Current Date

Search
Close this search box.
Search
Close this search box.

വിമർശകരുടെ സദാചാര സങ്കൽപ്പം

എല്ലാ നാസ്തിക ദർശനങ്ങളും സംസാരിക്കുന്നത് മനുഷ്യശരീരത്തെയും അതിന്റെ പരിവർത്തനങ്ങളെയും പരിണാമങ്ങളെയും സംബന്ധിച്ചാണ്. സകല ശ്രദ്ധയും ശ്രമവും അതിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ്. അതുകൊണ്ടുതന്നെ തിന്നുക, കുടിക്കുക,ഭോഗിക്കുക,സുഖിക്കുക, ഉല്ലസിക്കുക തുടങ്ങിയവയാണ് അവ മുന്നോട്ടു വെക്കുന്ന ജീവിതലക്ഷ്യം.

പ്രമുഖ നാസ്തിക ദാർശനികനായ ആൾഡസ് ഹെക്സലെ പറഞ്ഞു: “”നിങ്ങൾക്ക് ഇന്ന് ആസ്വദിക്കാനും അനുഭവിക്കാനും കഴിയുന്ന ആനന്ദം ഒരു കാരണവശാലും നാളേക്ക് മാറ്റി വെക്കരുത്.”

സ്വിസ്വ് ചിന്തകനായ കാർ ജാസ്പേർസ് എഴുതി: “”ജീവിതപാതയിൽ സ്ഥായിത്വം നൽകുന്ന ഒന്നേയുള്ളൂ. അത്യന്താനുഭൂതിയാണത്.”
ജന്മവാസനകൾക്കനുസൃതമായി തോന്നിയപോലെ ജീവിക്കുകയാണ് വേണ്ടതെന്നും അതിന് വിഘാതം വരുത്തുന്നതാണ് എല്ലാ വിപത്തുകൾക്കും നിമിത്തമെന്നും ആധുനിക മനശ്ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന സിഗ്മണ്ട് ഫ്രോയിഡ് വാദിക്കുന്നു. “”മനുഷ്യന്റെ ജന്മവാസനകൾക്ക് തഴച്ചു വളരാൻ വിഘാതം വരുത്തുന്ന മൂല്യ സങ്കൽപങ്ങളും സാമൂഹ്യ സമ്മർദങ്ങളുമാണ് എല്ലാ ദുരിതങ്ങളുടെയും മൂലകാരണം.”

മൂല്യ നിരാസം
ജീവിതത്തിന്റെ പരമമായ ലക്ഷ്യം പരമാവധി സുഖിക്കലായതിനാൽ അതിന് തടസ്സം നിൽക്കുന്ന എല്ലാ മൂല്യങ്ങളെയും നിയമങ്ങളെയും ചിട്ട, ചട്ടങ്ങളെയും യുക്തിവാദികൾ ഉൾപ്പെടെ എല്ലാ ഭൗതികവാദികളും നിരാകരിക്കുന്നു. നന്മ തിന്മകളും ശരി തെറ്റുകളും ധർമാധർമങ്ങളും ന്യായാന്യായങ്ങളും വിധിവിലക്കുകളും അവർക്ക് ഒട്ടും ഗൗരവമുള്ള വിഷയമല്ല. സുസ്ഥിര സത്യങ്ങളോ മൂല്യങ്ങളോ മാനവികതയോ ഉണ്ടെന്ന് അവരംഗീകരിക്കുന്നില്ല.

നന്മ ഉപദേശിക്കുന്നവരാണ് മനുഷ്യവർഗത്തിന്റെ ഏറ്റവും വലിയ ശത്രുക്കളെന്ന് പ്രമുഖ വിദ്യാഭ്യാസ ചിന്തകൻ ഇമ്മാനുവേൽ കാൻറ് വാദിക്കുന്നു: “”മാതാപിതാക്കളും ഗുരുക്കന്മാരുമാണ് നമ്മുടെ ഏറ്റവും വലിയ ശത്രുക്കൾ.”

പ്രശസ്ത നാസ്തിക ദാർശനികനായ നീത്ഷേ തന്റെ “സന്തോഷകരമായ വിവേകം’എന്ന കൃതിയിലെഴുതി: “”ഇളം വെയിലുള്ള വിഭാതത്തിൽ വിഭ്രാന്തി ബാധിച്ച ഒരാൾ കയ്യിൽ വിളക്കും പിടിച്ച് ദൈവം എവിടെ? ദൈവം എവിടെ? എന്ന് വിളിച്ചു ചോദിച്ചു കൊണ്ട് അങ്ങാടിയിലൂടെ ഒാടിനടന്നു. അവിടെ ഒത്തു കൂടിയവരിൽ ഏറെപ്പേരും ഇൗശ്വര നിഷേധികളായിരുന്നു. അയാളുടെ പെരുമാറ്റം അവർക്ക് ആഹ്ലാദകരമായി തോന്നി. അവരിലൊരാൾ ചോദിച്ചു: “എന്തുപറ്റി? ദൈവം പോയോ?”

മറ്റൊരാൾ പറഞ്ഞു: “”കൊച്ചുകുട്ടിക്ക് എന്നപോലെ ദൈവത്തിനു വഴി തെറ്റിയതായിരിക്കുമോ?” വേറെ ഒരാൾ ചോദിച്ചു: “”എവിടെയെങ്കിലും പോയി ഒളിച്ചിരിക്കുകയാണോ? അയാൾക്ക് നമ്മെ പേടിയാണോ? വിദേശയാത്രയ്ക്ക് പോയതാണോ? അതോ നാടുവിട്ടതോ?” പലരും ഇങ്ങനെ പലതും വിളിച്ചു പറഞ്ഞു. ഭ്രാന്തൻ എല്ലാവരെയും തുറിച്ചു നോക്കിക്കൊണ്ട് അവരുടെ നടുവിൽനിന്ന് പ്രസ്താവിച്ചു.: “”ദൈവം എവിടെ പോയെന്ന് ഞാൻ പറഞ്ഞു തരാം. നാം ദൈവത്തെ കൊന്നു. ഞാനും നിങ്ങളും. നാമെല്ലാം ദൈവത്തിന്റെ ഘാതകരാണ്. ദൈവത്തെ കുഴിച്ച് മൂടുന്ന ശബ്ദം നാം കേൾക്കുന്നില്ലേ? ചീഞ്ഞു നാറുന്ന ദൈവത്തിന്റെ ദുർഗന്ധമല്ലേ നമ്മുടെ നാസാദ്വാരങ്ങളിൽ വന്നടിക്കുന്നത്? ദൈവം ചത്തുപോയി. നമ്മൾ തന്നെയാണ് കൊന്നത്.”

അതേ കൃതിയുടെ അഞ്ചാം ഭാഗത്ത് അദ്ദേഹം എഴുതി: “”ദൈവത്തിന്റെ മരണം സമീപകാലത്തെ സാംസ്കാരിക ചരിത്രത്തിലെ സുപ്രധാന സംഭവമാണ്. അതിന്റെ നിഴൽപ്പാടുകൾ യൂറോപ്പിലുടനീളം പരക്കാൻ തുടങ്ങിയിട്ടുണ്ട്. ഇൗശ്വരവിശ്വാസത്തിന്മേലാണ് ഒട്ടുവളരെ കാര്യങ്ങൾ നിലനിന്നിരുന്നത്. ധാർമിക മൂല്യങ്ങളെല്ലാം അതിന്റെ അവിഭാജ്യ ഘടകങ്ങളായിരുന്നു. അതിനാൽ അവയുടെയെല്ലാം വ്യാപകവും അഗാധവും സുദീർഘവുമായ തകർച്ച അത്യാസന്നമായിരിക്കുന്നു. മുമ്പൊരിക്കലും മാനവികത പരിചയിച്ചിട്ടില്ലാത്ത അതിഭീകരമായ ഒരു ദുരന്തത്തിന്റെ പ്രബോധകനും പ്രചാരകനുമാവുകയെന്നത് ഏറെ ഗുരുതരമായ കാര്യമാണെന്ന് പലരും വേണ്ടവിധം ഗ്രഹിച്ചിട്ടില്ല. ബഹുഭൂരിപക്ഷം ആളുകളുടെയും ധാരണാശക്തിയെ വെല്ലുന്ന ബൃഹത്തായൊരു വസ്തുതയാണിത്.”

മൂല്യങ്ങളൊക്കെയും ദൈവവിശ്വാസവുമായി ബന്ധപ്പെട്ടവയാണെന്നും നിരീശ്വര വാദം തീർത്തും മൂല്യനിരാസപരമാണെന്നും അസന്നിഗ്ധമായി വ്യക്തമാക്കുകയാണല്ലോ നീത്ഷേ ചെയ്തത്.

മതത്തിന്റെ സ്വാധീനം
ആരെങ്കിലും സത്യവും നീതിയും ധർമവും നിയമവും മറ്റു മാനവിക മൂല്യങ്ങളും മുറുകെപ്പിടിക്കുന്നുവെങ്കിൽ അത് തലമുറ തലമുറകളായി സഹസ്രാബ്ദങ്ങളിലൂടെ പിന്തുടർന്ന് പോരുന്ന മതവിശ്വാസത്തിന്റെയും മൂല്യങ്ങളുടെയും സ്വാധീനം അറിഞ്ഞോ അറിയാതെയോ അവരിൽ നില നിൽക്കുന്നതിനാലാണ്.

ഏറ്റുമാനൂർ ഗോപാലകൃഷ്ണൻ എഴുതുന്നു.: “”മദ്യപിക്കരുത്, മോഷ്ടിക്കരുത്, വ്യഭിചരിക്കരുത് തുടങ്ങിയ അരുതുകൾ മതപരമായ വിലക്കുകളാണ്. മതപരമായ അത്തരം വിലക്കുകൾ മതാനുയായികളെ ഉദ്ദേശിച്ചുണ്ടാക്കിയിട്ടുള്ളവയാണ്. അരുതുകളുടെ അതിര് ലംഘിക്കുന്നവർക്ക് സ്വർഗരാജ്യം നഷ്ടപ്പെടുമെന്ന് മാത്രമല്ല, നല്ല ശിക്ഷയും ലഭിക്കും. മരണാനന്തരജീവിതം സുഖകരമായിരിക്കാൻ ഇത്തരം ചില വ്രതങ്ങൾ അനുഷ്ഠിക്കണമെന്നാണ് മതങ്ങൾ പഠിപ്പിക്കുന്നത്. ഭൗതിക ജീവിതം മാത്രമേയുള്ളൂവെന്ന് കരുതുന്ന യുക്തിവാദികളും അതൊക്കെ അനുസരിക്കണമെന്ന് പറഞ്ഞാൽ അങ്ങനെ ചെയ്യാൻ കഴിഞ്ഞെന്നുവരില്ല. യുക്തിവാദികൾ പുകവലിച്ചതുകൊണ്ടോ മദ്യപിച്ചതുകൊണ്ടോ യാതൊരു തകരാറുമുണ്ടാകാനില്ല. (യുക്തിവാദികളുടെ സാമൂഹ്യവീക്ഷണം. ഏറ്റുമാനൂർ ഗോപാലകൃഷ്ണൻ, പുറം: 14,15)

ആരെങ്കിലും വിവാഹം കഴിക്കുകയോ കുടുംബജീവിതം നയിക്കുകയോ ചെയ്യുന്നുവെങ്കിൽ അതും അവരിൽ അവശേഷിക്കുന്ന മതത്തിന്റെ സ്വാധീനം കാരണമായാണ്. ശരിയായ നാസ്തികരാകാത്തതിനാലാണ്. വിവാഹം എന്ന ആശയം തന്നെ മതപരമാണ്. അതിന്റെ ഏതു രൂപവും മതത്തിൽ നിന്ന് ഉരുവം കൊണ്ടതും. കുടുംബം എന്നത് ഒരു മതകീയ സ്ഥാപനവുമാണ്.

മത മുക്തരെന്ന് അവകാശപ്പെടുന്ന ഏറെപ്പേർക്കും മതത്തിന്റെ സ്വാധീനത്തിൽ നിന്ന് പൂർണമായും രക്ഷപ്പെടാൻ സാധിക്കാറില്ല. ഇക്കാര്യം കേരളത്തിലെ പ്രമുഖ യുക്തിവാദി നേതാവ് രവിചന്ദ്രൻ തന്നെ തുറന്നു സമ്മതിക്കുന്നു. (മാധ്യമം വാർഷികപ്പതിപ്പ്. 2020.പുറം: 152)

ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭൗതിക ദർശനത്തിന്റെ ഉപജ്ഞാതാവ് കാറൽ മാർക്സാണല്ലോ. അദ്ദേഹം പോലും ഇതിന്നപവാദമല്ല. അതിനാലാണല്ലോ ജെന്നിയെ വിവാഹം കഴിച്ചത്. വിവാഹത്തെയും അതിലൂടെ രൂപപ്പെടുന്ന ദാമ്പത്യ ബന്ധത്തെയും സ്ത്രീ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായും സ്വകാര്യസ്വത്തിന്റെ സംരക്ഷണത്തിനുള്ള ഉപാധിയായും വിശേഷിപ്പിച്ച ചിന്തകനാണ് അദ്ദേഹം എന്ന വസ്തുത വിസ്മരിക്കാവതല്ല.

സ്ത്രീ സമ്പൂർണ സ്വാതന്ത്ര്യം അനുഭവിച്ചിരുന്ന പ്രാകൃത കമ്മ്യൂണിസത്തിന്റെ കാലത്ത് കുടുംബം സ്ത്രീ കേന്ദ്രീകൃതമായിരുന്നുവെന്നും കുട്ടികൾ അച്ഛന്മാരെ തിരിച്ചറിഞ്ഞിരുന്നില്ലെന്നും പിന്നീട് സ്വകാര്യസ്വത്തുണ്ടാവുകയും അതിന്റെ സംരക്ഷണത്തിനായി സ്ത്രീയെ സ്വകാര്യവൽകരിച്ച് ഏക ഭാര്യത്വ സമ്പ്രദായം സ്വീകരിച്ച് കുടുംബഘടന രൂപപ്പെടുത്തുകയാണുണ്ടായതെന്നും കാറൽ മാർക്സും ഫ്രെഡറിക് ഏംഗൽസും അവകാശപ്പെടുന്നു. (ഇരുവരും കൂടി രചിച്ച “വ്യക്തി, കുടുംബം, സമൂഹം,’ എന്ന കൃതി കാണുക)

യുക്തിവാദത്തിന്റെ മുദ്രയണിഞ്ഞ സ്ത്രീവാദികളും ഇതേ സമീപനം സ്വീകരിക്കുന്നവരാണ്. പി.ഗീത എഴുതുന്നു: “”ഒരാൾക്ക് സ്വന്തം ലൈംഗികത കൊണ്ടോ സ്വവർഗലൈംഗികത കൊണ്ടോ ആനന്ദം അനുഭവിക്കാവുന്നതാണ്. പക്ഷേ ബലപ്രയോഗത്തിലൂടെ അത് അരുതാത്തതാണെന്ന് പറയാനുള്ള അവകാശമില്ലേ? ആണോ പെണ്ണോ ആയവർക്ക് ആണോ പെണ്ണോ ആയവരുമായി ലൈംഗികാനുഭവം പങ്കിടാം. ഉഭയ സമ്മതപ്രകാരം ആയിരിക്കണം.” (പ്രണയം, ലൈംഗികത, അധികാരം, പുറം: 91)

കുടുംബമെന്ന സ്ഥാപനത്തെ തന്നെ അവരംഗീകരിക്കുന്നില്ല. അതിനെ പുരുഷാധിപത്യത്തിന്റെ സൃഷ്ടിയായാണ് അവർ കാണുന്നത്. മാതൃത്വം പെണ്ണിന്റെ ജൈവമായ ഒരവസ്ഥയാണ്. ഇതിനെ കൃത്രിമമായ ഒരു സാമൂഹിക സ്ഥാപനമാക്കി മാറ്റുകയാണ് പുരുഷാധിപത്യം ചെയ്തതെന്ന് കാണാം. (അതേ പുസ്തകം: പുറം 99)

ഭർത്താവിൽനിന്ന് മാത്രമേ ഗർഭം ധരിക്കാവൂ എന്ന കുടുംബഘടനയെ ഒരു തിന്മയായാണ് അവർ കാണുന്നത്. സമൂഹം അംഗീകരിച്ച ആചാരങ്ങളിലൂടെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച ശേഷം ഭർത്താവിലൂടെ മാത്രമേ ഗർഭം ധരിക്കാവൂ എന്ന് ലിഖിതമായി തന്നെ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്. ഇൗ വ്യവസ്ഥയെ കണ്ണടച്ച് അംഗീകരിക്കുന്ന പൊതു സാമൂഹ്യ മൂല്യങ്ങളിൽ നിന്നാണ് അവിവാഹിതരായ അമ്മമാർ ഉണ്ടാവുന്നത്. (അതേ പുസ്തകം പുറം 99.)

സി.എസ്. ചന്ദ്രിക എഴുതുന്നു: “”വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുമ്പോൾ ഗാർഹിക പീഡനം ഉണ്ടായാൽ തൽക്ഷണം ബന്ധം അവസാനിപ്പിക്കാം. വിവാഹമോചനംപോലുള്ള നിയമനടപടികളുടെ ആവശ്യമില്ല.” (ഉദ്ധരണം: വാർത്ത ഒാൺലൈൻ മാസിക-www.wartha.in)

കുത്തഴിഞ്ഞ ജീവിതം
മതത്തെ തീർത്തും മാറ്റിനിർത്തിയവർ മൂല്യനിരാസപരമായ സമീപനം സ്വീകരിക്കുന്നതിനാൽ അവരുടെ ജീവിതം പൂർണമായും അരാജകമായിരിക്കും. നിരീശ്വരത്വത്തോടും മതനിരാസത്തോടും ആത്മാർഥത പുലർത്തുന്ന യുക്തിവാദികളെല്ലാം ഇവ്വിധമായിരിക്കും. അഥവാ ആകാതിരിക്കുന്നതിന് യുക്തിപരമായ ഒരു ന്യായവുമില്ല.

പ്രശസ്ത നാടകകൃത്തായ ബ്രഹ്റ്റ് അനേകം സ്ത്രീകളെ നശിപ്പിച്ചു. അവരിൽ തനിക്കുണ്ടായ കുഞ്ഞുങ്ങളെ തിരിഞ്ഞുനോക്കിയതേയില്ല. ലെനിന്റെ വാക്കുകൾ ഉദ്ധരിച്ച് സമൂഹത്തിന് സേവനമനുഷ്ഠിക്കാനായി വ്യക്തികളോട് കരുണയില്ലാതെ പെരുമാറണമെന്ന് അയാൾ ഉദ്ഘോഷിച്ചു. സാമാന്യ മര്യാദ പോലും പലപ്പോഴും പുലർത്തിയില്ല.

സാർത്രെയുടെ സ്ത്രീ വേട്ട അതിഭയങ്കരമത്രെ. പേരക്കുട്ടികളുടെ പ്രായമുള്ള പെൺകുട്ടികളെ പ്രാപിക്കുകയും ആവശ്യ പൂർത്തീകരണത്തിന് ശേഷം അവരെ ചവിട്ടി പുറത്താക്കുകയും ചെയ്തു. തന്റെ അനിയന്ത്രിതമായ ലൈംഗികവേഴ്ചകളെക്കുറിച്ച് പരസ്യമായി സംസാരിക്കുക സാർത്രെ പതിവാക്കിയിരുന്നു.

ഒരു വിധ മൂല്യങ്ങളെയും മാനിക്കാത്ത കഥാപാത്രങ്ങളെയാണ് അത്തരക്കാർ മഹത്ത്വവൽക്കരിക്കുക. കുടുംബ ബന്ധങ്ങൾ തന്റെ സൈ്വര ജീവിതത്തിന് വിഘാതം വരുത്തുമോയെന്ന് ഭയന്ന് വിവാഹം കഴിക്കാൻ വിസമ്മതിക്കുകയും ഗർഭം അലസിപ്പിക്കാനായി 4000 ഫ്രാങ്ക് മോഷ്ടിക്കുകയും ചെയ്ത മാത്യുവിനെയാണ് തന്റെ വിഖ്യാത കൃതിയായ “സ്വാതന്ത്ര്യത്തിലേക്കുള്ള പാത’യിൽ (Road to freedom) അദ്ദേഹം പരിചയപ്പെടുത്തുന്നത്. ഭർത്താവിന്റെ പുത്രനാൽ തനിക്കുണ്ടായ കുഞ്ഞാണ് കാമുകനുമായുള്ള ബന്ധത്തിന് തടസ്സമെന്ന് കരുതി അതിനെ ക്രൂരമായി കൊലപ്പെടുത്തുന്ന ആബി എന്ന സ്ത്രീയെ യൂജീൻ ഒാനീലും പരിചയപ്പെടുത്തുന്നു. അദ്ദേഹം തന്നെ മാതാവിന്റെ മൃതദേഹം കാലിഫോർണിയയിൽ നിന്ന് ന്യൂയോർക്കിലേക്ക് കൊണ്ടുവരുമ്പോൾ മൂക്കറ്റം മദ്യപിക്കുകയും തെരുവ് വേശ്യയെ കൂടെ താമസിപ്പിക്കുകയും ചെയ്ത ജെയിംസിനെ അവതരിപ്പിക്കുന്നു.

സമൂഹം മതമുക്തമാകുമ്പോൾ അരാജകത്വം സാർവത്രികമാകുന്നു. നിരീശ്വരവാദികളുടെ ഭരണം നിലവിലുണ്ടായിരുന്നപ്പോൾ പല നാടുകളിലെയും സ്ഥിതി അതായിരുന്നു. അക്കാലത്തെ സോവിയറ്റ് യൂണിയനിലെ അവസ്ഥ ഇങ്ങനെ വിശദീകരിക്കപ്പെട്ടിരിക്കുന്നു: “”പെൺകുട്ടികൾക്ക് പൂർണസ്വാതന്ത്ര്യം ആണവിടെ. ആൺകുട്ടികളും പെൺകുട്ടികളും ഒരേ ഹോസ്റ്റലിൽ അടുത്തടുത്ത മുറികളിൽ താമസിക്കുന്നു. വിദ്യാർഥികളായിരിക്കുമ്പോൾ തന്നെ ധാരാളം വിവാഹങ്ങൾ നടക്കുന്നു. വിവാഹമോചനവും പുനർവിവാഹവും സർവസാധാരണമാണ്. വിവാഹത്തിനു മുമ്പ് തന്നെ ലൈംഗിക ബന്ധം ഏതാണ്ടെല്ലാ ക്യാമ്പുകളിലും നടക്കുന്നു.” (യുവതലമുറ റഷ്യയിൽ. ശങ്കരനാരായണൻ. മാതൃഭൂമി ആഴ്ചപ്പതിപ്പ് 10.6.1973)

മതനിരാസം സൃഷ്ടിക്കുന്ന ലൈംഗിക അരാജകത്വത്തിന്റെ വ്യാപ്തി അറിയാൻ ദൈവ നിഷേധികളുടെയും മത വിരുദ്ധരുടെയും നാടായിരുന്ന കിഴക്കൻ ജർമനിയിലെ ഏറെ പ്രചാരമുള്ളതും ഭരണകക്ഷിയുടെ മുഖ പത്രവുമായിരുന്ന “ലൈപ്ജിഗർ ഫോക്സൈറ്റുംഗി’ൽ അക്കാലത്ത് പ്രത്യക്ഷപ്പെട്ട രണ്ട് വിവാഹ പരസ്യം മാത്രം വായിച്ചാൽ മതി. അവയിങ്ങനെ സംഗ്രഹിക്കാം: “”ഞങ്ങൾ ഒൗദ്യോഗികമായി വിവാഹിതരായിട്ട് ഒമ്പത് മാസവും പതിനേഴ് ദിവസവുമേ ആയിട്ടുള്ളൂ. എന്റെ ഭാര്യ സുന്ദരിയാണ്. ആരോഗ്യവതിയും കാര്യ ഗ്രഹണ ശേഷിയുള്ളവളും സന്ദർഭത്തിനനുസരിച്ച് പെരുമാറാൻ കഴിയുന്നവളുമാണ്. കൂടാതെ നന്നായി നൃത്തം ചെയ്യാൻ കഴിയും. സാമാന്യം നന്നായി മദ്യപിക്കാനും. സൽക്കാര പ്രിയയായ അവൾക്ക് കുഞ്ഞുങ്ങളെയും വളർത്തുമൃഗങ്ങളെയും ഇഷ്ടമാണ്. ഞാനാണെങ്കിൽ ശാന്തനും ആരോഗ്യവാനുമാണ്. വേണമെങ്കിൽ നിങ്ങൾക്ക് ഞങ്ങളുടെ കുടുംബത്തെ ഒരു മാതൃകാ കുടുംബമായി വിശേഷിപ്പിക്കാം. ഞങ്ങൾക്ക് തൽക്കാലം ഒന്ന് മാറി താമസിച്ചാൽ കൊള്ളാമെന്നു തോന്നുന്നു. ചിലപ്പോഴത് സ്ഥിരമായ വേർപ്പെടലും ആയിക്കൂടെന്നില്ല. ഞങ്ങളുടെ രീതികളുമായി പൊരുത്തപ്പെടുന്നവരുമായി ഒരു മാറ്റത്തിന് ഞങ്ങൾ തയ്യാറാണ്. അതായത് ഒരു വെച്ചു മാറ്റം. താല്പര്യമുള്ളവർ ഏഴു ദിവസത്തിനകം ഇൗ വിലാസത്തിൽ എഴുതുക. കാൾരമായിൻസ് ജാക്കം, ഫമീലിയ, ലുഡ്ഷ വിഷ് യാൻ സ്ട്രാഡേ,072. കണകടീവ്. മക് ലീബർഗ്, ഇൗസ്റ്റ് ജർമ്മനി 7113.”

1990 മാർച്ച് 20ന് മുപ്പത്തിമൂന്നുകാരിയായ കാതറിൻ സ്ട്രോവർ കൊടുത്ത പരസ്യമിങ്ങനെ വായിക്കാം: “”ഞാൻ നാല് കുട്ടികളുടെ മാതാവാണ്. നാലുപേരും നാല് പിതാക്കളിൽ ജനിച്ചവർ. മൂത്തവന്റെ പിതാവ് നിക്കരാഗ്വക്കാരൻ, രണ്ടാമത്തെവൾ വിയറ്റ്നാം വംശജ, മൂന്നാമത്തെവൾ യമൻ കാരി, നാലാമത്തെവൻ ജർമൻകാരൻ. എനിക്കൊരു വിദേശിയെ താൽക്കാലിക ഭർത്താവായി സ്വീകരിക്കണമെന്നുണ്ട്. അഞ്ചാമതൊരു കുഞ്ഞിനെ സമ്മാനിക്കാൻ കഴിവുള്ള, മുകളിൽ പറഞ്ഞ രാജ്യങ്ങളിൽ പെടാത്തവർ. ഒരാഴ്ചക്കകം നേരിട്ടോ ടെലഫോണിലൂടെയോ ബന്ധപ്പെടുക.”

നാസ്തികർ ഇവ്വിധം ലൈംഗിക രംഗത്ത് ഒരുവിധ നിയന്ത്രണവും അംഗീകരിക്കാത്ത കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവരും നിയമങ്ങളെയും നിയന്ത്രണങ്ങളെയും കപട സദാചാരമെന്ന് വിശേഷിപ്പിക്കുന്നവരുമാണ്.

ലൈംഗികതയോടുള്ള സമീപനം
പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും ഉഭയ സമ്മതപ്രകാരം ഒന്നിച്ചു ജീവിക്കുന്നതിനോ ലൈംഗികബന്ധത്തിലേർപ്പെടുന്നതിനോ ഒരു തടസ്സവുമില്ലാത്ത നാടാണ് നമ്മുടേത്. ഏതു പുരുഷനും എത്ര സ്ത്രീകളുമായും ലൈംഗിക ബന്ധം പുലർത്താവുന്നതാണ്. ബന്ധപ്പെടുന്ന സ്ത്രീയുടെ സമ്മതം വേണമെന്നേയുള്ളൂ. സ്ത്രീയുടെ സ്ഥിതിയും ഇതുതന്നെ. എത്ര പുരുഷന്മാരുമായും ബന്ധപ്പെടാവുന്നതാണ്. ദൈവവിശ്വാസമോ മത നിഷ്ഠയോ ഇല്ലാത്തവരെ ഇൗ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്നതിൽ നിന്ന് വിലക്കുന്ന ഒന്നുമില്ല.

മത വിശ്വാസമില്ലാത്തവർ ഇൗ സ്വതന്ത്ര ലൈംഗികതയെ എതിർക്കുന്നുവെങ്കിൽ അതിൽ എന്തെങ്കിലും യുക്തിയോ ന്യായമോ ഇല്ല. സ്വതന്ത്ര ലൈംഗികതയെയും അരാജകത്വത്തെയും എതിർക്കുന്ന മതത്തിന്റെ വിലക്കുകളെ രൂക്ഷമായി ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരാണ് യുക്തിവാദികളുൾപ്പടെയുള്ള ദൈവനിഷേധികൾ. അതുകൊണ്ടുതന്നെ മത നിയമങ്ങളെയും വിലക്കുകളെയും അവർ നിരാകരിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നു. അത് വളരെ സ്വാഭാവികവും അനിവാര്യവുമാണ്. മനുഷ്യനെ സംബന്ധിച്ച ഭൗതിക വാദത്തിന് മറ്റൊരു തീർപ്പിലെത്തുക സാധ്യമല്ലല്ലോ.

മൃഗരതിയും ശവരതിയും
സ്വന്തം മാതാവിനും സഹോദരിക്കും എതിർപ്പില്ലെങ്കിൽ അവരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതിനെ എതിർക്കുന്നതിന് എന്ത് ന്യായവും യുക്തിയുമാണുള്ളതെന്ന ചോദ്യത്തിന് ഇരുവർക്കും താല്പര്യമുണ്ടെങ്കിൽ അതാകാമെന്ന നിരീശ്വരവാദിയുടെ മറുപടി വളരെ സ്വാഭാവികം മാത്രം. മതരഹിത രാജ്യമെന്ന് നാസ്തികർ വിശേഷിപ്പിക്കുന്ന സ്കാന്റിനേവിയൻ രാജ്യമായ ഫിൻലാൻഡിൽ മൃഗരതി നിയമംമൂലം അനുവദിക്കപ്പെട്ടിരിക്കുന്നു. അവിടെ ജീവിക്കുന്നവർക്ക് വളർത്തുമൃഗങ്ങളുമായി രതിയിലേർപ്പെടാം.

പിഞ്ചുകുഞ്ഞുങ്ങളുടെ കാർട്ടൂൺ രൂപത്തിലുള്ള അശ്ലീല സിനിമകൾക്ക് ഫിൻലാൻഡ് ഡെൻമാർക്ക് തുടങ്ങിയ നാടുകളിൽ വിലക്കില്ല.

യുക്തിവാദികളുടെ ആഗോള നേതാവ് റിച്ചാർഡ് ഡോക്കിൻസ് 2018 ൽ സന്തോഷപൂർവ്വം ട്വിറ്ററിലൂടെ പങ്കുവെച്ചത് മനുഷ്യമാംസം കൃത്രിമമായി സൃഷ്ടിക്കാൻ കഴിയുന്നതിലൂടെ മനുഷ്യ മാംസം കഴിക്കരുതെന്ന വിലക്കിനെ മറികടക്കാമെന്നാണ്.

മൃഗരതിയും ശവരതിയും അനുവദിക്കണമെന്നാവശ്യപ്പെട്ടത് സ്വീഡനിലെ ലിബറൽ യൂത്ത് ലീഗാണ്.

പ്രമുഖ നാസ്തികനായ ലോറൻസ് ക്രോസ് പറഞ്ഞത് ഗർഭ നിരോധന മാർഗങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അഗമ്യഗമനം തെറ്റല്ല എന്നാണ്. നാസ്തികരുടെ നേതാവ് പീറ്റർ സിംഗർ മൃഗരതി, ശവരതി, അഗമ്യഗമനം തുടങ്ങിയവയ്ക്ക് വേണ്ടി വാദിക്കുന്നയാളാണ്. അംഗവൈകല്യമുള്ള കുഞ്ഞുങ്ങളെ കൊല്ലുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അങ്ങകലെയല്ല ഇങ്ങിവിടെയും രക്ത ബന്ധുക്കളുമായും കൂടപ്പിറപ്പുകളുമായും തുടങ്ങി മാതാവുമായും പിതാവുമായും വരെ ലൈംഗികബന്ധം ആവാമെന്നും അത് നിയമവിധേയമാക്കണമെന്നും 2019 ജനുവരി 6ന് പ്രമുഖ യുക്തിവാദി പ്രചാരകൻ സി. രവിചന്ദ്രന്റെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന “ലിറ്റ്മസ് 19′ അന്താരാഷ്ട്ര സ്വതന്ത്ര സെമിനാർ ആവശ്യപ്പെട്ടത് അതിനാലായിരിക്കുമല്ലോ.

പരസ്പര സമ്മതമുണ്ടെങ്കിൽ അഗമ്യഗമനവും ആവാമെന്ന് വിഷയം അവതരിപ്പിച്ച ആലപ്പുഴ സ്വദേശി മനു പ്രസാദ് പറഞ്ഞു. “കളിയാട്ടം’ എന്ന സെഷനിലായിരുന്നു ഇത്. “സ്വതന്ത്ര ലൈംഗികത എന്നത് സ്വതന്ത്രചിന്തയുടെ ഒരു ഭാഗമാണ്. പരസ്പര സമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് നമ്മൾ ലൈംഗികതയെ കാണുന്നത്. ഇത്തരം ലൈംഗികതയെ ഒരു കാരണവശാലും എതിർക്കേണ്ടതില്ല. ഇൻസെസ്റ്റ് സെക്സ് (രക്ത ബന്ധുക്കളും കൂടപ്പിറപ്പുകളും മക്കളും മാതാപിതാക്കളുമായുള്ള ലൈംഗികത) പോലും അവർക്കതിൽ താൽപര്യമുണ്ടെങ്കിൽ ആകാവുന്നതാണ് എന്നും മനുപ്രസാദ് കൂട്ടിച്ചേർത്തു. ഇതിനെ പൊതുസമൂഹം എങ്ങനെ കാണുന്നുവെന്ന് ചിന്തിച്ച് അതിൽ മൗനം പാലിക്കുന്നതിൽ അർഥമില്ല.- newstaglive.com)

അച്ഛനും മകളും അമ്മയും മകനും സഹോദരനും സഹോദരിയും തമ്മിൽ ലൈംഗികബന്ധം ആകാമെന്നും മൃഗരതിയും ശവരതിയും വിലക്കേണ്ടതില്ലെന്നും വിശ്വസിക്കുന്നവരും വാദിക്കുന്നവരുമാണ് പ്രവാചകന്റെ വിവാഹങ്ങളെ വിമർശിക്കുന്നതിൽ മുൻപന്തിയിലുള്ള യുക്തിവാദികൾ.

സമാനതകളില്ലാത്ത വിശുദ്ധിയുടെയും നന്മയുടെയും മാനവികമൂല്യങ്ങളുടെയും ഉടമയായ പ്രവാചകനെ വിമർശിക്കുന്നവരുടെ സദാചാര സങ്കൽപം അനാവരണം ചെയ്യാനും തനിനിറം തുറന്ന് കാണിക്കാനുമാണ് ഇത്രയും എഴുതിയത്. ഒരുവിധ മൂല്യങ്ങളെയും അംഗീകരിക്കുകയോ സ്വീകരിക്കുകയോ ചെയ്യാത്തവർക്ക് ആരെപ്പറ്റിയും എന്തും പറയുകയും പ്രചരിപ്പിക്കുകയും ചെയ്യാമല്ലോ.

ലൈംഗികതക്കപ്പുറം
ജീവിതത്തെ ശരീര കേന്ദ്രീകൃതമാക്കുകയും ജീവിതലക്ഷ്യം ജഡികേച്ഛകളുടെ പൂർത്തീകരണത്തിൽ പരിമിതപ്പെടുത്തുകയും ചെയ്യുന്ന ഭൗതികവാദികളെ സംബന്ധിച്ചിടത്തോളം സ്ത്രീപുരുഷബന്ധങ്ങൾ ലൈംഗികതയിൽ ഒതുങ്ങുന്നു. കുടുംബമെന്ന മഹത്തായ സ്ഥാപനത്തിന് അടിത്തറ പാകുന്ന വിവാഹം അവരെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്. യഥാർഥത്തിൽ ലൈംഗികാസ്വാദനം വിവാഹത്തിന്റെ നിരവധി ലക്ഷ്യങ്ങളിൽ ഒന്ന് മാത്രമാണ്. ലൈംഗികബന്ധം അസാധ്യമായ ദമ്പതികളും പതിറ്റാണ്ടുകളോളം സ്നേഹോഷ്മളവും സൗഹൃദ പൂർണവും സംതൃപ്തവുമായ ദാമ്പത്യജീവിതം നയിക്കുന്നു. സന്തോഷത്തോടെയും സംതൃപ്തിയോടെയും കുടുംബത്തെ സംരക്ഷിക്കുന്നു. ഇതൊന്നും മനസ്സിലാക്കാനുംഉൾക്കൊള്ളാനും കഴിയാതെ പ്രവാചകന്റെ വിവാഹങ്ങളെ വിമർശിക്കുന്നവർ സ്ത്രീപുരുഷ ബന്ധത്തെ ലൈംഗികതയ്ക്കപ്പുറം കാണാൻ കഴിയാത്തവരാണ്. വിധവകളുടെ സംരക്ഷണവും സാമൂഹികാവശ്യങ്ങളുടെ നിർവഹണവും പാവങ്ങളുടെ പരിരക്ഷണവും ലക്ഷ്യംവെച്ച് പ്രവാചകൻ നടത്തിയ വിവാഹങ്ങളെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും അത്തരക്കാർക്ക് സാധിക്കാത്തതിൽ അത്ഭുതമില്ല. ( തുടരും )

Related Articles