Faith

ജാമിദ ടീച്ചറും യുക്തിവാദവും-1

(ഞാന്‍ എന്തുകൊണ്ട്‌ യുക്തിവാദിയായി എന്ന തലക്കെട്ടില്‍ ജാമിദ ടീച്ചര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് ഉസ്താദ് ഹാരിസ് മദനി തലയോലപ്പറമ്പ് നല്‍കിയ മറുപടികളാണ് ഏതാനും ഭാഗങ്ങളായി ചേര്‍ക്കുന്നത്. മറുപടിയുടെ പൂര്‍ണരൂപം ആവശ്യമുള്ളവര്‍ക്ക് വീഡിയോ കാണാം.)

ജാമിദ ടീച്ചര്‍: പള്ളിയില്‍ നിന്ന് ബാങ്ക് മുഴക്കുന്നത് എന്തിനാണ്. ഇങ്ങനെ മൈക്ക് വെച്ച് വിളിച്ചു കൂവാന്‍ മാത്രം അല്ലാഹു പൊട്ടനാണോ?

ഹാരിസ് മദനി: പള്ളികളില്‍ നിന്ന് ബാങ്ക് വിളിക്കുന്നതിന്റെ ശരിയായ ഉദ്ദേശം ഏതൊരു ചെറിയകുട്ടിക്കും മനസ്സിലാവുന്നതാണ്. അത് ജോലിയിലും മറ്റും മുഴുകിയ ജനങ്ങളെ നമസ്‌കര സമയം അറിയിക്കുവാനും അവരെ ഉണര്‍ത്താനും വേണ്ടിിയുള്ളതാണന്ന് ആര്‍ക്കാണ് അറിയാത്തത്. വിദൂരത്തുള്ള ആളുകളെ അറിയിക്കാന്‍ കുറച്ച് ഉറക്കെ വിളിച്ചു പറയേണ്ടതുണ്ടല്ലോ.

ജാമിദ ടീച്ചര്‍: ‘ഏഴ് അജ്‌വ ഈത്തപ്പഴം കഴിച്ചാല്‍ സിഹ്ര്‍, വിഷം, ഉപദ്രവം എന്നിവ ഏല്‍ക്കില്ല’ എന്ന ഹദീഥ് അനുസരിച്ച് ആദ്യം വിഷം കഴിച്ച ശേഷം ഏഴ് അജ്‌വ കഴിക്കാന്‍ ധൈര്യമുണ്ടോ എന്നാണ് അടുത്ത ചോദ്യം.

ഹാരിസ് മദനി:
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” مَنْ تَصَبَّحَ كُلَّ يَوْمٍ سَبْعَ تَمَرَاتٍ عَجْوَةً، لَمْ يَضُرَّهُ فِي ذَلِكَ الْيَوْمِ سُمٌّ وَلَا سِحْرٌ “.

‘ആരെങ്കിലും എല്ലാ ദിവസവും രാവിലെ ഏഴ് അജ്‌വ ഈത്തപ്പഴം കഴിച്ചാല്‍, ആ ദിവസം അവന് വിഷം മുഖേനയോ, സിഹ്ര്‍ മുഖേനയോ ബുദ്ധിമുട്ട് ഉണ്ടാവുകയില്ല.’
(ബുഖാരി: 5445, മുസ്‌ലിം 2047)

എന്നാണ് റസൂല്‍ (സ്വ) പറഞ്ഞത്. അല്ലാതെ ഒരു ബുദ്ധിമുട്ടും ഏല്‍ക്കില്ല എന്നല്ല. ഹദീഥ് വായിച്ചത് തന്നെ തെറ്റാണ്. ആദ്യം വിഷം കഴിക്കുക, പിന്നെ അജ്‌വ കഴിക്കാന്‍ ഇത് മരുന്നായിട്ട് നബി(സ) നിര്‍ദേശിച്ചിട്ടില്ല. ഇതൊരു മുന്‍കരുതാലായോ ഒരു പ്രതിരോധ നടപടിയായോ ഒക്കെയാണ് മനസ്സിലാക്കേണ്ടത്. നാട്ടില്‍ ഒരു പകര്‍ച്ച വ്യാധിയോ, മറ്റോ ഉണ്ടായാല്‍ നമ്മള്‍ കഴിക്കുന്ന പ്രതിരോധ മരുന്ന് പോലെ. അത്രയെ നബി (സ) പറഞ്ഞിട്ടുള്ളൂ.

ജാമിദ ടീച്ചര്‍: ‘മരണമല്ലാത്ത എല്ലാ രോഗത്തിനും ശമനമാണ് കരിഞ്ജീരകം’ എന്ന ഹദീഥ് ഉണ്ടായിരിക്കെ എന്തിനാണ് ജൂതന്റെ ആശുപത്രിയില്‍ പോകുന്നത്? നിങ്ങള്‍, നബിയെ അംഗീകരിക്കുന്നില്ലേ?

ഹാരിസ് മദനി: നബി (സ്വ) പറഞ്ഞിട്ടുണ്ടെങ്കില്‍ വിശ്വാസികള്‍, വിവരമുള്ളവര്‍ അത് അംഗീകരിക്കും എന്നതില്‍ തര്‍ക്കം വേണ്ട.

കരിഞ്ജീരകത്തെ കുറിച്ച് വിമര്‍ശിക്കുന്നതിന് മുമ്പ് അതിന്റെ ഔഷധമൂല്യത്തെ കുറിച്ച് മനസ്സിലാക്കാന്‍ ഒന്ന് ഇന്റര്‍നെറ്റില്‍ പരതിയിരുന്നങ്കില്‍ ടീച്ചര്‍ക്ക് ശരിയായ ഉത്തരം ലഭിക്കുമായിരുന്നു.
Iron, phosphorus, carbon തുടങ്ങിയ അനവധി ഔഷധമൂല്യങ്ങളും, ഫലങ്ങളും അടങ്ങിയതാണ് കരിഞ്ജീരകം. അതിന്റെ 28%ത്തോളം ഏറെ ഉപകാര പ്രദമായ എണ്ണയാണ്. വൈറസിനെയും മറ്റ് സൂക്ഷ്മാണുക്കളെയും നശിപ്പിക്കുന്ന ജൈവ പ്രതിരോധ ഘടകങ്ങളും, ക്യാന്‍സറിനെ പ്രതിരോധിക്കുന്ന കരോട്ടിനും ഇതിലടങ്ങിയിരിക്കുന്നു. ശക്തവും, ഉന്മേഷ ദായകവുമായ ജനിതക ഹോര്‍മോണുകള്‍, മൂത്രത്തേയും, പിത്തത്തെയും ഇളക്കിവിടുന്ന ‘ദയൂററ്റിക്’.  ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകള്‍, അമ്ല പ്രതിരോധങ്ങള്‍ തുടങ്ങിയവയും ഇതിലടങ്ങിയിരിക്കുന്നു. അനവധി രോഗങ്ങള്‍ക്കുള്ള മരുന്നാണ് കരിഞ്ജീരകം. ഉഷ്ണ വീര്യമുള്ളതിനാല്‍, ശൈത്യ രോഗങ്ങളെ ഇല്ലാതാക്കുന്നു. നീരും, മറ്റും കാരണമായി ഉണ്ടാവുന്ന നെഞ്ച് വേദനക്ക് ഇത് ഒരു ഉത്തമ പരിഹാരമാണ്.

നബിയും ഇത് തന്നെയാണ് പറഞ്ഞത്. ഒരു മനുഷ്യന് ഉണ്ടാവുന്ന എല്ലാ രോഗങ്ങള്‍ക്കും അത് പരിഹാരമാണ്. അത് ആധുനിക വൈദ്യ ശാസ്ത്രം തെളിയിച്ചിട്ടുണ്ട്.

ഏത് രോഗത്തെയും സുഖപ്പെടുത്താനുള്ള ഔഷധ വീര്യമുണ്ട് കരിഞ്ജീരകത്തിന് എന്നാണ് നബി (സ്വ) പറഞ്ഞത്. അല്ലാതെ, കരിഞ്ജീരകം മാത്രമാണ് മരുന്ന് എന്നല്ല.

فَإِنَّ عَائِشَةَ حَدَّثَتْنِي أَنَّهَا سَمِعَتِ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : ” إِنَّ هَذِهِ الْحَبَّةَ السَّوْدَاءَ شِفَاءٌ مِنْ كُلِّ دَاءٍ، إِلَّا مِنَ السَّامِ “.
‘മരണമല്ലാത്ത എല്ലാ രോഗത്തിനും ശമനമാണ് കരിഞ്ജീരകം’
(ബുഖാരി: 5687)

മരുന്ന് കഴിക്കണം എന്നാണ് നബി (സ) അനുയായികളെ പഠിപ്പിച്ചിരിക്കുന്നത്.

عَنْ أُسَامَةَ بْنِ شَرِيكٍ ، قَالَ : قَالَتِ الْأَعْرَابُ : يَا رَسُولَ اللَّهِ، أَلَا نَتَدَاوَى ؟ قَالَ : ” نَعَمْ. يَا عِبَادَ اللَّهِ، تَدَاوَوْا، فَإِنَّ اللَّهَ لَمْ يَضَعْ دَاءً إِلَّا وَضَعَ لَهُ شِفَاءً – أَوْ قَالَ – دَوَاءً، إِلَّا دَاءً وَاحِدًا “. قَالُوا : يَا رَسُولَ اللَّهِ، وَمَا هُوَ ؟ قَالَ : ” الْهَرَمُ “.

‘മരുന്ന് കഴിക്കാന്‍ പറ്റുമോ? ‘ എന്ന് ചോദിച്ച് നബിയുടെ അടുക്കല്‍ വന്ന അഅ്‌റാബികളോട്, അതെ. നിങ്ങള്‍ മരുന്ന് കഴിച്ചോളൂ, മരുന്നില്ലാത്ത ഒരു രോഗവും അല്ലാഹു വെച്ചിട്ടില്ല. ഒന്നൊഴികെ. അതെന്താണെന്ന് ചോദിച്ചപ്പോള്‍ വാര്‍ധക്യം എന്ന് മറുപടി പറഞ്ഞു. (തിര്‍മിദി: 2038)

(തുടരും)

തയ്യാറാക്കിയത്: ഷഫീഹ് വാണിയമ്പലം, അർഷദ് സാദിഖ്

Facebook Comments
Related Articles
Show More
Close
Close