ഖുവൈലിദിന്റെ മകൾ ഖദീജാ ബീവി അറിയപ്പെടുന്ന കച്ചവടക്കാരിയായിരുന്നു; സമ്പന്നയും; ജീവിതവിശുദ്ധിയിലും സദാചാര നിഷ്ഠയിലും പരക്കെ അറിയപ്പെടുന്നവളും.
മുഹമ്മദിന്റെ പരിരക്ഷണം നിർവഹിച്ചു കൊണ്ടിരുന്ന പിതൃവ്യൻ അബൂത്വാലിബും ഖദീജാബീവിയും കൂടിയാലോചിച്ച് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ അവർ മുഹമ്മദിനെ തന്റെ കച്ചവടച്ചരക്കുമായി സിറിയയിലേക്കയച്ചു. കച്ചവടത്തിൽ പതിവിലേറെ ലാഭം ലഭിച്ചു. അതിനു കാരണക്കാരനായ മുഹമ്മദ് പുലർത്തിയ സത്യസന്ധതയും കാണിച്ച സാമർഥ്യവും ഖദീജാ ബീവിയെ ഏറെ സന്തോഷിപ്പിച്ചു. അദ്ദേഹത്തിന്റെ സ്വഭാവ നന്മയിലും പെരുമാറ്റ മേന്മയിലും ജീവിതവിശുദ്ധിയിലും അങ്ങേയറ്റം ആകൃഷ്ടയായ അവർ അദ്ദേഹത്തെ ജീവിതപങ്കാളിയായി ലഭിക്കണമെന്ന് അതിയായാഗ്രഹിച്ചു. അവർ നേരത്തെ രണ്ട് തവണ വിവാഹിതയായ വിധവയായിരുന്നു; നാലു കുട്ടികളുടെ മാതാവും.
ഖദീജ ബീവി തന്നെ വിവാഹാലോചനക്ക് മുൻകൈയെടുത്തു. ആവശ്യമായ കൂടിയാലോചനകൾക്കും ചർച്ചകൾക്കും ശേഷം വിവാഹം നിശ്ചയിക്കപ്പെടുകയും നടക്കുകയും ചെയ്തു. അപ്പോൾ മുഹമ്മദിന്റെ പ്രായം ഇരുപത്തഞ്ച് വയസ്സായിരുന്നു. ഖദീജാബീവിക്ക് നാല്പത് വയസ്സും.
നാൽപതാമത്തെ വയസ്സിലാണല്ലോ മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിച്ചത്. അപ്പോൾ ഖദീജ ബീവിയുടെ പ്രായം അൻപത്തഞ്ച് വയസ്സായിരുന്നു. പിന്നീട് പത്തുകൊല്ലം കഴിഞ്ഞ് അറുപത്തിയഞ്ചാമത്തെ വയസ്സിലാണ് അവർ അന്ത്യശ്വാസം വലിച്ചത്. അതേവരെ പ്രവാചകൻ മറ്റൊരു വിവാഹവും കഴിച്ചില്ല. കൂട്ടുകാർക്കെല്ലാം ഒന്നിലേറെ ഭാര്യമാരുണ്ടായിരുന്നുവെങ്കിലും അദ്ദേഹം മറ്റൊരു സ്ത്രീയെ ജീവിതപങ്കാളിയായി സ്വീകരിക്കുന്നതിനെ സംബന്ധിച്ച് ആലോചിക്കുക പോലും ചെയ്തില്ല.
മുഹമ്മദ് നബി ഏറ്റവും കൂടുതൽ കാലം ദാമ്പത്യം പങ്കിട്ടത് ഖദീജാ ബീവിയോടൊന്നിച്ചാണ്. ഇരുപത്തഞ്ചു വർഷം. അദ്ദേഹത്തിന് ആറു മക്കളുണ്ടായതും അവരിൽ തന്നെ.
ദൈവിക ഇടപെടൽ
മുഹമ്മദ് നബിയെ അല്ലാഹു പ്രവാചകത്വ പദവി ഏറ്റെടുക്കാൻ പാകത്തിൽ പ്രത്യേകം വളർത്തിയെടുക്കുകയായിരുന്നുവല്ലോ. ഖദീജാ ബീവിയുമായുള്ള വിവാഹത്തിലും ഇത്തരമൊരു ദൈവിക ഇടപെടൽ ഉണ്ടായതായി മനസ്സിലാക്കാവുന്നതാണ്. അവരെപ്പോലെ പക്വമതിയും പ്രത്യുൽപന്നമതിയും ബുദ്ധിമതിയും ക്ഷമാശീലയും അത്യുദാരയും ത്യാഗ ശീലയും സ്നേഹസമ്പന്നയുമായ ഒരാൾക്ക് മാത്രമേ പ്രവാചകത്വത്തിന്റെ ആദ്യ പതിറ്റാണ്ടിൽ അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്ന കടുത്ത പ്രതിസന്ധികളിലും കൊടിയ പ്രയാസങ്ങളിലും തീക്ഷ്ണമായ പരീക്ഷണങ്ങളിലും ഒട്ടും അലോസരവും പ്രയാസവുമില്ലാതെയും പതറാതെയും കൂടെ നിൽക്കാൻ കഴിയുമായിരുന്നുള്ളൂ.
പ്രവാചകത്വത്തിനു മുമ്പ് തന്നെ ആദർശപ്പൊരുത്തമുള്ള ജീവിതം നയിക്കാൻ അവരിരുവർക്കും സാധിച്ചു. മുഹമ്മദ് നബിയെപ്പോലെ തന്നെ ഖദീജ ബീവിയും ഏകദൈവ വിശ്വാസിനിയായിരുന്നു; ബഹുദൈവ വിശ്വാസമോ ആരാധനയോ അംഗീകരിക്കാത്തവളും. കഷ്ടപ്പെടുന്നവരെ തുണക്കുന്നതിലും അശരണർക്ക് ആശ്വാസമേകുന്നതിലും അഗതികൾക്ക് അഭയം നൽകുന്നതിലും ഇരുവരും സമാനമനസ്കരും തുല്യ പ്രകൃതരുമായിരുന്നു.
മാതൃത്വത്തിന്റെ പരിലാളന കിട്ടാതെ പോയ പ്രവാചകന് ഖദീജാ ബീവിയിൽ നിന്ന് മാതൃ നിർവിശേഷമായ പരിചരണം ലഭിച്ചു. സഹോദരിയുടെ സ്നേഹവാത്സല്യവും പ്രിയതമയുടെ പ്രണയവും സുഹൃത്തിന്റെ സൗഹൃദവും അവരിലൂടെ അനുഭവിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.
മുഹമ്മദ് നബിയുടെ ഒരാഗ്രഹത്തിനും ഖദീജാബീവി എതിര് നിന്നില്ല. ഒന്നിനും തടസ്സം പറഞ്ഞില്ല. ആവശ്യപ്പെട്ടത് എല്ലാം പൂർത്തീകരിച്ചു കൊടുത്തു. ഒട്ടും നീരസം പ്രകടിപ്പിച്ചില്ല. അതുകൊണ്ടാണ് ഹിറാ ഗുഹയിൽ ഏകാന്ത വാസത്തിന് പോയപ്പോൾ പോലും എതിര് പറയാതിരുന്നത്. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണവുമായി പ്രായാധിക്യത്തിന്റെ പ്രയാസത്തിലും മലകയറി ഹിറാ ഗുഹയിൽ എത്തിക്കൊണ്ടിരുന്നത്.
മുഹമ്മദ് നബിയെ ദൈവദൂതനായി ആദ്യം അംഗീകരിച്ചത് ഖദീജാബീവിയാണ്. പ്രവാചകത്വത്തിന്റെ ഭാരിച്ച ചുമതല അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തിയപ്പോൾ മറ്റൊരു സ്ത്രീക്കും സാധ്യമാവാത്ത വിധം അവർ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.
പിന്നീട് സത്യപ്രബോധനം ആരംഭിച്ചപ്പോൾ അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനങ്ങളെ അഭിമുഖീകരിക്കാൻ കരുത്ത് നൽകി. മനഃപ്രയാസം ലഘൂകരിക്കുന്നതിൽ മഹത്തായ പങ്കു വഹിച്ചു. പ്രിയതമനെ പോലെ അവരും കടുത്ത പരിഹാസങ്ങൾക്കും ആക്ഷേപ ശകാരങ്ങൾക്കും ഇരയായി. അവർ തന്റെ സമ്പത്തൊക്കെയും പ്രിയതമനും അദ്ദേഹം പ്രതിനിധാനം ചെയ്ത ആദർശത്തിനും വേണ്ടി വിനിയോഗിച്ചു. അവസാനം അദ്ദേഹത്തോടൊപ്പം അവരും കടുത്ത ദാരിദ്ര്യവും കൊടിയ പട്ടിണിയുമായി കഴിഞ്ഞുകൂടി. ശത്രുക്കളുടെ ഉപരോധ കാലത്ത് വിവരണാതീതമായ വിശപ്പും ദാഹവും സഹിച്ചു. വാർദ്ധക്യത്തിന്റെ വിവശതയിലും അല്പം പോലും അസ്വസ്ഥതയോ അലോസരമോ പ്രകടിപ്പിച്ചില്ല. എന്തുകൊണ്ട് ഖദീജ എന്ന ചോദ്യത്തിനുള്ള മികച്ച മറുപടിയായിരുന്നു ആ ജീവിതം.
നീണ്ട കാൽ നൂറ്റാണ്ടു കാലം നബിതിരുമേനിക്ക് വേണ്ടി എല്ലാം സമർപ്പിച്ചും സകലവിധ കഷ്ടനഷ്ടങ്ങൾ സഹിച്ചും കടുത്ത ത്യാഗങ്ങൾ അനുഭവിച്ചും ജീവിച്ച ഖദീജാ ബീവിക്ക് പ്രവാചക മനസ്സിൽ മറ്റാർക്കുമില്ലാത്ത സ്നേഹവും സ്ഥാനവും ഉണ്ടായിരുന്നു. നബി തിരുമേനി അവരെ സദാ സ്മരിക്കുകയും അവരെക്കുറിച്ച് നല്ലത് പറഞ്ഞു കൊണ്ടേയിരിക്കുകയും ചെയ്തിരുന്നുവെന്ന് ആയിശാ ബീവി പറയുന്നു.
തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന മറ്റെല്ലാ ഭാര്യമാരേക്കാളും പ്രവാചകൻ സ്നേഹിച്ചിരുന്നത് ഖദീജാ ബീവിയെയായിരുന്നു.
ഒരിക്കൽ ആയിശാ ബീവി ഇത്തിരി കുശുമ്പോടെ അവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “”കേവലം ഒരുകിഴവിയായിരുന്നില്ലേ അവർ? അല്ലാഹു അങ്ങേയ്ക്ക് അവരേക്കാൾ ഉത്തമരായ ഭാര്യമാരെ നൽകിയിട്ടുണ്ടല്ലോ. പിന്നെ എന്തിനാണ് എപ്പോഴും അവരെ തന്നെ ഓർത്തു കൊണ്ടിരിക്കുന്നത്?”
ഇത് പ്രവാചകന് ഒട്ടും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം അവരോട് പറഞ്ഞു: “”ഇല്ല. ഖദീജയേക്കാൾ ഉത്തമയായ ഭാര്യയെ എനിക്ക് കിട്ടിയിട്ടില്ല. എന്റെ ജനത എന്നെ അവിശ്വസിച്ചപ്പോൾ അവർ എന്നിൽ വിശ്വസിച്ചു. അവർ എന്നെ കളവാക്കി തള്ളിയപ്പോൾ ഖദീജ എന്നെ സത്യവാനായി അംഗീകരിച്ചു. മറ്റുള്ളവരെല്ലാം എന്നെ ഉപേക്ഷിച്ചപ്പോൾ അവർ മാത്രം എന്നെ പിന്തുണച്ചു. അല്ലാഹു എനിക്ക് സന്താനങ്ങളെ സമ്മാനിച്ചത് അവരിലൂടെയാണ്.”
യുക്തിവാദികളുൾപ്പെടെയുള്ള വിമർശകന്മാർ വാദിക്കുന്ന പോലെ മുഹമ്മദ് നബി കാമഭ്രാന്തനും ഭോഗാസക്തനുമായിരുന്നുവെങ്കിൽ വാർദ്ധക്യം ബാധിച്ച് മരിച്ചു പോയ ഭാര്യയെ സംബന്ധിച്ച് ചെറുപ്പക്കാരിയും സുന്ദരിയുമായ ഭാര്യയോട് ഒരിക്കലും ഇവ്വിധം പ്രശംസിച്ച് പറയുമായിരുന്നില്ല. മറ്റാരേക്കാളും അവർക്ക് പ്രാമുഖ്യം കല്പിക്കുന്നുവെന്ന് തുറന്ന് പറയുമായിരുന്നില്ല. അതോടൊപ്പം ഖദീജാ ബീവിക്ക് പ്രത്യേക സ്ഥാനം നൽകാനുള്ള കാരണമായി പറഞ്ഞത് അവരുടെ സൗന്ദര്യമോ ശരീരഭംഗിയോ അല്ലെന്നതും ഏറെ ശ്രദ്ധേയമത്രെ.
രണ്ടാം വിവാഹം
ഖദീജ ബീവിയുടെ മരണ ശേഷം പ്രവാചകൻ വിവാഹം കഴിച്ചത് സൗദയെയാണ്. ഖുറൈശി കുടുംബാംഗമായ സംഅഃബ്നു ഖൈസാണ് പിതാവ്.
അത്യുദാരയായി അറിയപ്പെട്ടിരുന്ന സൗദാ ബീവി അങ്ങേയറ്റം ധീരയുമായിരുന്നു. നന്മയോടുള്ള അവരുടെ സഹജമായ ആഭിമുഖ്യം അവരെ ഇസ്ലാമിലേക്ക് അടുപ്പിച്ചു. മക്ക മുഴുക്കെ ഇസ്ലാമിനെ പിഴുതെറിയാൻ പാടുപെട്ടു കൊണ്ടിരുന്ന കാലത്താണ് അവർ സന്മാർഗം സ്വീകരിച്ചത്. അതു കൊണ്ടു തന്നെ മറ്റുള്ളവരെ പോലെ അവർക്കും കടുത്ത പ്രയാസങ്ങളും കൊടിയ യാതനകളും അനുഭവിക്കേണ്ടിവന്നു. സ്വന്തം കുടുംബവും സമൂഹവും ശക്തമായി എതിർത്തു.
ശത്രുക്കളുടെ മർദനം സഹിക്കാവുന്നതിലുമപ്പുറമായപ്പോൾ എത്യോപ്യയിലേക്ക് പലായനം ചെയ്തു. അവിടേക്കുള്ള രണ്ടാമത്തെ സംഘത്തിൽ അവരും ഭർത്താവ് സക്റാനു ബ്നു അംറും ഉണ്ടായിരുന്നു.
ഖുറൈശികൾ ഇസ്ലാം സ്വീകരിച്ചതായും അങ്ങനെ മക്കയിൽ അക്രമങ്ങൾക്ക് അറുതി വന്നതായും എത്യോപ്യയിൽ എങ്ങനെയോ പ്രചരിച്ചു. അതോടെ അവിടെ അഭയം തേടിയ മുസ്ലിംകളിൽ പലരും നാട്ടിലേക്ക് മടങ്ങി. അക്കൂട്ടത്തിൽ സൗദയും ഭർത്താവ് സുക്റാനും ഉണ്ടായിരുന്നു. നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഖുറൈശികൾ ഇസ്ലാം സ്വീകരിച്ചുവെന്ന വാർത്ത വ്യാജമാണെന്ന് മനസ്സിലായത്. പലരും എത്യോപ്യയിലേക്ക് തന്നെ തിരിച്ചു പോയെങ്കിലും സൗദയും ഭർത്താവും നാട്ടിൽ തന്നെ നിന്നു. അല്പ നാളുകൾക്കു ശേഷം സുക്റാൻ പരലോകം പ്രാപിച്ചു. അതോടെ സൗദ വിധവയായി. കുടുംബം ശത്രു പക്ഷത്തായിരുന്നതിനാൽ തീർത്തും ഒറ്റപ്പെട്ടു. സംരക്ഷിക്കാൻ ആരുമില്ലാതായി. അതോടൊപ്പം കുടുംബാംഗങ്ങൾ അവരെ ഇസ്ലാം ഉപേക്ഷിക്കാൻ നിർബന്ധിച്ചു കൊണ്ടിരുന്നു.
ഈ നിസ്സഹായത കണ്ടറിഞ്ഞ, ഥഅലബ് മകൾ ഖൗല: പ്രവാചകനെ സമീപിച്ച് അവരെ വിവാഹം കഴിക്കാൻ ആവശ്യപ്പട്ടു. വൃദ്ധയായ സൗദയുടെ നിരാലംബമായ അവസ്ഥ അറിഞ്ഞ് അവരോട് അനുകമ്പ തോന്നിയ പ്രവാചകൻ അവരെ ജീവിത പങ്കാളിയാക്കാൻ സന്നദ്ധനായി. അങ്ങനെ നാനൂറ് ദിർഹം മഹ്റ് നൽകി നബി തിരുമേനി അവരെ വിവാഹം കഴിച്ചു. പ്രവാചകത്വത്തിന്റെ പത്താം വർഷം റമദാനിലായിരുന്നു ഇത്. അന്ന് അവരുടെ പ്രായം അറുപത്തി ആറു വയസ്സായിരുന്നു. പ്രവാചകന് അമ്പത് വയസ്സും.
പിന്നീട് മദീനയിലേക്ക് ഹിജ്റ പോയ സൗദ പ്രവാചകന്റെ വേർപാടിനു ശേഷം ഒന്നര പതിറ്റാണ്ടോളം കഴിഞ്ഞാണ് പരലോകം പ്രാപിച്ചത്.
തന്നേക്കാൾ 16 വയസ്സ് പ്രായക്കൂടുതലുള്ള സൗദയെ എന്തിന് പ്രവാചകൻ വിവാഹം കഴിച്ചുവെന്നത് വിവരണമാവശ്യമില്ലാത്ത വിധം വ്യക്തമാണ്. സത്യമാർഗത്തിൽ ഒട്ടേറെ പ്രയാസങ്ങൾ സഹിക്കേണ്ടി വന്ന ആ വയോധികക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനമായിരുന്നു അത്. പ്രവാചകന്റെ പത്നീപദവിയിലൂടെ വിശ്വാസികളുടെ മാതാവെന്ന മഹത്തായ സ്ഥാനം. ലോകാന്ത്യം വരെ അങ്ങേയറ്റം ആദരിക്കപ്പെടുന്ന മഹദ് പദവി. ( തുടരും )
📲 വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL