Current Date

Search
Close this search box.
Search
Close this search box.

ഖവാരിജുകളെ യുക്തമായി എതിര്‍ത്ത ഇബ്‌നു അബ്ബാസ്

എതിരാളികളെ എങ്ങനെ നേരിടണമെന്നതില്‍ മാതൃക കാണിച്ച് ലോകത്തിന് മുന്നില്‍ എഴുന്നേറ്റ് നില്‍ക്കുന്നത് മുസ്‌ലിം സമുദായമാണ്. ഈ മേഖലയില്‍ പ്രവാചക ശിഷ്യന്മാര്‍ മനോഹരമാര്‍ന്ന ഉദാഹരണങ്ങള്‍ നമുക്ക് കാഴ്ച്ച വെക്കുന്നുണ്ട്. ഖവാരിജുകളുമായി ഏര്‍പ്പെട്ട ഇബ്‌നു അബ്ബാസ്(റ)വിന്റെ വാഗ്വാദം ഇതിനുദാഹരണമാണ്. ഖവാരിജുകള്‍, സ്വഹാബികളെ കാഫിറാക്കുകയും അവരോട് യുദ്ധം ചെയ്ത് പോരുകയുമായിരിന്നു. എന്നാല്‍, ഇബ്‌നു അബ്ബാസ്(റ) ഏറ്റവും മാന്യമായ രീതിയില്‍ അവരുടെ ചിന്തകളോട് സംസാരിച്ചു. സംസാരത്തെ തുടര്‍ന്ന് അവരില്‍ ഒരുപാട് ആളുകള്‍ക്ക് അബന്ധ ധാരണകള്‍ മാറുകയും അവര്‍ ഇസ്‌ലാമിലേക്ക് വരികയും ചെയ്തു.

മുസ്‌ലിംകള്‍ക്കിടയില്‍ ആദ്യമായി ഉടലെടുത്ത പ്രശ്‌നം ഖവാരിജുകളുമായി ബന്ധപ്പെട്ടതാണ്. സ്വിഫിന്‍ യുദ്ധത്തിന് ശേഷം അലി(റ)യും മുആവിയ(റ)യും തഹ്ക്കീം(വിധികല്‍പ്പിക്കല്‍) വിഷയത്തില്‍ യോജിക്കുകയുണ്ടായി. അതിനെ ഖവാരിജുകള്‍ തളളുകളയുകയാണ് ചെയ്തത്. അളളാഹുവിനല്ലാതെ വിധികല്‍പ്പിക്കുവാന്‍ ആര്‍ക്കും അധികാരമില്ലെന്ന് വാദിച്ചായിരുന്നു ഖവാരിജുകള്‍ രംഗത്തെത്തിയത്. ‘പ്രയോഗം ശരിയും ഉദ്ദേശം വഴിപിഴച്ചതുമാണെന്നായിരിന്നു’ ഇതിനെതരെ മറുപടിയായ് അലി(റ) പറഞ്ഞത്.
അബ്ദുള്ളാഹി ബ്നു അബ്ബാസ്(റ) പറയുന്നു: ആറായിരത്തോളം ഹറൂറിയക്കാര്‍ (ഖവാരിജുകളിലെ ഒരു വിഭാഗം) വീട് വിട്ട് പുറപ്പെടുകയുണ്ടായി. ഞാന്‍ അലിയോട് പറഞ്ഞു; താങ്കള്‍ നമസ്‌ക്കാരം വൈകിപ്പിക്കുക, അവരോട് ഞാന്‍ സംസാരിച്ചു കൊള്ളാം. അലി പറഞ്ഞു; അവര്‍ താങ്കളെയെന്തെങ്കിലും ചെയ്യുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു. ഞാന്‍ പറഞ്ഞു; അങ്ങനെ ഭയപ്പെടേണ്ടതില്ല. തുടര്‍ന്ന്, വസ്ത്രം ധരിച്ച് കാല്‍നടയായ് പകല്‍ മധ്യത്തില്‍ അവര്‍ക്കിടയിലേക്ക് ഞാന്‍ പ്രവേശിച്ചു. അവര്‍ പറഞ്ഞു; അബ്ബാസിന്റെ പുത്രന് സ്വാഗതം, എന്ത് കാര്യത്തിനാണ് താങ്കള്‍ വന്നിരിക്കുന്നത്. അവരോട് ഞാന്‍ പറഞ്ഞു; അന്‍സാറുകളും മുഹാജിറുകളുമായ പ്രവാചക അനുചരന്മാരുടെ അടുക്കല്‍ നിന്നാണ് ഞാന്‍ വരുന്നത്, അവര്‍ക്കിടയിലാണ് പരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായത്, അവരാണ് നിങ്ങളേക്കാള്‍ അത് വിശദീകരിക്കാന്‍ ഉത്തമരായിട്ടുള്ളവര്‍, നിങ്ങളില്‍ വിശദീകരിക്കാനുള്ള യോഗ്യത കൈവരിച്ചവരായി ആരും തന്നെയില്ല, നിങ്ങള്‍ പറയുന്നത് അവരിലെത്തിക്കുകയും അവര്‍ പറയുന്നത് നിങ്ങളിലെത്തിക്കുകയുമാണ് ഞാന്‍ ചെയ്യുന്നത്. അവരിലെ ഒരു വിഭാഗം എന്നിലേക്ക് തിരിഞ്ഞു. അവരോട് ഞാന്‍ ചോദിക്കുകയുണ്ടായി; എന്ത് കൊണ്ടാണ് പ്രവാചക ശിഷ്യന്മാരെ മുഴുവനായും പ്രവാചക പിതൃവ്യ പുത്രന്‍ അലിയെ പ്രത്യേകിച്ചും പഴിചാരുന്നത്. മൂന്ന് കാരണങ്ങളുണ്ടെന്ന് അവര്‍ പറഞ്ഞു; അവ ഏതാണെന്ന് ഞാന്‍ ചോദിച്ചു; അവര്‍ പറഞ്ഞു; ഒന്ന്: അള്ളാഹു വിധി കല്‍പ്പിക്കാനുണ്ടായിരിക്കെ മറ്റുള്ളവരെ വിധികര്‍ത്താക്കളാക്കി, വിധി കല്‍പ്പിക്കാനുള്ള അധികാരം അള്ളാഹുവിനല്ലാതെ മറ്റാര്‍ക്കുമില്ല (അന്‍ആം:57), രണ്ട്: ആളുകളെ തടങ്കലില്‍ വെക്കുകയോ അവരില്‍ നിന്ന് യുദ്ധ മുതലുകള്‍ സ്വീകരിക്കുകയോ ചെയ്യാതെ പോരാട്ടങ്ങളില്‍ മാത്രം ഏര്‍പ്പെടുന്ന യുദ്ധ കൊതിയനാണ് അലി എന്നതാണ്, മൂന്ന്: വിശ്വാസികളുടെ നേതാവ് എന്ന അഭിസംബോധന (അമീറുല്‍ മുഅ്മിനീന്‍) അലി(റ) ഇല്ലാതാക്കി, കാഫിറുകളുടെ നേതാവാണ് എന്നതാണ് അത് കൊണ്ട് അര്‍ഥമാക്കുന്നത്. ഞാന്‍ ചോദിച്ചു; നിങ്ങള്‍ക്ക് ഇനിയെന്തെങ്കിലും പരാതി ബോധിപ്പിക്കാനുണ്ടോ? ഇത് മാത്രമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. അവരോട് ഞാന്‍ ചോദിച്ചു; പരിശുദ്ധ ഖുര്‍ആനില്‍ നിന്നും പ്രവാചക വചനങ്ങളില്‍ നിന്നുമുള്ള പ്രമാണങ്ങള്‍ കൊണ്ട് ഖണ്ഡിച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ ഇസ്‌ലാമിന്റെ ഭാഗമാവില്ലേ? തീര്‍ച്ചയായും ഞങ്ങള്‍ ഇസ്‌ലാമിലേക്ക് മടങ്ങുമെന്ന് അവര്‍ പറഞ്ഞു.

ഞാന്‍ മറുപടി നല്‍കി. മനുഷ്യരെ വിധികര്‍ത്താക്കളാക്കിയതാണ് ഒന്നാമതായി ഉന്നയിക്കപ്പെട്ട പ്രശ്നം. അള്ളാഹു തന്നെയാണ് മനുഷ്യരെ വിധികര്‍ത്താക്കളായ നിശ്ചയിച്ചത്. അള്ളാഹു കല്‍പ്പിക്കുന്നു: സത്യവിശ്വാസികളേ, നിങ്ങള്‍ ഇഹ്‌റാമിലായിരിക്കെ വേട്ടമൃഗത്തെ കൊല്ലരുത്. നിങ്ങളിലൊരാള്‍ മനഃപൂര്‍വ്വം അതിനെ കൊല്ലുന്ന പക്ഷം, അവന്‍ കൊന്നതിന് തുല്യമെന്ന് നിങ്ങളില്‍ രണ്ടുപേര്‍ തീര്‍പ്പുകല്‍പിക്കുന്ന കാലിയെ (അഥവാ കാലികളെ) കഅ്ബത്തിങ്കല്‍ എത്തിച്ചേരേണ്ട ബലിമൃഗമായി നല്‍കേണ്ടതാണ് (മാഇദ: 95). അള്ളഹു തന്നെയാണ് മനുഷ്യരെ വിധികര്‍ത്താക്കളായിത്. അവന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവനു തന്നെ വിധി കല്‍പ്പിക്കാമായിരിന്നു. മനുഷ്യനാണോ അതല്ല മുയലാണോ മനുഷ്യ ബന്ധങ്ങള്‍ നന്നാക്കുന്നതിലും പ്രതികാര മനോഭാവം ഇല്ലായ്മ ചെയ്യുന്നതിലും അവര്‍ക്കിടയില്‍ വിധികര്‍ത്താക്കളാവാന്‍ യോഗ്യര്‍? മനുഷ്യനാണ് അതിന് ഏറ്റവും ഉത്തമരെന്ന് അവര്‍ പറയുകയുണ്ടായി. അവര്‍ (ദമ്പതിമാര്‍) തമ്മില്‍ ഭിന്നിച്ച് പോകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്റെ ആള്‍ക്കാരില്‍ നിന്ന് ഒരു മദ്ധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു മദ്ധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക (അന്നിസാഅ:35).

ബന്ധികളാക്കുകയോ ഗനീമത്ത് കൈപ്പറ്റുകയോ ചെയ്യന്നതിന് പകരം യുദ്ധത്തിലേര്‍പ്പെടുന്നുവെന്നതാണ് രണ്ടാമത്തെ വിഷയം. എന്നാല്‍ ഞാന്‍ ചോദിക്കുന്നു; നിങ്ങളുടെ മാതാവായ ആഇശ(റ)യെ ബന്ധിയാക്കുവാന്‍ തയ്യാറാണോ? അവര്‍ നിങ്ങളുടെ മാതാവായിരിക്ക, മറ്റുള്ളവരില്‍ അനുവദനീയമാകുന്നത് ആഇശയില്‍ അനുവദനീയമാകുമോ? മറ്റുള്ളവരില്‍ അനുവദനീയമായതെല്ലാം അവരില്‍ അനുവദനീയമാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ നിഷേധികളായി. ഇനി അവര്‍ ഞങ്ങളുടെ മാതാവല്ലെന്ന് പറയുകയാണെങ്കില്‍, പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു; പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേഹത്തേക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു(അല്‍ അഹ്‌സാബ്:6). നിങ്ങള്‍ രണ്ട് വഴികേടുകള്‍ക്കിടയലാണ്. ശേഷം, അവരത് മനസ്സിലാക്കി ഇസ്‌ലാമിലേക്ക് തിരിച്ച് വരികയുണ്ടായി.

മൂന്ന്: ‘അമീറുല്‍ മുഅ്മിനീന്‍’ എന്ന വിളി ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ടായിരിന്നു മൂന്നാമതായി ഉന്നയിക്കപ്പെട്ട പ്രശ്‌നം. ഇതിന് നിങ്ങള്‍ക്ക് തൃപ്തികരമായ മറുപടി ഞാന്‍ നല്‍കുന്നതാണ്. മക്കയിലെ മുശ്‌രിക്കുകളുമായി ഹുദൈബിയ കരാറിലേര്‍പ്പെട്ട ദിവസം പ്രവാചകന്‍ അലിയോട് എഴുതാന്‍ പറഞ്ഞു, ‘ഇത് അളളാഹുവിന്റെ ദൂതന്‍ മുഹമ്മദിന്റെ ഭാഗത്ത് നിന്നുളള കരാറാണ്’. അപ്പോള്‍ മുശ്‌രിക്കുകള്‍ പറഞ്ഞു, അളളാഹുവിന്റെ റസൂലാണെന്നത് എഴുതേണ്ടതില്ല. പ്രവാചകന്‍ പറഞ്ഞു; അലി, താങ്കളത് മായിച്ച് കളയുക. ഞാന്‍ നിന്റെ ദൂതനാണെന്ന് അളളാഹുവെ നിനക്കാറയാമല്ലോ. അങ്ങനെ അബ്ദുളളയുടെ മകന്‍ മുഹമ്മദിന്റെ ഭാഗത്ത് നിന്നുളള കരാറെന്ന് മാറ്റിയെഴുതി. തീര്‍ച്ചയായും, അളളാഹുവിന്റെ റസൂലാണ് അലിയേക്കാള്‍ ഉത്തമനായിട്ടുള്ളത്. അദ്ദേഹം മായിച്ച് കളയാന്‍ പറയുമ്പോള്‍ അത് പ്രവാചകത്വത്തെ മായിച്ച് കളയുന്നില്ല. നിങ്ങള്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ലേ? അവര്‍ പറഞ്ഞു; അതെ. തുടര്‍ന്ന്, രണ്ടായിരമാളുകള്‍ ദീനിലേക്ക് വന്നു. ബാക്കിയായവര്‍ മുഹാജിറുകളേയും അന്‍സാറുകളേയും കൊലചെയ്യുകയും അവരുടെ വഴികേടില്‍ നാശമടയുകയും ചെയ്തു.

സംവാദം നല്‍കുന്ന ഗുണപാഠങ്ങള്‍

ഒന്ന്: ദൗത്യത്തിന് നിയോഗിക്കുമ്പോള്‍ അതിന് യോഗ്യതയുളളവരെ അയക്കുക. ജനങ്ങള്‍ക്കുടയില്‍ ഒരു പ്രയോഗമുണ്ട്, വിവേകമുളളവനെ അയച്ചാല്‍ അവന് കാര്യങ്ങള്‍ ഓതി കൊടുക്കേണ്ടതില്ല. അബ്ദുളളാഹി ബ്‌നു അബ്ബാസ് അറിവില്‍ വേറിട്ട് നില്‍ക്കുന്ന പ്രതിഭയാണ്. അദ്ദേഹത്തിന്റേതാണ് തര്‍ജുമാനുല്‍ ഖുര്‍ആന്‍. ഇത്തരത്തിലുളള സംവാദത്തിന് എന്തുകൊണ്ടും യോഗ്യനായിരിന്നു അബ്ദുളളാഹി ബ്‌നു അബ്ബാസ്.

രണ്ട്: വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ മുന്നോട്ട് വെക്കുന്നവരുമായി ആശയ സംവാദത്തിലേര്‍പ്പെടുകയാണ് ചെയ്യേണ്ടത്. അല്ലാതെ കായികമായ യുദ്ധത്തിന് മുതിരുകയല്ല വേണ്ടത്. അവര്‍ ഇസ്‌ലാമിന്റെ ഭാഗമാവുകയെന്നതാണ് ആത്യന്തികമായി നാം മുന്നില്‍ കാണുന്നത്. പ്രവാചക അനുചരന്മാര്‍ പ്രവര്‍ത്തിക്കുന്നത്, പരിശുദ്ധ ഖുര്‍ആന് എതിരാണെന്നും അറിഞ്ഞോ അറിയാതെയോ ഖുര്‍ആന് എതിരില്‍ പ്രവര്‍ത്തിക്കുന്നവര്‍ കാഫിറാണെന്നും പ്രവാചക സുന്നത്ത് ഖുര്‍ആന് എതിരാണെന്നും (റജ്മിനും മോഷണത്തിനുമുളള ശിക്ഷ നടപടികള്‍ ഉദാഹരണം) വാദിക്കുന്നവരാണ് ഖവാരിജുകള്‍. ഇസ്‌ലാമിക അടിസ്ഥാനങ്ങള്‍ക്ക് എതിരായ വിശ്വാസങ്ങള്‍ വെച്ച പുലര്‍ത്തിയ ഇവരുമായി മാന്യമായ താര്‍ക്കിക ശൈലിയാണ് ഇബ്‌നു അബ്ബാസ് സ്വീകരിച്ചത്. ‘തെളിവുകള്‍ നിരത്തിയ ശേഷം ഖവാരിജുകളുമായും നിരീശ്വരവാദികളുമായുളള യുദ്ധം’ എന്ന് ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ തലവാചകമായ് നല്‍കിയത് കാണാന്‍ കഴിയും. യുദ്ധമല്ല, സംവാദമാണ് ഇസ്‌ലാമിന്റെ ശൈലി.

മൂന്ന്: തെളിവുകള്‍ മുന്നില്‍ നില്‍ക്കുന്ന ആളുകള്‍ക്കനുയോജ്യമായി അവതരിപ്പിക്കാന്‍ കഴിയണം. ഖുര്‍ആനും സുന്നത്തും അംഗീകരിക്കുന്നവരാണെങ്കെല്‍ അവരോട് ഇസ്‌ലാമിക അടിത്തറയില്‍ നിന്നാണ് സംസാരിക്കേണ്ടത്. അത് കൊണ്ടാണ് ഇബ്‌നു അബ്ബാസ്(റ)ചോദിച്ചത്; ‘ഞാന്‍ ഇസ്‌ലാമിക പ്രമാണങ്ങളെ മുന്‍ നിര്‍ത്തി മറുപടി പറഞ്ഞാല്‍ നിങ്ങളത് ഉള്‍ക്കൊളളുമോ’?

വിവ.അര്‍ശദ് കാരക്കാട്‌

Related Articles