Current Date

Search
Close this search box.
Search
Close this search box.

പവിത്രമാസങ്ങൾ ആരംഭിക്കുകയായി

വിശ്വാസികൾക്ക് തങ്ങളുടെ റബ്ബിലേക്ക് കൂടുതൽ അടുക്കാനുള്ള അവസരങ്ങളും സാഹചര്യങ്ങളും പടച്ചവൻ തന്നെ ഈ പ്രാപഞ്ചിക ഘടനയിൽ സജ്ജമാക്കി വെച്ചിട്ടുണ്ട്. അത്തരം സന്ദർഭങ്ങളെ കണ്ടെത്താനും ഉപയോഗപ്പെടുത്താനും വിശ്വാസികൾക്ക് കഴിയണം. ചില ദിവസങ്ങൾ, മാസങ്ങൾ, സമയങ്ങൾ തുടങ്ങിയവയൊക്കെ അല്ലാഹു പ്രത്യേകം ആദരിക്കുകയും പരിഗണിക്കുകയും ചെയ്തിട്ടുണ്ട്. ആ സന്ദർഭങ്ങളിൽ നിർവഹിക്കുന്ന ആരാധനകൾക്കും മറ്റു സൽക്കർമ്മങ്ങൾക്കും കൂടുതൽ പ്രതിഫലം ലഭിക്കുമെന്നത് അല്ലാഹു മനുഷ്യർക്ക് നൽകുന്ന കാരുണ്യം കൂടിയാണ്. എന്ത് കൊണ്ട് ചില ദിവസങ്ങളെയും മാസങ്ങളെയും സമയങ്ങളെയും അല്ലാഹു പ്രത്യേകമായി ആദരിച്ചു എന്നതിന്റെ യുക്തിരഹസ്യങ്ങൾ പൂർണമായി മനസിലാക്കാൻ മനുഷ്യർക്ക് സാധിക്കില്ല. എന്നാൽ ചില സൂചനകൾ നമുക്ക് ഖുർആനിൽ നിന്നും പ്രവാചകാധ്യാപനങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കും. ” യാഥാര്‍ഥ്യമിതത്രെ: അല്ലാഹു ആകാശഭൂമികള്‍ സൃഷ്ടിച്ച നാള്‍തൊട്ടേ അവന്റെ രേഖയില്‍ മാസങ്ങളുടെ സംഖ്യ പന്ത്രണ്ടാകുന്നു. അതില്‍ നാലു മാസങ്ങള്‍ യുദ്ധം നിരോധിക്കപ്പെട്ടവയാണ്. ഇതാണ് ശരിയായ നിയമവ്യവസ്ഥ. അതിനാല്‍, ഈ നാലു മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോടുതന്നെ അതിക്രമം ചെയ്യാതിരിക്കുവിന്‍.” (തൗബ – 36).

അബൂബക്കർ (റ) പറയുന്നു. ” നബി (സ) പറഞ്ഞിരിക്കുന്നു . നിശ്ചയമായും കാലം അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ച ദിവസത്തെ പോലെ കറങ്ങിവന്നിരിക്കുന്നു. ഒരു വർഷം 12 മാസങ്ങളാകുന്നു. അതിൽ മൂന്നെണ്ണം തുടർച്ചയായുള്ളവ. ദുൽഖഅദ്, ദുൽഹിജ്ജ, മുഹറം എന്നിവ. പിന്നെ ജുമാദയുടെയും ശഅബാനിന്റെയും ഇടയിലുള്ള മുദർ ഗോത്രത്തിന്റെ റജബും”. (ബുഖാരി, മുസ്‌ലിം). ഈയർത്ഥത്തിൽ അല്ലാഹു ആദരിച്ച തുടർച്ചയായ മൂന്നു മാസങ്ങളിൽ ആദ്യത്തെ മാസമായ ദുൽഖഅദിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോവുന്നത് . വിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന തീർത്ഥാടകരുടെ യാത്രാസന്ദർഭത്തിൽ സമാധാനാന്തരീക്ഷം നിലനിർത്തുക എന്നതാണ് ഈ മാസങ്ങളെ പ്രത്യേകമായി ആദരിച്ചതിന്റെ യുക്തികളിൽ ഒന്ന് എന്ന് മനസിലാക്കാൻ കഴിയും.

ഈ മാസങ്ങളിൽ അല്ലാഹുവിനുള്ള അനുസരണവും കീഴ്വണക്കവും കൂടുതൽ വർധിപ്പിച്ചുകൊണ്ട് ജീവിതത്തെ പൂർവാധികം വിശുദ്ധമാക്കുക എന്നതാണ് വിശ്വാസികൾക്ക് ചെയ്യാനുള്ളത്. ഈ മാസങ്ങളെ ആദരിക്കുകയും സുകൃതങ്ങൾ വർധിപ്പിക്കുകയും ചെയ്യുക എന്നത് നമ്മളിലുള്ള ഭക്തിയുടെയും സൂക്ഷ്മതയുടെയും അടയാളവുമാകുന്നു. ഖുർആൻ അതിനെ “ദീൻ” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഏതൊക്കെ നന്മകൾ മുൻനിർത്തിയാണോ അല്ലാഹു ഈ മാസങ്ങളെ ആദരിച്ചത് അതൊന്നും പാഴാക്കാതെ ആയിരിക്കണം നമ്മൾ ഈ മാസങ്ങളെ പരിഗണിക്കേണ്ടത്. അതിലുള്ള ഏറ്റക്കുറച്ചിലുകൾ ദീനിന്റെ ഭാഗവുമല്ല.

യുദ്ധത്തിൽ നിന്നും വിരമിച്ചു വീട്ടിൽ ഇരിക്കുന്ന മാസം എന്ന നിലക്കാണ് ഇതിനു ദുൽഖഅദ് എന്ന പേര് വന്നത്. ജാഹിലിയാ കാലഘട്ടത്തിൽ അറബികൾ നിസാര കാരണങ്ങളുടെ പേരിൽ ഘോരവും ദീർഘവുമായ യുദ്ധങ്ങളിൽ ഏർപ്പെട്ടിരുന്നു എന്നത് സുവിദിതമാണല്ലോ. അത് പോലെ പകരത്തിനു പകരം ചോദിക്കുക എന്നതും അന്നത്തെ ഗോത്രവർഗ സംസ്കാരത്തിന്റെ ഒരു അടിസ്ഥാന സ്വാഭാവവും കൂടിയായിരുന്നു. ഹജ്ജ് മാസങ്ങളിലും യുദ്ധങ്ങളും പ്രതികാര നടപടികളുമൊക്കെ അവിരാമം തുടരുകയാണെങ്കിൽ അത് ഹാജിമാർക്ക് സമാധാനാന്തരീക്ഷത്തിൽ ഹജ്ജ് നിർവഹിക്കാൻ സാധിക്കാതെ വരുമെന്നത് കൊണ്ടാണ് ഈ മാസങ്ങളിൽ യുദ്ധം നിഷിദ്ധമാക്കിയത്.

സ്വന്തത്തോട് അതിക്രമം കാണിക്കരുതെന്നതാണ് ഈ മാസങ്ങളിൽ പ്രത്യേകമായി വിശ്വാസികൾ പഠിപ്പിക്കപ്പെട്ടിരിക്കുന്ന മറ്റൊരു കാര്യം. സ്വന്തത്തോട് അതിക്രമം കാണിക്കുക എന്നതിന് വ്യത്യസ്തവും വിവിധങ്ങളുമായ നിരവധി ആശയ തലങ്ങളുണ്ട്. മനുഷ്യന്റെ വഴിവിട്ട ജീവിതം സ്വന്തത്തോടുള്ള അതിക്രമം ആയിട്ടാണ് വിശുദ്ധ ഖുർആൻ പരാമർശിക്കുന്നത്. അല്ലാഹുവിൽ പങ്ക് ചേർക്കൽ, സത്യനിഷേധം തുടങ്ങി അല്ലാഹുവിനോട് ചെയ്യുന്ന തെറ്റുകളും ഈ ഗണത്തിൽ പെടുന്നതാണ്. ചൂഷണം, ദുർമോഹം, സ്വഭാവവൈകല്യങ്ങൾ തുടങ്ങിയ തിന്മകൾ ഇരകളെക്കാളും കൂടുതൽ സ്വന്തത്തിന്‌ തന്നെയാണ് കൂടുതൽ ബാധിക്കുക. ഇത്തരം തിന്മകൾ മറ്റുള്ളവരിൽ ഉണ്ടാക്കുന്ന പ്രയാസങ്ങളെക്കാളും ദുരന്തപൂർണമായിരിക്കും സ്വന്തത്തിനുണ്ടാക്കുന്ന പ്രയാസങ്ങൾ. “എന്നാല്‍ പാപം നേടുന്നവനോ, ആ നേട്ടം അവനുതന്നെ വിപത്തായി ഭവിക്കുന്നു”. ( അന്നിസാഅ് 111).തന്നോട് തന്നെ ചെയ്യുന്ന അതിക്രമത്തെ ഇസ്‌റാഫ് എന്നും ഖുർആൻ വിവക്ഷിക്കുന്നുണ്ട്. പാപത്തിന്റെ ചേറിൽ നിന്നും അകലം പാലിക്കാൻ വിശ്വാസികൾ എന്നും ബാധ്യതപ്പെട്ടവരാണ്. എന്നാൽ ഈ മാസത്തിൽ ആ വിഷയത്തിൽ കൂടുതൽ ജാഗ്രതയുള്ളവരാവാൻ വേണ്ടി ശ്രമിക്കണം. സത്യപാതയിൽ നിന്നുള്ള ഏത് വ്യതിചലനവും സ്വന്തത്തോടുള്ള അക്രമം തന്നെയാണ്. ഇസ്‌ലാമിക മാർഗത്തിൽ ഉണ്ടാവുന്ന പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. അതിനെയൊക്കെ നേരിടാനും തരണം ചെയ്യാനുമുള്ള ഈമാനികമായ ഊർജവും ഉൾക്കരുത്തും ആർജ്ജിച്ചെടുക്കാനും ഈ മാസം പ്രചോദനമാവണം.

ജീവിതവഴിത്താരകളിൽ ചിലപ്പോഴൊക്കെ പാപങ്ങളിൽ അകപ്പെട്ടുപോവുക എന്നത് മനുഷ്യസഹജമാണ്. ഒരിക്കലും പാപങ്ങൾ സംഭവിക്കാതിരിക്കുക എന്നത് മലക്കുകൾക്ക് മാത്രം ബാധകമായതുമാണ്. ബോധപൂർവവും അല്ലാതെയും ജീവിതത്തിൽ അരുതായ്കകളും വീഴ്ച്ചകളും സംഭവിക്കും. ഇങ്ങനെ സ്വന്തത്തോട് ചെയ്തുപോയ അതിക്രമങ്ങൾ അല്ലാഹുവിനോട് ഏറ്റു പറയാനും തൗബ ചെയ്ത് ചിത്തത്തെ ശുദ്ധീകരിക്കാനുമുള്ള അവസരം കൂടിയാണ് ഈ മാസം.

ദുൽഖഅദ് മാസത്തിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് സുന്നത്ത് നോമ്പുകൾ വർധിപ്പിക്കുക എന്നത്. തിങ്കൾ, വ്യാഴം, അയ്യാമുൽ ബീദ് തുടങ്ങിയ ദിവസങ്ങളും അല്ലാത്ത ദിവസങ്ങളുമൊക്കെ നോമ്പ് എടുക്കാവുന്നതാണെന്നും ചില ഹദീസുകളിൽ കാണാം. നോമ്പ് മനുഷ്യരെ പാപങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ സഹായിക്കുകയും മാനസികനിയന്ത്രണം സാധ്യമാക്കുകയും ചെയ്യുമെന്നുള്ളത് കൊണ്ടാണ് ഈ മാസത്തിൽ നോമ്പ് കൂടുതൽ അര്ഥവത്താവുന്നത്. ഈ മാസത്തിലെ ഉംറക്കും ഏറെ പ്രാധാന്യവും പുണ്യവും ഉണ്ട്. റമദാനിലെ ഉംറ കഴിഞ്ഞൽ പിന്നെ ഏറ്റവും കൂടുതൽ പുണ്യം ലഭിക്കുന്ന ഉംറ ദുൽഖഅദ് മാസത്തിലെ ഉംറയാണ്. നബി (സ) ഹജ്ജിന്റെ അവസരത്തിൽ നിർവഹിച്ച ഉംറ ഒഴിച്ച് നിർത്തിയാൽ പിന്നെയുള്ളതൊക്കെയും അദ്ദേഹം നിർവഹിച്ചത് ഈ മാസത്തിൽ ആണെന്ന് കാണാൻ സാധിക്കും.

ഹജ്ജിനു പോവാൻ വേണ്ടി തയ്യാറെടുത്തവർക്ക് ഹജ്ജ് കർമ്മങ്ങളെ കുറിച്ച് പഠിക്കാനും മനസിലാക്കാനും ഈ മാസത്തെ ഉപയോഗിക്കാവുന്നതാണ്. പ്രവാചക ചര്യയനുസരിച്ചുള്ള ഹജ്ജ് നിർവഹിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഈ മാസത്തിൽ നടത്തുമ്പോൾ അതിനു പ്രത്യേകമായ പ്രതിഫലം ലഭിക്കുമെന്നാണ് പൂർവി കന്മാരായ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്. ഈ വർഷം ഹജ്ജ് കർമ്മത്തിനു പോവാൻ സാധിക്കാത്തവർക്ക് ഇനിയുള്ള വർഷങ്ങളിൽ ആ മഹത്തായ കർമ്മം നിർവഹിക്കാൻ വേണ്ടിയുള്ള പ്രാർത്ഥനകൾക്കും നിയ്യത്ത് ഉറപ്പിക്കാനുള്ള അവസരവും കൂടിയാണിത്. ഏത് കർമ്മവും സാക്ഷാൽകൃതമാവുന്നത് അല്ലാഹുവിന്റെ അനുഗ്രഹം കഴിഞ്ഞൽ പിന്നെ നമ്മുടെ നിയ്യത്തിന്റെയും ഉറച്ച തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽ ആണല്ലോ. ആ അർത്ഥത്തിൽ ഹജ്ജിനുള്ള മാനസികമായ ഒരുക്കത്തിന്റെ കൂടി മാസമാണ് ഇത്. കൂടാതെ ഖുർആൻ പാരായണം, സൽക്കർമ്മങ്ങൾ, ദാനധർമ്മം, പരസ്പരമുള്ള സഹായസഹകരണം, തുടങ്ങിയ സുകൃതങ്ങളും വർധിപ്പിക്കാനുള്ള മാസം കൂടിയാണ് ഈ പവിത്ര മാസം.

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles