Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമിക പ്രബോധനത്തിന്‍റെ ഗൃഹപാഠം ( 6 – 6 )

6. ഉത്തമ സ്വഭാവ ഗുണങ്ങള്‍
ഒരു പ്രബോധകന്‍റെ വ്യക്തിത്ത്വത്തില്‍ അനിവാര്യമായി ഉണ്ടായിരിക്കേണ്ട മറ്റൊരു കാര്യമാണ് ഉത്തമ സ്വഭാവ ഗുണങ്ങള്‍. മനുഷ്യ സ്വഭാവത്തിന് ഇസ്ലാം കുലീനതയും വിശുദ്ധിയും കല്‍പിക്കുന്നു. ഇസ്ലാമിന്‍റെ യഥാര്‍ഥ ചൈതന്യം ഒരാളുടെ ഹൃദയത്തില്‍ സ്വാധീനം ചെലുത്തുന്നുവെങ്കില്‍ അധമ സ്വഭാവത്തില്‍ ഏര്‍പ്പെടുക അയാള്‍ക്ക് ഒരിക്കലും സാധ്യമല്ല. ഉത്തമ സ്വഭാവ ഗുണങ്ങള്‍ക്കുടമായായിരിക്കണം പ്രബോധകരെന്ന് ഇസ്ലാമിന് നിര്‍ബന്ധമുണ്ട്.

അല്ലാഹുവുമായി ഉറച്ച ബന്ധമുള്ളവരില്‍ ഈ പ്രഖ്യാപനത്തിന്‍റെ തെളിവ് നമുക്ക് പ്രകടമായി കാണാം. വൃത്തികെട്ട സമൂഹത്തില്‍ എല്ലാവരേയും വെല്ലുന്ന ഉജ്ജല മാതൃകകളാണ് അവര്‍. സാധാരണ കാഴചയില്‍, അവരുടെ ഉത്തമ സ്വഭാവ ഗുണങ്ങള്‍ ആര്‍ക്കും അനുഭവവേദ്യമാകുന്നതാണ്. അവരുടെ ജീവിതത്തില്‍ ധാര്‍മിക ഗുണമില്ല എന്ന് ആര്‍ക്കും പറയുക സാധ്യമല്ല. അധാര്‍മികതയുടെയൊ ലജ്ജയില്ലായ്മയുടെയൊ പേരില്‍ ആര്‍ക്കും അവരെ കുറ്റപ്പെടുത്താനും കഴിയില്ല. ഖുര്‍ആനാണ് അവരുടെ സ്വഭാവത്തിന്‍റെ ഏറ്റവും നല്ല പ്രതിരൂപം. അവര്‍ സ്വയം തന്നെയും ഖുര്‍ആന്‍റെ മൂര്‍ത്തിമല്‍ഭാവവുമാണ്.

പ്രബോധകന്‍റെ സ്വഭാവവും അവന്‍റെ ലക്ഷ്യവും നന്നായി കോര്‍ത്തിണക്കിയാല്‍ മാത്രമേ പ്രബോധന പ്രവര്‍ത്തനം അതിന്‍റെ മൂര്‍ധന്യത്തില്‍ എത്തിയെന്ന് പറയാന്‍ കഴിയുകയുള്ളൂ. മനുഷ്യ സ്വഭാവത്തില്‍ അസാമാന്യമായ ശക്തിവൈഭവം കുടികൊള്ളുന്നുണ്ട് എന്ന കാര്യം നിസ്സംശയമാണ്. ഒരാളുടെ ജീവിത വീക്ഷണത്തിലൂടെയല്ല മറ്റൊരാള്‍ ആകര്‍ഷിക്കപ്പെടുന്നത്.

ഒരാളുടെ സ്വഭാവത്തിലൂടെയാണ് അപരന്‍ ആകര്‍ഷിക്കപ്പെടുക. ഉന്നത സ്വഭാവ ഗുണങ്ങള്‍ വെച്ച് പുലര്‍ത്തുന്ന ഒരാള്‍ അയാളുടെ സന്ദേശത്തിന്‍റെ ജീവിക്കുന്ന മാതൃകയാണ്. മറുവശത്ത് ഉത്തമ സ്വഭാവ ഗുണങ്ങള്‍ ഇല്ലാത്ത ഒരാള്‍ അയാളുടെ സന്ദേശത്തോട് തന്നെ അനീതി കാണിക്കുകയാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കണം. ഈ വൈരുധ്യത്തെ· ന്യായീകരിക്കാന്‍ മറ്റൊരു വിശദീകരണത്തിന്‍റെ ആവശ്യമില്ല.

പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരാള്‍ തീര്‍ച്ചയായും ഉത്തമ സ്വഭാവ ഗുണങ്ങള്‍ ആര്‍ജിക്കേണ്ടതുണ്ട്. ജീവതത്തിന്‍റെ എല്ലാ മേഖലകളിലും, കച്ചവടത്തിലും, അധ്യാപക വൃത്തിയിലും ഉത്തമ സ്വഭാവത്തിലൂടെ സമൂഹത്തില്‍ മതിപ്പുണ്ടാക്കണം. അദ്ദേഹവുമായി ആര് ബന്ധപ്പെട്ടാലും സ്വഭാവത്തിന്‍റെ സൗന്ദര്യം അംഗീകരിക്കേണ്ടി വരും. ഭാര്യ, സന്താനങ്ങള്‍, ഉറ്റ സുഹൃത്തുക്കള്‍, അയല്‍ക്കാര്‍, സഹപ്രവര്‍ത്തകര്‍ എല്ലാം അദ്ദേഹത്തിന്‍റെ സ്വഭാവത്തില്‍ ആകൃഷ്ടരാവും. അതിന് ശേഷം ജനങ്ങളുടെ മനസ്സ് അയാളുടെ പ്രബോധനത്തിനായി കാതോര്‍ത്ത്കൊണ്ടിരിക്കും.

ഉത്തമ സ്വഭാവത്തിന് ദാഹിക്കുന്ന ജനത
ആധുനിക ലോകത്തെ സുപ്രധാന പ്രശ്നങ്ങളിലൊന്നാണ് മനുഷ്യന്‍റെ ദു:സ്വഭാവം. ഇന്ന് പല ധാര്‍മിക മൂല്യങ്ങളുടേയും വില നഷ്ടപ്പെട്ടിരിക്കുകയാണ്. സ്വാര്‍ഥത അതിന്‍റെ ഉത്തുംഗതയില്‍ എത്തയിരിക്കുന്നു. സല്‍സ്വഭാവം, കാരുണ്യം, ഭക്തി തുടങ്ങിയ ഉന്നത ഗുണങ്ങളെ കുറിച്ച ചിന്തപോലും പ്രസക്തമല്ലാതായിരിക്കുന്നു. കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ സേ്നഹവും പരിരക്ഷയും ലഭിക്കുന്നില്ല. വാര്‍ധക്യം ബാധിച്ച രക്ഷിതാക്കളെ തങ്ങള്‍ വളര്‍ത്തിയ മക്കള്‍ പോലും അവഗണിക്കുന്ന കാലം. ഈ കാലത്ത് സ്വന്തം അയല്‍ക്കാരുടെ ദുരിതങ്ങളെ കുറിച്ചും അവരുടെ പ്രയാസങ്ങളെ കുറിച്ചും ആരറിയാന്‍?

ആത്മ മിത്രങ്ങളില്‍ പോലും മനുഷ്യര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട കാലമാണിത്. ചാരിത്ര്യം, മിതത്വം, സത്യം, ആത്മാര്‍ഥത, സത്യസന്ധത, സഹിഷ്ണുത, ക്ഷമ തുടങ്ങിയ എല്ലാ ഉന്നത ഗുണങ്ങളും ഉന്മൂലനം ചെയ്യപ്പെട്ടിരിക്കുന്നു. മനുഷ്യവര്‍ഗം വ്യത്യസ്ത വിഭാഗങ്ങളും വര്‍ഗങ്ങളുമായി വേര്‍തിരിഞ്ഞിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഇസ്ലാമിന്‍റെ സവിശേഷ സ്വഭാവ മൂല്യങ്ങള്‍ അതിന്‍റെ പൂര്‍ണ ശോഭയോടെ ചക്രവാളത്തില്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍, സംശയമില്ല, മുഴുവന്‍ ലോകത്തേയും അതിലേക്ക് ആകര്‍ഷിക്കുക സാധ്യമേയല്ല.

ഇസ്ലാമിന്‍റെ പ്രബോധകര്‍ ഉന്നത സ്വഭാവ ഗുണങ്ങളുള്ളവരാണെന്ന് ലോകം കാണുകയാണെങ്കില്‍, അവരുടെ സ്വഭാവം മറ്റുള്ളവരില്‍നിന്ന് വ്യതിരിക്തമാണെങ്കില്‍, അവര്‍ ഭക്തിയുള്ളവരും ദൈവഭയമുള്ളവരും അവരുടെ ഇടപാടുകള്‍ നീതി പാലിക്കുകയുമാണെങ്കില്‍, അവര്‍ നിസ്വാര്‍ത്ഥതയുടെ പര്യായമാവുകയാണെങ്കില്‍, സ്വാര്‍ഥ ചിന്തയുടെ ഈ കാലഘട്ടത്തില്‍ അവര്‍ ത്യാഗം സഹിക്കാന്‍ തയാറാണെങ്കില്‍ ഇസ്ലാമിന് ശോഭനമായ ഭാവി തീര്‍ച്ചയായും പ്രതീക്ഷിക്കാം.

ലജ്ജയെന്ന ഗുണം പോലും അപഹരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാലത്ത്, അതെല്ലാം ലോകത്തിന് കാണാന്‍ കഴിഞ്ഞിരുങ്കെില്‍! സത്യസന്ധത മരിച്ച് കഴിഞ്ഞ ഇന്നത്തെ ലോകത്ത് അതിന്‍റെ സംരക്ഷകരെ കണ്ടിരുന്നെങ്കില്‍! കോഴ കൊടുക്കാതെ തന്നെ കാര്യങ്ങള്‍ ചെയ്തു തരുവാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍! ഏതൊരാളുടേയും ന്യായമായ ആഗ്രഹങ്ങള്‍ മാത്രമാണിതൊക്കെ. ഭൗതികമായ പ്രതിഫലേഛയൊന്നുമില്ലാതെ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ ഇസ്ലാമിന്‍റെ പ്രബോധകര്‍ നിര്‍വഹിക്കുന്നു എന്നതാണ് സത്യം.

സഹോദരന്മാര്‍ പോലും പരസ്പരം ശത്രുതയില്‍ കഴിയുമ്പോള്‍ ഇസ്ലാമിക പ്രബോധകര്‍ അപരിചിതരെ പോലും ആലിംഗനം ചെയ്യുന്നു. മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍, അവകാശങ്ങള്‍ക്കായി പോരാടുമ്പോള്‍, ഇസ്ലാമിക പ്രബോധകര്‍ അപരന്‍റെ അവകാശങ്ങള്‍ സ്വമേധയാ നല്‍കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വഭാവികമയും ഒരു ചോദ്യമുയരുന്നു: ഈ വ്യക്തികള്‍ ആരാണ്? അവരുടെ ഉന്നത സ്വഭാവ ഗുണങ്ങളുടേയും ധാര്‍മിക മൂല്യങ്ങളുടേയും സ്രോതസ്സ് ഏതാണ്? മനസ്സില്‍ തറക്കുന്ന ഈ ചോദ്യങ്ങള്‍ ആര്‍ക്കും അവഗണിക്കുക അത്ര എളുപ്പമല്ല. സൂര്യോദയത്തിന് ശേഷം പ്രകാശത്തിന്‍റെ അസ്തിത്വത്തെ നിഷേധിക്കാന്‍ സാധിക്കാത്തത് പോലെയുള്ള ഒരു വിമ്മിഷ്ടം ഇതിലടങ്ങിയിട്ടുണ്ട്.

അത്തരത്തിലുള്ള മഹത്തായ ഗുണങ്ങള്‍ രണ്ടോ മൂന്നൊ നാലോ വ്യക്തികളില്‍ മാത്രം ഒതുങ്ങിയാല്‍ പോര. മുഴുവന്‍ സമൂഹത്തിലും അഥവാ ജമാഅത്തിലും അവരുടെ ജീവിതത്തിന്‍റെ നിഖില മേഖലകളിലും അതിന്‍റെ സ്വാധീനം പ്രകടമാവേണ്ടതുണ്ട്. അത്തരമൊരു സുദിനത്തിന്‍റെ പുലര്‍ച്ചക്കായി, ആ മഹത്തായ സ്വഭാവ ഗുണം ലോകത്തിന് മാതൃകയായി സമര്‍പ്പിക്കുവാന്‍ സര്‍വ്വ ശക്തന്‍ സഹായിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. ( അവസാനിച്ചു)

വിവ: ഇബ്റാഹീം ശംനാട്

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles