Current Date

Search
Close this search box.
Search
Close this search box.

ശരീഅതിൻറെ പ്രയോഗവൽക്കരണം

ജലാശയത്തിലേക്കുള്ള വഴി എന്നാണ് അറബിയിൽ ശരീഅത്ത് എന്ന പദത്തിൻറെ അർത്ഥം. ജലാശയം നന്മയുടെ,ശാന്തിയുടെ,സമാധാനത്തിൻറെ,സ്നേഹത്തിൻറെ പ്രതീകമാണ്. ജലാശയത്തിലേക്കുള്ള പാതപോലെ നന്മയുടെ തലത്തിൽ നിന്നാണ് ഇസ്ലാമിക ശരീഅത്തിനേയും മനസ്സിലാക്കേണ്ടത്. ഭൂമിയിലെ തൻറെ ദാസന്മാർക്ക് വേണ്ടി സ്രഷ്ടാവായ അല്ലാഹു നൽകിയ നിയമങ്ങൾ, ചട്ടങ്ങൾ, ഉത്തരവുകൾ, വ്യവസ്ഥകൾ, നിരോധനങ്ങൾ എന്നിവയെല്ലാം ചേർന്നതാണ് ഇസ്ലാമിക ശരീഅത്ത്. അന്ധവിശ്വാസങ്ങളുടെയും അജ്ഞതയുടെയും ഇരുട്ടിൽ നിന്ന് മനുഷ്യനെ വിശ്വാസത്തിൻറെയും അറിവിൻറെയും വെളിച്ചത്തിലേക്ക് നയിക്കുകയും അവരുടെ ക്ഷേമാഐശ്വര്യവുമാണ് ശരീഅതിൻറെ ലക്ഷ്യം.

ഏതാനും വിശ്വാസ കാര്യങ്ങളും ആരാധനകളും മാത്രമല്ല വ്യക്തിപരവും സാമൂഹ്യവുമായ ജീവിതത്തിൻറെ മുഴുവൻ വശങ്ങളും ശരീഅത്ത് നിയമത്തിൻറെ പരിധിയിൽ വരുന്നു. മുഴുവൻ മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്ന ദൈവിക നിയമങ്ങളാണ് ശരീഅത്ത്. തങ്ങൾക്ക് സൗകര്യമുള്ള ചില നിയമങ്ങൾ സ്വീകരിക്കുകയും ചിലത് നിരാകരിക്കുകയും ചെയ്യുന്നത് അല്ലാഹുവിനോടുള്ള പരിഹാസ്യമാണെന്ന് ഖുർആൻ വ്യക്തമാക്കുന്നു. ഒരു രാജ്യത്തെ പൗരന്മാർക്ക് അവരുടെ ഭരണഘടനയിൽ നിന്ന് ചിലത് സ്വീകരിക്കുവാനും ചിലത് നിരാകരിക്കുവാനും അധികൃതർ അനുവദിക്കുമൊ?

ഇസ്ലാമിക ശരീഅത്തിൻറെ പ്രയോഗവൽക്കരിക്കണം ലോകത്തുടനീളമുള്ള എല്ലാ മുസ്ലിംങ്ങളുടേയും ജീവിതാഭിലാഷമാണ്. 2013 ലെ പ്യൂ സർവെ (Pew survey) പ്രകാരം തെക്ക് കിഴക്കൻ ഏഷ്യ, പശ്ചിമേഷ്യ, വടക്കൻ ആഫ്രിക്ക, തെക്ക് ഏഷ്യ എന്നിവിടങ്ങളിലെ 75 ശതമാനം പൗരന്മാരും തങ്ങളുടെ രാജ്യത്ത് ഇസ്ലാമിക ശരീഅത് നടപ്പാക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് കണ്ടത്തെുകയുണ്ടായി. രക്തസാക്ഷിത്വം ഉൾപ്പടെ ഒട്ടേറെ ത്യാഗങ്ങൾ അവർ അതിനായി സഹിച്ച്കൊണ്ടിരിക്കുന്നു. മുസ്ലിം ലോകത്തെ ആഭ്യന്തര സംഘർഷങ്ങൾ പരിശോധിച്ച് നോക്കിയാൽ ഒരു കാര്യം വ്യക്തം: ഇസ്ലാമിക ശരീഅത്ത് നടപ്പാക്കണമെന്നതാണ് അവരുടെ മുറവിളിയുടെ മുഖ്യ കാരണം.

അപ്പോൾ ഇസ്ലാമിക ശരീഅത് ലോകത്ത് പ്രയോഗവൽക്കരിക്കാനുള്ള തടസ്സങ്ങൾ എന്താണ്? ഇസ്ലാമിക ശരീഅത് ഒരു ഉട്ടോപ്യൻ സിദ്ധാന്തമായതിനാൽ നടപ്പാക്കാൻ കഴിയാത്തതാണൊ പ്രശ്നം? പ്രവാചക നിയോഗത്തിൻറെ സുപ്രധാനമായ ലക്ഷ്യം ശരീഅത്തിൻറെ പ്രായോഗികവൽകരണത്തിന് പ്രോട്ടൊടൈപ്പ് നിർമ്മിക്കുക എന്നതായിരുന്നു. കൃത്യമായ മാതൃക നമുക്കുണ്ട്. കൂടാതെ അതത് കാലത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇസ്ലാമിൽ ഇജ്തിഹാദ് സംവിധാനവും ഉണ്ട്. അപ്പോൾ വിത്തുണ്ട്. വളക്കുറുള്ള മണ്ണുണ്ട്. ജലസേചനമുണ്ട്. അനുയോജ്യനായ കർഷകനില്ല എന്നതാണ് ശരീഅത് പ്രയോഗവൽകരണത്തിലെ പ്രധാന തടസ്സം.

ശരീഅതിൻറെ മാനവികത
ഇസ്ലാമിക ശരീഅത് കാലത്തോടൊപ്പം സഞ്ചരിക്കുന്ന മാനവിക നിയമ സംഹിതയാണ്. ചരിത്രത്തിൻറെ പ്രയാണത്തിൽ അതിന് ഒരിക്കലും പകച്ച് നിൽക്കേണ്ടി വന്നിട്ടില്ല. അത്രയും വിശാലമായ ക്യാൻവാസിലാണ് അത് നിലകൊള്ളുന്നതെന്ന് ഇസ്ലാമിക കർമ്മശാസ്ത്രം പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയും. സങ്കീർണ്ണമായ ഒരു പ്രശ്നത്തിൽ പ്രശസ്ത പണ്ഡിതൻ ഇമാം അബൂഹനീഫയുടെ ലളിതവും പ്രായേഗികവുമായ ഒരു ഫത് വ ഉദ്ധരിക്കുന്നത് ശരീഅതിൻറെ വിശാല വീക്ഷണത്തിന് മകുടോദാഹരണമാണ്.

ഒരാൾ തൻറെ രണ്ട് പെൺകുട്ടികളെ ഒന്നിച്ച് വിവാഹം ചെയ്ത്കൊടുത്തൂ. എന്തോ നിർഭാഗ്യത്തിന് ആദ്യരാത്രി വരന്മാർക്ക് മണിയറ മാറിപ്പോയി. പിറ്റേന്ന് രാവിലെയാണ് സംഗതി മനസ്സിലായത്. പ്രശ്നം പണ്ഡിതന്മാരുടെ അടുക്കലത്തെി. അവരെല്ലാം നിയമ പുസ്തകത്തിലെ അക്ഷരങ്ങളിൽ തളച്ചിട്ട കർക്കശമായ പരിഹാരങ്ങളാണ് നിർദ്ദേശിച്ചത്. ആ കുടുംബത്തിൻറെ മനോവിഷമങ്ങൾ ലഘൂകരിക്കാൻ അവ പര്യപ്തമായിരുന്നില്ല. അവസാനം അവർ അബൂഹനീഫയെ സമീപിച്ചു. തങ്ങൾ ലൈംഗികബന്ധം പുലർത്തിയ പെൺകുട്ടികളുമായി തുടർന്ന് ജീവിക്കാൻ അവർക്ക് ഇഷ്ടമാണോ എന്നദ്ദേഹം ചോദിച്ചു. അവർക്കതിൽ യാതൊരുനിഷ്ടവും ഉണ്ടായിരുന്നില്ല. എങ്കിൽ ആ ബന്ധംതന്നെ തുടർന്ന്കൊള്ളട്ടെ എന്നായിരുന്നു ഇമാമിൻറെ നിർദ്ദേശം. ഉദ്ധരണം: ആത്മാവിൻറെ തീർതഥയാത്രകൾ, പേജ് 32.

ഒരുവശത്ത് ലോകത്തുള്ള കുഴപ്പങ്ങൾക്ക് കാരണം ശരീഅത്താണെന്നും അത് പഴഞ്ചനാണെന്നും ശത്രുക്കൾ പ്രചണ്ഡമായി പ്രചരിപ്പിച്ച്കൊണ്ടിരിക്കുന്നു. മനുഷ്യർക്ക് പ്രയാസം സൃഷ്ടിക്കുന്ന ഒരു സൂക്തമൊ ജനങ്ങളെ അടിമകളാക്കാൻ കൽപിക്കുന്ന ഒരു കൽപനയൊ ഖുർആനിലില്ല. അതേയവസരം മനുഷ്യവിമോചനത്തിന് ആഹ്വാനം ചെയ്യുന്ന അനേകം സൂക്തങ്ങൾ ഖുർആനിലുണ്ട്. മഹാനായ ഇബ്നു റുഷ്ദ് പറഞ്ഞു: “അജ്ഞത ഭയത്തിലേക്കും ഭയം വിദ്വേഷത്തിലേക്കും വിദ്വേഷം ആക്രമത്തിലേക്കും നയിക്കുന്നതാണ്.” ഇസ്ലാമിക ശരീഅത്തിനെ കുറിച്ച ശത്രുക്കളുടെ നിലപാടിൻറെ കാര്യത്തിൽ ഇബ്നു റുഷ്ദിൻറെ വാക്കുകൾ അക്ഷരാർത്ഥത്തിൽ ശരിയാണ്.

ഇസ്ലാമിക പണ്ഡിതന്മാർ ലോകത്ത് ഒരു കുഴപ്പവും സൃഷ്ടിച്ചിട്ടില്ല. എത്രയോ പുരോഹിതന്മാരും സന്യാസിമാരും ക്രൂരകൃത്യങ്ങൾ ചെയ്യൂന്നു. നിരപരാധിയുടെ രക്തം ചീന്തുന്നത് ശരീഅത് വിരുദ്ധമാണ്. ഒരാൾ ജീവകാരുണ്യത്തിനായും, സമാധാനത്തിനായും, പരിസ്ഥിതി സംരക്ഷണത്തിനായും പ്രവർത്തിക്കുമ്പോൾ അയാൾ ശരീഅത് നടപ്പാക്കുകയാണ് ചെയ്യുന്നത്. ഇമാം ഇബ്നു ഖയ്യിം പറഞ്ഞു: “യുക്തി,കാരുണ്യം,നീതി,പൊതുനന്മ എന്നീ നാല് കാര്യങ്ങൾ അടങ്ങിയതാണ് ശരീഅത്. അതല്ലാത്തതൊന്നും ശരീഅത്തല്ല. ക്രൂരതക്ക് നിമിത്തമാവുന്നത് ശരീഅത്തല്ല. അനീതി ശരീഅത്തല്ല. യുക്തിവിരുദ്ധമായ കാര്യങ്ങളും ഇസ്ലാമിക ശരീഅത്താവുകയില്ല.” അപ്പോൾ ഇത്രയും ഉദാത്തമായ ഇസ്ലാമിക ശരീഅത്ത് മുസ്ലിം ലോകത്ത് നടപ്പാക്കുന്നതിനുള്ള തടസ്സങ്ങൾ എന്താണ്? അതിനുള്ള പ്രതിബന്ധങ്ങൾ എന്തെല്ലാം?

രണ്ട് തരം തടസ്സങ്ങൾ

ചിന്താപരവും വിശ്വാസപരവുമായ തടസ്സങ്ങളാണ് ശരീഅത് നടപ്പാക്കാതിരിക്കാനുള്ള ഒന്നമാത്തെ കാരണം. മുസ്ലിം രാജ്യങ്ങളിലെ പാശ്ചാത്യ സംസ്കാരത്തിൻറെ സ്വാധീനഫലമായി, ശരീഅതിനെ കുറിച്ച തികഞ്ഞ അജ്ഞത, അതിനെ കുറിച്ച ഭീതി, മുസ്ലിംങ്ങൾക്കിടയിലെ വിശ്വാസത്തിൻറെ ബലഹീനത, അല്ലാഹുവിൻറെ വാഗ്ദാനത്തെ കുറിച്ച ആത്മവിശ്വാസമില്ലായ്മ, മുസ്ലിങ്ങൾക്കിടയിലെ ചിന്താപരമായ അനൈക്യം ഇത്തരം പ്രവണതകളാണ് ശരീഅത് മുസ്ലിം രാജ്യങ്ങളിൽ പോലും നടപ്പാവാതിരിക്കാനുള്ള ചിന്താപരവും വിശ്വാസപരവുമായ തടസ്സങ്ങൾ.

ബാഹ്യ തടസ്സങ്ങളാണ് ശരീഅത്ത് നടപ്പാവാതിരിക്കാനുള്ള രണ്ടാമത്തെ കാരണം. അഥവാ ശത്രുക്കളുടെ ഇടപെടലുകൾ. നൂറ്റാണ്ടുകളായി മുസ്ലിം രാഷ്ട്രങ്ങൾ പാശ്ചാത്യരുടെ കോളനി രാജ്യങ്ങളായി കഴിയുകയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിൻറെ മധ്യത്തോടെ അതിൽ നിന്ന് മോചനമായെങ്കിലും, പാവ സർക്കാറുകളെ നിശ്ചയിച്ച് തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിച്ച് വരുകയാണ് പടിഞ്ഞാറൻ മേധാവികൾ.

മുസ്ലിം രാജ്യങ്ങൾ ഇന്ന് ഭരിക്കപ്പൈടുന്നത് ശുദ്ധ അനിസ്ലാമിക പാശ്ചാത്യ നിയമങ്ങളനുസരിച്ചാണ്. ഇസ്ലാം നിരോധിച്ചതെല്ലാം ഇന്ന് അവിടെ ലഭ്യമാണ്. ഇസ്ലാമിലെ ശിക്ഷാവിധികൾ മാത്രമാണ് അവർക്ക് സ്വീകാര്യം. ഇത് ഇസ്ലാമിനെ ശത്രുക്കൾക്ക് മുമ്പിൽ കൂടുതൽ അപഹാസ്യമാക്കുകയാണ്. പ്രകൃതി വിഭവങ്ങളാൽ സമ്പന്നമായ മുസ്ലിം രാഷ്ട്രങ്ങളുടെ സാമ്പത്തിക ഉറവിടം പാശ്ചാത്യ നിയന്ത്രണത്തിലാണ്. മുസ്ലിം രാഷ്ട്രങ്ങളിൽ നിന്ന് അസംസ്കൃത വസ്തുക്കൾ കടത്തുകയും അത് വർധിത മുല്യമുള്ള ഉൽപന്നങ്ങൾ നിർമ്മിച്ച് അവരെ തങ്ങളുടെ ഉപഭോക്തൃ രാഷ്മ്രായി മാറ്റുകയും ചെയ്യുന്ന ദാരുണമായ കാഴ്ചയാണ് കാണുന്നത്.

പാശ്ച്യാത്യ ശക്തികളുടെ നേരിട്ടുള്ള അധിനിവേശം മുസ്ലിം രാജ്യങ്ങളിൽ അവസാനിച്ചിട്ടുണ്ടെങ്കിലും, പാവ സർക്കാറുകൾക്ക് നിർലോഭമായ പിന്തുണ, ആവശ്യാനുസരണം സാമ്പത്തികവും സൈനികവുമായ സഹായം നൽകൽ, ഇസ്ലാമിക ശക്തികളേയും ജനാധിപത്യ പ്രവണതകളേയും അടിച്ചമർത്തൽ, യദ്ധോപകരണങ്ങൾ നൽകുകയും കര, കടൽ മിലിട്ടറി ബെയ്സ് അവർ ഉപയോാഗിക്കൽ എല്ലാം നിർബാദം നടക്കുന്നു എന്ന് മാത്രമല്ല വിരുന്നുകാരെ പോലെ ക്ഷണിച്ച് വരുത്തുകയാണ്.

മുസ്ലിം ഭരണാധികാരികൾ രാഷ്ട്രത്തെ പൂർണ്ണമായും മതത്തിൽ നിന്നും വേർപ്പെടുത്തി. ഇസ്ലാം വിരോധിച്ച കാര്യങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നു. പലിശ ബാങ്കുകൾ സ്ഥാപിക്കുന്നു. സാങ്കേതിക വിദ്യ, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം തുടങ്ങിയവയിൽ പാശ്ചാത്യരോടുള്ള അടിമത്ത മനോഭാവം കൂടുതൽ ശക്തമായി തുടരുന്നു. വിദ്യാഭ്യാസം, വാർത്ത മാധ്യമങ്ങളുടെ നിയന്ത്രണം എല്ലാം ഇന്ന് ഇസ്ലാം വിരുദ്ധ ശക്തികളുടെ കൈകളിലാണ്. അറബ് മുസ്ലിം രാഷ്ട്രങ്ങൾ ഇസ്റായേലുമായി ബന്ധം സാധാരണ നിലയിലാക്കുന്നത് അവശേഷിക്കുന്ന ഇസ്ലാമിക മൂല്യങ്ങൾ കൂടി ഉന്മൂലനം ചെയ്യാൻ മാത്രമേ സഹായിക്കുകയുള്ളൂ. ഇസ്റായേലുമായി ബന്ധം സാധാരണ നിലയിലാക്കിയ ഈജ്പ്റ്റിലും ജോർദാനിലും ധാർമ്മിക അധ:പതനം പാരമ്യതയിലാണ്.

യുക്തിയുടെ പരിവേഷമണിയിച്ച നവീന ചിന്തകൾ മുസ്ലിം ലോകത്ത് പ്രചരിപ്പിക്കുന്നു എന്നതാണ് മറ്റൊരു ദാരുണാവസ്ഥ. 1990 മുതൽ ലോകത്ത് നടപ്പാക്കിയ ലോക വ്യാപാര സംഘടന നിയമങ്ങൾ മൂസ്ലിം രാഷ്ട്രങ്ങളെ കൂടുതൽ വരിഞ്ഞു മുറുക്കാൻ മാത്രമേ സഹായിച്ചിട്ടുള്ളു. സമൂഹത്തിൻറെ സദാചാര അടത്തറ തകർക്കുന്ന നിയമങ്ങൾ ഉൾപ്പടെ എല്ലാ വ്യവസ്ഥകളും അംഗ രാഷ്ട്രങ്ങൾ നടപ്പാക്കാൻ ബാധ്യസ്ഥരാണ്. ഇന്ന് നാം കാണുന്ന അരക്ഷിതാവസ്ഥയുടെ യഥാർത്ഥ കാരണം ഇത്തരം കരാറുകളിലാണ് നിലകൊള്ളുന്നത്.

ഇസ്ലാമിക പ്രസ്ഥാനനം മുൻഗണനാക്രമം എന്ന കൃതിയിൽ ഡോ.യുസുഫുൽ ഖർളാവി മുസ്ലിംങ്ങൾ പാശ്ചാത്യരുമായി രാഷ്ട്രീയ സംവാദത്തിൽ ഏർപ്പെടേണ്ടതിൻറെ അനിവാര്യത വ്യക്തമാക്കിയതിന് ശേഷം പറഞ്ഞതിലാണ് ഇസ്ലാമിക ശരീഅത് പ്രയോഗവൽക്കരിക്കാൻ കഴിയാത്തതിൻറെ മർമ്മം നിലകൊള്ളുന്നത്: ” ഇസ്ലാമുമായി ജീവിക്കുവാനും ഇസ്ലാമിക ശരീഅത്തനുസരിച്ച് നമ്മെ ഭരിക്കുവാനുമുള്ള അവകാശം നമുക്ക് വകവെച്ച് തരുന്ന കാര്യം പാശ്ചാത്യരെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിൽ വിജയിച്ചാൽ നമ്മുടെ നാടുകളിൽ ഒരിസ്ലാമിക സമൂഹത്തിൻറെ സൃഷ്ടി എന്ന ലക്ഷ്യത്തിൽ നാം ബഹുദൂരം മുന്നോട്ട് പോയതായി കണക്കാക്കാം.” പേജ്: 166

ഇസ്ലാമിക ശരീഅത് നടപ്പാക്കുന്നത് അവഗണിച്ചാൽ അതിൻറെ പ്രത്യാഘാതങ്ങൾ വിവരക്കുന്ന നിരവധി ഖുർആനിക സൂക്തങ്ങളും പ്രവാചക വചനങ്ങളും കാണാം. സൂറത്ത് തലാഖിലെ ഒരു സൂക്തം ഇങ്ങനെ: ” എത്രയോ നാടുകൾ, അവയുടെ നാഥൻറെയും അവൻറെ ദൂതൻമാരുടെയും കൽപനകൾ നിരാകരിച്ച് ധിക്കാരം പ്രവർത്തിച്ചു. അപ്പോൾ നാം അവയെ കർക്കശമായ വിചാരണക്കു വിധേയമാക്കി. കൊടിയ ശിക്ഷ നൽകുകയും ചെയ്തു.” 65:8

അതിനാൽ മുകളിൽ വിവരിച്ച തടസ്സങ്ങളെല്ലാം ഒന്നൊന്നായി വകഞ്ഞ് മാറ്റിയാൽ മാത്രമേ, ജലാശയത്തിലേക്കുള്ള വഴിയെ പോലെ, മനുഷ്യർക്ക് അനുഗ്രഹമായ ഇസ്ലാമിക ശരീഅത്ത് പ്രയോഗവൽക്കരിക്കാൻ സാധിക്കുകയുള്ളൂ. മൂസാ നബിയുടെ ചരിത്രം ഏറ്റവും കൂടുതൽ ആവർത്തിച്ച് ഖുർആൻ വിവരിക്കുന്നത് സ്വഛാധിപതികളിൽ നിന്നും ഒരു ജനതയെ മോചിപ്പിക്കുന്നതിൻറെ സമഗ്രമായ പാഠങ്ങൾ പഠിക്കാൻ വേണ്ടിയാണ്. കാലം എപ്പോഴും ഒരേ ദിശയിലല്ല സഞ്ചരിക്കുക എന്ന കാര്യം ഉറപ്പാണ്. ഒരു നല്ല നാളേക്ക് വേണ്ടി പണി എടുക്കാം. പ്രാർത്ഥിക്കാം. ഫലം നൽകേണ്ടത് അല്ലാഹുവിൻറെ മഹത്തായ തീരുമാന പ്രകാരമാണ്. ഏത് കാർമേഘങ്ങൾക്കിടയിലും പ്രതീക്ഷയുടെ പൊൻകിരണങ്ങൾ കാണാം. അതാണ് നമ്മെ മുന്നോട്ട് നയിക്കേണ്ട പ്രകാശം.

Related Articles