Current Date

Search
Close this search box.
Search
Close this search box.

തെറിവിളിക്കുന്ന അല്ലാഹു?!

“ഖുർആൻ പരിചയപ്പെടുത്തുന്നത് തനിക്കിഷ്ടമില്ലാത്തവരെ തെറിവിളിക്കുന്ന ദൈവത്തെയാണ്. തന്റെ സൃഷ്ടികളെന്ന് പറയുന്ന നിസ്സാരരായ മനുഷ്യരെ ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ദൈവത്തെ! അതിന് തെളിവാണ് ഖുർആനിലെ 68: 14 വാക്യം. ‘ഹറാം പിറന്നവൻ’ എന്നാണ് വലീദ് ബ്നു മുഗീറയെന്ന ഖുറൈശി നേതാവിനെ അതിൽ വിശേഷിപ്പിച്ചിരിക്കുന്നത്!”

-ഇസ്‌ലാം വിരോധം സിരകളിലൊഴുകുന്ന നവനാസ്തികർ പലപ്പോഴും ഉന്നയിക്കാറുള്ള ഒരാരോപണമാണിത്. ഇഎ ജബ്ബാറിനെപ്പോലുള്ളവരുടെ എഴുത്തുകളിലും സംസാരങ്ങളിലും പല ശൈലിയിലും ഇതാവർത്തിക്കപ്പെട്ടതായി കാണാം. ഈ ആരോപണത്തിൽ വല്ല വസ്തുതയുമുണ്ടോ? നമുക്ക് പരിശോധിക്കാം:

ഇസ്ലാമിനും അതിന്റെ പ്രവാചകനുമെതിരെ തിരിയുമ്പോൾ വ്യക്തിഹത്യയും അവഹേളനവും നിന്ദയും പരിഹാസവും മാത്രവുമല്ല നെറികെട്ട തെറിയാഭിഷേകങ്ങൾ പോലും പുറത്തെടുക്കാറുള്ള നാസ്തികർ നല്ലപിള്ള ചമഞ്ഞുകൊണ്ട് അല്ലാഹുവിനും വിശുദ്ധ ഖുർആനുമെതിരെ പലപ്പോഴും ഉന്നയിക്കാറുള്ള ഒരാരോപണമാണിത്. സത്യത്തിൽ വിശുദ്ധ ഖുർആൻ ഏതെങ്കിലും വ്യക്തിയെ തെറി പറഞ്ഞിട്ടില്ല. പേരെടുത്ത് പറഞ്ഞ് ആക്ഷേപിക്കുകയോ വഹേളിക്കുകയോ ചെയ്തിട്ടുമില്ല. ഉണ്ടെന്നത് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവമാണ്. ചോദ്യത്തിൽ സൂചിപ്പിക്കപ്പെട്ട ഖുർആൻ സൂക്തവും അതേവിഷയം കൈകാര്യം ചെയ്യുന്ന തൊട്ടുമുമ്പുള്ള സൂക്തങ്ങളും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുകയും, അവയുടെ അവതരണ പശ്ചാത്തലം പരിശോധിക്കുകയും ചെയ്താൽ ഇക്കാര്യം ബോധ്യമാവും.

സൂറ: അൽഖലമിലെ 5 മുതൽ 14 കൂടിയ സൂക്തങ്ങൾ ഇങ്ങനെ വായിക്കാം: “വൈകാതെ നീ കാണാൻ പോകുന്നു. അവരും കണ്ടറിയും. നിങ്ങളിൽ ആരാണ് കുഴപ്പത്തിലായതെന്ന്. നിശ്ചയമായും നിന്റെ നാഥൻ വഴി തെറ്റിയവരെ നന്നായറിയുന്നവനാണ്. നേർവഴി പ്രാപിച്ചവരെയും അവനു നന്നായറിയാം. അതിനാൽ നീ സത്യനിഷേധികളെ അനുസരിക്കരുത്. നീ അൽപം അനുനയം കാണിച്ചെങ്കിൽ തങ്ങൾക്കും അനുനയം ആകാമായിരുന്നുവെന്ന് അവരാഗ്രഹിക്കുന്നു. അടിക്കടി ആണയിട്ടുകൊണ്ടിരിക്കുന്ന അതിനീചനെ നീ അനുസരിക്കരുത്. അവനോ ദൂഷണം പറയുന്നവൻ, ഏഷണിയുമായി ചുറ്റിക്കറങ്ങുന്നവൻ. നന്മയെ തടയുന്നവൻ, അതിക്രമി, മഹാപാപി. ക്രൂരൻ, പിന്നെ, ദുഷ്കീർത്തി നേടിയവനും (അഥവാ പിഴച്ചു പെറ്റവനും).”

മുഹമ്മദ് നബി(സ)യുടെ മക്കാ ജീവിതകാലത്ത്, ഇസ്‌ലാമിന്റെ ശത്രുക്കൾ അദ്ദേഹത്തിനെതിരെ അതിരൂക്ഷമായ എതിർപ്പുകളുമായി രംഗത്തുവരികയും കള്ളങ്ങൾ പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തിരുന്ന സാഹചര്യത്തിലാണ് ഈ സൂക്തങ്ങൾ അവതരിക്കുന്നത്. ഏതെങ്കിലും വ്യക്തികളെ ഇവിടെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ചിട്ടില്ല. അന്ൻ നബി(സ)യെ ഭ്രാന്തൻ, ജിന്നുബാധയേറ്റവൻ, മാരണക്കാരൻ എന്നൊക്കെ ആക്ഷേപിച്ചിരുന്നവരാണ് ഖുറൈശി പ്രമാണിമാർ. അതിന് മറുപടി കൊടുക്കുകയാണിവിടെ. അതിന്റെ ഭാഗമായി ആ ആക്ഷേപകരുടെ തനിനിറം തുറന്നുകാണിക്കുകയും, അവരുടെ സ്വഭാവ വൈകൃതങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. അത്തരക്കാരെ അനുസരിക്കുകയോ പിൻപറ്റുകയോ ചെയ്താൽ നിങ്ങൾ പിഴച്ചുപോകും എന്ൻ ജനങ്ങളെ ബോധ്യപ്പെടുത്താനാണത്. സത്യസന്ധമായ വസ്തുതകളല്ലാതെ ഒന്നും അതിലില്ല താനും.

ഈ സൂക്ത സമുച്ചയത്തിലൂടെ അല്ലാഹു പറയുന്നതിതാണ്: നബിയേ, ഇസ്‌ലാമിക പ്രബോധനത്തിൽ താങ്കൾ അൽപം വിട്ടുവീഴ്ച കൈക്കൊള്ളുകയാണെങ്കിൽ താങ്കളോടുള്ള എതിർപ്പ് അവരൽപം മയപ്പെടുത്തും. അല്ലെങ്കിൽ അവരുടെ മാർഗഭ്രംശം പരിഗണിച്ച് താങ്കൾ ദീനിൽ ചില നീക്കുപോക്കുകൾക്ക് തയ്യാറാവുകയാണെങ്കിൽ അവർ താങ്കളോടു രാജിയാകും. അവരുടെ ആക്ഷേപ-ശകാരങ്ങളോ തെറ്റിദ്ധരിപ്പിക്കലുകളോ ഭയന്ൻ അതിന് നിന്നുപോകരുത്. താങ്കൾ ഭ്രാന്തനാണെന്നും മറ്റും അവർ ആരോപിക്കുന്നു. എന്നാൽ, താങ്കൾ അവർക്ക് മുമ്പിൽ സമർപിക്കുന്ന ഈ വേദവും താങ്കൾ നേടിയിട്ടുള്ള ധാർമിക നിലവാരവും ഉന്നതമായ സ്വഭാവ ഗുണങ്ങളും തന്നെ അവരുടെ ഈ അപവാദത്തെ ഖണ്ഡിക്കാൻ ധാരാളം മതിയായ ന്യായമാകുന്നു. ഭ്രാന്ത് ആർക്കാണെന്നും സ്ഥിരബുദ്ധിയുള്ളവൻ ആരാണെന്നും അടുത്തുതന്നെ എല്ലാവരും നേരിൽ കാണാൻ പോകുന്നുണ്ട്. അതുകൊണ്ട് താങ്കൾക്കു നേരെ ഇരമ്പിവരുന്ന എതിർപ്പിന്റെ കൊടുങ്കാറ്റിൽ ഒട്ടും ഉലഞ്ഞുപോകരുത്. താങ്കൾ എങ്ങനെയെങ്കിലും ഈ സമ്മർദങ്ങൾക്ക് വിധേയനായി ഒരു ഒത്തുതീർപ്പിന് തയ്യാറാവുക എന്നതാണ് ഈ എതിർപ്പുകളുടെയെല്ലാം ലക്ഷ്യം എന്ന് ഓർത്തിരിക്കുക.

ഇത്രയും പറഞ്ഞതിന് ശേഷം, സാധാരണക്കാരുടെ കണ്ണുതുറപ്പിക്കുന്നതിനുവേണ്ടി പേരു വെളിപ്പെടുത്താതെ, നബി(സ)യുടെ ശത്രുക്കളിൽപെട്ട ചിലരുടെ എട്ടൊമ്പത് സ്വഭാവദൂഷ്യങ്ങൾ എടുത്തുകാണിച്ചിരിക്കുന്നു. മക്കയിൽ തിരുമേനി(സ)യോടുള്ള എതിർപ്പിനു മുന്നിട്ടുനിന്ന പ്രമാണിമാർ എത്രത്തോളം മോശമായ ചര്യകളും സ്വഭാവങ്ങളും പുലർത്തുന്നവരാണെന്ന് അവരെ നേതാക്കന്മാരായി കൊണ്ടുനടക്കുകയും അവർ പറയുന്നതു അനുസരിക്കുകയും ചെയ്യുന്നവർക്ക് ബോധ്യപ്പെടാൻ വേണ്ടിയാണത്. പരാമൃഷ്ട ദുർഗുണങ്ങളിൽ ഏതെങ്കിലും ഒന്നുമാത്രം ഒരാളിൽ ഉണ്ടായാൽ തന്നെ അതവനെ അങ്ങേയറ്റം ദുഷിപ്പിക്കുവാൻ പോരുന്നതാണെന്നിരിക്കെ, എല്ലാംകൂടി ഒരാളിൽ സമ്മേളിക്കുന്നപക്ഷം അവൻ പ്രത്യക്ഷത്തിൽ മനുഷ്യരൂപിയാണെങ്കിലും യഥാർഥത്തിൽ പൈശാചികവൃത്തിയായിരിക്കും. അവൻ നന്നായിത്തീരുമെന്നുള്ള പ്രതീക്ഷക്കു പിന്നെ സ്ഥാനമില്ല. മാത്രമല്ല, അവനുമായി സഹവാസം പുലർത്തുന്നവരെ അവൻ വഴിപിഴപ്പിക്കുകയും ചെയ്യും.

ഖുർആനിവിടെ പ്രയോഗിച്ചതും വിമർശകൻമാർ ഉയർത്തിപ്പിടിക്കാറുള്ളതുമായ രണ്ട് പദങ്ങൾ ‘ഉതുല്ലിൻ’ ‘സനീം’ എന്നിവയാണ്. ധാരാളം തിന്നുന്ന തടിമാടനും നിഷ്ഠുരനും കലഹപ്രിയനുമായ ഗുണ്ടയെക്കുറിക്കാനാണ് അറബിയിൽ ‘ഉതുല്ലിൻ’ എന്ന പദം ഉപയോഗിക്കാറുള്ളത്. ‘സനീം’ എന്നാൽ നിന്ദ്യൻ, നീചൻ, തെമ്മാടി, കുപ്രസിദ്ധി നേടിയവൻ, അന്യൻ, വന്നുകൂടിയവൻ, ജാരസന്തതി, ദത്തെടുക്കപ്പെട്ടവൻ എന്നൊക്കെയാണ് അർഥം. വ്യഭിചാരത്തിൽ ജനിച്ചതുനിമിത്തം സ്വന്തം തറവാടില്ലാതെ ഏതെങ്കിലും ഒരു തറവാട്ടിലെ വ്യക്തിയുമായി പിതൃപുത്രബന്ധം സ്ഥാപിക്കപെട്ടവൻ -ജാരസന്തതി- എന്ന ഉദ്ദേശ്യത്തിലാണ് ഈ പദം പൊതുവെ ഉപയോഗിക്കപ്പെടാറുള്ളത്. ജാരസന്താനമായി ജനിച്ചത് അവൻറെ കുറ്റമല്ലെങ്കിലും, ചീത്തയായ ബീജത്തിൽനിന്ന് ജനിക്കുകയും ചീത്തയായ ചുറ്റുപാടിൽ വളരുകയും ചെയ്യുന്നവരിൽനിന്ന് മേൽപ്രസ്താവിച്ചതുപോലുള്ള ദുഷിച്ച സമ്പ്രദായങ്ങൾ പ്രകടമാവുക സ്വാഭാവികമാണ്. അഥവാ പ്രകടമായില്ലെങ്കിലും അവനുള്ള കാലത്തോളം നീങ്ങിപ്പോകാത്ത ഒരു ദുഷ്കീർത്തിയായി അത് അവശേഷിക്കുകയും ചെയ്യും.

കുപ്രസിദ്ധി നേടിയവരും തെമ്മാടിത്തരങ്ങൾക്ക് നേതൃത്വം നൽകുന്നവരുമായ ആളുകളെ കുറിക്കാനും ‘സനീം’ എന്ന പദം അറബിയിൽ പ്രയോഗിക്കാറുണ്ട്. സമൂഹത്തിൽ തെമ്മാടിത്തത്തിന് പേരുകേട്ടവരെ, നീചത്വത്തിൽ കുപ്രസിദ്ധി നേടിയവരെ കുറിക്കാൻ ഈ പദം ഉപയോഗിക്കാറുള്ളതായി താബിഈ പണ്ഡിതന്മാരായ സഈദുബ്‌നു ജുബൈറും ശഅ്ബിയും പ്രസ്താവിച്ചതായി തഫ്സീറുകളിൽ കാണാം. ഇമാം ഇബ്നുകസീറിനെപ്പോലുള്ള ഖുർആൻ വ്യാഖ്യാതാക്കൾ മുൻഗണന നൽകിയിട്ടുള്ളത് ഈ അർഥത്തിനാണ്. ‘സനീമി’ൻറെ വിവിധങ്ങളായ അർഥങ്ങളുള്ളതോടൊപ്പം തന്നെ ഖുർആനിവിടെ ഉദ്ദേശിക്കുന്നത് ഈ അർഥമാണ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

നിരവധി പ്രവാചക വചനങ്ങളിൽ ഈ അർഥത്തിൽ അവ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ‘അല്ലാഹു ആരോഗ്യം പ്രദാനം ചെയ്യുകയും മനസ്സ് വിശാലമാക്കുകയും അന്നത്തിനുള്ള സൗകര്യം വേണ്ടിടത്തോളം നൽകുകയും ചെയ്തിട്ടും ഒരാൾ ജനങ്ങളോട് അക്രമം പ്രവർത്തിക്കുന്നുവെങ്കിൽ ആകാശം അയാളെയോർത്ത് കരയും. അങ്ങനെയുള്ളവനാണ് ‘അൽഉതുല്ലുസ്സനീം” (ഇബ്നു അബീ ഹാതിം). ഇമാം മുസ്ലിമും അഹ്മദും ഉദ്ധരിച്ച മറ്റൊരു നബിവചനത്തിൽ നരകാവകാശികളുടെ വിശേഷണമായി ഈ പദം പ്രയോഗിച്ചത് കാണാം. ‘കുല്ലു ഉതുല്ലിൻ ജവാളിൻ മുസ്തക്ബിരിൻ’, ‘കുല്ലു ജവാളിൻ സനീമിൻ മുസ്തക്ബിരിൻ’ എന്നിങ്ങനെയാണ് ആ ഹദീസുകളിലെ പ്രയോഗങ്ങൾ. ‘ദുസ്സ്വഭാവിയും അഹങ്കാരിയും തെമ്മാടിയും നീചനും പരുഷപ്രകൃതനും അറുപിശുക്കനുമായവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല’ എന്ന അർഥത്തിൽ ‘ലാ യദ്ഖുലുൽ ജന്നത അൽജവ്വാളുൽ ജഅ്ളരിയ്യു അൽ ഉതുല്ലുസ്സനീമു’ എന്ൻ പ്രയോഗിക്കപ്പെട്ട വേറെയും ഹദീസുകൾ വിവിധ തഫ്സീറുകളിൽ കാണാവുന്നതാണ്. ഇവിടെയൊന്നും ‘ജാരസന്തതി’ എന്ന അർഥം കൽപിക്കാൻ പറ്റില്ല. നാം ചർച്ച ചെയ്യുന്ന ഖുർആൻ സൂക്തത്തിലും ഈ ഹദീസുകളിലേത് പോലുള്ള അർഥം തന്നെ ഉദ്ദേശ്യമാവാനാണ് സാധ്യത.

കുറേ സ്വഭാവഗുണങ്ങൾ പറഞ്ഞതിന് ശേഷം ഖുർആൻ ‘അതിനുപുറമെ കുപ്രസിദ്ധി നേടിയവനും’ എന്ന് എടുത്തുപറഞ്ഞത്, ആ വിശേഷണം അതുവരെ പറഞ്ഞ എല്ലാ ദുർഗുണങ്ങൾക്കും മകുടം ചാർത്തുന്നതായതുകൊണ്ടാണ്. ചില വ്യാഖ്യാതാക്കൾ പറയുന്നതുപോലെ, ഇത് വലീദുബ്നുൽ മുഗീറയെയോ മറ്റേതെങ്കിലും വ്യക്തിയെയോ പ്രത്യേകം ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയായിരുന്നാലും അല്ലെങ്കിലും ശരി, ഇത്തരക്കാരെ വിശ്വസിക്കുവാനും അനുസരിക്കുവാനും പാടില്ലെന്നാണ് അല്ലാഹു ഈ വചനങ്ങളിലൂടെ ഉപദേശിക്കുന്നത്. അതിലപ്പുറം ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കലോ തെറിപറയലോ അവഹേളിക്കലോ അല്ലാഹുവിന്റെയോ ഖുർആന്റെയോ ലക്ഷ്യമേയല്ല. ഇനി ഇവിടെ ‘ജാരസന്തതി’ എന്ന അർഥം കൽപിച്ചാൽ പോലും വലീദ് ബ്നുൽ മുഗീറയെപ്പോലുള്ളവർക്ക് അത് പൂർണമായും ചേരും എന്നാണ് അയാളുടെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാവുക! ഖുർആനിവിടെ ‘ജാര സന്തതി’ എന്ന അർഥം കൂടി ഉൾകൊള്ളുന്ന ‘സനീം’ എന്ന പദം പ്രയോഗിച്ചിട്ടും വലീദ് ബ്നു മുഗീറയോ മറ്റേതെങ്കിലും ഖുറൈശി പ്രമാണിമാരോ അത് നിഷേധിച്ചുകൊണ്ട് രംഗത്ത് വരാതിരുന്നതിൻറെ കാരണവും മറ്റൊന്നല്ല. വലീദ്ബ്നുൽ മുഗീറയുടെ മക്കളായ ഖാലിദും വലീദും പിൽകാലത്ത് ഇസ്ലാം സ്വീകരിച്ചപ്പോൾ അവരും ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിച്ചിട്ടില്ല.

സയ്യിദ് മൗദൂദി എഴുതുന്നു: “ഈ സൂക്തങ്ങളിൽ വിശേഷിപ്പിക്കപ്പെട്ട വ്യക്തി ആരാണെന്ന കാര്യത്തിൽ ഖുർആൻ വ്യാഖ്യാതാക്കൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. ഇയാൾ വലീദുബ്‌നുൽ മുഗീറയാണെന്നു ചിലർ പറയുന്നു. അസ്‌വദുബ്‌നു അബ്ദിയഗൂഥാണെന്നു മറ്റു ചിലർ. ഈ വിശേഷണങ്ങൾ യോജിക്കുന്നത് അഖ്‌നസുബ്‌നു ശുറൈഖിനാണെന്ന് വേറെ ചിലർ പറയുന്നു. ഇനിയും ചിലയാളുകൾ വേറെ ചില വ്യക്തികളെയാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എന്നാൽ, വ്യക്തിയുടെ പേരു പറയാതെ ഗുണവിശേഷങ്ങൾ വിവരിക്കുകയാണ് ഖുർആൻ ചെയ്തിരിക്കുന്നത്. ഈ വ്യക്തി മക്കയിൽ പേരെടുത്തു പറയേണ്ടതില്ലാത്തവിധം ഇപ്പറഞ്ഞ വിശേഷണങ്ങളാൽ പ്രസിദ്ധനായിരുന്നുവെന്നാണിതിൽനിന്ന് വ്യക്തമാകുന്നത്. ഈ വിശേഷണങ്ങൾ കേൾക്കുന്ന മാത്രയിൽത്തന്നെ ആരെയാണ് സൂചിപ്പിക്കുന്നതെന്ന് എല്ലാവർക്കും മനസ്സിലാകുമായിരുന്നു.” (തഫ്ഹീമുൽ ഖുർആൻ 6/ 56)

ജനങ്ങൾ പിന്തുടരുന്ന നേതാക്കൾ കൊടിയ അഴിമതിക്കാരും മദ്യപാനികളും വ്യഭിചാരികളും സദാചാര രാഹിത്യത്തിന് നേതൃത്വം നൽകുന്നവരും സാമൂഹ്യദ്രോഹികളും നൻമയുടെ വക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നവരുമാണെങ്കിൽ, അവരാൽ കബളിപ്പിക്കപ്പെടുന്നവരെ തിരുത്താനും കാര്യങ്ങൾ ബോധ്യപ്പെടുത്താനും ചിലപ്പോൾ അവരുടെ നേതാക്കളുടെ തനിനിറം വെളിപ്പെടുത്തേണ്ടിവരും. അത്തരം സന്ദർഭങ്ങളിൽ, -ദുരാരോപണങ്ങൾ ഉന്നയിക്കാതെത്തന്നെ- അവർ അഴിമതിവീരന്മാരാണ്, മുഴുകൂടിയൻമാരാണ്, പെണ്ണുപിടിയൻമാരാണ് എന്നിങ്ങനെയുള്ള വസ്തുതകൾ തുറന്നുപറയുന്നത് ആ നേതാക്കളെ ആക്ഷേപിക്കലോ വ്യക്തിഹത്യ ചെയ്യലോ അല്ല, അവർ കാരണം വഴികേടിൽ അലയുന്ന അനുയായികളോടുള്ള കാരുണ്യമാണ്. അവരെ ചിന്തിപ്പിക്കാനുള്ള മാർഗമാണ്. അതുമാത്രമേ ഖുർആനിവിടെ സ്വീകരിച്ചിട്ടുള്ളൂ! സത്യം ബോധ്യപ്പെട്ടും അതംഗീകരിക്കാതിരിക്കുകയും, അതിൽനിന്ൻ ജനങ്ങളെ തെറ്റിക്കുകയും, അതിന്നായി കുതന്ത്രങ്ങൾ പ്രയോഗിക്കുകയും, സത്യത്തിന്റെ വക്താക്കളെ അവഹേളിക്കുകയും വ്യക്തിഹത്യ ചെയ്യുകയും അവർക്കെതിരെ അക്രമ-മർദ്ദനങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്ന ക്രൂരൻമാർക്കെതിരെ ഇതല്ലാതെ പിന്നെന്താണ് ചെയ്യാനാവുക?!

ഖുർആൻ പരിഭാഷകളിൽ ഒരു പദത്തിന് ഒരേസമയം ഏതെങ്കിലും ഒരർഥമേ നൽകാൻ കഴിയൂ എന്നിരിക്കെ, വ്യത്യസ്ത അർഥങ്ങളുള്ള ‘സനീം’ പോലുള്ള പദങ്ങൾക്ക് ഏതെങ്കിലും പരിഭാഷകർ നൽകിയ ഏക അർഥത്തെ പ്രതി അല്ലാഹുവിനും അവന്റെ വചനത്തിനുമെതിരെ ആക്ഷേപമുന്നയിക്കുന്നതിന് എന്തുണ്ട് ന്യായം?!

(ഐപിഎച്ച് വൈകാതെ പ്രസിദ്ധീകരിക്കാനിരിക്കുന്ന ‘നാസ്തികരുടെ ഇസ്ലാം വിമർശനങ്ങൾ’ എന്ന പുസ്തകത്തിൽനിന്ൻ)

 

Related Articles