Current Date

Search
Close this search box.
Search
Close this search box.

ദുനിയാവ് നിസാരമാണെന്ന് പറയുന്ന ഹദീസുകളെ എങ്ങനെ വായിക്കണം?

ദുനിയാവിനെ നിസാരമായി, നിന്ദ്യമായി കാണുന്ന പ്രമാണങ്ങളുണ്ട്. പലരും അതിനെ തെറ്റായി വ്യാഖ്യാനിക്കുകയും മനസ്സിലാക്കുകയുമാണ് ചെയ്യുന്നത്. അപ്രകാരം തെറ്റായി മനസ്സിലാക്കുന്നതിലൂടെ തെറ്റായ നിലപാടുകളിലേക്കും കാഴ്ചപ്പാടിലേക്കും എത്തുന്നു. അത്തരത്തിലുള്ള ചില ഹദീസുകളും അതിന്റെ വിശദാംശങ്ങളുമാണ് താഴെ നൽകുന്നത്.

ഒന്ന്, അബൂഹുറൈറ(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ(സ) പറയുന്നു: ‘ദുനിയാവ് വിശ്വാസിയുടെ തടവറയും നിഷേധിയുടെ സ്വർഗവുമാണ്.’ ചിലർ ഈ ഹദീസിന്റെ പ്രത്യക്ഷ അർഥത്തെ മാത്രം സ്വീകരിക്കുന്നു. അവർ തങ്ങളുടെ മനസ്സിനെ ഭാവനാത്മകമായ തടവറിയിൽ പിടിച്ചുകെട്ടുകയും, പ്രയോജനപ്രദമായ അറിവ്, സദ്പ്രവർത്തനങ്ങൾ, ഉന്നതമായ സ്ഥാനങ്ങൾ എന്നിവ തേടുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്നു. അവർ ഈ ഹദീസിനെ തെറ്റായി മനസ്സിലാക്കുന്നത് കൊണ്ടാണത്. ഹദീസിനെ അതിന്റെ അർഥത്തിൽ മനസ്സിലാക്കുകയാണെങ്കിൽ, പ്രവർത്തനങ്ങൾക്കും നിർമാണത്തിനും ഗുണാത്മകതക്കും അവർക്ക് വലിയ പ്രചോദനമാകുമായിരുന്നു. ഇമാം നവവി പറയുന്നു: ‘ഓരോ വിശ്വാസിയും ദുനിയാവിലെ വെറുക്കപ്പെട്ട, നിഷിദ്ധമാക്കപ്പെട്ട ഇച്ഛകളിൽ നിന്ന് തടയപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്യുന്നു, വിശ്വാസികളിൽ നിന്ന് ശക്തമായ അനുസരണം ആവശ്യപ്പെടുകയും ചെയ്യുന്നുവെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മരണമടയുകയാണെങ്കിൽ ഇതിൽ നിന്ന് അവൻ സ്വസ്ഥമാകുന്നു. അല്ലാഹു അവന് ഒരുക്കിവെച്ച ശാശ്വതമായ അനുഗ്രഹവും പൂർണമായ സമാധാനവും നേടുകയും ചെയ്യുന്നു. എന്നാൽ, സത്യനിഷേധിക്ക് നന്നെ കുറഞ്ഞ അപൂർണമായത് ദുനിയാവിൽ നിന്ന് ലഭിക്കും. അവൻ മരിക്കുകയാണെങ്കിൽ ശാശ്വതമായ ശിക്ഷയും ദുരിതവുമായിരിക്കും.’

രണ്ട്, സഹൽ ബിൻ സഅദ്(റ) റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ പറഞ്ഞു: ‘ദുനിയാവിന് അല്ലാഹുവിന്റെ അടുക്കൽ കൊതുകിന്റെ ചിറകിന്റെ വില ഉണ്ടായിരുന്നെങ്കിൽ, അവൻ നിഷേധിക്ക്് വെള്ളം നൽകുമായിരുന്നില്ല.’ നിഷേധിയായ മനുഷ്യൻ ദുനിയാവിലെ നന്നെ കുറഞ്ഞത് മാത്രമാണ് ആസ്വദിക്കുന്നത്. തീർച്ചയായും നിഷേധി അല്ലാഹുവിന്റെ ശത്രുവാണ്. അല്ലാഹുന്റെ അടുക്കൽ മൂല്യമുള്ളതൊന്നും നിഷേധിക്ക് നൽകപ്പെടുകയില്ല. വിശ്വാസിക്ക് നൽകപ്പെടുന്നതുപോലെ നിഷേധിക്ക് നൽകപ്പെടുന്നത് അല്ലാഹുവിന്റെ കാരുണ്യമാണ്. ദുനിയാവിൽ വിഭവങ്ങൾ നൽകപ്പെടുന്നത് അല്ലാഹുവിന്റെ തൃപ്തിയുടെയും സ്‌നേഹത്തിന്റെയും തെളിവല്ല. വിഭവങ്ങൾ ഇല്ലാതിരിക്കുന്നത് അവന്റെ കോപത്തിന്റെയും ദേഷ്യത്തിന്റെയും തെളിവല്ല. കാരണം, ദുനിയാവിന് അല്ലാഹുവിന്റെ അടുക്കൽ യാതൊരു സ്ഥനവുമില്ല. എന്നാൽ, പരലോക വിഭവങ്ങളായ സ്വർഗവും അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹങ്ങളും അവനെ അനുസരിക്കുന്ന വിശ്വാസികൾക്കല്ലാതെ നൽകപ്പെടുകയില്ല. മുസ്‌ലിംകൾ നഗരവത്കരണത്തിൽ പിന്നാക്കം നൽക്കുന്നതിന്റെയും നാഗരികമായ അധഃപതനം നേരിടുന്നതിന്റെയും വിവരസാങ്കേതികവിദ്യയിലെ അശ്രദ്ധയുടെയും ന്യായീകരണമല്ല ഹദീസ് വിശദീകരിക്കുന്നത്. ചിലയാളുകൾ കാര്യങ്ങളെ അങ്ങനെയാണ് മസ്സിലാക്കുന്നത്.

മൂന്ന്, അബൂഹുറൈറ(റ) റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ(സ) പറയുന്നതായി ഞാൻ കേട്ടു: ‘ദുനിയാവും അതിലുള്ളതും ശപിക്കപ്പെട്ടതാണ് (നിസാരമാണ്). അല്ലാഹുവിന്റെ സ്മരണയും അവനോട് ചേർന്നുനിൽക്കുന്നതും പണ്ഡിതനും പഠിതാവും ഒഴികെ.’ ഈ ഹദീസ് തെളിവായെടുത്ത് ദുനിയാവിൽനിന്നകന്ന് ജീവിക്കുന്ന ചില സൂഫികളുണ്ട്. പട്ടിണിയിലും ദാരിദ്രത്തിലുമായി അവർ അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നു. അല്ലാഹു അനുവദിച്ച നല്ലതിനെ അവർ വെടിയുന്നു. നശ്വരമായ ശപിക്കപ്പെട്ട ഈ ഗേഹവും അതിലുള്ളതും സ്വീകരിക്കുകയാണെങ്കിൽ ശാപം പിടികൂടുമെന്ന് കരുതി അവർ എല്ലാം ഉപേക്ഷിക്കുകയാണ്. അല്ലാഹുവിലുള്ള വിശ്വാസവും അനുസരണവും ഇല്ലാതെയുള്ള ജീവിതത്തെയാണ് ഈ ഹദീസ് വിമർശിക്കുന്നതെന്ന് അവർ മനസ്സിലാക്കുന്നില്ല.

(ലോക പണ്ഡിത വേദി അംഗമാണ് ലേഖകൻ)
വിവ: അർശദ് കാരക്കാട്

Related Articles