Current Date

Search
Close this search box.
Search
Close this search box.

കൊറോണ ബാധിച്ച നാസ്തികത

വെള്ളപ്പൊക്കം വന്നാലും കോറോണ വന്നാലും ദൈവം തോറ്റേ എന്ന് വിളിച്ചു കൂവുന്നവരാണ് നമ്മുടെ നാട്ടിലെ നാസ്തികർ അഥവാ യുക്തിവാദികൾ. കോവിഡ് 19 ലോകമൊട്ടുക്കും ഭീതി പരത്തിക്കൊണ്ട് പടർന്ന് പിടിക്കുമ്പോൾ ആളൊഴിഞ്ഞ ആരാധനാ കേന്ദ്രങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത്, മത വിശ്വാസികൾ ദൈവത്തെ കയ്യൊഴിഞ്ഞ് ശാസ്ത്രത്തെ പുൽകിയിരിക്കുന്നു എന്നാണ് നാസ്തികരുടെ അവകാശവാദം. ഒരു വശത്ത് ദൈവം ഇല്ല എന്ന് വാദിച്ചുകൊണ്ടിരിക്കെത്തന്നെ, ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ദൈവം ഏറ്റെടുക്കണം എന്ന് നിർബന്ധം പിടിക്കുന്നവരാണ് ഇക്കൂട്ടർ. രോഗം ശമിപ്പിക്കലും പട്ടിണി മാറ്റലും വെള്ളപ്പൊക്കം തടയലും ഒക്കെയാണ് ദൈവത്തിൻ്റെ പണിയെങ്കിൽ ആദ്യമേ തന്നെ ഇതൊന്നുമില്ലാത്ത ഒരു ലോകം സൃഷ്ടിച്ചാൽ മതിയായിരുന്നല്ലോ. മതത്തെ വിമർശിക്കുമ്പോൾ ദൈവത്തെക്കുറിച്ച് മതം എന്താണ് പറയുന്നത് എന്നെങ്കിലും മനസ്സിലാക്കാൾ ശ്രമിക്കണം. അത്ഭുത വിദ്യകൾ കാണിച്ച് മനുഷ്യരെ വിശ്വാസികളാക്കി മാറ്റുന്ന മാന്ത്രികനാണ് ദൈവം എന്നാണ് ഇവരുടെ ധാരണ.

ഇസ്ലാമിലെ ദൈവ സങ്കൽപത്തെക്കുറിച്ചും രോഗത്തൊടും ചികിത്സയോടുമുള്ള ഇസ്ലാമിൻ്റെ നിലപാടിനെക്കുറിച്ചും ചുരുക്കിപ്പറയാം. അല്ലാഹു എന്ന് മുസ്ലിംകൾ വിളിക്കുന്ന ഏകനായ ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുക മാത്രമല്ല, പ്രപഞ്ചത്തിന് ഒരു ഘടനയും വ്യവസ്ഥയും ഉണ്ടാക്കി വെച്ചിട്ടുമുണ്ട്. കാര്യകാരണബന്ധത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രപഞ്ചം പ്രവർത്തിക്കുന്നത്. ഈ ഘടനയും ദൈവം തന്നെ ഉണ്ടാക്കിയതാണ്. തീയിന് ചൂടാണെന്നതും തീയിൽ തൊട്ടാൽ കൈ പൊള്ളും എന്നതും ദൈവം ഉണ്ടാക്കി വെച്ച നിയമമാണ്. തീയിൽ ചാടിയിട്ട് ദൈവമേ രക്ഷിക്കണേ എന്ന് പ്രാർത്ഥിച്ചാൽ ദൈവം വിളി കേൾക്കണമെന്നില്ല. വീട്ടിന് തീപിടിച്ചാൽ തീ കെടുത്താൻ ദൈവം ഇറങ്ങി വരും എന്ന് പ്രതീക്ഷിക്കരുത്. തീ ഉണ്ടാകാൻ എന്നത് പോലെ തീ കെടുത്താനുമുള്ള ഉപാധികൾ ദൈവം പ്രപഞ്ചത്തിൽ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ബുദ്ധിയുപയോഗിച്ച് അത് കണ്ടെത്താനും ഉപയോഗപ്പെടുത്താനുമാണ് ദൈവം മനുഷ്യനോട് ആവശ്യപ്പെടുന്നത്. പക്ഷെ, ദൈവം ഉദ്ദേശിച്ചാൽ തീയെ വെള്ളമാക്കാനും തീ പൊള്ളലിൽ നിന്ന് ഒരു ജീവിയെ രക്ഷപ്പെടുത്താനും ദൈവത്തിന് കഴിയും എന്നാണ് ഒരു വിശ്വാസി വിശ്വസിക്കുന്നത്. പക്ഷെ, അത് ദൈവത്തിൻ്റെ തീരുമാനമാണ്. അതെക്കുറിച്ച് മനുഷ്യർക്ക് മുൻകൂട്ടി ഒരറിവുമില്ല.

Also read: ആത്മബോധത്തിൽ നിന്നുണരുന്ന വ്യക്തിത്വബോധം

‘ഒട്ടകത്തെ കെട്ടുക. എന്നിട്ട് ദൈവത്തിൽ തവക്കുൽ ചെയ്യക, ദൈവത്തെ ഭരമേൽപിക്കുക ” എന്നർത്ഥം വരുന്ന പ്രശസ്തമായ ഒരു നബി വചനമുണ്ട്. വളരെ അർത്ഥഗർഭമാണ് ഈ വാക്യം. ഒരു കാര്യം നേടിയെടുക്കാൾ വേണ്ടി അല്ലാഹു അനുവദിച്ച എന്തെല്ലാം വഴികളുണ്ടോ അതെല്ലാം സ്വീകരിക്കണം. ഇതെല്ലാം ചെയ്താൽ പോലും അപ്രതീക്ഷിതമായ തടസ്സങ്ങളുണ്ടാവാം. അത് നീക്കിത്തരാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണം. ദൈവത്തിൽ വിശ്വാസമർപ്പിക്കണം. പ്രവർത്തന ഭരിതമായ ജീവിതവും പ്രാർത്ഥനാനിരതവുമായ മനസ്സുമാണ് വിശ്വാസിയുടെ കൈമുതൽ.

പ്രാർത്ഥിച്ചാൽ ഉത്തരം ലഭിക്കാം. ചിലപ്പോൾ ലഭിച്ചില്ലെന്ന് വരാം. ഉത്തരം കിട്ടിയാൽ വിശ്വാസി ദൈവത്തെ സ്തുതിക്കും. ഉത്തരം കിട്ടിയില്ലെങ്കിൽ അത് ദൈവത്തിൻ്റെ തീരുമാനമാണെന്ന് സമാശ്വസിക്കും. ഈ ജീവിതത്തില്ലെങ്കിൽ അടുത്ത ജീവിതത്തിലെങ്കിലും ഉത്തരം ലഭിക്കുമെന്ന് പ്രത്യാശിക്കും. പ്രപഞ്ചത്തിൽ എന്തൊക്കെ സംഭവിക്കണമെന്നും ആരുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകണം എന്നുമൊക്കെ തീരുമാനിക്കേണ്ടത് ദൈവമാണെന്ന് വിശ്വസിക്കുന്നവനാണ് വിശ്വാസി. ഈ ലോകത്തിൽ നല്ല മനുഷ്യർക്ക് ദുരിതവും ചീത്ത മനുഷ്യർക്കു സുഖസമൃദ്ധിയും ലഭിച്ചെന്നിരിക്കും. ഇതൊന്നും ദൈവത്തിൻ്റെ നിസ്സഹായത കൊണ്ട് സംഭവിക്കുന്നതല്ല, ഇതൊക്കെ പ്രപഞ്ചത്തിലെ ദൈവത്തിൻ്റെ നടപടിക്രമമാണെന്നും ഇതിൻ്റെ പിന്നിൽ വ്യക്തമായ ഉദ്ദേശ്യ ലക്ഷ്യമുണ്ടെന്നും ദൈവം വേദഗ്രന്ഥത്തിലൂടെ പറഞ്ഞു തന്നിട്ടുണ്ട്. ഒരു വെള്ളപ്പൊക്കം വരുമ്പോഴേക്കും ഒലിച്ചുപോകുന്നതല്ല വിശ്വാസിയുടെ ദൈവ വിശ്വാസം.

നാസ്തികർക്ക് ഈ പ്രത്യാശയും പ്രാർത്ഥനയും വിധിച്ചിട്ടില്ല. ഭൂമിയിൽ സുഖം കൈവരുമ്പോൾ അവർ അർമാദിക്കും. ദുഖവും രോഗവും പിടിപെടുമ്പോൾ ദൈവത്തെ തെറി വിളിക്കും.

രോഗം വരുമ്പോൾ ചികിത്സ തേടണം എന്നാണ് പ്രവാചകൻ പഠിപ്പിച്ചത്. തങ്ങൾക്ക് രോഗം പിടിപെട്ടാൽ ചികിത്സിക്കണമോ എന്ന് ഒരു കൂട്ടം അനുയായികൾ പ്രവാചകനോട് ചോദിച്ചപ്പോൾ ‘നിങ്ങൾ ചികിത്സ തേടുക. എല്ലാ രോഗങ്ങൾക്കും മരുന്നുണ്ട്. വർധക്യത്തിന് ഒഴികെ ” എന്നാണ് പ്രവാചകൻ മറുപടി നൽകിയത്. ഇവിടെ നാസ്തികരും വിശ്വാസികളും തമ്മിൽ മൗലികമായ ഒരന്തരമുണ്ട്. രോഗം വരുമ്പോൾ നാസ്തികൻ വൈദ്യശാസ്ത്രത്തിൽ പൂർണമായ വിശ്വാസമർപ്പിച്ച് ചികിത്സ തേടും. എന്നിട്ടും രോഗം ഭേദമായില്ലെങ്കിൽ നിരാശയും ദുഖവും മാത്രമായിരിക്കും അവർക്ക് കൂട്ട് . പ്രാർത്ഥിക്കാനും വിശ്വാസമർപിക്കാനും അവർക്ക് ഒരു ദൈവമില്ല. എന്നാൽ വിശ്വാസിയുടെ കഥയോ? അവർ സാധ്യമായ എല്ലാ ചികിത്സകളും തേടും. അതോടൊപ്പം രോഗശമനത്തിന് വേണ്ടി പ്രാർത്ഥനാനിരതനാവും. രോഗം ഭേദമാവുകയില്ലെന്ന് ഉറപ്പായാൽ പോലും മരണത്തിന് ശേഷം വരാനിരിക്കുന്ന ഒരു ജീവിതത്തെക്കുറിച്ച പ്രതീക്ഷയിൽ അവർ ആശ്വാസം കണ്ടെത്തും. ബുഖാരി ഉദ്ധരിച്ച പ്രശസ്തമായ ഒരു നബി വചനമുണ്ട്. “ക്ഷീണം, രോഗം, ദുഖം, വേദന, ഇതൊന്നും ഒരു മുസ്ലിമിനെ ബാധിക്കുകയില്ല. ഒരു മുള്ളു പോലും അവൻ്റെ ശരീരത്തിൽ ഏൽക്കുകയില്ല; അതിന് പകരമായി അവൻ്റെ ചില തിൻമകൾ അല്ലാഹു മായചുകളഞ്ഞിട്ടല്ലാതെ.” ദുഖവും വേദനയും പോലും വിശ്വാസിക്ക് അനുഗ്രഹവും പ്രതീക്ഷയുമായി മാറുന്ന മാന്ത്രിക വിദ്യയുടെ പേരാണ് ദൈവ വിശ്വാസം. നാസ്തികരുടെ ലളിത യുക്തിക്ക് ഇതൊക്കെ എങ്ങനെ മനസ്സിലാവാൻ?

Also read: ഉപഭോഗ സംസ്കാരവും സംസ്കാര ഉപഭോഗവും

രോഗം വരുമ്പോൾ ചികിത്സിക്കണമെന്ന് മാത്രമല്ല, രോഗികൾക്കും ദുഖിതർക്കും മർദിതർക്കും കഷ്ടതയനുഭവിക്കുന്നവർക്കും താങ്ങും തണലുമായി വർത്തിക്കണമെന്നും മതം മനുഷ്യനെ പഠിപ്പിക്കുന്നു. മനസ്സും ശരീരവും ആരോഗ്യത്തോടെ കാത്ത് സൂക്ഷിക്കാനാണ് മതം പറയുന്നത്. ഭൂമിയിലെ നല്ല വസ്തുക്കൾ ആഹരിക്കുക എന്ന് ഖുർആൻ പഠിപ്പിക്കുന്നത് അത് കൊണ്ടാണ്. മനുഷ്യകരങ്ങൾ പ്രവർത്തിച്ചതിൻ്റെ ഫലമായി കരയിലും കടലിലും നാശം പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്ന് ഖുർആൻ പറയുന്നു. രോഗവും പട്ടിണിയും പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും വലിയൊരളവോളം മനുഷ്യർ തന്നെ ക്ഷണിച്ചു വരുത്തുന്നതാണ്. അത് കൊണ്ടാണ് പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ മതം മനഷ്യ നെ പഠിപ്പിക്കുന്നത്. കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങാവാൻ മതം പഠിപ്പിക്കുന്നത് കൊണ്ടാണ് വെള്ളപ്പൊക്കം വരുമ്പോൾ വിശ്വാസികൾ രക്ഷാപ്രവർത്തനങ്ങൾക്ക് കൈമെയ് മറന്ന് ഇറങ്ങിത്തിരിക്കുന്നതും നാസ്തികർ കുത്തിയൊലിക്കുന്ന വെള്ളത്തിൽ ദൈവത്തെ തിരഞ്ഞ് അലസരായിരിക്കുന്നതും. ജീവൻ പോലും പണയപ്പെടുത്തി മറ്റുള്ളവരെ രക്ഷിച്ചിട്ട് അവർക്കു് എന്ത് കിട്ടാനാണ്?

നാസ്തികർ പറയുന്നത് കേട്ടാൽ തോന്നും ശാസ്ത്രം ഇവരുടെ തറവാട്ടു സ്വത്താണെന്ന്. ശാസ്ത്ര ചരിത്രത്തിലെ മുസ്ലിം സംഭാവനകളെക്കുറിച്ചൊന്നും ഇവരോട് പ്രസംഗിച്ചിട്ടു കാര്യമില്ല. ഇന്നും ലോകത്തിലെ ശാസ്ത്രജ്ഞൻ മരിൽ നല്ലൊരു വിഭാഗം ദൈവവിശ്വാസികളാണ് എന്നും പറഞ്ഞിട്ട് കാര്യമില്ല. കോവിഡും വൈദ്യശാസ്ത്രവുമാണല്ലോ ഇപ്പോൾ വിഷയം. കേരളത്തിൽ നാസ്തികരായ എത്ര അലോപ്പതി ഡോക്ടർമാരുണ്ട്? നാസ്തികർ നടത്തുന്ന എത്ര ആശുപത്രികളുണ്ട്? കോവിഡ് 19 വൈറസ് ബാധിച്ച രോഗികളെ പരിചരിക്കുന്നവരുടെ കൂട്ടത്തിൽ എത്ര നാസ്തികരുണ്ടാവും? ക്ഷമയും സഹനവും ത്യാഗവും ആവശ്യമുള്ള ഇത്തരം സേവന പ്രവർത്തനങ്ങളിൽ കേരളത്തിലെ ഏതെങ്കിലും നാസ്തിക സംഘടനകളെ സാധാരണയായി നാം കാണാറുണ്ടോ? ത്യാഗത്തിൻ്റെ വിലയറിയണമെങ്കിൽ ആദ്യം ദൈവത്തെ അറിയണം.

വിശ്വാസിക്ക് ശാസ്ത്രജ്ഞാനം ദൈവത്തിൻ്റെ അനേകം അനുഗ്രഹങ്ങളിൽ ഒന്നാണ്. ദൈവത്തെ അറിയാനും മനുഷ്യന് നൻമ ചെയാനുമുള്ള നിരവധി വഴികളിൽ ഒന്ന്. മതവും ശാസ്ത്രവും പരസ്പര സംഘട്ടനത്തിലാണ് എന്ന മിഥ്യ നാസ്തികർ പറഞ്ഞുണ്ടാക്കിയതാണ്. തത്വത്തിലും പ്രയോഗത്തിലും മതം ശാസത്രത്തിൻ്റെ ശത്രുവല്ല. ശാസത്രത്തിന് ഏതെങ്കിലും ശത്രുവുണ്ടെങ്കിൽ അത് കേവല യാന്ത്രിക യുക്തിയിൽ വിശ്വസിക്കുന്ന നാസ്തികരാണ്.

Related Articles