അറഫ ദിവസത്തിലെ നോമ്പ് എന്നാണന്ന് ഹദീസിൽ വന്നിട്ടുണ്ട്. ഉദാ: അബൂ ഖതാദ (റ) യിൽ നിന്നു നിവേദനം. നബി (സ) പറഞ്ഞു: അറഫാ ദിനത്തിലെ നോമ്പ് കഴിഞ്ഞ ഒരു വർഷത്തെയും വരാനിരിക്കുന്ന ഒരു വർഷത്തെയും ചെറിയ ദോഷങ്ങൾ പൊറുപ്പിക്കും.- (മുസ്ലിം: 2803).
عَنْ أَبِى قَتَادَةَ، أَنَّ النَّبِىَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: « صِيَامُ يَوْمِ عَرَفَةَ إِنِّى أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِى قَبْلَهُ وَالسَّنَةَ الَّتِى بَعْدَهُ ».-رَوَاهُ التِّرْمِذِيُّ: 754، وَصَحَّحَهُ الأَلْبَانِيُّ.
ദുൽഹിജ്ജ ഒമ്പതിലെ നോമ്പ് എന്നും ഹദീസിൽ വന്നിട്ടുണ്ട്. ഉദാ: നബി (സ) യുടെ പ്രിയ പത്നിമാരിൽ ചിലരിൽ നിന്ന് നിവേദനം. അവർ പറഞ്ഞു: നബി (സ) ദുൽഹിജ്ജ ഒമ്പതിന് നോമ്പ് അനുഷ്ഠിക്കാറുണ്ടായിരുന്നു…..(അബൂദാവൂദ്: 2439).
عَنْ هُنَيْدَةَ بْنِ خَالِدٍ عَنِ امْرَأَتِهِ عَنْ بَعْضِ أَزْوَاجِ النَّبِىِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَتْ: « كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَصُومُ تِسْعَ ذِى الْحِجَّةِ، وَيَوْمَ عَاشُورَاءَ، وَثَلاَثَةَ أَيَّامٍ مِنْ كُلِّ شَهْرٍ، أَوَّلَ اثْنَيْنِ مِنَ الشَّهْرِ وَالْخَمِيسَ ».-رَوَاهُ أَبُو دَاوُد: 2439، وَصَحَّحَهُ الأَلْبَانِيُّ.
ഈ ഹദീസിന്റെ വെളിച്ചത്തിൽ ദുൽഹിജ്ജ ഒമ്പതാം ദിവസം നോമ്പ് സുന്നത്താണ്. അറഫയിൽ ഹാജിമാർ സമ്മേളിച്ചാലും ഇല്ലെങ്കിലും. ഇനി (കൊറോണ പോലുളള കാരണങ്ങളാൽ) ഹജജ് തന്നെ ഇല്ലാത്ത അവസ്ഥ വന്നാലും ദുൽഹിജ്ജ ഒമ്പതാം ദിവസം നോമ്പ് സുന്നത്താണ്.
പണ്ടു കാലത്ത് ഓരോ നാട്ടുകാരും അവരവരുടെ നാട്ടിലെ മാസപ്പിറവിയനുസരിച്ചായിരുന്നു ദുൽഹിജ്ജ ഒമ്പത് കണക്കാക്കിയിരുന്നത്. അവർക്ക് ഹാജിമാർ അറഫയിൽ സമ്മേളിക്കുന്ന ദിവസം അറിയാൻ കഴിഞ്ഞിരുന്നില്ല. ഇന്നാകട്ടെ എല്ലാം തത്സമയം ആർക്കും കാണാനും കേൾക്കാനുമൊക്കെ കഴിയും.
രാപ്പകലുകളുടെ വ്യത്യാസവും ഓരോ പ്രദേശത്തെയും ഉദയാസ്തമന വ്യത്യാസവും നിലനിൽക്കുന്ന കാലത്തോളം അഫയിൽ ഹാജിമാർ സമ്മേളിക്കുന്ന ദിവസം തന്നെ ലോകത്തെല്ലാവർക്കും നോമ്പെടുക്കുക പ്രായോഗികമല്ല. മാസപ്പിറവി വ്യത്യസ്ഥമായി വന്നാൽ ആളുകൾക്ക് ഏറെ ആശയക്കുഴപ്പം ഉണ്ടാകാറുള്ള ഒരു വിഷയമാണ് അറഫാ നോമ്പിൻറെ വിഷയം. യഥാർത്ഥത്തിൽ മാസപ്പിറവിയുടെ മത്വാലിഉകൾ (നിർണയസ്ഥാനങ്ങൾ) വ്യത്യസ്ഥമാണെങ്കിലും ആ വ്യത്യാസം പരിഗണിക്കേണ്ടതുണ്ടോ, ഇല്ലയോ എന്നതാണ് ഈ തർക്കത്തിനു കാരണം. ഇസ്ലാമിൽ അഭിപ്രായവ്യത്യാസം പരിഗണനീയമായ, അഥവാ അഭിപ്രായഭിന്നതക്ക് സാധുതയുള്ള ഒരു വിഷയമാണിത്. അതിനാൽ ഒരു പ്രദേശത്തെ വിശ്വാസികൾ പൊതുവെ ഏത് നിലപാടാണോ സ്വീകരിക്കുന്നത് അവിടെ വേറിട്ട ഒരഭിപ്രായം മുന്നോട്ട് വച്ച് ആളുകൾക്കിടയിൽ വസ് വാസ് ഉണ്ടാക്കാതിരിക്കുക എന്നതാണ് കരണീയം.
ഓരോ പ്രദേശങ്ങളിലേയും ചന്ദ്രദർശനം വ്യത്യാസപ്പെടുന്നതിനനുസരിച്ച് അവിടെയുള്ളവരുടെ ദുൽഹിജ്ജ ഒമ്പതും വ്യത്യസ്തമായിരിക്കും. ഉദാ: മക്കത്ത് മാസം കാണുകയും അതു പ്രകാരം ഇന്ന് മക്കത്ത് ദുൽഹിജ്ജ ഒൻപത് (അഥവാ അറഫാ ദിനം) ആണ് എന്നും സങ്കൽപ്പിക്കുക. മക്കത്ത് മാസം കാണുന്നതിനേക്കാൾ ഒരു ദിവസം മുമ്പ് മറ്റൊരു രാജ്യത്ത് മാസം കണ്ടു എന്നും കരുതുക. അപ്പോൾ അറഫയിൽ ഹാജിമാർ നിൽക്കുന്ന ദിനം ആ രാജ്യക്കാരെ സംബന്ധിച്ചിടത്തോളം പെരുന്നാൾ ദിനമായിരിക്കും. പെരുന്നാൾ ദിനമായതുകൊണ്ട് തന്നെ അവർക്ക് ആ ദിനത്തിൽ നോമ്പ് പിടിക്കൽ ഹറാമുമാണ്. ഇനി മക്കത്ത് ദുൽഹിജ്ജ മാസം കണ്ടതിനു ഒരു ദിവസം കഴിഞ്ഞാണ് അവർ മാസം കണ്ടത് എന്ന് സങ്കല്പിക്കുക. മക്കയിൽ ദുൽഹിജ്ജ ഒൻപത് (അഥവാ അറഫാ ദിനം) ആകുന്ന ദിവസം അവരെ സംബന്ധിച്ചിടത്തോളം ദുൽഹിജ്ജ എട്ട് ആയിരിക്കും. ഈ പ്രാവശ്യം നമ്മുടെ നാട്ടിൽ സംഭവിക്കുന്നതു പോലെ. മക്കത്ത് ദുൽഹിജ്ജ പത്ത് ആയി വരുന്ന ദിവസത്തിലായിരിക്കും ഇവിടെ അറഫാ നോമ്പ് എടുക്കുക.
അറഫയിലുള്ളവരെ ഉന്നം വെച്ച് നോമ്പെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളളവർ മുതിർന്നാൽ ചിലരുടെ അറഫാ നോമ്പ് ദുൽഹിജ്ജ എട്ടിലും ചിലരുടേത് പത്തിലും ചെന്ന് ചാടി എന്ന് വരും. നബി (സ്വ)യുടെ അദ്ധ്യാപനത്തിന് എതിരാണിതെന്ന് അറിയുക. ആയതിനാൽ നമ്മുടെ നാട്ടിൽ എന്നാണോ ദുൽഹിജ്ജ ഒമ്പത് അന്ന് നോമ്പ് നോൽക്കുക. അവരവർ താമസിക്കുന്ന നാട്ടിലെ മുസ്ലിംകൾ ഏതു ദിവസമാണോ നോമ്പ് അനുഷ്ടിക്കുകയും പെരുന്നാൾ ആഘോഷിക്കുകയും ചെയ്യുന്നത് അതനുസരിച്ച് പ്രവർത്തിക്കുകയാണ് ഉചിതം. അത് സൗദിയിലെ നോമ്പിന് യോജിച്ച് വന്നാലും ഇല്ലെങ്കിലും ശരി അപ്രകാരം തന്നെ ചെയ്യുക.
ഇനിയാരെങ്കിലും ഹാജിമാർ അറഫയിൽ നിൽക്കുന്ന ദിവസം തന്നെ നോമ്പെടുക്കണമെന്ന ശാഠ്യക്കാരനാണെങ്കിൽ അതിന്റെ പേരിൽ ആരും അദ്ദേഹത്തെ ക്രൂശിക്കാനും പോകേണ്ടതില്ല. ഏറ്റവും പുണ്യകരമായ നാളുകൾ കുതർക്കങ്ങളിലൂടെ കുറ്റം സമ്പാദിക്കാനുള്ള അവസരമാക്കാതിരിക്കാൻ ജാഗ്രത പുലർത്തുക.