Current Date

Search
Close this search box.
Search
Close this search box.

സാഹോദര്യം സഹവർത്തിത്വം

കാരുണ്യവും അനുകമ്പയുമാണ് ഇസ്‌ലാമിക അധ്യാപനങ്ങളുടെ അടിസ്ഥാനം. അപകടങ്ങളെ പ്രതിരോധിക്കുക, പ്രയാസങ്ങളകറ്റുക, സഹവർത്തിത്വം എന്നിവയിലധിഷ്ടിതമാണ് അതിന്റെ നിയമനിർമ്മാണം. സകാത്ത്, സ്വദഖ, മാതാപിതാക്കൾക്ക് ഗുണം ചെയ്യൽ, കുടുംബബന്ധം ചേർക്കൽ, വീട്ടുകാർക്ക് അവരുടെ അവകാശങ്ങൾ വകവെച്ചുകൊടുക്കൽ, അയൽവാസിക്ക് ഗുണം ചെയ്യൽ, അതിഥിയെ സൽക്കരിക്കൽ, രോഗിയെ സന്ദർശിക്കൽ എന്നിവ അതിൽ ചിലത് മാത്രം.

ഇതെല്ലാം സമാശ്വാസത്തിന്റെയും പാരസ്പര്യത്തിന്റെയും ഭാഗമാണ്. ജമാഅത്ത് നമസ്‌കാരം മുതൽ നോമ്പ്, ഹജ്ജ് എന്നിവയിലും പരസ്പര സഹവർത്തിത്വത്തിന്റെ അന്തരാർത്ഥങ്ങൾ പ്രകടമായിക്കാണും. പരസ്പര സാഹോദര്യത്തിന്റെതും സഹവർത്തിത്വത്തിന്റെതുമാണ് ഇസ്‌ലാം. സ്വന്തം സഹോദരന്റെ ആവശ്യങ്ങൾ പൂർത്തീകരിച്ചുകൊടുക്കുകയും തന്റെ ഇഷ്ടങ്ങളെല്ലാ അവരുടെയും ഇഷ്ടങ്ങൾ ആവുകയും ചെയ്യുന്നത് വരെ ഒരു മുസ്‌ലിമും വിശ്വാസിയാകുന്നില്ല. നബി(സ്വ) പറയുന്നു: ‘വിശ്വാസികൾ പരസ്പരം കെട്ടിടം പോലെയാണ്. അതിന്റെ ചില ഭാഗം മറ്റു ചില ഭാഗത്തെ ശക്തിപ്പെടുത്തുന്നു’, ‘സ്വന്തം ശരീരത്തിന് ഇഷ്ടമുള്ളവ തന്റെ സഹോദരനും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതുവരെ നിങ്ങളിൽ ഒരാളും സത്യവിശ്വാസിയാകുന്നില്ല’. ഇസ്‌ലാമെന്ന ഉമ്മത്തിന്റെ സന്തതികൾക്കിടയിൽ പരസ്പര സഹായസഹകരണങ്ങൾ ഉണ്ടാവാൻ വിശുദ്ധ ഖുർആനും പ്രേരിപ്പിക്കുന്നുണ്ട്: ‘നന്മയുടെയും ഭക്തിയുടേതുമായ വിഷയങ്ങളിൽ നിങ്ങൾ അന്യോന്യം സഹായിക്കണം'(മാഇദ: 2).

പരസ്പര സഹവർത്തിത്വത്തിനും അന്യന്റെ പ്രയാസങ്ങളെ ദുരീകരിച്ചുകൊടുക്കുന്നതിനും ഇസ്‌ലാം വലിയ പ്രാധാന്യം നൽകുന്നുവെന്ന് മാത്രമല്ല, ഇസ്‌ലാമത് ശക്തമായി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. സ്വന്തം സഹോദരന്മാരുടെ സുഖദുഖങ്ങളിൽ പങ്കാളികളാവുകയും അവരിലേക്ക് സഹായ ഹസ്തങ്ങൾ നീട്ടുകയും ചെയ്യുന്ന സൽവൃത്തരായ സത്യവിശ്വാസികളെയാണ് വിശുദ്ധ ഖുർആൻ ഏറ്റവും കൂടുതൽ പ്രശംസിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു: ‘സന്തോഷാവസ്ഥയിലും സന്താപഘട്ടത്തിലും ധനം ചെലവഴിക്കുകയും ക്രോധം ഒതുക്കുകയും ജനങ്ങൾക്ക് മാപ്പരുളുകയും ചെയ്യുന്ന സൂക്ഷ്മാലുക്കൾക്കായി സജ്ജീകൃതമാണത്'(ആലു ഇംറാൻ: 134). പലപ്പോഴും സ്വന്തം നന്മയേക്കാൾ അവർ അവരുടെ സഹോദരന്മാരുടെ നന്മക്ക് മുൻതൂക്കം നൽകുന്നു. ഇതിനാണ് തന്റെ ആഗ്രഹങ്ങളെക്കാൾ മറ്റുള്ളവരുടെ ആഗ്രഹങ്ങൾ തിരഞ്ഞെടുക്കുകയെന്ന് പറയുന്നത്. അല്ലാഹു പറയുന്നത് നോക്കൂ: ‘എന്നാൽ നേരത്തെ തന്നെ വീടും വിശ്വാസവും സജ്ജീകരിച്ച അൻസ്വാറുകളാകട്ടെ, സ്വദേശം പരിത്യജിച്ചെത്തുന്ന മുഹാജിറുകളെ സ്നേഹിക്കുന്നവരും അവർക്കു കിട്ടിയ സമ്പത്ത് സംബന്ധിച്ച് തങ്ങളുടെ മനസ്സിൽ ഒരാഗ്രഹവും ഇല്ലാതിരിക്കുന്നവരുമാകുന്നു; തങ്ങൾക്ക് ദാരിദ്ര്യമുണ്ടെങ്കിൽ പോലും മുഹാജിറുകൾക്കാണവർ മുൻഗണന കൊടുക്കുക. സ്വശരീരത്തിന്റെ പിശുക്കിൽ നിന്ന് ആര് സുരക്ഷിതരായോ അവർ തന്നെയാണ് ജേതാക്കൾ'(ഹശ്‌റ്: 9).

മഹത്തായ പ്രതിഫലമാണ് അവരെ കാത്തിരിക്കുന്നതെന്ന് അല്ലാഹു പറയുമ്പോൾ സ്വന്തം സഹോദരന്മാരുടെ ദുഖങ്ങളകറ്റാനും അവരെ സഹായിക്കാനും സത്യവിശ്വാസികളെങ്ങനെയാണ് ധൃതികാണിക്കാതിരിക്കുക. ഇക്കൂട്ടർക്ക് നൽകപ്പെടുന്ന പ്രതിഫലത്തെക്കുറിച്ച് അല്ലാഹു വിശദീകരിക്കുന്നു: ‘രക്ഷിതാവിങ്കൽ നിന്നുള്ള പാപമുക്തിയും, അടിയിലൂടെ അരുവികളൊഴുകുന്ന സ്വർഗീയാരാമങ്ങളുമാണ് അത്തരക്കാരുടെ പ്രതിഫലം. അവരതിൽ ശാശ്വതരത്രേ. സൽകർമനിരതരുടെ കൂലി എത്ര ഉദാത്തം!'(ആലു ഇംറാൻ: 136).

അഹംഭാവവും സ്വാർത്ഥതയും പരസ്പര സഹകരണത്തോടുള്ള വെറുപ്പുമെല്ലാം സത്യനിഷേധികളുടെയും കപടവിശ്വാസികളുടെയും വിശേഷണമാണെന്ന് അല്ലാഹു വ്യക്തമാക്കുന്നുണ്ട്. അവരുടെ ഹൃദയത്തിൽ തെല്ലും കാരുണ്യമില്ലെന്നത് തന്നെയാണ് അതിന് കാരണം. അവരെക്കുറിച്ച് അല്ലാഹു പറയുന്നു: ‘അങ്ങനെയല്ല, നിങ്ങൾ അനാഥയെ ബഹുമാനിക്കുകയോ പാവപ്പെട്ടവന്ന് ഭക്ഷണം നൽകാൻ അന്യോന്യം പ്രേരണ നൽകുകയോ ചെയ്യുന്നില്ല, അനന്തരാവകാശ സ്വത്ത് നിങ്ങൾ കൂട്ടിക്കുഴച്ച് തിന്നുകയും ധനത്തെ അമിതമായി സ്നേഹിക്കുകയും ചെയ്യുന്നു'(ഫജ്‌റ്: 17-20). പാവപ്പെട്ടവരെയും അശക്തരെയും സഹായിക്കാതെ അവരെത്തൊട്ട് മുഖം തിരിച്ചുകളഞ്ഞ ആളുകളെ നാളെ അന്ത്യനാളിൽ കാത്തിരിക്കുന്ന വൻനഷ്ടത്തെക്കുറിച്ചും അല്ലാഹു താക്കീത് നൽകുന്നുണ്ട്. ഇടത് കൈവശം ഗ്രന്ഥം നൽകപ്പെടുന്ന പരാജിതരോട് അല്ലാഹു പറയുന്നു: ‘കൽപനയുണ്ടാകും: നിങ്ങൾ അവനെ പിടിച്ചുകെട്ടുകയും കത്തിജ്ജ്വലിക്കുന്ന നരകാഗ്‌നിയിൽ കടത്തുകയും എഴുപതു മുഴം നീളമുള്ള ചങ്ങലയിൽ ബന്ധിക്കുകയും ചെയ്യുക! കാരണം, അവൻ മഹോന്നതനായ അല്ലാഹുവിൽ വിശ്വസിക്കാതിരിക്കുകയും സാധുക്കൾക്ക് ആഹാരം നൽകാൻ പ്രേരിപ്പിക്കാതിരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട്, ഇന്ന് അവന്നിവിടെ ഒരാത്മമിത്രമോ മഹാപാപികളല്ലാതെ കഴിക്കാത്ത, നരകക്കാരുടെ ചീഞ്ചലമൊഴികെയുള്ള ഭക്ഷണമോ ഇല്ലതന്നെ'(ഹാഖ്ഖ: 30-37).

വിശുദ്ധ ഖുർആൻ പറഞ്ഞ കാര്യങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ടാണ് ഹദീസ് വചനങ്ങൾ വന്നത്. അത് കാര്യങ്ങളെ കൂടുതൽ വ്യക്തമാക്കുകയും ചെയ്തു. ആ തിരമൊഴികൾ കേട്ടുകഴിഞ്ഞാൽ പിന്നെ ഇതരരെ സഹായിക്കുകയും അവരുടെ പ്രയാസങ്ങളെ നീക്കിക്കൊടുക്കുകയും ചെയ്യാൻ എപ്പോഴും വ്യഗ്രത കാണിക്കാത്ത ഒറ്റ മുസ്‌ലിമിനെയും കാണാൻ സാധിക്കുകയില്ല. കാരണം, ആ മഹത്തായ പ്രവർത്തിയുടെ പ്രതിഫലത്തെക്കുറിച്ച് അത്രമേൽ സ്പഷ്ടമായാണ് തിരുനബി(സ്വ) നമുക്ക് വിശദീകരിച്ചു തന്നിരിക്കുന്നത്. പ്രവാചകൻ(സ്വ) പറയുന്നു: ‘ഐഹിക ലോകത്തെ പ്രയാസങ്ങളിൽ നിന്നും ഏതെങ്കിലുമൊരു പ്രയാസം ഒരു വിശ്വാസിയെത്തൊട്ട് ആരെങ്കിലും നീക്കിക്കൊടുത്താൽ അന്ത്യനാളിലെ പ്രയാസങ്ങളിൽ നിന്നുമൊരു പ്രയാസം അവനെത്തൊട്ട് അല്ലാഹു നീക്കിക്കൊടുക്കും. പ്രയാസമനുഭവപ്പെടുന്ന ആരുടെയെങ്കിലും കാര്യങ്ങൾ അവൻ സന്തോഷത്തിലാക്കിക്കൊടുത്താൽ, ഇഹലോകവും പരലോകവും അല്ലാഹു അവന് സന്തോഷകരമാക്കിക്കൊടുക്കും. ആരെങ്കിലും ഒരു മുസ്‌ലിമിന്റെ ന്യൂനതയെ മറച്ചുവെച്ചാൽ അവന്റെ ന്യൂനത ഇഹലോകത്തും പരലോകത്തും അല്ലാഹു മറച്ചുവെക്കും. ഒരു അടിമ സ്വന്തം സഹോദരനെ സഹായിച്ചുകൊണ്ടിരിക്കുന്ന കാലത്തോളം അല്ലാഹു അവനെയും സഹായിച്ചുകൊണ്ടിരിക്കും’. സ്വന്തം സഹോദരനൊപ്പം അവന്റെ സുഖദുഖങ്ങളിൽ പങ്കുചേരുകയും അവനെ സഹായിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യുകയെന്നത് ഓരോ മുസ്‌ലിമിന്റെയും കടമയാണ്. പ്രവാചകൻ(സ്വ) പറയുന്നു: ‘ഒരു മുസ്‌ലിന് മറ്റൊരു മുസ്‌ലിമിന്റെ മേൽ ആറ് ബാധ്യതകളുണ്ട്: അവനെ കണ്ടുമുട്ടിയാൽ സലാം പറയുക, അവന്റെ വിളിക്ക് ഉത്തരം നൽകുക, നിന്നോടവൻ സദുപദേശം തേടിയാൽ അത് നൽകുക, തുമ്മിയാൽ അല്ലാഹുവിനെ സ്തുതിക്കുകയും അവന് ദൈവി കാരുണ്യത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുക, രോഗിയായാൽ സന്ദർശിക്കുക, മരണപ്പെട്ടാൽ മയ്തിന്റെ ജനാസയാത്രയിൽ പങ്കെടുക്കുക’.

മുസ് ലിമായ നിന്റ സഹോദരൻ ആവശ്യക്കാരനാണെന്ന് കണ്ടാൽ നിന്റെ അന്നപാനീയങ്ങളും മറ്റു വസ്തുക്കളും അവനുമായി പങ്കുവെക്കുക. സഹവർത്തിത്വത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണിത്. ഇത്തരം ആളുകളെ അല്ലാഹുവിന്റെ റസൂൽ നന്നായി പുകഴ്ത്തിപ്പറയുന്നുണ്ട്: ‘അവർ എന്നിൽ പെട്ടവരും ഞാൻ അവരിൽ പെട്ടവരുമാണ്’. സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഉത്തമോദാരഹണമായി മാറുന്ന ആളുകളെക്കുറിച്ചാണ് പ്രവാചകൻ(സ്വ) ഇത് പറയുന്നത്. പ്രയാസങ്ങളുടെയും ക്ഷാമത്തിന്റെയും കാലത്ത് അവർ അവരുടെയുടത്തുള്ള വസ്തുക്കൾ സഹോദരങ്ങളുമായി പങ്കുവെക്കും. യാത്ര ചെയ്യുന്ന സമയത്ത് ദരിദ്രരായ ഒരു കൂട്ടത്തെക്കണ്ടാൽ തന്റെ ഭക്ഷണം കുറവാണെങ്കിലും അതവൻ ഒരു പാത്രത്തിലിട്ട് എല്ലാവരെയും ചേർത്തിയിരുത്തി ഭക്ഷിക്കും. മുസ്‌ലിംകളുടെ ഹൃദയത്തെ സന്തോഷിപ്പിക്കലും അവരുടെ പ്രയാസങ്ങളെയും വേദനകളെയും ദുരീകരിക്കാൻ സഹായിക്കലും അല്ലാഹു ഇഷ്ടപ്പെടുന്ന മഹത്തായ കർമ്മങ്ങളിലൊന്നാണെന്ന് തിരുനബി(സ്വ) നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്. ജനങ്ങൾക്ക് ഏറ്റവും ഉപകാരമുള്ള വ്യക്തിയോടാണ് അല്ലാഹുവിനും ഏറെ ഇഷ്ടമുള്ളത്. നബി(സ്വ) പറയുന്നു: ‘ജനങ്ങൾക്ക് ഏറ്റവും ഉപകാരമുള്ള വ്യക്തിയാണ് ജനങ്ങളിൽ വെച്ച് അല്ലാഹുവിനേറ്റവും ഇഷ്ടപ്പെട്ട വ്യക്തി. ഒരു മുസ് ലിമിനെ സന്തോഷിപ്പിക്കുക, അവന്റെ പ്രയാസങ്ങളെ നീക്കിക്കൊടുക്കുക, അവനെത്തൊട്ട് അവന്റെ കടങ്ങൾ വീട്ടിക്കൊടുക്കുക, പഷ്ണിക്കാരനായി അവനെ ഉപേക്ഷിക്കാതിരിക്കുക, അവന്റെ ആവശ്യങ്ങൾക്ക് അവനൊപ്പം നിൽക്കുക എന്നിവയെല്ലാമാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള സൽപ്രവർത്തനം. ഈ പള്ളിയിൽ ഒരു മാസക്കാലം ഇഅ്തികാഫ് ഇരിക്കുന്നതിനേക്കാളും എനിക്ക് ഏറ്റവും ഇഷ്ടവും അതുതന്നെയാണ്’.

കാരുണ്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും സഹവർത്തിത്വത്തിന്റെയും മതമാണ് ഇസ്‌ലാം. സാധ്യമാകുന്ന എല്ലാ നിലക്കും ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിനെ സഹായിച്ചുകൊണ്ടിരിക്കും. അന്യന്റെ പ്രയാസങ്ങൾ നീക്കാനും അവനെ സഹായിക്കാനും ഉന്മേഷം കാണിക്കും. അത്തരം ആളുകളെക്കുറിച്ചും അവർക്കുള്ള പ്രതിഫലത്തെക്കുറിച്ചും വിശുദ്ധ ഖുർആൻ ഒരുപാട് വിശദീകരിച്ചതാണ്. സാധ്യമാകും വിധം മനുഷ്യൻ സ്വദഖ നൽകാനും നന്മ ചെയ്യാനും സന്നദ്ധരാവുക. സ്വന്തം കുടുംബക്കാർക്ക് മുൻകണന നൽകുക. ആവശ്യക്കാരെക്കാൾ അത്യാവശ്യക്കാരെ പരിഗണിക്കുക. ‘നീ കുടുംബന്ധം പുലർത്തുന്നവരിൽ നിന്ന് നീ തുടങ്ങുക’ എന്ന് അതുകൊണ്ടാണ് പ്രവാചകൻ(സ്വ) പറഞ്ഞത്. അല്ലാഹുവിൽ നിന്നുമത് എണ്ണമറ്റ പ്രതിഫലങ്ങൾ നേടിത്തരും. ആരെങ്കിലുമൊരാൾ മറ്റൊരാൾക്ക് നന്മ ചെയ്യുന്ന പക്ഷം അല്ലാഹു അവനും നന്മ ചെയ്യും. അല്ലാഹു പറയുന്നു: ‘നന്മയനുവർത്തിക്കുക, പുണ്യവാന്മാരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെ ചെയ്യും'(ബഖറ: 195).

വിവ: മുഹമ്മദ് അഹ്‌സൻ പുല്ലൂർ

Related Articles