Faith

വിധി നിര്‍ണയ രാവിന്റെ പൊരുള്‍

മനുഷ്യന് അല്ലാഹു നല്‍കിയ വലിയ അനുഗ്രഹം എന്തെന്ന് ചോദ്യത്തിന് നല്‍കാന്‍ കഴിയുന്ന മറുപടി സന്മാര്‍ഗം എന്നത് തന്നെയാണ്. സന്മാര്‍ഗ ദീപവുമായി പ്രവാചകന്മാരെ സമയാസമയങ്ങളില്‍ അയക്കുക എന്നത് അല്ലാഹുവിന്റെ നടപടി ക്രമമാണ്. അവരുടെ കൂടെ സമൂഹത്തിനു വേണ്ട സന്മാര്‍ഗ നിര്‍ദ്ദേശവും നല്‍കുന്നു. പ്രവാചകന്മാര്‍ തങ്ങള്‍ക്കു ദൈവത്തില്‍ നിന്നും ലഭിച്ച മാര്‍ഗ നിര്‍ദ്ദേശം സമൂഹത്തെ വാക്കു കൊണ്ടും പ്രവര്‍ത്തി കൊണ്ടും പഠിപ്പിക്കുന്നു. മുഹമ്മദീയ സമുദായത്തിന് ആ സന്മാര്‍ഗ നിര്‍ദ്ദേശം വന്നു തുടങ്ങിയ ദിവസമാണ് ലൈലത്തുല്‍ ഖദ്ര്‍. ഒരു രാത്രിയിലാണ് സമൂഹത്തിനുള്ള സാന്മാര്‍ഗിക നിര്‍ദ്ദേശമായ ഖുര്‍ആന്‍ അവതരിച്ചു തുടങ്ങിയത്. ആ രാത്രി റമദാന്‍ മാസത്തിലാണെന്നു പ്രമാണങ്ങള്‍ പറയുന്നു.

വിധി നിര്‍ണയം എന്നാണു ഖദ്ര്‍ എന്ന വാക്കിന്റെ അര്‍ഥം. മനുഷ്യന്റെ ഈ ഭൂമിയിലെ വിധി മാത്രമല്ല ഈ ലോകത്തിനു ശേഷമുള്ള വിധിയും നിര്‍ണയിക്കപ്പെടുന്നത് ഖുര്‍ആനുമായുള്ള ബന്ധം അടിസ്ഥാനമാക്കിയാണ് . ആ ഗ്രന്‍ഥം അവതീര്‍ണമായ രാത്രിയുടെ മഹത്വമാണ് ആയിരം മാസത്തെ പുണ്യമായി വിശ്വാസികള്‍ ആചരിക്കുന്നതും. അത് റമദാനിലെ ഏതു രാത്രി എന്നത് ഖുര്‍ആനോ പ്രവാചകനോ ഖണ്ഡിതമായി പറഞ്ഞില്ല. എങ്കിലും പ്രബലമായ നിവേദനങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് റമദാനിലെ അവസാനത്തെ പത്തില്‍ എന്നാണു. ഇബ്‌നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: ലൈലത്തുല്‍ ഖദ്‌റിനെ നിങ്ങള്‍ റമളാനിലെ ഒടുവിലെ പത്തില്‍ അന്വേഷിക്കുക. അതായത് ഒമ്പതു അവശേഷിക്കുമ്പോള്‍, ഏഴ് അവശേഷിക്കുമ്പോള്‍, അഞ്ച് അവശേഷിക്കുമ്പോള്‍. (ബുഖാരി. ). സമാനമായ ഒരു പാട് ഹദീസുകള്‍ നമുക്ക് ലഭ്യമാണ്.

റമദാനിലെ എല്ലാ രാത്രികളിലും ലൈലത്തുല്‍ ഖദറിനെ പ്രതീക്ഷിക്കാം എന്ന അഭിപ്രായവും നിലവിലുണ്ട്. പ്രവാചകന്‍ റമദാനിലെ അവസാനത്തെ പത്തില്‍ കൂടുതല്‍ ആരാധന കര്‍മങ്ങള്‍ ചെയര്‍ത്തിരുന്നു എന്നത് കൊണ്ട് തന്നെ അവസാന പത്തിന് ചില പ്രാധാന്യമുണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. അവസാന പത്തില്‍ എല്ലാ കൊല്ലവും പ്രവാചകന്‍ പൂര്‍ണമായി ഇഅതികാഫ് ഇരുന്നിരുന്നു. ദൈവത്തിന്റ പ്രീതിയും സാമീപ്യവും കൊതിച്ച് ഭക്തിപൂര്‍വം പള്ളിയില്‍ ഭജനമിരിക്കലാണ് ഇഅ്തികാഫ് . ഒരു കാര്യത്തില്‍ നിരതമാകുക, ഭജനമിരിക്കുക എന്നെല്ലാമാണ് ഇഅ്തികാഫ് എന്ന വാക്കിന്റെ അര്‍ത്ഥം. സാങ്കേതികാര്‍ഥത്തില്‍ റമദാനിന്റെ അവസാന പത്ത് ദിവസങ്ങളില്‍ ആരാധനകളും ഖുര്‍ആന്‍ പരായണവും പ്രാര്‍ഥനകളും നിര്‍വ്വഹിച്ച് പള്ളിയില്‍ കഴിഞ്ഞു കൂടുകയാണ് ഉദ്ദ്യേശ്യം. തിരക്ക് പിടിച്ച ലോകത്തു എല്ലാ തിരക്കുകളില്‍ നിന്നും മോചിതനായി അല്ലാഹുവിന്റെ അനുഗ്രഹം പ്രതീക്ഷിച്ചു പള്ളിയില്‍ കഴിച്ചു കൂട്ടുക എന്നത് ആധുനിക കാലത്തു വലിയ വെല്ലുവിളിയാണ്. വിലപ്പെട്ട സമയം ആ രീതിയില്‍ വിനയോഗിക്കാന്‍ മനസ്സിനെ പാകപ്പെടുത്താന്‍ കഴിയുക എന്നത് തന്നെ വലിയ ജിഹാദാണ്. സമയവും സൗകര്യവും ഒത്തു ചേര്‍ന്നവര്‍ അതിനു കൂടുതല്‍ പ്രാധാന്യം നല്‍കണം.

‘ലൈലത്തുല്‍ ഖദ്‌റിന്റെ രാത്രിയില്‍ വല്ലവനും വിശ്വാസം കാരണവും പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും എഴുന്നേറ്റു നമസ്‌കരിച്ചാല്‍ അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടും’. എന്ന നബിവചനം പ്രസിദ്ധമാണ്. ആ ദിവസം എന്നാണു എന്നുറപ്പില്ല എന്നതിനാല്‍ എല്ലാ ദിവസവും പ്രതീക്ഷിക്കുക എന്നത് പോലെ അവസാന പത്തില്‍ പ്രത്യേകിച്ചും അതിനു വേണ്ടി ഒരുങ്ങുക എന്നതാണ് വിശ്വാസിക്ക് ചെയ്യാന്‍ കഴിയുക. നമസ്‌കാരങ്ങള്‍ കൊണ്ടും പ്രാര്‍ത്ഥനകള്‍ കൊണ്ടും രാത്രികളെ സജീവമാകുക എന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുക. അന്ന് ജിബ്‌രീലിന്റെ നേതൃത്വത്തില്‍ മലക്കുകള്‍ ഭൂമിയില്‍ ഇറങ്ങി വരും. മനുഷ്യരും മാലാഖമാരും ഒന്നിച്ചു ചേരുന്ന അസുലഭ നിമിഷങ്ങള്‍ എന്നതു കൂടിയാണ് ലൈലത്തുല്‍ ഖദ്ര്‍.

ലൈലത്തുല്‍ ഖദറിനെ പ്രതീക്ഷിച്ചിരിക്കുമ്പോള്‍ മറ്റൊരു കാര്യത്തില്‍ കൂടി നാം ജാഗ്രത കാണിക്കണം. ലൈലത്തുല്‍ ഖദര്‍ അഥവാ ഖുര്‍ആന്‍ ഇറങ്ങിയ രാത്രി ഉള്‍ക്കൊള്ളുന്ന രാത്രി എന്നതു കൊണ്ടാണ് റമദാന്‍ പുണ്യമാകുന്നത്. അപ്പോള്‍ ഈ മാസവും രാത്രിയും പുണ്യമാക്കാന്‍ കാരണമായത് എന്താണോ അത് നമ്മുടെ കൂടെ എന്നുമുണ്ട്. അതിനെ അള്ളാഹു പരിഗണിക്കണം എന്ന് പറഞ്ഞ രീതിയില്‍ പരിഗണിക്കാതെ ആ രാത്രിക്കു വേണ്ടി മാത്രം കാത്തിരിക്കുന്നതിന്റെ ഔചിത്യം കൂടി നാം പരിശോധിക്കണം. മുസ്ലിം സമുദായം ഖുര്‍ആനിനോട് പൂര്‍ണ നീതി പുലര്‍ത്തുന്നുണ്ടോ എന്നത് കൂടി നാം ചിന്തിക്കണം. ലൈലത്തുല്‍ ഖാദറിന്റെ പുണ്യം നേടാന്‍ നാം അര്‍ഹനാണോ എന്നത് കൂടെ നാം അടിക്കടി ചിന്തിച്ചു കൊണ്ടിരിക്കണം.

റമദാന്‍ മാസത്തില്‍ ജീവിച്ചിരിക്കുകയും അത് കാരണം തന്റെ പാപങ്ങള്‍ പൊറുക്കപ്പെടാതിരിക്കുകയും ചെയ്തവനെ കുറിച്ച് ഇസ്‌ലാമിന്റെ കാഴ്ചപ്പാട് നിര്‍ഭാഗ്യവാന്‍ എന്നാണ്. ജീവിത വിശുദ്ധി കൈവരിക്കാനുള്ള അവസരമാണ് റമദാന്‍. ജീവിത വിശുദ്ധി കൈവരിച്ചവരുടെ പ്രാര്‍ത്ഥയാണ് സ്വീകരിക്കപ്പെടുക. രാത്രികള്‍ സജീവമാക്കി പള്ളികളില്‍ എത്തുന്നതിനു മുമ്പ് നാം സ്വയം പരിശോധിക്കുക. വിധി നിര്‍ണായ രാത്രിയെ സ്വീകരിക്കാന്‍ ഞാന്‍ പ്രാപ്തനാണോ?.

Facebook Comments
Related Articles
Show More
Close
Close