Current Date

Search
Close this search box.
Search
Close this search box.

രണ്ടറ്റങ്ങളിൽ നിന്ന് രണ്ടു പേർ

പ്രവാചകൻ നാലാമതായി വിവാഹം ചെയ്തത് ഹസ്രത് ഹഫ്സ്വയെയാണ്. മദീനയിലെത്തിയ ശേഷമുള്ള ആദ്യ വിവാഹം.

പ്രവാചകത്വത്തിന് അഞ്ച് വർഷം മുൻപാണ് ഹഫ്സ്വ പിറന്നത്. ഉമറുൽ ഫാറൂഖിന്റെ ഇസ്ലാം സ്വീകരണത്തോടെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊന്നിച്ച് ഹഫ്സ്വയും ഇസ്ലാം സംസ്കരിച്ചു. പ്രവാചകത്വത്തിന്റെ ആറാം വർഷമായിരുന്നു അത്.

ഹഫ്സ്വ ബീവിയെ ആദ്യം വിവാഹം ചെയ്തത് ഹുദൈഫയുടെ മകൻ ഖുനൈസായിരുന്നു. മദീനയിലേക്ക് ഹിജ്റ പോയ കൂട്ടത്തിൽ അദ്ദേഹവും ഭാര്യ ഹഫ്സയുമുണ്ടായിരുന്നു.

ഹിജ്റ രണ്ടാം വർഷം നടന്ന ബദർ യുദ്ധത്തിൽ ഖുനൈസിന് മാരകമായ പരിക്ക് പറ്റി. ഏറെക്കഴിയും മുമ്പെ അദ്ദേഹം രക്ത സാക്ഷിയായി. അങ്ങനെ ഹഫ്സ്വ വിധവയായി. കുട്ടികളുണ്ടായിരുന്നില്ല.

മരുമകന്റെ മരണം ഉമറുൽ ഫാറൂഖിന് കനത്ത ആഘാതമായി. അദ്ദേഹം മകളെ ഉസ്മാനുബ്നു അഫ്ഫാന് വിവാഹം ചെയ്തു കൊടുക്കാനാഗ്രഹിച്ചു. പ്രവാചകപുത്രിയും ഉസ്മാനു ബ്നു അഫ്ഫാന്റെ ഭാര്യയുമായ റുഖിയ: ബീവി മരണമടഞ്ഞ സന്ദർഭമായിരുന്നു അത്. എന്നാൽ അദ്ദേഹം ഹഫ്സ്വയെ വിവാഹം കഴിക്കാൻ തയ്യാറായില്ല. അതിനാൽ ഉമറുൽ ഫാറൂഖ് അബൂബക്കർ സിദ്ധീഖിനെ സമിപിച്ച് തന്റെ മകൾ ഹഫ്സ്വയെ കല്യാണം കഴിക്കാനാവശ്യപ്പെട്ടു. അദ്ദേഹവും അതംഗീകരിച്ചില്ല. അതോടെ ഉമറുൽ ഫാറൂഖ് അത്യധികം ദുഖിതനായി. തന്റെ വികാരം പ്രവാചകനുമായി പങ്കിട്ടു. അപ്പോൾ നബി തിരുമേനി അദ്ദേഹത്തെ ആശ്വസിപ്പിച്ചു കൊണ്ടിങ്ങനെ പറഞ്ഞു. “”ഹഫ്സ്വക്ക് ഉസ്മാനേക്കാൾ നല്ല ഭർത്താവിനെ കിട്ടും. ഉസ്മാന് ഹഫ്സയേക്കാൾ നല്ല ഭാര്യയെയും.”

തുടർന്ന് നബി തിരുമേനി ഹഫ്സ്വയെ വിവാഹം കഴിച്ചു. ഉസ്മാനുബ്നു അഫ്ഫാന് തന്റെ മകളും റുഖിയയുടെ ഇളയ സഹോദരിയുമായ ഉമ്മു കുൽസൂമിനെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. അങ്ങനെ അവിടുന്ന് തന്റെ വാക്ക് പാലിച്ചു.

അബൂബക്കർ സിദ്ധീഖും ഉമറുൽ ഫാറൂഖും തമ്മിലുള്ളതു പോലുള്ള ഗാഢബന്ധം അവരുടെ മക്കളായ ഹസ്രത്ത് ആയിശാ ബീവിയും ഹസ്രത് ഹഫ്സ്വയും തമ്മിലും നിലനിന്നു.

ഉമറുൽ ഫാറൂഖുമായുള്ള ആത്മ ബന്ധം ശക്തിപ്പെടുത്താനും അത് കുടുംബ ബന്ധമാക്കി പരിവർത്തിപ്പിക്കാനും അദ്ദേഹത്തിന്റെ പ്രയാസം ലഘൂകരിക്കാനുമാണ് നബി തിരുമേനി ഹഫ്സ്വയെ വിവാഹം ചെയ്തത്.

കാഴ്ചക്കാരിൽ കൗതുകമുണർത്തുന്ന സൗന്ദര്യമോ ആകർഷകത്വമോ ഇല്ലാതിരുന്ന അവരെ വിവാഹം ചെയ്തത് ശരീര കാമനകളെ തൃപ്തിപ്പെടുത്താനോ ഭോഗാസക്തിയാലോ അല്ലെന്നുറപ്പ്.

ഹഫ്സ്വ വളരെയേറെ ബുദ്ധിമതിയും പണ്ഡിതയുമായിരുന്നു. അവർക്ക് എഴുത്തും വായനയുമറിയുമായിരുന്നു. അതവർ മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. അതിനാൽ അവർക്ക് ധാരാളം ശിഷ്യന്മാരുണ്ടായിരുന്നു.

ആരാധനാ കർമങ്ങളിൽ അസാധാരണമായ നിഷ്ഠ പുലർത്തിയിരുന്ന ഹഫ്സ്വയിൽ നിന്ന് അറുപത് ഹദീഥുകൾ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അറുപത്തി മൂന്നാം വയസ്സിൽ അവർ പരലോകം പ്രാപിച്ചു.

ശത്രുവിന്റെ പുത്രി
പ്രവാചകന്റെ നാലാമത്തെ വിവാഹം ആത്മമിത്രത്തിന്റെ മകളെയായിരുന്നുവെങ്കിൽ അഞ്ചാമത്തേത് കൊടിയ ശത്രുവിന്റെ പുത്രിയെയായിരുന്നു; അബൂസുഫ്യാന്റെ മകൾ ഉമ്മുഹബീബയെ. അവരുടെ യഥാർഥ പേര് റംല എന്നാണ്. മാതാവ് ഉസ്മാനുബ്നു അഫ്ഫാന്റെ പിതൃസഹോദരിയും അബുൽ ആസ്വിന്റെ മകളുമായ ഹിന്ദ് ആണ്. ഹിജ്റയുടെ 25 വർഷം മുമ്പായിരുന്നു ഉമ്മു ഹബീബയുടെ ജനനം. അക്ഷരാഭ്യാസം നേടാൻ സൗഭാഗ്യം സിദ്ധിച്ച അപൂർവം വനിതകളിൽ ഒരാളായിരുന്നു അവർ.

ആദ്യ ഭർത്താവ് സഅദ് ഗോത്രക്കാരനായ ജഹ്ശിന്റെ മകൻ ഉബൈദുല്ലയാണ്.

പിതാവ് അബൂസുഫ്യാൻ പ്രവാചകനെ കഠിനമായി എതിർത്തു. രൂക്ഷമായി വിമർശിച്ചു. ക്രൂരമായി പരിഹസിച്ചു. സാധ്യമാകുന്ന ദ്രോഹങ്ങളൊക്കെ ചെയ്തു. ഉഹ്ദ് യുദ്ധത്തിലും അഹ്സാബ് യുദ്ധത്തിലും ശത്രുക്കളുടെ സർവ്വ സൈന്യാധിപനായിരുന്നു അബൂസുഫയാൻ. ഉഹ്ദിൽ പ്രവാചകൻ വധിക്കപ്പെട്ടുവെന്ന് കേട്ടപ്പോൾ അയാൾ അതിയായി ആഹ്ലാദിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഹിന്ദ് വഹ്ശിയോട് ഉഹ്ദ് യുദ്ധത്തിൽ പ്രവാചകന്റെ പിതൃവ്യൻ ഹംസയെ വധിച്ചാൽ തന്റെ ആഭരണങ്ങളെല്ലാം നൽകാമെന്ന് വാഗ്ദാനം ചെയ്തു. അതനുസരിച്ച് വഹ്ശി പ്രവാചകന്റെ പിതൃവ്യനായ ഹംസയെ ക്രൂരമായി കൊലപ്പെടുത്തുകയും നെഞ്ചു പിളർത്ത് കരളെടുത്ത് ഹിന്ദിന് സമർപ്പിക്കുകയും ചെയ്തു. ഹിന്ദ് ആ കരൾ കടിച്ചു തുപ്പി തന്റെ പ്രതികാര ദാഹം തീർത്തു.

പിതാവും മാതാവും ഇസ്ലാമിന്റെ കൊടിയ ശത്രുക്കളായിരുന്നിട്ടും ഉമ്മുഹബീബ സത്യം ബോധ്യമായപ്പോൾ സന്മാർഗ്ഗം സ്വീകരിച്ചു. ഇത് അബൂസുഫ്യാനിലും കുടുംബത്തിലും ഉണ്ടാക്കിയ പ്രതികരണം പറയേണ്ടതില്ലല്ലോ. പ്രലോഭനങ്ങളിലൂടെയും പീഡനങ്ങളിലൂടെയും അവരെ പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചു. എന്നിട്ടും അവരും ഭർത്താവും സത്യത്തിൽ ഉറച്ചു നിന്നു.

മക്കയിൽ ജീവിതം അസാധ്യമായപ്പോൾ എത്യോപ്യയിലേക്ക് ഹിജ്റ പോയ രണ്ടാം സംഘത്തിൽ ഉമ്മുഹബീബയും ഭർത്താവും ഉണ്ടായിരുന്നു. എത്യോപ്യയിലായിരിക്കെ അവർക്ക് ഒരു കുഞ്ഞു പിറന്നു. അതിന് ഹബീബ എന്ന പേരിട്ടു. അങ്ങനെയാണ് റംല ഉമ്മുഹബീബയായത്.

അവിടെ വെച്ച് ഉമ്മുഹബീബ കൂടുതൽ കടുത്ത പരീക്ഷണത്തിന് വിധേയമാവുകയായിരുന്നു. ഭർത്താവ് ഉബൈദുല്ല ഭൗതിക താൽപര്യങ്ങൾക്ക് അടിപ്പെട്ട് ക്രിസ്തുമതം സ്വീകരിച്ചു. ഉമ്മുഹബീബ അയാളെ പിന്തിരിപ്പിക്കാൻ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. അതോടെ ജന്മനാട്ടിൽ നിന്ന് ഏറെ ദൂരെ അന്യരാജ്യത്ത് അവർ എല്ലാ അർഥത്തിലും ഒറ്റപ്പെട്ടു. എത്യോപ്യയിൽ സ്വന്തക്കാരായി ആരുമില്ല. നാട്ടിലേക്ക് മടങ്ങിയാൽ കുടുംബം പിടികൂടി മതം മാറാൻ നിർബന്ധിക്കും. യഥാർഥത്തിൽ തന്നെ ചെകുത്താനും കടലിനുമിടയിൽ. ഒന്നുകിൽ മതപരിത്യാഗം; അല്ലെങ്കിൽ മരണം. അതിനാൽ ഇനിയെന്ത് എന്ന ചോദ്യത്തിന് ഭൗതികമായി ഉത്തരമുണ്ടായിരുന്നില്ല. എന്നിട്ടും അവർ സത്യമാർഗത്തിൽനിന്ന് പിന്തിരിഞ്ഞില്ല. സമ്പന്നതയുടെ നടുവിൽ പിറന്നു വളർന്ന ഉമ്മുഹബീബ ഒരു പെണ്ണിന് സഹിക്കാവുന്നതിലപ്പുറം ദുരിതങ്ങൾ അനുഭവിക്കുകയായിരുന്നു.

അവരുടെ വിവരമറിഞ്ഞ നബിതിരുമേനിയുടെ ഹൃദയം വിതുമ്പി. പണവും പ്രതാപവും പ്രൗഢിയും ഒത്തിണങ്ങിയ കുടുംബത്തിൽ പിറന്ന് സുഖലോലുപയായി വളർന്ന ഒരു മഹിളാ രത്നം സന്മാർഗം സ്വീകരിച്ച് സങ്കല്പിക്കാവുന്നതിലപ്പുറമുള്ള പ്രതിസന്ധിയിലകപ്പെട്ടിട്ടും നേർവഴിയിൽ അടിയുറച്ചു നിൽക്കുന്നു. സാധ്യമാകുന്നതിൽ വെച്ചേറ്റവും മികച്ച സമ്മാനം നൽകി കൊടിയ ദുഃഖത്തിൽ നിന്നും ദുരിതത്തിൽ നിന്നും അവരെ കരകയറ്റാൻ തീരുമാനിച്ചു. അംറുബ്നു ഉമയ്യയെ എത്യോപ്യൻ ഭരണാധികാരി നജ്ജാശിയുടെ അടുത്തേക്കയച്ചു. ഉമ്മുഹബീബയെ താൻ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും അക്കാര്യം ഉമ്മു ഹബീബയെ അറിയിക്കാനും തുടർ നടപടികൾ സ്വീകരിക്കാനും താങ്കളെ ചുമതലപ്പെടുത്തുന്നുവെന്നും അറിയിക്കുന്ന കത്ത് അദ്ദേഹത്തിന് കൊടുത്തയക്കുകയും ചെയ്തു.

നജ്ജാശി തന്റെ ദാസി അബ്രഹ: വഴി വിവരം ഉമ്മുഹബീബയെ അറിയിച്ചു. അവർ അത്യധികം സന്തുഷ്ടയായി എന്ന് പറയേണ്ടതില്ലല്ലോ. ഉമ്മുഹബീബ തന്റെ ബന്ധുവായ സഇൗദിന്റെ മകൻ ഖാലിദിന് തന്നെ വിവാഹം ചെയ്തു കൊടുക്കാനുള്ള അധികാരം നൽകി. 400 ദീനാറാണ് മഹ്റായി നിശ്ചയിക്കപ്പെട്ടത്. അത് നൽകിയത് നജ്ജാശിയാണ്.

തുടർന്ന് രാജ കൊട്ടാരത്തിൽ വെച്ച് മക്കയിൽ നിന്നെത്തിയ വിശ്വാസികളുടെ സാന്നിധ്യത്തിൽ വിവാഹം ഭംഗിയായി നടന്നു. നജ്ജാശി രാജാവ് ഉമ്മുഹബീബക്ക് ചില സമ്മാനങ്ങൾ നൽകുകയും ചെയ്തു. അതോടൊപ്പം അദ്ദേഹം ഉമ്മുഹബീബയെ ഷബീർ ഹബീലുബ്നുഹസന്റെ കൂടെ മദീനയിലേക്കയച്ചു. ഇത് ഹിജ്റ ഏഴാം വർഷമായിരുന്നു.

അപ്പോഴത്തെ ഇസ്ലാമിന്റെ കൊടിയ ശത്രുവായിരുന്ന പിതാവ് അബൂസുഫ്യാന്റെ പ്രതികരണം വിസ്മയകരമായിരുന്നു. പ്രവാചകന്റെ അഞ്ചാമത്തെ വിവാഹമായിരുന്നിട്ടും അദ്ദേഹം പറഞ്ഞതിങ്ങനെ: “”ഏതായാലും മുഹമ്മദ് വളരെ നല്ല മനുഷ്യനാണ്. മാന്യനായ ഭർത്താവ്.”

ഈ വിവാഹം അബൂസുഫ്യാന്റെ മനം മാറ്റത്തിൽ ചെറുതല്ലാത്ത പങ്കുവഹിച്ചു. ഉമ്മു ഹബീബയുമായുള്ള പ്രവാചകന്റെ വിവാഹം എന്തിനായിരുന്നുവെന്ന് ഇതൊക്കെയും അസന്നിഗ്ദ്ധമായി വ്യക്തമാക്കുന്നു.

സഹോദരൻ മുആവിയയുടെ ഭരണ കാലത്ത് എഴുപത്തി മൂന്നാമത്തെ വയസ്സിൽ ഹിജ്റ വർഷം 44 ൽ ഉമ്മുഹബീബ പരലോകം പ്രാപിച്ചു. ( തുടരും )

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles