Current Date

Search
Close this search box.
Search
Close this search box.

പകരംവെക്കുന്ന ഇബാദത്തുകൾ!

വിശുദ്ധ റമദാനിന്റെ അവസാന പത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. മസ്ജിദുകൾ ഇനിയും തുറന്നിട്ടില്ല. ജുമുഅയും, ജമാഅത്ത് നമസ്കാരവും നിർത്തിവെച്ചിരിക്കുകയാണ്. ഈയൊരു സന്ദർഭത്തിൽ ഒരുപാട് ആളുകൾ ഇഅ്തികാഫ് വീട്ടിലിരിക്കാമോ എന്നതിനെ സംബന്ധിച്ച് ചോദിക്കുന്നു. അതിനുള്ള ഉത്തരം; ഭൂരിപക്ഷ പണ്ഡിതരും ഇഅ്തികാഫ് ശരിയാകണമെങ്കിൽ അത് പള്ളിയിലായിരിക്കണമെന്ന് നിബന്ധനവെക്കുന്നവരാണ്. പ്രത്യേകിച്ച്, ജുമുഅയും, ജമാഅത്ത് നമസ്കാരവും നിർവഹിക്കപ്പെടുന്ന പള്ളികളിലായിരിക്കണം ഇഅ്തികാഫിരിക്കേണ്ടത്. അതിൽ പണ്ഡിതർ യോജിച്ചതായി (لإجماع) ഇമാം ഖുർത്വുബി ഉദ്ധരിക്കുന്നു. യഥാർഥത്തിൽ അത് ഖണ്ഡിതമായ അഭിപ്രായമല്ല (الإجماع القطعي), മറിച്ച് അഭിപ്രായ വ്യത്യാസം (الإجماع الظني) നിലനിൽക്കുന്നതാണ്. ഇഅ്തികാഫ് വീട്ടിലിരിക്കുന്നത് അനുവദനീയമാണെന്ന് മാലിക്കികൾ വീക്ഷിക്കുന്നു. ഈയൊരു അഭിപ്രായമാണ് ഹനഫീ മദ്ഹബിലെ ഒരുപാട് പണ്ഡിതർക്കുള്ളത്. എന്നാൽ, പരിഗണനീയമായിട്ടുള്ളത് പള്ളികളിലല്ലാതെ ഇഅ്തികാഫ് ശരിയാവുകയില്ലെന്നതാണ്. അല്ലാഹു പറയുന്നു: ‘എന്നാൽ നിങ്ങൾ പള്ളികളിൽ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോൾ അവരുമായി (ഭാര്യമാരുമായി) സഹവസിക്കരുത്.’ (അൽബഖറ: 187) വീട് പള്ളിയോട് ചേർന്നിരിന്നിട്ടുപോലും പ്രവാചകൻ(സ) വീട്ടിൽ ഇഅ്തികാഫിരുന്നിരുന്നില്ല.

അതിനാൽ തന്നെ, ഈ വർഷം നമുക്ക് അല്ലാഹുവിന്റെ ഭവനത്തിൽ ഇഅ്തികാഫിരിക്കാൻ കഴിയുകയില്ല. എന്നാൽ, അതിന് പകരംവെക്കാവുന്ന ഒരുപക്ഷേ അതിനെക്കാൾ ശ്രേഷ്ഠകരമായ സത്കർമങ്ങൾ പ്രവർത്തിക്കാൻ സാധിക്കുന്നതാണ്. ഇബാദത്തുകൾക്ക് പകരമാകുന്ന ഇബാദത്തുകൾ അല്ലാഹു വിശ്വാസികൾക്ക് നിയമമാക്കിതന്നിരിക്കുന്നുവെന്നത് വിശ്വാസി സമൂഹത്തോടുള്ള അല്ലാഹുവിന്റെ കാരുണ്യമാണ്! അഥവാ, ഫർദുകളിലൂടെയല്ലാതെ (باب الفرائض – നിർബന്ധമായി നിർവഹിക്കേണ്ടത്) സുന്നത്തായ   (باب النوافل – ഐച്ഛികമായി നിർവഹിക്കാവുന്നത്) ഇബാദത്തുകളിലൂടെ പൂർത്തീകരിക്കാൻ സാധിക്കുന്നതാണത്.

വെള്ളം കൊണ്ട് ശുദ്ധിവരുത്തുന്നതിന് പകരമാവുക: വെള്ളമില്ലാതിരിക്കുകയോ അല്ലെങ്കിൽ വെള്ളം ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുമ്പോൾ ശുദ്ധി വരുത്തുന്നതിന് പകരമായി അവലംബിക്കാവുന്നതാണ് തയമ്മും (التيمم). ‘നിങ്ങൾ വെള്ളം കാണുന്നില്ലെങ്കിൽ ശുദ്ധമായ മണ്ണുകൊണ്ട് തയമ്മും ചെയ്യുക.’ (അന്നിസാഅ്: 43)

സുന്നത്തായ നമസ്കാരങ്ങളുടെ സ്ഥാനത്ത് വരിക: അല്ലാഹുവിന്റെ റസൂൽ പറയുന്നു: ‘ഇമാം വിരമിക്കുന്നതുവരെ ഇമാമിനൊപ്പം നമസ്കരിക്കുന്നവന് രാത്രിയിൽ നിന്ന് നമസ്കരിച്ച പ്രതിഫലം രേഖപ്പെടുത്തുന്നതാണ്.’ പ്രവാചകൻ(സ) പറയുന്നു: ‘ആരെങ്കിലും ഇശാഅ് സംഘടിതമായി (جماعة) നമസ്കരിക്കുകയാണെങ്കിൽ അവൻ രാത്രിയുടെ പകുതി നമസ്കരിച്ചതുപോലെയാണ്. ആരെങ്കിലും സുബ്ഹി സംഘടിതമായി നമസ്കരിക്കുകയാണെങ്കിൽ അവൻ രാത്രി മുഴുവൻ നിന്ന് നമസ്കരിച്ചതുപോലെയാണ്.’

Also read: പെരുന്നാൾ നമസ്ക്കാരം വീട്ടിൽ വെച്ച് നിര്‍വഹിക്കാം, ഖുത്വുബ പറയേണ്ടതില്ല

ദാനധർമങ്ങൾക്ക് പകരമാവുക: ജുമുഅ നമസ്കാരത്തിന് പള്ളിയിൽ നേരത്തെയെത്തുന്നതുമായി ബന്ധപ്പെട്ട് പ്രവാചകൻ(സ) പറയുന്നു: ‘ആദ്യമെത്തുന്നവർക്ക് ഒട്ടകത്തെ അറുത്ത പ്രതിഫലമാണുള്ളത്. രണ്ടാമതെത്തുന്നവർക്ക് പശുവിനെ അറുത്ത പ്രതിഫലമാണുള്ളത്. മൂന്നാമതെത്തുന്നവർക്ക് ആടിനെ അറുത്ത പ്രതിഫലമാണുള്ളത്. നാലാമതെത്തുന്നവർക്ക് കോഴിയെ അറുത്ത പ്രതിഫലമാണ് ലഭിക്കുന്നത്.’ (ബുഖാരി) പ്രവാചകൻ(സ) പറയുന്നു: ‘ആദം സന്തതികളുടെ എല്ലാ അസ്ഥികളും സ്വദഖയാകുന്നു (360 അസ്ഥികൾക്ക് സമാനമായി എല്ലാ ദിവസവും ദാനം ചെയ്യുക). അവർ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളിൽ ആർക്കാണ് അതിന് (ഒരു ദിവസം അത്രയും ദാനം ചെയ്യാൻ) സാധിക്കുക? പ്രവാചകൻ(സ) പറഞ്ഞു: നിങ്ങളിൽ ഓരോരുത്തരും ദുഹാ രണ്ട് റകഅത്ത് നമസ്കരിച്ചാൽ മതിയാകുന്നതാണ്.’ പ്രവാചകൻ(സ) പറയുന്നു: ‘ആരെങ്കിലും ജനാസ പിന്തുടരുകയും, നമസ്കരിക്കുകയും, മറവ് ചെയ്ത ശേഷം അവിടെ നിന്ന് മടങ്ങുകയുമാണെങ്കിൽ അവന് രണ്ട് ഖീറാത് ലഭിക്കുന്നതാണ്. ഓരോ ഖീറാതും ഉഹ്ദ് പർവതത്തിന് സമാനമാണ്.’

ഹജ്ജിനും ഉംറക്കും പകരമാകുന്ന ഐച്ഛികകർമം: പ്രവാചകൻ(സ) പറയുന്നു: ‘ആരെങ്കിലും ജമാഅത്തായി സുബ്ഹ് നമസ്കരിക്കുകയും, സൂര്യൻ ഉദിക്കുന്നതുവരെ അവിടെ ഇരുന്ന് അല്ലാഹുവിനെ സ്മരിക്കുകയും ശേഷം രണ്ട് റകഅത്ത് (الضحى) നമസ്കരിക്കുകയുമാണെങ്കിൽ അവന് അല്ലാഹു പൂർണമായ ഹജ്ജും ഉംറയും രേഖപ്പെടുത്തുന്നതാണ്.’

മൂന്നിലൊന്ന് ഖുർആൻ പാരായണത്തിന് പകരമാവുക: പ്രവാചകൻ(സ) പറയുന്നു: ‘നിങ്ങളിൽ ആർക്കെങ്കിലും രാത്രിയിൽ ഖുർആനിന്റെ മൂന്നിലൊന്ന് പാരായണം ചെയ്യാൻ കഴിയുമോ? അവർ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളിലാർക്കാണ് അതിന് കഴിയുക. പ്രവാചകൻ(സ) പറഞ്ഞു:  “قل هو الله أحد” എന്നത് ഖുർആനിന്റെ മുന്നിലൊന്നിന് പകരമാകുന്നതാണ്.’

ഇഅ്തികാഫിനെക്കാൾ ശ്രേഷ്ഠകരമായ കർമം: പ്രവാചകൻ(സ) പറയുന്നു: ‘മുസ് ലിംകളുടെ ആവശ്യങ്ങളിൽ പെട്ട ആവശ്യം പൂർത്തികരിക്കുന്നതുന് വേണ്ടി ഇറങ്ങിതിരിക്കുകയെന്നതാണ് ഈ മസ്ജിദിൽ (المسجد النبوي) ഇഅ്തികാഫിരിക്കുന്നതിനെക്കാൾ എന്റെടുക്കൽ പുണ്യകരമായിട്ടുള്ളത്.’

Also read: സ്വത്വബോധത്തിൽ അടിയുറച്ച വ്യക്തിത്വം

എല്ലാ അവസ്ഥയിലും സാഹചര്യത്തിലും എല്ലാ വിശ്വാസികൾക്കും സത്കർമത്തിന് അവസരം ലഭിക്കുന്നതിന് വേണ്ടി പ്രവാചകൻ(സ) ഇപ്രകാരം പകരംവെക്കാവുന്ന ആരാധനകൾ വ്യവസ്ഥചെയ്തരിക്കുന്നു. ഈ വർഷം പള്ളിയിൽ തറാവീഹ് നമസ്കരിക്കാൻ കഴിയാതെ വരികയാണെങ്കിൽ വീട്ടിൽ വെച്ചാണ് തറാവീഹ് നമസ്കരിക്കേണ്ടത്. അതിന് മഹത്തായ പ്രതിഫലമാണുള്ളത്. അതുപോലെ, അല്ലാഹുവിന്റെ ഭവനത്തിലിരുന്ന് ലൈലത്തുൽ ഖദ്റിന്റെ രാവിനെ ആരാധനകൾ കൊണ്ട് ജീവിപ്പിക്കാൻ കഴിയാതെ വരികയാണെങ്കിൽ, നമസ്കരിച്ചും പ്രാർഥിച്ചും അല്ലാഹുവിനെ സ്മരിച്ചും നമ്മുടെ ഭവനങ്ങളിൽ അതിനുള്ള ഖിബ് ല സ്വീകരിക്കുകയാണ് വേണ്ടത്. പ്രവാചകൻ(സ) പറയുന്നു: ‘ആരെങ്കിലും ലൈലത്തുൽ ഖദ്റിന്റെ രാവിൽ വിശ്വാസത്തോടെയും, പ്രതിഫലേച്ഛയോടുകൂടിയും നമസ്കരിക്കുകയാണെങ്കിൽ അവരുടെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.’ ഇവിടെ പ്രവാചകൻ(സ) ജമാഅത്തോ പള്ളിയോ വേണമെന്ന് നിബന്ധനവെച്ചിട്ടില്ല.

നിങ്ങൾ ദുഃഖിക്കുകയോ വിഷമിക്കുകയോ അരുത്. ഈ അനുഗ്രഹീത ദിനങ്ങളിൽ നിങ്ങൾ സത്കർമവും നന്മയും പ്രവർത്തിച്ച് മുന്നേറുക. ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുകയും, പൂർണതയോടെ പൂർത്തീകരിക്കുകയും ചെയ്യുക. തീർച്ചയായും, പ്രവർത്തനമെന്നത് അതിന്റെ പൂർത്തീകരണത്തിലാണ്, അവസാനത്തിലാണ്. ആയിശ(റ) പറയുന്നു: ‘റമദാനിലെ അവസാനത്തെ പത്തായാൽ പ്രവാചകൻ(സ) അരമുറുക്കിയെടുക്കുകയും, (ഭാര്യമാരെ വെടിഞ്ഞ് നന്നായി ഒരുങ്ങുക) കുടുംബത്തെ (നമസ്കാരത്തിനായി) വിളിച്ചുണർത്തുകയും, രാത്രിയെ ജീവിപ്പിക്കുകയും ചെയ്യുമായിരുന്നു.’ (ബുഖാരി, മുസ് ലിം) ഇമാം അഹ്മദിന്റെ ഒരു റിപ്പോർട്ടിൽ ഇപ്രകാരം കാണാവുന്നതാണ്: ‘തന്റെ കുടുംബത്തിൽ നമസ്കരിക്കാൻ കഴിവുള്ള ഒരാളെയും നമസ്കാരത്തിനായി അണിനിരത്താതെ ഒഴിവാക്കുമായിരുന്നില്ല.’ അറിയുക, എത്ര ശ്രേഷ്ഠകരമായ ദിനങ്ങളാണത്! എത്ര മനോഹരമായ അന്തരീക്ഷമാണത്! എത്ര തെളിമയാർന്ന രാത്രിയാണത്! അല്ലാഹുവേ, സത്കർമങ്ങൾ പ്രവർത്തിക്കുന്നതിന് ഞങ്ങളെ പ്രാപ്തരാക്കേണമേ, ഞങ്ങൾക്ക് നരക മോചനം നൽകേണമേ.

അവലംബം: iumsonline.org
വിവ: അർശദ് കാരക്കാട്

Related Articles