Current Date

Search
Close this search box.
Search
Close this search box.

ഹലാലിന്റെയും ഹറാമിന്റെയും മാനദണ്ഡം

ഇസ്ലാമില്‍ നിഷിദ്ധതക്കുളള മാനദണ്ഡം, ചീത്തയും ഉപദ്രവകരവുമാവുകയെന്നതാണ്. തീർത്തും ഉപകാരപ്രദമായത് ഹലാലാണ്. തീർത്തും ഉപകാരപ്രദമായത് അനുവദനീയവും, ഉപകാരത്തേക്കാളേറെ ഉപദ്രവം കൂടുതലുള്ളത് വിരോധിക്കപ്പെട്ടതും, ദോഷത്തെക്കാളേറെ നന്മയുള്ളത് അനുവദിക്കപ്പെട്ടതുമാണ്. മദ്യത്തിന്റെയും ചൂതാട്ടത്തിന്റെയും കാര്യത്തിൽ വിശുദ്ധഖുർആൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്:

{يَسْأَلُونَكَ عَنِ الْخَمْرِ وَالْمَيْسِرِ قُلْ فِيهِمَا إِثْمٌ كَبِيرٌ وَمَنَافِعُ لِلنَّاسِ وَإِثْمُهُمَا أَكْبَرُ مِنْ نَفْعِهِمَ}-الْبَقَرَةُ: 219.
“മദ്യത്തെയും ചൂതിനെയും സംബന്ധിച്ച് നിന്നോടവര്‍ ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ കുറ്റമുണ്ട്. മനുഷ്യര്‍ക്ക് ചില ഉപകാരങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപമാണ് പ്രയോജനത്തെക്കാള്‍ ഏറെ വലുത്. .” (അൽബഖറ: 219).

ഇസ്ലാമിൽ ഹലാലായവ ഏതെല്ലാമെന്ന് ചോദിച്ചാൽ അതിനുള്ള വ്യക്തമായ മറുപടി, “ നല്ല പദാർഥങ്ങ “ ളെന്നാണ്. അഥവാ, നീതിനിഷ്ഠരായ ആളുകൾ നല്ലതായി കണക്കാക്കുന്നതും ജനങ്ങൾ പൊതുവിൽ ഉത്തമമായി കരുതുന്നതുമായ വസ്തുക്കൾ, അല്ലാഹു പറയുന്നു:

{ يَسْأَلُونَكَ مَاذَا أُحِلَّ لَهُمْ قُلْ أُحِلَّ لَكُمُ الطَّيِّبَاتُ وَمَا عَلَّمْتُمْ مِنَ الْجَوَارِحِ مُكَلِّبِينَ }-الْمَائِدَةُ: 4.
അവര്‍ നിന്നോടു ചോദിക്കുന്നു: എന്തൊക്കെയാണ് തങ്ങള്‍ക്ക് തിന്നാന്‍ പാടുള്ളതെന്ന്. പറയുക: നിങ്ങള്‍ക്ക് നല്ല വസ്തുക്കളൊക്കെയും തിന്നാന്‍ അനുവാദമുണ്ട്.- (അൽമാഇദ: 4) .

{ الْيَوْمَ أُحِلَّ لَكُمُ الطَّيِّبَاتُ}- الْمَائِدَةُ:5.
ഇന്ന് എല്ലാ നല്ല വസ്തുക്കളും നിങ്ങള്‍ക്ക് അനുവദനീയമാക്കിയിരിക്കുന്നു.-(അൽമാഇദ: 5).

ഏതെങ്കിലും വസ്തു അല്ലാഹു നിഷിദ്ധമാക്കാൻ കാരണമായ അതിലെ ദോഷവും ഉപദ്രവവും എന്താണെന്ന് മുസ്ലിം വിശദമായി മനസ്സിലാക്കണമെന്നില്ല. അവയെക്കുറിച്ച് ചിലർക്കറിയാവുന്നത് മറ്റു ചിലർക്ക് അറിഞ്ഞില്ലെന്നു വന്നേക്കാം. ഒരു കാലഘട്ടത്തിൽ വ്യക്തങ്ങളായ കാര്യങ്ങൾ അനുയോജ്യമായ മറ്റൊരു സമയത്ത് വ്യക്തമാവുകയും ചെയ്തേക്കാം. “ഞങ്ങൾ കേട്ടിരിക്കുന്നു, അനുസരിച്ചിരിക്കുന്നു” എന്നതായിരിക്കണം സദാ സത്യവിശ്വാസിയുടെ പ്രതികരണം. അല്ലാഹു പന്നിമാംസം നിഷിദ്ധമാക്കി. എന്നാൽ, അത് മലിനമാണന്നല്ലാതെ വിരോധിക്കാനുള്ള കാരണം മുസ്ലിംകൾക്കറിയില്ലായിരുന്നു. പിന്നീട് കാലം പുരോഗമിച്ചു. അതിലുള്ള വിനാശങ്ങളായ വിഷബീജങ്ങളും രോഗാണുക്കളും ശാസ്ത്രം പുറത്തുകൊണ്ടുവന്നു. പന്നിയിലുള്ള നാശനിമിത്തങ്ങൾ ശാസ്ത്രം പുറത്തുകൊണ്ടുവന്നാലും ഇല്ലെങ്കിലും അത് മേച്ഛമാണെന്ന് മുസ്ലിം വിശ്വസിച്ചുകൊണ്ടേയിരിക്കും, ഇപ്രകാരം തന്നെ നബി പറഞ്ഞിരിക്കുന്നു: ” മൂന്ന് ശാപകാരണങ്ങളെ സൂക്ഷിക്കുക. തണലിലും വഴിമധ്യത്തിലും കുടിവെള്ളത്തിലും വിസർജിക്കലാണത് “.-(അബൂദാവൂദ്: 20).
عَنْ مُعَاذِ بْنِ جَبَلٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « اتَّقُوا الْمَلاَعِنَ الثَّلاَثَ الْبَرَازَ فِى الْمَوَارِدِ وَقَارِعَةِ الطَّرِيقِ وَالظِّلِّ ».-رَوَاهُ أَبُو دَاوُد: 26، َحَسَّنَهُ الأَلْبَانِيُّ.

ആദ്യ നൂറ്റാണ്ടുകളിലാർക്കും അവ പൊതുമര്യാദക്കും സാധാരണ സ്വഭാവത്തിനും യോജിക്കാത്ത ചീത്ത കാര്യങ്ങളാണെന്നല്ലാതെ മറ്റൊന്നും അറിയുമായിരുന്നില്ല. എന്നാൽ, ശാസ്ത്രീയ ഗവേഷണങ്ങൾ പുരോഗമിച്ചപ്പോൾ നാം മനസ്സിലാക്കി. ഈ മൂന്ന് അഭിശപ്തകാര്യങ്ങളും പൊതുജനാരോഗ്യത്തിന് ഹാനികരങ്ങളും വിപൽക്കരങ്ങളായ പകർച്ചവ്യാധികളുടെ അണുക്കൾ പരത്തുന്ന പ്രഥമ കേന്ദ്രങ്ങളുമാണ്.

ഇപ്രകാരം വിജ്ഞാനത്തിന്റെ കിരണങ്ങൾ വ്യാപിക്കുകയും കണ്ടു പിടുത്തത്തിന്റെ വൃത്തം വികസിക്കുകയും ചെയ്തപ്പോഴെല്ലാം ഇസ്ലാമിലെ ഹലാലിന്റെയും ഹറാമിന്റെയും മറ്റെല്ലാ നിയമങ്ങളുടെയും സവിശേഷതകൾ നമുക്ക് വ്യക്തമാവുകയുണ്ടായി, അല്ലെങ്കിൽ എങ്ങനെയാണ് മറിച്ചൊന്ന് സംഭവിക്കുക? അറിവുള്ളവനും സൂക്ഷ്മജ്ഞാനിയും തന്റെ അടിമകളോട് കരുണയുള്ളവനുമായ അല്ലാഹുവിന്റെ നിയമക്രമമാണല്ലോ അത്.
അവൻ പറയുന്നു:

{وَاللَّهُ يَعْلَمُ الْمُفْسِدَ مِنَ الْمُصْلِحِ وَلَوْ شَاءَ اللَّهُ لأعْنَتَكُمْ إِنَّ اللَّهَ عَزِيزٌ حَكِيم}-الْبَقَرَةُ: 220.
” നന്മ ചെയ്യുന്നവനെയും നാശം വരുത്തുന്നവനെയും അല്ലാഹു വേർതിരിച്ചറിയും, അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ നിങ്ങൾക്ക് വിഷമം വരുത്തുമായിരുന്നു. അല്ലാഹു സർവരേയും അതിജയിക്കുന്നവനാണ്. മികച്ച യുക്തിമാനും ”.-(അൽബഖറ: 220).

( എന്‍റെ വന്ദ്യ ഗുരു ശൈഖ് യൂസുഫുൽ ഖറദാവിയോട് കടപ്പാട്)

Related Articles