Current Date

Search
Close this search box.
Search
Close this search box.

സ്ത്രീയുടെ സൃഷ്ടിപ്പ് ആദമിൻ്റെ വാരിയെല്ലിൽ നിന്നോ ?

സൃഷ്ടിപ്പിൻ്റെ ആരംഭവുമായി ബന്ധപ്പെട്ട് വ്യത്യസ്ത കാഴ്‌ച്ചപ്പാടുകളുള്ളവർ തമ്മിൽ ധാരാളം ചർച്ചകളും ധൈഷണിക സംവാദങ്ങളും നടക്കാറുണ്ട്. ആദ്യ മനുഷ്യൻ ആദം നബിയുടെ സൃഷ്ടിപ്പ് എങ്ങനെ ? സൃഷ്ടിപ്പിൻ്റെ കഥയുടെയും ആദം നബിയുടെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് വന്ന ഖുർആനിക സൂക്തങ്ങളുടെയും നബി വചനങ്ങളുടെയും യാഥാർത്ഥ്യം എന്ത് എന്നിങ്ങനെ പോവുന്നു അവ.

കൂടുതൽ തർക്കങ്ങളും നടക്കുന്നത് സൃഷ്ടിപ്പിൻ്റെ സത്തയെയും പ്രകൃതത്തെയും കുറിച്ചാണ്. ഹവ്വ ബീവിയെ ആദം നബിയുടെ വാരിയെല്ലിൽ നിന്നാണ് സൃഷ്ടിച്ചതെന്നും ഇത് ഹവ്വ ബീവിയെ മൂല്യമില്ലാത്തവളായും സ്ത്രീ സമൂഹത്തെ തന്നെ മുഴുവനായും തരം താഴ്ത്തുകയുമാണ് ചെയ്യുന്നതെന്ന് ഇസ്ലാമിനെതിരെ വിമർശനമുന്നയിക്കുന്നവർ പറയുന്നു. ഈ വാദം ശരിയാണോ ? അതിൻ്റെ അടിസ്ഥാനമെന്ത് ?

സൃഷ്ടിപ്പുമായി ബന്ധപ്പെട്ട വിഷയം വിശദീകരിക്കുവാൻ ഖുർആനിനെയാണ് അവലംബമാക്കുന്നത് കാരണം ഹവ്വാ ബീവിയെ പറ്റിയുള്ള കഥകൾ ആധികാരികമായി നമുക്ക് ലഭിക്കുന്നത് വിശുദ്ധഖുർആനിൽ നിന്നാണ് അല്ലാഹു ആദം നബിയോട് പറയുകയുണ്ടായി “ആദമേ, നീയും നിന്‍റെ ഇണയും കൂടി ഈ തോട്ടത്തില്‍ താമസിച്ചു കൊള്ളുക ” ഇതിലൂടെ ഹവ്വയെ തൻ്റെ ഇണയായിട്ടാണ് നാഥൻ സൃഷ്ടിച്ചത് എന്ന് ആദം നബി മനസ്സിലാക്കിയിരുന്നു. സ്വർഗ്ഗത്തിൽ മറ്റൊരു സ്ത്രീ ഉണ്ടായിരുന്നില്ല, മലക്കുകളായിരുന്നു അവിടെ ഉണ്ടായിരുന്നത്, അവർക്ക് സ്ത്രീ പുരുഷ വിശേഷണങ്ങളുണ്ടായിരുന്നില്ല. അതോടൊപ്പമുണ്ടായിരുന്ന മറ്റൊരാൾ ജിന്നായ ഇബ് ലീസ് ആയിരുന്നു. ഈ സൂക്തത്തിൽ ആദം നബിയോടുള്ള സംസാരത്തിൽ അല്ലാഹു ഹവ്വാ ബീവിയെ ചേർത്തുവെച്ചു, ലോകത്തുള്ള മനുഷ്യസമൂഹത്തിൻ്റെ മുഴുവൻ ഉമ്മ ആയത് കൊണ്ടാണ് ഹവ്വാ ബീവിക്ക് ആ പേര് വന്നത്.

സൂറത്തുന്നിസാഅ് ഒന്നാം സൂക്തത്തിൽ മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെ സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍ എന്ന് പറയുക വഴി മനുഷ്യരെല്ലാം ഇവരുടെ സന്താനങ്ങളാണെന്ന് വ്യക്തമാക്കുന്നു.

ശൈഖ് മുതവല്ലി ശഅ്റാവിയുടെ അഭിപ്രായത്തിൽ “അതിൽ നിന്ന് ഇണയെ സൃഷ്ടിച്ചു ” എന്ന പ്രയോഗത്തിലെ സൃഷ്ടിപ്പ് എന്ന പദം അതേ പദാർത്ഥത്തിൽ നിന്ന് അൽപമെടുത്ത് കൊണ്ട് അവനുദ്ദേശിക്കുന്ന കാര്യമുണ്ടാക്കുന്നതിനെ കുറിക്കുന്നു, പ്രപഞ്ചനാഥൻ്റെ അധികാരത്തിൽ പ്പെട്ടതാണത്. “അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും ” എന്ന പ്രയോഗം കൊണ്ട് ഇവിടെ അർത്ഥമാക്കുന്നത് പുതിയ ഒന്നിനെ സ്വതന്ത്രമായി സൃഷ്ടിക്കുക എന്നതാണ്. അതായത് ആദമിനെ മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത്,  അപ്രകാരം തന്നെയാണ്  ഹവ്വയെയും സൃഷ്ടിച്ചത്.

Also read: വിവേചന മതിലുകൾ തകരട്ടെ

സ്വലാഹ് ഖാലിദിയുടെ അഭിപ്രായത്തിൽ “ആദമിൽ നിന്നാണ് ഹവ്വയെ സൃഷ്ടിച്ചത് എന്ന അഭിപ്രായമാണ് ചില ഖുർആൻ വ്യാഖ്യാതാക്കൾക്ക് ഉള്ളത് . “അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും ” എന്ന ഖുർആനിക സൂക്തത്തെ ആദമിൻ്റെ ശരീരത്തിലെ ചില ഭാഗങ്ങൾ കൊണ്ടാണ് ഹവ്വയെ സൃഷ്ടിച്ചത് എന്ന ബാഹ്യാർത്ഥത്തെയാണ് അവർ സ്വീകരിക്കുന്നത്. من എന്നത് ചിലത് എന്നതിനെ സൂചിപ്പിക്കുന്നു അഥവാ ആദമിൻ്റെ വാരിയെല്ല് ഇതാണ് ഈ ആയത്തിൻ്റെ ആശയം എന്ന് മനസ്സിലാക്കേണ്ടതില്ല. കാരണം ഖുർആനിക സൂക്തം സ്ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ ആദരിച്ചതായി പറയുന്നു.

ഒരൊറ്റ നഫ്സിൽ നിന്നാണ് മനുഷ്യ സമൂഹത്തെ സൃഷ്ടിച്ചതെന്ന് അല്ലാഹു പറയുന്നു, ഇതേ നഫ്സിൽ നിന്നാണ് അതിൻ്റെ ഇണയെയും സൃഷ്ടിച്ചതെന്നും പറയുന്നു, ഇവിടെ ഒരൊറ്റ നഫ്സ് എന്നത് കൊണ്ടുള്ള വിവക്ഷ മനുഷ്യൻ്റെ പ്രകൃതത്തെ പ്രതിനിദാനം ചെയ്യുന്ന മനുഷ്യാത്മാവ് ആണ്, ഈ നഫ്സ് പാദാർത്ഥവും റൂഹും ചേർന്നുണ്ടായതാണ്. മനുഷ്യ അസ്തിത്വത്തിലെ അംഗങ്ങളും അവയവങ്ങളും അതിൻ്റെ ഭൗതിക ശരീരത്തെ ആസ്പദമാക്കിയുള്ളതാണ്, അതിൻ്റെ വികാരവിചാരങ്ങളും ആഗ്രഹങ്ങളും അഭിലാഷങ്ങളും ത്വരകളും സഹജാവബോധവും എല്ലാം ഹൃദയം, ചിന്ത, ഭാവന, ആത്മാവ് തുടങ്ങിയവയിൽ നിന്നാണ്. ഇതാണ് അല്ലാഹു സൃഷ്ടിച്ച മനുഷ്യാത്മാവിൻ്റെ സത്ത എന്ന് പറയുന്നത്.

പൂർണ്ണമായ ഏക ആത്മാവിൽ നിന്ന് അല്ലാഹു പുരുഷനെയും ശേഷം ഇതേ പൂർണ്ണാത്മാവിൽ നിന്ന് സ്ത്രീയേയും സൃഷ്ടിച്ചു. ഏകാത്മാവ് എന്നതിൻ്റെ ആദ്യത്തെ രൂപം മനുഷ്യ പിതാവ് ആദമാണ്, ഏകാത്മാവ് എന്ന ആശയത്തെ അത് എല്ലാ സവിശേഷതകളോടും കൂടി ഉൾകൊണ്ടു. ഏകാത്മാവ് എന്നതിൻ്റെ രണ്ടാമത്തെ ഉദാഹരണം അല്ലാഹു സൃഷ്ടിക്കുകയും ആദമിന് ഇണയാക്കി കൊടുത്ത ഹവ്വാഅ് ആയിരുന്നു, ഏകാത്മാവ് എന്ന ആശയത്തെ അതും എല്ലാ സവിശേഷതകളോടും കൂടി ഉൾകൊണ്ടു. എല്ലാവരും ജീവിതത്തിലെ അവരുടെ ഉത്തരവാദിത്ത്വങ്ങൾ പൂർത്തീകരിക്കുന്നതിന് വേണ്ടി യുക്തിജ്ഞനായ അല്ലാഹു നൽകിയ ജൈവികവും വൈകാരികവുമായിട്ടുള്ള മാറ്റങ്ങളോടൊപ്പമായിരുന്നു ഈ സൃഷ്ടിപ്പ്.
സ്ത്രീ അവളുടെ വ്യക്തിത്വത്താലും ശരീരത്താലും ആത്മാവിനാലും, പുരുഷൻ അവൻ്റെ വ്യക്തിത്വത്താലും ശരീരത്താലും ആത്മാവിനാലും വ്യതിരിക്തമായി നിൽക്കുന്നു. സ്ത്രീ ഒരിക്കലും പുരുഷൻ്റെ താഴെയോ പുരുഷൻ സ്ത്രീയേക്കാൾ ഉത്തമനോ അല്ല അവരിരുവരേയും അല്ലാഹു ആദരിച്ചിരിക്കുന്നു.

“നിങ്ങൾ സ്ത്രീകൾക്ക് നന്മ ചെയ്യണമെന്ന് ഞാൻ വസിയ്യത്ത് ചെയ്യുന്നു. സ്ത്രീകളെ സൃഷ്ടിച്ചത് വാരിയെല്ലിൽ നിന്നാണ്. ഏറ്റവും വളഞ്ഞ വാരിയെല്ല് മുകൾഭാഗത്തുള്ളതാണ്. അതിന്റെ വക്രത നിവർത്താൻ നീ ശ്രമിച്ചാൽ പൊട്ടിക്കേണ്ടി വരും. അതേ നിലയിൽ തന്നെ വിട്ടേക്കുകയാണെങ്കിൽ അതു വളഞ്ഞുകൊണ്ടേയിരിക്കും. അതിനാൽ നിങ്ങൾ സ്ത്രീകളോട് നല്ലത് ഉപദേശിക്കുവീൻ”, മുകളിലുദ്ധരിച്ച പ്രവാചക വചനത്തിലെ ആദമിൻ്റെ വാരിയെല്ലിൽ നിന്നാണ് സ്ത്രീ സൃഷ്ടിക്കപ്പെട്ടത് എന്നതിലെ വാരിയെല്ല് എന്നത് കൊണ്ടുള്ള ഉദ്ദേശ്യം എന്ത് ? ചില പണ്ഡിതന്മാർ ആ ഹദീഥി ലെ വാരിയെല്ല് എന്ന പദത്തെ ബാഹ്യാർത്ഥത്തിലാണ് എടുത്തത്, ആദമിൽ നിന്നാണ് ഹവ്വയെ സൃഷ്ടിച്ചതെന്ന ഇസ്രായേലിയാത്ത് അവരെ ഇതിന് പ്രേരിപ്പിക്കുകയുണ്ടായി.

Also read: ആത്മീയത നൽകുന്ന പരിജ്ഞാനം

ആദം സ്വർഗ്ഗത്തിൽ ഉറങ്ങിക്കിടക്കുമ്പോൾ അദ്ദേഹത്തിൻ്റെ വാരിയെല്ലുകളിൽ നിന്ന് ഒന്ന് എടുത്താണ് ഹവ്വയെ സൃഷ്ടിച്ചതെന്ന് ഇസ്രായേലിയാത്തും പഴയ കാല വേദങ്ങളും പറയുന്നു, അവളെ സ്ത്രീത്വത്തിൻ്റെ എല്ലാ ലക്ഷണങ്ങളുമുള്ളവളാക്കുകയും ചെയ്തു. പിന്നീട് ആദമിൻ്റെ അടുക്കൽ വന്നിരുന്നു, ആദം ഉണർന്നപ്പോൾ ഹവ്വയെ കണ്ടു, ആദം ചോദിച്ചു: നീ ആരാണ് ?, ഹവ്വ പ്രതിവചിച്ചു: ഞാൻ ഹവ്വാഅ് ആണ്, ആദം ചോദിച്ചു : എന്താണ് അത് കൊണ്ട് അർത്ഥമാക്കുന്നത്. ഞാൻ നിങ്ങളുടെ സ്ത്രീയാണ്. എന്നെ നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ വാരിയെല്ലിൽ നിന്നാണ് സൃഷ്ടിച്ചത്. അപ്പോൾ ആദം തൻ്റെ വാരിയെല്ലുകൾ പരിശോധിച്ചു, അതിൽ കുറവ് കണ്ടു. ആദം ഹവ്വയിൽ ആകൃഷ്ഠനായി കാരണം അത് ആദമിലെ ഒരു ഭാഗമാണ്, ഇത്തരത്തിലുള്ള പഴയ കാല വേദങ്ങളിലെ ഇസ്രായേലിയാത്തുകളെ മുസ്ലിം പണ്ഡിതന്മാർ ഉദ്ധരിക്കുകയുണ്ടായി, എന്നാൽ ഇതിനെ ബലപ്പെടുത്തുന്ന യാതൊന്നും തന്നെ ഖുർആനിലൊ സുന്നത്തിലോ കാണുക സാധ്യമല്ല. അതിനാൽ അതിനെ സ്വീകരിക്കാനോ നിരാകരിക്കാനോ നമ്മൾ പോകേണ്ടതില്ല നമുക്ക് തെളിവുള്ളതിൽ വിശ്വസിക്കുക അതിനെ കുറിച്ച് ആത്യന്തികമായ അറിവ് അല്ലാഹുവിങ്കലാണ്.

മുമ്പ് പറഞ്ഞ ഹദീഥ് ആദമിൻ്റെ വാരിയെല്ലിൽ നിന്നാണ് ഹവ്വയെ സൃഷ്ടിച്ചതെന്ന പച്ചയായ സൂചനകളൊന്നും നൽകുന്നില്ല, അത് മനുഷ്യ സമൂഹത്തിൻ്റെ മാതാവ് ഹവ്വയെ കുറിച്ചല്ല മറിച്ച് സ്ത്രീകളെ പൊതുവായാണ് ഇവിടെ ഉദ്ദേശിച്ചത്.സ്ത്രീകളെ സംരക്ഷിക്കുന്നതിന് വസ്വിയത്ത് നൽകുമ്പോഴാണ് വാരിയെല്ല് എന്ന പദം പ്രവാചകൻ ഇവിടെ ആലങ്കാരികമായി പ്രയോഗിച്ചത്, കാരണം സ്ത്രീയെ ആ സമയത്ത് ദൗർബല്യമുള്ളവളായാണ് കണ്ടത്. അതിനാൽ അവളോട് വളരെ ക്രൂരമായാണ് പെരുമാറിയിരുന്നത്, പ്രവാചകൻ സ്ത്രീയെ വാരിയെല്ലിനോട് ഉപമിക്കുക വഴി അവളോട് മാന്യമായും വളരെ നൈർമല്യത്തോടും കൂടിയാണ് പെരുമാറേണ്ടത് എന്ന് പഠിപ്പിക്കുകയാണ്. പെൺകുട്ടികളെ ജീവനോടെ കുഴിച്ച് മൂടുകയായിരുന്നു അതുവരെ ചെയ്തിരുന്നത്, സ്ത്രീക്ക് അനന്തരാവകാശം ഇല്ലായിരുന്നു. ആ സമൂഹത്തിൽ സ്ത്രീ സ്വയം തന്നെ അനന്തരാവകാശ വസ്തു ആയിരുന്നു, ഇവിടെയാണ് പ്രവാചകൻ സ്ത്രീകളോട് മാന്യമായി പെരുമാറാൻ പ്രേരിപ്പിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്തത്.

വിവ. മുബശ്ശിർ മാട്ടൂൽ

Related Articles