Current Date

Search
Close this search box.
Search
Close this search box.

ക്ഷമയുടെ പകുതിയാണ് നോമ്പ്!

ശ്രേഷ്ഠമായ സ്വഭാവത്തിന്റെയും വിശ്വാസത്തിന്റെയും അടയാളമാണ് ക്ഷമ. അത് വിശ്വാസി കൈമുതലാക്കിയ ആത്മീയ പരിമളമാണ്, പ്രയാസങ്ങൾ ലഘൂകരിച്ച് ശാന്തിയും സമധാനവും മനസ്സിലേക്ക് പകർന്ന് നൽകുന്നതാണ്. വിശ്വാസിയുടെ മുറിവുണക്കാനുള്ള മരുന്നാണ് ക്ഷമ. പരീക്ഷണങ്ങൾക്കും, പ്രതിസന്ധികൾക്കും, വൈറസുകൾക്കും, ദുരിതങ്ങൾക്കും സാക്ഷികളാവുന്ന മനുഷ്യനിൽ ക്ഷമയെന്നത് കാണാൻ കഴിയുന്നില്ലെങ്കിൽ അവൻ നാശോന്മുഖനായിതീരുന്നതാണ്. അതുകൊണ്ട് തന്നെ, വിശുദ്ധ ഖുർആൻ ക്ഷമ അവലംബിക്കുന്നതിന് വലിയ പ്രാധാന്യം നൽകുന്നതായി കാണാവുന്നതാണ്. വിശുദ്ധ ഖുർആനിൽ നൂറിലധികം പ്രാവശ്യം ക്ഷമയെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ക്ഷമ കൈകൊള്ളുന്നവരെ മഹത്വപ്പെടുത്തികൊണ്ടും പുകഴ്ത്തികൊണ്ടും അല്ലാഹു പറയുന്നു: ‘ക്ഷമ കൈകൊണ്ടവർക്ക് അവർ പ്രവർത്തിച്ച് കൊണ്ടിരുന്നതിൽ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവർക്കുള്ള പ്രതിഫലം നാം നൽകുക തന്നെ ചെയ്യും.’ (അന്നഹൽ: 96) ‘ക്ഷമാശീലർക്ക് തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്.’ (അസ്സുമർ: 10)

സന്തോഷത്തിന്റെ സന്ദർഭത്തിൽ വിശ്വാസി അല്ലാഹുവിന് നന്ദിപറയുകയും, പരീക്ഷണ ഘട്ടത്തിൽ ക്ഷമ കൈകൊള്ളുകയും ചെയ്യുന്ന വിശ്വാസികളുടെ സ്വഭാവ വിശേഷണത്തെ അല്ലാഹുവിന്റെ റസൂൽ എടുത്തുപറയുന്നുണ്ട്. സുഹൈബ് ബിൻ സിനാൻ(റ)വിൽ നിന്ന് ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ പറയുന്നു: ‘വിശ്വാസിയുടെ കാര്യം അത്ഭുതകരമാണ്. അവന്റെ എല്ലാ കാര്യവും നന്മയാണ്. ഇത് വിശ്വാസിക്കല്ലാതെ മറ്റാർക്കും ലഭിക്കുന്നില്ല. സന്തോഷം വന്നാൽ അവൻ അല്ലാഹുവിന് നന്ദിപറയുന്നു. അത് അവന് നന്മയാകുന്നു. ദുരിതം ബാധിച്ചാൽ അവൻ ക്ഷമിക്കുന്നു. അത് അവന് നന്മയാകുന്നു.’

Also read: വധശിക്ഷവിധിച്ച് ഹജ്ജാജ് ; ചിരിതൂകി സഈദുബ്നു ജുബൈര്‍

നോമ്പ് വിശ്വാസിയുടെ സ്വഭാവത്തിൽ ഗുണപരമായ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. കാരണം, അല്ലാഹുവിനെ അനുസരിക്കുകയും, ആരാധനാ കാര്യങ്ങൾ നിർവഹിക്കുകയും, ഖുർആൻ പാരയണം നടത്തുകയും ചെയ്യുന്നതിനെ പരിശുദ്ധമായി വിശേഷിപ്പിക്കുന്നതുപോലെ, നോമ്പുകാരന്റെ വിശേഷണമെന്നത് ക്ഷമ കൈകൊള്ളുകയും, ചീത്ത കാര്യങ്ങൾ വെടിയുകയും ചെയ്യുകയെന്നതാണ്. ഒരിക്കൽ അഹ് നഫ് ബിൻ ഖൈസിനോട് ഒരാൾ പറഞ്ഞു: താങ്കൾക്ക് പ്രായമായിരിക്കുന്നു, നോമ്പെടുക്കുകയെന്നത് താങ്കളെ ദുർബലമാക്കുകയാണ്. അദ്ദേഹം പറഞ്ഞു: ‘ഞാൻ നീണ്ട ഒരു യാത്രക്ക് തയാറെടുത്തുകൊണ്ടിരിക്കുകയാണ്. അവന്റെ ശിക്ഷയേറ്റുവാങ്ങി ക്ഷമ കൈകൊളളുകയെന്നതിനെക്കാൾ എത്രയോ നിസാരമായിട്ടുള്ളതാണ് അവനെ അനുസരിച്ച് കൊണ്ട് ക്ഷമിക്കുകയുന്നത്.’ അഹ് നഫ് ബിൻ ഖൈസ് പ്രവാചക വചനത്തെ മുൻനിർത്തികൊണ്ടാണ് ഇപ്രകാരം പറയുന്നത്. ഇബ്നു മാജ അബൂഹുറൈറയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. ‘എല്ലാ വസ്തുവിനും സകാതുണ്ട്. ശരീരത്തിന്റെ സകാതാണ് നോമ്പ്. ക്ഷമയുടെ പകുതിയാണ് നോമ്പ്.’ അഥവാ, ക്ഷമയുടെ ആദ്യ പകുതി നോമ്പിലൂടെയും, ബാക്കി വരുന്ന ആരാധനകളിലൂടെ ക്ഷമയുടെ രണ്ടാം പകുതിയും പൂർത്തീകരിക്കപ്പെടുന്നു.

നോമ്പ് നിർബന്ധമാക്കിയിതിന്റെ പ്രാധാന്യമാണിത് സൂചിപ്പിക്കുന്നത്. അതുപോലെ, മനസ്സിനെ കൃത്യപ്പെടുത്തുകയും, ക്ഷമയുള്ളവരാക്കുകയും, ഇച്ഛ, വഴികേട്, ന്യൂനത എന്നിവയെ അകറ്റിനിർത്തുകയും ചെയ്യുന്ന നോമ്പാണ് നമ്മിൽ നിന്ന് തേടുന്നത്. പാഴ് വാക്ക്, ചീത്തവളി, കള്ളം, തർക്കം, അസത്യം, കാപട്യം, ഏഷണി, പരദൂഷണം തുടങ്ങിയ കാര്യങ്ങളും വെടിയേണ്ടതുണ്ട്. പ്രവാചകന്റെ ഒരു ഹദീസിൽ ഇപ്രകാരം കാണാവുന്നതാണ്. സൽമാനുൽ ഫാരിസി(റ)വിൽ നിന്ന് ബൈഹഖിയും, ഇബ്നു ഖുസൈമയും, മുത്തഖിയും റിപ്പോർട്ട് ചെയ്യുന്നു. ‘അത് ക്ഷമയുടെ മാസമാണ്. ക്ഷമക്കുള്ള പ്രതിഫലം സ്വർഗവുമാണ്.’ ക്ഷമിക്കുകയെന്നാൽ ക്ഷമ കൈകൊള്ളുക എന്നതുതന്നെയാണ്. നോമ്പുകാരനായ എന്റെ സഹോദരാ, താങ്കൾക്ക് അല്ലാഹുവിൽ നിന്ന് ലഭിക്കുന്നത് മഹത്തായ പ്രതിഫലമാണ്. അത് താങ്കളെ സ്വർഗത്തിലേക്ക് നയിക്കുന്നതാണ്.

അവലംബം: iumsonline.org
വിവ: അർശദ് കാരക്കാട്

Related Articles