Faith

അപവാദങ്ങൾ പ്രചരിപ്പിക്കുന്നതിനോടുള്ള ഇസ് ലാമിന്റെ സമീപനം

ആഗോള തലത്തിൽ പൊതുവായും ഇസ്ലാമിക സമൂഹത്തെ സംബന്ധിച്ചെടുത്തോളം പ്രത്യേകിച്ചും ശത്രുക്കൾ പ്രയോഗിക്കുന്ന തീവ്രവും മാരകവുമായ യുദ്ധമുറകളിലൊന്നാണ് അപവാദങ്ങൾ. സമൂഹങ്ങളെയും മതങ്ങളെയും പരസ്പരം ഭിന്നിപ്പിക്കാനും ശത്രുതയിലാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ശത്രുക്കൾ അപവാദങ്ങൾ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയകൾ സജീവമായതോടെ അത് പതിന്മടങ്ങ് ശക്തിയാർജ്ജിക്കുകയും ചെയ്തിട്ടുണ്ട്. അഭ്യൂഹ പ്രചരണങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തിയെ ഒരിക്കലും പിടിക്കാൻ കഴിയില്ലെന്ന ധാരണയാണ് സോഷ്യൽ മീഡിയകളിൽ ഇതിത്ര ലാഘവത്തോടെ തുടർന്ന് കൊണ്ടിരിക്കാൻ പലർക്കും പ്രേരണയാകുന്നത്.

ഇത്തരം അപവാദങ്ങളില്‍ നിന്ന് സമൂഹത്തെയും  വ്യക്തിയെയും സംരക്ഷിക്കാന്‍ വ്യവസ്ഥാപിതമായ ശാസ്ത്രീയ രീതി ഖുര്‍ആനും തിരുചര്യയും നമുക്ക് വ്യക്തമാക്കി തന്നിട്ടുണ്ട്. ഈ രീതിശാസ്ത്രത്തെ നമുക്ക് രണ്ടായി തിരിക്കാം. ഒന്ന്, അഭ്യൂഹങ്ങള്‍ ഉണ്ടാകാന്‍ കാരണമാവുന്ന അന്തരീക്ഷം തന്നെ സൃഷ്ടിക്കാതിരിക്കുക. രണ്ടാമത്തേത്, അഭ്യൂഹങ്ങളുടെ ആവിര്‍ഭാവത്തെ തടുത്ത് നിര്‍ത്താന്‍ കഴിയാതെ വന്നാല്‍ അതിന്‍റെ ആദ്യ ചുവടുകളില്‍ തന്നെ അതിനെ ഇല്ലായ്മ ചെയ്യാനുള്ള ശക്തമായ നടപടികള്‍ കൈകൊള്ളുക.

അപവാദങ്ങളെ തടഞ്ഞു നിര്‍ത്താനുള്ള നടപടികളില്‍ ഇസ്ലാം സ്വീകരിച്ച മാര്‍ഗങ്ങള്‍:

1) കള്ളം പറച്ചില്‍ നിഷിദ്ധമാക്കുക: എല്ലാ കിംവകന്തികളുടെയും ഉള്ളടക്കം വ്യാജ പ്രചരണവും കള്ളക്കഥകള്‍ സൃഷ്ടിക്കലുമാണ്. അല്ലാഹു പറയുന്നു: “സത്യനിഷേധിയായ ഒരു നുണയന്‌ അല്ലാഹു സന്മാർഗം നല്‍കില്ല” (സുമര്‍: 2). നബി (സ) അരുളി: നിന്‍റെ കൂട്ടുകാരന്‍ നിന്നെ വിശ്വസിച്ച ഒരു കാര്യത്തില്‍ നീ അവനോട് കള്ളം പറയുന്നത് വലിയ വഞ്ചനതന്നെയാണ്. (അബൂദാവൂദ്- 4971)

2) പരദൂഷണം നിഷിദ്ധമാക്കുക:  സഹോദരന്‍റെ അഭാവത്തില്‍ അവന് കേട്ടാല്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത കാര്യങ്ങളെ കുറിച്ച് പറയാതിരിക്കുക. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഇതിനും വലിയ പങ്കുണ്ട്. അല്ലാഹു പറയുന്നു: “നിങ്ങളില്‍ ചിലര്‍ മറ്റു ചിലരെ കുറിച്ച് പരദൂഷണം പറയരുത്. നിങ്ങളില്‍ ആരെങ്കിലും സ്വന്തം സഹോദരന്‍റെ ചത്ത ശരീരത്തിലെ മാംസം കഴിക്കാന്‍ ഇഷ്ടപ്പെടുമോ? തീര്‍ച്ചയായും നിങ്ങളത് വെറുക്കും. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, അവന്‍ കാരുണ്യവാനും പാപമോചനം നല്‍കുന്നവനുമാണ്” (ഹുജറാത്ത്: 12).

Also read: വീട്ടിലിരിക്കുമ്പോള്‍ സമയം ഉപയോഗപ്പെടുത്താനുള്ള 10 വഴികള്‍

3) കൃത്യതയും വ്യക്തതയുമില്ലാതെ ഒരു കാര്യത്തെ കുറിച്ചും സംസാരിക്കരുത്: അഭ്യൂഹങ്ങളെ ജീവനോടെ നിലനിര്‍ത്തുന്നത് ഭാവനകളും വിചാരങ്ങളുമാണ്. അതിനാല്‍ തന്നെ തനിക്ക് ലഭിക്കുന്ന അറിവുകളും വാര്‍ത്തകളും ശരിതന്നെയാണോ എന്ന് ഒരായിരം തവണ ഉറപ്പിക്കാന്‍ ഓരോ മുസ്ലിമും ബാധ്യസ്ഥനാണ്. അല്ലാഹു പറയുന്നു: “സത്യ വിശ്വാസികളെ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെ കുറിച്ച് വ്യക്തമായി അന്വേഷിക്കണം. അറിയാതെ ഏതെങ്കിലും ജനതക്ക് നിങ്ങൾ ആപത്ത് വരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായി തീരാതിരിക്കുകയും ചെയ്യട്ടെ” (ഹുജറാത്ത്‌: 6).

4) അഭ്യൂഹങ്ങള്‍ ഒളിച്ച് വെക്കുകയും അതിനെക്കുറിച്ച് നിശബ്ദത പാലിക്കുകയും ചെയ്യുക: കേള്‍ക്കുന്ന അപവാദങ്ങളെല്ലാം മറ്റുള്ളവരോട് കൂടി പറയാതെ മിണ്ടാതിരിക്കുക. കാരണം, ആ നിശബ്ദത ചിലപ്പോള്‍ ആ അഭ്യൂഹത്തെ തന്നെ മരിപ്പിച്ച് കളഞ്ഞേക്കാം. അല്ലാഹു പറയുന്നു: “നിങ്ങള്‍ അത് കേട്ട സന്ദര്‍ഭത്തില്‍, ഞങ്ങൾക്ക് ഇതിനെക്കുറിച്ച് സംസാരിക്കാന്‍ അനുവാദമില്ല, അല്ലാഹുവേ, നീ എത്ര പരിശുദ്ധന്‍. ഇത് ഭയങ്കരമായ ഒരു അപവാദം തന്നെയാകുന്നു എന്ന് നിങ്ങള്‍ എന്ത് കൊണ്ട് പറഞ്ഞില്ല” (നൂര്‍: 16).

5) മോശത്തരങ്ങള്‍ ഷെയര്‍ ചെയ്യുന്നത് അവസാനിപ്പിക്കുക: അതേത് രീതിയിലുള്ളതാണെങ്കിലും. കാരണം, അത് വലിയ വിപത്തിലേക്കാണ് മനുഷ്യനെ കൊണ്ടെത്തിക്കുക. സമകാലിക സാഹചര്യത്തിൽ അത് ഷേയറു ചെയ്തവനും ചെയ്യപ്പെട്ടവനും ദോഷകരമായി ബാധിക്കും. ഒരു മുസ്ലിമിന്‍റെ ന്യൂനത മറച്ച് പിടിച്ചാല്‍ അല്ലാഹു അവന്‍റെ ന്യൂനത ദുനിയാവിലും ആഖിറത്തിലും മറച്ച് വെക്കും. (ഇബ്നു അബീ ശൈബ)

Also read: അമേരിക്കൻ അധിനിവേശം; മുറിവ് ഉണങ്ങാതെ ഇറാഖ്

6) കേള്‍ക്കുന്ന കാര്യങ്ങളെ കുറിച്ച് വിമര്‍ശന ബുദ്ധിയോടെ ചിന്തിക്കുക: കേട്ടതെല്ലാം സത്യമാകണമെന്നില്ല. കേട്ടകാര്യങ്ങളുടെ സത്യാവസ്ഥ അന്വേഷിക്കാന്‍ അല്ലാഹു നമ്മോട് കല്‍പിക്കുന്നുണ്ട്: “സത്യ വിശ്വാസികളെ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെ കുറിച്ച് വ്യക്തമായി അന്വേഷിക്കണം. അറിയാതെ ഏതെങ്കിലും ജനതക്ക് നിങ്ങൾ ആപത്ത് വരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായി തീരാതിരിക്കുകയും ചെയ്യട്ടെ” (ഹുജറാത്ത്: 6).

അങ്ങനെ വ്യക്തമായി അന്വേഷിക്കാത്തത് കൊണ്ടാണ് ആയിശ ബീവിയുടെ മേല്‍ ആരോപണം വന്നത്. അബൂ അയ്യൂബുല്‍ അന്‍സ്വാരി(റ) തന്‍റെ ഭാര്യയോട് ചോദിച്ചു: ആയിശയുടെ സ്ഥാനത്ത് നീയായിരുന്നെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നോ? ഭാര്യ പറഞ്ഞു: അല്ലാഹുവാണേ, ഞാനൊരിക്കലും അത്തരം പ്രവര്‍ത്തികള്‍ ചെയ്യില്ല. അപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്നാൽ ആയിശ നിന്നേക്കാള്‍ മഹോന്നതയാണ്. മഹതി ഒരിക്കലും തന്നെ അത് ചെയ്യില്ല. (ഇസ്ഹാഖ് ബ്നു റാഹവൈഹി)

അബൂ അയ്യൂബുല്‍ അന്‍സ്വാരിയും ഭാര്യയും അവര്‍ കേട്ട അപവാദത്തെ കുറിച്ച് വിചിന്തനം നടത്താന്‍ തയ്യാറായി. അതിന്‍റെ ശരിയായ രീതിയില്‍ അതിനെ ഉള്‍കൊണ്ടു. ആയിശ ബീവിയുടെ സ്വഭാവവും ചര്യയും ഒരിക്കലും മോശത്തരത്തിന് പ്രേരിപ്പിക്കില്ലെന്ന് അവര്‍ മനസ്സിലാക്കി. അതുപോലെ തന്നെ സ്വഫ്വാനു ബ്നു മുഅത്തലിന്‍റെ സ്വഭാവവും ജീവിത വിശുദ്ധിയും മോശത്തരത്തിന് മുതിരാന്‍ അദ്ദേഹത്തിന് തെല്ലും ധൈര്യം നല്‍കില്ല. അതിനാലാണ് അവരുടെ കാര്യത്തില്‍ വിശുദ്ധ സൂക്തങ്ങള്‍ തന്നെ അവതീര്‍ണ്ണമായത്.

7) എല്ലാവരെ കുറിച്ചും നല്ല അഭിപ്രായം മാത്രം മനസ്സില്‍ കൊണ്ട് നടക്കുക: അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, ഊഹത്തില്‍ നിന്ന് മിക്കതും നിങ്ങള്‍ വെടിയുക, തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയുമരുത്. നിങ്ങളില്‍ ചിലര്‍ മറ്റു ചിലരെ കുറിച്ച് പരദൂഷണം പറയുകയും ചെയ്യരുത്. തന്‍റെ സഹോദരന്‍ മരിച്ച് കിടക്കുമ്പോള്‍ അവന്‍റെ ശരീരം ഭക്ഷിക്കാന്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ? അത് നിങ്ങള്‍ വെറുക്കുകയാണ് ചെയ്യുന്നത്. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുക, തീര്‍ച്ചയായും അവന്‍ കാരുണ്യവാനും പശ്ചാത്താപം സ്വീകരിക്കുന്നവനുമാണ്” (ഹുജറാത്ത്‌:12). അഥവാ ബാഹ്യമായി ഒരാളെ കുറിച്ച് നിങ്ങള്‍ക്ക് നല്ലത് തോന്നുന്നുവെങ്കില്‍ ഒരിക്കലും അയാളെ കുറിച്ച് മോശമായതൊന്നും ചിന്തിച്ച് പോകരുത്. നിങ്ങള്‍ നല്ലവനെന്ന് വിചാരിക്കുന്ന ഒരു വ്യക്തിയെ കുറിച്ച് മോശമായത് കേള്‍ക്കാനിടയായാല്‍ അയാളെ കുറിച്ച് നല്ല ചിന്തമാത്രം മനസ്സില്‍ വെക്കുക. നന്മയുടെ ഭാഗത്തല്ലാതെ അയാളെ തിന്മയുടെ അരികിലേക്ക് പോലും കൊണ്ട് പോകരുത്. സ്വന്തം നാവുകൊണ്ട് അഭ്യൂഹങ്ങളും അപവാദങ്ങളും പറഞ്ഞ് പരത്തുന്നവനെ അല്ലാഹു ആക്ഷേപിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: “നിങ്ങള്‍ അത് കേട്ട സമയത്ത്, സത്യവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും തങ്ങളുടെ സ്വന്തം ആളുകളെപ്പറ്റി എന്ത് കൊണ്ട് നല്ലത് വിചാരിക്കുകയും ഇത് വ്യക്തമായ നുണ തന്നെയാണെന്ന് പറയുകയും ചെയ്തില്ല” (നൂര്‍:12).

അബൂ അയ്യൂബുല്‍ അന്‍സ്വാരിയും ഭാര്യയും ആയിശാ ബീവിയെ കുറിച്ച് നല്ല ചിന്ത മാത്രമാണ് മനസ്സില്‍ കൊണ്ട് നടന്നത്. ആയിശ ബീവി നന്മയല്ലാതൊന്നും ചെയ്തിട്ടില്ലെന്ന് അവര്‍ക്ക് വ്യക്തമായി അറിയാവുന്നതായിരുന്നു കാരണം. അത്തരത്തിലായിരിക്കണം നമ്മുടെയും ചിന്തകൾ. എല്ലാവരെക്കുറിച്ചും നല്ലത് മാത്രം ചിന്തിക്കുക. എല്ലാവരോടും നല്ലത് മാത്രം പറയുക. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

വിവ.അഹ്‌സൻ പുല്ലൂർ

Facebook Comments
Related Articles
Close
Close