Current Date

Search
Close this search box.
Search
Close this search box.

വിശകലന വിധേയമാക്കേണ്ട മനുഷ്യ പവിത്രത

മനുഷ്യർ ഏറ്റവും കൂടുതൽ ശത്രുതയും വെറുപ്പും വിദ്വേശവും ക്രൂരതയും അതിക്രമവും പ്രകടിപ്പിക്കുന്നത് ആരോടാണ്? മനുഷ്യരോട് തന്നെ. മൃഗങ്ങൾ കാണിക്കുന്ന ക്രൂരതക്ക് പോലും പരിധിയുണ്ട്. അത് കാണിക്കുന്ന ക്രൂരതക്ക് പലപ്പോഴും വിശപ്പൊ പ്രതികാരമൊ ആയിരിക്കും കാരണം. എന്നാൽ മനുഷ്യർ മനുഷ്യരോട് കാണിക്കുന്ന ക്രൂരതകൾക്ക് പരിധിയില്ല. മർദ്ദനങ്ങൾക്ക് ദയാദാക്ഷിണ്യമില്ല. അക്രമ രീതികൾക്ക് കയ്യുംകണക്കുമില്ല.

ആർത്തി,വിദ്വേഷം,അഹങ്കാരം,കാമം,രാഷ്ട്രീയ ദ്വര,അസൂയ,ദേഹേഛ തുടങ്ങയ കാരണങ്ങൾകൊണ്ടെല്ലാം മനുഷ്യൻ മനുഷ്യനെ പീഡിപ്പിക്കുന്നു. മനുഷ്യ സൃഷ്ടിപ്പ് ആരംഭിച്ചതു മുതൽ നടന്ന്വരുന്ന ഈ ക്രൂരത ഇന്നും അനുസ്യൂതം തുടർന്ന്കൊണ്ടിരിക്കുന്നു. ദൈവ വിശ്വാസമുള്ളവർ പോലും ഇത്തരം ക്രൂരതകൾ ചെയ്യുന്നതിൽ പിന്നിലല്ല എന്ന്വരുമ്പോൾ എത്ര ഭയാനകമാണ് ഈ അവസ്ഥ. സംഘ് പരിവാറിറെ നേതൃത്വത്തിൽ ഇന്ത്യയിലും മനുഷ്യന് നേരെയുള്ള കൈയേറ്റം എല്ലാ സീമകളേയും ഉല്ലംഘിച്ച്കൊണ്ടിരിക്കുന്നു.

കഴിഞ്ഞ നൂറ്റാണ്ടിൽ മുതലാളിത്തവും കമ്മ്യുണിസവും മനുഷ്യരെ കൊന്നൊടുക്കിയതിന് കയ്യും കണക്കുമില്ല. മനുഷ്യ രക്തം ഊറ്റികുടിച്ച് ഒരു പ്രസ്ഥാനത്തിന് അതിജീവിക്കാൻ സാധിക്കുമായിരുന്നുവെങ്കിൽ കമ്മ്യൂണിസം ഒരു അജയ്യ ശക്തിയായി ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ നിലനിൽക്കുമായിരുന്നു. പക്ഷെ സംഭവിച്ചതാകട്ടെ ചരിത്രത്തിൽ നിന്ന് തന്നെ അപ്രത്യക്ഷമായി. ഇപ്പോൾ തേർവാഴ്ച നടത്തുന്ന അമേരിക്കയുടേയും ഭാവിയും കമ്മ്യൂണിസത്തിൻറെ അതെ പാതയിലാണ്.

തീവ്ര വലതുപക്ഷ ഹൈന്ദവ, ക്രൈസ്തവ, ജൂതമതാനുയായികളും അവരോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരോട് കാണിക്കുന്ന അസഹിഷ്ണുതക്കും ക്രൂരതക്കും കണക്കില്ല. ഇന്ത്യയിലെ മത ന്യൂനപക്ഷ വിഭാഗങ്ങളോട് ഹൈന്ദവ ഫസിസ്റ്റുകൾ ചെയ്ത്കൊണ്ടിരിക്കുന്ന ക്രൂരതയും ജൂതസമൂഹം ഫലസ്തീനികളോട് ചെയ്ത്കൊണ്ടിരിക്കുന്നതും പാശ്ചാത്യ രാജ്യങ്ങളിൽ തീവ്ര വലത്പക്ഷ ക്രൈസ്തവരുടെ അക്രമങ്ങളും പകൽ പോലെ നാം കണ്ട്കൊണ്ടിരിക്കുകയാണ്.

എല്ലാ മനുഷ്യർക്കും ആദരവ് നൽകിയ മതം ഇസ്ലാം മാത്രമാണെന്ന് ചരിത്രം വ്യക്തമാക്കുന്നു. ഇസ്ലാമിൻറെ പൊള്ളയായ ഒരു അവകാശവാദമല്ല ഇത്. മറിച്ച് യാഥാർത്ഥ്യത്തിലധിഷ്ടിതമായ വസ്തുതയാണ്. മറ്റേത് പ്രസ്ഥാനങ്ങളേയും മതങ്ങളേയും എടുത്ത് നോക്കിയാൽ അത് അവരുടെ കൂടെയുള്ളവരെ മാത്രമേ മനുഷ്യരായി കാണുകയും ആദരിക്കുകയും ചെയ്യുന്നുള്ളൂ. ബാക്കിയുള്ളവരെല്ലാം കീഴാളവർഗ്ഗമായി അടിച്ചമർത്തുന്ന പ്രവണത വർധിച്ചിരിക്കുന്നു.

എന്നാൽ മനുഷ്യത്വത്തിന് പുല്ല് വിലകൽപിക്കാത്ത അനേകം രാജ്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിലിൽ മുസ്ലിം രാഷ്ട്രങ്ങളുണ്ടെന്നത് വേദനാജനകമാണ്. സാമ്രാജ്യശക്തികളുടെ പിൻബലത്തോടെ പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കാനുള്ള സൗകര്യം ചെയ്ത്കൊടുക്കുകയും, പകരം എല്ലാ പ്രതിഷേധങ്ങളേയും അടിച്ചമർത്തുവാനുള്ള സ്വാതന്ത്ര്യം നൽകുകയുമാണ് കൊളോണിയൽ ശക്തികൾ ഈ വിടുവായിത്തം ചെയ്തികൊണ്ടിരിക്കുന്നത്. എന്നാൽ കാരുണ്യത്തിലധിഷ്ടിതമായ ഒരു പ്രത്യയ ശാസ്ത്രം എന്ന നിലയിൽ ഇസ്ലാമിന് മാനവികതയോടുള്ള സമീപനം പഠനവിധേയമാക്കേണ്ടതുണ്ട്.

മനുഷ്യരോടുള്ള ആദരവ്
മനുഷ്യർക്ക് വളരെയേറെ മഹത്വവും ആദരണീയതയും കൽപിച്ച ദർശനമാണ് ഇസ്ലാം. ജാതി മത വർഗ്ഗ ഭാഷ ദേശ വിത്യാസമില്ലാതെ മനുഷ്യരെല്ലാം ഈ ആദരവിന് അർഹരാണെന്ന് ഖുർആൻ പ്രഖ്യാപിക്കുന്നു. “ഉറപ്പായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു. അവർക്കു നാം കടലിലും കരയിലും സഞ്ചരിക്കാനായി വാഹനങ്ങളൊരുക്കി. ഉത്തമ വിഭവങ്ങൾ ആഹാരമായി നൽകി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളെക്കാൾ നാമവർക്ക് മഹത്വമേകുകയും ചെയ്തു.”17:70

ആദരവിൻറെ പദവിയിൽ ഏറ്റവിത്യാസമുണ്ടെങ്കിലും, എല്ലാവരേയും ഇസ്ലാം ആദരിക്കുന്നുണ്ട്. പക്ഷെ ആ ഏറ്റവിത്യാസത്തിൻറെ മാനദണ്ഡത്തെ ഖുർആൻ വ്യക്തമാക്കുന്നത് ഇങ്ങനെ: ………………നിങ്ങളിൽ ഏറ്റം ദൈവഭക്തിയുള്ളവരാകുന്നു, അല്ലാഹുവിങ്കൽ ഏറ്റം ഒൗന്നത്യമുള്ളവർ.നിശ്ചയം, അല്ലാഹു എല്ലാം അറിയുന്നവനും തികഞ്ഞ ബോധമുള്ളവനുമാകുന്നു” 49:13 മനുഷ്യരെ ആദരിച്ചതോടൊപ്പം, ഏറ്റവും കൂടുതൽ ആദരവിന് അർഹരാവുന്നതിനുള്ള മനദണ്ഡവും ഖുർആൻ നിശ്ചയിച്ചത് എത്ര ശാസ്ത്രീയവും യുക്തിബന്ധുരവുമാണെന്ന് പറയാതെ നിർവ്വാഹമില്ല.

എന്ത്കൊണ്ട് ആദരിച്ചു?
മനുഷ്യ ഉണ്മ എന്ന നിലയിൽ ഒരോ വ്യക്തിയും ഇസ്ലാമിൽ ആദരവിന് അർഹനാവുക എന്നത് അവരുടെ ജന്മസിദ്ധമായ അവകാശമാണ്. അല്ലാഹുവിൻറെ ദിവ്യചൈതന്യവും മണ്ണും ചേർന്ന ഒരു വിശുദ്ധ സങ്കര സൃഷ്ടിയാണ് മനുഷയൻറെ ഉണ്മ. അതിനാൽ തന്നെ ആദരണീയവുമാണ്. കൂടാതെ മറ്റൊരു സൃഷ്ടിക്കും ലഭിക്കാത്ത വിശേഷ ബുദ്ധിയും ഇഛാശക്തിയും തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അല്ലാഹു മനുഷ്യന് നൽകിയതും ആ ആദരവിൻറെ നിദർശനമാണല്ലോ?

ഇത്രയും അതുല്യമായ മനുഷ്യനെ സൃഷ്ടിച്ചത് എന്തിന് എന്ന് കൂടി അറിയുമ്പോഴാണ്, മനുഷ്യൻറെ പവിത്രത നമുക്ക് ബോധ്യമാവുക. അത് ഭൂമിയിൽ തൻറെ പ്രതിനിധിയായി നിശ്ചയിക്കാനല്ലാതെ മറ്റൊന്നിനുമല്ല. ആരുടെ പ്രതിനിധിയായിട്ടാണൊ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്, ആ ദിവ്യ ശക്തിയുടെ പ്രീതിയും ഇഷ്ടവും കരസ്ഥമാക്കിയായിരിക്കണം അവൻ ജീവിക്കേണ്ടത്. ആ ദൗത്യം നിർവ്വഹിക്കുന്നതോടെ അവൻ ഉന്നതരിൽ ഉന്നതനായിത്തീരുന്നു. ഇതാണ് മനുഷ്യ പവിത്രതയുടെ ഇസ്ലാമിക കാഴ്ചപ്പാട്.

മനുഷ്യരെ ആദരിക്കാൻ വർണ്ണവെറിയിലും വംശാധിപത്യത്തിലും വിശ്വസിക്കുന്ന പ്രത്യയശാസ്ത്രങ്ങൾക്ക് ഒരിക്കലും സാധ്യമല്ല. അത് അതിൻറെ ജനിതക വൈകൃതത്തിൽപ്പെട്ട കാര്യമാണ്. എന്നാൽ ഇസ്ലാം മനുഷ്യന് ഭൂമിയിൽ നൽകിയ പദവി തന്നെ മനുഷ്യൻറെ അന്തസ്സുയർത്തുന്നു. ദൈവത്തിൻറെ പ്രതിനിധിയായിട്ടാണ് മനുഷ്യനെ അവൻറെ സൃഷ്ടാവ് ഭൂമിയിൽ നിയോഗിച്ചിട്ടുള്ളത് എന്നത് ആ ആദരവിൻറെ അഗ്രിമസ്ഥാനത്തെയാണ് കാണിക്കുന്നത്.

ആദരിച്ചതിൻറെ ലക്ഷണങ്ങൾ
മനുഷ്യനെ ഇസ്ലാം ആദരിച്ചരിക്കുന്നു എന്നതിൻറെ ലക്ഷണങ്ങൾ എന്താണ്? അതിൻറെ അടയാളപ്പെടുത്തലുകൾ എന്തെല്ലാം? അല്ലാഹു ആദമിനെ നാമങ്ങളെല്ലാം പഠിപ്പിച്ചത്, അതിന് ശേഷം അല്ലാഹു മലക്കുകളോട് സുജൂദ് ചെയ്യാൻ കൽപിച്ചത് തുടങ്ങിയ ഖുർആനിലെ പരാമർശങ്ങൾ (2:31. 34) പ്രതീകാത്മകമായി ആദരിച്ചതിൻറെ സൂചനകളായി മനസ്സിലാക്കാം. ഭൂമിയിലുള്ള മുഴുവൻ വിഭവങ്ങളും മനുഷ്യ വംശത്തിൻറെ ആവശ്യപൂർത്തീകരണത്തിനാണെന്നും ഖുർആൻ വ്യക്തമാക്കീട്ടുണ്ട്. (2:29)

അല്ലാഹു മനുഷ്യന് നിരുപാധികമായ മഹത്വം ചാർത്തികൊടുക്കുകയാണ് ചെയ്തത് എന്ന് ഇതിനർത്ഥമില്ല. മറിച്ച് പർവ്വതങ്ങൾക്ക് പോലും ചുമക്കാൻ കഴിയാത്ത മഹത്തായ ബാധ്യതകൾ ഏൽപിച്ചിട്ടുണ്ട്. അത് അല്ലാഹുവിനുള്ള സമ്പൂർണ്ണമായ അനുസരണവും ആരാധനയുമാണെന്ന് (ഇബാദത്ത്) ഒറ്റ വാക്കിൽ പറയാമെങ്കിലും, അതിനെ മൂന്ന് സംജ്ഞാവലികളിലൂടെയാണ് ഖുർആനും തിരുവചനങ്ങളും വ്യക്തമാക്കീട്ടുള്ളത്. ഇബാദത്ത് (ആരാധന), ഖിലാഫത്ത് (പ്രാധിനിത്യ ചുമതല), ഇസ്തിഅ്മാറുൽ അർദ് (ഭൂമിയുടെ പരിപാലനം) എന്നീ സാങ്കേതിക പദങ്ങളിലൂടെയാണ് ആ ഉത്തരവാദിത്വത്തെ അല്ലാഹു നമുക്ക് വ്യക്തമാക്കിതന്നിട്ടുള്ളത്.

Related Articles