Current Date

Search
Close this search box.
Search
Close this search box.

മുഹര്‍റ മാസത്തില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും

സ്വന്തമായ അസ്തിത്വമുള്ള എല്ലാ സംസ്കാരങ്ങളുടെ ചിഹ്നങ്ങളില്‍ ഒന്നാണ് സ്വന്തമായി ഒരു കാലഗണന ഉണ്ടായിരിക്കുക എന്നത്. ലോകത്തുണ്ടായിട്ടുള്ള വിത്യസ്ത സംസ്കാരങ്ങള്‍ക്കും ദേശത്തിനും ഭാഷക്കുമെല്ലാം അവരവരുടേതായ കാലഗണനാക്രമമുണ്ട്. അതിന്‍റെ പിറവി ദിനം അവര്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. അത്തരം കാലഗണനയില്‍ സുപ്രധാനമാണ് കൃസ്തു വര്‍ഷം, ഹിജ്റ വര്‍ഷം, ചൈനീസ് വര്‍ഷം, പേര്‍ഷ്യന്‍ വര്‍ഷം. ചാന്ദ്രമാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഇസ്ലാമിക കാലഗണനക്കാണ് ഹിജ്റ വര്‍ഷം എന്ന് പറയുന്നത്. മുസ്ലിംങ്ങള്‍ക്ക് സ്വന്തമായി ഒരു കാലഗണന ഇല്ലാതിരുന്നത് പല പ്രശ്നങ്ങള്‍ക്കും ഇടവരുത്തി. ഇക്കാര്യം ഖലീഫ ഉമറിന്‍റെ ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹം മുതിര്‍ന്ന സഹാബികളുമായി കൂടിആലോചിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഹിജ്റ കലണ്ടറിന് മൂര്‍ത്ത രൂപമുണ്ടായത്.

ഖുര്‍ആന്‍ പറയുന്നു: ആകാശഭൂമികളുടെ സൃഷ്ടി നടന്ന നാള്‍ തൊട്ട് അല്ലാഹുവിന്‍റെ അടുക്കല്‍ ദൈവിക പ്രമാണമനുസരിച്ച് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ നാലെണ്ണം യുദ്ധം വിലക്കപ്പെട്ടവയാണ്. ഇതാണ് യഥാര്‍ഥ നിയമക്രമം……….. (തൗബ, 9:36) ഇസ്ലാമില്‍ മാസങ്ങളെ രണ്ടായി വിഭജിച്ചിരിക്കുന്നു. യുദ്ധം നിരോധിച്ച നാല് മാസവും യുദ്ധം അനുവദിച്ച എട്ട് മാസങ്ങളും. അല്ലാഹുവിന്‍റെ പവിത്ര മാസമെന്ന നിലയില്‍ മുഹര്‍റ മാസം യുദ്ധം നിരോധിക്കപ്പെട്ട മാസമാണ്. ഹിജ്റ കലണ്ടറിലെ പ്രഥമ മാസമായ മുഹര്‍റം മാസമാണ് നമ്മുടെ മുമ്പാകെ സമാഗതമാവുന്നത്.

Also read: അഭ്രപാളി കീഴടക്കുന്ന തുര്‍ക്കിഷ് ടി.വി സീരീസുകള്‍

എല്ലാ ഹിജ്റ പുതുവര്‍ഷ പുലരിയിലും  ഹിജ്റ കലണ്ടര്‍ അച്ചടിച്ചും പരസ്പരം അഭിവാദ്യങ്ങള്‍ നേര്‍ന്നും ആശംസകള്‍ പറഞ്ഞും  പുതുവര്‍ഷത്തെ മുസ്ലിം ലോകം ആഹ്ലലാദപൂര്‍വ്വം സ്വീകരിക്കുക എന്നത് അവരുടെ സംസ്കാരത്തിന്‍റെ ഭാഗമാണ്. കൂടാതെ ചരിത്ര പ്രധാനമായ ഒട്ടേറെ സംഭവങ്ങള്‍ക്ക് സാക്ഷിയായ ഒരു മാസം കൂടിയാണ് മുഹര്‍റ മാസം. ഈ മാസത്തില്‍ പ്രത്യേകമായി ചെയ്യേണ്ട ഏതാനും കാര്യങ്ങള്‍ ചുവടെ:

1. മാസപ്പിറവി കാണുമ്പോള്‍
പുതുവര്‍ഷത്തിലെ ആദ്യമാസമാണ് മുഹര്‍റം. ഇബ്നു ഉമറില്‍നിന്ന് നിവേദനം. മാസപ്പിറവി കാണുമ്പോള്‍ തിരുമേനി (സ) ഇങ്ങനെ പറഞ്ഞിരുന്നു: അല്ലാഹു ഏറ്റവും വലിയവന്‍. അല്ലാഹുവേ, നീ ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന ഈ ചന്ദ്രക്കലയെ സമാധാനത്തോടും ഈമാനോടും രക്ഷയോടും ഇസ്ലാമോടും അനുഗ്രഹത്തോടും കൂടി ഞങ്ങളില്‍ ഉദിപ്പിക്കേണമേ. എന്‍റെയും നിന്‍റെയും (ചന്ദ്രന്‍) നാഥന്‍ അല്ലാഹുവാണ്. (ഉദ്ധരണം: ഫിഖ്ഹുസുന്ന: പേജ് 438)

2. നോമ്പനുഷ്ടിക്കല്‍
ഇബ്നു അബ്ബാസ് (റ) പറയുന്നു: നബി (സ) മദീനയില്‍ വന്നു. അപ്പോള്‍ ജൂതന്മാര്‍ ആശൂറ നോമ്പ് അനുഷ്ടിക്കുന്നതായി കണ്ടു. തിരുമേനി ചോദിച്ചു: ഇതെന്താണ്? അവര്‍ പറഞ്ഞു: ഇത് നല്ലലൊരു ദിനമാണ്. മൂസാനബിയെയും ഇസ്രായീല്യരെയും അല്ലാഹു ശത്രുക്കളില്‍ നിന്ന് രക്ഷിച്ച ദിനമാണിത്. മൂസാ നബി അന്ന് നോമ്പ് എടുക്കുകയുണ്ടായി. അപ്പോള്‍ നബി (സ) പറഞ്ഞു: മൂസയോട് നിങ്ങളെക്കാള്‍ ബന്ധമുള്ളവന്‍ ഞാനാണ്. തിരുമേനി ആ ദിവസത്തില്‍ നോമ്പെടുക്കുകയും നോമ്പെടുക്കാന്‍ കല്‍പിക്കുകയും ചെയ്തു. ആശൂറാ നോമ്പ് മൂന്ന് തരത്തിലാണെന്ന് പണ്ഡിതന്മാര്‍ പറയുന്നു. 1. ഒമ്പത്, പത്ത്, പതിനൊന്ന് എന്നീ മൂന്ന് ദിവസവും നോമ്പനുഷ്ടിക്കലാണ്. 2. ഒമ്പതും പത്തും നോമ്പനുഷ്ടിക്കല്‍ 3. പത്തിന് മാത്രം നോമ്പനുഷ്ടിക്കല്‍.

Also read: ശഹീദ് വാരിയംകുന്നത്തിനെ പാരായണ വഴിയിൽ കണ്ടുമുട്ടിയപ്പോൾ

3. സൗമ്യ സമീപനം
ആശൂറ ദിനം ഒരാള്‍ തന്നോടും തന്‍റെ കുടുംബത്തോടും ഔദാര്യം കൈകൊള്ളുന്ന പക്ഷം വര്‍ഷത്തിലെ ബാക്കി കാലങ്ങളില്‍ അല്ലാഹു അവനോടും ഔദാര്യമുള്ളവനാകുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍റെ ഈ വചനം അന്വര്‍ത്ഥമാക്കുന്ന വിധത്തില്‍ ധാരാളമായി കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. പ്രത്യേകിച്ചും നാം ഇപ്പോള്‍ കടന്ന് പോവുന്ന ദുഷ്കരമായ ഈ ദിനങ്ങളിൽ. ഇതിനെ കാരുണ്യം കൊണ്ട് നേരിട്ടാല്‍ അല്ലാഹുവിന്‍റെ മഹത്തായ കാരുണ്യം നമുക്ക് ലഭിക്കും. മറ്റു സുന്നത്തായ കര്‍മ്മങ്ങളും പതിവാക്കി ജീവിതത്തില്‍ പുണ്യങ്ങള്‍ വര്‍ധിപ്പിക്കുക. വ്യക്തികളെന്ന നിലക്ക് പിണക്കവും വൈരാഗ്യവുമെല്ലാം ഒഴിവാക്കി ഹിജ്റ പുതുവര്‍ഷത്തെ സ്വീകരിക്കുന്നത് മാനസികമായ സമാധാനവും അല്ലാഹുവിന്‍റെ പ്രത്യേകമായ അനുഗ്രഹവും ലഭിക്കുവാന്‍ നിമിത്തമാവുന്നതാണ്.

4. വിമോചന സന്ദേശം ഉള്‍കൊള്ളുക
മൂസാ നബിയുടെ ചരിത്രത്തില്‍ നിന്നും ഇസ്രായേല്യരെ മോചിപ്പിച്ചതിന്‍റെ സന്ദേശം ഉള്‍കൊള്ളുകയാണ് മുഹര്‍റ മാസം നല്‍കുന്ന മറ്റൊരു സന്ദേശം. ഫറോവയുടെ അക്രമത്തിന് കീഴില്‍ പീഡിപ്പിക്കപ്പെട്ടിരുന്ന ഒരു ജനതയായിരുന്നു ഇസ്രായേല്യര്‍. അവരെ ക്രൂരമായ മര്‍ദ്ദനത്തില്‍ നിന്നും മോചിപ്പിച്ചതിന്‍റെ മഹത്തായ സുദിനം അനുസ്മരിക്കുന്ന ദിനം കൂടിയാണ് മൂഹര്‍റം പത്ത്. വൃതമനുഷ്ടിച്ച് കൊണ്ട് ഈ ദിനത്തെ നാം ആദരിക്കുമ്പോള്‍, മതത്തിന്‍റെ വിമോചന സന്ദേശം ഉറക്കെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.

5. ഇജ്തിഹാദിന്‍റെ വഴി വിശാലം
ഇസ്ലാമിനെ കാലത്തോടൊപ്പം സഞ്ചരിക്കാന്‍ പ്രാപ്തമാക്കുന്ന ഇജ്തിഹാദിന്‍റെ മാര്‍ഗ്ഗം കൊട്ടിയടക്കപ്പെട്ടിട്ടില്ല എന്നതാണ് മുഹര്‍റ മാസം നമ്മിലുണര്‍ത്തുന്ന മറ്റൊരു സുപ്രധാന കാര്യം. നബി (സ) യുടെ കാലത്ത് ഇല്ലാതിരുന്ന ഒരു കാലഗണന ഇജ്തിഹാദിലൂടെ കണ്ടത്തി അത് നടപ്പാക്കിയത് ഉമര്‍ (റ) വിന്‍റെ ഇജ്തിഹാദിന്‍റെ മികച്ച ഉദാഹരണങ്ങളിലൊന്നാണ്. നമ്മുടെ സംസാകാരത്തിന് അനുയോജ്യമായ ഒരു കാലഗണന ഇല്ലാതിരിക്കുന്നതിന്‍റെ അപഹാസ്യത ആലോചിക്കാവുന്നതേയുള്ളൂ. ഹിജ്റ കലണ്ടര്‍ നമ്മുടെ ജീവിത വ്യവഹാരങ്ങളില്‍ പരമാവധി നടപ്പാക്കുകയും ഇനിയും ഇജ്തിഹാദിന്‍റെ വഴി വിശാലമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.

6. ആസൂത്രണം ചെയ്യുക
വ്യക്തി, കുടുംബം, സമൂഹം എല്ലാ തലത്തിലും ഒരു വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുക. പുതുവര്‍ഷ പുലരിയുടെ ആരംഭത്തില്‍ വരുന്ന പന്ത്രണ്ട് മാസം എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമെന്നതിനെ കുറിച്ച് ഒരു ആസൂത്രണമാണ്  ഉണ്ടാക്കേണ്ടത്. വ്യക്തിപരമായ വികാസം, സാമ്പത്തികമായ അഭിവൃദ്ധി, കുടുംബപരമായ ആസൂത്രണം, സാമൂഹ്യ തലം തുടങ്ങി അവരവരുമായി ബന്ധപ്പെട്ട മേഖലകളില്‍ കൃത്യമായ ആസൂത്രണം ചെയ്യുന്നത് നന്നായിരിക്കും. നബി തിരുമേനിയുടെ ഹിജ്റ നല്‍കുന്ന ഏറ്റവും വലിയ സന്ദേശം ആസൂത്രണവും അധ്വാനവുമാണ്.

ചെയ്യാന്‍ പാടില്ലാത്തത്
മുഹര്‍റ മാസത്തില്‍ ചെയ്യാന്‍ പാടില്ലാത്തതും എന്നാല്‍ ശിയാ മുസ്ലിംങ്ങള്‍ വ്യാപകമായി ചെയ്ത്കൊണ്ടിരിക്കുന്നതുമായ കാര്യമാണ് കര്‍ബല യുദ്ധത്തില്‍ പ്രവാചക പൗത്രന്മാരുടെ രക്തസാക്ഷിത്വം വരിച്ചതിലെ വിലാപം. ഒരു മുഹര്‍റ മാസത്തില്‍ ബഹറൈന്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു ഈ വിലാപത്തിന്‍റെ ആഴവും പരപ്പും മനസ്സിലാക്കാന്‍ കഴിഞ്ഞത്. കറുത്ത പതാകകളും തോരണങ്ങളും കൈയ്യിലേന്തി തെരുവുകളില്‍ പ്രകടനം നടത്തി ഭീതി സൃഷ്ടിക്കുന്ന അവസ്ഥ.

Also read: നവജാത ശിശുവിനോടുള്ള പത്ത് ബാധ്യതകള്‍

നബി തിരുമേനിയുടെ പൗത്രനായ ഹുസൈനെയും സംഘത്തെയും യസീദ് രാജാവിന്‍റെ കൂഫ സൈന്യാധിപനായിരുന്ന ഉബൈദുല്ല ഇബിന് സിയാദിന്‍റെ നേതൃത്വത്തില്‍ എത്തിയ സൈന്യം ക്രി. 650 ഒക്ടോബര്‍ 10 (ഹിജ്റ 61 മുഹര്‍റം 10) ഇറാഖിലെ കര്‍ബല എന്ന സ്ഥലത്തുവെച്ച് കൂട്ടക്കോല ചെയ്ത സംഭവം ശിയാ വിഭാഗക്കാരില്‍ വലിയ ദു:ഖം സൃഷ്ടിച്ചു. ഇതിന്‍റെ അനുരണനമെന്നോണം എല്ലാ വര്‍ഷവും ഈ ദിവസങ്ങളില്‍ അവര്‍ അമിതമായി ദു:ഖം പ്രകടിപ്പിക്കാറുണ്ട്. മുഹര്‍റ മാസത്തില്‍ ഇറാഖിലെ കര്‍ബലയില്‍ നടക്കുന്ന വിലാപങ്ങളാകട്ടെ മറ്റൊരു അനാചാരത്തിന് വഴിവെച്ചിരിക്കുന്നു.

യുദ്ധം നിരോധിക്കപ്പെട്ട മാസങ്ങളില്‍ ഒന്നായ മുഹര്‍റത്തില്‍ യുദ്ധത്തിനും അതിന് കാരണമാവുന്ന തര്‍ക്കങ്ങളില്‍ നിന്നും വിട്ട്നില്‍ക്കേണ്ടത് അല്ലാഹുവിനോടും റസൂലിനോടുമുള്ള നമ്മുടെ ബാധ്യതയാണ് (2:217).

ദു:ഖം പ്രകടിപ്പിക്കേണ്ട വിധം
ദു:ഖം എങ്ങനെ പ്രകടിപ്പിക്കണം എന്നതിനും നമുക്ക് മാതൃക നബി (സ) തന്നെയാണ്. മകന്‍ ഇബ്റാഹീം അന്ത്യശ്വാസം വലിക്കവെ അസഹ്യമായ മനോവ്യഥയാല്‍ നബി തിരുമേനി പറഞ്ഞു: കണ്ണുകള്‍ കരയുന്നു. മനസ്സ് വേദനിക്കുന്നു. പക്ഷേ, അല്ലാഹുവിനിഷ്ടപ്പെടാത്തതൊന്നും നാം പറയില്ല. അല്ലാഹുവാണ! നിന്നെക്കുറിച്ച് ഞങ്ങള്‍ അതീവ ദു:ഖിതനാണ് ഇബ്റാഹീം. പ്രവാചകന്‍ ദു:ഖവേളയില്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചിരുന്നതായി ഇബ്നു അബ്ബാസില്‍ നിന്ന് നിവേദനം. മഹാനും സഹനശീലനുമായ അല്ലാഹുവല്ലാതെ ഇലാഹില്ല. മഹത്തായ സിംഹാസനത്തിന്‍റെ റബ്ബായ അല്ലാഹുവല്ലാതെ ഇലാഹില്ല. ആകാശങ്ങളുടെ നാഥനും ആദരണീയമായ സിംഹാസനത്തിന്‍റെ നാഥനുമായ അല്ലാഹുവല്ലാതെ ആരാധ്യനില്ല. (ബുഖാരി മുസ്ലിം. ഫിഖ്ഹുസ്സുന്ന 438)

Related Articles