Current Date

Search
Close this search box.
Search
Close this search box.

പ്രവാചകൻ ഭോഗാസക്തനോ?

ചില ഇസ്ലാം വിമർശകർ പ്രവാചകനെ ഭോഗാസക്തനായും കാമ വെറിയനുമായും ചിത്രീകരിക്കുന്നത് കൊടിയ പാതകമാണെന്ന് ആ പുണ്യ പുരുഷന്റെ ജീവിതം പഠിക്കുന്ന ആർക്കും സംശയത്തിനിടമില്ലാത്ത വിധം ബോധ്യമാകും. അദ്ദേഹത്തിന്റേതുപോലെ വളരെ കൃത്യമായും കണിശമായും രേഖപ്പെടുത്തപ്പെട്ട മറ്റൊരു ജീവിതവും ലോകത്തെവിടെയും ആരുടേതും ഇല്ലെന്നതും ഏറെ ശ്രദ്ധേയവും പ്രത്യേകം പ്രസ്താവ്യവുമാണ്. ഇക്കാര്യം സത്യാന്വേഷകർക്ക് സംശയാതീതമായി മനസ്സിലാക്കാൻ കഴിയുന്ന ചില വസ്തുതകളിവിടെ കുറിക്കുന്നു.

1. ആറാം നൂറ്റാണ്ടിൽ അറേബ്യയിൽ ലൈംഗിക അരാജകത്വം അരങ്ങു തകർക്കുകയായിരുന്നു. എങ്ങും നിർലജ്ജത നൃത്തമാടി. കണിശമായി പാലിക്കപ്പെടുന്ന കൃത്യമായ സദാചാര നിയമങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല. വിശുദ്ധ കഅ്ബ എന്ന ആദരണീയമായ ആരാധനാലയത്തിന്റെ പരിസരങ്ങളിൽ പോലും അശ്ലീല വൃത്തികൾ നിർബാധം നടന്നു കൊണ്ടിരുന്നു. വിവാഹ ബാഹ്യ ബന്ധങ്ങൾ വിലക്കപ്പെട്ടിരുന്നില്ല. വിവാഹം പോലും കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തിന് നിയമത്തിന്റെയും മാന്യതയുടെയും പരിവേഷമണിയിക്കാനുള്ള തന്ത്രം മാത്രമായിരുന്നു. വേശ്യാവൃത്തിയിലേർപ്പെട്ടിരുന്നവർ ആവശ്യക്കാരെ പരസ്യമായി ക്ഷണിക്കുകയും തങ്ങളുടെ തൊഴിൽ അതാണെന്നറിയിക്കാൻ വീടുകൾക്ക് മുമ്പിൽ കൊടി നാട്ടുകയും ചെയ്തിരുന്നു. ആർക്കും ആരെയും എപ്പോഴും കാമ പൂരണത്തിന് ഉപയോഗിക്കാവുന്ന അവസ്ഥയാണുണ്ടായിരുന്നത്.

എല്ലാ അർഥത്തിലും സ്വതന്ത്ര ലൈംഗികത നിലനിന്നിരുന്ന സമൂഹത്തിൽ മുഹമ്മദ് നബി കടുത്ത വിമർശകർക്ക് പോലും ഒരാരോപണവും ആക്ഷേപവും ഉന്നയിക്കാൻ അവസരം ലഭിക്കാതിരിക്കുമാറ് തീർത്തും വിശുദ്ധവും സദാചാര നിഷ്ഠവുമായ ജീവിതം നയിച്ചു.

2. മുഹമ്മദ് നബി കാഴ്ചക്കാരിലെല്ലാം കൗതുകമുണർത്തുമാറ് അതീവ സുന്ദരനും അരോഗ ദൃഢഗാത്രനുമായിരുന്നു. അതോടൊപ്പം പ്രമുഖ കുടുംബാംഗവും. സ്വഭാവ മഹിമ കൊണ്ടും പെരുമാറ്റ മേന്മ കൊണ്ടും എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.

ഇരുപത്തിയഞ്ചാമത്തെ വയസ്സിലാണ് അദ്ദേഹം വിവാഹം കഴിച്ചത്. എന്നിട്ടും അന്നോളം അദ്ദേഹം അവിഹിത വൃത്തികളിലേർപ്പെടുകയോ അതേക്കുറിച്ച് ആലോചിക്കുക പോലുമോ ചെയ്തില്ല. സദാചാര രഹിതമോ മാന്യേതരമോ ആയ കൃത്യങ്ങളിൽ നിന്നെല്ലാം പൂർണമായും വിട്ടുനിന്നു. അശ്ലീലതയോടും നിർലജ്ജതയോടും പ്രകടമായ അകലം പാലിച്ചു. വിമർശകർ ആരോപിക്കുന്നപോലെയായിരുന്നു പ്രവാചകനെങ്കിൽ ലൈംഗിക വേഴ്ചക്ക് ഒരുവിധ വിലക്കുമില്ലാതിരുന്ന മക്കയിൽ പരമ പരിശുദ്ധമായ ജീവിതം നയിക്കാൻ സാധിക്കുമായിരുന്നില്ല.

3. സമപ്രായക്കാരിയോ തന്നേക്കാൾ പ്രായം കുറഞ്ഞവളോ ആയ ഏതു സുന്ദരിയെയും കല്യാണം കഴിക്കാൻ കഴിയുമായിരുന്നിട്ടും പതിനഞ്ച് വയസ്സ് കൂടുതലുള്ള ഖദീജാബീവിയെയാണ് വിവാഹം ചെയ്തത്. അവർ രണ്ടുതവണ വിവാഹിതയായ വിധവയായിരുന്നു. നാലു കുട്ടികളുടെ മാതാവും.

പ്രവാചകത്വ നിയോഗത്തിനു ശേഷം നിർവഹിക്കാനുള്ള മഹാ നിയോഗത്തിന് അല്ലാഹു ഖദീജാ ബീവിയെയും നബിതിരുമേനിയെയും കൂട്ടിയിണക്കുകയായിരുന്നുവെന്ന് പിൽക്കാല സംഭവങ്ങൾ തെളിയിക്കുന്നു. വിവാഹത്തിന്റെ ലക്ഷ്യം ലൈംഗികാവശ്യങ്ങളുടെ പൂർത്തീകരണം മാത്രമല്ല; ഇത് പോലുള്ള മഹത്തായ കൃത്യങ്ങളുടെ നിർവഹണം കൂടിയാണ്.

4. ലോകത്തിന്റെ ഇതര ഭാഗങ്ങളിലെന്നപോലെ അറേബ്യയിലും അന്ന് ബഹുഭാര്യത്വം ആക്ഷേപകരമോ അസാധാരണമോ ആയിരുന്നില്ല. എന്നല്ല, മാന്യതയുടെയും മഹത്ത്വത്തിന്റെയും യോഗ്യതയുടെയും അടയാളമായിരുന്നു. അക്കാലത്ത് അപവാദം ഏക ഭാര്യത്വമായിരുന്നു. എന്നിട്ടും ആദ്യ ഭാര്യ ഖദീജാ ബീവി പരലോകം പ്രാപിക്കുന്നതു വരെ അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചില്ല. അഥവാ 50 വയസ്സുവരെ ഏക ഭാര്യനായാണ് അദ്ദേഹം ജീവിച്ചത്. പ്രവാചകന്റെ ബഹുഭാര്യത്വത്തിനു കാരണം ലൈംഗിക തൃഷ്ണയായിരുന്നുവെങ്കിൽ യൗവനത്തിന്റെ കരുത്തും ചെറുപ്പത്തിന്റെ ചോരത്തിളപ്പും വൈകാരിക ആവേശവുമുള്ള കാലത്താണല്ലോ ഒന്നിലേറെ സ്ത്രീകളെ വിവാഹം കഴിക്കേണ്ടിയിരുന്നത്. എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല, ഖദീജയുടെ മരണശേഷം രണ്ടാമത് വിവാഹം കഴിച്ചതും തന്നേക്കാൾ പ്രായമുള്ള വിധവയായ സൗദയെയാണ്.

5. ഹിജ്റക്കു ശേഷം മദീനയിലെത്തിയതോടെ പ്രവാചകൻ രാഷ്ട്രത്തലവനും ഭരണാധികാരിയും സർവസൈന്യാധിപനുമൊക്കെയായി. തന്റെ ഭരണ സീമയിലുള്ള ഏത് പ്രായത്തിലുള്ള ഏത് സുന്ദരിയേയും സ്വന്തമാക്കാൻ ഒട്ടും പ്രയാസമില്ലാത്ത പദവിയിലാണ് അദ്ദേഹം ഉണ്ടായിരുന്നത്. എന്നിട്ടും ഭരണാധികാരിയായി മാറിയ ശേഷം ഒരൊറ്റ കന്യകയെയും മുഹമ്മദ് നബി വിവാഹം ചെയ്തിട്ടില്ല. തന്റെ അധികാരമോ സ്വാധീനമോ ഉപയോഗിച്ച് ആരെയും വിവാഹത്തിന് നിർബന്ധിക്കുകയോ പ്രേരിപ്പിക്കുകയോ ലൈംഗികമായി ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. കടുത്ത ഇസ്ലാം വിമർശകർക്ക് പോലും അങ്ങനെയൊന്ന് ആരോപിക്കാൻ പോലും സാധിച്ചിട്ടില്ല. പ്രവാചകൻ തന്റെ ജീവിത പങ്കാളികളിൽ ആർക്കും എപ്പോൾ വേണമെങ്കിലും വേർപിരിഞ്ഞു പോകാനുള്ള സ്വാതന്ത്ര്യം നൽകുകയും ചെയ്തിരുന്നു. ഇൗ സ്വാതന്ത്ര്യ പ്രഖ്യാപനം പ്രപഞ്ചനാഥന്റെ നിർദേശാനുസരണവുമായിരുന്നു.

“”നബിയേ, നീ നിന്റെ സഹധർമിണിമാരോട് പറയുക: ഇഹലോകവും അതിലെ വിഭവങ്ങളുമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ വരുവിൻ, വിഭവങ്ങൾ നൽകി ഞാൻ നിങ്ങളെ ഭംഗിയായി പിരിച്ചയക്കാം.” (ഖുർആൻ 33:28)

പ്രവാചക പത്നിമാരിലാരും ആ മാർഗമവലംബിച്ചില്ല. ഒരു കാമാതുരന്റെ കയ്യിൽ കുടുങ്ങിപ്പോയവരായിരുന്നു അവരെങ്കിൽ കിട്ടുന്ന ആദ്യാവസരമുപയോഗിച്ച് രക്ഷപ്പെടുമായിരുന്നു.

6. പ്രവാചകൻ വിവാഹം ചെയ്തവരിൽ ഒരാളൊഴികെ എല്ലാവരും വിധവകളായിരുന്നു. ഏറെപ്പേരും കാഴ്ചക്കാരിൽ ഒട്ടും കൗതുകമുണർത്താത്ത വിധം യൗവനം പിന്നിട്ടവരും. മൂന്നാമത് കല്യാണം കഴിച്ച ആയിശ മാത്രമാണ് പ്രവാചക പത്നിമാരിൽ ഏക കന്യക. അദ്ദേഹം അവരെ വിവാഹം ചെയ്തത് അവരുടെ ചെറുപ്രായത്തിലാണ്. മൂന്ന് വർഷം പിന്നിട്ട ശേഷമാണ് അവരോടൊത്ത് ദാമ്പത്യം നയിക്കാൻ തുടങ്ങിയത്. കന്യകയായ ആയിശയെ വിവാഹം കഴിച്ചതിലൂടെ ലോകാവസാനം വരെയുള്ള മനുഷ്യസമൂഹത്തിന് അവരിലൂടെ വിലപ്പെട്ട നിരവധി അറിവുകൾ ലഭിക്കാൻ അല്ലാഹു അവസരമൊരുക്കുകയായിരുന്നു.

7. വിമർശകർ പ്രവാചകനെപ്പറ്റി ആരോപിക്കുന്നത് ശരിയാണെങ്കിൽ അറേബ്യയിൽ അക്കാലത്ത് നിലവിലുണ്ടായിരുന്ന ലൈംഗിക അരാജകത്വത്തിന് ഒരിക്കലും അദ്ദേഹം അറുതി വരുത്തുമായിരുന്നില്ല. വിവാഹ ബാഹ്യ ബന്ധങ്ങൾക്ക് വിലക്കുകളില്ലാത്ത വ്യവസ്ഥയും അവസ്ഥയുമാണല്ലോ ഭോഗാസക്തരും കാമവെറിയരും എപ്പോഴും ആഗ്രഹിക്കുക. എന്നാൽ മുഹമ്മദ് നബിയിലൂടെ അവതീർണമായ ജീവിതവ്യവസ്ഥ സ്ത്രീ-പുരുഷ ബന്ധത്തിന് കണിശവും കർക്കശവുമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണുണ്ടായത്. വിവാഹ ബാഹ്യബന്ധങ്ങൾക്ക് ഗുരുതരമായ ശിക്ഷ നിശ്ചയിച്ചു. സ്ത്രീ- പുരുഷന്മാർ പരസ്പരം ലൈംഗിക വികാരത്തോടെ നോക്കുന്നത് പോലും വിലക്കി. അന്യ സ്ത്രീയും പുരുഷനും ഒരിടത്ത് തനിച്ചാവരുതെന്ന് നിർദേശിച്ചു. ലൈംഗിക വിശുദ്ധി ഉറപ്പുവരുത്തുന്ന വ്യക്തമായ സദാചാര നിയമങ്ങൾ ആവിഷ്കരിച്ചു. കാമവെറിയന്മാർ ഇഷ്ടപ്പെടുന്ന കാര്യങ്ങളല്ലല്ലോ ഇതൊന്നും.

മതനിരാസത്തിന്റെ മുദ്രയണിഞ്ഞ യുക്തിവാദികളും നിരീശ്വരവാദികളും ഇത്തരം എല്ലാ നിയമങ്ങളെയും നിയന്ത്രണങ്ങളെയും പൂർണമായും നിരാകരിക്കുകയും തള്ളിപ്പറയുകയും നിശിതമായി വിമർശിക്കുകയും ചെയ്യുന്നത് അതിനാലാണല്ലോ. സ്ത്രീകൾ പരമാവധി ശരീര ഭാഗം തുറന്നിടുന്നതിനെയും സ്ത്രീപുരുഷന്മാർ ഇഴുകിച്ചേർന്ന് തൊട്ടുരുമ്മി കഴിയുന്നതിനെയുമാണല്ലോ അത്തരക്കാർ പ്രമോട്ട് ചെയ്യുന്നതും പ്രോത്സാഹിപ്പിക്കുന്നതും.

8. പ്രവാചകൻ ജീവിച്ച സമൂഹത്തിലെ ഇസ്ലാമിന്റെ ശത്രുക്കൾ അദ്ദേഹത്തിന്റെ ജീവിതം വിശദമായ നിരീക്ഷണത്തിനും നിശിതമായ നിരൂപണത്തിനും കൃത്യമായ വിശകലനത്തിനും രൂക്ഷമായ വിമർശനത്തിനും വിധേയമാക്കിയിരുന്നു. അദ്ദേഹത്തിനെതിരെ വ്യാജമായ നിരവധി ആരോപണങ്ങൾ ഉന്നയിക്കുകയും ആക്ഷേപ ശകാരങ്ങൾ കൊണ്ടു പൊതിയുകയും ചെയ്തിരുന്നു. എന്നിട്ടും ഒരാൾപോലും പ്രവാചകനിൽ ലൈംഗികാസക്തിയോ ഭോഗ തൃഷ്ണയോ സദാചാര ലംഘനമോ കാമ വെറിയോ ആരോപിച്ചിട്ടില്ല. അദ്ദേഹത്തിലൂടെ അവതീർണമായ ആദർശ വിശ്വാസത്തെ അതി നിശിതമായി വിമർശിച്ചിരുന്നവരും എതിർത്തിരുന്നവരും ആ ജീവിതം പരമ പരിശുദ്ധമായിരുന്നുവെന്ന് തുറന്ന് സമ്മതിക്കുന്നവരായിരുന്നു.

എന്നിട്ടും എന്തിന് പ്രവാചകൻ ഔപചാരികമായി പതിനൊന്ന് വിവാഹം കഴിച്ചു? ഒരേ സമയം ഒമ്പത് ഭാര്യമാരെ നിലനിർത്തി? ഈ അന്വേഷണങ്ങൾക്കുള്ള വിശദമായ വിശദീകരണമാണ് വരും പേജുകളിൽ. ( തുടരും )

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles