Faith

പൂര്‍ണമുസ്‌ലിമിന്റെ രൂപീകരണം

ധാര്‍മികതയുടെ ലോകം ആവിഷ്‌കരിക്കാനുള്ള ദര്‍ശനമാണ് ഇസ്‌ലാം. അതിനാല്‍, ഇസ്‌ലാമിന് ഒരു ധര്‍മശാസ്ത്രമുണ്ട്. ധാര്‍മികത സന്നിവേശിപ്പിക്കുന്നത് വ്യക്തി, കുടുംബം, സമൂഹം എന്നീ ത്രിമാനതലങ്ങളെ സമന്വയിപ്പിച്ചുകൊണ്ടാണ്. അവ പരസ്പരപൂരകമായും ക്രമപ്രവൃദ്ധമായും പൂര്‍ണത നേടുമ്പോഴാണ് ലോകം സംസ്‌കൃതമാവുന്നത്. പൂര്‍ണവ്യക്തിയുടെ രൂപീകരണം, മാതൃകാകുടുംബത്തിന്റെ ആവിഷ്‌കാരം, ഉത്തമസമൂഹത്തിന്റെ സൃഷ്ടിപ്പ് എന്നിവ ഉദാത്തമായ വീക്ഷണങ്ങളാണ്. തസ്വവ്വുഫിന്റെയും ഫിലോസഫിയുടെയും രചനകളില്‍ അവയെക്കുറിച്ച ആശയങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. അബ്ദുല്‍കരീം ജീലിയുടെ അല്‍ഇന്‍സാനുല്‍കാമില്‍, അബൂനസ്വ്ര്‍ അല്‍ഫാറാബിയുടെ അല്‍മദീനത്തുല്‍ ഫാദില, പ്ലേറ്റോയുടെ റിപബ്ലിക്ക്, തോമസ് മൂറിന്റെ ഉട്ടോപ്യ തുടങ്ങിയ കൃതികള്‍ അത്തരം സങ്കല്‍പനങ്ങളുടെ ആശയപരമായ പ്രകാശനങ്ങളാണ്. മതങ്ങളുടെ ലക്ഷ്യവും ഏറിയോ കുറഞ്ഞോ അളവില്‍ ത്രിമാനതലങ്ങളുടെ ധാര്‍മികമായ ആവിഷ്‌കാരം തന്നെയാണ്. ഉദാഹരണത്തിന്, ശ്രേഷ്ഠമനുഷ്യനും വ്യവസ്ഥാപിതസമൂഹവുമാണ് ദര്‍ശനത്തിന്റെ ലക്ഷ്യങ്ങളായി കങ്ഫ്യൂചിയന്‍ മതം കാണുന്നത്.

സ്വഭാവസംസ്‌കരണത്തിലൂടെയാണ് പൂര്‍ണമുസ്‌ലിം രൂപപ്പെടുന്നത്. മുസ്‌ലിമിനെ നിര്‍ണയിക്കുന്നമാനദണ്ഡമാണ് ഉത്തമസ്വഭാവം. സ്വഭാവസംസ്‌കരണത്തിന് ഉയര്‍ന്ന പ്രാധാന്യമാണ് ഇസ്‌ലാം നല്‍കുന്നത്: ‘നന്മയും തിന്മയും തുല്ല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് നീ തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മമിത്രത്തെപ്പോലെയായിത്തീരും’ (ഫുസ്സിലത്ത്:34), ‘ഏറ്റവും നല്ല സ്വഭാവത്തിന്റെ ഉടമസ്ഥനാണ് നിങ്ങളിലെ ഏറ്റവും ഉല്‍കൃഷ്ടന്‍'(ബുഖാരി). ദൈവശാസ്ത്ര വിഷയമാണ് ഇസ്‌ലാമില്‍ സ്വഭാവം. ഉത്തമസ്വഭാവം ദൈവികസ്വഭാമാണെന്നും നിങ്ങളവ പകര്‍ത്തുകയെന്നും പ്രവാചകന്‍ പറയുകയുണ്ടായി. ദൈവത്തെ അംഗീകരിക്കുകയെന്നാല്‍, ഉത്തമസ്വഭാവം ജീവിതത്തില്‍ പകര്‍ത്തല്‍ കൂടിയാണ്. മുഴുവന്‍ സ്വഭാവങ്ങളുടെയും ഉറവിടമാണ് ദൈവം. വിശുദ്ധവേദത്തിലെ ഇസ്‌റാഅ് അധ്യായത്തിന്റെ ഇരുപത്തിരണ്ട് മുതല്‍ മുപ്പത്തൊമ്പത് വരെയുള്ള സൂക്തങ്ങള്‍ അക്കാര്യം വ്യക്തമാക്കുന്നുണ്ട്. ദൈവത്തോടൊപ്പം ഇതര അസ്തിത്വങ്ങളെ ചേര്‍ക്കരുതെന്ന കല്‍പനയോടെയാണ് അവയുടെ തുടക്കം. തുടര്‍ന്ന് ജീവിതത്തില്‍ ശീലിക്കേണ്ട സ്വഭാവങ്ങളെകുറിച്ചും വര്‍ജിക്കേണ്ട സ്വഭാവങ്ങളെകുറിച്ചും സംസാരിക്കുന്നു. സൂക്തം അവസാനിക്കുന്നതാവട്ടെ ഇപ്രകാരവും: ‘നിന്റെ നാഥന്‍ നിനക്കു ബോധനം നല്‍കിയ തത്വജ്ഞാനത്തില്‍ പെട്ടവയാണിവ. നീ ദൈവത്തോടൊപ്പം മറ്റൊരു അസ്തിത്വത്തെയും സ്വീകരിക്കരുത്. അങ്ങനെ ചെയ്താല്‍ നീ നിന്ദ്യനും ദിവ്യാനുഗ്രഹം വിലക്കപെട്ടവനുമായി നരകത്തിലെറിയപ്പെടും’.

ശുദ്ധപ്രകൃതത്തിലാണ് ഓരോ മനുഷ്യന്റെയും ജനനം: ”ശുദ്ധപ്രകൃതിയോട് കൂടിയല്ലാതെ ഒരു കുഞ്ഞും ജനിക്കുന്നില്ല. പിന്നീട് കുഞ്ഞിനെ ജൂതനോ ക്രൈസ്തവനോ മജൂസിയോ ആക്കുന്നത് അവന്റെ മാതാപിതാക്കളാണ്. കന്നുകാലി പൂര്‍ണകായമുള്ള കുഞ്ഞിന് ജന്മം നല്‍കുന്നതുപോലെയാണിത്. അവയില്‍ അംഗവിഛേദം ചെയ്യപ്പെട്ടതിനെ നിങ്ങള്‍ക്ക് കാണാനാകുമോ?”(ബുഖാരി), ”ദൈവം മനുഷ്യരെ ഏതൊരു പ്രകൃതിയിലാണോ സൃഷ്ടിച്ചിട്ടുള്ളത് ആ പ്രകൃതിയെ മുറുകെപിടിക്കുക”(അര്‍റൂം: 30). സാഹചര്യങ്ങളാണ് ഒരാളെ നല്ലമനുഷ്യനും ചീത്തമനുഷ്യനുമാക്കുന്നത്. മനോഭാവത്തിനും വ്യക്തിത്വത്തെ നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുണ്ട്. ചീത്തസ്വഭാവത്തോടാണ് ഉന്മുഖമെങ്കില്‍ ചീത്തസ്വഭാവിയും നല്ലസ്വഭാവത്തോടാണ് ഉന്മുഖമെങ്കില്‍ നല്ലസ്വഭാവിയും ആയിത്തീരും. ഒരു വ്യക്തി പ്രത്യക്ഷത്തില്‍ ധര്‍മസഹിതനായി ജീവിക്കുകയും പൊടുന്നനെ തിന്മയിലേര്‍പ്പെട്ട് നരകത്തില്‍ അകപ്പെടുമെന്നും മറ്റൊരു വ്യക്തി പ്രത്യക്ഷത്തില്‍ ധര്‍മരഹിതനായി ജീവിക്കുകയും പൊടുന്നനെ നന്മയിലേര്‍പ്പെട്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്നും പ്രവാചകന്‍ പറഞ്ഞതിന്റെ പൊരുള്‍ ഒരുപക്ഷേ, മനുഷ്യന്റെ മനോഭാവവുമായി ബന്ധപ്പെട്ടതാവാം.

Also read: സഹജീവികളോടുള്ള സമീപനം

മനുഷ്യപ്രകൃതം വിശുദ്ധമായതിനാല്‍ ധര്‍മാധര്‍മബോധം അവനില്‍ അന്തര്‍ലീനമാണ്: ”സ്വത്വവും അതിനെ ക്രമപ്പെടുത്തിയതും സാക്ഷി. അങ്ങനെ ദൈവം അതിന് ധര്‍മാധര്‍മബോധം നല്‍കി. നിശ്ചയം, അതിനെ സംസ്‌കരിച്ചവന്‍ വിജയിച്ചു. മലിനമാക്കിയവന്‍ പരാജയപ്പെട്ടു”(അശ്ശംസ്: 710). ധര്‍മാധര്‍മബോധംകൊണ്ടാണ് കൊടുംകുറ്റവാളിയില്‍പ്പോലും നന്മയുടെ ഉറവ തെളിഞ്ഞുവരുന്നത്. നൂറുപേരെ വധിച്ചശേഷം പശ്ചാത്താപവിവശനായ പ്രവാചകന്‍ പറഞ്ഞ വ്യക്തിയുടെ കഥയുടെ ഉള്‍സാരം അതാണ്. മനുഷ്യനില്‍ അന്തര്‍ലീനമായ ധാര്‍മികബോധത്തെ ഉത്തമസ്വഭാവങ്ങള്‍കൊണ്ട് ഉദ്ദീപിപ്പിക്കുകയാണ് ഇസ്‌ലാം. അപ്പോള്‍ സ്വത്വത്തിന് കൂടുതല്‍ നവചൈതന്യം കൈവരുന്നു. പ്രകാശത്തിന്മേല്‍ പ്രകാശം പതിച്ച പ്രതീതിയായിരിക്കും അപ്പോള്‍ സ്വത്വത്തിന്. സൃഷ്‌ട്യോന്മുഖസ്വത്വമെന്നാണ് പ്രസ്തുതസ്വത്വം അറിയപ്പെടുന്നത്.

മൂന്നു അടരുകളിലുള്ള സ്വഭാവങ്ങള്‍ പൂര്‍ണമുസ്‌ലിം രൂപീകരണത്തിന് അനിവാര്യമാണ്. ഒന്ന്, ദൈവികസ്വഭാവം. ദൈവവുമായി ബന്ധപ്പെട്ട് മുസ്‌ലിം ശീലിക്കേണ്ട സ്വഭാവങ്ങളാണവ. സമര്‍പ്പണം(ഇസ്‌ലാം), വിശ്വാസം(ഈമാന്‍), ഭരമേല്‍പ്പിക്കല്‍(തവക്കുല്‍) എന്നിവ അവക്ക് ഉദാഹരണങ്ങളാണ്. രണ്ട്, വൈയക്തികസ്വഭാവം. വ്യക്തിത്വവികാസത്തിന് ജീവിതത്തില്‍ വളര്‍ത്തേണ്ട സ്വഭാവങ്ങളാണവ. പ്രത്യാശ(റജാഅ്), ധൈര്യം(ശജാഅത്ത്), സംയമനം(സ്വബ്ര്‍) എന്നിവ അവക്ക് ഉദാഹരണങ്ങളാണ്. മൂന്ന്, മാനവികസ്വഭാവം. മറ്റു മനുഷ്യരുമായി ഇടപെടുമ്പോള്‍ അനുവര്‍ത്തിക്കേണ്ട സ്വഭാവങ്ങളാണവ. സ്‌നേഹം(ഹുബ്ബ്), സമത്വം(ഉഖുവ്വത്ത്), വിട്ടുവീഴ്ച(അഫ്‌വ്) എന്നിവ അവക്ക് ഉദാഹരണങ്ങളാണ്.

പൂര്‍ണമുസ്‌ലിമിന്റെ മാതൃക പ്രവാചകന്‍ മുഹമ്മദാണ്. മുഴുവന്‍ സ്വഭാവങ്ങളുടെയും സമാഹാരമായിരുന്നു പ്രവാചകന്‍. കറകളഞ്ഞ സ്വത്വത്തിന്റെ വിശുദ്ധി കാരണം ദൈവത്താല്‍ വാഴ്ത്തപ്പെട്ടവനാണ് മുഹമ്മദ്. സൃഷ്ടികളില്‍ സര്‍വോത്തമനെ(അശ്‌റഫുല്‍ഖല്‍ഖ്) ന്നത് അവിടുത്തെ വിശേഷണമാണ്. പ്രവാചകസ്വഭാവത്തെക്കുറിച്ച് വിശുദ്ധവേദത്തിന്റെ സാക്ഷ്യം ഇപ്രകാരമാണ്: ”തീര്‍ചയായും താങ്കള്‍ മഹത്തായ സ്വഭാവത്തിന്റെ ഉടമയാണ്”(അല്‍ഖലം: 4). നിശ്ചയം, നിങ്ങള്‍ക്ക് ദൈവദൂതനില്‍ മികച്ചമാതൃകയുണ്ടെന്ന് അഹ്‌സാബ് അധ്യായത്തില്‍ കാണാം. ജനങ്ങളില്‍ ഏറ്റവും നല്ല സ്വഭാവിയായിരുന്നു പ്രവാചകനെന്ന് അനുചരന്‍ അനസും പ്രവാചകന്റെ സ്വഭാവം വിശുദ്ധവേദമായിരുന്നുവെന്ന് മഹതി ആയിശയും മൊഴിഞ്ഞിട്ടുണ്ട്. പ്രവാചകനില്‍ മൂന്ന് അടരുകളിലുമുള്ള സ്വഭാവങ്ങള്‍ ഉള്‍ചേര്‍ന്നിട്ടുണ്ട്. പ്രവാചകനിലെ നന്ദിപ്രകാശനത്തിന്റെ യാഥാര്‍ഥ്യം നോക്കൂ. പാദങ്ങളില്‍ നീരുകെട്ടി വീര്‍ക്കുവോളം രാത്രിയില്‍ നമസ്‌കരിക്കും. ദൈവത്തോട് നന്ദിയുള്ള അടിമയാവേണ്ടതില്ലേയെന്നായിരുന്നു അതിനെപ്പറ്റി ചോദിച്ചപ്പോള്‍ പ്രവാചകന്റെ മറുപടി. ഞാനാണ് ജനങ്ങളില്‍ ഏറ്റവും ധൈര്യമുള്ളവനെന്ന പ്രഖ്യാപനം പ്രവാചകന്റെ വൈയക്തികസ്വഭാവത്തിലെ ഒരിനത്തെ കുറിക്കുന്നു. പ്രവാചകന്റെ മാനവികസ്വഭാവത്തിന് തെളിവായി അനസിന്റെ സാക്ഷ്യം മതി: ‘ദൈവമാണ, ഒമ്പതുവര്‍ഷം ഞാന്‍ പ്രവാചകനുവേണ്ടി സേവനമനുഷ്ഠിച്ചു. ഞാന്‍ ചെയ്ത ഒരു കാര്യം ഇങ്ങനെയൊക്കെ നീ എന്തിനു ചെയ്തുവെന്ന് പ്രവാചകന്‍ ചോദിച്ചതായി എനിക്കറിയില്ല. അല്ലെങ്കില്‍ ഞാന്‍ ചെയ്യാതിരുന്ന കാര്യം അത് ഇങ്ങനെയൊക്കെ നീ എന്തുകൊണ്ട് ചെയ്തില്ലെന്നും ചോദിച്ചില്ല'(മുസ്‌ലിം).

Also read: കുട്ടികളുടെ ശിക്ഷണത്തിന് പത്ത് കാര്യങ്ങള്‍

പ്രവാചകന്റെ പൂര്‍ണതയും മുസ്‌ലിം നേടേണ്ട പൂര്‍ണതയും തമ്മില്‍ മൗലികവ്യത്യാസമുണ്ട്. പൂര്‍ണതയുടെ പരമോന്നതിയിലാണ് അവിടുത്തെ സൃഷ്ടി. മാനുഷ്യകത്തെ നന്മയില്‍ വഴിനടത്താന്‍ സവിശേഷം തെരഞ്ഞെടുക്കപ്പെട്ട മാതൃകപുരുഷനായതിനാല്‍, പൂര്‍ണത പ്രവാചകനില്‍ അന്തസ്ഥിതമാണ്. മുസ്‌ലിമിന്റെ പൂര്‍ണതയാവട്ടെ ആര്‍ജിതമാണ്. പൂര്‍ണതക്കു വേണ്ടി ബോധപൂര്‍വം ശ്രമിക്കുമ്പോള്‍ ലഭിക്കുന്ന സമ്മാനമാണത്. അപ്പോഴും ഒരു മുസ്‌ലിമിനും പ്രവാചകനാവാനാവില്ല. ദൈവത്തിന്റെ മിത്രമെന്ന പദവി(വിലായത്ത്) നേടാനായേക്കാം. സ്വഭാവങ്ങള്‍ ഗ്രഹിക്കുന്നതിലും പ്രായോഗവല്‍ക്കരിക്കുന്നതിലുമുള്ള വ്യത്യാസമനുസരിച്ച് ഒരു മുസ്‌ലിമിനും മറ്റൊരു മുസ്‌ലിമിനും ഇടയില്‍ പൂര്‍ണതയുടെ കാര്യത്തിലും വ്യത്യാസമുണ്ടാവും.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker