Current Date

Search
Close this search box.
Search
Close this search box.

വൈധവ്യത്തിന് അറുതിവരുത്താൻ

കേവലം മൂന്നു മാസം മാത്രം പ്രവാചകനോടൊത്ത് ജീവിതം പങ്കിടാൻ ഭാഗ്യം ലഭിച്ച മഹതിയാണ് സൈനബ്. ഹിലാൽ ഗോത്രക്കാരിയാണ്. പിതാവ് ഹാരിസ് മകൻ ഖുസൈമയും മാതാവ് ഒൗഫ് മകൾ ഹിന്ദുമാണ്.

പ്രവാചകൻ വിവാഹം ചെയ്യുന്നതിനു മുമ്പ് മൂന്ന് തവണ അവർ വിവാഹം ചെയ്യപ്പെട്ടിരുന്നു. ആദ്യ ഭർത്താവ് അബ്ദുൽ മുത്തലിബിന്റെ പേരക്കുട്ടി തുഫൈലായിരുന്നു. അദ്ദേഹം വിവാഹമോചനം ചെയ്ത ശേഷം ഹാരിസ് മകൻ ഉബൈദ് അവരെ കല്യാണം കഴിച്ചു. പിന്നീടാണ് ജഹ്ശ് മകൻ അബ്ദുല്ല അവരെ വിവാഹം ചെയ്തത്. അദ്ദേഹം ഉഹ്ദ് യുദ്ധത്തിൽ രക്തസാക്ഷിയായി. അതോടെ സംരക്ഷിക്കാൻ ആരുമില്ലാതായി. അടുത്ത ബന്ധുക്കളെല്ലാം പരമ ദരിദ്രരായിരുന്നു.

ഉഹ്ദ് യുദ്ധത്തിൽ മുസ്ലിംകളിൽ നിന്ന് 70 പേർ രക്തസാക്ഷികളായി. അതോടെ അവരുടെ ഭാര്യമാർ വിധവകളായി. അവർ പുനർ വിവാഹം ചെയ്യപ്പെടേണ്ടതുണ്ടായിരുന്നു. പ്രവാചകൻ തന്നെ അവർക്കെല്ലാം മാതൃകയായി സൈനബിനെ ജീവിതപങ്കാളിയായി സ്വീകരിച്ചു. ആർദ്രതയുടെ ആൾ രൂപമായിരുന്നതിനാൽ അഗതികളുടെ മാതാവ് എന്നർഥം വരുന്ന ഉമ്മുൽ മസാകീൻ എന്ന അപരനാമത്തിൽ പരക്കെ അറിയപ്പെട്ടു.

പ്രവാചകന്റെ സഹധർമിണിയായി മൂന്ന് മാസമേ അവർക്ക് ജീവിക്കാൻ അവസരം ലഭിച്ചുള്ളൂ. മുപ്പതാമത്തെ വയസ്സിൽ ചെറുപ്രായത്തിൽ തന്നെ പരലോകം പ്രാപിച്ചു. ഖദീജാ ബീവിക്ക് ശേഷം നബി തിരുമേനിയുടെ ജീവിതകാലത്ത് അദ്ദേഹത്തോട് വിടപറഞ്ഞ ഏക ജീവിതപങ്കാളിയും അവർതന്നെ.

സൈനബുയുമായുള്ള വിവാഹത്തിന് പ്രവാചകനെ പ്രേരിപ്പിച്ചത് അവരുടെ വൈധവ്യത്തിന് അറുതി വരുത്തി അവരെ സംരക്ഷിക്കുകയെന്നത് മാത്രമായിരുന്നുവെന്നത് വിശദീകരണം ആവശ്യമില്ലാത്ത വിധം വ്യക്തമാണ്. പ്രവാചകന്റെ ഇൗ മാതൃക അനുയായികളിൽ പലരും പിന്തുടർന്നതിനാൽ ഉഹ്ദ് യുദ്ധത്തിൽ രക്തസാക്ഷികളായവരുടെ ഭാര്യമാരിൽ ഏറെപ്പേരും വൈധവ്യത്തിൽ നിന്ന് രക്ഷപ്പെട്ടു.

അർഹമായ സമ്മാനം
പ്രവാചകൻ എട്ടാമത് വിവാഹം ചെയ്തത് ഉമ്മുസൽമയെയാണ്. അവരുടെ യഥാർഥ പേര് ഹിന്ദ് എന്നായിരുന്നു. അവർ ഖുറൈശി കുടുംബാംഗമാണ്. മഖ്സൂം ഗോത്രക്കാരി. പിതാവ് മുഗീറയുടെ മകൻ അബൂ ഉമയ്യയാണ്, മാതാവ് ആമിറിന്റെ മകൾ ആതിഖയും.
ഉമ്മു സൽമയുടെ ആദ്യ വിവാഹം പതിമൂന്നാമത്തെ വയസ്സിലായിരുന്നു. പിതൃ സഹോദരൻ അബ്ദുൽ അസദിന്റെ മകൻ അബ്ദുല്ലയായിരുന്നു വരൻ.

ഇസ്ലാമിനെ സംബന്ധിച്ച് മനസ്സിലാക്കിയ ഉടനെ ഇരുവരും സന്മാർഗം സ്വീകരിച്ചു. വിശ്വാസികൾ ശത്രുക്കളുടെ കൊടിയ പീഡനങ്ങൾക്ക് ഇരയായിക്കൊണ്ടിരുന്ന കാലമാണത്. അതിനാൽ അബ്ദുല്ലയും ഹിന്ദും കഠിനമായി പീഡിപ്പിക്കപ്പെട്ടു.
ജീവൻ അപകടത്തിലാവുമെന്ന അവസ്ഥ വന്നപ്പോൾ നബിതിരുമേനിയുടെ നിർദേശപ്രകാരം അവർ എത്യോപ്യയിലേക്ക് പലായനം ചെയ്തു. എത്യോപ്യയിൽ വെച്ച് അവർക്ക് ഒരു കുഞ്ഞുണ്ടായി. അതിനു സൽമ എന്ന് പേരിട്ടു. അങ്ങനെ അബ്ദുല്ല അബൂ സൽമയും ഹിന്ദ് ഉമ്മു സൽമയുമായി.

ഇതിനിടെ മക്കയിലെ ഖുറൈശികൾ ഒന്നടങ്കം ഇസ്ലാം സ്വീകരിച്ചതായി പ്രചാരണമുണ്ടായി. എത്യോപ്യയിലും ഇൗ വാർത്ത പ്രചരിച്ചു. വാർത്ത കേട്ട് മറ്റുള്ളവരോടൊപ്പം അബൂ സൽമയും ഉമ്മു സൽമയും നാട്ടിലേക്ക് മടങ്ങി. മക്കയിൽ എത്തിയപ്പോഴാണ് അത് വ്യാജപ്രചാരണമാണെന്ന് മനസ്സിലായത്. വീണ്ടും ശത്രുക്കളുടെ മർദനം ഇരുവർക്കും ഏറ്റുവാങ്ങേണ്ടിവന്നു.

മദീനയിലേക്ക് ഹിജ്റ പോകാൻ അനുമതി ലഭിച്ചപ്പോൾ സൽമയെയും ഉമ്മു സൽമയെയും കൂട്ടി അബൂ സൽമ യാത്ര പുറപ്പെട്ടു. വിവരമറിഞ്ഞ് ഉമ്മുസൽമയുടെ കുടുംബക്കാരായ മഖ്സൂം ഗോത്രക്കാർ അവരെ നിർബന്ധപൂർവം ഒട്ടകപ്പുറത്ത് നിന്ന് പിടിച്ചിറക്കി തിരിച്ചു കൊണ്ടുവന്നു. കുട്ടിയെ പിതൃകുടുംബവും കവർന്നെടുത്തു. അതോടെ ഭർത്താവിനെയും കുഞ്ഞിനെയും നഷ്ടപ്പെട്ട ഉമ്മുസൽമ കടുത്ത പ്രതിസന്ധിയിലായി. താങ്ങാനാവാത്ത ദുഃഖത്തിലും. എല്ലാദിവസവും രാവിലെ ഭർത്താവിൽ നിന്ന് തന്നെ വേർപ്പെടുത്തി കൊണ്ടുവന്ന സ്ഥലത്ത് ചെന്ന് കരഞ്ഞിരിക്കുക പതിവായി. വൈകുന്നേരം കലങ്ങിയ കണ്ണുകളുമായി തിരിച്ചുവരും. ഇത് ശ്രദ്ധയിൽ പെട്ട് അവരോട് അനുകമ്പ തോന്നിയ ഒരാൾ ഉമ്മുസൽമയോട് അല്പംകൂടി കരുണ കാണിക്കാനും അവരെ ഭർത്താവിന്റെ അടുത്തേക്ക് പോകാൻ അനുവദിക്കാനും കുടുംബക്കാരോടാവവശ്യപ്പെട്ടു. അത് അംഗീകരിക്കപ്പെട്ടതോടെ അവർ മദീനയിലേക്ക് പോയി. ഭർത്താവുമായി സന്ധിക്കാൻ സാധിച്ച ഉമ്മുസൽമ അതീവ സന്തുഷ്ടയായി.

ഹിജ്റ രണ്ടാം കൊല്ലം നടന്ന ബദ്റിലും മൂന്നാം വർഷമുണ്ടായ ഉഹ്ദിലും അബൂസൽമ സജീവമായി പങ്കെടുത്തു. കുതിര സവാരിയിൽ സമർഥനും ധീര യോദ്ധാവുമായിരുന്ന അബൂസൽമക്ക് ഉഹ്ദിൽ വെച്ച് മാരകമായ പരിക്ക് പറ്റി. ഏറെ കഴിയും മുമ്പേ രോഗം മൂർച്ഛിച്ച് രക്തസാക്ഷിയാവുകയും ചെയ്തു.

വിധവയായ ഉമ്മുസൽമക്ക് നാല് മക്കളെ പോറ്റേണ്ട ബാധ്യത ഏറ്റെടുക്കേണ്ടിവന്നു. അവരുടെ കഷ്ടപ്പാടും ദുരിതവും കണ്ട് മനസ്സലിഞ്ഞ പ്രവാചകൻ അവരെ വിവാഹം കഴിക്കുകയും അങ്ങനെ അവരുടെയും നാല് അനാഥ മക്കളുടെയും സംരക്ഷണം ഏറ്റെടുക്കുകയും ചെയ്തു. ഹിജ്റ നാലാം വർഷത്തിലായിരുന്നു ഇത്.

മദീനയിലേക്ക് ഹിജ്റ പോയ ആദ്യത്തെ വനിതയാണ് ഉമ്മുസൽമ. മുന്നൂറിലേറെ കിലോമീറ്റർ തനിച്ച് സഞ്ചരിച്ചായിരുന്നു അവരുടെ ഹിജ്റ. ആയിശയെ കഴിച്ചാൽ ഏറ്റവും കൂടുതൽ ഹദീസ് നിവേദനം ചെയ്ത പ്രവാചക പത്നി ഉമ്മു സൽമയാണ്. 378 ഹദീസുകൾ അവരിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രവാചകന്റെ വിയോഗശേഷം അവിടുത്തെ അനുയായികൾ സംശയനിവാരണത്തിന് ഉമ്മു സൽമയെ ധാരാളമായി അവലംബിക്കാറുണ്ടായിരുന്നു.

പ്രവാചക പത്നിമാരിൽ ഏറ്റവും അവസാനം പരലോകം പ്രാപിച്ചതും ഉമ്മുസൽമ തന്നെ. ഹിജ്റ വർഷം 61 ൽ എൺപത്തി നാലാമത്തെ വയസ്സിലായിരുന്നു അവരുടെ അന്ത്യം.

പ്രവാചകന്റെ ദൗത്യ നിർവഹണത്തിൽ ഒട്ടേറെ ഉപകരിച്ച ഉമ്മുസൽമയെ പ്രവാചകൻ വിവാഹം കഴിച്ചതിൽ കടുത്ത ഇസ്ലാം വിമർശകർക്ക് പോലും ആക്ഷേപമുണ്ടാകാനിടയില്ല.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles