പെണ്‍കുട്ടികള്‍ മാത്രമുള്ള മാതാപിതാക്കളുടെ അനന്തരാവകാശം സഹോദരങ്ങളിലേക്ക് പോകും എന്നതാണ് എല്ലാവരും പറയുന്ന കാര്യം. എന്നാല്‍ ഇസ്ലാമിലെ അനന്തരാവകാശ നിയമം അതിലേറെ വിശാലമാണ്. സന്താനമായി പെണ്‍കുട്ടികള്‍ മാത്രമുള്ളപ്പോള്‍ വരാനുള്ള സാധ്യതകളാണ് താഴെ പറയുന്നത്:
• പരേതന് പെണ്‍കുട്ടികള്‍ മാത്രമുള്ള കേസില്‍ ആദ്യം പരിഗണിക്കപ്പെടുന്നത് പിതാവിനെയാണ്. അപ്പോള്‍ ഭാര്യക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഓഹരി നല്കിയ ശേഷം ബാക്കിയാവുന്നത് മുഴുവന്‍ പിതാവിനാണ് ലഭിക്കുക. പിതാവ് ഉള്ളപ്പോള്‍ സഹോദരങ്ങളെ പരിഗണിക്കില്ല.
(ഷുക്കൂര്‍ വക്കീലിന് പിതാവ് ജീവിച്ചിരിപ്പുണ്ട്. അതിനാല്‍ സഹോദരങ്ങള്‍ക്ക് ഓഹരി ലഭിക്കില്ല. തന്നെ താനാക്കുന്നതില്‍ വലിയ പങ്ക് വഹിച്ച പിതാവിന് പോലും ഓഹരി കൊടുക്കാനുള്ള സൌമനസ്യം വക്കീലിന് ഇല്ല എന്നാണ് അദ്ദേഹത്തിന്‍റെ “രണ്ടാം കെട്ട്” നടപടിയില്‍ നിന്ന് നമുക്ക് മനസ്സിലാവുന്നത്)
• പിതാവില്ല എന്നാല്‍ പൌത്രന്മാര്‍ ഉണ്ടെങ്കില്‍, സഹോദരന്മാരെക്കാള്‍ ഇവര്‍ക്കാണ് മുന്‍ഗണന നല്‍കപ്പെടുക. അപ്പോള്‍ ഭാര്യക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഓഹരി നല്കിയ ശേഷം ബാക്കിയാവുന്നത് പൌത്രനാണ് ലഭിക്കുക. പൌത്രന്മാര്‍ ഒന്നില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ അവര്‍ അത് തുല്യമായി പങ്കിടും. ആണും പെണ്ണും ഉണ്ടെങ്കില്‍ രണ്ട് പെണ്ണിന്‍റെ ഓഹരി ഒരു ആണിന് എന്ന അനുപാതത്തില്‍ അത് അവര്‍ക്കിടയില്‍ വീതിക്കും.
• പിതാവും പൌത്രനും ഇല്ലെങ്കില്‍ പൂര്‍ണ സഹോദരങ്ങള്‍, ആണും പെണ്ണും അവകാശികള്‍ ആവും. അപ്പോള്‍ ഭാര്യക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഓഹരി നല്കിയ ശേഷം ബാക്കിയാവുന്നത് സഹോദരീസഹോദരന്‍മാര്‍ രണ്ട് പെണ്ണിന്‍റെ ഓഹരി ഒരു ആണിന് എന്ന അനുപാതത്തില്‍ വീതിച്ചെടുക്കും.
• ഭാര്യയും പെണ്‍കുട്ടികളും ഒരു സഹോദരിയും മാത്രമേ അവകാശികളായി ഉള്ളൂവെങ്കില്‍, പെണ്‍കുട്ടികള്‍ക്കും അവരുടെ മാതാവിനുമുള്ള ഓഹരി കൊടുത്ത ശേഷം ബാക്കിയാവുന്നത് സഹോദരിക്ക് ലഭിക്കും.
• ഭാര്യയും പെണ്‍കുട്ടികളും ഒന്നിലധികം സഹോദരികളും മാത്രമേ അവകാശികളായി ഉള്ളൂവെങ്കില്‍, പെണ്‍കുട്ടികള്‍ക്കും അവരുടെ മാതാവിനുമുള്ള ഓഹരി കൊടുത്ത ശേഷം ബാക്കിയാവുന്നത് സഹോദരികള്‍ തുല്യമായി വീതിക്കും.
• പൂര്‍ണ സഹോദരങ്ങള്‍ ഇല്ലാത്തപ്പോള്‍, പിതാവിലൊത്ത സഹോദരങ്ങളെ പരിഗണിക്കും. വിതരണം മുകളില്‍ പൂര്‍ണസഹോദരങ്ങളുടേത് തന്നെ.
• പൂര്‍ണസഹോദരങ്ങളും പിതാവിലൊത്ത സഹോദരങ്ങളും ഇല്ലെങ്കില്‍ മാതാവിലൊത്ത സഹോദരങ്ങളെ പരിഗണിക്കും. ഒരാള്‍ (ആണായാലും പെണ്ണായാലും) മാത്രമേ ഉള്ളൂവെങ്കില്‍ മൊത്തം സ്വത്തിന്‍റെ ആറിലൊന്ന് അയാള്‍ക്ക് ലഭിക്കും. മാതാവിലൊത്ത സഹോദരങ്ങള്‍ ഒന്നിലധികം ഉണ്ടെങ്കില്‍ മൊത്തം സ്വത്തിന്‍റെ മൂന്നിലൊന്ന് അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും. അവിടെ ആണും പെണ്ണും അവകാശത്തില്‍ തുല്യരാണ്.
• സഹോദരങ്ങള്‍ ഇല്ലെങ്കില്‍, പൂര്‍ണ്ണ സഹോദരന്മാരുടെ / പിതാവിലൊത്ത സഹോദരന്മാരുടെ ആണ്മക്കള്‍ മാത്രം അവകാശികള്‍ ആവും. അപ്പോള്‍ ഭാര്യക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഓഹരി നല്കിയ ശേഷം ബാക്കിയാവുന്നത് ഇവര്‍ക്കിടയില്‍ തുല്യമായി വീതിക്കും.
• പരേതന് പിതാവും പൌത്രനും സഹോദരങ്ങളും സഹോദരപുത്രന്മാരും ഇല്ലെങ്കില്‍ പൂര്‍ണ പിതൃസഹോദരന്മാരെ, (പിതൃസഹോദരികള്‍ക്ക് ഓഹരി ഇല്ല, ബന്ധങ്ങള്‍ അകലുമ്പോള്‍ പുരുഷന്മാരേ മാത്രമാണു പരിഗണിക്കുക), പരിഗണിക്കും. നിര്‍ണിത ഓഹരി അവകാശികള്‍ക്ക് കൊടുത്ത ശേഷം ബാക്കിയാവുന്നത് ഇവര്‍ തുല്യമായി വീതിക്കും.
• അവരും ഇല്ലെങ്കില്‍ അവരുടെ ആണ്മക്കള്‍ പരിഗണിക്കപ്പെടും.
• പൂര്‍ണ പൂതൃസഹോദരന്മാരുടെ മക്കളും ഇല്ലാത്തപ്പോള്‍, പിതാവിലൊത്ത പിതൃസഹോദരന്‍മാര്‍ പരിഗണിക്കപ്പെടും.
• അവരും ഇല്ലെങ്കില്‍, അവരുടെ ആണ്മക്കള്‍ പരിഗണിക്കപ്പെടും.
മേല്‍പ്പറഞ്ഞ ആരും തന്നെ ഇല്ലെങ്കില്‍, ബാക്കിവരുന്ന ഓഹരി അവകാശികള്‍ക്കിടയില്‍ തന്നെ അവരുടെ ഓഹരി അനുസരിച്ച് വീതിച്ചു കൊടുക്കും. ഇതിന് “റദ്ദ്” എന്നാണ് അനന്തരാവകാശ ഭാഷയില്‍ പറയുന്നത്.
നിര്‍ണിത അവകാശികളോ, മുകളില്‍ പറഞ്ഞ അവകാശികളോ ആരും തന്നെ ജീവിച്ചിരിക്കുന്നില്ല എങ്കില്‍, അകന്ന ബന്ധുക്കള്‍ (മാതാവ് വഴിയുണ്ടാകുന്ന ബന്ധങ്ങള്‍) പരിഗണിക്കപ്പെടും. അതില്‍ മകളുടെ മക്കള്‍, ഉമ്മയുടെ സഹോദരങ്ങള്‍ എന്നിവരൊക്കെ പരിഗണിക്കപ്പെടും. ഏത് സ്ത്രീ വഴിയാണോ ഇവരുമായി ബന്ധം സ്ഥാപിക്കപ്പെടുന്നത്, അവര്‍ക്ക് ലഭിക്കുന്ന ഓഹരിയാണ് ഈ അവകാശികള്‍ക്ക് ലഭിക്കുക.
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1