Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമിക പ്രബോധനത്തിന്‍റെ ഗൃഹപാഠം ( 4 – 6 )

ഏറ്റവും പ്രയാസമുള്ള കര്‍മ്മമാണ് ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനം. പ്രസംഗത്തിലൂടെയൊ ഗ്രന്ഥമെഴുത്തിലൂടെയൊ ഇസ്ലാമിനെ സംബന്ധിച്ച സെമിനാറിലൊ സിമ്പോസിയത്തിലൊ സംസാരിച്ചതിലൂടെ മാത്രമോ പ്രബോധനകര്‍ത്തവ്യത്തോട് നീതി പുലര്‍ത്തി എന്ന് പറയാനാവില്ല. ജീവിതത്തിലുടനീളം നിര്‍വ്വഹിക്കേണ്ട നിരന്തരമായ കര്‍ത്തവ്യമാണ് പ്രബോധനപ്രവര്‍ത്തനം. ദഅ് വയുടെ ഉദ്ദ്യേശ ലക്ഷ്യം ഒരു പ്രബോധകന്‍റെ മനസ്സില്‍ എപ്പോഴും സജീവമായി നിലകൊള്ളേണ്ടതുണ്ട്.

ഇസ്ലാമിക പ്രബോധകന്‍റെ സംസാരത്തിന്‍റെ കേന്ദ്രബിന്ദു പ്രബോധന സന്ദേശമായിരിക്കണം. താല്‍പര്യങ്ങളുടെ ഭ്രമണപഥവും അദ്ദേഹത്തിന്‍റെ ബന്ധങ്ങളുടെ അടിസ്ഥാനവും അതായിരിക്കണം. തന്‍റെ സംസാരത്തില്‍, സന്ദര്‍ശനത്തില്‍, വിദ്യാഭ്യാസത്തില്‍, കച്ചവടത്തില്‍, എല്ലാം നിര്‍ബന്ധമായും പ്രബോധകന്‍ ഇക്കാര്യം ഓര്‍ത്തിരിക്കണം. തന്‍റെ സന്ദേശം ശ്രോതാക്കള്‍ക്ക് കൈമാറാന്‍ ലഭിക്കുന്ന ഒരു അവസരവും പാഴാക്കരുത്. ഈ കര്‍ത്തവ്യം തന്‍റെ മുഖമുദ്രയായി അംഗീകരിക്കുകയും അതിന്‍റെ തുടിപ്പുകള്‍ തന്‍രെ ഓരോ നിശ്വാസത്തിലും ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും വംണം.

പ്രബോധന പ്രവര്‍ത്തനങ്ങള്‍ പ്രബോധകന്‍രെ ജീവിതത്തെ ക്രമപ്പെടുത്തുകയും അദ്ദേഹവുമായി ഇടപെടുന്ന ഓരോ വ്യക്തിക്കും താന്‍ പ്രബോധനത്തിനായി ജീവതം നീക്കിവെച്ചിരിക്കുന്നതായി അനുഭവവേദ്യമാവേണ്ടതുമുണ്ട്. ദഅ് വാ പ്രവര്‍ത്തനങ്ങളോടുള്ള അദ്ദേഹത്തിന്‍റെ അഭിനിവേശവും ആദര്‍ശത്തോടുള്ള പ്രതിബദ്ധതയും മറ്റുള്ളവരെയും അതേ പാതയില്‍ ചലിപ്പിക്കാന്‍ പ്രചോദിപ്പിക്കേണ്ടതാണ്. ഒരു പ്രബോധകന്‍ അപരനുമായി ബന്ധം സ്ഥാപിക്കുന്നതും വിഛേദിക്കുന്നതും അടുക്കുന്നതും അകലുന്നതുമെല്ലാം ദഅ് വ പ്രവർത്തനത്തിന്റെ അടിസഥാനത്തിലായിരിക്കണം.

ഒരു വ്യക്തിയേയും ഒഴിച്ച്നിര്‍ത്താത്തവിധം ഇസ്ലാമിക പ്രബോധകന്‍ ദഅ് വാ പ്രവര്‍ത്തനം നിര്‍വഹിക്കേണ്ടതുണ്ട്. കുടിലുകളിലും കൊട്ടാരങ്ങളിലും ഇസ്ലാമിക സന്ദേശം ചര്‍ച്ചാ വിഷയമാവണം. സമൂഹത്തിലെ കീഴാളര്‍ക്കും മേലാളര്‍ക്കും ആ സന്ദേശം പരിചിതമാവണം. ഇസ്ലാമിന്‍റെ സന്ദേശം മുഴുവന്‍ ഭാഷകളിലേക്കും ജനവിഭാഗങ്ങളിലേക്കും പ്രചരിക്കട്ടെ. സകല നഗരങ്ങളിലും, കവലകളിലും, വ്യാപാര കേന്ദ്രങ്ങളിലും, ആ സത്യ സന്ദേശം വ്യാപിക്കട്ടെ.

സ്കൂളുകളിലും കോളേജുകളിലും മത പാഠശാലകളിലും രാജ്യം മുഴുവനും ഇസ്ലാമിന്‍റെ സന്ദേശം പ്രതിധ്വനിക്കട്ടെ. അതിലൂടെ ജനങ്ങള്‍ക്ക് ഇസ്ലാമിക സന്ദേശം അവഗണിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമാവണം. അതിന് ഏറ്റവും പ്രധാനം പ്രബോധകന്‍റെ വ്യക്തിത്വമാണ്. ഇസ്ലാമിക പ്രബോധകന്‍റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന പ്രധാന ഘടകങ്ങള്‍ എന്താണെന്ന് പരിശോധിക്കാം.

1. അല്ലാഹുവുമായുള്ള ബന്ധം
അല്ലാഹുവുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് മാത്രമെ അവന്‍റെ ദീനിനെ യഥാവിധം സേവിക്കുവാന്‍ സാധിക്കുകയുള്ളൂവെന്ന് ഖുര്‍ആനും സുന്നത്തും അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. എങ്ങനെ ജീവിക്കണമെന്നും മരിക്കണമെന്നും അറിയുന്നവനാണ് ഒരു പ്രബോധകന്‍. അദ്ദേഹം അല്ലാഹുവിന്‍റെ പ്രീതിക്കായി മാത്രം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നു. ഒരു പ്രബോധകന്‍ അഗാഥമയി അല്ലാഹുവിനെ സേ്നഹിക്കുകയും അവനെ മാത്രം ഭയപ്പെടുകയും ചെയ്യുന്നു. അല്ലാഹുവിന് വേണ്ടി നിരന്തരമായി പ്രവര്‍ത്തിക്കുന്നതില്‍ അദ്ദേഹം ആനന്ദം കണ്ടത്തെുന്നു.

കഠിനമായ പരീക്ഷണങ്ങളിലും പ്രബോധകന്‍റെ നാവില്‍നിന്ന് ഒരു പരാതിയും ഉയര്‍ന്ന് വരികയില്ല. അദ്ദേഹത്തിന്‍റെ ഹൃദയം നിറയെ യജമാനനോടുള്ള ബഹുമാനവും ഭയവുമാണ്. അതിനാല്‍ ഒരു പ്രബോധകന്‍ മറ്റൊരേയും ഭയപ്പെടുന്നില്ല. തന്‍റെ മുഴുവന്‍ കഴിവും സമ്പാദ്യവും ആനന്ദവും താല്‍പര്യങ്ങളും നേട്ടങ്ങളുമെല്ലാം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിച്ചാലും തന്‍റെ രക്ഷിതാവിനോട് തനിക്ക് നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ലല്ലോ എന്ന പരിഭവമാണ് ഉണ്ടാവുക. തന്‍റെ കഴിവിന്‍റെ പരിധിയില്‍പെട്ടതെല്ലാം ചെയ്താലും അതിലെ പോരായ്മകളില്‍ ഖിന്നനായിരിക്കും പ്രബോധകന്‍. അദ്ദേഹത്തെ സംബന്ധിച്ചേടുത്തോളം ഏറ്റവും പ്രിയങ്കരന്‍ അല്ലാഹുവാണ്. മറ്റെല്ലാ സേ്നഹത്തേയും അല്ലാഹുവിനോടുള്ള സ്നേഹം മുന്‍കടക്കുന്നു.

അല്ലാഹുവിന്‍റെ ദീനിന് എന്തെങ്കിലും ക്ഷതം സംഭവിച്ചാല്‍ അത് വ്യക്തിപരമായ ക്ഷതം സംഭവിച്ചത് പോലെ പ്രബോധകന്‍ കരുതുന്നു. നേട്ടങ്ങള്‍ ഉണ്ടായാലോ തനിക്കുണ്ടായ നേട്ടത്തെക്കാള്‍ അതിരറ്റ സന്തോഷത്തിലാണ് പ്രബോധകന്‍റെ മനസ്സ്. വ്യക്തിപരമായ ഏതൊരു ആക്രമണത്തേയും അദ്ദേഹത്തിന് സഹിക്കാന്‍ കഴിഞ്ഞെന്നിരിക്കും. എന്നാല്‍ ദീനിന് നേരെ ഉണ്ടാവുന്ന ആക്രമണം ഒരു പ്രബോധകന് സഹിക്കാന്‍ കഴിയുന്നതിലപ്പുറമാണ്. അതിന്‍റെ പ്രതിരോധത്തില്‍ എന്ത് നഷ്ടം സഹിക്കാനും അയാള്‍ തയ്യാര്‍. അല്ലാഹുവുമായുള്ള ബന്ധം ശക്തമല്ലെങ്കില്‍ ദീനിന് വേണ്ടി ഒരു ജോലിയും അയാള്‍ക്ക് നിര്‍വഹിക്കുക സാധ്യമല്ല. ചിലപ്പോള്‍ ക്ഷണികമായ വികാര തള്ളിച്ചയില്‍ പ്രചോദിതമായി എന്തെങ്കിലും കാട്ടികൂട്ടി എന്ന് വരാം. അത് പക്ഷെ അയാള്‍ക്ക് ദീര്‍ഘകാലം മുന്നോട്ട് പോകാനോ പ്രയാസങ്ങള്‍ സഹിക്കാനോ അതിന്‍റെ പൂര്‍ത്തീകരണത്തിനായി ത്യഗം ചെയ്യാനോ സാധിക്കുകയില്ല.

2. നിര്‍ബന്ധ നമസ്കാരങ്ങള്‍
അല്ലാഹുവുമായുള്ള ബന്ധം സ്ഥാപിക്കുവാനും കൂടുതല്‍ ശക്തിപ്പെടുത്തുവാനുമുള്ള ഉറവിടമാണ് നമസ്കാരങ്ങള്‍. നമസ്കാരവും ദഅ് വ പ്രവര്‍ത്തനവും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. നമസ്കാരത്തോടെയാണ് ദഅ് വ പ്രവര്‍ത്തനം ആരംഭിക്കുന്നതും അവസാനിക്കുന്നതും. ദഅ് വ പ്രവര്‍ത്തനം നബി (സ) യില്‍ ഭരമേല്‍പിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തോട് തഹജ്ജുദ് നമസ്കാരം നിര്‍വഹിക്കാന്‍ ഉപദേശിക്കുകയുണ്ടായി. പ്രഭാതോദയത്തിന് മുമ്പ് പാതിരാവില്‍ നിര്‍വഹിക്കേണ്ട നമസ്കാരമാണല്ലോ അത്.

പകല്‍ മുഴുവന്‍ പ്രവാചകന്‍ തിരുമേനി പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നുവെന്ന് നമുക്കറിയാം. അതിനാല്‍ പ്രവാചകന് നിശാവേളയില്‍, രാത്രിയുടെ വലിയൊരു ഭാഗം, അര്‍ദ്ധ ഭാഗം, അതില്‍ ഏറിയൊ കുറഞ്ഞൊ, അല്ലാഹുവിനെ സ്മരിക്കേണ്ടതുണ്ടായിരുന്നു. അക്കാര്യം ഖുര്‍ആന്‍ വിവരിക്കുന്നത് ഇങ്ങനെ: പറയുക: നിശ്ചയാമായും എന്‍റെ നമസ്കാരവും ആരാധനാകര്‍മങ്ങളും ജീവിതവും മരണവുമെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാണ്.

മറ്റൊരു സ്ഥലത്ത് ഖുര്‍ആന്‍ പറയുന്നു: മൂടിപ്പുതച്ചവനേ, രാത്രിയില്‍ എഴുന്നേറ്റ് നമസ്കരിക്കുക – ഇത്തിരിനേരമൊഴികെ. അതായത് രാവിന്‍റെ പാതി. അല്ലെങ്കില്‍ അതില്‍ അല്‍പം വര്‍ധിപ്പിക്കുക. ഖുര്‍ആന്‍ നിര്‍ത്തി നിര്‍ത്തി സാവധാനം ഓതുക. നിനക്ക് നാം ഭാരിച്ച വചനം അവതരിപ്പിക്കുന്നതാണ്. രാത്രിയില്‍ ഉണര്‍ന്നെഴുന്നേറ്റുള്ള നമസ്കാരം ഏറെ ഹൃദയസാനിധ്യം ഉളവാക്കുന്നതാണ്. സംസാരം സത്യനിഷ്ഠമാക്കുന്നതും. പകല്‍ സമയത്ത് നിനക്ക് ദീര്‍ഘമായ ജോലിത്തിരക്കുണ്ടല്ലോ. നിന്‍റെ നാഥന്‍റെ നാമം സ്മരിക്കുക. മറ്റെല്ലാറ്റില്‍ നിന്നും വിട്ടൊഴിഞ്ഞ് അതില്‍ മാത്രം മുഴുകുക. ( അല്‍മുസ്സമ്മില്‍ 1 – 8 )

പ്രസംഗത്തിലൂടെയൊ ഗ്രന്ഥമെഴുത്തിലൂടെയൊ ഇസ്ലാമിനെ സംബന്ധിച്ച സെമിനാറിലൊ സിമ്പോസിയത്തിലൊ സംസാരിച്ചതിലൂടെ മാത്രമോ പ്രബോധനകര്‍ത്തവ്യത്തോട് നീതി പുലര്‍ത്തി എന്ന് പറയാനാവില്ല.

ദിവസം മുഴുവന്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നിമഗ്നാവുകയും അങ്ങനെ പരിക്ഷീണിതനാവുകയും ചെയ്ത ഒരു വ്യക്തിയോട് സ്വാഭാവികമായും രാത്രിയില്‍ വിശ്രമിക്കാനായിരുന്നു ഉപദേശിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇവിടെ ദീര്‍ഘനേരത്തെ നമസ്കാരത്തിനാണ് ആജ്ഞാപിച്ചിരിക്കുന്നത്. ഇതിനര്‍ത്ഥം പകല്‍ നിര്‍വഹിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വത്തിനുള്ള ഊര്‍ജ്ജം ലഭിക്കേണ്ടത് രാത്രിയിലെ നമസ്കാരത്തില്‍നിന്നാണ് എന്നാണ്.

23 വര്‍ഷത്തെ അക്ഷീണ പരിശ്രമങ്ങള്‍ക്ക് ശേഷം ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടപ്പോള്‍, ഖുറൈശി ഗോത്രത്തെ പരാജയപ്പെടുത്തിയപ്പോള്‍, മക്ക വിജയത്തിലൂടെ അല്ലാഹുവിന്‍റെ ഭവനം അവന്‍റെ അടിമകള്‍ക്ക് കീഴിലായപ്പോള്‍ പോലും, അല്ലാഹുവിനെ കുമ്പിടുവാനും അവനെ വാഴ്താനുമാണ് കല്‍പ്പിച്ചത് എന്ന് ഖുര്‍ആനില്‍ കാണാം: അല്ലാഹുവിന്‍റെ സഹായവും വിജയവും വന്നത്തെിയാല്‍; ജനം കൂട്ടംകൂട്ടമായി ദൈവിക മതത്തില്‍ കടന്ന് വരുന്നത് നീ കാണുകയും ചെയതാല്‍; നീ നിന്‍റെ നാഥനെ വാഴ്ത്തുകയും കീര്‍ത്തിക്കുകയും ചെയ്യുക. അവനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ പാശ്ചാതാപം ധാരാളമായി സ്വീകരിക്കുന്നവനാണ്. ( അന്നസ്ര്‍ 1 – 3 )

ഇതെല്ലാം സൂചിപ്പിക്കുന്നത് നമസ്കാരം ആദ്യാന്തം ദഅ് വയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. നമസ്കാരമില്ലാതെ ദാഅ് വ കര്‍ത്തവ്യം നിര്‍വഹിക്കാനൊ, ദാഅ് വ പ്രവര്‍ത്തനമില്ലാതെ നമസ്കാരം നിര്‍വഹിക്കാനൊ അന്ത്യനാള്‍ വരേയും സാധ്യമല്ല. വായുവും വെള്ളവും ഇല്ലാതെ ജീവിക്കാന്‍ കഴിയാത്തത് പോലെ നമസ്കാരമില്ലാതെ ദഅ് വ നിലനില്‍ക്കുകയൊ പുരോഗതി പ്രാപിക്കുകയോ ചെയ്യുകയില്ല എന്നത് ഒട്ടും സംശയമില്ലാത്ത കാര്യമാണ്.
( തുടരും )

വിവ: ഇബ്റാഹീം ശംനാട്

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles