2018 ല്‍ ഇ എ ജബ്ബാര്‍ എന്ന യുക്തിവാദി ഒരഭിമുഖത്തില്‍ തുടക്കം മുതല്‍ അവസാനം വരെ ഇസ്ലാമിന്റെ പ്രമാണങ്ങളോട് യാതൊരു തരത്തിലും നീതി പുലര്‍ത്താത്ത, സ്വന്തമായി കൈ കടത്തലുകള്‍ നടത്തിയ ഒരു സംസാരമായിരുന്നു നടത്തിയത്. യുക്തിവാദികളെന്നാല്‍ യുക്തി ഇല്ലാത്തവരും പേരുംനുണകള്‍ മാത്രം പറയുന്നവരുമാണ് എന്ന അഭിപ്രായത്തെ ശക്തിപ്പെടുത്തുന്നതുമായി ആ അഭിമുഖം.
ജബ്ബാറിന്റ ആരോപണം : പ്രവാചകന്‍ മസ്ജിദുല്‍ ഹറമില്‍ നിന്ന് മസ്ജിദുല്‍ അഖ്സയിലേക്കും തുടര്‍ന്ന് ആകാശത്തിനപ്പുറത്തേക്കും നടത്തിയ ഇസ്‌റാഅ് – മിഅ്റാജ് യാത്രയെ കുറിച്ച് ജനങ്ങളോട് പറഞ്ഞപ്പോള്‍ കുറെ വിശ്വാസികള്‍ ഇസ്ലാം ഉപേക്ഷിച്ചു പോവുകയും ഒരുപാട് പേരുടെ വിശ്വാസത്തില്‍ കുറവ് സംഭവിക്കുകയും ചെയ്തു.
മറുപടി : അല്ലാഹുവിലും അവന്റെ കഴിവിലും വിശ്വസിക്കുന്നവര്‍ക്ക് അതില്‍ യാതൊരു സംശയവും ഉണ്ടാവുകയില്ല. ഈമാന്‍ ഇല്ലാത്തവര്‍ക്ക് സ്വാഭാവികമായും സംശയങ്ങള്‍ ഉണ്ടാകും. എന്നാല്‍ പ്രാമാണികമായ, ഇസ്ലാം അംഗീകരിക്കുന്ന അടിസ്ഥാനപരമായ ഏതെങ്കിലും രേഖകള്‍ മുന്‍നിര്‍ത്തി ഈയൊരു സംഭവത്തിന്റെ പേരില്‍ ഒരാളെങ്കിലും ഇസ്ലാം ഉപേക്ഷിച്ചു പോയെന്ന് തെളിയിക്കാന്‍ ജബ്ബാറിന് സാധിക്കുമോ ? എന്നാല്‍ ഇസ്‌റാഅ് – മിഅ്റാജ് യാത്രയുടെ പേരില്‍ ഒരാള്‍ പോലും ഇസ്ലാം ഉപേക്ഷിച്ചു പോയിട്ടില്ല. മറിച്ച് ജബ്ബാര്‍ പറയുന്ന കാര്യം, ഈ നിലയില്‍ ഒരു സ്വപ്നാനുഭവം യാഥാര്‍ഥ്യമാണെന്ന് തോന്നിയാല്‍ ഒരു പക്ഷെ മറ്റുള്ളവര്‍ പറയുന്നത് പോലെ പ്രവാചകന്‍ നോര്‍മല്‍ അല്ലാത്ത ആളാണ് എന്ന് പറയേണ്ടിവരും എന്നാണ്. മുഹമ്മദ് വളരെ തന്ത്രശാലിയും ബുദ്ധിമാനുമാണെന്ന് മറ്റൊരു സന്ദര്‍ഭത്തില്‍ ജബ്ബാര്‍ തന്നെ പറയുന്നുണ്ട്. ആദ്യം പറയുന്നതിന്റെ വൈരുദ്ധ്യം പിന്നീട് പറയുന്നതിലുണ്ടെന്നത് യുക്തിവാതികളുടെ വാദങ്ങള്‍ പരിശോധിച്ചാല്‍ മനസിലാക്കാം.
മുഹമ്മദ് നബി (സ്വ) തന്ത്രശാലിയും ബുദ്ധിമാനുമാണെന്നും എല്ലാ മുസ്ലിംകളും അംഗീകരിക്കുന്ന കാര്യമാണ്. ആയതിനാല്‍ തന്ത്രശാലിയും ബുദ്ധിമാനുമായ പ്രവാചകന് അദ്ദേഹത്തെ നിരന്തരം ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുന്ന ജനങ്ങളോട് ഇസ്‌റാഅ് – മിഅ്റാജിനെ കുറിച്ച് പറയുകയാണെങ്കില്‍ തന്നെ അവര്‍ തിരസ്‌കരിക്കുമെന്ന് നന്നായി അറിയാവുന്ന കാര്യമല്ലേ?. എന്നാല്‍ അദ്ദേഹം ആരുടെയും ആക്ഷേപത്തെയല്ല ഭയന്നത്. സത്യം തുറന്ന് പറയുവാനുള്ള തന്റേടമാണ് കാണിച്ചത്.
അലി(റ) ന്റെ സഹോദരിയായ ഉമ്മു ഹാനി (റ) യോട് നബി(സ്വ) ആദ്യം ഈ യാത്ര വിവരണം പറഞ്ഞുകൊടുത്തു. തുടര്‍ന്ന് പ്രവാചകന്‍ തന്റെ ജനങ്ങളോട് ഈ വിവരം പറയുവാന്‍ ഉദ്ദേശിച്ചു. കാരണം അദ്ദേഹം അല്ലാഹുവിന്റെ കഴിവും അല്ലാഹു അദ്ദേഹത്തിന് നല്‍കിയ പദവിയും മറച്ചുവെക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. എന്തു തന്നെ സംഭവിച്ചാലും ആളുകളുടെ എതിര്‍പ്പോ പരിഹാസമോ ആക്ഷേപമോ അല്ല വിഷയം. സത്യം പറയുക എന്നതായിരുന്നു.
അപ്പോള്‍ ഉമ്മു ഹാനി (റ) പ്രവാചകനോട് ചോദിച്ചു : ‘അല്ലാഹുവിനെ സത്യം ചെയ്ത് ഞാന്‍ പറയുന്നു; ഖുറൈശികളോട് താങ്കള്‍ ഈ വിവരം പറയുവാന്‍ പോവുകയാണോ ? എങ്കില്‍ അങ്ങയുടെ സത്യസന്ധതയെ അവര്‍ കളവാക്കും നബിയെ…! അതുകൊണ്ട് അവരോട് ഇത് പറയരുത്’. കാരണം, പൊതുജനത്തിന് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യമാണിത്. അല്ലാഹുവിന്റെ കഴിവിലും നബിയുടെ സത്യസന്ധതയിലും വിശ്വാസിക്കുന്നവര്‍ക്ക് മാത്രമേ ഇത് ഉള്‍ക്കൊള്ളാന്‍ കഴിയൂ. പ്രത്യേകിച്ച് ആ കാലഘട്ടത്തില്‍. കാരണം, അത് ആകാശാരോഹണത്തെ പറ്റി ആലോചിക്കാവുന്നതിലും അപ്പുറമാണ്. ഖുര്‍ആന്‍ വളരെ കൃത്യമായി പറയുന്നുണ്ട്.
يَٰمَعۡشَرَ ٱلۡجِنِّ وَٱلۡإِنسِ إِنِ ٱسۡتَطَعۡتُمۡ أَن تَنفُذُواْ مِنۡ أَقۡطَارِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ فَٱنفُذُواْۚ لَا تَنفُذُونَ إِلَّا بِسُلۡطَٰنٖ
(ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശഭൂമികളുടെ അതിരുകള്‍ ഭേദിച്ച് പുറത്തു പോകാനാകുമെങ്കില്‍ നിങ്ങള്‍ പുറത്തുപോവുക. നിങ്ങള്‍ക്ക് പുറത്തുകടക്കാനാവില്ല. ഒരു മഹാശക്തിയുടെ പിന്‍ബലമില്ലാതെ.)
ഇത്തരത്തിലുള്ള ഒരു സമൂഹത്തിന്റെ മുന്നില്‍ ചെന്ന് നിന്ന് ഈയൊരു യാഥാര്‍ഥ്യം
പറയുമ്പോള്‍ അവര്‍ അംഗീകരിക്കില്ല എന്ന ഉറപ്പുണ്ടായിട്ടും അദ്ദേഹം കണ്ടതും അനുഭവിച്ചതും ലഭിച്ചതുമായ മുഴുവന്‍ അറിവുകളും പകര്‍ന്നുകൊടുക്കുകയായിരുന്നു. പ്രസ്തുത വിവരം ജനങ്ങളോട് പറഞ്ഞ മാത്രയില്‍ തന്നെ ജനങ്ങള്‍ പ്രവാചകനെ ആക്ഷേപിക്കാനും പരിഹസിക്കാനും തുടങ്ങി. എന്നാല്‍ അദ്ദേഹത്തില്‍ വിശ്വസിച്ചു കൂടെ നിന്ന ഒരാളുപോലും അദ്ദേഹം പറഞ്ഞത് കളവാണെന്ന് പറഞ്ഞിട്ടില്ല. അതിന്റെ പേരില്‍ ഇസ്ലാമില്‍ നിന്ന് ആരും പുറത്ത് പോയിട്ടില്ല. പുറത്ത് പോയെന്ന് വാദിക്കുന്നവര്‍ക്ക് പ്രമാണങ്ങള്‍ മുന്‍നിര്‍ത്തി സമര്‍ത്ഥിക്കക്കാന്‍ കഴിയുമോ ?
അബൂബക്കര്‍ സിദ്ധീഖ് (റ) ന്റെ അടുത്തേക്ക് ഒരാള്‍ ഓടിവന്നു. എന്നിട്ട് അയാള്‍ അദ്ദേഹത്തോട് ചോദിച്ചു: ‘നിന്റെ കൂട്ടുകാരന്‍ ഇവിടെ നിന്ന് ബൈത്തുല്‍ മഖ്ദിസിലേക്ക് രാപ്രയാണം നടത്തി എന്ന് പറഞ്ഞാല്‍ നീയത് വിശ്വസിക്കുമോ ? അദ്ദേഹം തിരിച്ച് ചോദിച്ചു: അദ്ദേഹം അങ്ങനെ പറഞ്ഞോ ? അവര്‍ പറഞ്ഞു : അതേ, അങ്ങനെ പറഞ്ഞു. ഉടനെ തന്നെ അബൂബക്കര്‍ സിദ്ദീഖ് (റ) അവര്‍ക്ക് മറുപടി നല്‍കി; അദ്ദേഹം അങ്ങനെ പറഞ്ഞിട്ടിയുണ്ടെങ്കില്‍ അത് സത്യമാണ്. ഞാനത് വിശ്വസിക്കും’ ഇതുപോലെ അടിയുറച്ച് വിശ്വസിച്ചവര്‍ ആയിരുന്നു സ്വഹാബിമാര്‍.
ജബ്ബാര്‍ : ഇസ്ലാമില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെയും അല്ലാതയും പുറത്തുപോയ സംഭവം ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. ഖുര്‍ആന്‍ വെളിപാടുകള്‍ അവതരിക്കുന്ന സന്ദര്‍ഭങ്ങളില്‍ അത് എഴുതിയെടുക്കുവാന്‍ പ്രവാചകന്‍ (സ്വ) യുടെ കൂടെ ഒരാള്‍ ഉണ്ടായിരുന്നു. പ്രവാചകന്‍ പറഞ്ഞുകൊടുക്കുമ്പോള്‍ അത് എഴുത്തുന്നയാള്‍ തന്റെ സൗകര്യത്തിന് അനുസരിച്ച് മാറ്റങ്ങള്‍ വരുത്തുകയും അത് പ്രവാചകനെ ഓതികേപ്പിക്കുമ്പോള്‍ അത് കുഴപ്പമില്ല, അങ്ങനെ മതീ എന്ന് പ്രവാചകന്‍ പറയുകയും ചെയ്തു. ഇത് ദൈവത്തിന്റെ വാചനമാണെങ്കില്‍ എന്റെ ഇഷ്ടത്തിന് മാറ്റാന്‍ അനുവദിക്കുന്നത് ശരിയല്ലല്ലോ, അതിനാല്‍ ഇതില്‍ എന്തോ കുഴപ്പമുണ്ട് എന്ന് മനസിലാക്കി അയാള്‍ വിശ്വാസം നഷ്ടപ്പെട്ട് മക്കയിലേക്ക് മടങ്ങിപ്പോയി എന്ന് ചരിത്രത്തില്‍ പറയുന്നുണ്ട്.
മറുപടി : ജബ്ബാര്‍ പറഞ്ഞതില്‍ യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടുന്ന വളരെ ചെറിയ ഒരു അംശം മാത്രമാണുള്ളത്. ബാക്കിയെല്ലാം നുണയാണ്. ഇസ്ലാമിലേക്ക് വരുന്നവരും ഇസ്ലാമിലേക്ക് പോകുന്നവരും ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. ഇസ്ലാമിലേക്ക് വരുന്നവരുടെ കുത്തൊഴുക്കുമായി ബന്ധപ്പെടുത്തി നോക്കിയാല്‍ പോകുന്നവരുടെ എണ്ണം വളരെ വളരെ കുറവാണ്. പിന്നീടൊരിക്കല്‍ ജബ്ബാര്‍ തന്നെ പ്രവാചകന്‍ (സ്വ) യുടെ മക്കയിലെ പതിമൂന്ന് വര്‍ഷത്തെ ജീവിതത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. മദീനയിലെ പത്ത് വര്‍ഷത്തെ ജീവിതവും കൂട്ടിച്ചേര്‍ത്ത് ആകെ ഇരുപത്തി മൂന്ന് വര്‍ഷത്തിനിടയില്‍ ഇസ്ലാമിലേക്ക് വന്നവരുടെ എണ്ണം നോക്കിയാല്‍ തന്നെ ജബ്ബാറിന്റെ വാദത്തിന്റെ മുനയൊടിയുന്നതായി കാണാം. അല്ലാഹു പറയുന്നു : ثُمَّ خَلَقۡنَا ٱلنُّطۡفَةَ عَلَقَةٗ فَخَلَقۡنَا ٱلۡعَلَقَةَ مُضۡغَةٗ فَخَلَقۡنَا ٱلۡمُضۡغَةَ عِظَٰمٗا فَكَسَوۡنَا ٱلۡعِظَٰمَ لَحۡمٗا ثُمَّ أَنشَأۡنَٰهُ خَلۡقًا ءَاخَرَۚ فَتَبَارَكَ ٱللَّهُ أَحۡسَنُ ٱلۡخَٰلِقِينَ
(അനന്തരം നാം ആ ബീജത്തെ ഭ്രൂണമാക്കി മാറ്റി. പിന്നീട് ഭ്രൂണത്തെ മാംസക്കട്ടയാക്കി. അതിനുശേഷം മാംസത്തെ എല്ലുകളാക്കി. എല്ലുകളെ മാംസംകൊണ്ട് പൊതിഞ്ഞു. പിന്നീട് നാമതിനെ തീര്‍ത്തും വ്യത്യസ്തമായ ഒരു സൃഷ്ടിയായി വളര്‍ത്തിയെടുത്തു. ഏറ്റം നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണന്‍ തന്നെ) ജബ്ബാർ പറയുന്ന വാദത്തിന്റെ യാഥാർഥ്യം പരിശോദിക്കാം. അബ്ദുല്ലാഹിബ്‌നു ജഹ്ഷ് എന്ന ഒരാൾ വഹിയ് എഴുത്തുകാരനായി പ്രവാചകന്റെ കൂടെ ഉണ്ടായിരുന്നു. ഒരിക്കൽ നബി (സ്വ) അദ്ദേഹത്തെ വിളിച്ചിട്ട് ഓരോ വരികളും പറഞ്ഞു കൊടുക്കുന്നതിന്റെ ഭാഗമായി ഇങ്ങനെ പറഞ്ഞു : وَلَقَدۡ خَلَقۡنَا ٱلۡإِنسَٰنَ مِن سُلَٰلَةٖ مِّن طِينٖ
ثُمَّ جَعَلۡنَٰهُ نُطۡفَةٗ فِي قَرَارٖ مَّكِينٖ
ثُمَّ خَلَقۡنَا ٱلنُّطۡفَةَ عَلَقَةٗ فَخَلَقۡنَا ٱلۡعَلَقَةَ مُضۡغَةٗ فَخَلَقۡنَا ٱلۡمُضۡغَةَ عِظَٰمٗا فَكَسَوۡنَا ٱلۡعِظَٰمَ لَحۡمٗا ثُمَّ أَنشَأۡنَٰهُ خَلۡقًا ءَاخَرَۚ
(മനുഷ്യനെ നാം കളിമണ്ണിന്റെ സത്തില്‍നിന്ന് സൃഷ്ടിച്ചു. പിന്നെ നാമവനെ ബീജകണമാക്കി ഭദ്രമായ ഒരിടത്ത് സ്ഥാപിച്ചു. അനന്തരം നാം ആ ബീജത്തെ ഭ്രൂണമാക്കി മാറ്റി. പിന്നീട് ഭ്രൂണത്തെ മാംസക്കട്ടയാക്കി. അതിനുശേഷം മാംസത്തെ എല്ലുകളാക്കി. എല്ലുകളെ മാംസംകൊണ്ട് പൊതിഞ്ഞു. പിന്നീട് നാമതിനെ തീര്‍ത്തും വ്യത്യസ്തമായ ഒരു സൃഷ്ടിയായി വളര്‍ത്തിയെടുത്തു). ഇത് കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍
فَتَبَارَكَ ٱللَّهُ أَحۡسَنُ ٱلۡخَٰلِقِينَ
(ഏറ്റം നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണന്‍ തന്നെ). എന്ന് തോന്നി. അത് പ്രവാചനോട് പറയുകയും ചെയ്തു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു : അത് തന്നെയാണ് എനിക്കും അവതരിച്ചത്. സ്വഭാവിമായും ഉണ്ടാകുന്ന അത്ഭുതം ഉളവാക്കുന്ന ഒരു വാക്ക് അദ്ദേഹം പറഞ്ഞു. അത് തന്നെയാണ് അല്ലാഹു പ്രവാവാകന് അവതരിപ്പിച്ച് നല്‍കുകയും ചെയ്തത്. ഇതില്‍ പ്രശ്‌നവല്‍ക്കാരിക്കാന്‍ മാത്രം എന്താണ് ഉള്ളത് ? പക്ഷെ, ജബ്ബാര്‍ പറഞ്ഞത് അബ്ദുല്ലാഹിബ്നു ജഹ്ഷ് കൊറേ വെട്ടിത്തിരുത്തലുകള്‍ നടത്തി കൊറേ കൂട്ടിച്ചേര്‍ത്തു. എന്നിട്ടും പ്രവാചകന്‍ തിരുത്തിയില്ല എന്നാണ്. എന്നാല്‍ അബ്ദുല്ലാഹിബ്ന്നു ജഹ്ഷിന് തോന്നിയത് പോലെയുള്ള സന്ദര്‍ഭങ്ങള്‍ ഉമര്‍ (റ) ന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ജബ്ബാര്‍ തന്റെ വാദങ്ങള്‍ ബലപ്പെടുത്തുന്നതിന് വേണ്ടിയും ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുവാന്‍ വേണ്ടിയും അതൊന്നും പരിഗണിച്ചില്ല. എന്നാല്‍ ചരിത്രത്തില്‍, ഒറ്റപ്പെട്ട ചിലയാളുകള്‍ക്ക് ഉണ്ടായ ദുര്‍വിചാരങ്ങള്‍ മൂലം അവര്‍ ഇസ്ലാമില്‍ നിന്ന് പുറത്തുപോയിട്ടുണ്ട്. അതിനെ പെരുപ്പിച്ചു കാണിക്കാന്‍ ആണ് ജബ്ബാറും കൂട്ടരും ശ്രമിക്കുന്നത്. കാലമിത്രയായിട്ടും ഇസ്ലാമിലേക്ക് ആളുകള്‍ കൂട്ടത്തോടെ വരുന്നുണ്ടല്ലോ. അവിടെയാണ് ജബ്ബാറിനെ പോലെയുള്ള ആളുകളുടെ വാദങ്ങള്‍ തകര്‍ന്ന് വീഴുന്നത്.
ജബ്ബാര്‍ : ഇസ്ലാമിലേക്ക് ആളുകള്‍ കൂട്ടംകൂട്ടമായി വന്നതും യുദ്ധങ്ങളില്‍ പങ്കെടുത്തതും ഭൗതികമായ വിഭവങ്ങളും മുതലുകളും ആഗ്രഹിച്ചായിരുന്നു. യുദ്ധമുതലുകള്‍ വീതംവെച്ച് എടുക്കുക എന്ന ആഗ്രഹമായിരുന്നു അവര്‍ക്ക് ഉണ്ടായിരുന്നത്. അതിന് വേണ്ടി വിവിധ ഘട്ടങ്ങളില്‍ വിശ്വാസത്തെ പ്രവാചകന്‍ ഉപയോഗപ്പെടുത്തി. യുദ്ധമുതലുകളില്‍ ഏറ്റവും ആകൃഷ്ടമായി ഉണ്ടായിരുന്നത് സ്ത്രീകളായിരുന്നു.
മറുപടി : പ്രവാചകന്‍ (സ്വ) അബ്‌നോര്‍മല്‍ ആണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് പറഞ്ഞ യുക്തിവാദി മറ്റൊരു സന്ദര്‍ഭത്തില്‍ അദ്ദേഹം തന്ത്രം ഉപയോഗിച്ചു എന്ന് പറയുന്നു. എന്നാല്‍ ഒരാള്‍ തന്ത്രം ഉപയോഗിക്കണമെങ്കില്‍ അയാള്‍ക്ക് ബുദ്ധി ഉണ്ടാകണമെന്നത് ഏതൊരാള്‍ക്കും അറിയാവുന്ന കാര്യമാണ്. തിരിച്ചുവരുമെന്ന് യാതൊരു ഉറപ്പുമില്ലാത്തതും ശത്രുപക്ഷത്തിന്റെ വെട്ടേറ്റ് മരണപ്പെടുവാന്‍ സാധ്യതയുണ്ടെന്നുമുള്ള ഉറപ്പോടെയാണ് യുദ്ധത്തില്‍ പങ്കെടുക്കുന്നത്. ആയതിനാല്‍ ഭൗതികമായ ആഗ്രഹിക്കുന്ന ഒരാള്‍ അതില്‍ പങ്കെടുക്കുമോ ?. മരിക്കാന്‍ തയ്യാറായി പോകുന്നവന് പെണ്ണോ പണമോ ലഭിച്ചിട്ടെന്താണ് ഗുണം ?. എന്നാല്‍ വിശ്വാസികള്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്നത് അല്ലാഹുവിനോടും അവന്റെ റസൂലിനോടുമുള്ള സ്‌നേഹം കൊണ്ടാണെന്ന് നിസംശയം പറയാം. പത്ത് വര്‍ഷത്തെ മക്കാ കാലഘട്ടത്തില്‍ ഒരിക്കല്‍ പോലും യുദ്ധം നടന്നിട്ടില്ല. അന്നും ആളുകള്‍ ഇസ്ലാമിലേക്ക് വന്നുകൊണ്ടിരുന്നു. ആയതിനാല്‍ ചരിത്രമരമായ തെളിവുകളുടെ പിന്‍ബലത്തോടെ തന്നെ ജബ്ബാറിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് പറയാം. മദീനയിലേക്ക് ഹിജ്റ പോയി ഒരു വര്‍ഷത്തിന് ശേഷമാണ് ബദ്ര്‍ യുദ്ധം നടക്കുന്നത്. ആ ഒരു വര്‍ഷത്തിനിടയിലും ഇസ്ലാമിലേക്ക് ആളുകള്‍ വന്നിട്ടുണ്ട്. ഇവിടെ ജബ്ബാറിന്റെ വാദം വീണ്ടും പൊളിയുകയാണ്.
ചരിത്രത്തില്‍ ഒരു സന്ദര്‍ഭം നമുക്ക് കാണാന്‍ സാധിക്കും. ‘ബദ്ര്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ നടക്കാന്‍ കഴിയാത്ത മുടന്തനും വൃദ്ധനയുമായ അംറ് ബ്‌നുല്‍ ജമൂഹ് (റ) നബി (സ്വ)യുടെ കൂടെ യുദ്ധത്തിന് പോകാന്‍ ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ മക്കള്‍ അദ്ദേഹത്തെ തടഞ്ഞു. എന്നിട്ട് ഇപ്രകാരം പറഞ്ഞു : താങ്കള്‍ വൃദ്ധനാണ്, നടക്കാന്‍ പ്രയാസമുണ്ട്. ആയതിനാല്‍ യുദ്ധത്തിന് പോകേണ്ടതില്ല. അദ്ദേഹം മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി മാറി നിന്നു. പിന്നീട് ഉഹ്ദ് യുദ്ധം വന്നു. ഉഹ്ദ് യുദ്ധത്തിന്റെ അറിയിപ്പ് കിട്ടിയപ്പോള്‍ മക്കള്‍ നേരെ വാപ്പയുടെ അരികിലേക്ക് പോയി. എന്നിട്ട് ഇപ്രകാരം പറഞ്ഞു : ‘യുദ്ധത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ താങ്കള്‍ക്ക് കുറ്റമില്ല. താങ്കള്‍ വീട്ടില്‍ ഇരുന്നാല്‍ മതി’. എന്നാല്‍ അദ്ദേഹം പ്രവാചകന്റെ സന്നിധിയില്‍ ചെന്ന് സങ്കടം ബോധിപ്പിച്ചു; പ്രവാചകരെ, എന്റെ മക്കള്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് എന്നെ തടയുന്നു. എന്നാല്‍ എന്റെ മുടന്തു കാലുമായി സ്വര്‍ഗത്തില്‍ പോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് എന്നെ അനുവദിക്കണം’. ഇദ്ദേഹത്തിന്റെ ജീവിതം മുന്നില്‍ വെച്ച് ചിന്തിച്ചാല്‍ അവര്‍ വിശ്വാസികള്‍ ഭൗതിക നേട്ടത്തിന് വേണ്ടിയാണ് യുദ്ധത്തിന് പോയതെന്ന് ഒരാള്‍ക്ക് എങ്ങനെ പറയാന്‍ സാധിക്കും ?.
ബദ്ര്‍ യുദ്ധത്തില്‍ ഇസ്ലാമിന്റെ പക്ഷത്ത് കേവലം 313 പേര് മാത്രമാണ് ഉണ്ടായിരുന്നത്. അപ്പുറത്ത് ആയിരത്തിലധികം ആളുകളും. യുദ്ധം നടക്കുന്ന സന്ദര്‍ഭത്തില്‍ വിശ്വാസികളുടെ പക്ഷത്ത് ഭക്ഷണം കഴിക്കാത്തവര്‍, ആയുധമില്ലാത്തവര്‍, എല്ലാം ഉപേക്ഷിച്ച് നാട് വിട്ട് വന്നവര്‍ തുടങ്ങിയവര്‍ ആയിരുന്നു ഉണ്ടായിരുന്നത്. അപ്പുറത്ത് ഖുറൈശികളിലെ സമ്പന്നന്മാരും സര്‍വായുധ സൈനികരും. ആയതിനാല്‍ മൂന്നിരട്ടി വലിപ്പം വരുന്ന സര്‍വായുധ സൈന്യത്തോട് യുദ്ധം ചെയ്യുവാന്‍ കേവല ഭൗതിക വിഭവങ്ങള്‍ ആഗ്രഹിച്ച് ആരെങ്കിലും പോകുമോ ?.
ജബ്ബാര്‍ : നബി മരിക്കില്ല എന്ന് ഉമര്‍ വരെ വിശ്വസിച്ചിരുന്നു. അതിനാലാണ് നബി മരിച്ചു എന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം നബി മരിച്ചു എന്ന് പറഞ്ഞവര്‍ക്ക് എതിരെ വാളെടുത്ത് ആക്രോശിച്ചത്. നബി മരിക്കിലെന്ന് പലരും വിശ്വസിച്ചിട്ടുണ്ടാകാം. അങ്ങനെ വിശ്വസിച്ചവര്‍ നബി മരിച്ചു എന്ന് അറിഞ്ഞപ്പോള്‍ ഇസ്ലാമില്‍ നിന്ന് പോയി.
മറുപടി : നബി (സ്വ) സമീപം സക്കാത്ത് ഓഹരി വെക്കുമ്പോള്‍ അത് കിട്ടാന്‍ വേണ്ടി ചിലയാളുകള്‍ കൂടെ കൂടിയിരുന്നു. അങ്ങനെയുള്ള ആളുകള്‍ പിന്നീട് ഇസ്ലാമില്‍ നിന്ന് പുറത്ത് പോയിട്ടുണ്ട്. അത്തരം കാര്യങ്ങളില്‍ ഇസ്ലാമില്‍ നിന്ന് പോകുന്നതാണോ ഇസ്ലാമിന്റെ കുറവ് ?. ഇസ്ലാമില്‍ നിന്ന് പോയവരുടെ എണ്ണം എടുക്കുമ്പോള്‍ ഇസ്ലാമിലേക്ക് വരുന്ന ആളുകളുടെ എണ്ണമെടുക്കാത്തത് എന്തുകൊണ്ടാണ് ?. ഇസ്ലാമില്‍ നിന്ന് വളരെ ചുരുക്കം ചില ആളുകള്‍ പോകുന്നുണ്ടെങ്കിലും അതിനേക്കാള്‍ എത്രയോ ഇരട്ടി ആളുകള്‍ ഇപ്പോഴും ഇസ്ലാം സ്വീകരിക്കുന്നുണ്ട്. ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ ഇസ്ലാമില്‍ എന്തെങ്കിലും കളങ്കമുണ്ടെങ്കില്‍ അതാണ് ചൂണ്ടിക്കാണിക്കേണ്ടത്. അതല്ലാതെ ചരിത്രത്തെ വളച്ചൊടിക്കുകയോ ദുര്‍വാഖ്യാനം നടത്തുകയോ അല്ല വണ്ടത്. ഉമര്‍ (റ) നബി മരിക്കില്ല എന്ന് വിശ്വസിച്ചിരുന്ന ആളായിരുന്നില്ല. ഉമര്‍ (റ) ജീവിത കാലത്ത് സ്വാഹാബിമാര്‍ ഓതി പഠിച്ചിരുന്ന ധാരാളം ആയത്തുകള്‍ ഖുര്‍ആനിലുണ്ട്.
وَمَا مُحَمَّدٌ إِلَّا رَسُولٞ قَدۡ خَلَتۡ مِن قَبۡلِهِ ٱلرُّسُلُۚ أَفَإِيْن مَّاتَ أَوۡ قُتِلَ ٱنقَلَبۡتُمۡ عَلَىٰٓ أَعۡقَٰبِكُمۡۚ وَمَن يَنقَلِبۡ عَلَىٰ عَقِبَيۡهِ فَلَن يَضُرَّ ٱللَّهَ شَيۡـٔٗاۚ وَسَيَجۡزِي ٱللَّهُ ٱلشَّٰكِرِينَ
(മുഹമ്മദ് ദൈവദൂതനല്ലാതാരുമല്ല. അദ്ദേഹത്തിനുമുമ്പും ദൈവദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്‍തിരിഞ്ഞുപോവുകയോ ആരെങ്കിലും പിന്‍തിരിഞ്ഞുപോകുന്നുവെങ്കില്‍ അറിയുക: അവന്‍ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്തുകയില്ല. അതോടൊപ്പം, നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കും) എന്ന് ഖുര്‍ആനിലൂടെ അല്ലാഹു പറഞ്ഞത് ജീവിതത്തില്‍ പകര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്ത സ്വാഹാബിയാണ് ഉമര്‍ (റ). പിന്നെന്തുകൊണ്ടാണ് അദ്ദേഹം പ്രവാചകന്‍ മരണപ്പെട്ടപ്പോള്‍ ഇപ്രകാരം പറഞ്ഞത് : ‘എന്റെ നബി മരിച്ചിട്ടില്ല, മരിച്ചുവെന്ന് പറയുന്നവനാരോ അവന്റെ തല ഞാനെടുക്കും’. പ്രവാചകനോടുള്ള സ്‌നേഹകൂടുതല്‍ കൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. നബി (സ്വ) വിടവാങ്ങല്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്ന മാനുഷികമായൊരവസ്ഥയാണ് അദ്ദേഹത്തിന് ആ സമയം ഉണ്ടായിരുന്നത്. അത് ആര്‍ക്കും സംഭവിക്കുന്ന ഒന്നാണ്. ആ സന്ദര്‍ഭത്തില്‍ അബൂബക്കര്‍ (റ) വിശ്വാസികളെ ഓര്‍മപ്പെടുത്തിയത് ഈ ആയത്താണ് : وَمَا مُحَمَّدٌ إِلَّا رَسُولٞ قَدۡ خَلَتۡ مِن قَبۡلِهِ ٱلرُّسُلُۚ أَفَإِيْن مَّاتَ أَوۡ قُتِلَ ٱنقَلَبۡتُمۡ عَلَىٰٓ أَعۡقَٰبِكُمۡۚ وَمَن يَنقَلِبۡ عَلَىٰ عَقِبَيۡهِ فَلَن يَضُرَّ ٱللَّهَ شَيۡـٔٗاۚ وَسَيَجۡزِي ٱللَّهُ ٱلشَّٰكِرِينَ
(മുഹമ്മദ് ദൈവദൂതനല്ലാതാരുമല്ല. അദ്ദേഹത്തിനുമുമ്പും ദൈവദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്‍തിരിഞ്ഞുപോവുകയോ. ആരെങ്കിലും പിന്‍തിരിഞ്ഞുപോകുന്നുവെങ്കില്‍ അറിയുക: അവന്‍ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്തുകയില്ല. അതോടൊപ്പം, നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കും).
( തയ്യാറാക്കിയത്: മുഷ്താഖ് ഫസൽ )