Faith

ഹിജ്റയും വിശ്വാസത്തിന്റെ സ്ഥാനവും

അല്ലാഹു പറയുന്നു: ‘വിശ്വസിക്കുകയും, ഹിജ്റ ചെയ്യുകയും (ദൈവികസരണയിൽ വീടും കുടുംബവും വെടിയുക), അല്ലാഹുവിന്റെ മാർഗത്തിൽ ജിഹാദിൽ ഏർപ്പെടുകയും ചെയ്തിട്ടുള്ളവരാരോ, അവരാകുന്നു ദൈവം കാരുണ്യം പ്രതീക്ഷിക്കാൻ അർഹതയുള്ളവർ. അല്ലാഹു അവരുടെ പാകപ്പിഴവുകൾ മാപ്പാക്കുന്നവനും, കാരുണ്യം ചൊരിഞ്ഞ് അനുഗ്രഹിക്കുന്നവനുമെത്രേ.’ (അൽബഖറ: 218)

ഈ സൂക്തത്തിൽ നിന്നുള്ള ഗുണപാഠങ്ങളാണ് താഴെ വിശദീകരിക്കുന്നത്:-

ഒന്ന്: ഇസ്ലാം ഏറ്റവും ഉന്നതമായി കാണുന്നവയെയാണ് ഈ സൂക്തം പരസ്പരം ചേർത്തുവെക്കുന്നത്. അത് ഈമാൻ, ജിഹാദ്, ഹിജ്റ എന്നിവയാണ്.

രണ്ട്: ഈ മൂന്ന് സ്ഥാനങ്ങൾക്കുമിടയിൽ ശക്തമായ ബന്ധം കാണാൻ കഴിയുന്നതാണ്. ഈമാനില്ലാത്തവന് ഹിജ്റയില്ല, ജിഹാദ് കൊണ്ടല്ലാതെ ഹിജ്റ സാക്ഷാത്കരിക്കപ്പെടുകയില്ല, ഈമാനില്ലാത്തവന്റെ ജിഹാദ് കൊണ്ടും ഹിജ്റ കൊണ്ടും യാതൊരു കാര്യവുമില്ല. വിശുദ്ധ ഖുർആൻ അത് വ്യക്തമാക്കുന്നു: ‘അവർ പ്രവർത്തിച്ച കർമങ്ങളുടെ നേരെ നാം തിരിയുകയും, നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീർക്കുകയും ചെയ്യും.’ (അൽഫുർഖാൻ: 23)

മൂന്ന്: ജിഹാദ് നാല് രീതിയിലുണ്ട്. ഒന്ന്, സ്വന്തത്തോടുള്ള ജിഹാദ് (جهاد النفس) – മനസ്സിന് നിരന്തരവും, അതിശക്തവുമായ ജിഹാദ് അത്യാവശ്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജിഹാദിന്റെ ശേഷിക്കുന്ന വ്യത്യസ്ത ഇനങ്ങൾ നിർമിക്കപ്പെടുന്നത്. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങൾ മ‍ുസ്ലിംകളായികൊണ്ടല്ലാതെ മരിക്കാനിടയാകരുത്.’ (ആലുഇംറാൻ: 102)

Also read: ചരിത്രങ്ങള്‍ പറയുന്ന വിശുദ്ധ ഖുര്‍ആന്‍

മനസ്സ് മൂന്ന് വിധത്തിലാണ്. ഒന്നാമത്തേത് വിജിയിച്ച മനസ്സാണ്. അതാണ് സമാധാനമടഞ്ഞ ആത്മാവ് (النفس المطمئنة). സൽസ്വഭാവിയായ സൂക്ഷമതപുലർത്തുന്ന വിശ്വാസിയുടെ മനസ്സാണത്. ‘ഹേ, സമാധാനമടഞ്ഞ ആത്മാവേ, നീ നിന്റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും, തൃപ്തി ലഭിച്ചുകൊണ്ടും മടങ്ങികൊള്ളുക. എന്നിട്ട് എന്റെ ദാസന്മാരുടെ കൂട്ടത്തിൽ പ്രവേശിച്ചു കൊള്ളുക. എന്റെ സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക.’ (അൽഫജ്ർ: 27-30) രണ്ടാമത്തേത് നാശമടഞ്ഞ മനസ്സാണ്. അതാണ് തെറ്റിലേക്ക് ചാഞ്ഞുനിൽക്കുന്ന, തെറ്റിന് പ്രേരിപ്പുക്കുന്ന മനസ്സ് (النفس الأمارة بالسوء). നിഷേധിയുടെയും, ഇച്ഛകളുടെയും ആഗ്രഹങ്ങളുടെയും പിന്നാലെ പോകുന്നവന്റെയും മനസ്സാണത്. ‘ഞാൻ എന്റെ മനസ്സിനെ കുറ്റത്തിൽ നിന്ന് ഒഴിവാക്കുന്നില്ല. തീർച്ചയായും മനസ്സ് ദുഷ്പ്രവർത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്റെ രക്ഷിതാവിന്റെ കരുണ ലഭിച്ച മനസ്സൊഴികെ. തീർച്ചയായും എന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.’ (യൂസുഫ്: 53) മൂന്നാമത്തേത് കുറ്റപ്പെടുത്തുന്ന മനസ്സാണ് (النفس اللوامة). തെറ്റ് ചെയ്യുകയും, തുടർന്ന് പശ്ചാത്തപിക്കുകയും പാപമോചനം തേടുകയും ചെയ്യുന്ന വിശ്വാസിയുടെ മനസ്സാണത്. അവർ എപ്പോഴും തെറ്റിന്റെയും ധിക്കാരത്തിന്റെയും പേരിൽ ഖേദിക്കുന്നവരായിരിക്കും. ‘കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാൻ സത്യം ചെയ്യുന്നു.’ (അൽഖിയാമ: 2)

തെറ്റിലേക്ക് ചായുന്ന മനസ്സിന്റെയും, കുറ്റപ്പെടുത്തുന്ന മനസ്സിന്റെയും ആളുകൾ വിജയംവരിക്കുന്നതിന് അല്ലാഹുവിനോടുള്ള അനുസരണത്തിൽ വീഴ്ച വരുത്തുന്നതിൽ നിന്ന് വിട്ട് സത്കർമങ്ങൾ അനുവർത്തിക്കുകയും, പശ്ചാത്തപിക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലാഹുവിന്റെ റസൂൽ പറയുന്നു: ‘തന്റെ സഹോദരന്റെ നാവിൽ നിന്നും കെെയിൽ നിന്നും ആര് സുരക്ഷിനായോ അവനാണ് മ‍ുസ്ലിം. അല്ലാഹുവും അവന്റെ റസൂലും നിരോധിച്ചതെന്തോ അത് വെടിഞ്ഞവനാണ് മുഹാജിർ.’ രണ്ട്, പിശാചിനോടുള്ള ജിഹാദ് (جهاد الشيطان) – ആദം(അ) ഭൂമിയിലേക്ക് ഇറക്കപ്പെട്ടത് മുതൽ പിശാച് മനുഷ്യന്റെ ശത്രുവാണ്. മരണവും നാശവും കാത്തിരിക്കുന്ന പിശാചിനെ വെടിയുകയെന്നത് ബുദ്ധിയുള്ള മനുഷ്യന്റെ മേൽ നിർബന്ധമാണ്. ഇച്ഛകളോടും, ആഗ്രഹങ്ങളോടും പോരാടികൊണ്ടല്ലാതെ ഒരാൾക്കും ഇതിൽനിന്ന് വിട്ടുനിൽക്കാൻ കഴിയുകയില്ല. അത് വലിയ കാര്യം തന്നെയാണ്. പിശാച് ഇച്ഛകളുടെയും, ആഗ്രഹങ്ങളുടെയും ചുറ്റും കറങ്ങികൊണ്ടിരിക്കുകയും, അങ്ങനെ മനുഷ്യനെ കീഴ്പ്പെടുത്തുന്നതുമാണ്. അല്ലാഹു നമ്മോട് കൽപിക്കുന്നു: ‘തീർച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാൽ അവനെ നിങ്ങൾ ശത്രുവായിത്തന്നെ ഗണിക്കുക.’ (ഫാത്വിർ: 6) തന്നോട് ശത്രുതയുണ്ടെന്നറിഞ്ഞിരിക്കെ ശത്രുവിനെ കൂട്ടുകാരനായി സ്വീകരിക്കുകയും, അവനെ കാത്തിരിക്കുകയും ചെയ്യുന്ന മനുഷ്യൻ എത്ര വിഡ്ഡിയാണ്!

മൂന്ന്, നിഷേധികളോടുള്ള ജിഹാദ് (جهاد الكفّار) – ജിഹാദിന്റെ വ്യത്യസ്ത ഇനങ്ങളിൽപെട്ട ഒരു ഇനമാണിത്. സ്വന്തത്തോട് ജിഹാദ് ചെയ്തവനും, അല്ലാഹുവിന് വിധേയപ്പെട്ട് തെറ്റുകൾ വെടിഞ്ഞ് ഹിജ്റ (എല്ലാം അല്ലാഹുവിന് വേണ്ടി ഉപേക്ഷിക്കുക) ചെയ്തവനുമല്ലാതെ ഈ ജിഹാദ് നിർവഹിക്കാൻ കഴിയുകയില്ല. സ്വന്തത്തോടും, പിശാചിനോടും ജിഹാദ് ചെയ്യുന്നതിൽ അശക്തനായവൻ ശത്രുവിനോട് ജിഹാദ് ചെയ്യുന്നതിലും അശക്തനായിരിക്കും. അതുകൊണ്ടാണ് ഹിജ്റക്കും ജിഹാദിനും മുമ്പ് ഈമാൻ (വിശ്വാസം) എടുത്തുപറഞ്ഞത്. എന്നാൽ ഈമാൻ സത്കർമങ്ങൾ കൊണ്ടല്ലാതെ പൂർത്തീകരിക്കപ്പെടുകയില്ല. സത്കർമമെന്നത് നിർബന്ധ കാര്യങ്ങൾ (ഫർദ്) നിർവഹിക്കുക, നിഷിദ്ധമായത് വെടിയുക എന്നിവയാണ്. ആര് ഇപ്രകാരം നിലകൊള്ളുന്നുവോ അവൻ ഹിജ്റയും ജിഹാദും ഒരുമിച്ച് സാക്ഷാത്കരിക്കുന്നതാണ്. നാല്, വഴിപിഴച്ച പുത്തൻ ആചാരങ്ങളുടെ ആചാര്യന്മാരോടുള്ള ജിഹാദ് (جهاد أرباب البدع والضلالات) – വഴിപിഴച്ച പുത്തൻ ആചാരങ്ങളെ മുറുകെ പിടിക്കുന്ന ആചാര്യന്മാർ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട്. അവരോട് ജിഹാദ് ചെയ്തുകൊണ്ടല്ലാതെ വിശ്വാസിയുടെ വിശ്വാസം ശരിപ്പെടുകയില്ല. ഒരുവന് അതിന് കഴിയുന്നില്ലെങ്കിൽ അവൻ അവർ പശ്ചാത്തപിക്കുന്നതുവരെ അവരെ വെടിയേണ്ടതാണ്.

നാല്: ഈമാനിന്റെയും, ജിഹാദിന്റെയും ഉന്നതമായ സ്ഥാനങ്ങൾ നേടിയെടുക്കുന്നതുവരെ ഓരോ മ‍ുസ്ലിമും ഹിജ്റ ചെയ്യുകയെന്നത് (അല്ലാഹുവിന് എല്ലാം ഉപേക്ഷിക്കുകയെന്നത്) നിർബന്ധമാണ്. ഇത് സ്വന്തത്തോടും, പിശാചിനോടും, വഴിപിഴച്ച പുത്തൻ ആചാരങ്ങളുടെ വക്താക്കളോടുമുള്ള ജിഹാദ് ചെയ്തുകൊണ്ടല്ലാതെ സാക്ഷാത്കരിക്കപ്പെടുകയില്ല. ഹിജ്റയെന്നത് സത്യത്തിന് അനുകൂലമായതാണ്. ദീനിനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ജിഹാദ്. ഹിജ്റയുടെയും, ജിഹാദിന്റെയും വിധികൾ ഇവയുമായി മുന്നോട്ടുപോകുന്നതിന് മുമ്പ് വിശ്വാസി അറിഞ്ഞിരിക്കേണ്ടത് അനിവര്യമാണ്.

Also read: അനൈക്യത്തിലെ അപഹാസ്യത: അരുന്ധതി റോയി അനാവരണം ചെയ്തപ്പോൾ

അഞ്ച്: ഹിജ്റ വ്യത്യസ്ത രീതിയിലുണ്ട്. ഒന്നാമത്തേത് വ്യക്തിപരമായ ഹിജ്റയാണ് (الهجرة الفردية). തനിക്ക് ചുറ്റുമുള്ള വഴിപിഴിച്ച ആചാരങ്ങളുടെ വക്താക്കളോടും, പിശാചിനോടും, സ്വന്തത്തോടും ഓരോ മ‍ുസ്ലിമും ചെയ്യുന്ന ജിഹാദാണത്. ഇത് ഓരോ മനുഷ്യനും നിർബന്ധമാണ്. ഇതുകൊണ്ടല്ലാതെ ഒരു മനുഷ്യനും രക്ഷയില്ല. ഇപ്രകാരമാണ് നാം കൽപിക്കപ്പെട്ടിട്ടുള്ളത്. രണ്ടാമത്തേത് സാമൂഹികമായ ഹിജ്റയാണ് (الهجرة الجماعية). മ‍ുസ്ലിം സമൂഹം ഒന്നടങ്കം അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും ഹിജ്റ ചെയ്യുകയെന്നതാണത്. അഥവാ, അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകികൊണ്ട്, സമൂഹം യഥാർഥത്തിൽ ഒന്നടങ്കം പശ്ചാത്തപിക്കുകയെന്നതാണ്. ‘സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുക, നിങ്ങൾ വിജയം പ്രാപിച്ചേക്കാം.’ (അന്നൂർ: 31)

ആറ്: സാമൂഹികമായ ഹിജ്റ (الهجرة الجماعية ). ഇതുകൊണ്ട് ഞാനുദ്ദേശിക്കുന്നത് മ‍ുസ്ലിം സമൂഹത്തിന്റെ ഒന്നടങ്കമുള്ള പശ്ചാത്താപമാണ്. അത് അവരുടെ മേൽ നിർബന്ധമായിട്ടുള്ള കാര്യമാണ്. ഈ കാലത്ത് പ്രത്യേകിച്ചും. കാരണം വലിയ തിന്മകൾ കൊടുക്കുത്തിവാഴുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. അതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് ഇസ്ലാമികമല്ലാത്ത പ്രത്യയശാസ്ത്രങ്ങളെ വിധിതേടുന്നതിന് നാം സമീപിക്കുന്നുവെന്നതാണ്. തൗബയുടെ ആദ്യപടിയെന്നത് വിശുദ്ധ ഖുർആനിലേക്കും, പ്രവാചക സുന്നത്തിലേക്കും മടങ്ങുകയെന്നതാണ്. അവയെ വിധിതേടുന്നതിലേക്ക് കൊണ്ടുവരികയെന്നതുമാണ്. അങ്ങനയല്ലെങ്കിൽ വിപ്ലവം ഇരുട്ടിൽ തന്നെയായിരിക്കും. അതിൽ നിന്ന് നിഷേധികൾ മുതലെടുക്കുകയും ചെയ്യുന്നതാണ്.

ഏഴ്: സാമൂഹികമായ ഹിജ്റക്ക് വ്യത്യസ്ത തലങ്ങളുണ്ട്. ആദ്യത്തേത് കടുംബമാണ്. ഈയൊരു ഹിജ്റ പിതാവ് ഇണയോടൊപ്പം നിലകൊള്ളുകയെന്നതാണ്. പൂർണമായ അർഥത്തിൽ വിശ്വാസത്തെ അടിസ്ഥാനമാക്കി കൊണ്ടാണ് കുടുംബം കെട്ടിപ്പടുക്കേണ്ടത്. പിതാവാണ് കുടുംബത്തിന്റെ നെടുംതൂൺ. ശരിയായ രീതിയിലുള്ള മേൽനോട്ടം പിതാവിനെ തന്റെ കുടുംബത്തിന്റെ കാര്യത്തിൽ ഉത്തരവാദിത്ത ബോധമുള്ളവനും, കാര്യബോധമുള്ളവനുമാക്കി തീർക്കുന്നതാണ്. രണ്ടാമത്തേത് മ‍ുസ്ലിംകൾ  അധിവസിക്കുന്ന ഇടങ്ങളാണ്. അവരിലെ ദീനീ നിഷ്ഠയുള്ളവർ അനിവാര്യമായും അവിടെയുള്ള ഓരോരുത്തരെയും വിശ്വാസത്തിലൂടെ, അല്ലാഹുവിനുള്ള അനുസരണത്തിലൂടെ, സത്കർമങ്ങളിലൂടെ അല്ലാഹുവിലേക്ക് ഹിജ്റ ചെയ്യുന്നതിന് ക്ഷണിക്കേണ്ടതുണ്ട്. മൂന്നാമത്തേത് മൊത്തം മ‍ുസ്ലിം സമൂഹമാണ്. ഈ ഹിജ്റ മ‍ുസ്ലിം സമൂഹത്തിന്റെ സന്തോഷത്തിന്റെ കാരണമായി തീരുന്നതണ്. മാത്രമല്ല, ഭൂമിയിലെ എല്ലാ സമൂഹങ്ങളുടെയുമായിരിക്കും. ഈയൊരു ഉത്തരവാദിത്തം മ‍ുസ്ലിം സമൂഹം അവഗണിക്കുന്നതുകൊണ്ടല്ലാതെ മനുഷ്യകുലത്തിന് ഇന്ന് മറ്റൊരു ദൗർഭാഗ്യമില്ല. അല്ലാഹു ഭൂമിയിൽ നമ്മെ നിയോഗിച്ചത് രക്ഷിതാവിന് ഇബാദത്ത് ചെയ്യുന്നതിനാണ്. ഈ അടിമത്തത്തിൽ നിന്ന് അശ്രദ്ധരായികൊണ്ട് എങ്ങനെയാണ് നമുക്ക് രക്ഷിതാവിന് ഇബാദത്ത് ചെയ്യാൻ കഴിയുക! വ്യക്തികളോ വിഭാഗങ്ങളോ അല്ലാതെ ഒറ്റ സമൂഹമായി അല്ലാഹുവിന്റെ മാർഗത്തിൽ ജിഹാദ് ചെയ്യുകയും, അവനിലേക്ക് ഹിജ്റ ചെയ്യുകയും, അവനെ വിശ്വസിക്കുകയും ചെയ്യുന്നതിന് വേണ്ടിയല്ലാതെ അവൻ നമ്മെ മധ്യമ സമുദായമാക്കിയിട്ടില്ല.

Also read: സ്നേഹിക്കാനറിയാത്ത ലോകത്തെ കുറിച്ച് ഒരു ഫലസ്തീനിയുടെ വ്യാകുലതകള്‍

എട്ട്: ‘അവരാണ് അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുന്നവർ’ എന്നത് തുടക്കത്തിലെ ആയത്തിൽ കാണാവുന്നതാണ്. വിശ്വാസത്തിന് ശേഷം ആര് ജിഹാദും ഹിജ്റയും ചെയ്യുന്നുവോ അവർക്ക് ഏറ്റവും നല്ല പര്യവസനമായിരിക്കും ഉണ്ടായിരിക്കുകയെന്നതിലേക്കാണ് ഇത് സൂചന നൽകുന്നത്. വിശ്വാസിയായ ഒരാൾക്ക് തന്റെ പര്യവസാനം എന്തുകൊണ്ടായിരിക്കുമെന്ന് അറിയുകയില്ല. ആരെങ്കിലും ഏറ്റവും നല്ല പര്യവസാനം ഉദ്ദേശിക്കുന്നവെങ്കിൽ ഈ സൂക്തത്തിൽ പറഞ്ഞ മൂന്ന് കാര്യങ്ങൾ മുറുകെ പിടിക്കേണ്ടതാണ്. ഞാൻ മനസ്സിലാക്കുന്നത്, ഇതുകൊണ്ടാണ് വിശ്വസിക്കുകയും, ഹിജ്റ ചെയ്യുകയും, ജിഹാദിലേർപ്പെടുകയും ചെയ്യുന്നവർക്ക് അല്ലാഹുവിൽ നിന്നുള്ള കാരുണ്യം പ്രതീക്ഷിക്കാൻ കഴിയുന്നത്. അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിച്ചുകൊള്ളുകയെന്നത് അല്ലാഹു വെറുതെ പറയുകയില്ല. അല്ലാഹു തന്റെ അടിമക്ക് നൽകുക തന്നെ ചെയ്യുന്നതാണ്. അല്ലാഹു പരിശുദ്ധനാണ്! അവൻ വാഗ്ദാനങ്ങൾ ലംഘിക്കുകയില്ല. ‘അല്ലാഹുവേക്കാൾ സത്യസന്ധമായി സംസാരിക്കുന്നവൻ ആരുണ്ട്?’ (അന്നിസാഅ്:122)

ഒമ്പത്: ആയത്തിന്റെ ആവസാനത്തിൽ അല്ലാഹു പറയുന്നു: ‘അല്ലാഹു പൊറുത്തുകൊടുക്കുന്നവനും, കരുണ ചെയ്യുന്നവനുമാണ്.’ അല്ലാഹുവിലേക്ക് ഹിജ്റ ചെയ്യുകയും, അവന്റെ മാർഗത്തിൽ ജിഹാദിലേ‍ർപ്പെടുകയും (മുമ്പ് വിശിദീകരിച്ച ജിഹാദിന്റെ നാല് ഇനങ്ങൾ) ചെയ്യുന്ന വിശ്വാസിയുടെ അന്ത്യം ഏറ്റവും നല്ലതായി തീരുന്നതാണ്. ഈയൊരു പര്യവസാനം ഇഹലോകത്തും പരലോകത്തും നന്മ പ്രദാനം ചെയ്യുന്നതായിരിക്കും.

പത്ത്: മുമ്പ് വിശദീകരിച്ച അർഥത്തിൽ, എത്രത്തോളമാണ് അല്ലാഹുവിലേക്കുള്ള മനസ്സിന്റെ ഹിജ്റ അനിവാര്യമായി തീരുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇസ്ലാമിനെ സംരക്ഷിക്കുന്നതിനും, മുസ്ലിംകളുടെ സംരക്ഷണത്തിനുമായി ഒരു ദേശത്ത് നിന്ന് മറ്റൊരു ദേശത്തേക്ക് ഹിജ്റ പോവുകയെന്നത് നിർബന്ധമായിട്ടുള്ള കാര്യമാണ്. ഈയൊരു ഹിജ്റക്ക് ശറഈയായ ചില അടിസ്ഥാന നിയമങ്ങളുണ്ട്. അതിന് തയാറെടുക്കുന്നതിന് മുമ്പ് അതിനെ കുറിച്ച് പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. ശരിയാണെന്ന് മനസ്സിലാക്കി അബദ്ധത്തിൽ വിശ്വാസികൾ ഇസ്ലാമിക സമൂഹത്തിൽനിന്ന് ഹിജ്റ ചെയ്യാതിരിക്കാൻ വേണ്ടിയാണത്.

വിശ്വാസിയെ സംബിന്ധിച്ചിടത്തോളം, എല്ലാ അവസ്ഥയിലും അവൻ വിശ്വാസ നൈരന്തര്യത്തോടെയും, മനസ്സിനെ നന്മയിലേക്കും തുടർന്ന് ദൃഢബോധത്തിലേക്കും ഉയർത്തി അല്ലാഹുവിലേക്ക് ഹിജ്റ ചെയ്തുകൊണ്ട് ജീവിക്കുന്നവനായിരിക്കും.

(മസ്ജിദ് അഖ്സിയിലെ ഇമാമും, ഖതീബും, ബൈത്തുൽ മഖ്ദിസിലെ പ്രബോധക-പണ്ഡിത സഭാ ജനറൽ സെക്രട്ടറിയുമാണ് ലേഖകൻ)

വിവ: അർശദ് കാരക്കാട്

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker