ദഹിയതുൽ കൽബിയിൽ നിന്ന് പിടിച്ചെടുത്തത്:
ജൂത ഗോത്ര നേതാവ് ഹുയയ്യുടെ മകൾ സ്വഫിയ്യയാണ് ദഹിയതിന്റെ വശമുള്ളതെന്നും അവരെ ഒരു സാധാരണ സൈനികന് സമ്മാനിക്കുന്നത് ശരിയല്ലെന്നും പ്രവാചകൻ തന്നെ അവരെ സ്വീകരിക്കുകയാണ് വേണ്ടതെന്നും അനുചരന്മാർ വന്ന് പറയുന്നതു വരെ അദ്ദേഹം സ്വഫിയയെ സംബന്ധിച്ച് കേൾക്കുകയോ അവരെ കാണുകയോ ചെയ്തിരുന്നില്ല. നബി തിരുമേനി അവരെ വിവാഹം കഴിച്ചത് അനുചരന്മാരുടെ ആവശ്യം ന്യായമാണെന്നും പരിഗണനാർഹമാണെന്നും ബോധ്യമായതിനാലാണ്. എല്ലാ ഹദീസ് ഗ്രന്ഥങ്ങളും ഇൗ സംഭവം ഇങ്ങനെത്തന്നെ ഉദ്ധരിച്ചിട്ടുണ്ട്. (ബുഖാരി, മുസ്ലിം)

3. പ്രവാചകൻ സ്വഫിയയെ നിർബന്ധിച്ച് ഇസ്ലാം സ്വീകരിപ്പിക്കുകയും പിന്നീട് നിർബന്ധപൂർവം ഭാര്യയാക്കുകയുമായിരുന്നു.
ഇത് തീർത്തും വസ്തുതാ വിരുദ്ധമാണ്. പ്രവാചകൻ അവർക്ക് ജൂതമതത്തിൽ തുടരാനും സ്വന്തം നാട്ടിലേക്ക് പോയി തന്റെ ഗോത്രത്തോട് ചെന്ന് ചേരാനും പൂർണ സ്വാതന്ത്ര്യം നൽകുകയുണ്ടായി. എന്നിട്ടും ഒരുവിധ സമ്മർദവുമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം സ്വീകരിക്കുകയും പ്രവാചകനെ ജീവിത പങ്കാളിയായി ലഭിച്ചതിൽ അതിയായി ആഹ്ലാദിക്കുകയും അഭിമാനിക്കുകയുമാണുണ്ടായത്. (മുഗ്നി: ഇബ്നു ഖുദാമ:)

4. പിതാവും ഭർത്താവും സഹോദരനും വധിക്കപ്പെട്ടതിന്റെ പിറ്റേന്നുതന്നെ പ്രവാചകൻ സ്വഫിയയെ ഭാര്യയാക്കാൻ തിടുക്കം കാണിച്ചു:

ഇതും തീർത്തും വ്യാജാരോപണമാണ്. യുദ്ധത്തടവുകാരുടെ സംരക്ഷണോത്തരവാദിത്തം അനുചരന്മാരെ ഏൽപിച്ച ശേഷം പരാതി വരികയും അനുയായികൾ അവരെ വിവാഹം കഴിക്കാൻ പ്രവാചകനോട് ആവശ്യപ്പെടുകയും ചെയ്ത ശേഷമാണ് അദ്ദേഹം അവരെ സ്വീകരിച്ചത്. ഇദ്ദ കാലം കഴിഞ്ഞശേഷം മാത്രമാണ് അവരോടൊന്നിച്ച് ജീവിതം പങ്കിടാൻ തീരുമാനിച്ചത്. (ബുഖാരി)

അനസിന്റെ മാതാവ് ഉമ്മുസുലൈമിന്റെ വീട്ടിലാണ് അവർ ഇദ്ദാ കാലം കഴിച്ചു കൂട്ടിയത്. ഒരാർത്തവമുണ്ടായി ശുദ്ധിയാകുന്നത് വരെയാണ് യുദ്ധത്തടവുകാരിയുടെ ദീക്ഷാകാലം.

5. പിതാവിനെയും ഭർത്താവിനെയും സഹോദരനെയും കൊലപ്പെടുത്തിയതിന് നേതൃത്വം നൽകിയ പ്രവാചകനോടൊന്നിച്ച് ജീവിതം പങ്കിടാൻ ഇഷ്ടമില്ലാതിരുന്നതിനാലാണ് സദ്ദ് റൗഹാഇൽ വെച്ച് അദ്ദേഹത്തിനോടൊന്നിച്ച് കഴിയാൻ അവർ സമ്മതിക്കാതിരുന്നത്.

ഇൗ ആരോപണവും വ്യാജമാണ്. സ്വഫിയ തന്നെ അതിന്റെ കാരണം വെളിപ്പെടുത്തിയിട്ടുണ്ട്. ഖൈബറിൽ നിന്ന് വളരെ അടുത്തുള്ള പ്രദേശമായതിനാൽ തന്റെ പ്രിയതമനായ പ്രവാചകന്റെ നേരെ ജൂതന്മാരുടെ ഭാഗത്ത് നിന്ന് അക്രമം ഉണ്ടാകുമോയെന്ന ആശങ്കയാലാണ് അങ്ങനെ ചെയ്തതെന്ന് അവർ അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (www.alukah.net)

6. തനിക്കു വേണ്ടപ്പെട്ടവരെ വധിച്ച് തന്നെ വിവാഹം കഴിച്ചതിന് പ്രതികാരമായി സ്വഫിയ പ്രവാചകരോട് പ്രതികാരം ചെയ്യുമോയെന്ന് പേടിച്ച് പ്രവാചകൻ അനുചരന്മാരെ തങ്ങൾ താമസിക്കുന്ന തമ്പിന് കാവൽ നിർത്തുകയുണ്ടായി:

ഇതും കെട്ടിച്ചമച്ച ആരോപണമാണ്. പ്രവാചകൻ ആരെയും കാവൽ നിർത്തിയിട്ടില്ല. ഏതെങ്കിലും അനുചരന്മാർ കാവൽ നിന്നിട്ടുണ്ടെങ്കിൽ അത് ശത്രുക്കൾ രാത്രി ക്യാമ്പ് അക്രമിക്കാതിരിക്കാനായിരിക്കാനേ തരമുള്ളൂ. സ്വഫിയ പ്രവാചകനെ ജീവിതപങ്കാളിയായി ലഭിച്ചതിൽ അതീവ സന്തുഷ്ടയായിരുന്നു. അല്ലെങ്കിലും പ്രവാചകന്റെ പത്നീ പദം കൊതിക്കാത്ത ഏത് സ്ത്രീയാണ് ഭൂമിയിലുണ്ടാവുക! ജീവിതകാലത്തും തുടന്ന് ലോകാവസാനം വരെയും മുഴുവൻ വിശ്വാസികളുടെയും മാതൃ പദവിയിലേക്ക് ഉയരുന്ന അതിമഹത്തായ കാര്യമാണല്ലോ അത്. ഏവരാലും ആദരിക്കപ്പെടുന്ന അത്യുന്നത പദവി!

7. വേണ്ടപ്പെട്ടവരെ വധിക്കാൻ നേതൃത്വം നൽകിയ പ്രവാചകൻ സ്വഫിയയെ വിവാഹം കഴിക്കുക വഴി അവരെ മാത്രമല്ല, മുഴുവൻ യഹൂദരെയും അപമാനിക്കുകയും വേദനിപ്പിക്കുകയുമായിരുന്നു:

ഇൗ ആരോപണത്തെ ചരിത്ര യാഥാർഥ്യങ്ങൾ പൂർണമായും തള്ളിക്കളയുന്നു. ദൈവത്തിന്റെ അന്ത്യദൂതൻ തന്നെ ജീവിതപങ്കാളിയായി സ്വീകരിക്കുക വഴി അങ്ങേയറ്റം ആദരിക്കുകയും പരിഗണിക്കുകയുമാണ് ചെയ്തെന്ന നല്ല ബോധവും ബോധ്യവും അവർക്കുണ്ടായിരുന്നു. പ്രവാചകനും സ്വഫിയയും തമ്മിലുള്ള ദാമ്പത്യബന്ധം സ്നേഹോഷ്മളവും അതീവ ഗാഢവുമായിരുന്നു. മരണകാരണമായ രോഗത്താൽ പ്രവാചകൻ പ്രയാസപ്പെട്ടപ്പോൾ അവർ പറഞ്ഞു: “”അങ്ങ് അനുഭവിക്കുന്ന വേദന അങ്ങിൽ നിന്ന് എന്നിലേക്ക് നീങ്ങിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു.”

അവരുടെ ഇൗ പ്രസ്താവത്തെ പ്രവാചകൻ ഹൃദ്യമായി സ്വീകരിക്കുകയും അതിലെ ആത്മാർഥതയെ ഉൗന്നിപ്പറയുകയും ചെയ്തു. (ഉദ്ധാരണം: ഇബ്നു ഹജറുൽ അസ്ഖലാനി.)

പ്രവാചകനും സ്വഫിയയും തമ്മിലുള്ള ബന്ധം എത്രമേൽ ഗാഢവും ആത്മാർഥവുമായിരുന്നുവെന്ന് ഇത് അസന്നിഗ്ധമായി വ്യക്തമാക്കുന്നു.

8. സ്വഫിയയുമായുള്ള വിവാഹത്തിന്റെ പേരിൽ പ്രവാചകനെതിരെ വിമർശകർ ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളെയും പൊളിച്ചൊടുക്കുന്നതാണ് ഇസ്ലാം സ്വീകരണത്തിന് ശേഷമുള്ള അവരുടെ ജീവിതാനുഭവങ്ങളും അവർ നൽകിയ മഹത്തായ സംഭാവനകളും. സ്വഫിയയുമായുള്ള വിവാഹം ജൂത ഗോത്രങ്ങളുമായുള്ള നബി തിരുമേനിയുടെ ബന്ധം മെച്ചപ്പെടുത്തുന്നതിൽ നിർണായകമായ പങ്കുവഹിച്ചു. ഇസ്ലാമിനോടുള്ള ജൂതന്മാരുടെ ശത്രുത കുറക്കാനും അവരിൽ പലരെയും സന്മാർഗത്തിലേക്ക് നയിക്കാനും അത് കാരണമായി. അതോടൊപ്പം ഇസ്ലാമിക സമൂഹത്തിന് മഹത്തായ സംഭാവനകളർപ്പിക്കാൻ സ്വഫിയക്ക് സാധിച്ചു. ചരിത്രത്തിൽ വലിയ ദൗത്യം നിർവഹിക്കാനും അവർക്കവസരം ലഭിച്ചു. മൂന്നാം ഖലീഫ ഉസ്മാനുബ്നു അഫ്ഫാൻ ഉപരോധിക്കപ്പെട്ടപ്പോൾ ഹസ്രത്ത് ഹസനുബ്നു അലി വഴി അദ്ദേഹത്തിന് ഭക്ഷണം എത്തിച്ചു കൊടുത്തത് അവരാണ്. അവരുടെ ഹൃദയ വിശാലത, സത്യസന്ധത, നീതിനിഷ്ഠ, വിനയം, ആത്മാർഥത, ആത്മനിയന്ത്രണം പോലുള്ള മഹദ് ഗുണങ്ങൾ ഇസ്ലാമിക സമൂഹത്തിന് മഹത്തായ നേട്ടങ്ങൾ കൈവരിക്കാൻ കാരണമായി. ബുദ്ധി ശക്തിയിലും അവർ ആരുടെയും പിന്നിലായിരുന്നില്ല. അതുകൊണ്ടു തന്നെ ഇസ്ലാമിക വിഷയങ്ങളിൽ സംശയ ദൂരീകരണത്തിന് പ്രമുഖന്മാർ പോലും അവരെ സമീപിച്ചിരുന്നു. ഇങ്ങനെ ഇസ്ലാമിനും ഇസ്ലാമിക സമൂഹത്തിനും മഹത്തായ നേട്ടങ്ങൾക്ക് പ്രവാചകന്റെ സ്വഫിയയുമായുള്ള വിവാഹം വഴിയൊരുക്കി. അവർ വിശ്വാസികളുടെ മാതാവെന്ന നിലയിൽ ചരിത്രത്തിൽ അനശ്വരത നേടുകയും പരലോകത്ത് അല്ലാഹുവിന്റെ പ്രീതിക്കും മഹത്തായ പ്രതിഫലത്തിനും അർഹയാവുകയും ചെയ്തു.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles