Current Date

Search
Close this search box.
Search
Close this search box.

മതവും രാഷ്ട്രവും ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ സംസ്‌കാരമാണ് ഇസ്‌ലാം

ബാഹ്യപ്രവര്‍ത്തന രൂപവും ആധുനിക രാഷ്ട്രീയ മാനദണ്ഡങ്ങളുമായും തട്ടിച്ചു നോക്കുമ്പോള്‍ പ്രവാചകന്‍(സ)യും വിശ്വാസികളും മദീനയില്‍ സ്ഥാപിച്ച ഭരണസംവിധാനത്തെ എല്ലാ അര്‍ത്ഥത്തിലുമുള്ള രാഷ്ട്രീയ വ്യവസ്ഥയെന്ന് വിശേഷിപ്പിക്കാനാവും. എന്നാല്‍ അതേസമയം അതിന്റെ ലക്ഷ്യങ്ങളും പ്രചോദനങ്ങളും ഊന്നലുകളും പരിഗണിക്കുമ്പോള്‍ അതിനെ മതവ്യവസ്ഥയെന്നും വിശേഷിപ്പിക്കാം. ഇസ്‌ലാം ഭൗതികതയെയും ആത്മീയതയെയും സമന്വയിപ്പിക്കുന്ന സമ്പൂര്‍ണ വ്യവസ്ഥയായതിനാലാണത്. മനുഷ്യന്റെ ഐഹികവും പാരത്രികവുമായ പ്രവര്‍ത്തനങ്ങള്‍ അത് കൈകാര്യം ചെയ്യുന്നു. എന്നതിനപ്പുറം അവ രണ്ടിനെയും കൂട്ടിയിണക്കുന്ന തത്വശാസ്ത്രമാണത്. അവ രണ്ടിനെയും വേര്‍തിരിച്ച് നിര്‍ത്തുന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല.

പരസ്പരം വേര്‍പ്പെടുത്തല്‍ സങ്കല്‍പിക്കാന്‍ പോലും സാധിക്കാത്ത വിധം പരസ്പര ബന്ധിതമായ ഒരൊറ്റ ഘടകമാണതെന്നാണ് പ്രമുഖ ഈജിപ്ഷ്യന്‍ ചരിത്ര പണ്ഡിതനായ ഡോ. മുഹമ്മദ് സിയാഉദ്ദീന്‍ റഈസ് പറയുന്നത്. തെളിവ് ആവശ്യമില്ലാത്ത വിധം വ്യക്തമായ യാഥാര്‍ഥ്യമാണത്. ചരിത്രവും മുന്‍കഴിഞ്ഞ കാലഘട്ടങ്ങളിലെ മുസ്‌ലിംകളുടെ ആദര്‍ശവും അതിനെ ശക്തിപ്പെടുത്തുന്നു. ഇസ്‌ലാമിക ചുറ്റുപാടുമായി അടുത്ത ബന്ധമില്ലാതിരിന്നിട്ടും കൂടി ഓറിയന്റലിസ്റ്റുകളത് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം പരിഷ്‌കരണ വാദികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു കൂട്ടം മുസ്‌ലിംകള്‍ ഈ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോടുന്നതും കാണാം. ഇസ്‌ലാമെന്നാല്‍ കേവലം മതപ്രബോധന പ്രവര്‍ത്തനം മാത്രമാണെന്നാണവരുടെ വാദം. മന്‍സൂറയിലെ മുന്‍ ശരീഅ കോടതി ജഡ്ജിയും മന്ത്രിയുമായിരുന്ന അലി അബ്ദുറസാഖ് അതിന്നൊരു ഉദാഹരണമാണ്. 1925ല്‍ പ്രസിദ്ധീകരിച്ച ‘ഇസ്‌ലാമും അധികാരത്തിന്റെ അടിസ്ഥാനവും’ (അല്‍ഇസ്‌ലാമു വ ഉസൂലുല്‍ ഹുക്മ്) എന്ന പുസ്തകത്തിലത് വ്യക്തമാക്കുന്നുണ്ട്. മതം വേറെ രാഷ്ട്രം വേറെ ഇന്നാണ് ഇത്തരം പരിഷ്‌കരണവാദികള്‍ പറയുന്നത്.

ഓറിയന്റലിസ്റ്റുകളുടെ അഭിപ്രായങ്ങള്‍
ഇസ്‌ലാമിന് രാഷ്ട്രീയവുമായുള്ള ബന്ധവും മതവും രാഷ്ട്രവും തമ്മിലുള്ള ബന്ധവും വ്യക്തമാക്കുന്ന ഏതാനും ഓറിയന്റലിസ്റ്റ് പണ്ഡിതന്‍മാരുടെ വാക്കുകളാണിവിടെ നല്‍കുന്നത്. ഗവേഷണ പഠന രംഗങ്ങളില്‍ തങ്ങളുടെ കഴിവ് തെളിയിച്ചവരാണവര്‍.
1 – ഡോ. സ്‌കോട്ട് ഫിറ്റ്‌സ്‌ജെറാള്‍ഡ് പറയുന്നു: ഇസ്‌ലാം കേവലം ഒരു മതമല്ല, മറിച്ച് അതൊരു രാഷ്ട്രീയ വ്യവസ്ഥ കൂടിയാണ്. എങ്കിലും അവ രണ്ടിനെയും വേര്‍പ്പെടുത്താന്‍ ശ്രമിക്കുന്ന സ്വയം ആധുനികരെന്ന് വിശേഷിപ്പിക്കുന്ന ചില മുസ്‌ലിംകള്‍ രംഗത്ത് വന്നിട്ടുണ്ട്. പരസ്പര പൂരകങ്ങളായ ആ രണ്ട് അടിസ്ഥാനങ്ങളുടെ മേലാണ് ഇസ്‌ലാമിക ദര്‍ശനം രൂപപ്പെടുത്തപ്പെട്ടിരിക്കുന്നത്. അവയിലൊന്നിനെ മറ്റേതെല്‍ നിന്ന് വേര്‍പ്പെടുത്താനാവില്ല.
2. പ്രൊഫ. കാര്‍ലോ അല്‍ഫോണ്‍സോ നല്ലിനോ പറയുന്നു: മുഹമ്മദ് ഒരേ സമയം മതവും രാഷ്ട്രവുമാണ് സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവന്‍ അവയുടെ അതിരുകള്‍ പരസ്പരം ചേര്‍ന്നു നില്‍ക്കുന്നു.
3. ഡോ. ജോസഫ് ഷാഖ്ത് പറയുന്നു: ഇസ്‌ലാം കേവലം മതത്തിലുപരിയായതാണ്. നിയമപരവും രാഷ്ട്രീയവുമായ കാഴ്ച്ചപ്പാടുകളെയത് പ്രതിനിധീകരിക്കുന്നു. ചുരുക്കത്തില്‍ മതത്തെയും രാഷ്ട്രത്തെയും ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ വ്യവസ്ഥയാണത്.
4. പ്രൊഫ. സ്‌ട്രോത്മാന്‍ പറയുന്നു: ഇസ്‌ലാമെന്നത് മത രാഷ്ട്ര സംവിധാനമാണ്.അതിന്റെ സ്ഥാപകനായ നബി യുക്തിജ്ഞനായ ഒരു രാഷ്ട്രീയക്കാരനായിരുന്നു അഥവാ ഒരു രാഷ്ട്രനേതാവായിരുന്നു.
5. പ്രൊഫ. മക്‌ഡോണാള്‍ഡ് പറയുന്നു: ഇവിടെ (മദീനയില്‍) ആദ്യ ഇസ്‌ലാമിക രാഷ്ട്രം രൂപീകരിക്കപ്പെട്ടത്. ഇസ്‌ലാമിക നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണത് രൂപീകരിക്കപ്പെട്ടത്.
6. സര്‍ തോമസ് ആര്‍ണോള്‍ഡ് പറയുന്നു: നബി ഒരേ സമയം മത നേതാവും രാഷ്ട്രീയ നേതാവുമായിരുന്നു.

രാഷ്ട്രീയാധികാര സമൂഹം
മേല്‍പറഞ്ഞതിനെ ശക്തിപ്പെടുത്തുന്നതാണ് ചരിത്ര സംഭവങ്ങള്‍. ഇസ്‌ലാമിക പ്രബോധനത്തിന്റെ രംഗപ്രവേശനത്തോടൊപ്പം മറ്റുള്ളവയില്‍ നിന്ന് ഭിന്നമായ സ്വതന്ത്ര അസ്ഥിത്വമുള്ള സമൂഹം രൂപപ്പെട്ടു. ഒരൊറ്റ നിയമമാണത് അംഗീകരിക്കുന്നത്. ഒരു വ്യവസ്ഥക്കനുസൃതമായിട്ടാണത് ജീവിതം നയിക്കുന്നത്. പൊതുവായ ലക്ഷ്യങ്ങളാണ് അതിലെ അംഗങ്ങള്‍ക്കുള്ളത്. അതിലെ അംഗങ്ങള്‍ക്കിടയില്‍ ലിംഗത്തിന്റെയും ഭാഷയുടെയും മതത്തിന്റെയും ഐക്യബോധത്തിന്റെയും ശക്തമായ കണ്ണികളുണ്ട്. ഈ ഘടകങ്ങളെല്ലാം ഒത്തുചേര്‍ന്ന സമൂഹത്തെയാണ് രാഷ്ട്രമെന്ന് വിളിക്കുന്നത്. അല്ലെങ്കില്‍ രാഷ്ട്രീയമെന്ന് വിളിക്കുന്നത്.

ഈ സമൂഹം അതിന്റെ പ്രായോഗിക ജീവിതം ആരംഭിക്കുകയും അതിന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനും അതിന്റെ തത്വങ്ങള്‍ പ്രയോഗവല്‍കരണവും ആരംഭിച്ചു. സ്വാതന്ത്ര്യവും പരമാധികാരവും പൂര്‍ത്തീകരിച്ചപ്പോള്‍ പുതിയ ഘടകങ്ങള്‍ അവക്കൊപ്പം ചേര്‍ക്കുകയും ചെയ്തു. അതിനൊരും ആസ്ഥാനമുണ്ടാവുകയും രണ്ട് അഖ്ബാ ഉടമ്പടികള്‍ക്ക് ശേഷം ഇസ്‌ലാമിക രാഷ്ട്രം പിറവിയെടുക്കുകയും ചെയ്തു. റൂസോയെ പോലുള്ളവര്‍ ഭാവനയെന്ന് വിശേഷിപ്പിക്കുന്ന സാമൂഹ്യ ഉടമ്പടികളില്‍ നിന്ന് തീര്‍ത്തും ഭിന്നമായ രണ്ട് ചരിത്ര ഉടമ്പടികളായിട്ടാണ് അഖബ ഉടമ്പടികള്‍ കണക്കാക്കപ്പെടുന്നത്. ആ രണ്ട് ഉടമ്പടികളും യാഥാര്‍ഥ്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഉന്നതമായ സന്ദേശത്തിന്റെ സാക്ഷാല്‍കാരത്തിനായി മനുഷ്യ ഇച്ഛക്കും പക്വമായ ചിന്തക്കും ഇടയിലുണ്ടായ ഉടമ്പടിയാണത്. ഇസ്‌ലാമിക രാഷ്ട്രം പകല്‍വെളിച്ചത്തില്‍ ജന്മം കൊള്ളുകയും നീതിനടപ്പാക്കല്‍, പ്രതിരോധം, വിദ്യാഭാസം, നികുതി, കരാറുകള്‍ തുടങ്ങിയ അതിന്റെ രാഷ്ട്രീയ ദൗത്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തു. ഇതൊന്നും ആര്‍ക്കും നിഷേധിക്കാനാവില്ല.

ഇജ്തിഹാദിനുള്ള അവകാശം
രാഷ്ട്രം പിറക്കുകയും അതിന് ദൗത്യങ്ങളുണ്ടാവുകയും അവ നിര്‍വഹിക്കപ്പെടുകയും ചെയ്തപ്പോള്‍ രാഷ്ട്രീയ വീക്ഷണങ്ങളും ചിന്തകളും ഉയര്‍ന്നു വരികയും ചെയ്തു. വ്യക്തികള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കുന്നതിനുള്ള ചിന്താ സ്വാതന്ത്ര്യം ഇസ്‌ലാം ഉറപ്പുനല്‍കി. ആ ഗവേഷണ ഫലങ്ങളെ സ്വീകരിക്കാനുള്ള അനുവാദവും നല്‍കി. ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ ‘ഇജ്തിഹാദ്’ എന്നാണതിന് പേര്‍ നല്‍കിയിരിക്കുന്നത്. ഇസ്‌ലാമിന്റെ മാത്രം സവിശേഷതയാണിത്. രാഷ്ട്രീയ രംഗത്തും ഇതരം മേഖലകളിലും നവ ആശയങ്ങളും കാഴ്ച്ചപ്പാടുകളും രൂപപ്പെടുത്തുന്നതിന് ഇത് ഏറെ സഹായിച്ചിട്ടുണ്ട്.

സഖീഫയിലെ സമ്മേളനം
പ്രവാചകന്‍(സ)യുടെ മരണ ശേഷം മുസ്‌ലിംകള്‍ രാഷ്ട്രീയാധികാരം അനന്തരമെടുത്തു. അവരിലെ ഓരോ വ്യക്തിക്കും അതിനെ കുറിച്ച് ചിന്തിക്കാനും അന്വേഷിക്കാനും സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരുന്നു. അതില്‍ നിന്ന് അവരെ തടയുന്ന വ്യവസ്ഥകളൊന്നും ഉണ്ടായിരുന്നില്ല. ദേശീയ സമ്മേളനത്തിന് സമാനമായ ഒന്നായിരുന്നു ബനീസഖീഫയില്‍ നടന്ന അന്നത്തെ ആ സമ്മേളനം. സമൂഹത്തിന്റ ഭാവി കാര്യങ്ങളെയും ഭരണഘടനയെയും കുറിച്ചാണതില്‍ ചര്‍ച്ച ചെയ്തത്. ആ സമ്മേളനത്തിന്റെ ഏറ്റവും വലിയ ഫലമാണ് ഇരുപതാം നൂറ്റാണ്ട് വരെ നിലകൊണ്ട ഖിലാഫത്ത് വ്യവസ്ഥ. പ്രസ്തുത സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ പ്രധാന കാഴ്ച്ചപ്പാടുകള്‍ കൂടി നമുക്ക് പരിശോധിക്കാം:
ഒന്ന്) ഖിലാഫത്തിന് തങ്ങളാണ് അര്‍ഹരെന്ന അന്‍സാറുകളുടെ വാദം. തങ്ങള്‍ സമ്പത്തും ജീവനും നല്‍കി ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും അഭയം നല്‍കുകയും സഹായിക്കുകയും ചെയ്തവരും തദ്ദേശീയരുമാണെന്നതായിരുന്നു അവര്‍ക്കതിനുള്ള ന്യായം.
രണ്ട്) മുഹാജിറുകളുടെ അവകാശമാണ് രണ്ടാമത്തേത്. ആദ്യമായി അല്ലാഹുവിന് വഴിപ്പെട്ടവരും പ്രവാചകന്റെ ഉറ്റവരും ബന്ധുക്കളും തങ്ങളാണെന്നും, അദ്ദേഹത്തിനൊപ്പം പീഡനങ്ങളും പ്രയാസങ്ങളും സഹിച്ചവരാണെന്നും അതുകൊണ്ട് ഖിലാഫത്തിന് ഏറ്റവും അര്‍ഹര്‍ തങ്ങളാണ്. മാത്രമല്ല, ‘നേതാക്കള്‍ ഖുറൈശികളില്‍ നിന്നാണ്’ എന്ന വചനവും അവര്‍ ഉയര്‍ത്തിപ്പിടിച്ചു.
മൂന്ന്) അധികാരം പങ്കിട്ടെടുക്കുക എന്ന അഭിപ്രായമാണ് ഹബാബ് ബിന്‍ മുന്‍ദിര്‍ മുന്നോട്ടു വെച്ചത്.
എന്നാല്‍ അവിടെ സമ്മേളിച്ചവര്‍ അവസാനം നിര്‍ണായകമായൊരു തീരുമാനത്തിലെത്തുകയാണ് ചെയ്തത്. ബൈഅത്തിലൂടെ നേതാവിനെ തെരെഞ്ഞെടുക്കുന്ന രീതിയായിരുന്നു അതായത് തെരെഞ്ഞെടുപ്പ് പ്രക്രിയ. അധികാരം അനന്തരമെടുക്കുന്ന രീതി അവര്‍ വേണ്ടെന്നു വെച്ചു.

മൊഴിമാറ്റം: അബൂഅയാശ്‌

Related Articles