Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമിക പ്രബോധനത്തിന്‍റെ ഗൃഹപാഠം ( 5 – 6 )

3. നമസ്കാരവും സഹന ശീലവും
ദഅ് വാ പ്രവര്‍ത്തനത്തില്‍ രണ്ട് ഗുണങ്ങള്‍ അനിവാര്യമാണ്. ഒന്ന്, പ്രതികൂല സാഹചര്യത്തില്‍ സഹനശീലം. രണ്ട്, തിന്മക്കെതിരായ നിരന്തര പോരാട്ടം. ഈ രണ്ട് ഗുണങ്ങളും നമസ്കാരത്തിലൂടെ നമുക്ക് കൈവരിക്കാന്‍ കഴിയും. ഇസ്ലാമിക പ്രബോധനത്തിന്‍റെ മക്കാ കാലഘട്ടം സഹനത്തിന്‍റെയും ക്ഷമയുടേയും കാലഘട്ടമായിരുന്നുവല്ലോ? നബി (സ) യുടെ വഴിയില്‍ അവര്‍ മുള്ള് വിതറി. നിസ്വാര്‍ത്ഥനായ അദ്ദേഹത്തെ അവര്‍ കല്ല് കൊണ്ട് അഭിഷേകം ചെയതു. ചിത്തഭ്രമം ബാധിച്ചവനെന്നും ആഭിചാരക്കാരനെന്നും മുദ്രകുത്തി. പച്ചക്കള്ളമല്ലാതെ മുഹമ്മദ് സംസാരിക്കുകയില്ലെന്ന് പറഞ്ഞു നടന്നു. ചിലര്‍ ഇതന്‍റെ എല്ലാം റാന്‍ മൂളികളായി പുറകെ പോയി. അത്തരം പരിഹാസ്യമായ ആരോപണങ്ങളില്‍നിന്നല്ലാം നമുക്ക് അല്ലാഹുവില്‍ അഭയം തേടുകയല്ലാതെ മറ്റെന്ത് ചെയ്യാന്‍?

അവരുടെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ കേട്ട് നബി (സ) നടുങ്ങിയില്ല എന്നതിന് ചരിത്രം സാക്ഷി. വളരെ ശ്രദ്ധാലുവായി അദ്ദേഹം തന്‍റെ ദൗത്യ നിര്‍വഹണത്തില്‍ മുഴുകുകയായിരുന്നു. അവരുടെ ബുദ്ധിയോടായിരുന്നു അദ്ദേഹം സംവദിച്ചത്. അഗാധമായ ചിന്താശീലം വളര്‍ത്തി എടുക്കാന്‍ പ്രേരിപ്പിച്ച പ്രവാചകന്‍ അവരുടെ എതിര്‍പ്പ് മൂലം ഉണ്ടാവുന്ന അപകടകരമായ പരിണാമത്തെ കുറിച്ച് അവര്‍ക്ക് താക്കീത് നല്‍കി. അങ്ങനെ ശത്രുതയുടേയും വദ്വേഷത്തിന്‍റെതുമായ പരിതസ്ഥിതിയില്‍ വിജയകരമായി അദ്ദേഹം തന്‍റെ ദൗത്യം നിര്‍വഹിക്കുകയായിരുന്നു.

സമാദരണീയരായ പ്രവാചകന്‍റെ അനുചരന്മാരാകട്ടെ അദ്ദേഹത്തിന്‍റെ അതേ പാത തന്നെ അനുധാവനം ചെയ്തു. അതേ ഉന്നത സ്വഭാവ ഗുണങ്ങള്‍ അവരും സ്വാംശീകരിച്ചു. എതിര്‍പ്പിന്‍റെ കൊടുങ്കാറ്റില്‍ അവര്‍ പാറപോലെ ഉറച്ചുനിന്നു. അവരുടെ ജിഹാദ് മാതൃകാപരമായിരുന്നത് പോലെ അവരുടെ സഹനശീലവും അനിതര സാധാരണ മാതൃകയായിരുന്നു. ഭീരുക്കളടേയൊ ദുര്‍ബലരുടേയൊ ക്ഷമയായിരുന്നില്ല അവര്‍ കൈകൊണ്ടത്. മരണത്തോട് മുഖാമുഖം ഏറ്റുമുട്ടാന്‍ തയ്യാറുള്ള ധീരന്മാരുടെ ക്ഷമയായിരുന്നു അവരുടേത്. നേരിയ പ്രകോപനങ്ങള്‍ ഉണ്ടായപ്പോള്‍ പോലും ഖഡ്ഗം കൈയിലേന്തിയ വീര യോദ്ധാക്കളുടെ ക്ഷമയായിരുന്നു അത്. പ്രതികാരം ചെയ്യാതെ അവരുടെ കോപാഗ്നി അണഞ്ഞില്ല.

അവരുടെ ശത്രുക്കളെയാകട്ടെ മിത്രങ്ങളെയാകട്ടെ അന്യരില്‍ നിന്ന് ഒരു പോറല്‍ പോലും ഏല്‍ക്കാന്‍ അവര്‍ അനുവദിച്ചില്ല. പരിക്കേറ്റാല്‍ ആ അനുചരന്മാര്‍ ഓരോരുത്തരും കോപം കലിതുള്ളിയ സിംഹമായി മാറി. ആക്രമം കണ്ടിരിക്കുന്നത് ഭീരുത്വത്തിന്‍റെ പര്യായമാണെന്ന് അവര്‍ മനസ്സിലാക്കി.

പ്രാകൃത സ്വഭാവത്തിന് അതിനെക്കാള്‍ പ്രാകൃതമായരീതിയില്‍ അവര്‍ തിരിച്ചടിച്ചിരുന്ന കാലമുണ്ടായിരുന്നു. മുഖ്യമായും യുവക്കളടങ്ങുന്ന അത്തരമൊരു സംഘത്തെ ഇസ്ലാം എങ്ങനെ സഹനശീലരും ക്ഷമാലുക്കളുമാക്കി പരിവര്‍ത്തിപ്പിച്ചു എന്നത് അത്ഭുതമുളവാക്കുന കാര്യമാണ്. മക്കയുടെ മുഴുവന്‍ ചരിത്രത്തിലും അവര്‍ക്ക് സമാനമായവരെ കണ്ടത്തെുക സാധ്യമല്ല. നിസ്സാര കാര്യങ്ങളുടെ പേരില്‍ പ്രകോപിതരായാല്‍ പോലും അവര്‍ അനാവശ്യമായ ഒരു വാക്ക് പോലും ഉച്ചരിച്ചിരുന്നില്ല.

ശത്രുവിന്‍റെ ഉയര്‍ത്തി പിടിച്ച ഖഡ്ഗത്തിന് നേരെ തങ്ങളുടെ കൈവശമുണ്ടായിരുന്ന ഖഡ്ഗത്തിലൂടെ അവര്‍ മറുപടി പറഞ്ഞില്ല. അസാമാന്യമായ ഈ സഹനബോധം നമസ്ക്കാരത്തിലൂടെയായിരുന്നു അവര്‍ ആര്‍ജ്ജിച്ചിരുന്നതെന്ന് നാം മനസ്സിലാക്കണം. അത്കൊണ്ടാണ് സഹനബോധത്തിന് ആഹ്വാനം ചെയ്യുന്ന ഖുര്‍ആന്‍ നമസ്കാരം അനുഷ്ഠിക്കണമെന്ന് ഉപദേശിക്കുന്നത്. ഖുര്‍ആന്‍ പറയുന്നു: അതിനാല്‍ അവര്‍ പറയുന്നതൊക്കെ ക്ഷമിക്കുക. സൂര്യോദയത്തിനും അസ്തമയത്തിനും മുമ്പെ നിന്‍റെ നാഥനെ വാഴ്ത്തുക. ഒപ്പം പ്രകീര്‍ത്തിക്കുകയും ചെയ്യുക. ( ഖാഫ് 39, 40 )

4. സഹനബോധം: പ്രബോധകന്‍റെ മുഖമുദ്ര
വളരെ ക്ലേശകരമായ ഇസ്ലാമിക പ്രബോധന കര്‍ത്തവ്യം ഏറ്റെടുത്തവര്‍ക്ക് സഹനബോധം ഭൂതകാലത്തെന്ന പോലെ ഇന്നും അനിവാര്യമാണ്. ഒരു ഭാഗത്ത് മതത്തിന്‍റെ പ്രഖ്യപിത ശത്രുക്കളും മതത്തത്തിന്‍റെ സംശയാലുക്കളും അവര്‍ക്കെതിരെ സര്‍വായുധ വിഭൂഷിതരായി നില്‍ക്കുകയാണ്. മറുഭാഗത്ത് അല്ലാഹുവിനും അവന്‍റെ പ്രവാചകനും വേണ്ടി നിലയുറപ്പിച്ചിട്ടുള്ള, അംഗീകരിക്കപ്പെട്ട പണ്ഡിത വ്യൂഹവും. പിന്നോക്കം തിരിഞ്ഞ് നടക്കുന്നവരെന്നു വിഘടനവാദികളെന്നും ദേശ സേ്നഹമില്ലാത്തവരെന്നും വര്‍ഗീയ വാദികളുമെന്നുമൊക്കെ ആദ്യ വഭാഗം മറു വിഭാഗത്തെ ആരോപിക്കുന്നു. ആ ഇസ്ലാമിക പ്രബോധകര്‍ തങ്ങളുടെ മാര്‍ഗത്തില്‍ തടസ്സം നില്‍ക്കുന്നവരായതിനാല്‍ അവരേയും അല്ലാഹുവിന്‍റെ ദീനിനേയും അതിന്‍റെ വിശ്വാസ പ്രമാണങ്ങളേയും ജീവിത തത്വശാസ്ത്രത്തേയും എതിര്‍ക്കുന്നതിനുള്ള ബലിയാടാക്കുകയാണ് ചെയ്യുന്നത്.

എന്തിന് മതാഭിമുഖ്യമുള്ളവര്‍ പോലും അവര്‍ക്കെതിരെ ആരോപണങ്ങളുടെ കൂമ്പാരങ്ങള്‍ ചൊരിയുന്നു. ചിലപ്പോള്‍ അവര്‍ അവരുടെ വിശ്വാസത്തെ തന്നെ ആക്രമിച്ചെന്നിരിക്കും; മറ്റു ചിലപ്പോള്‍ ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു പക്ഷെ അവന്‍രെ പ്രവാചകനില്‍ വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞേക്കും. ചിലപ്പോള്‍ അവര്‍ ഞങ്ങള്‍ അല്ലാഹുവിലും അവന്‍റെ പ്രവാചകനിലും വശ്വസിക്കുന്നു എന്ന് സമ്മതിച്ചേക്കും. അത് പക്ഷെ നാം വിചാരിച്ചത് പോലെ ശരിയായ രീതിയിലായികൊള്ളണമെന്നില്ല.

മറ്റ് ചിലപ്പോള്‍ ഇസ്ലാമിക പ്രബോധകരുടെ ദീന്‍ പൂര്‍ണമായും രാഷ്ട്രീയമാണെന്നും അധികാരം പിടിച്ചെടുക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ദൈവഭയമല്ല അവരുടെ പ്രചോദനമെന്നുമൊക്കെ ആരോപിച്ചേക്കാം. മറ്റ് ചിലപ്പോള്‍ പ്രവാചകന്‍റെ അനുചരന്മാരേയും ഉമ്മത്തിലെ മറ്റ് സമാദരണീയരായ വ്യക്തിത്വങ്ങളേയും അവര്‍ അവഹേളിക്കുകയാണെന്ന് പറഞ്ഞെന്നും വരാം.

ചിലപ്പോള്‍ ഞങ്ങള്‍ മാത്രമാണ് മുസ്ലിംകളെന്ന് അവര്‍ അവകാശപ്പെട്ടേക്കും. തങ്ങളുടേതാണ് സമഗ്രമായ മതമെന്നും അക്കൂട്ടര്‍ അവകാശവാദമുന്നയിച്ചേക്കാം. ഈ ആരോപണങ്ങളെല്ലാം അബദ്ധജഡിലവും അടിസ്ഥാനരഹിതവുമാണെന്ന് വളരെ വ്യക്തം. ഈ വ്യാജ ആരോപണങ്ങളുടെ മഹാ പ്രളയത്തില്‍നിന്ന് ഒരു ഇസ്ലാമിക പ്രബോധകന് സംരക്ഷണവും സഹനവും നല്‍കുന്നത് നമസ്കാരമല്ലാതെ മറ്റെന്താണ്?

5. നമസ്കാരത്തിലൂടെ ദൃഡചിത്തത
അനിസ്ലാമിക സമൂഹത്തില്‍ യഥാര്‍ഥ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനം നിര്‍വ്വഹിക്കുക എന്നതും അതിന്‍റെ അനുയായികള്‍ക്ക് അത്തരം സന്ദര്‍ഭങ്ങളില്‍ ഉറച്ച നിലപാട് സ്വീകരിക്കാന്‍ കഴിയുക എന്നതും വളരെ ആയാസകരമാണ്. അനിസ്ലാമിക പ്രത്യയ ശാസ്ത്രങ്ങള്‍ ഇസ്ലാമിക ചിന്തയെ എല്ലാ വിധേനയും ആക്രമിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രദേശം. അവിടെ എതിര്‍ ശക്തികള്‍ കടുത്ത സമ്മര്‍ദം ചെലുത്തികൊണ്ടിരിക്കുന്നു. നിരുത്സാഹജനകമായ സാഹചര്യത്തില്‍ ദഅ് വ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കേണ്ടി വരുന്നു അവര്‍ക്ക്. പ്രബോധകന്‍റെ വീഴ്ചകളെ പുകഴത്തുന്ന നിലപാട് സ്വീകരിക്കുന്ന പ്രവണതകളും പ്രബോധന പ്രവര്‍ത്തനങ്ങളിലെ മുന്നേറ്റത്തിന് നേരെ മുഖം ചുളിക്കുന്ന നിലപാടുമൊക്കെ ഉണ്ടാവുമ്പോള്‍ ഫലപ്രദമായി നേരിടാന്‍ ദൃഡചിത്തത അനിവാര്യമാണ്.

ഇസ്ലാമിക പ്രസഥാനം വളരുകയും ശക്തി പ്രാപിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ ശത്രുക്കള്‍ അതിനെ ശകതി ഉപയോഗിച്ച് തകര്‍ക്കാനാണ് ലക്ഷ്യംവെക്കുക. പക്ഷെ ഇത് അസാധാരണമായ കര്‍ത്ത്യവ്യമല്ല എന്ന് അവര്‍ വിചാരിക്കുന്നില്ല. കാരണം പ്രസ്ഥാനങ്ങളെ ബലം പ്രയോഗിച്ച് കടിഞ്ഞാണിടുക ഒരിക്കലും സാധ്യമല്ല. അപ്പോള്‍ അവര്‍ പ്രബോധകരെ ഉപയോഗപ്പെടുത്തി പ്രസ്ഥാനത്തെ തന്നെ അമര്‍ച്ച ചെയ്യാനുള്ള കുതന്ത്രം പ്രയോഗിക്കുന്നു. പക്ഷെ ഇതിന് അവര്‍ തുറന്ന നീക്കങ്ങളൊന്നും നടത്തുകയില്ല.

ഇസ്ലാമിന്‍റെ അനുയായികള്‍ അവരുടെ ആദര്‍ശം അല്‍പം മയപ്പെടുത്തണം എന്നായിരിക്കും ചിലപ്പോള്‍ അവര്‍ ആവശ്യപ്പെടുക. മറ്റുള്ളവരുടെ ആദര്‍ശം ഉള്‍കൊള്ളാന്‍ നിങ്ങള്‍ക്ക് ശ്രമിച്ചു കൂടെ എന്ന് അവര്‍ ആരായുന്നു. ഇതിലൂടെ അവരുടെ വീക്ഷണത്തിന് സാധുത കൈവരിച്ചേക്കാം. തുടര്‍ന്ന് ചില കാര്യങ്ങളിലൊക്കെ സഹിഷ്ണുതാപൂര്‍വ്വമായ സമീപനം ഉണ്ടാകാനും ഇടയുണ്ട്. ഒരു പക്ഷെ അതിലൂടെ പരസ്പരം നിലനില്‍പിന്‍റെതായ ഒരു സാഹചര്യം സൃഷ്ടിക്കാന്‍ സഹായകമാവും എന്നായിരിക്കും അവര്‍ കരുതുക.

ഇത് അങ്ങേയറ്റം ലോലമായ ഒരു ഘട്ടമാണ്. ഇസ്ലാമിക പ്രവര്‍ത്തകര്‍ക്ക് ഒരു അയഞ്ഞ സമീപനം സ്വീകരിക്കാന്‍ ഇത് അവസരം നല്‍കുന്നു. അങ്ങനെ അവരുടെ ചിന്തയെ പുന:പരിശോധനക്ക് വധേയമാക്കുവാന്‍ അവര്‍ സമ്മതിക്കുന്നു. ഇത്തരത്തിലുള്ള ഓരോ ചുവടുവെപ്പും വ്യക്തികള്‍ക്കെന്ന പോലെ പ്രസഥാനത്തിനും അപകടകരമാണെന്ന് അവര്‍ ഓര്‍ക്കുന്നില്ല. ഒരാള്‍ ഉന്നതങ്ങളില്‍നിന്ന് നിലം പതിക്കുമ്പോള്‍ അയാള്‍ പകുതിയില്‍ വെച്ച് നില്‍ക്കാന്‍ കഴിയാതെ താഴെക്ക് കുതിക്കുമല്ലോ? വളരെ അപകടകരമായ ഒരു വീഴ്ചയാണിത്. സാഹചര്യങ്ങളുടെ നേരിയ സമ്മര്‍ദത്തിന് പോലും ഒരാള്‍ വഴങ്ങാന്‍ പാടില്ല. തന്‍റെ കൈവശമുള്ള ഒരു കാര്യത്തില്‍ ശത്രുവിന് കീഴടങ്ങിയാല്‍, പിന്നെ അയാള്‍ക്ക് എല്ലാം നഷ്ടപ്പെട്ടത് പോലെയാണ്.

ശത്രുക്കളുടെ പ്രഹരത്തിന് നേരെ സഹനം ആര്‍ജിക്കാന്‍ കഴിയുക അല്ലാഹുവിനെ സ്മരിച്ചുകൊണ്ടും നമസ്കാരത്തിലൂടെയുമാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഖുര്‍ആന്‍ അത് ഇപ്രകാരം വിശദമാക്കുന്നു:

നിന്നോട് കല്‍പിച്ച വിധം നീയും നിന്നോടൊപ്പം പശ്ചാത്തപിച്ചു മടങ്ങിയവരും നേര്‍വഴിയില്‍ ഉറച്ചു നില്‍ക്കുക. നിങ്ങള്‍ പരിധി ലംഘിക്കരുത്. തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നത് സൂക്ഷമമായി കാണുന്നവനാണവന്‍. അതിക്രമം കാണിച്ചവരുടെ ഭാഗത്തേക്ക് നിങ്ങള്‍ ചായരുത്. അങ്ങനെ ചെയ്താല്‍ നരകം നിങ്ങളെ പിടികൂടും. അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ക്ക് രക്ഷകരായി ആരുമില്ല. പിന്നീട് നിങ്ങള്‍ക്കൊരു സഹായവും ലഭിക്കുകയുമില്ല. പകലിന്‍റെ രണ്ടറ്റങ്ങളിലും രാവിന്‍റെ ആദ്യയാമത്തിലും നീ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. തീര്‍ച്ചയായും, സദ് വൃത്തികള്‍ ദുര്‍വൃത്തികളെ ദുരീകരിക്കും. ആലോചിച്ചറിയുന്നവര്‍ക്കുള്ള ഉദ്ബോധനമാണിത്. ക്ഷമിക്കുക. തീര്‍ച്ചയായും സല്‍ക്കര്‍മികള്‍ക്കുള്ള പ്രതിഫലം അല്ലാഹു ഒട്ടും നഷ്ടപ്പെടുത്തുകയില്ല. ( ഹൂദ് 112 – 115 )

അല്ലാഹുവിന്‍റെ ശത്രുപക്ഷത്ത് ചേര്‍ന്ന് നേരിയ മനോചാഞ്ചല്യത്തിന് സമ്മതം മൂളുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു. രാപ്പകലുകളുടെ വിത്യസ്ത ഘട്ടങ്ങളില്‍ വിശ്വാസി നമസ്കരിക്കാന്‍ കല്‍പിക്കപ്പെട്ടിട്ടുണ്ട്. നമസ്കാരത്തിന്‍റെ സഹായത്തോടെ ഉള്‍ക്കരുത്ത് ആര്‍ജിക്കാന്‍ നമുക്ക് സാധിക്കുമെന്ന് വളരെ വ്യക്തമാണ്. അങ്ങനെ അതിന് സാധിച്ചിരുന്നില്ലെങ്കില്‍ മനുഷ്യ അസ്ഥിത്വത്തിന്‍റെ നിലനില്‍പ്പ് ദുര്‍ബലമാവുകയും സ്വഛാധിപതികള്‍ക്ക് അവനെ ആകര്‍ഷിക്കാനുള്ള അവസരം ഉണ്ടാവുകയും ചെയ്യുമായിരുന്നു. ( തുടരും )

വിവ: ഇബ്റാഹീം ശംനാട്

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles