Faith

ജാമിദ ടീച്ചറും യുക്തിവാദവും-6

ജാമിദ ടീച്ചര്‍: ഖുര്‍ആന്‍, ഹദീഥ് എന്നിവയില്‍നിന്ന് തെളിവ് കിട്ടാത്തതിനാല്‍, അവ മാത്രം പോരാ, മദ്ഹബ് പോലെയുള്ള ചവറുകളും വേണ്ടതുണ്ട്.

ഹാരിസ് മദനി: ഹദീസുകളില്‍ നിന്നും മറ്റും ധാരാളം കളവുകള്‍ പറഞ്ഞതിനുശേഷം മദ്ഹബിലേക്ക് കടന്നിരിക്കുകയാണ്. ഖുര്‍ആനും ഹദീസും പോലെ സ്വതന്ത്രമായ ഒരു പ്രമാണമാണ് മദ്ഹബ് എന്നാണ് ടീച്ചര്‍ മനസ്സിലാക്കിയിരിക്കുന്നത്. ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും കിട്ടുന്ന വിഷയങ്ങളും നിയമങ്ങളും ഒന്നുകൂടി എളുപ്പമാക്കുക എന്നതാണ് മദ്ഹബിന്റെ ഇമാമുകള്‍ ചെയ്തിരിക്കുന്നത്. ഖുര്‍ആന്‍ അത് പറഞ്ഞിട്ടുണ്ട്.

وَإِذَا جَاءَهُمْ أَمْرٌ مِّنَ الْأَمْنِ أَوِ الْخَوْفِ أَذَاعُوا بِهِۖ وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَىٰ أُولِي الْأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنبِطُونَهُ مِنْهُمْۗ…

ഈയാളുകള്‍ സമാധാനത്തിന്റെയോ ഭീതിയുടെയോ ഒരു വാര്‍ത്ത കിട്ടിയാല്‍ അതു കൊട്ടിഘോഷിക്കുന്നു. എന്നാല്‍, അത് ദൈവദൂതന്നും സമൂഹത്തിലെ ഉത്തരവാദപ്പെട്ടവര്‍ക്കും എത്തിച്ചുകൊടുത്തിരുന്നുവെങ്കില്‍, സത്യാവസ്ഥ ഗ്രഹിക്കാന്‍ കഴിവുള്ളവര്‍ കാര്യം മനസ്സിലാക്കുമായിരുന്നു.
(നിസാഅ: 83).

എന്തെങ്കിലും തര്‍ക്കമോ അഭിപ്രായവ്യത്യാസമോ ഉണ്ടായാല്‍ അത് അല്ലാഹുവിന്റെ റസൂലിലേക്കും വിവരമുള്ള ആളുകളിലേക്ക് മടക്കുകയും, അവരോട് കാര്യങ്ങള്‍ ചോദിക്കുകയും ചെയ്താല്‍ അവര്‍ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും നിര്‍ധാരണം ചെയ്ത് പഠിപ്പിച്ചു തരുമെന്ന് ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ ഒരാള്‍ക്ക് നിയപരമായി വല്ല പ്രശ്‌നവും വന്നു. അങ്ങനെയെങ്കില്‍, അയാള്‍ കോടതിയിലേക്ക് പോവേണ്ടതുണ്ട്. അങ്ങനെ പോകേണ്ടിവരുമ്പോള്‍, പൊതുവില്‍ ആളുകള്‍ കടയില്‍ പോയി നിയമപുസ്തകം വാങ്ങുകയും, അത് പഠിച്ച് കോടതിയില്‍ ചെന്ന് വാദിക്കുകയുമല്ല ചെയ്യാറുള്ളത്. മറിച്ച്, നല്ലൊരു തുക നല്‍കി ഒരു വക്കീലിനെ വെക്കുകയാണ് ചെയ്യുക. നിയമത്തിന്റെ എല്ലാ വശവും ആഴത്തില്‍ പഠിച്ചത് കൊണ്ടാണ് നാം അവരെ അവലംബിക്കാറുള്ളത്.

ജാമിദ ടീച്ചര്‍: സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്ന ആദരിക്കുന്ന പ്രാധാന്യം നല്‍കുന്ന മതമാണ് ഇസ്‌ലാം. ഒരു കര്‍മ്മശാസ്ത്ര ഗ്രന്ഥത്തില്‍ പറയുന്നത് നമുക്ക് നോക്കാം: ഭാര്യയെ 5 കാര്യങ്ങള്‍ക്ക് അടിക്കാം
1) مَنْع الجِماع സെക്‌സ് തടഞ്ഞാല്‍
2) خُروجها بِلا إِذن زوج من محل الإقامة തന്റെ വീട്ടില്‍ നിന്ന് അനുമതിയില്ലാതെ അവള്‍ പുറത്ത് പോയാല്‍
3) تَرْكُ صلاة നമസ്‌കാരം ഉപേക്ഷിച്ചാല്‍
4) زينة نفسها സൗന്ദര്യം പ്രകടമാക്കിയില്ലെങ്കില്‍
5) ترك لغسل الجنابة സെക്‌സിനു ശേഷം കുളിച്ചില്ലെങ്കില്‍. ഇനി ഇതൊക്കെ പ്രവാചകന്‍ പഠിപ്പിച്ചതാണെങ്കില്‍, എന്ത് കൊണ്ട് ഖുര്‍ആനിലില്ല?

ഹാരിസ് മദനി: ഒരുപാട് ഗ്രന്ഥങ്ങള്‍ ഞാന്‍ പരതി. എന്നാല്‍, ടീച്ചര്‍ പറഞ്ഞത് പോലെ ഞാനൊരു ഗ്രന്ഥത്തിലും ക്ണ്ടില്ല. ഇനി അടിക്കണം എന്ന് തന്നെ ഇരിക്കട്ടെ. അങ്ങനെയെങ്കില്‍ എങ്ങനെ അടിക്കണം എന്ന് ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. പ്രവാചകന്‍ (സ്വ) തന്റെ അവസാനത്തെ പ്രഭാഷണം അറഫാ സംഗമത്തില്‍, ജീവിതത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രഭാഷണം നടത്തിയ സന്ദര്‍ഭത്തില്‍, ചില കാര്യങ്ങള്‍ സൂചിപ്പിക്കുകയുണ്ടായി

عن جابر (رضي) عن النبي (صلى) أنه قال في حجة الوداع : …..اتَّقُوا اللَّهَ فِي النِّسَاءِ ؛ فَإِنَّكُمْ أَخَذْتُمُوهُنَّ بِأَمَانَةِ اللَّهِ، وَاسْتَحْلَلْتُمْ فُرُوجَهُنَّ بِكَلِمَةِ اللَّهِ، وَإِنَّ لَكُمْ عَلَيْهِنَّ أَلَّا يُوطِئْنَ فُرُشَكُمْ أَحَدًا تَكْرَهُونَهُ، فَإِنْ فَعَلْنَ فَاضْرِبُوهُنَّ ضَرْبًا غَيْرَ مُبَرِّحٍ ، وَلَهُنَّ عَلَيْكُمْ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوفِ،…..

ഭാര്യമാരുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുക, അല്ലാഹുവിന്റെ ‘അമാന്‍’ കൊണ്ട് അവരെ സ്വീകരിച്ചവരാണ് നിങ്ങള്‍. അല്ലാഹുവിന്റെ വചനം കൊണ്ട് അവരുടെ ശരീരം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടതുമാണ്. നിങ്ങള്‍ വെറുക്കുന്ന ഒരാളെയും ആ വിരിപ്പില്‍ കിടത്താതിരിക്കല്‍ അവളുടെ ബാധ്യതയാണ്. അങ്ങനെ അവള്‍ ചെയ്യുകയാണെങ്കില്‍, ശക്തമായി അല്ലാതെ അവളെ അടിക്കുകയും ചെയ്യുക. (അബൂ ദാവൂദ് : 1905)

അടിക്കേണ്ട സന്ദര്‍ഭം വന്നുകഴിഞ്ഞാല്‍ പോലും വളരെ ലോലമായി അടിക്കണം എന്ന മര്യാദ പഠിപ്പിക്കുകയാണ് ഇസ് ലാം ചെയ്തത്.

…وَٱلَّـٰتِی تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهۡجُرُوهُنَّ فِی ٱلۡمَضَاجِعِ وَٱضۡرِبُوهُنَّۖ فَإِنۡ أَطَعۡنَكُمۡ فَلَا تَبۡغُوا۟ عَلَیۡهِنَّ سَبِیلًاۗ إِنَّ ٱللَّهَ كَانَ عَلِیࣰّا كَبِیرࣰا

അനുസരണക്കേട് കാണിക്കുന്ന സ്ത്രീകളെ ഒന്നാമതായി നിങ്ങള്‍ അവരെ ഉപദേശിക്കുക,
എന്നിട്ടും അവര്‍ അനുസരിക്കുന്നില്ലെങ്കില്‍, രണ്ടാമത്തെ പടിയായി അവരെ കിടപ്പറയില്‍ നിന്ന് മാറ്റി കിടത്തണം. എന്നിട്ടും അവര്‍ അനുസരിക്കുന്നില്ലെങ്കില്‍, അവരെ അടിക്കണം. അടിച്ചിട്ടും അവര്‍ നേരെ ആവുന്നില്ല എങ്കില്‍ പിന്നെ വേറൊരു മാര്‍ഗ്ഗം തേടരുത്.
(നിസാഅ: 34)

മര്യാദക്കേട് കാണിക്കുന്ന സ്ത്രീകളെ പല മാര്‍ഗ്ഗങ്ങളിലൂടെ നേരെ ആക്കണം എന്ന് പഠിപ്പിച്ച ഇസ്ലാം, ആ മാര്‍ഗ്ഗങ്ങളൊന്നും പരാമര്‍ശിക്കാതെ, അടിക്കണം എന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം എന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയാണ് ടീച്ചര്‍ ചെയ്യുന്നത്.
പ്രവാചകന്റെ വചനങ്ങള്‍, പ്രവൃത്തികള്‍ എന്നിവയാണ് ഹദീസുകള്‍. പ്രവാചകന് ലഭിച്ച ദിവ്യസന്ദേശം ആണ് ഖുര്‍ആന്‍. ഇത് പോലും മനസ്സിലാക്കാത്ത ഒരാളാണ് ഇസ്ലാമിനെ വിമര്‍ശിക്കാന്‍ യുക്തിവാദികളുടെ സ്‌റ്റേജില്‍ കയറി നില്‍ക്കുന്നത് എന്നറിയുമ്പോള്‍ വേദന തോന്നുകയാണ്, പുച്ഛം തോന്നുകയാണ്.

ജാമിദ ടീച്ചര്‍: تَعَجَّبْتُ مِنْ هَذَا الزَّمَانِ وأَهْلِهِ ** فَمَا أَحَدٌ مِنْ أَلْسُنِ الناسِ يَسلم
മനുഷ്യന്റെ കാര്യം വളരെ അത്ഭുതമാണ് ഒരാളും, ആരുടെ നാവില്‍ നിന്നും രക്ഷപ്പെടുന്നില്ല.
وإن يسألوا عن مذهبي لم أبح به ** وأكتمه ، كتمانه ليَ أسلم
ആരെങ്കിലും എന്നോട് എന്റെ മദ്ഹബ് ഏതാണെന്നു ചോദിച്ചാല്‍ എനിക്ക് അത് വെളിപ്പെടുത്താന്‍ കഴിയില്ല അത് മറച്ചു വയ്ക്കുന്നതാണ് എനിക്ക് സുരക്ഷിതം.
فإن حنفيا قلت قاوا بأنني ** أبيح الطلا وهو الشراب المُحَرَّم
കാരണം, ഞാന്‍ ഹനഫി ആണെന്ന് ആരോടെങ്കിലും പറഞ്ഞാല്‍, വ്യഭിചാരത്തിലുണ്ടായ കുട്ടിയെ വിവാഹം കഴിക്കുന്നവനാണ് ഞാനെന്ന് അവര്‍ പറയും.
وإن مالكيا قلت قالوا بأنني ** أبيح لهم لحم الكلاب ، وهُمْ هُمُ
ഞാനിനി മാലികി മദ്ഹബ്കാരന്‍ ആണെന്ന് പറഞ്ഞാല്‍ ഞാന്‍ പട്ടി ഇറച്ചി തിന്നുന്നവനാണെന്ന് ആളുകള്‍ എന്നെ കുറിച്ച് പറയും. അതുകൊണ്ട് ഞാന്‍ മാലിക്കി മദ്ഹബ് കാരന്‍ ആണെന്ന് ഞാന്‍ പറയുകയില്ല.

ഹാരിസ് മദനി: ഇവിടെ ടീച്ചര്‍ പറയുന്നത് ഇമാം സമഖ്ശരി, മദ്ഹബിന് എതിരായിരുന്നു എന്നാണോ? എന്നാല്‍ ഇമാം സമഖ്ശരി, ശാഫിഈ മദ്ഹബ്കാരന്‍ ആയിരുന്നു എന്ന് അദ്ദേഹത്തിന്റെ ചരിത്രം പഠിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്.

ഇനി എന്താണ് ഇമാം സമഖ്ശരി പറഞ്ഞത്? എന്തിനെയും വിമര്‍ശിക്കുന്നവരെ, കുറ്റപ്പെടുത്തുന്നവരെ കുറിച്ചാണ് ഇമാം സമഖ്ശരി ഇങ്ങനെ പറഞ്ഞത്. അതായത്, നിങ്ങളെ പോലെയുള്ളവരെ കുറിച്ച്. ടീച്ചര്‍ അങ്ങനെയാണല്ലോ ഖുര്‍ആനില്‍ നിന്നും, ഹദീസുകളില്‍ നിന്നും തെറ്റിദ്ധരിപ്പിക്കാന്‍ പറ്റുന്ന ഭാഗങ്ങള്‍ മാത്രം എടുത്ത്, അതില്‍ തന്നെ സ്വന്തമായി കളവുകള്‍ കൂട്ടിച്ചേര്‍ത്ത് വിമര്‍ശനം ഉന്നയിക്കുന്നത് അത്ഭുതമാണ് എന്നാണ് ഇമാം സമഖ്ശരി പറഞ്ഞത്. ആ കാലഘട്ടത്തിലും ടീച്ചറെ പോലെയുള്ള ആളുകള്‍ ഉണ്ടായിരുന്നു എന്നാണ് ആ പറഞ്ഞത്. അതുപോലും മനസ്സിലാക്കാതെയാണ് ടീച്ചര്‍ വിമര്‍ശിക്കുവാന്‍ ഇറങ്ങുന്നത്.

 

തയ്യാറാക്കിയത്: ഷഫീഹ് വാണിയമ്പലം, അർഷദ് സാദിഖ്

Facebook Comments
Show More

Check Also

Close
Close
Close

Adblock Detected

Please consider supporting us by disabling your ad blocker